Monday, September 20, 2010

പുതുബാങ്കുകള്‍ ബാങ്കിങ് വളര്‍ച്ചയ്‌ക്ക് പരിഹാരമാകില്ല

നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വലുപ്പത്തിനും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കും പര്യാപ്‌തമായ രീതിയില്‍ ബാങ്കിങ്മേഖലയെ സജ്ജമാക്കുന്നതിനുവേണ്ടി ഏതാനും പുതിയ സ്വകാര്യ ബാങ്കുകള്‍ക്കുകൂടി ലൈസന്‍സ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗവേളയില്‍ ധനമന്ത്രി ലോക്‌സഭയില്‍ സൂചിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ മാസം റിസര്‍വ്ബാങ്ക് ഇതുസംബന്ധിച്ച ചര്‍ച്ചാരേഖയും പുറത്തിറക്കി.

സാമ്പത്തിക സേവനങ്ങളുടെ പരിധിയും വ്യാപ്‌തിയും വര്‍ധിപ്പിച്ചെങ്കില്‍മാത്രമേ ഉള്‍ച്ചേര്‍ന്ന വളര്‍ച്ച (inclusive growth) ഉറപ്പുവരുത്താന്‍ കഴിയൂവെന്നാണ് പ്രസ്‌തുത രേഖ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെ സാമ്പത്തികസേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ പാവപ്പെട്ടവര്‍ക്ക് നിക്ഷേപങ്ങളും സമ്പാദ്യങ്ങളും വളര്‍ത്താനും വായ്‌പാസൌകര്യം ലഭിക്കാനും സാമ്പത്തിക അരക്ഷിതത്വത്തില്‍നിന്ന് സ്വയം രക്ഷിക്കാനും കഴിയുമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിഗമനം.

ഇന്ത്യന്‍ സമ്പദ്മേഖല കഴിഞ്ഞ പതിറ്റാണ്ടുകളില്‍ മികവാര്‍ന്ന പ്രകടനം കാഴ്‌ചവച്ചിട്ടുണ്ടെങ്കിലും വലിയവിഭാഗം ജനങ്ങള്‍ക്ക് വിശേഷിച്ചും ദരിദ്രര്‍ക്ക് ഇപ്പോഴും ബാങ്കിങ് സംവിധാനത്തിലേക്ക് പ്രവേശനം ലഭിച്ചിട്ടില്ലെന്നും രേഖ പറയുന്നു. പുതിയ ബാങ്കിങ് ലൈസന്‍സുകള്‍ നല്‍കുന്നതിന് ന്യായീകരണമായി റിസര്‍വ് ബാങ്ക് പറയുന്നത് ഇതൊക്കെയാണ്. പുതിയ ബാങ്കുകള്‍ വരുന്നതോടെ മത്സരക്ഷമത വര്‍ധിക്കുമെന്നും ബാങ്കിങ് സേവനങ്ങളുടെ ചെലവു കുറയുമെന്നുമാണ് കേന്ദ്രബാങ്കിന്റെ വാദം. തന്നെയുമല്ല, കൂടുതല്‍ ബാങ്കുകള്‍ രംഗത്തുവരുന്നതോടെ കൂടുതല്‍ ജനവിഭാഗങ്ങള്‍ക്ക് ബാങ്കിങ്സേവനം ലഭ്യമാകുമെന്നും അത് സാമ്പത്തികവളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും രേഖ പറഞ്ഞുവയ്‌ക്കുന്നു.

ഇനി, പുതിയ ബാങ്കിങ് ലൈസന്‍സിനുവേണ്ടി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഉപാധികള്‍ പരിശോധിച്ചു നോക്കാം. ചുരുങ്ങിയത് 300 കോടി രൂപയെങ്കിലും മൂലധന അടിത്തറ വേണമെന്നാണ് റിസര്‍വ് ബാങ്ക് അഭിലഷിക്കുന്നത്. കുറഞ്ഞ മൂലധനം 1000 കോടിയാക്കി നിജപ്പെടുത്തുന്നതിന്റെ സാധ്യതകളും രേഖയില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. പ്രൊമോട്ടര്‍മാരുടെ ഓഹരിപങ്കാളിത്തം, അതിന് അനുവദനീയമായ ലോക്ക് ഇന്‍ പീരിയഡ്, പുതിയ ബാങ്കുകളിലെ വിദേശനിക്ഷേപം എന്നീ കാര്യങ്ങളെ സംബന്ധിച്ചും രേഖയില്‍ പരാമര്‍ശമുണ്ട്.

