Wednesday, September 29, 2010

മസ്‌ജിദ്- മന്ദിര്‍ തര്‍ക്കം: ചരിത്രത്തില്‍നിന്നും ഉത്തരം തേടുമ്പോള്‍

ഇന്ത്യയുടെ സമകാലീനരാഷ്‌ട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കുകയും വിദ്വേഷകലുഷിതമാക്കുകയും ചെയ്‌ത ബാബറിമസ്‌ജിദ്-രാമജന്മഭൂമി തര്‍ക്കത്തിന് ഉത്തരം തേടേണ്ടത് തീര്‍ച്ചയായും ചരിത്രത്തില്‍നിന്നുതന്നെയാണ്. 464 വര്‍ഷത്തിലേറേ അയോധ്യയിലെ (പഴയ ഔധിലെ) മുസ്ളിം മതവിശ്വാസികള്‍ തലമുറകളായി ആരാധന നടത്തിപ്പോന്ന ബാബറി മസ്‌ജിദ് തകര്‍ത്തത് ചരിത്രത്തെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനിച്ചും പെരുംനുണകള്‍ ആവര്‍ത്തിച്ചു കൊണ്ടുമാണല്ലോ. ഇന്നിപ്പോള്‍ അതീവ സങ്കീര്‍ണമായിത്തീര്‍ന്നിരിക്കുന്ന അയോധ്യാതര്‍ക്കം എങ്ങനെയെങ്കിലും പരിഹരിക്കണമെന്നാണ് നിഷ്‌പക്ഷമനസ്‌കരായ ആളുകളെല്ലാം ആഗ്രഹിക്കുന്നത്. ബാബറിമസ്‌ജിദിനെ തര്‍ക്കഭൂമിയാക്കി പരിവര്‍ത്തനപ്പെടുത്തിയത് കൊളോണിയല്‍ ഭരണകാലത്തെ "ഭിന്നിപ്പിക്കുക, ഭരിക്കുക'' എന്ന രാഷ്‌ട്രതന്ത്രമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ജ്വലിച്ചുയര്‍ന്ന ദേശീയബോധത്തെയും ജനകീയ ഐക്യത്തെയും വഴിതെറ്റിക്കാനും ശിഥിലീകരിച്ചുകളയാനുമുള്ള കൊളോണിയല്‍ തന്ത്രമാണ് ബാബറി മസ്‌ജിദിനെ തര്‍ക്കപ്രശ്‌നമാക്കിയത്. തീര്‍ച്ചയായും അതിന്റെ ചരിത്രപരമായ അടിവേരുകളും വര്‍ത്തമാനകാല പരിണതികളും പരിശോധിക്കപ്പെടേണ്ടതുണ്ട്. ചരിത്രത്തില്‍ ഇതിന് മുമ്പ് ഉയര്‍ന്നുവന്ന ആരാധനാലയതര്‍ക്കങ്ങള്‍ എങ്ങനെയാണ് പരിഹരിക്കപ്പെട്ടതെന്ന് സാമാന്യമായി സൂചിപ്പിച്ചുകൊണ്ട് മന്ദിർ‍-മസ്‌ജിദ് തര്‍ക്കത്തിന്റെ ചരിത്രപരമായ വിശദാംശങ്ങളിലേക്ക് കടക്കാം.

ജറുശലേം ദേവാലയവും കുരിശുയുദ്ധവും


ബാബറി മസ്‌ജിദ്-രാമജന്മഭൂമി തര്‍ക്കം ലോകചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള ആരാധനാലയ തര്‍ക്കങ്ങളില്‍ ആദ്യത്തേതല്ല. ലോകത്തിലെ ഏറ്റവും വിഖ്യാതവും സുദീര്‍ഘവുമായ തര്‍ക്കം നടന്നത് ജറുശലേം ദേവാലയത്തെ കേന്ദ്രീകരിച്ചാണല്ലോ. യൂറോപ്യന്‍ രാജ്യങ്ങളെയാകെ സ്വാധീനിച്ച നൂറ്റാണ്ടുകളോളം നീണ്ടുനിന്ന, വിശുദ്ധസമാധിപീഠത്തിനുവേണ്ടിയുള്ള തര്‍ക്കമാണ് ചരിത്രത്തില്‍ കുരിശുയുദ്ധമായി രേഖപ്പെടുത്തപ്പെട്ടത്.

എന്തായിരുന്നു അപരമതവിദ്വേഷത്തിന്റെ ഉന്മാദലഹരിയിലേക്ക് യൂറോപ്യന്‍ സമൂഹത്തെയാകെ തള്ളിവിട്ട കുരിശുയുദ്ധം? കുരിശുയുദ്ധത്തിന്റെ ഭൂമിശാസ്‌ത്രരാഷ്‌ട്രീയ (geopolitics) പഠനങ്ങളെല്ലാം പൊതുവായി സമ്മതിക്കുന്നതുപോലെ റോമാസാമ്രാജ്യത്വത്തിന്റെ അതിജീവനതന്ത്രങ്ങളിലാണ് ജറുശലേം തര്‍ക്കവും ചരിത്രത്തിലെ ഏറ്റവും രക്തപങ്കലിമായ മതകലാപവും ജന്മമെടുക്കുന്നത്. ഇസ്ളാംമതം സ്വീകരിച്ച സെല്‍ജൂക്ക് തുര്‍ക്കികള്‍ സമീപപൂര്‍വദേശത്തേക്ക് നീങ്ങുകയും അവര്‍ മാന്‍സികെര്‍ട് യുദ്ധത്തില്‍ കിഴക്കന്‍ റോമാസാമ്രാജ്യത്വത്തിന്റെ ചക്രവര്‍ത്തിയെ തോല്‍പ്പിക്കുകയും ചെയ്‌തു. തുര്‍ക്കികള്‍ കോണ്‍സ്‌റ്റാന്റിനേപ്പിള്‍ പിടിച്ചെടുക്കുമെന്ന സ്ഥിതിയോളം കാര്യങ്ങള്‍ വികസിച്ചു. ഈയൊരു ഘട്ടത്തിലാണ് പോപ്പ് ഉര്‍ബാന്‍ രണ്ടാമന്‍ അങ്ങേയറ്റം മതപരമായ വിദ്വേഷം പടര്‍ത്തിക്കൊണ്ട് രംഗത്തുവരുന്നത്. മാനവചരിത്രത്തിലെ ആദ്യത്തെ 'വിശുദ്ധയുദ്ധ' പ്രഖ്യാപനം നടത്തി പോപ്പ് ഉര്‍ബാന്‍ രണ്ടാമൻ‍. 1095ല്‍ അദ്ദേഹം വിശുദ്ധഭൂമി വീണ്ടെടുക്കുവാന്‍ ക്രിസ്‌ത്യാനികള്‍ ഒരു പുണ്യയുദ്ധത്തിന് തയാറാവണമെന്ന് ആഹ്വാനംചെയ്‌തു. 1096 ല്‍ പോപ്പ് ഫ്രാങ്കുകാരോട് നടത്തിയ അഭ്യര്‍ഥന നീചമായ വംശീയവികാരം ഇളക്കിവിടുന്നതായിരുന്നു.

അത്യന്തം ഭീകരമായ മതസ്‌പര്‍ധ വളര്‍ത്തുന്ന ഭാഷയില്‍ പോപ്പ് നടത്തിയ അഭ്യര്‍ഥന ഇതായിരുന്നു: "നിങ്ങള്‍ വിശുദ്ധ സമാധിപീഠത്തിലേക്കുള്ള പാതയില്‍ അണിനിരക്കുക, ആ നീചവര്‍ഗക്കാരുടെ പക്കല്‍നിന്നും പുണ്യഭൂമി പിടിച്ചെടുത്ത് നിങ്ങള്‍തന്നെ സൂക്ഷിച്ചുകൊള്ളുവിൻ‍''. വിശുദ്ധഭൂമി വീണ്ടെടുക്കാനുള്ള യുദ്ധം ഈശ്വരഹിതമാണെന്നായിരുന്നു പോപ്പിന്റെ ഉദ്ബോധനം. മതപരമായ ഭക്തിവിശ്വാസങ്ങളെയാകെ ഇളക്കിവിട്ടുകൊണ്ട് ക്രിസ്‌തുവിന്റെ ആത്മത്യാഗത്തിന്റെയും കുരിശാരോഹണത്തിന്റെയും മുഹൂര്‍ത്തങ്ങളെ പുനരുജ്ജീവിപ്പിക്കാനായിരുന്നു പുരോഹിതന്മാര്‍ ശ്രമിച്ചത്. ഭ്രാന്തമായ വിശ്വാസലഹരിയില്‍ ക്രിസ്‌തുദേവന്റെ കുരിശുമരണത്തെ അനുസ്‌മരിപ്പിക്കുന്ന വിധത്തില്‍ കുരിശുകളുമേന്തി മതവിശ്വാസികള്‍ വിശുദ്ധഭൂമി വീണ്ടെടുക്കാനായി കൂട്ടത്തോടെ പുറപ്പെടുകയായിരുന്നു.

