Showing posts with label മനോരമ. Show all posts
Showing posts with label മനോരമ. Show all posts

Sunday, February 2, 2014

എളുപ്പമുള്ള ഊടുവഴി (പുതുപ്പള്ളി വഴി)

""പണം എണ്ണുന്നതിനിടയില്‍ വഹീദ ചോദിച്ചു - "സാര്‍ ഇതുവരെ കേരളത്തിനു വെളിയിലായിരുന്നോ?" അയാള്‍ "അതെ" എന്ന അര്‍ഥത്തില്‍ ഒന്നുമൂളി. തെന്‍റ സ്വകാര്യതയിലേക്ക് ആരേയും കടത്തിവിടാനുള്ള താല്‍പര്യം വിജയന്‍ നമ്പ്യാര്‍ക്കില്ലെന്ന് നിര്‍വികാരമായ ആ മറുപടിയില്‍നിന്നും അവള്‍ക്കു വ്യക്തമായി. വഹീദയെന്നല്ല വേറെ ആരു ചോദിച്ചാലും തെന്‍റ പേരിനപ്പുറത്തേക്കുള്ള ഒരു വിവരവും അയാള്‍ പുറത്തുവിടില്ലായിരുന്നു. താന്‍ ഐജി റാങ്കില്‍നിന്നും വിരമിച്ച മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനാണെന്ന കാര്യം ഈ പത്രക്കാരെങ്ങാനുമറിഞ്ഞാല്‍ അതോടെ തീര്‍ന്നു. തെന്‍റ ഓര്‍മകളെ ഒരു ഹ്യൂമന്‍ ഇന്ററസ്റ്റിങ് സ്റ്റോറിയാക്കി അവരങ്ങോട്ട് ആഘോഷിക്കും. ചെട്ടിച്ചിറ എലമെന്ററി സ്കൂളിന്റെ അടിയാധാരം വരെ പുറത്തെടുത്ത് ചര്‍ച്ചയ്ക്ക് വെക്കും"". മലയാളത്തിലെ പുതുതലമുറയിലെ പ്രിയങ്കരനായ കഥാകൃത്തുക്കളില്‍ പ്രമുഖനായ സന്തോഷ് ഏച്ചിക്കാനത്തിന്റെ ""ഇടുക്കി ഗോള്‍ഡ്"" എന്ന കഥയിലെ വരികളാണിവിടെ ഉദ്ധരിച്ചത്.

ശക്തമായ ഒരു മാധ്യമ വിമര്‍ശനം ഈ വരികളില്‍ കാണാം. (കഥയുടെ മുഖ്യധാര ഇതല്ല). മുന്‍പും സന്തോഷിന്റെ പല കഥകളിലും മാധ്യമ വിമര്‍ശനം കടന്നുവന്നിട്ടുണ്ട്. ഈ പംക്തിയില്‍ തന്നെ അത് പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. സന്തോഷ് മാത്രമല്ല, മറ്റു പല കഥാകൃത്തുക്കളും തങ്ങളുടെ സര്‍ഗസൃഷ്ടിക്കിടയില്‍ ദൃശ്യ - അച്ചടി മാധ്യമങ്ങളെ കീറിമുറിച്ച് പരിശോധിക്കാന്‍ തയ്യാറായി കാണുന്നുണ്ട്. അപഹാസ്യമാംവിധം മാധ്യമങ്ങള്‍ തരംതാഴുന്നത് കാണുമ്പോഴായിരിക്കും കഥാകൃത്തുക്കളും നോവലിസ്റ്റുകളും മറ്റും തങ്ങളുടെ സര്‍ഗാത്മക രചനയ്ക്കിടയില്‍ തന്നെ ഇതേപോലെ മാധ്യമ വിമര്‍ശനത്തിന് നിര്‍ബന്ധിതരാകുന്നത്. എന്നാല്‍ വര്‍ഗപരവും രാഷ്ട്രീയവുമായ പക്ഷപാതിത്വത്തിന്റെ, കോര്‍പറേറ്റ് താല്‍പര്യങ്ങളുടെ ചെളിക്കുണ്ടില്‍ ആണ്ടുകിടക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം വിമര്‍ശനങ്ങള്‍ ചേമ്പിലയില്‍ വീഴുന്ന വെള്ളത്തിന്റെ സ്ഥിതിയിലായിരിക്കും.

തിരഞ്ഞെടുപ്പൊരുക്കത്തില്‍ മുഖ്യധാരക്കാര്‍

ജനുവരി 14 പലതുകൊണ്ടും ശുഭദിനം. 13 എന്ന "അശുഭ" സംഖ്യക്കുശേഷമുള്ള ദിനം. മകരമാസം ഒന്ന്. തൈപ്പൊങ്കല്‍ ദിനം. മകരസംക്രാന്തി ആരംഭിക്കുന്ന ദിനം. അങ്ങനെ സര്‍വാത്മനാ നോക്കിയാലും പുണ്യജന്മങ്ങള്‍ക്കാകെ പുണ്യദിനം. ആ പുണ്യദിനം തന്നെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരവേല "മനോരമ" സ്വയമേവ ഏറ്റെടുത്ത് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചിരിക്കുകയാണ്. ജനുവരി 14ന് (മകരം ഒന്നിന്) മലയാളികളുടെ വീട്ടുമുറ്റത്തെത്തിയ റബറ് പത്രത്തിന്റെ ഒന്നാം പേജിലെ മുഖ്യമാനകഥ ഇങ്ങനെ: ""ദേശീയതലത്തില്‍ സംവരണം രംഗനാഥമിശ്ര കമ്മീഷന്‍ ശുപാര്‍ശ പ്രകാരം"" എന്ന തൊപ്പിയണിഞ്ഞ കലക്കന്‍ ശീര്‍ഷകം നോക്കുക: ""പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണത്തിനു നീക്കം"". തികച്ചും അഞ്ചു കോളം തന്നെ ഈ സ്റ്റോറിക്കായി നീക്കിവെച്ചിരിക്കുന്നു. അതുക്കുള്ളില്‍ ഒരു ചിന്ന ബോക്സും: ""പുതിയ വഖഫ് വികസന കോര്‍പറേഷന്‍ ഉടന്‍. തുല്യാവസര കമ്മീഷന്‍ ആലോചനയില്‍"". എങ്ങനെയുണ്ട്, സങ്കതി കലക്കീല്ലെ? നല്ല ഉശിരന്‍ സ്കൂപ്പ്. തിരഞ്ഞെടുപ്പിന് പറ്റിയത്. നടന്നില്ലെങ്കിലെന്താ? പാലം കടക്കുവോളം പോരെ കോണ്‍ഗ്രസിന് നാരായണന്മാരെ.

പക്ഷേല്, എന്താ സത്യമാന സംഭവം? രംഗനാഥ മിശ്ര കമ്മീഷെന്‍റ റിപ്പോര്‍ട്ട് ഡല്‍ഹീല് സര്‍ദാര്‍ജിയുടെ കാബിനറ്റിന് കിട്ടീട്ട് വര്‍ഷങ്ങള് നാല് കഴിഞ്ഞത് "മനോരമ" കുട്ടന്മാര് അറിയാഞ്ഞാരിക്കും.എന്നിട്ടും മോഡീടേം സംഘത്തിന്റെം കണ്ണുരുട്ട് പേടിച്ച് അത് നടപ്പാക്കാതെ അട്ടത്ത് വച്ചേക്കാരുന്നു സാക്ഷാല്‍ കോണ്‍ഗ്രസിന്റെം സര്‍ക്കാര്. ആ റിപ്പോര്‍ട്ടിലാണ് ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞേക്കണത്. എന്നാലേ ഇന്നേവരെ ഒരു കോണ്‍ഗ്രസുകാരനും മദാമ്മേം രാഹുലനും സര്‍ദാര്‍ജീം തൊട്ട് ചാണ്ടീം ചെന്നിത്തലേം വരെ ഒരാളും മൊഴിഞ്ഞില്ല അത് നടപ്പാക്കണമെന്ന്. അത് നടപ്പാക്കണമെന്ന് പറേണ കേക്കണതുതന്നെ കേന്ദ്രനും സംസ്ഥാനനും ചങ്കിടിപ്പുണ്ടാക്കണ സങ്കതിയാണ്. സിപിഐ എമ്മും ഇടതുപക്ഷവും മാത്രമാണ് അത് നടപ്പാക്കണമെന്ന് സംശയത്തിന്റെ പൊടിപോലും കൂടാതെ പറഞ്ഞേക്കണത്. അപ്പോള് "മനോരമ" ഈ കാട്ടണതൊക്കെ പാവത്തുങ്ങളെ വോട്ടുതട്ടാനുള്ള ഞുണുക്ക് പരിപാടികള് തന്നെയാണേ! തിരഞ്ഞെടുപ്പടുത്തോണ്ട് മോഡീം പരിവാരോം പോലും ഒന്നും മിണ്ടാനും പോണില്ല. കാരണം നടപ്പാക്കാനിടയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് എതിര് പറഞ്ഞ് ചുമ്മാ എന്തിന് വോട്ടുകളയണം. മോഡിക്കും ന്യൂനപക്ഷവോട്ടും വേണോല്ലോ. പക്ഷേല്, ഒരു കാര്യമുണ്ടേ, "മനോരമ"ക്കുട്ടന്മാരെ, ഇത് പച്ചയായ പെയ്ഡ് ന്യൂസു തന്നെയാണേ! അതും ഇല്ലാ വചനം പറഞ്ഞുള്ള പത്തര മാറ്റുള്ള പ്രചരണം!!

അന്തമാനദിനത്തിലെ പെരിയ വാര്‍ത്തയെന്താ? തെരിയുമാ? അത് ഡീസലുക്കും കുക്കിങ് ഗ്യാസുക്കും കുത്തനെ വില കൂട്ടാനുള്ള നീക്കം താന്‍. അത് "മനോരമ" അണ്ണന്മാര്‍ക്ക് ഈ തിരഞ്ഞെടുപ്പ് കാലത്ത് മാളോരെ തെര്യപ്പെടുത്താനക്കൊണ്ട് പറ്റ്യോ? ഇല്ല! അതിനാലാണ് ഇന്ത ഗുണ്ടിട്ട് അന്ത കുണ്ടിനെ മൂടലാം! ഇനി 8-ാം തീയതി "മനോരമ" ഒന്നാം പുറത്ത് അച്ചുനിരത്തിയ മറ്റൊരു സ്റ്റോറി നോക്കാം: ""തിരഞ്ഞെടുപ്പൊരുക്കത്തിനെന്നു സംശയം"" എന്ന തൊപ്പിയും പേറി വരുന്നു: ""വിദേശത്തുനിന്ന് കള്ളപ്പണം"" എന്ന കിടിലോല്‍ക്കിടിലന്‍ തലേക്കെട്ട്! ആഴ്ചയൊന്നു കഴിഞ്ഞു. കേരളത്തിലെ പുതിയ ആഭ്യന്തരനോ കേന്ദ്രത്തിലെ പഴേ ആഭ്യന്തര സഹനോ എന്തെങ്കിലും ഇതേല്‍ പിടിച്ച് മൊഴിയുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന് നോക്കി. ഒരു മിണ്ടാട്ടോമില്ല. കോഴിക്കോടും വടകരേമൊക്കെ വന്ന് ഇടയ്ക്കിടെ സിപിഐ എമ്മിനെതിരെ കുരച്ചുചാടുന്ന അട്ടം പരതി പുത്രന്‍ ഇത്ര പ്രമാദമായ, രാജ്യസുരക്ഷയെ ബാധിക്കുന്ന സങ്കതിക്കുനേരെ കണ്ണടച്ചിരുട്ടാക്കുകയാണ്. ഒന്നുമേ ഉരിയാടിയിട്ടില്ല. ഒരു കൊലപാതകക്കേസില്‍ പോസ്റ്റുമോര്‍ട്ടം നടക്കുന്നിടത്തുവരെ നിയമവിരുദ്ധമായി നുഴഞ്ഞുകയറി കോപ്രായങ്ങള്‍ കാട്ടിയ ഇപ്പോഴത്തെ സംസ്ഥാന ആഭ്യന്തരനും മിണ്ടാട്ടോം ഉരിയാട്ടോമില്ല. ഇനി കഥ എഴുതിയ പത്രം എന്തെങ്കിലും തുടരന്‍ സാധനം പിന്നീട് കാച്ചിയോന്നും നോക്കി. ഇല്ലേയില്ലേ. സംഭവം ഒള്ളതാരിക്കും. പക്ഷേല്, ഈ കള്ളപ്പണങ്ങള് എങ്ങടാ പോണേ? യുഡിഎഫിെന്‍റ പണപ്പെട്ടീല് തന്നെ. അതുകൊണ്ട് തുടരേണ്ടെന്ന് തീരുമാനം!

വീരന്‍ കടലാസിന്റെ സംഭാവന

ജനുവരി 9ന്റെ വീരഭൂമി പത്രത്തില് ഇതാ കിടക്കണ് ഒന്നാം പേജില് തന്നെ ഒരു പെരിയ സങ്കതി - ""രാഷ്ട്രീയ കക്ഷികളുടെ സംഭാവന. 87 ശതമാനം കോര്‍പറേറ്റ് പണം"" അതുക്കുകീഴെ ഇപ്പടിയേ ചൊല്ലിയിരുക്കേന്‍: ""കോണ്‍ഗ്രസ് 92%, ബിജെപി 85%, സിപിഎം 33%"". അപ്പോ ഒത്തല്ലോ! എല്ലാരും ഒപ്പം താന്‍. ഇതുതാന്‍ പൂഴിക്കടകന്‍ വിദ്യേ പിടിച്ചുള്ള പ്രചരണം. പക്ഷേ, വീരന്‍ കുട്ടികള് അറിയാനക്കൊണ്ട് ഒരു രഹസ്യം പറയാം. ഈ ഗുണ്ട് പുതീതൊന്നുമല്ല. നന്നേ പഴക്കമുള്ളതാണേ! സുമാറ് ഒരു വര്‍ഷത്തിനുമേലായി ഒരംഗ്രേസി പത്രം ഇതേ ഗുണ്ട് കാച്ചീരുന്നു. അന്ന് സിപിഐ എം കൃത്യമായ മറുപടീം കൊടുത്തു. അതെന്തെന്നല്ലേ? സിപിഐ എമ്മിന്റെ വരവ് - ചെലവ് കണക്ക് പാര്‍ട്ടീടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഏത് വീരനും ഏത് ഊച്ചാളിക്കും നോക്കാം. പരിശോധിക്കാം. ആര്‍ക്കും ഒരു വിരോധോമില്ല. പാര്‍ട്ടീടെ വരുമാനത്തില് 85 ശതമാനോം പാര്‍ടി അംഗങ്ങള്‍ നല്‍കുന്ന ലെവിയാണ്. ആ അംഗങ്ങളില് ആരും കോര്‍പറേറ്റുകളല്ല എന്ന കാര്യോം പാര്‍ടിക്കറിയാം. പിന്നെ സംഭാവന 15%. അതില് കോര്‍പറേറ്റിന്റേതുണ്ടോ? ഇല്ലെന്ന് പാര്‍ടിക്ക് നെഞ്ചിക്കൈവച്ച് പറയാം. പോരെങ്കില്‍ പഴയൊരു കാര്യം (കഥയല്ല) കൂടി കൂട്ടിവായിക്കാം. 1990കളിലാണ് സംഭവം.ടാറ്റ മൊതലാളി രാജ്യത്തെ എല്ലാ അംഗീകൃത ദേശീയ പാര്‍ടികള്‍ക്കും അവരുടെ വോട്ടിങ് ശതമാനത്തിന്റെ അനുപാതത്തില് സംഭാവന കൊടുക്കാന്‍ തീരുമാനിച്ചു. അംഗീകൃത ദേശീയ പാര്‍ടി ആയതുകൊണ്ട് സിപിഐ എമ്മിനും ലഭിച്ചു 60 ലക്ഷം രൂപേടെ ഒരു ചിന്ന ചെക്ക്! കോണ്‍ഗ്രസും ബിജെപീം ഉള്‍പ്പെടെ എല്ലാം കിട്ടിയ കോടികള്‍ പണപ്പെട്ടീല് ഇട്ടപ്പോ, സിപിഐ എം ആ ചെക്ക് മടക്കത്തപ്പാലില് ടാറ്റാ മൊതലാളിക്ക് തന്നെ അയച്ചുകൊടുത്തു. കൂട്ടത്തില് ഒരു കത്തും - ജനാധിപത്യം വികസ്വരമാക്കലാണ് ലക്ഷ്യമെങ്കില്‍ താങ്കള്‍ ഇതയച്ചുകൊടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്, തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി! ഇതാണ് ഹേ വീരാ സിപിഐ എമ്മിന്റെ പാരമ്പര്യം.