ആര്‍ക്കൊക്കെ ലൈസന്‍സ് നല്‍കാം എന്നതാണ് രേഖയിലെ ഒരു സുപ്രധാന ചര്‍ച്ചാവിഷയം. വന്‍കിട ബിസിനസ് കമ്പനികള്‍, വ്യവസായികള്‍, നോൺ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവരെയാണ് ഇതിലേക്കു പരിഗണിക്കുന്നത്. ഇടക്കാല നടപടിയെന്ന നിലയില്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ ഏറ്റെടുക്കാനുള്ള അനുമതി നല്‍കുന്നതിനെക്കുറിച്ചും റിസര്‍വ് ബാങ്ക് ആലോചിക്കുന്നുണ്ട്.

പുതിയ സ്വകാര്യബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള ഈ നീക്കം രാജ്യത്തിനും സമ്പദ് വ്യവസ്ഥയ്‌ക്കും ഗുണപരമാണോ, ആണെങ്കില്‍ എത്രത്തോളം എന്ന പ്രശ്‌നം സ്വാഭാവികമായും ഇത്തരുണത്തില്‍ പ്രസക്തമായിത്തീരുന്നു. ലൈസന്‍സ് നല്‍കുന്നതിന് ആധാരമായി ഉയര്‍ത്തുന്ന കാര്യങ്ങളും പുതിയ ബാങ്കുകളെ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ കാഴ്‌ചപ്പാടും തമ്മിലുള്ള രൂക്ഷമായ വൈരുധ്യമാണ് ഏറ്റവും ശ്രദ്ധേയമായ പ്രശ്‌നം. അമ്പതിനായിരത്തില്‍താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ ശാഖാ സംവിധാനത്തിലൂടെയോ ശാഖാരഹിത സംവിധാനത്തിലൂടെയോ ബാങ്കിങ് സേവനം എത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിന് പുതിയ നിര്‍ദേശങ്ങള്‍ തീര്‍ത്തും പര്യാപ്‌തമല്ല. അതുപോലെ, ദരിദ്രജനവിഭാഗങ്ങളുടെ സാമ്പത്തികനിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ സ്വകാര്യബാങ്കുകള്‍ എന്ന ആശയം ഉതകുകയില്ലെന്നതാണ് സത്യം. മത്സരം മുറുകുന്നതുവഴി ബാങ്ക് സേവങ്ങള്‍ മെച്ചപ്പെടുമെന്നും കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് എത്തുമെന്നുമുള്ള വാദഗതി കേവലം വ്യാമോഹം മാത്രമാണെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

തൊണ്ണൂറുകളില്‍ പുത്തന്‍ സാമ്പത്തികനയങ്ങളുടെ ചുവടുപിടിച്ച് ആരംഭിച്ച പുതിയ തലമുറ സ്വകാര്യബാങ്കുകള്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന് പാഠമാകുന്നില്ലെന്നത് അതിശയകരമാണ്. 100 കോടി മൂലധനത്തോടെ ആരംഭിച്ച പ്രസ്തുത ബാങ്കുകളില്‍ ഒന്നുപോലും പുതിയ മേഖലകളില്‍ ശാഖകള്‍ തുറക്കുന്നതിനോ, കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കുന്നതിനോ ഒരു ശ്രമവും നടത്തിയിട്ടില്ല. നഗരകേന്ദ്രീകൃതമായ ബിസിനസ് മാത്രമാണ് അവര്‍ നടത്തുന്നത്. ഇടത്തരക്കാരും ഉന്നതരുമായ ജനങ്ങളെ മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നത്. ബാങ്കിങ് സംവിധാനത്തിന്റെ ഗുണഭോക്താക്കളായിരുന്ന ആളുകളെ ഇതര ബാങ്കുകളില്‍നിന്ന് അടര്‍ത്തിയെടുത്തതല്ലാതെ, പാവപ്പെട്ട ഒരു മനുഷ്യനെപ്പോലും ഈ പറയുന്ന ബാങ്കുകള്‍ ഉദ്ധരിച്ചതായി ആരും കേട്ടിട്ടില്ല. ചരിത്രം ഇതായിരിക്കെ, ഇനിയും അതേ അച്ചില്‍ വാര്‍ത്ത ബാങ്കുകളെ പടച്ചുവിടുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വങ്കത്തമാണ്.