ആധുനിക മുതലാളിത്തത്തിന്റെ ജന്മത്തില്‍ ജറുശലേം ദേവാലയതര്‍ക്കവും കുരിശുയുദ്ധവും വഹിച്ച പങ്ക് നിര്‍ണായക പ്രാധാന്യമുള്ളതാണ്. യൂറോപ്പിനെ ബാധിച്ച മധ്യകാല അന്ധതയുടെ ഭ്രാന്തമായ പ്രവാഹഗതിയില്‍ തന്നെയാണ് ജറുശലേം ദേവാലയതര്‍ക്കവും ഒഴുകിപ്പോയതെന്നതാണ് ചരിത്ര യാഥാര്‍ഥ്യം. കുരിശുയുദ്ധത്തിനുപോയവരുടെ സഞ്ചാരവഴികളില്‍ വളര്‍ന്നുവന്ന വാണിജ്യകേന്ദ്രങ്ങള്‍ ആധുനികമുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് അനിഷേധ്യമാണല്ലോ. ജറുശലേം പ്രശ്‌നം അന്നുന്നയിക്കപ്പെട്ട തരത്തില്‍ ചരിത്രത്തിലൊരു തര്‍ക്കപ്രശ്‌നമായി തുടര്‍ന്നില്ല. യൂറോപ്യന്‍ നവോത്ഥാനവും ദേശരാഷ്‌ട്രങ്ങളുടെ ഉത്ഭവവും ജനാധിപത്യമുന്നേറ്റങ്ങളും അതിന്റെ തന്നെ പ്രത്യയശാസ്‌ത്രമായി വികസിച്ച മതേതരത്വവും മധ്യകാലിക യൂറോപ്പിനെക്കുരുതിക്കളമാക്കിയ മതാന്ധതയൊക്കെ കഴുകിക്കളയുകയാണുണ്ടായത്. ജറുശലേം ദേവാലയതര്‍ക്കത്തിന്റെ പരിഹാരം മതേതര ജനാധിപത്യപ്രയോഗത്തിലൂടെയാണ് യൂറോപ്യന്‍ സമൂഹം അതിജീവിച്ചത്. സാമൂഹ്യവിപ്ളവങ്ങള്‍ കൈവരുത്തുന്ന ജനസമൂഹങ്ങളുടെ മാനസികവും ചിന്താപരവും വിശ്വാസപരവുമായ മഹോന്നതികളിലൂടെ മധ്യകാല മതക്രൂരതകളെ മനുഷ്യസമൂഹം നേരിടുകയായിരുന്നു.

ബാബറിമസ്‌ജിദ് തകര്‍ക്കപ്പെടുന്നത് ഹിന്ദുവര്‍ഗീയവാദികള്‍ ഏറെക്കാലമായി നടത്തിപ്പോന്ന ഭ്രാന്തമായ പ്രചാരണങ്ങളുടെയും കടന്നാക്രമണപരമായ സംഘാടനത്തിന്റെയും അത്യുച്ചാവസ്ഥയിലായിരുന്നല്ലോ. ഹിന്ദുവര്‍ഗീയവാദികളുടെ ഹിംസ്രമായ രാഷ്‌ട്രീയ പ്രയോഗം മാത്രമല്ല ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടത്. ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ദാരുണമായ അവസ്ഥകൂടിയായിരുന്നു. മതനിരപേക്ഷതയുടെ വാചകക്കസര്‍ത്തുക്കള്‍ക്കിടയില്‍ ഇന്ത്യന്‍ഭരണകൂടം ഒളിപ്പിച്ചുവെച്ച വര്‍ഗീയതയായിരുന്നു ബാബറിമസ്‌ജിദിന്റെ തകര്‍ച്ചക്ക് കാരണമായിത്തീര്‍ന്നത്. കര്‍സേവയെന്നപേരില്‍ അയോധ്യയില്‍ സമാഹരിക്കപ്പെടാന്‍പോകുന്ന വിധ്വംസകസേന ബാബറി മസ്‌ജിദ് നിലംപരിശാക്കുമെന്നതിനെക്കുറിച്ച് മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ഭരണകൂടം അതിനെ തടയാന്‍ കാര്യക്ഷമമായി ഒന്നും ചെയ്‌തില്ല. ഇത്തരമൊരു ദുഷ്‌കൃത്യം സമൂഹശരീരത്തിലേല്‍പ്പിക്കാന്‍ പോകുന്ന ആഴമേറിയ മുറിവുകളെക്കുറിച്ചോ വിരാമമില്ലാത്ത വര്‍ഗീയ കലാപങ്ങളെക്കുറിച്ചോ റാവുസര്‍ക്കാര്‍ ഗൌരവപൂര്‍വമായ ആലോചനകള്‍ക്ക് തയാറായില്ല. സങ്കുചിതമായ മതവികാരങ്ങളും വിശ്വാസഭ്രാന്തും ഇളക്കിവിട്ട് സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന നീചകൃത്യങ്ങളോട് ഒരര്‍ഥത്തില്‍ ഉദാസീനത പുലര്‍ത്തുകയാണ് ഇന്ത്യന്‍ ഭരണകൂടം ചെയ്‌തത്. ബാബറി മസ്‌ജിദ് പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിയുകയെന്ന സംഘപരിവാര്‍ ലക്ഷ്യത്തിന് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നല്ലാതെ മറ്റെന്താണ് പറയുക. ചിലപ്പോള്‍ ഗുദ്ധഗതിക്കാരായ ആളുകള്‍ കരുതുന്നതുപോലെ അപ്രതീക്ഷിതമായൊരു മുഹൂര്‍ത്തത്തില്‍ സംഭവിച്ചുപോയ ഒരു ദുരന്തരത്തെ നേരിടുന്നതില്‍ വന്നുപോയ വീഴ്‌ച മാത്രമായിട്ട് ഇതിനെ കാണാനാവില്ല. ബാബറിമസ്‌ജിദിന്റെ നാശത്തെ തടയുവാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിയാതെപോയത് അതിന്റെ മതേതരത്വം കൈയൊഴിയുന്ന നിലപാടുകള്‍ മൂലമായിരുന്നുവെന്നത് കാര്യങ്ങളെ യുക്തിപൂര്‍വവും സൂക്ഷ്‌മവുമായി പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാവും.

തര്‍ക്കങ്ങളുടെ ചരിത്രം

"സാമുദായിക വിഭജനത്തിന്റെ തീരത്തോളം രാഷ്‌ട്രത്തെ തള്ളിവിട്ടു''വെന്ന് ജസ്‌റ്റിസ് ലിബര്‍ഹാന്‍ നിരീക്ഷിക്കുന്ന ബാബറിമസ്‌ജിദ് തകര്‍ച്ചയുടെയും തര്‍ക്കങ്ങളുടെയും ചരിത്രം എങ്ങനെയാണ് കൊളോണിയല്‍ ഭരണകൂടവും 1947ന്ശേഷം ഇന്ത്യന്‍ ഭരണകൂടവും മതപരമായ ഭിന്നതകള്‍ സൃഷ്‌ടിക്കാന്‍ ആരാധനാലയ പ്രശ്‌നത്തെ ഉപയോഗിച്ചുവെന്നതിന്റെ ചരിത്രംകൂടിയാണ്. ബാബറി മസ്‌ജിദ് തകര്‍ത്തത് കര്‍സേവകരാണെങ്കിലും അതിന് പ്രത്യയശാസ്‌ത്രപരിസരമൊരുക്കിയത് കൊളോണിയല്‍ ശക്തികളാണ്. ബ്രിട്ടീഷ് അധികാരത്തിന്റെ നെടുംതൂണുകളെ പിടിച്ചുലച്ച ഒന്നാംസ്വാതന്ത്ര്യസമരത്തിലെ ജനകീയ ഐക്യം കണ്ട് പരിഭ്രാന്തരായ കൊളോണിയല്‍ ഭരണാധികാരികളാണ് മസ്‌ജിദ് തര്‍ക്കത്തിന് വഴിമരുന്നിടുന്നത്.

ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ രണോത്സുകമായ സമരങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മണ്ണാണ് അയോധ്യ. ഹിന്ദു-മുസ്ളിം വ്യത്യാസമില്ലാതെ വൈദേശികര്‍ക്കെതിരെ ജനങ്ങള്‍ തോളോട് തോള്‍ ചേര്‍ന്നു പോരാടി. ഹിന്ദുക്കളുടെയും മുസ്ളിങ്ങളുടെയും മതപരമായ വാസനകള്‍ ഒന്നിനൊന്നായി ഇണങ്ങി ദേശാഭിമാനപരമായ വാസനകള്‍ ജന്മമെടുക്കുന്നത് കണ്ട് ചാള്‍സ്‌ബാളിനെപ്പോലുള്ള ചരിത്രകാരന്മാര്‍ ആശ്ചര്യം കൊള്ളുന്നുണ്ട്. ഒന്നാംസ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമെഴുതിയ സവര്‍ക്കര്‍ ചാള്‍സ്‌ബാളിനെ ഉദ്ധരിക്കുന്നത് നോക്കുക; "അത്ര അത്ഭുതകരവും അസാമാന്യവുമായ പരിണാമം ലോകചരിത്രത്തില്‍ത്തന്നെ വിരളമാണ്.'' ബ്രാഹ്മണരും ശൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരുമെല്ലാം ഒരുമിച്ച് വിപ്ളവമുണ്ടാക്കുന്നതിന് സാധ്യതയുണ്ടെന്നതില്‍ കവിഞ്ഞ, ഇന്ത്യന്‍വിപ്ളവം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പില്ലെന്നാണ് അക്കാലത്തെ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

1843 ല്‍ ഗവര്‍ണര്‍ ജനറലായിരുന്ന എല്ലന്‍ബറോ പ്രഭു വെല്ലിങ്ടണ്‍ പ്രഭുവിന് എഴുതിയ കത്തുതന്നെ ഇന്ത്യയില്‍ എങ്ങനെയാണ് മതപരമായ ഭിന്നതകള്‍ സൃഷ്‌ടിക്കുവാന്‍ ബ്രിട്ടീഷുകാര്‍ പദ്ധതിയിട്ടതെന്നതിന് നല്ലൊരു തെളിവാണ്. "മുഹമ്മദീയര്‍ അടിസ്ഥാനപരമായി ബ്രിട്ടീഷുകാര്‍ക്കും അവരുടെ നയങ്ങള്‍ക്കുമെതിരാണ്. അതിനാല്‍ നമ്മുടെ നയം ഹിന്ദുക്കളുമായി രമ്യതയിലാകുന്നതായിരിക്കണം.'' ഹിന്ദുക്കളെയും മുസ്ളിങ്ങളെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ശത്രുവായും മിത്രമായും പരിഗണിച്ച ചരിത്രമാണ് ബ്രിട്ടീഷുകാര്‍ക്കുള്ളത്. ഇരു മതപ്രത്യയശാസ്‌ത്രങ്ങളും ജനങ്ങളെ ഭിന്നിപ്പിക്കുവാനുള്ള വര്‍ഗീയ പ്രയോഗമായി വളര്‍ത്തുകയാണ് ബ്രിട്ടുഷുകാര്‍ ചെയ്‌തത്.

ഒന്നാം സാതന്ത്ര്യസമരം അടിച്ചമര്‍ത്തിയെങ്കിലും അതിലണിനിരന്ന ജനങ്ങളുടെ ഐക്യവും രണോത്സുകതയും ബ്രിട്ടീഷ് ഭരണാധികാരികളെ അത്ഭുതപ്പെടുത്തിയിരുന്നു. മതത്തെ മറ്റെന്തിനേക്കാളും വലുതായി കാണുന്ന ഒരേഷ്യന്‍സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള മാര്‍ഗമായി ബ്രിട്ടീഷുകാര്‍ മതബോധത്തെ ഇളക്കിവിടാനുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയത് ഇങ്ങനെയൊരു ചരിത്ര സമ്മര്‍ദത്തിലാണ്. മതവിശ്വാസത്തിന്റെയും ദൈവചിന്തയുടെയും സാക്ഷാത്കാരമാണ് ആരാധന. ദൈവസാക്ഷാത്കാരത്തിന്റെയും സത്യാന്വേഷണത്തിന്റെയും വഴിയായി മതത്തെക്കാണുന്നവരെ സംബന്ധിച്ചിടത്തോളം ആരാധനാലയങ്ങള്‍ക്ക് ജീവിതത്തില്‍ നിര്‍ണായകസ്ഥാനമാണുള്ളത്. ഈശ്വരഭക്തിയുടെയും സാക്ഷാല്‍ക്കാരത്തിന്റെയും കേന്ദ്രമാണ് അവര്‍ക്ക് ദേവാലയങ്ങൾ‍. അതുകൊണ്ടുതന്നെ ആരാധനാലയങ്ങളെ തര്‍ക്കപ്രശ്‌നമാക്കിയാല്‍ വിശ്വാസിസമൂഹങ്ങള്‍ തമ്മില്‍ ഒരിക്കലും അവസാനിക്കാത്ത കലാപങ്ങള്‍ ഉയര്‍ത്തിയെടുക്കുവാനാകുമെന്ന് സാമ്രാജ്യത്വബുദ്ധികേന്ദ്രങ്ങള്‍ ആലോചിക്കുകയും ഇതിനായി ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുകയും ചെയ്‌തു. 1857 ലെ കലാപത്തിലെ ഹിന്ദു-മുസ്ളിം ഐക്യവും ഇന്ത്യക്കാരുടെ അസാമന്യമായ പോരാട്ടവീര്യവും കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാര്‍ പഴയ റോമാസാമ്രാജ്യത്തിലെ രാഷ്‌ട്രതന്ത്രമായ‘Divide at embora’ (ഭിന്നിപ്പിച്ച് ഭരിക്കുക) എന്ന തന്ത്രം പരീക്ഷിക്കുവാന്‍ തുടങ്ങി. അങ്ങനെയാണ് ബാബറിമസ്‌ജിദ് നിലനില്‍ക്കുന്ന അയോധ്യ തര്‍ക്കഭൂമിയാക്കി പരിവര്‍ത്തനപ്പെടുത്തുവാനുള്ള കുത്സിതപദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നത്.

ഹിന്ദുമുസ്ളിംജനങ്ങള്‍ മതപരമായ വാസനകളെയെല്ലാം മാറ്റിവെച്ച് ഐക്യപ്പെട്ട് ബ്രിട്ടനെതിരെ പട നയിച്ചപ്പോള്‍ അയോധ്യയിലെ നല്ലൊരു വിഭാഗം മഹന്തുക്കള്‍ ബ്രിട്ടീഷ് പാദസേവയുടെ ദൌത്യമാണ് നിര്‍വഹിച്ചത്. സവര്‍ക്കര്‍തന്നെ തന്റെ ഒന്നാംസ്വാതന്ത്ര്യസമരത്തെപ്പറ്റിയുള്ള പുസ്‌തകത്തില്‍ ഗ്വാളിയോര്‍രാജാവ് ഉള്‍പ്പെടെ പിന്നീട് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഹിന്ദുത്വപ്രസ്ഥാനത്തിന്റെ നേതൃത്വമായി വളര്‍ന്നുവന്ന പല നാടുവാഴിപ്രമാണിത്തശക്തികളും ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സവര്‍ക്കറും പില്‍ക്കാലത്ത് ഇതേ രാജ്യദ്രോഹത്തിന്റെ പ്രത്യയശാസ്‌ത്രകാരനും പ്രയോക്താവുമായി പരിണമിച്ചുവെന്നത് വേറെ കാര്യം.

അയോധ്യയിലെ മഹന്തുക്കളെ പ്രീതിപ്പെടുത്തുവാനും മുസ്ളിംജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ത്തുവാനുമാണ് ബാബറി മസ്‌ജിദിന് മുന്നിലുള്ള ഭൂമി മഹന്തുക്കള്‍ക്ക് നല്‍കിയത്. അവിടെ വേലിയുയര്‍ത്തി പള്ളിയിലേക്കുള്ള വഴി തടസ്സപ്പെടുത്തി.