ഇനി ഒരു കാര്യം കൂടി. ചിന്ത വാരികയുടെ 50-ാം വാര്‍ഷികം പ്രമാണിച്ച് കോഴിക്കോട് നടന്ന സെമിനാറില്‍ 9-ാം തീയതി പങ്കെടുത്ത സിപിഐ എം പിബി അംഗം സീതാറാം യെച്ചൂരി "മാതൃഭൂമി" വാര്‍ത്തയ്ക്ക് കൃത്യമായി മറുപടി പറഞ്ഞിരുന്നു. പത്ര മര്യാദ, മാന്യതയും, പ്രാധാന്യത്തോടെ തന്നെ ആ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു. യെച്ചൂരി പറഞ്ഞതുപോലെ "മാതൃഭൂമി" എഴുതിയത് പച്ചക്കള്ളമല്ലെങ്കില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാനും ആ പത്രത്തിനാകുമായിരുന്നു. പക്ഷേ, മാതൃഭൂമിയെപ്പോലൊരു വലതുപക്ഷ പത്രത്തില്‍നിന്ന്, കാപ്പിത്തോട്ടക്കാരേന്‍റം വണ്ടി മൊതലാളീടേം പത്രത്തില്‍നിന്ന് ആ മാധ്യമ മര്യാദ പ്രതീക്ഷിക്കുന്നതാണല്ലോ തെറ്റ്!

ഊപ്പര്‍ മേം കോന്‍ഹെ? വോ രാഹുല്‍ ഹെ!

ജനുവരി 14ന് "മനോരമ"യുടെ ഒന്നാം പേജിലെ ഏറ്റവും മുകളറ്റത്ത് 8 കോളവും നിറഞ്ഞ് നില്‍ക്കുന്ന സചിത്ര റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം: ""ആവേശത്തിരയിളക്കി രാഹുല്‍; ആഹ്ലാദക്കൊടുമുടിയില്‍ ജനം"". ഇതിനൊപ്പം നല്‍കിയിട്ടുള്ള ചിത്രം കൗതുകകരമാണ് - ഒരു പൊലീസ് ജീപ്പിനുമുകളില്‍ കുത്തിയിരിക്കുന്ന കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അവസാനവാക്കുമായ രാഹുല്‍ഗാന്ധിയുടെ ചിത്രം. പത്രത്തിന്റെ 4-ാം പേജില്‍, ""മിന്നല്‍പോലെ വന്നു രാഹുല്‍"" എന്നൊരു സാധനവും നല്‍കിയിട്ടുണ്ട്. അപ്പോള്‍ തോന്നി പുള്ളിക്കാരന്‍ മിന്നല്‍പോലെ വന്ന് ഇടിത്തീപോലെ പൊലീസ് ജീപ്പിനുമേല്‍ പെയ്തിറങ്ങിയതായിരിക്കുമോന്ന്. ഒന്നൂടെ നോക്കാമെന്ന് നിരീച്ച് പേജ് മറിച്ചു. 11-ാം പേജില് വീണ്ടും: ""രാഹുലിന്റെ കാര്‍ ഡീസലടിക്കാന്‍ നിര്‍ത്തി; സുരക്ഷാ വീഴ്ചയെന്ന്"" അപ്പോള്‍ കാറില്‍ ഡീസലില്ലാതെ വന്നപ്പോള്‍ പൊലീസ് ജീപ്പിന്റെ ഊപ്പറില്‍ സവാരികളിച്ചതാണോ കൊച്ചന്‍? ഹേയ്, അതുമല്ല. (കൂട്ടത്തില്‍ പറയട്ടെ കാര്‍ ഡീസലടിക്കാന്‍ നിര്‍ത്തിയത് സുരക്ഷാ വീഴ്ചയാകുന്നതെങ്ങനെ? പക്ഷേ, ഡീസലില്ലാതെ കാര്‍ മുന്നോട്ടു പോകാതായതാണ് സംഭവം. അതാണ് സുരക്ഷാ വീഴ്ച. അതു മറയ്ക്കാനാണ് "മനോരമേ"ടെ ഭാഷാപ്രയോഗം).

ഇനി മറ്റു മുഖ്യധാരക്കാരിലേക്കുകൂടി ഒന്നു നോക്കാം: നമ്മളെ പേട്ട പത്രം നോക്കി. അതിലും ഒണ്ട് ഒന്നാം പേജില് സങ്കതി: ""ആവേശം അലകടലായി, രാഹുല്‍ ആരവമായി"" ഒപ്പമുണ്ട്, പയ്യന്‍സ് പൊലീസ് ജീപ്പിനുമോളില്‍ കുത്തീരിക്കണ പടം. "വീരഭൂമി" എങ്ങനാ സങ്കതി പറേണത്: അതിലും ഒന്നാം പേജില് കാച്ചീട്ടുണ്ട്, മനോരമേടേം കേരള കൗമുദീടേം അത്ര ഉശിരില്ലെന്നു മാത്രം - ദേ നോക്കൂ - ""ആശ്വാസം പകര്‍ന്ന്, ആവേശമായി രാഹുല്‍"". അതിലുമൊണ്ട് ""ദേ മാവേലി കൊമ്പത്ത്"" എന്ന ചേലില്‍ പൊലീസ് ജീപ്പ് കെ ഊപ്പര്‍ രാഹുല്‍ മോന്‍. (എന്തരണ്ണാ ഈ ആശ്വാസങ്ങള്?) അപ്പോള്‍ സങ്കതി ഒള്ളത് തന്നെ! കാല്‍ നടേന്റെ മുന്നേ, സംസ്ഥാന യൂത്തന്മാര്‍ക്കൊപ്പം നടക്കാന്‍ വന്ന കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ദൈവം പൊലീസ് ജീപ്പിന്റെ തിടമ്പിലേറി, ഒരു സവാരി ഗിരിഗിരി! ദൃശ്യമാധ്യമങ്ങളില് പുള്ളിക്കാരന്‍ ജീപ്പിനു മോളില് വലിഞ്ഞു കേറണതും അതിനു മോളിലെത്തിയ ഉടന്‍ കുപ്പായത്തിന്റെ കൈ മോളിലോട്ട് ചുരുട്ടിവെയ്ക്കുന്നതും തുടര്‍ന്ന് മാളോരെ (യൂത്തന്മാരെ) നോക്കി ഒരു മന്ദബുദ്ധീടെ ചിരി പാസാക്കണതും കൂടി കാണുമ്പോള്‍ ഒരു സര്‍ക്കസ് കൂടാരത്തിലെ കോമാളിയെ അല്ലേ അനുസ്മരിപ്പിക്കുന്നത്? അതവിടെ നിക്കട്ടെ! നാട്ടില് ചില നിയമോം ചട്ടോം ക്രമോമൊക്കെയുണ്ട്! അത് ലംഘിക്കാന്‍ ഒരു പെരിയ മോനും നിയമം അനുമതി നല്‍കുന്നില്ല. പൊലീസ് ജീപ്പിലെന്നല്ല, ഒരു വണ്ടീടേം മോളില് കേറിയുള്ള സവാരി നിയമം അനുവദിക്കുന്നില്ല. ഇവിടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി, നിലവിലെ നിരവധി മന്ത്രി പുംഗവന്മാരുടെ സാന്നിധ്യത്തില്, നിയമപാലകരായ ഒരുപാട് കാക്കികുപ്പായക്കാരു നോക്കിനില്‍ക്കെ മൂന്ന് കിലോമീറ്ററിലേറെ ദൂരം ""ആവേശം വിതച്ച്"" യാത്രയായതായാണ് പത്രവാര്‍ത്തകള്‍ കാണിക്കുന്നത്.

സംസ്ഥാന യൂത്തധ്യക്ഷന്‍ പറേണത് സങ്കതിക്ക് രണ്ടു മിനിറ്റേ എടുത്തൊള്ളൂ, സുരക്ഷ കരുതിയാണ് പുള്ളിക്കാരനെ മോളില് കേറ്റീത് എന്നൊക്കെയാണ്! സുരക്ഷയ്ക്കായിരുന്നെങ്കില്‍ ജീപ്പിനകത്താക്കാം. ഇനി രണ്ട് മിനിറ്റുകൊണ്ട് മൂന്നു കിലോമീറ്ററ് ഓടിയെങ്കില്‍ അത് ഏറെ അപകടം, സുരക്ഷാരാഹിത്യം! പോരെങ്കില്‍ വേഗപ്പൂട്ടിന്റെ കാലത്ത് കടുത്ത നിയമലംഘനം. ആകപ്പാടെ ഒരു കോമാളി കളി എന്നു പറഞ്ഞ് തള്ളാം. (സംഭവം യാദൃച്ഛികമല്ലെന്ന് ഈ കോമാളിയുടെ നടപടികള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും സംശയമുണ്ടാവില്ല. കലാവതീടെ വീട്ടിലെ അന്തിയുറക്കോം അമേത്തീലെ ദളിത് കുടുംബത്തീന്നൊള്ള തീറ്റേം (കൂട്ടത്തില് കൊള്ളാവുന്ന പെണ്ണൊരുത്തി അപ്രത്യക്ഷമായെന്ന് അസൂയക്കാര് പറേണുമുണ്ട്) കോഴിക്കോട് ബേപ്പൂരിലെ പാതയോരത്തെ തട്ടുകടേന്നൊള്ള അപ്പം തിന്നലും മനീഷ് തിവാരീടെ പത്ര സമ്മേളനത്തിലെ കലാപരിപാടീം മുംബൈയിലെത്തി മഹാരാഷ്ട്ര മുഖ്യനെ വിരട്ടലും (പണ്ട് പുള്ളിക്കാരെന്‍റ അപ്പന്‍ ആന്ധ്രയിലെ ഒരു പാവം മുഖ്യനെ തെരുവില്‍ അലക്കിയതാണ് കുറേക്കാലം ആന്ധ്രയില്‍ കോണ്‍ഗ്രസിന് പച്ചതൊടാന്‍ പറ്റാതാക്കിയത്) എല്ലാം ഈ കോമാളികളീടെ ഭാഗം തന്നെ.

അല്ലേലും എന്തെങ്കിലും ബൗദ്ധികമായ പ്രാഗത്ഭ്യമോ നേതൃശേഷിയോ പ്രകടിപ്പിച്ചല്ലല്ലോ യുവരാജാവ് വാര്‍ത്തകളില്‍ നിറയുന്നത്. മറിച്ച് ഇമ്മാതിരി കോമാളിത്തങ്ങളിലൂടെയല്ലേ! അതവിടെ നിക്കട്ടെ! നമ്മുടെ മുഖ്യധാരാ മാധ്യമശിങ്കങ്ങളോ? ആവേശംകൊണ്ട് മതിമറന്നുള്ള ഉറഞ്ഞുതുള്ളലില്‍ ഈ നഗ്നമായ നിയമലംഘനം കാണുന്നുണ്ടോ? ഇല്ലല്ലോ. മാത്രമല്ല യുവരാജാവിെന്‍റ എഴുന്നള്ളത്തുമൂലം മണിക്കൂറുകള്‍ എറണാകുളം - പുനലൂര്‍ (കായംകുളം വഴി) പാതയില്‍ ഗതാഗതം നിലച്ചതും ജനം പെരുവഴിയിലായതും സഞ്ചാര സ്വാതന്ത്ര്യത്തിന്റെ വല്യപ്പന്മാരായ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമേയില്ലല്ലോ. ഒരു സന്ധ്യയെയും സ്കൂട്ടറില് കേറ്റി വേഷം കെട്ടിയാടിക്കാനും മെനക്കെടുന്നില്ല. നമ്മുടെ മാധ്യമങ്ങള്‍ക്ക് എന്തൊരു നിഷ്പക്ഷത!


 *
ഗൌരി ചിന്ത വാരിക

Tuesday, September 25, 2012

മുഴച്ചു നില്‍ക്കുന്നത് കമ്യൂണിസ്റ്റ് വിരോധം

പൊതുപ്രാധാന്യമുള്ളതും വിശകലനാര്‍ഹവുമായ വാര്‍ത്തകള്‍ നിറഞ്ഞതായിരുന്നു കഴിഞ്ഞ ഒരാഴ്ചക്കാലം. എന്നാല്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ അതിനിടയിലും സിപിഐ എമ്മിനെ അടിക്കാനും തകര്‍ക്കാനും വടിയും വെടിമരുന്നും അന്വേഷിക്കുന്ന കൗതുകകാഴ്ചകള്‍ തെളിഞ്ഞ് കാണാവുന്നതാണ്. ജനങ്ങള്‍ക്കുനേരെയുള്ള ഏറ്റവും കടുത്ത കടന്നാക്രമണമായിരുന്നു യുപിഎ സര്‍ക്കാര്‍ പോയവാരം നടത്തിയത് - ഡീസല്‍ വില വര്‍ദ്ധനയും പാചകവാതക വിതരണ നിയന്ത്രണവും ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതും. സാധാരണ ജനങ്ങളുടെ ജീവിതത്തെയാകെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരായ ജനരോഷത്തെ പരമാവധി കുറച്ചുകാണിക്കാനുള്ള വ്യഗ്രതയും അതിനെതിരായ പ്രതിഷേധങ്ങളെ അപഹസിക്കാനുള്ള ആവേശവുമാണ് മുന്‍നിര മുഖ്യധാരാ പത്രങ്ങളാകെ പ്രകടിപ്പിച്ചത്.