പൊതുമേഖലാ ബാങ്കിങ് സംവിധാനമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന് മുഖ്യകാരണം എന്നത് പരക്കെ അംഗീകരിക്കപ്പെടുന്ന കാര്യമാണ്. രാജ്യത്തെ ഗ്രാമാന്തരങ്ങളില്‍ ബാങ്കിങ്സേവനം എത്തിച്ചത് മറ്റാരുമല്ല. സാമ്പത്തികസേവനങ്ങളുടെ പരിധിയും വ്യാപ്‌തിയും വര്‍ധിപ്പിച്ച് കൂടുതല്‍ ജനവിഭാഗങ്ങളെ ബാങ്കിങ് സംവിധാനത്തിലേക്ക് ഉള്‍ച്ചേര്‍ക്കാനുള്ള ഒരേയൊരു മാര്‍ഗം പൊതുമേഖലാ ബാങ്കുകളുടെ ശൃംഖല വ്യാപിപ്പിക്കുകയെന്നതാണ്.

1000 കോടി മൂലധനം മുടക്കുന്ന വ്യവസായിയെ സംബന്ധിച്ചിടത്തോളം അതില്‍നിന്നു ലഭിക്കുന്ന ലാഭമാണ് പ്രധാനം. ലാഭം ലഭിക്കണമെങ്കില്‍ ഒന്നുകില്‍ ലൈസന്‍സിന് ആധാരമായി പറയുന്ന കാര്യങ്ങളില്‍നിന്നു വ്യതിചലിച്ച് ലാഭം ഉറപ്പുള്ള നഗരമേഖലകളിലെ കോര്‍പറേറ്റ് ബിസിനസില്‍ കേന്ദ്രീകരിക്കണം. അതല്ലെങ്കില്‍, ദരിദ്രജനവിഭാഗങ്ങളെ ഊറ്റിപ്പിഴിയാനുള്ള പുതിയ ബിസിനസ് മോഡല്‍ കണ്ടെത്തണം. രണ്ടായാലും റിസര്‍വ് ബാങ്ക് സ്വപ്‌നം കാണുന്ന ഉള്‍ച്ചേര്‍ന്ന വളര്‍ച്ചയ്‌ക്കുള്ള മാര്‍ഗം പുതിയ സ്വകാര്യ ബാങ്കുകളല്ല എന്ന കാര്യത്തില്‍ സംശയമില്ല.


*****

വി കെ പ്രസാദ്

(ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പൊതുമേഖലാ ബാങ്കിങ് സംവിധാനമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന് മുഖ്യകാരണം എന്നത് പരക്കെ അംഗീകരിക്കപ്പെടുന്ന കാര്യമാണ്. രാജ്യത്തെ ഗ്രാമാന്തരങ്ങളില്‍ ബാങ്കിങ്സേവനം എത്തിച്ചത് മറ്റാരുമല്ല. സാമ്പത്തികസേവനങ്ങളുടെ പരിധിയും വ്യാപ്‌തിയും വര്‍ധിപ്പിച്ച് കൂടുതല്‍ ജനവിഭാഗങ്ങളെ ബാങ്കിങ് സംവിധാനത്തിലേക്ക് ഉള്‍ച്ചേര്‍ക്കാനുള്ള ഒരേയൊരു മാര്‍ഗം പൊതുമേഖലാ ബാങ്കുകളുടെ ശൃംഖല വ്യാപിപ്പിക്കുകയെന്നതാണ്.

1000 കോടി മൂലധനം മുടക്കുന്ന വ്യവസായിയെ സംബന്ധിച്ചിടത്തോളം അതില്‍നിന്നു ലഭിക്കുന്ന ലാഭമാണ് പ്രധാനം. ലാഭം ലഭിക്കണമെങ്കില്‍ ഒന്നുകില്‍ ലൈസന്‍സിന് ആധാരമായി പറയുന്ന കാര്യങ്ങളില്‍നിന്നു വ്യതിചലിച്ച് ലാഭം ഉറപ്പുള്ള നഗരമേഖലകളിലെ കോര്‍പറേറ്റ് ബിസിനസില്‍ കേന്ദ്രീകരിക്കണം. അതല്ലെങ്കില്‍, ദരിദ്രജനവിഭാഗങ്ങളെ ഊറ്റിപ്പിഴിയാനുള്ള പുതിയ ബിസിനസ് മോഡല്‍ കണ്ടെത്തണം. രണ്ടായാലും റിസര്‍വ് ബാങ്ക് സ്വപ്‌നം കാണുന്ന ഉള്‍ച്ചേര്‍ന്ന വളര്‍ച്ചയ്‌ക്കുള്ള മാര്‍ഗം പുതിയ സ്വകാര്യ ബാങ്കുകളല്ല എന്ന കാര്യത്തില്‍ സംശയമില്ല.

Judson Arackal Koonammavu said...

CPI യും CPM മും FD ഇട്ടിരിക്കുന്നതു.. New generation bank ആയ HDFC, New Delhi branch ഇല്‍ ആനു.. സഖാവു. അരിഞൊ ആവൊ??