1859ല്‍ അന്നത്തെ ബ്രിട്ടീഷ് റെസിഡന്റ് പള്ളിയിലേക്കുള്ള വഴി വടക്കേ ഗോപുരം വഴിയാക്കണമെന്ന് ഉത്തരവിറക്കുകയായിരുന്നല്ലോ. വളരെ ആസൂത്രിതമായി ഹിന്ദു മുസ്ളിം ഭിന്നതയും സ്‌പര്‍ധയും വളര്‍ത്തിയെടുക്കുവാനുള്ള ബ്രിട്ടീഷ് നീക്കങ്ങളെ അതിജീവിക്കുവാന്‍ ഹിന്ദുക്കള്‍ക്കും മുസ്ളിങ്ങള്‍ക്കുമിടയില്‍ സമവായവും സൌഹൃദവും ഉറപ്പിച്ച് നിര്‍ത്തുവാന്‍ നേതൃത്വം കൊടുത്ത അയോധ്യയിലെ ജനനേതാക്കളായിരുന്നു ഫൈസാബാദ് മൌലവിയും മഹന്ത് രാംചരണ്‍ദാസും. അഹമ്മദ്ഷാ മൌലവി എന്ന ഫൈസാബാദ് മൌലവി ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ജനങ്ങളെയാകെ അണിനിരത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച ആത്മീയനേതാവായിരുന്നു. അതേപോലെ മഹന്ത് രാംചരണ്‍ദാസും. ഇവര്‍ തമ്മിലെത്തിയ ധാരണയനുസരിച്ച് രാമഛത്രപുത്രയില്‍ ആരാധന നടത്തുവാന്‍ അവസരമൊരുക്കുകയും ബ്രിട്ടീഷുകാരുടെ വര്‍ഗീയവല്‍ക്കരണത്തിനുള്ള കുത്സിതമായ ശ്രമങ്ങളില്‍ വീണുപോകാതെ ഇരുസമുദായങ്ങളും സൌഹൃദപൂര്‍വം കഴിയാന്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണവും ആരംഭിച്ചു. അയോധ്യയുടെ ഭുതകാല ചരിത്രത്തിലെ സമുദായ സൌഹൃദത്തിന്റെയും മതമൈത്രിയുടെയും നായകന്മാരായിരുന്ന ഈ രണ്ട് ആത്മീയനേതാക്കളെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുകയായിരുന്നു.

1858 മാര്‍ച്ച് 10നാണ് ഫൈസാബാദ് മൌലവിയെയും മഹന്ത് രാംചരണ്‍ദാസിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയത്. ഹിന്ദുക്കളും മുസ്ളിങ്ങളും ഒന്നിച്ച് നില്‍ക്കുന്നത് ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് വെല്ലുവിളിയായി മാറുമെന്ന ചിന്തയാണ് ഈ രണ്ട് നീതിമാന്മാരെയും തൂക്കിലേറ്റാന്‍ കൊളോണിയല്‍ ശക്തികളെ നിര്‍ബന്ധിച്ചത്. അദമ്യമായ സ്വാതന്ത്ര്യബോധത്തിന്റെയും ജനകീയ ഐക്യത്തിന്റെയും സമരഭൂമിയായ പഴയ അയോധ്യയുടെ ഹൃദയത്തിന്റെ രണ്ടറകളെപോലെയായിരുന്നു അഹമ്മദ് ഷാ മൌലവിയും രാംചരണ്‍ദാസും. ബ്രിട്ടീഷുകാര്‍ ഈ രണ്ടുപേരെയും പ്രതികാരബുദ്ധിയോടെ വധിക്കുകയായിരുന്നു. അവരെ തൂക്കിലേറ്റിയ ആല്‍മരത്തെ അയോധ്യയിലെ ജനങ്ങള്‍ ആരാധിക്കുവാനും മതമൈത്രിയുടെയുംസ്വാതന്ത്ര്യബോധത്തിന്റെയും പ്രചോദനകേന്ദ്രമായി മാറ്റുകയും ചെയ്‌തതതോടെ മുറിച്ചുമാറ്റുകയായിരുന്നു. സ്വാതന്ത്ര്യത്തിനും ജനസമൂഹങ്ങളുടെ സഹോദര്യത്തിനുംവേണ്ടി ഇന്ത്യയുടെ രാഷ്‌ട്രീയചരിത്രത്തില്‍ആദ്യമായി തൂക്കിലേറ്റപ്പെട്ട രണ്ട് മഹോന്നതരുടെ രക്തസാക്ഷിത്വത്തിന്റെ മണ്ണാണ് അയോധ്യയും ഫൈസാബാദും.

ബാബറിമസ്‌ജിദിനെ തര്‍ക്കപ്രശ്‌നമാക്കി മാറ്റുവാനുള്ള ചരിത്രനിര്‍മിതി ആരംഭിക്കുന്നതുതന്നെ തോക്കുകൊണ്ടുമാത്രം ഇന്ത്യയില്‍ ഭരണം തുടരാനാവില്ലെന്ന ബ്രിട്ടീഷ് തിരിച്ചറിവില്‍നിന്നാണ്. ജയിംസ്‌മില്യനെപ്പോലുള്ള ഇന്തോളജിസ്‌റ്റുകളായ ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് മതപരമായ വിഭാജ്യതയുടേതായ ചരിത്രനിര്‍മാണം ആരംഭിച്ചത്. 1813ല്‍ ബാബര്‍നാമയുടെ പരിഭാഷ ജോണ്‍ ലെയ്‌ഡന്‍ നിര്‍വഹിച്ചത് ഈയൊരു ദുഷ്‌ടലക്ഷ്യത്തോടെയായിരുന്നു. പഠാണികള്‍ക്കെതിരായ യുദ്ധത്തിനിടയില്‍ 1528 മാര്‍ച്ച് മാസത്തില്‍ ബാബര്‍ അയോധ്യയിലൂടെ കടന്നുപോയി എന്ന് ലെയ്‌ഡന്‍ വാദിച്ചു. ലെയ്‌ഡന്റെ വ്യാഖ്യാനങ്ങളെ പിന്‍പറ്റിയാണ് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ കെട്ടുകഥകള്‍ പടച്ചുവിട്ടത്. ലഖ്നോവിലെ റെസിഡന്റായിരുന്ന കര്‍ണല്‍സീമാനാണ് ബാബറിമസ്‌ജിദ് രാമജന്മഭൂമിയിലാണെന്ന വാദങ്ങളെ സാധൂകരിക്കുവാന്‍ ത്വരിതനീക്കങ്ങള്‍ നടത്തിയത്. 1867ല്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിന്റെ ഒരു ചരിത്രം, സെറ്റില്‍മെന്റ് ഓഫീസറായിരുന്ന കര്‍ണല്‍ രചിച്ചു. ഇതിലദ്ദേഹം അയോധ്യയിലെ രാമജന്മസ്ഥാനത്ത് നല്ലൊരു ക്ഷേത്രമുണ്ടായിരിക്കണമെന്ന് നിരൂപിക്കുന്നു. 1528ല്‍ ബാബര്‍ അയോധ്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കല്‍പ്പനപ്രകാരം പുരാതനമായൊരു ക്ഷേത്രം നശിപ്പിച്ചിട്ടുണ്ടെന്നും തോന്നുന്നുണ്ടെന്ന് തട്ടിവിട്ടു. 1813ല്‍ ജോണ്‍ലെയ്‌ഡന്‍ പറയുന്നത് ബാബര്‍ അയോധ്യയില്‍ വന്നിട്ടുണ്ടാകാമെന്നുമാത്രമാണ്. എന്നാല്‍ കര്‍ണല്‍സീമാന്‍ പറയുന്നത് അയോധ്യയില്‍ ഒരു ക്ഷേത്രമുണ്ടാകാമെന്നാണ്. ഇങ്ങനെ ബ്രിട്ടീഷുകാരുടെ തോന്നലുകളും ഉഹാപോഹങ്ങളും ചരിത്രമാക്കി അവതരിപ്പിക്കപ്പെടുകയായിരുന്നു. അയോധ്യയെ തര്‍ക്കഭൂമിയാക്കി രാജ്യത്തെ വര്‍ഗീയതയിലേക്ക് നയിച്ച ബാബറിമസ്‌ജിദ് -രാമജന്മഭൂമി പ്രശ്‌നത്തിന് മജ്ജയും മാംസവും വെപ്പിച്ചത് ബ്രിട്ടീഷുകാരുടെ തോന്നലുകളും ഊഹാപോഹങ്ങളുമായിരുന്നു.