ജനജീവിതം തകര്‍ക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്ന ഭരണാധികാരികള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന രോഷത്തെ അതില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരായി തിരിച്ചുവിടാനുള്ള നീക്കമാണ് ഇവ നടത്തിയത്. സര്‍ക്കാര്‍ തീരുമാനം ഒന്നാം പേജില്‍ തന്നെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്ത മുഖ്യധാരാ പത്രങ്ങള്‍ അതിനെതിരെ കേരളത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും ഹര്‍ത്താലിെന്‍റയും വാര്‍ത്തകള്‍ ""പ്രാദേശിക വാര്‍ത്ത"" കോളങ്ങളിലേക്ക് ഒതുക്കുക മാത്രമല്ല, ഹര്‍ത്താലിനെതിരെയുള്ള പ്രതികരണങ്ങളായാണ് അവ പ്രത്യക്ഷപ്പെട്ടത്. സെപ്തംബര്‍ 16െന്‍റ ""മലയാള മനോരമ""യില്‍ ""പ്രാദേശികം"" പേജില്‍ (തിരുവനന്തപുരം എഡിഷന്‍, പേജ് 3) ""ജനജീവിതം സ്തംഭിച്ചു, ഹര്‍ത്താല്‍ പൂര്‍ണം"" എന്ന വാര്‍ത്തയ്ക്കൊപ്പം അതിനേക്കാള്‍ പ്രാധാന്യത്തില്‍, ""ബൈക്കില്‍ ജോലിയ്ക്ക് പോയവര്‍ക്ക് മര്‍ദ്ദനം: എസ്ഐയെ തടഞ്ഞു"", ""ആറ്റിങ്ങലില്‍ കടയ്ക്കുനേരെ ആക്രമണം, ഉടമയ്ക്ക് പരിക്ക്"", ""കല്ലേറും കയ്യേറ്റവുമില്ലാതെ സിപിഎമ്മിന്റെ കര്‍ഷകതൊഴിലാളി സംഘടനയുടെ സമ്മേളനം നടന്നു"" എന്നീ ശീര്‍ഷകങ്ങളിലുള്ള വാര്‍ത്തകള്‍ കൊണ്ട് പേജ് നിറച്ചിരിക്കുന്നു.

ഹര്‍ത്താല്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ആയിരുന്നു. സമാധാനപരവുമായിരുന്നു. രാഷ്ട്രീയ പാര്‍ടികളുടെയോ ബഹുജന സംഘടനകളുടെയോ ഒന്നും സമ്മേളനങ്ങളെയോ പൊതുചടങ്ങുകളെയോ ഒന്നും ഒരിടത്തും തടസ്സപ്പെടുത്തിയിരുന്നില്ല. അത്തരം പരിപാടികള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നതുമില്ല. ""മനോരമ"" വാര്‍ത്തയില്‍ തന്നെ, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിനു വരേണ്ട പ്രതിനിധികള്‍ എല്ലാം അതിരാവിലെ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്ത് എത്തിയതായും വൈകുന്നേരം സമ്മേളനം കഴിഞ്ഞ് അതേ വാഹനങ്ങളില്‍ തിരികെ പോയതായും വായിക്കാം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസിനും നേരെ തിരിയേണ്ട പ്രതിഷേധത്തെ സിപിഐ എമ്മിനെതിരെ തിരിക്കാനുള്ള ജുഗുപ്സാവഹമായ നീക്കമാണ് ""മനോരമ"" നടത്തുന്നത്. സൂര്യനുതാഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും മുഖപ്രസംഗത്തിലൂടെ പ്രതികരിക്കുന്ന ""മനോരമ""യ്ക്ക് ഡീസല്‍ വില വര്‍ദ്ധനയും പാചകവാതക വിതരണ നിയന്ത്രണവും മുഖപ്രസംഗത്തിനുള്ള വിഷയമായതുമില്ല. വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടാന്‍ കൂടുമ്പോള്‍ തന്നെ, വേട്ടയാടപ്പെടുന്ന മൃഗത്തിന്റെ ഉല്‍ക്കണ്ഠയ്ക്കൊപ്പമാണ് തങ്ങളെന്ന് വരുത്താനുള്ള വ്യഗ്രതയും ഈ പത്രമുത്തശ്ശി പ്രകടിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ 16െന്‍റ ""സാമ്പത്തികം"" പേജില്‍ (പേജ് 6) ""ഡീസല്‍ വിലവര്‍ദ്ധന : വിലക്കയറ്റം ജനത്തെ വരിഞ്ഞുമുറുക്കും"" എന്ന വാര്‍ത്ത. എന്നാല്‍ അപ്രധാനമായി നല്‍കിയ വാര്‍ത്തയില്‍പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വെള്ളപൂശാന്‍ പത്രം ഇടം കണ്ടത് ഇങ്ങനെ - ""ഓണക്കാലത്ത് പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ കൃഷിവകുപ്പിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു"". ഓണക്കാലത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ അതിനെതിരെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല എന്നത് അനുഭവം. എന്നാല്‍ വായനക്കാരുടെ ഓര്‍മ്മശക്തി പരീക്ഷിക്കുകയാണ് പത്രം. എണ്ണക്കമ്പനികള്‍ നഷ്ടത്തിലായതുകൊണ്ടാണ് വില വര്‍ദ്ധനവ് എന്ന സര്‍ക്കാര്‍ വാദം ശരിയാണോ എന്ന് പരിശോധിക്കാനും ""മനോരമ"" എന്നല്ല മുഖ്യധാരാ മാധ്യമങ്ങളൊന്നും തയ്യാറാകുന്നുമില്ല. യുപിഎ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പ്രതിഷേധിക്കുന്ന മുഖപ്രസംഗം കാച്ചിയ ""മാധ്യമം"" പത്രമാകട്ടെ, പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഹര്‍ത്താലിനും ഒന്നാം പേജില്‍ പൊതുവാര്‍ത്തയായി ഇടം നല്‍കിയില്ലെങ്കിലും 16-ാം തീയതിയിലെ പത്രത്തിന്റെ ഒന്നാം പേജ് ഹര്‍ത്താല്‍ വിരുദ്ധ വാര്‍ത്തയാല്‍ അലംകൃതമാണ്. ""ഹര്‍ത്താല്‍ ദിനത്തില്‍ പിഞ്ചുമകളുടെ മൃതദേഹവുമായി രാജസ്ഥാന്‍ ദമ്പതികളുടെ അലച്ചില്‍"" എന്ന ഒന്നാം പേജിലെ മൂന്ന് കോളം സചിത്ര ബോക്സ് വാര്‍ത്തയിലൂടെ ""മാധ്യമം"" തങ്ങളുടെ ഹര്‍ത്താല്‍ വിരോധ വിഷം ചീറ്റുന്നു. ആശുപത്രിയില്‍ പോകുന്നതിനോ ശവസംസ്കാരം നടത്തുന്നതിനോ ഒന്നും ഒരിടത്തും ഒരു തടസ്സവും ഉണ്ടായതായി ""മാധ്യമ""ത്തിനുപോലും റിപ്പോര്‍ട്ടുചെയ്യാനില്ല. രാജസ്ഥാനില്‍നിന്ന് തൊഴില്‍ തേടി കേരളത്തില്‍ കണ്ണൂര്‍ ടൗണില്‍ ഏതാനും ദിവസം മുമ്പ് എത്തിയ ദമ്പതികളുടെ ജന്മനാ രോഗിയായ രണ്ടുവയസ്സുള്ള മകള്‍ ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ മരിച്ചു. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിക്കാന്‍ തടസ്സം നേരിട്ടു. തുടര്‍ന്ന് മാധ്യമം ലേഖകന്‍ തന്നെ എഴുതുന്നത് ഇങ്ങനെ - ""ഹര്‍ത്താലായതിനാല്‍ ചലനമറ്റ കുഞ്ഞുമകളെയും തോളത്തിട്ട് ഇവര്‍ പയ്യാമ്പലത്തേക്ക് നടന്ന് പോവുകയായിരുന്നു. രേഖകള്‍ വേണമെന്നതിനാല്‍, പയ്യാമ്പലത്തെ ചിലരാണ് ഓട്ടോ വിളിച്ച് ജില്ലാ ആശുപത്രിയിലേക്ക് അയച്ചത്. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പൊലീസ് നിര്‍ദ്ദേശിക്കുകയുമായിരുന്നു... വൈകിട്ടോടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് സിമ്രാനെ പയ്യാമ്പലത്തു തന്നെ സംസ്കരിച്ചു"". ശ്മശാനത്തിലേക്ക് മൃതദേഹം രാവിലെ കൊണ്ടുപോകാനും വേണമെങ്കില്‍ വാഹനം ലഭിക്കുമായിരുന്നു എന്ന് ഈ വാര്‍ത്തയില്‍നിന്നു തന്നെ വായിച്ചെടുക്കാം.

ഈ സംഭവത്തിന് ഹര്‍ത്താലുമായി പിന്നെന്ത് ബന്ധമാണ് ജമാഅത്തെ ഇസ്ലാമി മുഖപത്രം കാണുന്നത്? ""ഹര്‍ത്താല്‍ പൂര്‍ണം, ജനം വലഞ്ഞു"" എന്ന് ഒന്നാം പേജില്‍ ഒറ്റക്കോളം വാര്‍ത്തയെങ്കിലും നല്‍കാന്‍ സന്മനസ്സു കാണിച്ച ""മാതൃഭൂമി"" ദിനപത്രം ""എരിയുന്ന തീയില്‍ വീണ്ടും എണ്ണ"" എന്ന മുഖപ്രസംഗത്തിന്റെ അവസാന വരികള്‍ ഇങ്ങനെ, ""പാചകവാതകത്തിന്റെ കാര്യത്തിലും സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കാനുതകുന്ന തീരുമാനം ഉണ്ടാകുമെന്ന് പൊതുവെ പ്രതീക്ഷിച്ചിരുന്നതാണ്. ഒറ്റയടിക്ക് കടുത്ത നടപടി വേണ്ടെന്ന നിലയ്ക്കാവാം, സബ്സിഡിയോടെ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ"". വിലവര്‍ദ്ധനവിലെ പ്രതിഷേധമല്ല, ജനത്തിനോട്, ""ഇത്രയല്ലേ സംഭവിച്ചുള്ളൂ, സാരമില്ല, നമുക്ക് സര്‍ക്കാരിനോട് പൊറുക്കാം"" എന്ന് ധ്വനിപ്പിക്കുകയാണ് ഈ പത്രം.

എണ്ണയിട്ട് വാഴയില്‍ കയറുന്ന അതേ മെയ്വഴക്കം തന്നെ. എമര്‍ജിങ് കേരളയെക്കുറിച്ചുള്ള ""പ്രതീക്ഷകള്‍ നിറവേറ്റാന്‍ വേണ്ടത് കൂട്ടായ ശ്രമം"" എന്ന സെപ്തംബര്‍ 14െന്‍റ മാതൃഭൂമി മുഖപ്രസംഗവും ഇതേ മെയ്വഴക്കം തന്നെ പ്രകടിപ്പിക്കുന്നു. ""40,000 കോടിയുടെ നിക്ഷേപം"" എമര്‍ജിങ് കേരളയിലൂടെ കേരളത്തിലേക്ക് ഒഴുകി എത്താന്‍ പോകുന്നുവെന്നാണ് ""മാതൃഭൂമി"" ഉള്‍പ്പെടെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും 15-ാം തീയതിയില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത്. എന്നാല്‍ 2003ലെ ജിമ്മിലെ ""26,000 കോടിയുടെ നിക്ഷേപം എവിടെ എന്ന ചോദ്യം ഉന്നയിക്കാന്‍ ഈ പത്രങ്ങളുടെ ഒന്നും അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ ഇടം കണ്ടില്ല. ""മലയാള മനോരമ""യാകട്ടെ, 13-ാം തീയതി ""സ്വപ്നങ്ങള്‍ നമുക്ക് വേണ്ടി"" എന്ന മുഖപ്രസംഗത്തില്‍ കേരളത്തിന്റെ വികസന സ്വപ്നങ്ങളാകെ ദര്‍ശിക്കുന്നയാളായി പ്രധാനമന്ത്രിയെ വാഴ്ത്തുന്നു. 14-ാം തീയതിയിലെ ""കേരള കൗമുദി""യില്‍ 9-ാം പേജില്‍ (ജനറല്‍) ""എസ്എഫ്ഐ നേതാവിനെ മര്‍ദ്ദിച്ച കേസ്: പി സി വിഷ്ണുനാഥിനും എം ലിജുവിനും വാറണ്ട്"" എന്ന വാര്‍ത്ത കാണാം. 2002 മാര്‍ച്ച് 22ന് തിരുവനന്തപുരം ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ബാബുവിനെ പിഎംജി ജംഗ്ഷനില്‍വെച്ച് കമ്പിപ്പാരയ്ക്ക് അടിച്ചുവീഴ്ത്തിയതിനാണ് അന്ന് ഇരു യുവകോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ പോലീസ് കേസെടുത്തത് എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേ ദിവസം ""മാധ്യമം"" പത്രത്തിന്റെ ""പ്രാദേശികം"" പേജിലും (2) ഈ വാര്‍ത്ത കാണാം. എന്നാല്‍, ""മലയാള മനോരമ""യും ""മാതൃഭൂമി""യും ഈ സംഭവമേ അറിഞ്ഞമട്ടില്ല. അക്രമ രാഷ്ട്രീയത്തിനെതിരെയും നിയമവാഴ്ച ഉറപ്പാക്കാനും വാദിക്കുന്ന ഈ പത്രങ്ങള്‍ യുവകോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൊടും കുറ്റകൃത്യത്തിനെതിരെ കണ്ണടയ്ക്കുന്നു; കോടതിയില്‍ ഹാജരാകാതെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. എന്തൊരു നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം! ലിജുവും വിഷ്ണുവും കമ്പിപ്പാരകൊണ്ട് ബാബുവിന് 51 അടി ഏല്‍പിക്കാത്തതുകൊണ്ടാവുമോ ഇവര്‍ക്ക് ഇത് വാര്‍ത്തയാകാത്തത്? ഈ ആഴ്ചയും മുഖ്യധാരാ മാധ്യമങ്ങള്‍ ഏറെ സമയവും സ്ഥലവും മഷിയും വിനിയോഗിച്ചത് സിപിഐ എം വിരുദ്ധ വാര്‍ത്തകള്‍ക്കായാണ്. 12-ാം തീയതിയിലെ ""മാതൃഭൂമി"" 1-ാം പേജില്‍ ""മുണ്ടൂരിലും വിമത സിപിഎം"" എന്ന ശീര്‍ഷകത്തില്‍ 6 കോളം ലീഡ് വാര്‍ത്തയായാണ് പാലക്കാട് ജില്ലയിലെ ഒരു പ്രാദേശിക പ്രശ്നത്തെ ആഘോഷിച്ചത്. അന്നുതന്നെ പത്രത്തിന്റെ 17-ാം പേജില്‍ ഇതു സംബന്ധിച്ച അനുബന്ധ വാര്‍ത്തകള്‍ മാത്രമാണുള്ളത്. തുടര്‍ന്ന് 13, 14, 15, 16 തീയതികളിലും തുടര്‍ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കി പൊലിപ്പിക്കാനും ""മാതൃഭൂമി"" മറന്നില്ല. ""മനോരമ""യും മറ്റു മുഖ്യധാരക്കാരും അല്‍പവും വ്യത്യസ്തരായിരുന്നില്ല. ഒരു പ്രാദേശിക പ്രശ്നത്തിന് അന്താരാഷ്ട്ര പ്രാധാന്യം നല്‍കുക മാത്രമല്ല, 4000ല്‍ ഏറെപ്പേര്‍ വിമതയോഗത്തില്‍ പങ്കെടുത്തതായുള്ള പ്രസ്താവത്തിലൂടെ പര്‍വതീകരണവും നടക്കുന്നു. ആയിരത്തോളം ആളുകള്‍ക്ക് പങ്കെടുക്കാവുന്ന ഹാളിലും പരിസരത്തുംകൂടി 4000 പേര്‍ പങ്കെടുത്തുവെന്ന് എഴുതുന്ന മാധ്യമങ്ങള്‍ സ്വന്തം വിശ്വാസ്യത പോലും കളഞ്ഞ് കുളിക്കുന്നു. കഴിഞ്ഞയാഴ്ചയിലെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തകളിലൊന്നാണ് കൂടംകുളം ആണവനിലയത്തിനെതിരായ പ്രതിഷേധ സമരം. ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്ത പാര്‍ടിയാണ് സിപിഐ എം. എന്നാല്‍ ""മനോരമ""യും ""മാതൃഭൂമി""യും ഉള്‍പ്പെടെയുള്ള മുഖ്യധാരാമാധ്യമങ്ങള്‍ കൂടംകുളം പ്രശ്നത്തെയും സിപിഐ എമ്മിനെ താറടിക്കാനും തകര്‍ക്കാനുമുള്ള കരുവായിട്ടാണ് ആഘോഷിക്കുന്നത്.

കേന്ദ്ര ഭരണകക്ഷിക്കും പ്രതിപക്ഷത്തുള്ള മറ്റു കക്ഷികള്‍ക്കും ഇത് സംബന്ധിച്ച നിലപാടെന്തെന്ന് അന്വേഷിക്കാന്‍ ഈ പത്രങ്ങള്‍ മിനക്കെടുന്നില്ല എന്നു മാത്രമല്ല, സ്വന്തം നിലപാട് പോലും തുറന്നു പറയാതെയാണ് സിപിഐ എം വേട്ട നടത്തുന്നത്. ഈ മാധ്യമ വേട്ടയുടെ ഉള്ളുകള്ളി വെളിപ്പെടുത്തുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിെന്‍റ ""കവര്‍ സ്റ്റോറി"" എന്ന പരിപാടിയുടെ ശീര്‍ഷകം - ""സിപിഎമ്മിനെ തകര്‍ക്കാന്‍ വീണ്ടും ഒരു ആണവ പ്രശ്നം"" സംഗതി വ്യക്തമാക്കാന്‍ ഇതിനപ്പുറം എന്തുവേണം! വാല്‍ക്കഷ്ണം ""അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ വാങ്ങാനാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ലാഭത്തിലാണെന്ന കണക്ക് അവതരിപ്പിക്കുന്നത്"" കോണ്‍ഗ്രസ് എംപിയായ എം ഐ ഷാനവാസ് ""മനോരമ വിഷ""നോട് 14.9.2012 രാത്രി. ""പാചകവാതകത്തിനുപകരം വീട്ടമ്മമാര്‍ വിറക് ഉപയോഗിക്കാന്‍ ശീലിക്കണം"" കോണ്‍ഗ്രസ് വനിതാ നേതാവ് ലതിക സുഭാഷ് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ സെപ്തംബര്‍ 14 രാത്രി. വിലക്കയറ്റം തടയാന്‍ ഉചിത മാര്‍ഗം എല്ലാ നിത്യോപയോഗ സാധനങ്ങളും സ്വന്തമായി ഉല്‍പാദിപ്പിക്കണമെന്നു പറയാനും കോണ്‍ഗ്രസ് കൊച്ചമ്മമാര്‍ മടിക്കില്ല.

*
ഗൗരി ചിന്ത 22 സെപ്തംബര്‍ 2012

Monday, July 16, 2012

വായില്‍ എല്ല് സൂക്ഷിക്കാത്ത മാധ്യമ കേസരികളോട്

""ഞാന്‍ വായില്‍ എല്ല് സൂക്ഷിക്കുന്നില്ല"" എന്ന പേരില്‍ ഷാജഹാന്‍ കാളിയത്ത് മാതൃഭൂമിയില്‍ ലേഖനം എഴുതിയിരിക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധം ലോകത്തെ ആദ്യം അറിയിച്ചത് അദ്ദേഹമാണെന്ന് അവകാശപ്പെടുന്ന ലേഖകന്‍, സിപിഐ എം മാധ്യമ സ്വാതന്ത്ര്യത്തെ തടയുന്നതായി ആരോപിക്കുന്നു. ""വായില്‍ എല്ലു സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല"" എന്നതിനാല്‍ താന്‍ വായില്‍ എല്ലു സൂക്ഷിക്കുന്നില്ല എന്നാണ് ലേഖകെന്‍റ വീമ്പുപറച്ചില്‍. താനാരാണെന്ന് സ്വയം തിരിച്ചറിയുന്ന ലേഖകന്‍ ആര്‍ക്കുവേണ്ടിയാണ് കുരയ്ക്കുന്നതെന്നതിനെപ്പറ്റിയാണ് സിപിഐ എമ്മിന് അഭിപ്രായ വ്യത്യാസമുള്ളത്. ഏഷ്യാനെറ്റിന്റെ കോഴിക്കോട്ടെ ഈ ലേഖകനാണ് അന്വേഷണ ഉദ്യോഗസ്ഥരേയും മാധ്യമങ്ങളേയും ഏകോപിപ്പിച്ച് പാര്‍ടി വിരുദ്ധ വാര്‍ത്തകള്‍ക്ക് ചാകരയൊരുക്കിയത്. മറ്റൊരു കൊലക്കേസ്സിലും കാണാത്ത ആവേശവും, ആകാംക്ഷയും കള്ളപ്രചരണങ്ങളുമാണ് ഷാജഹാന്റെ നേതൃത്വത്തില്‍ മാധ്യമങ്ങള്‍ പങ്കുവെച്ചത്.

പാര്‍ടി അതിനെ പ്രതിരോധിച്ചത് പ്രസ്താവനകളിലൂടെയും, പൊതുയോഗങ്ങളിലെ പ്രസംഗങ്ങളിലൂടെയുമാണ്. ബഹുജനങ്ങളെ അണിനിരത്തിയാണ്. ഒരു മാധ്യമ സ്ഥാപനവും കേരളത്തില്‍ ആക്രമിക്കപ്പെട്ടില്ല. മാധ്യമ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടില്ല. എന്നിട്ടും സിപിഐ എമ്മിനെതിരെ മാധ്യമ സ്വാതന്ത്ര്യവാദികള്‍ ഓരിയിടുന്നു. ഷാജഹാന്റെ ആവശ്യം നോക്കുക. ""തെരുവിലൊരാള്‍ വെട്ടിമുറിക്കപ്പെട്ടുവെന്ന് പറയാനുള്ള സ്വാതന്ത്ര്യം വേണം. ചോര ചിന്തിയത് കാണുമ്പോഴെങ്കിലും, ഉദാരമായ നിഷ്പക്ഷത നടിക്കാതിരിക്കണം. ഇരയാരെന്നും വേട്ടക്കാരനാരെന്നും തിരിച്ചറിയാനുള്ള ഔചിത്യം വേണം. പ്രതിക്കുവേണ്ടി മിടിക്കാത്ത ഒരു ചങ്ക് വേണം"". ഇതില്‍ ഒരു കാര്യത്തോടും സിപിഐ എമ്മിന് വിയോജിപ്പില്ല. തെരുവില്‍ ഇരട്ട സഹോദരങ്ങള്‍ കൊല്ലപ്പെട്ട മലപ്പുറത്ത് ഷാജഹാന്റെ ചാനലിന് ബ്യൂറോ ഉണ്ടാകുമല്ലോ. ജൂണ്‍ 5ന് മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീര്‍ നടത്തിയ കൊലവിളി പ്രസംഗം ജൂണ്‍ 10ന് നടപ്പിലാക്കിയപ്പോള്‍ ഏഷ്യാനെറ്റ് ലേഖകെന്‍റ ചങ്ക് ഇരകള്‍ക്കൊപ്പം മിടിച്ചിരുന്നെങ്കില്‍, ഷാജഹാന്‍ പറയുന്ന മാധ്യമങ്ങളുടെ നിഷ്പക്ഷതയെപ്പറ്റി ആരും പരാതിപ്പെടുമായിരുന്നില്ല.

ഇടുക്കിയില്‍ അനീഷ് രാജനെന്ന ചെറുപ്പക്കാരനെ കൊത്തിനുറുക്കിയതും തെരുവില്‍ തന്നെയാണ്. അത് ചെയ്തത് ഖദറുടുപ്പിട്ടവരാകുമ്പോള്‍, ""ചോര ചിന്തുന്നതുകണ്ടാല്‍ നിഷ്പക്ഷത നടിക്കാതെ"" പ്രതികരിക്കുന്ന ഏഷ്യാനെറ്റിനെയും, ഇതര ബൂര്‍ഷ്വാ മാധ്യമങ്ങളേയും കാണാനായില്ല. ഇവിടെയാണ് മാധ്യമങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം ഏകപക്ഷീയമായി സിപിഐ എമ്മിനെതിരെ ഉപയോഗിക്കുന്നതായി പാര്‍ടി കുറ്റപ്പെടുത്തുന്നത്. ഷാജഹാന്റെ മുതലാളിയായ മര്‍ഡോക്ക് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ കുറ്റം ഏറ്റുപറഞ്ഞ് വിതുമ്പിക്കരയുന്നത് ലോകം കണ്ടതാണ്. മര്‍ഡോക്കിന്റെ മാധ്യമ പ്രവര്‍ത്തനത്തിന്റെ കുടില വഴികള്‍ ലോകത്തിന് ഇന്ന് പരിചിതമാണ്. അത് കേരളത്തിലും ഏഷ്യാനെറ്റ് ആവര്‍ത്തിച്ചിട്ടുണ്ട്.

എല്‍ഡിഎഫ് ഭരണത്തിലിരിക്കെ, ആലപ്പുഴയില്‍വച്ച് മുത്തൂറ്റ് വീട്ടിലെ പോള്‍ എം ജോര്‍ജ് എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ ഷാജഹാന്റെ ഏഷ്യാനെറ്റ് പറഞ്ഞതെന്താണ്. പോലീസ് പിടിച്ചവര്‍ നിരപരാധികളാണെന്നും സിപിഐ എം ഭരണത്തില്‍, കുറ്റവാളികളെ രക്ഷിച്ച് വിദേശത്തേക്ക് കടത്തിയെന്നും, ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നീ ഗുണ്ടകള്‍ താമസിക്കുന്ന ദുബായിലെ ഹോട്ടലിന് മുന്നില്‍നിന്നുകൊണ്ട് ആ ഒളിത്താവളം ഇതാണെന്നും റിപ്പോര്‍ട്ടുണ്ടായി. വായില്‍ എല്ലു സൂക്ഷിക്കാത്ത ഷാജഹാന്റെ സഹപ്രവര്‍ത്തകരായ ശ്രേഷ്ഠരായ ശ്വാനന്‍മാര്‍ അന്ന് കുരച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു. ഓം പ്രകാശിനും പുത്തന്‍പാലം രാജേഷിനും, പ്രതിപ്പട്ടികയില്‍നിന്ന് മോചനം നല്‍കി, സിബിഐ സാക്ഷിപ്പട്ടികയില്‍ ചേര്‍ത്തപ്പോള്‍, ആരെങ്കിലും വായില്‍ എല്ലു തിരുകിയതുകൊണ്ടാണോ കുര വരാതിരുന്നത്. മുത്തൂറ്റ് പോള്‍ വധക്കേസ്സില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും അന്നത്തെ പോലീസിനെയും അവിശ്വസിച്ച് നുണകള്‍ മാത്രം പ്രചരിപ്പിച്ച ഏഷ്യാനെറ്റിനും ഇതര മാധ്യമങ്ങള്‍ക്കും അല്‍പമെങ്കിലും കുറ്റബോധം തോന്നേണ്ടതല്ലേ. കുറ്റവാളികളില്‍നിന്ന് പോലീസ് കണ്ടെത്തിയ ഒരു കത്തി, ആലപ്പുഴയിലെ ഒരു കൊല്ലന്‍ പണിതു കൊടുത്തതാണെന്ന് വാര്‍ത്ത കൊടുത്ത ഏഷ്യാനെറ്റ് അന്ന് വായില്‍ എല്ല് ഇല്ലാതെ വല്ലാതെ കുരച്ചത് ഷാജഹാന് ഓര്‍മകാണും. അന്ന് പോലീസിനെതിരെ കുരച്ചവര്‍, ഇന്ന് പോലീസ് ഇട്ടുകൊടുക്കുന്നതെന്തും തൊണ്ടതൊടാതെ വിഴുങ്ങി ബ്രേക്കിംഗ് ന്യൂസായും ഫ്ളാഷ് ന്യൂസായും ഛര്‍ദിക്കുന്നതു കാണുമ്പോഴാണ് അതിന്റെ പിന്നിലെ നിറംമാറ്റം ചോദ്യം ചെയ്യപ്പെടുന്നത്.

ഇത്തരം ദാസ്യവേലകള്‍ മര്‍ഡോക്കിന്റെയും മറ്റ് കോര്‍പ്പറേറ്റുകളുടെയും ശമ്പളം പറ്റുന്നവര്‍ നടത്തിക്കൊണ്ടിരിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ചിലവിലാണെങ്കിലും, അതിനെ ചോദ്യം ചെയ്യാന്‍ ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം, നിങ്ങളുടെ വിശേഷാധികാരങ്ങള്‍ക്ക് കീഴെയല്ലെന്ന്, ഷാജഹാന്‍ മനസ്സിലാക്കണം.

കണ്ണൂര്‍ എംപി കെ സുധാകരന്‍ ജഡ്ജിമാരെ അസഭ്യം പറയുന്നത് നാം കേട്ടതല്ലേ. പോലീസിനുനേരെ തട്ടിക്കയറുന്നത് പലതവണ കണ്ടതല്ലേ. തോക്ക് കാക്കയെ വെടിവെക്കാനുള്ളതല്ലെന്ന് വമ്പ് പറയുന്നത് കണ്ടതല്ലേ. സുധാകരെന്‍റ ഡ്രൈവര്‍ നടത്തിയ വെളിപ്പെടുത്തല്‍, അയാളുടെ ക്രിമിനല്‍ മുഖം പുറത്തുകൊണ്ടുവന്നില്ലേ. എന്നിട്ടും സുധാകരെന്‍റ പേരില്‍ കേസില്ല. അന്വേഷണമില്ല. എം എം മണിയെ നുണ പരിശോധന നടത്തുമെന്ന് മലയാള മനോരമക്ക് ഉറപ്പാണ്. മുപ്പതുകൊല്ലം മുമ്പ് ഒരു ദിവസം താന്‍ എവിടെയായിരുന്നുവെന്ന ചോദ്യത്തിന് രണ്ടു പേര്‍ ഒരുപോലെ മൊഴി നല്‍കിയില്ലെങ്കില്‍ ആരുടെയെങ്കിലും ഓര്‍മക്കേടാണെന്ന് കാണുന്നതിനുപകരം, കൊലക്കേസില്‍ പ്രതിയാക്കാന്‍ തെളിവ് അതു മതിയെന്ന് മനോരമാദികള്‍ പറയുമ്പോള്‍, കോടതിയില്‍ അതു നിലനില്‍ക്കില്ലെങ്കിലും, സിപിഐ എമ്മിനെ താറടിക്കാന്‍ തല്‍ക്കാലം അത് മതിയെന്നിരിക്കും. ചീഫ് വിപ്പും മന്ത്രിയും നിയമസഭയ്ക്കകത്തും പുറത്തും ഏറ്റുമുട്ടിയാല്‍, ചീഫ് വിപ്പ് വനം മാഫിയായുടെ ആളാണെന്ന് മന്ത്രി തന്നെ പറഞ്ഞാല്‍ മനോരമ വായനക്കാര്‍ ആദ്യം അറിയേണ്ട വാര്‍ത്ത അതല്ല; ടി പി ചന്ദ്രശേഖരന്‍ കേസിലെ രണ്ട് പ്രതികള്‍ കോടതിയിലെത്തിയതാണ് അന്നത്തേയും മുഖ്യവാര്‍ത്ത. സ്വന്തം വായനക്കാരോട് തന്നെ ചെയ്യുന്ന ഇത്തരം വഞ്ചനകള്‍ക്കെതിരെ വായനക്കാരെ ബോധവല്‍ക്കരിക്കുന്ന ഒരു പ്രതികരണം സിപിഐ എം നടത്തിയാല്‍ മാധ്യമ സ്വാതന്ത്ര്യം തകരുമോ.