സ്വാതന്ത്ര്യാനന്തരം

ബാബറി മസ്‌ജിദ് പ്രശ്‌നത്തെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് വര്‍ഗീയതയെ, പ്രത്യേകിച്ച് ഹിന്ദുവര്‍ഗീയതയെ പോഷിപ്പിക്കുന്നതും സഹായിക്കുന്നതുമായ ഇന്ത്യന്‍ഭരണകൂടത്തിന്റെ നയങ്ങളായിരുന്നു. മതനിരപേക്ഷതയെയും ജനാധിപത്യത്തെയും സംബന്ധിച്ച് ഭരണഘടന ഉദ്ഘോഷിക്കുന്ന മഹാവാക്യങ്ങള്‍ക്ക് പ്രയോഗക്ഷമമായ അര്‍ഥങ്ങളൊന്നും ഇന്ത്യന്‍ ഭരണകൂടം ഒരിക്കലും നല്‍കിയിട്ടില്ല. ഭരണകൂടമെന്നത് നിയമനിര്‍മാണ സംവിധാനമായ ലെജിസ്ളേച്ചറും നിയമനിര്‍വഹണ യന്ത്രമായ എക്‌സിക്യൂട്ടീവും നീതിന്യായസംവിധാനമായ കോടതിയും എല്ലാം ചേര്‍ന്നതാണല്ലോ. വിഭിന്നവര്‍ഗീയശക്തികളെ മാറിമാറി പ്രീണിപ്പിക്കുകയും അവരെ സങ്കുചിതമായ രാഷ്‌ട്രീയതാല്‍പ്പര്യത്തിനുവേണ്ടി ഉപയോഗിക്കുകയും അവരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടാന്‍ നിന്നുകൊടുക്കുകയും ചെയ്‌തതാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രംതന്നെ. ഹിന്ദു, മുസ്ളിം, ക്രിസ്‌ത്യൻ‍, സിഖ് വര്‍ഗീയതകളിലൂടെയെല്ലാം ഇത്തരമൊരു പരസ്‌പര സഹായബന്ധമാണ് ഇന്ത്യന്‍ ഭരണകൂടം പുലര്‍ത്തിപ്പോന്നിട്ടുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എക്കാലവും ഇത്തരമൊരു മതവര്‍ഗീയ പ്രീണനനയമാണ് തുടര്‍ന്നുപോന്നിട്ടുള്ളത്. അതില്‍തന്നെ ഭൂരിപക്ഷമതത്തിന്റെ പ്രതിനിധീകരണം അവകാശപ്പെടുന്ന ഹിന്ദുവര്‍ഗീയതയോട് കോണ്‍ഗ്രസ് കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തിപ്പോന്നിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയശക്തിയും ആര്‍എസ് എസിന്റെ സാംസ്‌കാരികശക്തിയും ഒന്നിച്ച് ചേരണമെന്ന ഗോള്‍വാക്കറുടെ രഹസ്യസ്വപ്‌നം കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നും പങ്കിട്ടിട്ടുണ്ട്. ഗാന്ധിവധത്തിനുശേഷം ആര്‍ എസ് എസിന്റെ നിരോധനം ഒരുവര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. നെഹ്റു വിദേശത്തായ തക്കംനോക്കി ആര്‍എസ്എസ്സുകാര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തീരുമാനിച്ചു. പിന്നീട് നെഹ്റുവിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് 1949 നവംബറില്‍ ആ തീരുമാനം പിന്‍വലിച്ചത്. 1949 ഡിസംബര്‍ 22ന് ബാബറിമസ്‌ജിദിനകത്ത് സീത-രാമവിഗ്രഹങ്ങള്‍ "സ്വയംഭൂവാ''കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ ഒരു അവിശുദ്ധകൂട്ടുകെട്ടാണ്.

1947ന് ശേഷം വിഭജനത്തെത്തുടര്‍ന്നുള്ള വര്‍ഗീയ കലാപങ്ങളുടെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും ചണ്ഡവാതം ശമിച്ചുപോകുന്നതില്‍ പരിഭ്രാന്തരായവരാണ് മത മൈത്രിയുടെ പ്രവാചകനായ മഹാത്മാവിനെ വധിക്കുന്നത്. അക്കാലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ആചാര്യ നരേന്ദ്രദേവ് രാജിവെച്ചതിനെത്തുടര്‍ന്ന് എംപി സ്ഥാനവും ഉപേക്ഷിച്ചു. ഉപതെരഞ്ഞെടുപ്പില്‍ അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിക്കുവാന്‍ ബാബ രാഘവദാസ് എന്ന ഒരു സന്ന്യാസിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. ഇതേ ബാബരാഘവദാസ് ഉള്‍പ്പെട്ട (മറ്റുള്ളവര്‍ ഹിന്ദുമഹാസഭാ നേതാവ് ദിഗ് വിജയനാഥ്, ബാബറൂര്‍പത്നി) മൂന്നംഗസംഘമാണ് ബാബറിമസ്‌ജിദിലേക്ക് വിഗ്രഹം ഒളിച്ചുകടത്തുന്നതിന് മുന്നോടിയായ 9 ദിവസം നീണ്ടുനിന്ന അഖണ്ഡനാമപരിപാടിക്ക് കാര്‍മികത്വം വഹിച്ചത്. ഫൈസാബദ് ജില്ലാ മജിസ്ട്രേട്ടായിരുന്ന കെ കെ നായരുടെയും മുഖ്യമന്ത്രി ജി ബി പാന്തിന്റെയും സഹായത്തോടെയും അറിവോടെയുമായിരുന്നു 1949 ഡിസംബര്‍ 22ന് പള്ളിക്കകത്തേക്ക് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി സ്ഥാപിച്ചത്. ഈ വിവരമറിഞ്ഞ നെഹ്റുവിന്റെ പ്രഥമപ്രതികരണം, മസ്‌ജിദിനകത്തുനിന്നും വിഗ്രഹങ്ങള്‍ എടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എറിഞ്ഞുകളയുക എന്നതായിരുന്നു.

നെഹ്റുവിന്റെ വാക്കുകള്‍ പാലിക്കപ്പെട്ടില്ല. ബാബറിമസ്‌ജിദ് പൂട്ടിയിട്ടു. നാലു നൂറ്റാണ്ടുകാലം അയോധ്യയിലെ മുസ്ളിംമതവിശ്വാസികള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന പള്ളി പൂട്ടി തര്‍ക്കപ്രശ്‌നമാക്കിത്തീര്‍ത്തു. കോണ്‍ഗ്രസിന് നേട്ടമുണ്ടായി. കടുത്ത വര്‍ഗീയവികാരം കത്തിച്ച് ബാബ രാഘവദാസ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പില്‍ കെ കെ നായര്‍ ജോലി രാജിവെച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എയായി. പിന്നീട് ജനസംഘം എംപിയുമായി. 1952ലെ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ശകുന്തളാദേവി ജനസംഘം സ്ഥാനാര്‍ഥിയായിരുന്നു.

കേസുകൾ‍, നീതിനിഷേധങ്ങള്‍

നിഷ്‌പക്ഷമെന്ന് സാധാരണ പൌരന്മാര്‍ കരുതുന്ന ജുഡീഷ്യറിപോലും ലെജിസ്ളേച്ചറിനെയും എക്‌സിക്യൂട്ടീവിനെയുംപോലെ ബാബറിമസ്‌ജിദ് പ്രശ്‌നത്തില്‍ നീതിയുക്തമായൊരു സമീപനം സ്വീകരിച്ചുവെന്ന് പറയാനാവില്ല. ഭരണകൂടത്തിന്റെ മറ്റ് രണ്ട് ഘടകങ്ങളില്‍നിന്നും വ്യത്യസ്‌തമായി നിഷ്‌പക്ഷമായൊരു സമീപനമുണ്ടാകേണ്ടത് കോടതിയുടെ ഭാഗത്തുനിന്ന് തന്നെയാണ്. പള്ളിക്കകത്ത് അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങള്‍ സ്ഥാപിച്ചതിനുശേഷം അയോധ്യ പൊലീസ് തയാറാക്കിയ പ്രഥമവിവര റിപ്പോര്‍ടില്‍ ഇരുളിന്റെ മറവില്‍ സന്ന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അത് സ്ഥാപിച്ചതെന്ന് പറയുന്നു. നിലവിലുള്ള നിയമമനുസരിച്ചുതന്നെ കുറ്റകൃത്യമായിരുന്നു അത്. മാതാപ്രസാദ് എന്ന പൊലീസുകാരന്‍ അയോധ്യയിലെ സബ് ഇന്‍സ്‌പെക്‌ടര്‍ മുമ്പാകെ നല്‍കിയ പ്രഥമവിവര റിപ്പോര്‍ടില്‍ ആ സംഭവം വിവരിക്കുന്നത് നോക്കുക. "തലേന്ന് രാത്രി ബാബറിമസ്‌ജിദിന്റെ പൂട്ട് കുത്തിപ്പൊളിച്ച് ഒരുസംഘം ആളുകള്‍ പള്ളിക്കകത്ത് പ്രവേശിച്ചു. അവിടെ ശ്രീരാമചന്ദ്രന്റെ പ്രതിമ സ്ഥാപിച്ചു. അവര്‍ പള്ളിക്കകത്ത് ബലമായി കടക്കുകയും പരിശുദ്ധി നശിപ്പിക്കുകയംചെയ്‌തു.'' 1950 ഏപ്രില്‍ 24ന് ഫൈസാബാദ് ഡെപ്യൂട്ടി കമീഷണര്‍ ജെ എന്‍ അഗര്‍വാള്‍ മുമ്പാകെ ഹാജരാക്കിയ തെളിവുകള്‍ ആരാണ് കുറ്റവാളികള്‍ എന്ന് വ്യക്തമാക്കുന്നതായിരുന്നു.