ആര്‍എസ്എസ്സ് ക്രിമിനലുകള്‍ വെട്ടിനുറുക്കിയ ശരീരത്തില്‍നിന്ന് ജീവന്‍ പൊലിയാത്തതുകൊണ്ടുമാത്രം പി ജയരാജന്‍ ഇന്നും ജീവിക്കുന്നു. ഇ പി ജയരാജനെ കണ്ണൂരില്‍നിന്നെത്തിയ രണ്ട് ക്രിമിനലുകള്‍ ആന്ധ്രയില്‍വെച്ച് വെടിവെക്കുന്നതില്‍ ഗൂഢാലോചനയുണ്ടാകുമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം. അത് പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടും അന്വേഷണം ഫലപ്രദമല്ലെങ്കില്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് ജനാധിപത്യവാദികള്‍ ശ്രമിക്കേണ്ടതല്ലേ. ഒഞ്ചിയം കേസിലെ പുലികളായ പോലീസും, പോലീസുമന്ത്രിയും സുധാകരെന്‍റ മുന്നില്‍ പൂച്ചകളെപ്പോലെ പരുങ്ങുമ്പോള്‍, ഒന്നു മുരളാനെങ്കിലുമുള്ള സ്വാതന്ത്ര്യം, ഷാജഹാന്റെ മുതലാളി മാര്‍ഡോക്ക് മുതല്‍ ആരെങ്കിലും തരുന്നുണ്ടോ. ടി പി വധക്കേസില്‍ ഭരണകൂടം കാട്ടുന്ന നെറികേടുകള്‍ക്കെതിരെ ചോദ്യം ചെയ്താല്‍ അത് മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനം. എന്നാല്‍ മുതലാളിയുടെ താല്‍പര്യത്തിനെതിരായ ഒരു വാര്‍ത്ത കൊടുക്കാന്‍, മാധ്യമ പ്രവര്‍ത്തകന് സ്വാതന്ത്ര്യമുണ്ടോ. കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ച് ഇന്ത്യാവിഷന്‍ നടത്തിയ രണ്ടാം വെളിപ്പെടുത്തലിനുശേഷം, കൂടുതല്‍ രേഖകള്‍, അന്വേഷണസംഘത്തിന് കൈമാറുമെന്ന് എക്സി. ഡയറക്ടര്‍ എം പി ബഷീര്‍ പറയുകയുണ്ടായി. അത് കൈമാറിയതായി കണ്ടില്ല. മുനീറിന്റെ അധികാരം വെട്ടിക്കുറച്ച്, തനി ലീഗുകാര്‍ ഇന്ത്യാവിഷന്‍ ഏറ്റെടുത്തപ്പോള്‍, ബഷീറിന്റെ വാഗ്ദാനം പാലിക്കാനായില്ല. സ്വന്തം കാഴ്ചക്കാരോട് എം പി ബഷീര്‍ നല്‍കിയ വാഗ്ദാനം പാലിക്കാതിരുന്നത് മാധ്യമസ്വാതന്ത്ര്യം പൂര്‍ണ്ണമായി ഇന്ത്യാവിഷന്‍ ചാനലില്‍ ലഭ്യമായതിനാലാണോ. കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങില്‍, ഭീകരവാദ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ഒരു മാധ്യമം തന്നെ നടത്തുന്നതായി ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ക്ക് സമൂഹം നല്‍കുന്ന സ്വാതന്ത്ര്യം രാജ്യവിരുദ്ധമായ ഭീകരവാദത്തിന് തണലേകാനാകരുത്. തങ്ങളുടെ ഇടയിലെ ഈ കറുത്ത ആടിനെ തുറന്നുകാട്ടാന്‍ ഒരു മാധ്യമവും മുന്നോട്ടുവന്നതുമില്ല. ഭീകരവാദം മുതല്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍വരെ, പല സങ്കുചിതത്വവും മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇവിടെ പ്രചരിക്കുകയാണ്. അതിനാല്‍, എല്ലാ മാധ്യമങ്ങളും തങ്ങള്‍ നടിക്കുന്നതുപോലെ, നിഷ്പക്ഷമല്ലെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കാന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് അധികാരവും ബാധ്യതയുമുണ്ട്. വായില്‍ എല്ലു സൂക്ഷിക്കാത്തതുകൊണ്ടാണ് ടി പി ചന്ദ്രശേഖരന്‍ കേസില്‍ താന്‍ ആദ്യം മുതലേ കുരച്ചു തുടങ്ങിയതെന്ന് കാളിയത്ത് ഷാജഹാന്‍ അഭിമാനിക്കുന്നതില്‍ തെറ്റില്ല. തെരുവില്‍ ചോര വീഴുന്ന എല്ലാ കേസിലും കുരയ്ക്കാന്‍ ഷാജഹാന്‍മാര്‍ക്ക് സാധിക്കാത്തതിനുപിന്നില്‍, മുതലാളിയുടെ താല്‍പര്യങ്ങളാണെന്ന് മനസ്സിലാക്കാന്‍ വലിയ പടുത്വമൊന്നുംവേണ്ട.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത 20 ജൂലൈ 2012

Monday, August 29, 2011

മിനിമം മാര്‍ക്ക് കിട്ടാനെങ്കിലും മനോരമ ചരിത്രം പഠിക്കുക

പശ്ചിമബംഗാളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ , പ്രത്യേകിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ കടുത്ത ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്്. 2011 മെയ് 13ന് തെരഞ്ഞെടുപ്പുഫലം അറിഞ്ഞതുമുതല്‍ അഭംഗുരം തുടരുന്ന ആക്രമണങ്ങളില്‍ 30 പേര്‍ ഇതിനകം കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല്‍പ്പതിനായിരത്തിലധികം പേര്‍ വീടുവിട്ട് പോകേണ്ടിവന്നു. ഈ ആക്രമണങ്ങളൊക്കെ നടക്കുന്നത് കാണാതിരിക്കുന്ന ഒരു പ്രധാന വിഭാഗമുണ്ട്; വലതുപക്ഷ മാധ്യമങ്ങള്‍ . തൃണമൂല്‍ ആക്രമണത്തില്‍ വംഗഗ്രാമങ്ങള്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോഴും, "മനുഷ്യാവകാശ"ത്തിനു വേണ്ടി ഘോരഘോരം ശബ്ദിക്കുന്ന മാധ്യമങ്ങള്‍ മിണ്ടിയിട്ടില്ല. ഇടതുപക്ഷ മാധ്യമങ്ങളിലൂടെമാത്രമാണ് ആക്രമണ വിവരങ്ങള്‍ പുറത്തുവരുന്നത്. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നേതാക്കള്‍ പല തവണ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നിവേദനം നല്‍കി. അതൊക്കെ അവഗണിക്കാന്‍ മമതയ്ക്ക് ശക്തിപകര്‍ന്നത് കുത്തകമാധ്യമങ്ങള്‍ കാട്ടുന്ന "ധര്‍മബോധം" ആണ്.

കഴിഞ്ഞ ദിവസം മലയാള മനോരമ സിപിഐ എമ്മിനെ പരിഹസിക്കാനും രാഷ്ട്രീയമായി ആക്രമിക്കാനുമായി എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച "ബംഗാള്‍ സഖാക്കള്‍ നായകനെ തേടുന്നു" എന്ന ലേഖനത്തിന്റെ സാരം ഇതാണ്- "സിപിഐ എം നേതാക്കള്‍ ആക്രമണം നേരിടുന്ന സഖാക്കളെ കാണുകയോ ആശ്വസിപ്പിക്കുകയോ ചെയ്യുന്നില്ല, നേതാക്കള്‍ ഇങ്ങനെ മാറിനില്‍ക്കുന്നതുകൊണ്ടാണ് പാര്‍ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്". പശ്ചിമബംഗാളിന്റെ ചരിത്രം അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും അജ്ഞത നടിക്കുന്നതുകൊണ്ടോ ആണ് ഇങ്ങനെ അബദ്ധങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത്.

1970 മാര്‍ച്ച് 19ന് ജനാധിപത്യമൂല്യങ്ങളെ കശാപ്പുചെയ്ത് ബംഗാളില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതുമുതല്‍ ആരംഭിച്ച അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചക്കാലത്ത് ആയിരക്കണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഒരു വര്‍ഷം നീണ്ട രാഷ്ട്രപതിഭരണത്തില്‍ മാത്രം 238 സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. സിപിഐ എമ്മിന്റെ ഉന്നതനേതാക്കള്‍ അന്ന് ജീവിച്ചിരുന്നു. നായകരില്ലാത്തതുകൊണ്ടല്ല പ്രവര്‍ത്തകര്‍ അന്ന് ആക്രമിക്കപ്പെട്ടത്. ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് കാക്കാബാബു എന്ന മുസഫര്‍ അഹമ്മദ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രമോദ്ദാസ് ഗുപ്ത, ജ്യോതിബസു തുടങ്ങി സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാക്കളൊക്കെ ഈ ഒരു വര്‍ഷം സിപിഐ എമ്മിന്റെ നായകരായി അവിടെയുണ്ടായിരുന്നു. അവര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും ആക്രമണത്തിന് വിധേയരായ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കാനും നാടെങ്ങും സഞ്ചരിച്ചു. എന്നിട്ടും 238 പ്രവര്‍ത്തകര്‍ ഒരു കൊല്ലത്തിനുള്ളില്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം നടക്കുമ്പോഴും സിപിഐ എം നേതാക്കള്‍ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് ആവേശം പകരാനും അവര്‍ക്കിടയിലുണ്ട്.

മമത ബാനര്‍ജി ചെയ്യുന്നതുപോലെ മുന്‍കൂട്ടി മാധ്യമപ്പടയെ അറിയിച്ച് അവരെക്കൂടി കൂട്ടിക്കൊണ്ടുപോകുന്നില്ല എന്നു മാത്രം. മാധ്യമങ്ങളോട് പറയേണ്ട കാര്യങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി പറയുന്നുണ്ട്. എന്നാല്‍ , ഈ ആക്രമണങ്ങളെ സമൂഹത്തിന്റെയാകെ ശ്രദ്ധയില്‍പ്പെടുത്താനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്താനും വലതുപക്ഷമാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. ലോകത്ത് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ പല ഘട്ടങ്ങളിലും ആക്രമണം നടന്നിട്ടുണ്ട്. അതിനൊക്കെ കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ പശ്ചിമബംഗാളില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നടക്കുന്ന കിരാതമായ ആക്രമണങ്ങള്‍ ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെയും ആഗോള സാമ്രാജ്യത്വ ശക്തികളുടെയും രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ്. സാമ്രാജ്യത്വത്തിനും നവ ലിബറല്‍ നയങ്ങള്‍ക്കുമെതിരെ ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിരോധം സംഘടിപ്പിക്കുന്നത് സിപിഐ എം ആയതുകൊണ്ട് അതിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ബംഗാളിലെ പ്രസ്ഥാനത്തെ ആക്രമിക്കുകയാണ്. ഇത് ആദ്യമല്ല, മുമ്പും പല തവണ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ബംഗാളില്‍ ഇടതുമുന്നണി അധികാരത്തില്‍നിന്ന് പുറത്തായതോടെ പൊലീസിനെ നിഷ്ക്രിയമായി നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസും ചിലയിടങ്ങളില്‍ കോണ്‍ഗ്രസും സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തുന്നു. ഈ ആക്രമണങ്ങളെ രാഷ്ട്രീയമായി നേരിടുക, അതിനായി പ്രചാരണങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ് സിപിഐ എമ്മിന്റെ നയം. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന ആക്രമണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു എല്ലാ ജില്ലയും സന്ദര്‍ശിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ കണ്ടിട്ടുണ്ട്. അവരുടെ വിഷമങ്ങള്‍ കേട്ടിട്ടുണ്ട്. ഇതൊന്നും ദിവസവും വാര്‍ത്താക്കുറിപ്പുകളിറക്കി അറിയിക്കേണ്ട ആവശ്യമില്ല.

ബുദ്ധദേവ് ഭട്ടാചാര്യ നീറോ ചക്രവര്‍ത്തിയെപ്പോലെ വീണ വായിക്കുന്നുവെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. അതേസമയംതന്നെ "ബുദ്ധദേവ് പാര്‍ടി അണികളുമായി സംസാരിച്ചിരുന്ന് സമയം പോക്കുന്നു" എന്നും പറയുന്നു. സമയം പോക്കാനല്ല പാര്‍ടി നേതാക്കള്‍ അനുഭാവികളോട് സംസാരിക്കുന്നത്; കാര്യങ്ങള്‍ മനസിലാക്കാനാണെന്ന് മനോരമയ്ക്കറിയില്ലെങ്കില്‍ അതിന്റെ പഴിയും സിപിഐ എമ്മിനാണോ?

ആക്രമണം നടത്തുന്നവരെയല്ല, ഇരയാകുന്നവരെയാണ് മനോരമ വീണ്ടും ആക്രമിക്കുന്നത്. ആക്രമണങ്ങളെ ന്യായീകരിക്കാനാണ് അവരുടെ ശ്രമം. സിപിഐ എം ഭരണത്തിലിരുന്നപ്പോള്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണത്രേ ഇത്. ബംഗാളിലെ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ച ആരാണ് നടത്തുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഭരണത്തിലിരുന്നപ്പോഴും ഏറ്റവും കൂടുതല്‍ ആക്രമണത്തിനിരയായ പാര്‍ടിയാണ് സിപിഐ എം. 2009 മെയ് മുതല്‍ 2011 മെയ് വരെ 388 ഇടതുമുന്നണി പ്രവര്‍ത്തകരാണ് തൃണമൂല്‍ -മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 350 പേരും സിപിഐ എം പ്രവര്‍ത്തകരാണ്. ഇതിനെ മനോരമ എന്തു വിളിക്കും? സിപിഐ എം ഭരണത്തിലിരുന്ന് നടത്തിയ അക്രമമെന്നോ?