ഒമ്പത് ദിവസം നീണ്ടുനിന്ന അനുബന്ധ പരിപാടിയുടെ ഭാഗമായി പള്ളിയോട് ചേര്‍ന്നുള്ള ശ്‌മശാനം കിളച്ചുമറിക്കുകയും പള്ളിയില്‍ കയറി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്‌തതാണ്. ഇന്ത്യന്‍ പീനല്‍കോഡിലെ 295, 297 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യമായിരുന്നു. ഏതെങ്കിലും മതവിശ്വാസികളുടെ ആരാധനാലയങ്ങള്‍ക്ക് നേരെ നടത്തപ്പെടുന്ന അതിക്രമങ്ങളെയും ശ്‌മശാനങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നതിനെയും സംബന്ധിച്ച ശിക്ഷാവ്യവസ്ഥകളാണ് ഈ വകുപ്പുകൾ. പക്ഷേ ഒരാരാധനാലയത്തിനുനേരെ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ നഗ്നമായ അതിക്രമത്തെ കുറ്റമായി കാണാന്‍ ഇന്ത്യന്‍ ഭരണകൂടം വിസമ്മതിച്ചു. അര്‍ഹിക്കുന്ന ഗൌരവത്തോടെ ഈ വര്‍ഗീയാക്രമണത്തെ കൈകാര്യം ചെയ്യാന്‍ അന്നത്തെ യു പി സര്‍ക്കാരും ഫൈസാബാദ് ജില്ലാ ഭരണകൂടവും സന്നദ്ധമായില്ല. നെഹ്റു ഇതൊരു തീക്കളിയാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ജെ ബി പാന്ത് ഹിന്ദുത്വവര്‍ഗീയശക്തികളെ നേരിടാനും പള്ളിയില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്തുമാറ്റാനും തയാറാവാതെ തര്‍ക്കസ്ഥലമാക്കി പൂട്ടിയിടുകയാണ് ചെയ്‌തത്. ഹിന്ദുവര്‍ഗീയവാദികളെ നേരിടാന്‍ വിസമ്മതിക്കുന്നതിനെതിരെ അക്കാലത്തെ ഫൈസാബാദ് ഡിസിസി സെക്രട്ടറി അക്ഷയബ്രഹ്മചാരി പരസ്യമായി രംഗത്തുവന്നു. രാജ്യത്തെ ചുട്ട് ഭസ്‌മമാക്കുന്ന ഹിന്ദുത്വവാദികളും ഭരണകൂടവും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെ അക്ഷയബ്രഹ്മചാരി നിരാഹാരസമരവും നടത്തി. ഹിന്ദുവര്‍ഗീയവാദികളും കോണ്‍ഗ്രസുകാരും അദ്ദേഹത്തിന്റെ നിരാഹാരപ്പന്തലും ആശ്രമവും തീയിട്ട് നശിപ്പിച്ചു. ഭ്രാന്തമായ വര്‍ഗീയത ആളിക്കത്തിച്ച് ഹിന്ദുത്വശക്തികളും ഫൈസാബാദ് ഭരണകൂടവും ഫൈസാബാദിലെ ഏറ്റവും മുതിര്‍ന്ന ആ കോണ്‍ഗ്രസ് നേതാവിനെ വേട്ടയാടി. അവസാനം അദ്ദേഹം ഫൈസാബാദ് വിട്ട് ലഖ്നൌവില്‍ അഭയം തേടി.

നിലവിലുള്ള നിയമങ്ങളെ ഉപയോഗിച്ച് വര്‍ഗീയവാദികളെ നേരിടാന്‍ യു പി സര്‍ക്കാരും ഫൈസാബാദ് ജില്ലാ ഭരണകൂടവും തുടര്‍ച്ചയായി വീഴ്‌ചവരുത്തി. ബാബറിമസ്‌ജിദില്‍ അതിക്രമിച്ചുകടന്ന് സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്തുമാറ്റി അതിനെ പൂര്‍വസ്ഥിതിയിലാക്കുവാന്‍ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ മടിച്ചുനിന്നു. അങ്ങനെ ചെയ്‌താല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന കപടസംഭീതി പരത്തി നീതിനിര്‍വഹണ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുനിന്നു. 1898ലെ ക്രിമിനല്‍ നടപടി നിയമത്തില്‍ സ്ഥാവരസ്വത്തുക്കളെ സംബന്ധിച്ച തര്‍ക്കപരിഹാരത്തെക്കുറിച്ച ഒരധ്യായം തന്നെയുണ്ടായിരുന്നുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1973ലെ ക്രിമിനല്‍ നടപടിച്ചട്ടം ഇതിന്റെ ചുവട് പിടിച്ചു തയാറാക്കിയിട്ടുള്ളതാണ്. ഒരു സ്ഥാവര വസ്‌തുവില്‍ അവകാശം സ്ഥാപിക്കുവാന്‍ ശ്രമിച്ചയാള്‍ക്ക് അത്തരം അവകാശം നിയമപരമായി നിലനില്‍ക്കുന്നുണ്ടോയെന്ന് തെളിയിക്കാന്‍ അവസരം കൊടുത്തുകൊണ്ടുതന്നെ, അത് തെളിയിക്കപ്പെടുന്നതുവരെ ആദ്യത്തെ ഉടമക്ക് സ്വത്ത് കൈവശം വെക്കുവാന്‍ അനുമതി നല്‍കുകയോ അല്ലെങ്കില്‍ കോടതി സ്വന്തം ഉത്തരവാദിത്തത്തില്‍ അത് കൈവശംവെക്കുകയോ ചെയ്യേണ്ടതായിരുന്നു.

1898ലെ ക്രിമിനല്‍ നടപടി നിയമത്തിന്റെ 145-ാം വകുപ്പും അതിന്റെ ഒന്നു മുതല്‍ ആറുവരെയുള്ള ഉപവകുപ്പുകളും ഇക്കാര്യത്തില്‍ സ്‌പഷ്‌ടമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുവെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വകുപ്പുപ്രകാരമാണല്ലോ കോടതി മസ്‌ജിദ് ഏറ്റെടുത്തത്. എന്നിട്ട് ഫൈസാബാദ് മുനിസിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രിയദത്ത്റാമിനെ റിസീവറായി നിയമിച്ചതും. പക്ഷേ ഇക്കാര്യത്തില്‍ നിയമമനുസരിച്ച് ചെയ്യേണ്ടിയിരുന്ന അതിക്രമിച്ച് കയറിയവരെ തടയാന്‍ കോടതി വിസമ്മതിക്കുകയാണുണ്ടായത്. 1949 ഡിസംബര്‍ 22ന് അതിക്രമിച്ച് കയറിയവര്‍ക്ക് ആരാധനക്കുള്ള അവസരം നല്‍കുകയും അന്നുവരെ മസ്‌ജിദിന്റെ ഉടമകളും അവിടെ ആരാധന നടത്തിപ്പോന്നവരുമായ വിഭാഗത്തിന് പ്രവേശനം നിഷേധിക്കുകയുമാണ് കോടതി ചെയ്‌തത്.