സിപിഐ എം, ഇടതുമുന്നണി പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ല, പാര്‍ടി ഓഫീസുകള്‍ തുറക്കാന്‍ പാടില്ല, ഇടതുമുന്നണി വിജയിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണസമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പാടില്ല, തൃണമൂല്‍ പ്രവര്‍ത്തകര്‍ പറയുന്നത് ചെയ്യണം, ഫണ്ട് അവര്‍ പറയുന്നതനുസരിച്ച് ചെലവഴിക്കണം-ഇതൊക്കെയാണ് തൃണമൂലിന്റെ തീട്ടൂരങ്ങള്‍ . കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യണമെങ്കില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് വന്‍ തുക പിഴയടയ്ക്കണം. സംസ്ഥാനത്താകെ 12 കോടി രൂപ ഇങ്ങനെ കര്‍ഷകരില്‍നിന്ന് പിരിച്ചെടുത്തു. സര്‍ക്കാര്‍ജോലി ചെയ്യുന്നവര്‍ ശമ്പളത്തിന്റെ മൂന്നിലൊന്ന് തൃണമൂല്‍ നേതാക്കള്‍ക്ക് നല്‍കണം. തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴിലിടങ്ങളില്‍ പണിയെടുക്കണമെങ്കില്‍ തൃണമൂല്‍ യൂണിയനില്‍ ചേരണം. മൂന്ന് മാസത്തിനുള്ളില്‍ 30 ഇടതുമുന്നണി പ്രവര്‍ത്തകരെ കൊലപ്പെടുത്തി. ഇതില്‍ 28 പേരും സിപിഐ എം പ്രവര്‍ത്തകര്‍ . 3785 പേര്‍ക്ക് പരിക്കേറ്റു. 684 സ്ത്രീകളെ ശാരീരികമായി ആക്രമിച്ചു. 23 പേരെ ബലാല്‍സംഗംചെയ്തു. 2064 വീട് കൊള്ളയടിച്ചു. 14,081 പേരെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി ഇടതുമുന്നണി അനുഭാവികളില്‍നിന്ന് ഈടാക്കിയ പിഴ 27.7 കോടി രൂപയാണ്. പാര്‍ടി ഓഫീസുകളും ട്രേഡ് യൂണിയന്‍ ഓഫീസുകളുമടക്കം 758 ഓഫീസുകള്‍ ആക്രമിച്ചു. 26,838 കര്‍ഷകരെ കൃഷിഭൂമിയില്‍നിന്ന് ആട്ടിയിറക്കി ഭൂമി പിടിച്ചെടുത്തു. ഇങ്ങനെ ജീവനും പൗരാവകാശങ്ങളും സ്വാതന്ത്ര്യവും കവര്‍ന്നെടുത്ത് ഭീകരവാഴ്ച നടത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. മനോരമയുടെ രാഷ്ട്രീയ എതിരാളികളാണെങ്കില്‍ അവര്‍ക്ക് ഇങ്ങനെയൊക്കെ സംഭവിച്ചോട്ടെ എന്നാണോ ലേഖനകര്‍ത്താവിന്റെ മനസ്സിലിരുപ്പ്?

സിപിഐ എമ്മിനുള്ളില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് ലേഖനകര്‍ത്താവിന്റെ ചുഴിഞ്ഞുനോട്ടം. സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ആഗസ്ത് 21, 22 തീയതികളില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും തെരഞ്ഞെടുപ്പിനു ശേഷം പാര്‍ടി നേരിടുന്ന ആക്രമണങ്ങളെക്കുറിച്ചും സംസ്ഥാന കമ്മിറ്റി ഒന്നിലധികം തവണ ചര്‍ച്ച ചെയ്തിരുന്നതാണ്. എന്നാല്‍ , ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ച നടത്തണമെന്ന് തീരുമാനിച്ചാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി വിളിച്ചത്. വിശദമായ ചര്‍ച്ചയും നടന്നു. ഈ യോഗത്തില്‍ നേതൃത്വത്തിനെതിരെ കലാപം നടന്നുവെന്ന് കൊല്‍ക്കത്തയിലെ കടുത്ത സിപിഐ എം വിരുദ്ധ മാധ്യമങ്ങള്‍പോലും പറഞ്ഞില്ല. എന്നാല്‍ , മനോരമ അങ്ങനെ എഴുതി. പാര്‍ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കണമെന്നും ആക്രമണങ്ങളെ ശക്തമായ രാഷ്ട്രീയ പ്രചാരണം കൊണ്ടും ജനകീയപ്രശ്നങ്ങളുയര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും പരാജയപ്പെടുത്തണമെന്നുമുള്ള തീരുമാനം ഒറ്റക്കെട്ടായാണ് എടുത്തത്.

താല്‍ക്കാലികമായി ഉണ്ടാകുന്ന തിരിച്ചടികളില്‍ പതറിപ്പോകുന്ന പ്രസ്ഥാനമല്ല സിപിഐ എം. അങ്ങനെയായിരുന്നുവെങ്കില്‍ എത്രയോ വര്‍ഷം മുമ്പുതന്നെ ഈ പാര്‍ടി ഇല്ലാതാകുമായിരുന്നു. ബംഗാള്‍ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. കടുത്ത അടിച്ചമര്‍ത്തലിനെ അതിജീവിച്ചാണല്ലോ 1977ലെ തെരഞ്ഞെടുപ്പിലൂടെ സിപിഐ എമ്മും ഇടതുമുന്നണിയും ബംഗാളില്‍ തിരിച്ചുവന്നത്. ചരിത്രം ഇടയ്ക്കെങ്കിലും മറിച്ചുനോക്കുന്നത് മിനിമം മാര്‍ക്കെങ്കിലും നേടാന്‍ മനോരമയെ സഹായിക്കും.

*
വി ജയിന്‍ ദേശാഭിമാനി 29 ആഗസ്റ്റ് 2011

Monday, February 7, 2011

മനോരമയുടെ മുഖപ്രസംഗം നിലവാരത്തകര്‍ച്ചയുടെ നെല്ലിപ്പലക

മലയാളമനോരമയുടെ ഫെബ്രുവരി നാലിന്റെ മുഖപ്രസംഗം ആ പത്രത്തിന്റെ ധാര്‍മികനിലവാരം കുത്തനെ താഴ്ന്ന് നെല്ലിപ്പടിവരെ എത്തിനില്‍ക്കുകയാണെന്ന സൂചനയാണ് നല്‍കുന്നത്. മുഖപ്രസംഗത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ പറയുന്നു:

"തെരഞ്ഞെടുപ്പ് മുന്നില്‍ക്കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നത് തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ്-പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തെരഞ്ഞെടുപ്പ് രഥം ഉരുണ്ടുവരുന്നതുകണ്ട് പകച്ച് രണ്ടുംകല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണമുന്നയിക്കാന്‍ സഹായിക്കുന്നതോ കുപ്രസിദ്ധിയുള്ള കേസുകളില്‍പെട്ട് മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരും.''

മുഖപ്രസംഗം തയ്യാറാക്കിയ പത്രാധിപര്‍ സ്വന്തം പത്രത്തില്‍ ഒന്ന് കണ്ണോടിച്ചിരുന്നെങ്കില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ഇത്രയും നീചമായ ഭാഷയില്‍ ആക്ഷേപം ചൊരിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ മലയാളമനോരമയില്‍ ജനുവരി 29ന് വന്ന രണ്ടുമൂന്ന് റിപ്പോര്‍ട്ടുകളിലേക്കാണ് മനോരമ പത്രാധിപരുടെ ശ്രദ്ധക്ഷണിക്കാന്‍ ആഗ്രഹിക്കുന്നത്.

ജനുവരി 28ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജനറല്‍സെക്രട്ടറിയും മുന്‍ വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം വിളിച്ച്, തനിക്കെതിരെ വധശ്രമം നടക്കുന്നതായി വെളിപ്പെടുത്തി. തീര്‍ച്ചയായും ഇത് വളരെ ഗൌരവമുള്ള കാര്യമാണ്. വധശ്രമം നടത്തുന്നത് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയശത്രുക്കളാരുമല്ല. ഭാര്യയുടെ സഹോദരീഭര്‍ത്താവായ കെ എ റൌഫാണത്രേ വധഭീഷണിക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്. ജനുവരി 29ന്റെ മനോരമയില്‍ 'രാഷ്ട്രീയരസമാപിനി ഉയരുന്നു; ലീഗ് നിലപാട് നിര്‍ണായകം' എന്ന സുജിത് നായര്‍ തയ്യാറാക്കിയ ലേഖനം കാണാനുണ്ട്. അതില്‍ കുഞ്ഞാലിക്കുട്ടിയും റൌഫും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

"മുസ്ളിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേന്ദ്രകഥാപാത്രമാകുന്നു. പഴയ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ എ റൌഫ് മറുതലയ്ക്കലും. സംസ്ഥാന രാഷ്ട്രീയത്തെ ഉലയ്ക്കാന്‍പോകുന്ന വെളിപ്പെടുത്തലുകളില്‍ ഒന്നുമാത്രമാകാം ഇത്. കഥകള്‍ ഇനിയും പുറത്തുവരാം. പൊടുന്നനെ ഒരു ബോംബ് വീണ പ്രതീതിയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍‍''.

ലേഖനം തുടരുന്നു:

"കുഞ്ഞാലിക്കുട്ടിയും റൌഫും തമ്മിലുള്ള ഗാഢബന്ധത്തെക്കുറിച്ചേ ഇതുവരെയും പുറംലോകം അറിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഏതാണ്ട് ഒന്നരവര്‍ഷത്തോളംമുമ്പ് ഇവര്‍ അകന്നു. ഇപ്പോള്‍ പൊടുന്നനെ കുഞ്ഞാലിക്കുട്ടി റൌഫിനെതിരെയും തിരിച്ചും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്''.

അടുത്ത ബന്ധുക്കളും ഉറ്റമിത്രങ്ങളുമായ ഈ രണ്ടുപേര്‍ ഒരുമിച്ചാണ് വര്‍ഷങ്ങളായി എല്ലാ കുറ്റകൃത്യങ്ങളും ചെയ്തുകൂട്ടിയത്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് എന്ത് പിഴച്ചുവെന്ന് വ്യക്തമാക്കാനുള്ള ചുമതല മലയാളമനോരമയ്ക്കുണ്ട്. ലേഖനം തുടരുന്നു:

"തെരഞ്ഞെടുപ്പ് പടക്കളത്തിലേക്ക് അനൌദ്യോഗികമായി മുന്നണികള്‍ കാലൂന്നിയ വേളയിലാണ് മുസ്ളിംലീഗ് രാഷ്ട്രീയം കലങ്ങുന്നത്. തെരഞ്ഞെടുപ്പിന്റെ അജന്‍ഡകളെ സ്വാധീനിക്കാനുള്ള ബോധപൂര്‍വമായ ശ്രമംതന്നെ ഇതിനുപിന്നില്‍ വായിച്ചെടുക്കാം. പ്രശ്നത്തിലെ ലീഗ് നിലപാടാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് അരികെയുണ്ടെന്ന് അവര്‍ക്ക് തീര്‍ച്ചയായും കരുതേണ്ടിയും വരും. സിപിഎമ്മും അവധാനതയോടെയുള്ള പ്രതികരണത്തിനേ മുതിര്‍ന്നിട്ടുള്ളൂ.''

ഈ ലേഖനം ശ്രദ്ധിച്ച് വായിച്ചാല്‍ മുസ്ളിംലീഗിനകത്തെ ആഭ്യന്തരകലഹമാണ് വെളിപ്പെടുത്തലിന് കാരണമെന്ന് വ്യക്തമല്ലേ? സിപിഐ എം അവധാനതയോടെമാത്രമേ പെരുമാറുന്നുള്ളൂ എന്നുകൂടി പറഞ്ഞാല്‍ മനോരമ എഴുതിയ മുഖപ്രസംഗം തികച്ചും വസ്തുതാവിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും.

ഫെബ്രുവരി അഞ്ചിന്റെ മനോരമയുടെ ഒന്നാം പേജിലെ ലീഡ് വാര്‍ത്തയിലെ പ്രസക്തഭാഗംകൂടി ഉദ്ധരിച്ചാലേ ചിത്രം പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അതിങ്ങനെ:

"ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എല്‍ഡിഎഫിലും യുഡിഎഫിലുമുള്ള ഓരോ പാര്‍ടിയിലെ ചില നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ടിയിലെ അധികാരം പിടിച്ചെടുക്കാനും മുന്നിലുള്ളവരെ തള്ളിയിട്ട് കയറാനുമുള്ള ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചത് കെ എം മാണിയല്ലെന്ന് ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതോടെ ആരോപണം സ്വന്തം പാര്‍ടിയിലെ നേതാക്കളിലേക്കുതന്നെ നീളുകയാണ്. അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്യരുതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ അഹമ്മദും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എം കെ മുനീറിനോട് ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. ഇതിന്റെപേരില്‍ ചില തലകള്‍ ഉരുണ്ടാലും ലീഗിന് കുഴപ്പമില്ല.''

മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി അതേ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി എം കെ മുനീറിനെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിച്ചത് മനോരമതന്നെ റിപ്പോര്‍ട്ട്ചെയ്തു. പാര്‍ടിയിലെ അധികാരം പിടിച്ചെടുക്കാനും മുന്നിലുള്ളവരെ തള്ളിയിട്ട് കയറാനുമാണ് ഐസ്ക്രീം കേസിനെപ്പറ്റിയുള്ള വെളിപ്പെടുത്തലെന്ന് കുഞ്ഞാലിക്കുട്ടി സംശയരഹിതമായി തുറന്നുപറയുമ്പോള്‍ മനോരമ മുഖപ്രസംഗത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്നത് നെറികെട്ട പത്രപ്രവര്‍ത്തനമല്ലേ? സ്വന്തം പത്രത്തിലെ റിപ്പോര്‍ട്ടുകള്‍ വായിച്ച് മനസ്സിലാക്കി സമചിത്തതയോടെ കാര്യങ്ങള്‍ വിലയിരുത്തി തെറ്റായി എഴുതിയ മുഖപ്രസംഗം പിന്‍വലിച്ച് വായനക്കാരോട് മാപ്പുപറയാനുള്ള ആര്‍ജവം മനോരമ കാണിക്കുകമാത്രമാണ് ആ പത്രത്തിന് കരണീയമായിട്ടുള്ളത്. തെറ്റ് ചെയ്തെന്ന് സ്വയം ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ മടി കാണിക്കേണ്ടതില്ലല്ലോ. അതാണല്ലോ പത്രധര്‍മവും മാന്യതയും.

ജനുവരി 29ന്റെ മനോരമ പ്രസിദ്ധീകരിച്ച സ്വന്തം ലേഖകന്റെ 'പൊട്ടിയത് ലീഗില്‍ അസ്വസ്ഥതപകര്‍ന്ന അഗ്നിപര്‍വതം' എന്ന എട്ടുകോളം വാര്‍ത്തകൂടി പരാമര്‍ശിക്കാതെപോകുന്നത് ശരിയായിരിക്കുകയില്ല. ഇതുകൂടി വായിക്കണമെന്ന് പത്രാധിപരോട് ശുപാര്‍ശചെയ്യുന്നു.

"പക്ഷേ, വധഭീഷണിക്കുപകരം റൌഫിനെ വഴിവിട്ട് സഹായിച്ചുവെന്ന കുറ്റസമ്മതം ചാനലുകളില്‍ വലിയ ചര്‍ച്ചയായത് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി.''

ഈ വാചകത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ അസാമാന്യമായ ബുദ്ധിവൈഭവമൊന്നും ആവശ്യമില്ല. കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായത് സ്വന്തം പത്രസമ്മേളനമാണ്. സ്വയംകൃതാനര്‍ഥം എന്ന് വ്യക്തമായ ഒരു കാര്യത്തിന് എല്‍ഡിഎഫിന്റെ പേര് എന്തിന് വലിച്ചിഴയ്ക്കണം. താന്‍ മന്ത്രിയായ കാലത്ത് ബന്ധുവും ഉറ്റമിത്രവും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ റൌഫിനുവേണ്ടി പലതും വഴിവിട്ട് ചെയ്തെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍. എന്തെങ്കിലും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ അബദ്ധത്തില്‍ നാവില്‍നിന്ന് വീണുപോയതല്ല. മനസ്സില്‍ ചിന്തിച്ചുറപ്പിച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സ്വയം വെളിപ്പെടുത്തിയതാണ്. ഇതുകേട്ടയുടനെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വേണ്ടതുപോലെ പ്രതികരിച്ചു. വൈകിയാണെങ്കിലും തെറ്റ് തുറന്നുസമ്മതിച്ച കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കുന്നുവെന്നാണ് അന്നത്തെ മുഖ്യമന്ത്രികൂടിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ ഈ കുറ്റസമ്മതത്തെയാണ് സത്യപ്രതിജ്ഞാലംഘനമെന്ന് നിയമജ്ഞര്‍ വിലയിരുത്തിയത്. സ്വന്തം ലേഖകന്റെ ഒരുവാചകവുംകൂടി ഇവിടെ ഉദ്ധരിച്ചാലേ ചിത്രം വ്യക്തമാകുന്നുള്ളൂ.

"വിവാദം സിപിഎമ്മിനും ലീഗ് വിട്ട് സിപിഎം സഹയാത്രികരായവര്‍ക്കും ഐഎന്‍എല്‍ സെക്കുലറിനും അപ്രതീക്ഷിതമായി ലഭിച്ച മികച്ച ആയുധമായി. അതേസമയം അസമയത്തുണ്ടായ വിവാദം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങുന്ന ലീഗ് അണികളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.''

മനോരമ ലേഖകന്‍ പറയുന്ന ഈ ആശങ്കയായിരിക്കണം പത്രാധിപരെയും നിരാശയിലകപ്പെടുത്തിയത്. സിപിഐ എമ്മിന് അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധം എന്ന് വിശേഷിപ്പിക്കുമ്പോള്‍ ഇടതുപക്ഷം ഒളിക്യാമറയെ അഭയംപ്രാപിച്ചെന്ന ആരോപണം സ്വയം തകര്‍ന്ന് തരിപ്പണമായില്ലേ. വ്യക്തിഹത്യയെക്കുറിച്ചും മുഖപ്രസംഗകാരന്‍ ആശങ്കപ്പെടുന്നുണ്ട്. കഷ്ടമെന്നു പറയണോ ചിരിക്കണോ എന്നറിയില്ല. രാഷ്ട്രീയ എതിരാളികളുടെ സ്വഭാവഹത്യയിലും വ്യക്തിഹത്യയിലും മനോരമയും അതിന്റെ രാഷ്ട്രീയനേതൃത്വവും എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തി എന്ന് മലയാളിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?

ഇനി റൌഫ് വെളിപ്പെടുത്തിയ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്ത അതീവഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിവരങ്ങളിലേക്ക് കടക്കാം.

ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗില്‍ ഏറെക്കാലമായി നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നതും താല്‍ക്കാലികമായി ഒതുക്കിവച്ചതുമായ പ്രശ്നങ്ങളാണ് ഇപ്പോള്‍ അണപൊട്ടി പുറത്തേക്കൊഴുകിവന്നത്. അത് അഗ്നിപര്‍വതമായും ബോംബായുമൊക്കെ മനോരമ ലേഖകര്‍ വിശേഷിപ്പിച്ചത് സൌകര്യപൂര്‍വം മറക്കാന്‍ കഴിയുന്നതല്ല. മുസ്ളിംലീഗിനകത്തേത് മുനീറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയാലും പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമല്ല. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡിപ്പിക്കപ്പെട്ട റജീന ഇന്ത്യാവിഷന്‍ ചാനലില്‍ വെളിപ്പെടുത്തിയ കാര്യം ശ്രോതാക്കള്‍ക്ക് ഓര്‍മയുണ്ട്. ചെറൂട്ടി റോഡിലെ ഇന്ത്യാവിഷന്‍ ചാനല്‍ ഓഫീസിനുനേരെയുണ്ടായ ആക്രമണവും മറന്നുകാണുകയില്ല. അതേ ചാനലാണ് ഇപ്പോള്‍ റൌഫിന്റെ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്തത്.

റൌഫ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരുടെയെങ്കിലും അടുക്കളക്കാര്യമല്ല. കേരളീയസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. പ്രായപൂര്‍ത്തിയാകാത്ത ഏതാനും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. അവര്‍ക്ക് പണം നല്‍കി മൊഴി തിരുത്തിച്ചു. തിരുത്തിയ മൊഴി കോഴിക്കോട്ടെ ഒരു അഭിഭാഷകനായ നോട്ടറി പബ്ളിക്കിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്റാമ്പ് പേപ്പറില്‍ രേഖപ്പെടുത്തി വാങ്ങി. ഇത് ഗൌരവമായ ഒരു കുറ്റകൃത്യം തേച്ചുമായ്ച്ചുകളയാനുള്ള ഹീനശ്രമമാണ്. കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയാകാതിരിക്കാനാണ് റൌഫ് ഇത് ചെയ്തത്. തെളിവ് നശിപ്പിക്കുന്നതും അതിന് കൂട്ടുനില്‍ക്കുന്നതും കുറ്റകൃത്യമാണ്. രണ്ടാമതായി കേസില്‍ അനുകൂലവിധിയുണ്ടാകാന്‍ രണ്ട് ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തതായും താന്‍ അതിന് സാക്ഷിയാണെന്നും റൌഫ് വെളിപ്പെടുത്തി. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാനിടവരുത്തുന്നതാണ്. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അതിന് ജുഡീഷ്യറിതന്നെ മുന്‍കൈയെടുക്കണം. മൂന്നാമതായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി എത്താത്തവരായിരുന്നെങ്കിലും പ്രായപൂര്‍ത്തിയായവരാണെന്ന് കാണിക്കാന്‍ തെറ്റായ രേഖകള്‍ ഹാജരാക്കി. നാലാമതായി അവിഹിതമായ സ്വത്ത് സമ്പാദിച്ചു. അഞ്ചാമതായി അവിഹിതമായി ആര്‍ജിച്ച പണം വിദേശബാങ്കില്‍ നിക്ഷേപിച്ചു. ഈ വെളിപ്പെടുത്തലിന്റെ പേരിലാണ് സ്പെഷ്യല്‍ ഇന്‍വെസ്റിഗേഷന്‍ ടീം അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെട്ടത്.

ഗൌരവസ്വഭാവമുള്ള ഈ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ചെളിവാരിയെറിഞ്ഞതുകൊണ്ടോ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ചുമലില്‍ കുറ്റം ഇറക്കിവച്ചതുകൊണ്ടോ യുഡിഎഫ് നേതൃത്വത്തിന് രക്ഷപെടാന്‍കഴിയുമെന്ന് കരുതേണ്ടതില്ല. യുഡിഎഫിന്റെ ജീര്‍ണമുഖമാണ് റൌഫിന്റെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തുവന്നത്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. അതില്‍ വിട്ടുവീഴ്ചയുടെ പ്രശ്നം ഉദിക്കുന്നില്ല. യുഡിഎഫ് അധികാരത്തില്‍ വരാനിടയായാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും. അതൊഴിവാക്കാനുള്ള ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണം.

*
വി വി ദക്ഷിണാമൂര്‍ത്തി കടപ്പാട്: ദേശാഭിമാനി 07 ഫെബ്രുവരി 2011

Saturday, January 15, 2011

വായിച്ച് മറക്കേണ്ടവയല്ല പത്രവാര്‍ത്തകള്‍

വായിച്ച് മറക്കേണ്ടവയല്ല പത്രവാര്‍ത്തകള്‍... ഇന്ന് നിങ്ങള്‍ വായിക്കുന്ന വാര്‍ത്തകള്‍ നാളെ മറ്റൊരു വേഷത്തില്‍ നിങ്ങളുടെ ഉമ്മറപ്പടിയിലെത്തിയേക്കാം. വാര്‍ത്തകളെ ഫാന്‍സിഡ്രസണിയിക്കുന്ന മാധ്യമ കൌശലത്തിന്റെ നാണംകെട്ട ഒരുദാഹരണം ഇതാ....

1997 സെപ്തംബര്‍ 11ന് കേരള കൌമുദി ഇങ്ങനെയൊരു വാര്‍ത്ത നല്‍കി....

1997 സെപ്തംബര്‍ 12ന് ഇതേ വാര്‍ത്ത മലയാള മനോരമയില്‍ ഇങ്ങനെ പ്രത്യക്ഷപ്പെട്ടു...
വാര്‍ത്ത സമയത്ത് കിട്ടാത്തതിന്റെ ജാള്യം തീര്‍ക്കാന്‍ സാക്ഷാല്‍ വരദാചാരിയെ മുഖദാവില്‍ സന്ദര്‍ശിച്ച് മാതൃഭൂമിക്കാരന്‍ ഇങ്ങനെയൊരു ഭാഷ്യവുമായി രംഗത്തെത്തി. തീയതി 1997 സെപ്തംബര്‍ 13.


ശരിയാണ്. ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എസ് വരദാചാരിയുടെ മനോനില പരിശോധിക്കണമെന്ന് അന്ന് സഹകരണ വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അതിന്റെ കാരണം എന്ത് എന്ന് മൂന്നു പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ഒരേപോലെ. പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള പണം ട്രഷറിയില്‍അയയ്ക്കുന്നതിന് പകരം അതത് പഞ്ചായത്തുകളിലെ സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശം ശുദ്ധ അസംബന്ധമാണെന്ന് ധനകാര്യ സെക്രട്ടറി ഫയലില്‍ എഴുതിയതിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ആ പരാമര്‍ശം.

ആറു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയെ 2003 മാര്‍ച്ച് 8ന് മലയാള മനോരമയിലെ പി കിഷോര്‍ ഇങ്ങനെ തിരുത്തി.

ഈ ഫയല്‍ മുങ്ങിയെന്നും കൂടി എഴുതിയാലോ... ഇങ്ങനെ എഴുതിയോ ഇല്ലയോ എന്ന് ഫയല്‍ കണ്ടെടുത്ത് ആര്‍ക്കും തെളിയിക്കാനാവില്ലല്ലോ. കിഷോറിന്റെ അതിബുദ്ധി നോക്കുക.

1997 സെപ്തംബര്‍ 12ലെ മനോരമയുടെ തന്നെ വാര്‍ത്ത വേഷം മാറിയത് കണ്ടില്ലേ... സന്ദര്‍ഭവും സാഹചര്യവും വിദഗ്ധമായി മറച്ചു വെച്ച് ലാവലിന്‍ ഫയലില്‍ ഒരു തലപരിശോധനക്കഥ പി കിഷോര്‍ നിര്‍മ്മിച്ചു. ആവര്‍ത്തിക്കുന്തോറും ഒരു നാടോടിക്കഥ പോലെ ജനമനസുകളില്‍ പതിയും. ഫയല്‍ കാണാതായെന്ന് ആദ്യമേ ജാമ്യമെടുത്ത സ്ഥിതിക്ക് ലോകത്തൊരാള്‍ക്കും സത്യാവസ്ഥ തെളിയിക്കാനാവില്ല. ഇല്ലാത്ത ഫയല്‍ കാണാതായെന്ന് പറഞ്ഞാല്‍ പിന്നെയത് ഇന്റര്‍പോളിനോ എഫ്‌ബിഐയ്ക്കോ പോലും കണ്ടെടുക്കാനാവില്ല.

ഇനി വായിക്കുക. 2005 ജൂലൈ 12ന് മനോരമയെഴുതിയ മുഖപ്രസംഗം...


നുണ നിര്‍മ്മിച്ച് വാര്‍ത്തയാക്കി. പിന്നീടത് മുഖപ്രസംഗത്തില്‍ പ്രതിഷ്ഠിച്ചു.. ഇനി പരമ്പരകളിലൂടെ ആവര്‍ത്തിക്കണം. 2005 ജൂലൈ 17 മുതല്‍ മനോരമയില്‍ ആരംഭിച്ച ലാവലിന്‍ പരമ്പര തുടങ്ങിയതെങ്ങനെയെന്ന് വായിക്കുക....
സാക്ഷി പറയാന്‍ പി കിഷോറിന്റെ മുന്നില്‍ സാക്ഷാല്‍ വരദാചാരി പ്രത്യക്ഷപ്പെട്ടു. അനന്തരം...

ഫയല്‍ കണ്ടില്ലെങ്കിലെന്ത്, മാതൃഭൂമിയടക്കം സകല പത്രങ്ങളും സമകാലിക മലയാളമടക്കം സകല മഞ്ഞവാരികകളും മനോരമ മെനഞ്ഞ് പ്രചരിപ്പിച്ച വരദാചാരിയുടെ തല ഏറ്റെടുത്തു. ഒടുവില്‍ സിബിഐയും.

ഉളുപ്പില്ലാതെ നുണ നിര്‍മ്മിക്കുന്ന മനോരമയെ, അതേറ്റുപാടുന്ന മാതൃഭൂമിയെ ഇനി നമ്മളെന്തിന് പടിക്കകത്ത് കയറ്റണം. നമ്മുടെ ഓര്‍മ്മയെ, അന്തസിനെ, വിലപ്പെട്ട സമയത്തെ നീചമായി വെല്ലുവിളിക്കുന്ന ഈ അഹന്തയെ ഇനിയെന്തിന് വെച്ചുപൊറുപ്പിക്കണം. പഴയ വാര്‍ത്ത ചികഞ്ഞെടുക്കാനും തെറ്റ് വിളിച്ചു പറയാനും എത്ര വായനക്കാര്‍ക്ക് സമയവും സാഹചര്യവുമുണ്ടാകും? മുതലാളിയെ തൃപ്തിപ്പെടുത്താന്‍ ഉളുപ്പില്ലാതെ നുണയെഴുതുന്നവരെ പത്രപ്രവര്‍ത്തകരെന്ന് വിളിച്ച് നാമെന്തിന് ആദരിക്കണം? അവനുണ്ടാക്കുന്ന നുണകള്‍ വായിക്കാന്‍ നാമെന്തിന് പണം ചെലവിടണം?

വിലപ്പെട്ടതാണ് നമ്മുടെ സമയവും പണവും അന്തസും. അതിന് വില പറയുന്ന ഈ പത്രഭീകരന്മാരെ പടിക്കു പുറത്താക്കാനുളള പ്രചരണത്തില്‍ പങ്കാളിയാവുക.

*
(വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. ടി എം തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ വ്യാജസമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകം)

Thursday, December 30, 2010

പെരമ്പലൂരിന് പറയാനുള്ളത്

ടാറ്റയും റിലയന്‍സും മാത്രമല്ല ഇന്ത്യയിലെ ഓരോ കോര്‍പറേറ്റുകളും കാര്യസാധ്യത്തിന് ബൂര്‍ഷ്വാ രാഷ്‌ട്രീയക്കാരെയും അവരുടെ തണലിലുള്ള കമ്പനികളെയും ആശ്രയിക്കുന്നു എന്ന സത്യമാണ് തമിഴ്‌നാട്ടിലെ പെരമ്പലൂര്‍ കാട്ടിത്തരുന്നത്. എംആര്‍എഫ് എന്ന ടയര്‍ കമ്പനിക്കു വേണ്ടി കര്‍ഷകരുടെയും ദളിതരുടെയും ഭൂമി ചുളുവിലയ്‌ക്ക് തട്ടിയെടുത്തതിന്റെ പൊള്ളുന്ന യാഥാര്‍ഥ്യമാണ് പെരമ്പലൂരിന് പറയാനുള്ളത്.