ബാബറിമസ്‌ജിദ് പ്രശ്‌നത്തില്‍ പില്‍ക്കാലത്തുണ്ടായ കോടതിവിധികളും ആദ്യവിധിയുടെ അനീതികളെ തിരുത്താനല്ല അതിനെ ശാശ്വതീകരിക്കുവാനും തീവ്രതരമാക്കുവാനുമാണ് സഹായിച്ചത്. ഒരര്‍ഥത്തില്‍ ബാബറി മസ്‌ജിദിനോട് നീതിപുലര്‍ത്തുവാന്‍ നിരന്തരമായി കോടതികള്‍ വിസമ്മതം കാണിക്കുകയാണുണ്ടായത്. 1950 ജനുവരി 16ന് ഫൈസാബാദ് സിവില്‍ ജഡ്‌ജിന് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട സിവില്‍സ്യൂട്ടിന് മേല്‍ കോടതി സ്വീകരിച്ച തീരുമാനം ആ ഗതിയിലുള്ളതായിരുന്നു. യു പി സര്‍ക്കാരോ അതിന്റെ ഉദ്യോഗസ്ഥരോ മുസ്ലിംമതപ്രമുഖരോ പള്ളിയില്‍ സ്ഥാപിക്കപ്പെട്ട വിഗ്രഹങ്ങളെ നീക്കം ചെയ്യുന്നത് തടയണമെന്നായിരുന്നു ഗോപാല്‍സിങ് വിശാരദിന്റെ സിവില്‍സ്യൂട്ടില്‍ അപേക്ഷിച്ചിരുന്നത്. തനിക്ക് തടസ്സങ്ങളൊന്നും കൂടാതെ അതിന് മുമ്പില്‍ ആരാധന നടത്തുവാന്‍ അനുമതി നല്‍കണമെന്നും അയാള്‍ അപേക്ഷിച്ചു. കോടതി ആ അപേക്ഷ സ്വീകരിക്കുകയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യുന്നതിനെതിരെ താല്‍ക്കാലിക ഇഞ്ചങ്ഷന്‍ അനുവദിക്കുകയുമാണ് ചെയ്‌തത്. ജനുവരി 19ന് ഈ ഉത്തരവ് പരിഷ്‌കരിച്ച് വിധിയുണ്ടായെങ്കിലും പള്ളിയില്‍ കടത്തിവെച്ച വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ പൂജ നടത്തുവാനും അനുമതി നിലനിര്‍ത്തുകതന്നെയാണ് കോടതി ചെയ്‌തത്. പിന്നീട് 1951 മാര്‍ച്ച് മൂന്നിന് ഈ താല്‍ക്കാലിക ഇഞ്ചങ്ഷന്‍ സ്ഥിരപ്പെടുത്തിക്കൊണ്ട് സിവില്‍ കോടതിയുടെ വിധി ഉണ്ടായതോടെ അനീതികരമായ ഈ പ്രവൃത്തിക്ക് ഔപചാരികമായ സ്ഥിരീകരണവും ലഭിച്ചു.

1955 ഏപ്രില്‍ 26ന് ഹൈക്കോടതി ഈ വിധി ശരിവെച്ചതോടെ ബാബറി മസ്‌ജിദുമായി ബന്ധപ്പെട്ട അനീതികരമായ നീതിനിര്‍വഹണം അതിന്റെ ആദ്യഘട്ടം പിന്നിട്ടു.

ബാബറി മസ്‌ജിദിന്റെ ഉടമാവകാശം തങ്ങള്‍ക്ക് വിട്ടുതരണമെന്നും കോടതിനിയമിച്ച റിസീവറെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടും 1959 'നിര്‍മോഹി അഖാര'യെന്ന ഹിന്ദുമതവിഭാഗവും പള്ളിയും അതിനോട് ചേര്‍ന്നുള്ള ശ്‌മശാനവും തങ്ങളുടേത് ആവുകയാല്‍ അത് തങ്ങള്‍ക്ക് വിട്ടുതരണമെന്നും അതിനകത്ത് നിയമവിരുദ്ധമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള വിഗ്രഹങ്ങള്‍ നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1961 ല്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിക്കുകയുണ്ടായി. ഈ കേസുകളെല്ലാം അനന്തമായ വ്യവഹാരപ്രക്രിയകളിലൂടെ തീരുമാനമാകതെ കിടക്കുകയായിരുന്നു.

ബാബറിമസ്‌ജിദിന്റെ ഉടമാവകാശത്തെ സംബന്ധിച്ച് ഏറ്റവും ശ്രദ്ധേയവും അതിന്റെ തകര്‍ച്ചക്ക് വഴിമരുന്നിട്ടതുമായ വിധിയായിരുന്നു 1986 ലേത്. ഉമേഷ്‌ചന്ദ്രപാണ്ഡെ എന്ന അഭിഭാഷകന്‍ 1986 ജനുവരി 25ന് മുന്‍സിഫ് കോടതിയില്‍ ഒരു അപേക്ഷ നല്‍കുന്നു. പള്ളിയില്‍ സ്ഥാപിക്കപ്പെട്ട വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ പൂജ നടത്തുവാന്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കംചെയ്യണമെന്നായിരുന്നു പെറ്റീഷൻ‍. 1961ല്‍ സുന്നി വഖഫ് ബോര്‍ഡ് കൊടുത്ത കേസിന്റെ ഫയലുകള്‍ ഹൈക്കോടതിയില്‍ ആകയാല്‍ ഇതില്‍ വിധി പറയാനാവില്ലെന്ന് പറഞ്ഞ് മുന്‍സിഫ് കോടതി ഹരജി തള്ളുകയുണ്ടായി. തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് ഫൈസാബാദ് ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടു. ക്രമസമാധാന സ്ഥിതിയെ സംബന്ധിച്ച് ജില്ലാ മജിസ്ട്രേട്ടിന്റെയും പൊലീസ് സൂപ്രണ്ടിന്റെയും പ്രസ്‌താവനകള്‍ വാങ്ങിയശേഷം വെറും 40 മിനിറ്റുകൊണ്ട് ജില്ലാ ജഡ്‌ജി കെ എം പാണ്ഡെ വിധി പ്രസ്‌താവിച്ചു. ബാബറിമസ്‌ജിദിന്റെ വാതിലുകള്‍ ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കാന്‍ കല്‍പ്പിച്ച കുപ്രസിദ്ധമായ വിധിയായിരുന്നു പാണ്ഡെയുടേത്. ഒരു മുസ്ളിം മതവിശ്വാസിക്കുപോലും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍പോലും കോടതി തയാറായില്ല. പള്ളിയുടെ വാതിലുകള്‍ തുറന്നുകൊടുത്താല്‍ സ്വര്‍ഗം ഇടിഞ്ഞുവീഴുകയോ മുസ്ളിങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുകയോ ചെയ്യില്ലെന്ന് കോടതി പറഞ്ഞു. അത്പ്രകാരം ഫെബ്രുവരി രണ്ടിന് മസ്‌ജിദിന്റെ വാതിലുകള്‍ അതിക്രമിച്ച് കടന്നവര്‍ക്കായി തുറന്നുകൊടുത്തു. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും യുപി മുഖ്യമന്ത്രി എന്‍ ഡി തിവാരിയും രാജ്യത്ത് ഇത്തരമൊരു വിധി സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളെ ഗൌരവപൂര്‍വം പരിഗണിക്കാതെ ഹിന്ദുത്വതാല്‍പ്പര്യങ്ങള്‍ക്ക് മുമ്പില്‍ ഉദാസീനത പുലര്‍ത്തി.

വാസ്‌തവത്തില്‍ രാജ്യത്താകെ സംഘപരിവാര്‍ അഴിച്ചുവിട്ട വര്‍ഗീയാന്തരീക്ഷത്തിന്റെ സ്വാധീനഫലം കൂടിയായിരുന്നു ഇത്തരമൊരു വിധി. ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ പ്രചണ്ഡമായ പ്രചാരണഘോഷങ്ങളുടെയും അത് സൃഷ്‌ടിച്ച വര്‍ഗീയാവബോധത്തിന്റെയും ഫലമായിട്ടാണ് ഇത്തരമൊരു വിധി ഉണ്ടാവുന്നത്. രഥയാത്രകളുടെയും വര്‍ഗീയകലാപങ്ങളുടെയും ഉന്മാദത്തിലേക്ക് ഇന്ത്യന്‍ മധ്യവര്‍ഗങ്ങളെയാകെ വലിച്ചടുപ്പിച്ചിരുന്ന പ്രതിലോമപ്രവാഹത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയും പെട്ടുപോയോ എന്ന് ആശങ്കപ്പെടുത്തിയ വിധിയായിരുന്നു ഇത്. ഇന്ത്യന്‍ കോടതികളുടെ ചരിത്രത്തിലെ ഏറ്റവും ഝടുതിയില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെട്ട ഈ കോടതിവിധി ബാബറിമസ്‌ജിദിനെ സമ്പൂര്‍ണാര്‍ഥത്തിലുള്ള ക്ഷേത്രമാക്കിമാറ്റാനുള്ള ഹിന്ദുവര്‍ഗീയവാദികളുടെ ശ്രമങ്ങളുടെ വിജയം കൂടിയായിരുന്നല്ലോ. നിയമപരമായ എല്ലാ നടപടിക്രമങ്ങളെയും സാങ്കേതികവശങ്ങളെയും നിരസിക്കുന്ന തരത്തിലാണ് ഈ വിധി പ്രഖ്യാപിക്കപ്പെട്ടത്.

പള്ളിയുടെ വാതില്‍ ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തുകൊണ്ടുള്ള ഉത്തരവ് അസാധുവാക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഫെബ്രുവരി മൂന്നിന് ഹൈക്കോടതിയുടെ ലക്നൌ ബഞ്ചിന് മുമ്പാകെ ഒരു റിട്ട്പെറ്റീഷന്‍ സമര്‍പ്പിക്കപ്പെട്ടു. മുഹമ്മദ് ഹാഷിം എന്ന പരാതിക്കാരന്റെ ഈ അപേക്ഷ പരിഗണിച്ചുകൊണ്ട് തര്‍ക്കത്തിന് അവസാനപരിഹാരം കാണുന്നതുവരെ കാര്യങ്ങള്‍ പഴയപടി തുടരാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 1986 മെയ് 12ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ജില്ലാ ജഡ്‌ജിയുടെ ഫെബ്രുവരി ഒന്നിന്റെ ഉത്തരവ് റദ്ദാക്കാന്‍ പരാതി നല്‍കുകയുണ്ടായി. കോടതിക്കകത്ത് കേസുകളും നൂലാമാലകളും തുടരുമ്പോഴും പുറത്ത് ഹിന്ദുവര്‍ഗീയവാദികളും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധബാന്ധവം ചരിത്രപ്രസിദ്ധമായ ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയിലേക്ക് കാര്യങ്ങളെ എത്തിച്ചു. ഇപ്പോള്‍ അയോധ്യാതര്‍ക്കത്തെ സംബന്ധിച്ച് കോടതിവിധികള്‍ എന്തായാലും സമൂഹത്തിന്റെ മതേതരവല്‍ക്കരണവും ഭരണകൂടത്തിന്റെ ജനാധിപത്യനിലപാടുകളും കൊണ്ടു മാത്രമേ ഹിംസയുടെയും വിധ്വംസകപ്രവര്‍ത്തനങ്ങളുടെതുമായ വര്‍ഗീയരാഷ്‌ട്രീയത്തെ പ്രതിരോധിക്കാനാവൂ.

*

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട്: ദേശാഭിമാനി വാരിക

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയുടെ സമകാലീനരാഷ്‌ട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കുകയും വിദ്വേഷകലുഷിതമാക്കുകയും ചെയ്‌ത ബാബറിമസ്‌ജിദ്-രാമജന്മഭൂമി തര്‍ക്കത്തിന് ഉത്തരം തേടേണ്ടത് തീര്‍ച്ചയായും ചരിത്രത്തില്‍നിന്നുതന്നെയാണ്. 464 വര്‍ഷത്തിലേറേ അയോധ്യയിലെ (പഴയ ഔധിലെ) മുസ്ളിം മതവിശ്വാസികള്‍ തലമുറകളായി ആരാധന നടത്തിപ്പോന്ന ബാബറി മസ്‌ജിദ് തകര്‍ത്തത് ചരിത്രത്തെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനിച്ചും പെരുംനുണകള്‍ ആവര്‍ത്തിച്ചു കൊണ്ടുമാണല്ലോ. ഇന്നിപ്പോള്‍ അതീവ സങ്കീര്‍ണമായിത്തീര്‍ന്നിരിക്കുന്ന അയോധ്യാതര്‍ക്കം എങ്ങനെയെങ്കിലും പരിഹരിക്കണമെന്നാണ് നിഷ്‌പക്ഷമനസ്‌കരായ ആളുകളെല്ലാം ആഗ്രഹിക്കുന്നത്. ബാബറിമസ്‌ജിദിനെ തര്‍ക്കഭൂമിയാക്കി പരിവര്‍ത്തനപ്പെടുത്തിയത് കൊളോണിയല്‍ ഭരണകാലത്തെ "ഭിന്നിപ്പിക്കുക, ഭരിക്കുക'' എന്ന രാഷ്‌ട്രതന്ത്രമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ജ്വലിച്ചുയര്‍ന്ന ദേശീയബോധത്തെയും ജനകീയ ഐക്യത്തെയും വഴിതെറ്റിക്കാനും ശിഥിലീകരിച്ചുകളയാനുമുള്ള കൊളോണിയല്‍ തന്ത്രമാണ് ബാബറി മസ്‌ജിദിനെ തര്‍ക്കപ്രശ്‌നമാക്കിയത്. തീര്‍ച്ചയായും അതിന്റെ ചരിത്രപരമായ അടിവേരുകളും വര്‍ത്തമാനകാല പരിണതികളും പരിശോധിക്കപ്പെടേണ്ടതുണ്ട്. ചരിത്രത്തില്‍ ഇതിന് മുമ്പ് ഉയര്‍ന്നുവന്ന ആരാധനാലയതര്‍ക്കങ്ങള്‍ എങ്ങനെയാണ് പരിഹരിക്കപ്പെട്ടതെന്ന് സാമാന്യമായി സൂചിപ്പിച്ചുകൊണ്ട് മന്ദിർ‍-മസ്‌ജിദ് തര്‍ക്കത്തിന്റെ ചരിത്രപരമായ വിശദാംശങ്ങളിലേക്ക് കടക്കാം.

Unknown said...

List your blog for FREE in Malayalam Blog Directory Powered By ITGalary Songs

നിസ്സഹായന്‍ said...

1949 Dec-22 ന് ശ്രീരാമന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങള്‍ അവിടെ സ്ഥാപിച്ച നടപടിയെ അംഗീകരിച്ചു കൊടുത്തുകൊണ്ട് ഇതൊരു തര്‍ക്കപ്രശ്നമാക്കി തുടര്‍നടപടികളിലൂടെ അവകാശവാദത്തിന് അവസരം ഉണ്ടാക്കിയ ഗൂഢാലോചനയിലെ മുഴുവന്‍ പേരെയും ശിക്ഷിക്കണം. ബാബറിമസ്ജിത്തിന്മേല്‍ യാതൊരു അവകാശവാദവും ഉന്നയിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമില്ല. പള്ളി നിന്നിരുന്ന സ്ഥലം മുസ്ലീങ്ങള്‍ക്ക് വിട്ടുകൊടുക്കണം, സര്‍ക്കാര്‍ ചിലവിലും പള്ളി നശിപ്പിച്ചവരുടെ ചിലവിലും പള്ളി പുന്ര്‍ നിര്‍മാണം നടത്തണം. ഇതായിരിക്കണം മുസ്ലീങ്ങളോട് കാട്ടിയ അനീതിയ്ക്ക് പരിഹാരം കാണാനുള്ള മാര്‍ഗം. ഇതില്‍ കുറഞ്ഞ ഏതു പരിപാടിയും മുസ്ലീങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്താനും ഭാവിയില്‍ ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാകാനും കാരണമാകും.

prachaarakan said...

കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധിയെ പക്വതയോടെയും സംയമനത്തോടെയും സമീപിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാൽ അഭ്യർത്ഥിച്ചു. കോടതി വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണ്‌. അത് അങ്ങിനെ തന്നെ കാണണം. എന്നാൽ അനന്തര നടപടികൾക്ക് ഭരണഘടനാനുസൃതവും നിയമപരവുമായ വഴിതിരഞ്ഞെടുക്കാം. പ്രകോപനപരവും വൈകാരികവുമായ സമീപനങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. കോടതി വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും കാന്തപുരം പറഞ്ഞു.

മലമൂട്ടില്‍ മത്തായി said...

What more can be expected from Communists, the masters of propaganda? Why is no mention made about the Shabano case? That was the naked appeasement of the illiterate muslim priests. It is subsequent to that, did Rajiv Gandhi opened up the temple for Hindu worship. Appeasement was his policy. What is the left's position about the partition of India? Why is that not mentioned at all when events of 1949 was mentioned?

Then comes the mention of the Indian Freedom struggle. What did the Communists do during the freedom struggle? They sat out. That was explained by an article in this same blog a couple of months ago. Now suddenly the reds are the guardian angels of the Indian freedom struggle. Goebbels would be proud of your technique.

Also, before waxing eloquent about the crusades and the imperialist West, think about what happened to the Churches of Constantinople when the Muslims conquered the place - Aya Sofia got converted from a Church to a mosque. But right now it is a museum. No parties have any claim to that structure any more. That is the way to go with this instance as well.

Finally most of North India was conquered by Muslim invaders and plundered many times over by these conquerors. Sometimes memories of conquests stay for centuries. Just ask the Muslim refugees of Palestine what happened when the Jews over threw them.

Jack Rabbit said...

മലമൂട്ടില്‍ മത്തായി,
Comrades (who always pretend to sit on moral high ground) have selective amnesia. That is why they cannot relate/remember actions taken by Rajiv Gandhi govt - Shah Bano case, opening the locks of Masjid, quickness in banning Satanic Verses even before Islamic nations etc

Sometimes memories of conquests stay for centuries.

One classic example is Battle of Kosova and see how it was invoked in a speech by former Communist turned nationalist Milosevic after 600 years