എംആര്‍എഫ് കമ്പനിയെക്കുറിച്ച് അറിയാത്ത മലയാളിയുണ്ടാവില്ല. എംആര്‍എഫും തമിഴ്‌നാടും തമ്മിലുള്ള ബന്ധവും പ്രസിദ്ധം. മലയാളമനോരമ കുടുംബത്തിലെ കെ എം മാമ്മന്‍ മാപ്പിള 1946ല്‍ ചെന്നൈയിലെ തിരുവൊട്ടിയൂരില്‍ ആരംഭിച്ച ബലൂൺ ഫാക്‌ടറിയാണ് ഇന്ന് 5000 കോടി ടേൺഓവറുള്ള രാജ്യത്തെ ഏറ്റവും വലിയ ടയര്‍ കമ്പനിയായി മാറിയത്. ആദ്യ ബലൂൺ ഫാക്‌ടറി തുടങ്ങിയത് ചെന്നൈയില്‍, ഇതേ നഗരത്തിലാണ് എംആര്‍എഫിന്റെ ആദ്യത്തെ ഓഫീസ് 1949ല്‍ തമ്പുചെട്ടിതെരുവിലെ 334-ാം നമ്പര്‍ മുറിയില്‍ തുറന്നതും. ചെന്നൈക്കു പുറമെ ആര്‍ക്കോണത്തും ഫാക്‌ടറി തുറന്നു. ഇപ്പോള്‍ പെരമ്പലൂരിലും ഫാക്‌ടറി തുറക്കാനാണ് എംആര്‍എഫിന്റെ ശ്രമം. 900 കോടി രൂപ ചെലവഴിച്ചാണ് ഫാക്‌ടറി സ്ഥാപിക്കുന്നത്. ചെന്നൈക്കടുത്തുള്ള തിരുച്ചിയില്‍ ടയര്‍ കമ്പനി തുടങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത് പെരമ്പലൂരിലായിരുന്നു. ഈ ജില്ലയിലെ നാറാണമംഗലം, വിജയഗോപാലപുരം എന്നീ പഞ്ചായത്തുകളിലായി 600 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ അനുവദിച്ചത്.

2007ല്‍ സ്ഥലം ലഭിച്ച ഉടന്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ എംആര്‍എഫ് കമ്പനി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അര ഏക്കറും ഒരു ഏക്കറും മാത്രം ഭൂമിയുള്ള കര്‍ഷകര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. കൃഷിക്ക് പറ്റിയ മണ്ണായ ഇവിടെ നാരങ്ങയും നിലക്കടലയും ഉള്ളിയും നെല്ലും മറ്റും വിളഞ്ഞിരുന്നു. എംആര്‍എഫ് കമ്പനിക്കുവേണ്ടി ജില്ലയിലെ റവന്യൂ ഓഫീസര്‍മാര്‍തന്നെ രംഗത്തെത്തി ഭൂവടമകള്‍ക്ക് മുമ്പില്‍ പ്രലോഭനങ്ങള്‍ വാരിവിതറിയെങ്കിലും ഫലമുണ്ടായില്ല. കമ്പോളവിലയും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്‌തെങ്കിലും അതില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചില്ല.

ഈ ഘട്ടത്തിലാണ് ഇടനിലക്കാരെ ഉപയോഗിച്ച് പാവങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങുന്നത്. ഇതിനായി ടയര്‍ കമ്പനി ഉപയോഗിച്ചത് സ്പെക്‌ട്രം വിവാദ നായകന്‍ എ രാജയുടെ റിയല്‍ എസ്റ്റേറ്റ് കമ്പനിയെയാണ്. കേന്ദ്രമന്ത്രി രാജയുമായുള്ള ബന്ധം അറിഞ്ഞുതന്നെയായിരുന്നു ഈ നീക്കം. സംസ്ഥാനം ഭരിക്കുന്നത് ഡിഎംകെയാണെന്നും രാജയുടെ കമ്പനി ഇടപെട്ടാല്‍ സര്‍ക്കാരിന്റെ സഹകരണം ശക്തമാകുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. അത് ശരിയാണെന്ന് തെളിയുകയും ചെയ്‌തു.

റാഡിയ ടേപ്പ് പുറത്തുവന്നതിനെത്തുടര്‍ന്ന് സിബിഐ തമിഴ്‌നാട്ടില്‍ റെയ്ഡ് നടത്തിയ ഗ്രീന്‍ഹൌസ് പ്രൊമോട്ടേഴ്സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് എംആര്‍എഫിനുവേണ്ടി ഈ ഭൂമി ഏറ്റെടുത്തു നല്‍കിയത്. എ രാജയുടെ ഭാര്യ പരമേശ്വരി, രാജയുടെ സഹോദരന്‍ കലിയ പെരുമാള്‍, മൂത്ത സഹോദരന്‍ രാമചന്ദ്രന്റെ മകന്‍ രാംഗണേഷ്, അഡ്വ. മലര്‍മിഴി, സഹോദരിയുടെ മകന്‍ പരമേശ്വരകുമാര്‍ എന്നിവരെല്ലാം ഈ കമ്പനിയുടെ പ്രൊമോട്ടര്‍മാരാണ്. എ എം എസ് സാദിഖ് ബാഷയും ഈ കമ്പനിയുടെ പാര്‍ട്ണറായിരുന്നു. രാജയുടെ ജ്യേഷ്ഠന്‍ കലിയ പെരുമാളാണ് മാനേജിങ് ഡയറക്‌ടര്‍. ആര്‍ഡിഒയും എസ്‌പിയും മറ്റും ഇടപെട്ട് നേടാന്‍ കഴിയാത്തത് ഗ്രീന്‍ഹൌസ് പ്രൊമോട്ടേഴ്സിന് കഴിഞ്ഞു. ഏതാണ്ട് മുഴുവന്‍ ഭൂമിയും അവര്‍ ഒഴിപ്പിച്ചു. ഒഴിപ്പിക്കാനാകാത്ത 16 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയുംചെയ്‌തു. 2008 ഫെബ്രുവരിയോടെ ഈ സ്ഥലം മുഴുവന്‍ എംആര്‍എഫ് കമ്പനിക്ക് കൈമാറി. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ സ്ഥലം നഷ്‌ടപ്പെട്ട ഒരാള്‍ നല്‍കിയ കേസ് ഹൈക്കോടതി കഴിഞ്ഞാഴ്ച തള്ളുകയുംചെയ്‌തു.

40,000 രൂപ മുതല്‍ നാലുലക്ഷം രൂപവരെ അഡ്വാന്‍സായി നല്‍കിയാണ് പവര്‍ ഓഫ് അറ്റോര്‍ണി ഏഴുതിവാങ്ങിയത്. മൊത്തം 160 കുടുംബമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ 60 ദളിത് കുടുംബങ്ങളാണ്. ദളിതര്‍ക്ക് ഇത്ര തുകപോലും നല്‍കിയില്ല. ഏക്കറിന് 700 രൂപ നല്‍കിയാണ് തന്റെ 1.90 ഏക്കര്‍ ഭൂമി എജന്റുമാര്‍ തട്ടിയെടുത്തതെന്ന് മരുതമുത്തുവെന്ന ദളിതന്‍ വെളിപ്പെടുത്തുന്നു. 40,000 രൂപമുതല്‍ 90,000 രൂപവരെ മാത്രമാണ് ഇവര്‍ക്ക് നല്‍കിയത്. സ്ഥലം നല്‍കാന്‍ തയ്യാറാവാത്തവര്‍ക്കെതിരെ ജില്ലാ ഭരണകൂടത്തെ ഉപയോഗിച്ച് കള്ളക്കേസും ചുമത്തി. തങ്കരാജു എന്ന കര്‍ഷകന്റെ മകന്‍ ആര്‍ ശെന്തില്‍കുമാര്‍ ഇങ്ങനെ ജയിലിലടയ്‌ക്കപ്പെട്ട യുവാവാണ്. ഭൂമി വില്‍ക്കാന്‍ സമ്മതിച്ചാല്‍മാത്രമേ കേസില്‍നിന്ന് രക്ഷപെടാന്‍ കഴിയൂ എന്നതായിരുന്നു ഭീഷണി. അമ്മയെയും സഹോദരിയെപോലും ഇവര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി മൂന്നര ഏക്കര്‍ ഭൂമി നല്‍കാന്‍ ശെന്തില്‍കുമാര്‍ നിര്‍ബന്ധിതനായി. ജയിലില്‍നിന്ന് ശെന്തില്‍ കുമാറിനെ നേരേ കൊണ്ടുപോയത് ചെട്ടിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍. അതും രാത്രി ഒമ്പതു മണിക്ക്. ഭൂമി എഴുതിക്കൊടുത്തശേഷംമാത്രമേ ശെന്തിലിനെ പുറത്തുവിട്ടുള്ളൂ. പരമശിവത്തിനും കുടുംബത്തിനും പറയാനുള്ളത് മറ്റൊരു പിടിച്ചുപറിയുടെ അനുഭവം. രണ്ട് ഏക്കര്‍ ഭൂമിക്ക് അഞ്ചുലക്ഷം രൂപ കിട്ടിയപ്പോള്‍ ഇവര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍, പണം ലഭിച്ച ദിവസം രാത്രി പത്തോളം പേര്‍ വീട്ടിലെത്തി ഒന്നര ലക്ഷം രൂപ കൈക്കലാക്കി മടങ്ങി.

രാജയുടെ വലംകൈയായി അറിയപ്പെടുന്ന സാദിഖ് ബാഷയായിരുന്നു ഈ ഭൂമി ഒഴിപ്പിക്കല്‍ നടപടിക്ക് മുന്നിട്ടിറങ്ങിയത്. ശെന്തില്‍ മുരുകന്‍, ശെല്‍വരാജ്, സുബ്ബഡു എന്ന സുബ്രഹ്മണ്യന്‍ തുടങ്ങിയ ഏജന്റുമാരും ഇവരെ സഹായിച്ചു. സര്‍ക്കാര്‍ ആദ്യം ഭൂമി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ജനങ്ങളെ സംഘടിപ്പിച്ച് അതിനെ എതിര്‍ത്ത സ്ഥലവാസിയാണ് ശെന്തില്‍ മുരുകന്‍. പിന്നീട് ഡിഎംകെ പത്രമായ മുരശൊലിയുടെ ലേഖകനായി മാറിയ ഇയാള്‍ ഗ്രീന്‍ഹൌസ് പ്രൊമോട്ടോഴ്സിന്റെ ഏജന്റായി മാറിയത് സ്വാഭാവികം (രാജയുമായി ബന്ധമുള്ള ഇവരെയും സിബിഐ ചോദ്യം ചെയ്‌തിരുന്നു). 450 ഏക്കര്‍ ഭൂമിയാണ് സാദിഖ് ബാഷയും ഗ്രീന്‍ഹൌസ് പ്രൊമോട്ടേഴ്സും കൂടി എംആര്‍എഫിന് കൈമാറിയത്. 161 ഏക്കര്‍ സ്ഥലം ഇവരുടെ കൈവശംതന്നെയാണ് ഇപ്പോഴും. ഈയിനത്തില്‍ വന്‍ തുകയാണ് ഈ കമ്പനികള്‍ അടിച്ചെടുത്തത്. ഒരു ഏക്കറിന് 15 ലക്ഷം രൂപ നല്‍കിയെന്നാണ് എംആര്‍എഫ് അവകാശപ്പെടുന്നത്.

പെരമ്പലൂരിലെ ദളിതരുടെയടക്കം ഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുത്തപ്പോള്‍ അത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ല. അവരെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. സിംഗൂരിലും ചെങ്ങന്നൂരിലും പ്രതിഷേധത്തിന്റെ പതാക ഉയര്‍ത്തിയ മനുഷ്യാവകാശ സ്നേഹികളും ഇങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. പത്രമുത്തശ്ശിയുടെ കാര്യം പറയാനുമില്ല.


****


വി ബി പരമേശ്വരന്‍, കടപ്പാട് : ദേശാഭിമാനി

Wednesday, October 13, 2010

വീണ്ടുമൊരു പൊളിച്ചെഴുത്ത്

കോമാളിയ്ക്കറിയാമോ കോടതിവിധി

ഒരുഗതിയും പരഗതിയുമില്ലാതെ തിരഞ്ഞെടുപ്പുഗോദയില്‍ കിടന്നു പരുങ്ങുന്ന ഉമ്മന്‍ചാണ്ടിയെ എങ്ങനെയെങ്കിലും ഒന്നു രക്ഷിച്ചെടുക്കാന്‍ മനോരമ പെടുന്നപാട് ചില്ലറയൊന്നുമല്ല. ലോട്ടറി കേന്ദ്രീകരിച്ച് കെട്ടിപ്പൊക്കിയ സ്വപ്നസൗധം സിംഗ്‍വി വന്ന് ഇടിച്ചിട്ടു. അക്കാലമൊന്ന് അതിജീവിക്കാന്‍ ചാണ്ടിയും രമേശും സതീശും തോമസുമൊക്കെ വിളിച്ച ഈശ്വരന്മാരില്ല, നോറ്റ നോമ്പുകളോ പോയ ദേവാലയങ്ങളോ എണ്ണാവതുമല്ല. സിംഗ്‍വിയെ കോണ്‍ഗ്രസ് മണിയറയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചതോടെ ജനം എല്ലാം മറന്നുവെന്നും കളി ഒന്നേന്ന് തുടങ്ങിയെന്നുമാണ് അച്ചായന്‍ പത്രം ഭാവിക്കുന്നത്. പക്ഷേ സിംഗ്‍‍വി ഇംപാക്ട് അങ്ങനെയങ്ങ് വിട്ടുപോകുന്നുമില്ല.

സംശയമുണ്ടെങ്കില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച എഡിറ്റ് പേജില്‍ മനോരമ പ്രസിദ്ധീകരിച്ച കോട്ടയില്‍ കുടുങ്ങിയ എലിക്കുഞ്ഞന്‍സ് എന്ന ആക്ഷേപഹാസ്യ അപഹാസ്യം വായിക്കുക. ഫലിതം എന്ന വ്യാജേനെ എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ച് മാലോകരെ ചിരിപ്പിക്കാന്‍ വിമതന്‍ എന്ന ദേഹം അത്യദ്ധ്വാനം ചെയ്യുന്നുവെങ്കിലും ആക്ഷേപഹാസ്യക്കാരന്റെ തൊലിക്കട്ടി കണ്ടാണ് നാട്ടുകാര്‍ പൊട്ടിപ്പൊട്ടി ചിരിക്കുന്നത്.

ഫലിത ബിന്ദുക്കള്‍ "കാണ്ഡം കാണ്ഡമായി" വായിച്ചാലും....

രാവണന്‍കോട്ടയില്‍നിന്നു രക്ഷപ്പെടാന്‍ വഴിയറിയാതെ കുഴങ്ങി നില്‍ക്കുന്ന ചിന്നനെലിയെ ബാലപ്രസിദ്ധീകരണങ്ങളില്‍ കണ്ടിട്ടില്ലേ? ചിന്നനെലിയെ വീട്ടിലെത്താന്‍ സഹായിക്കണമെന്നായിരിക്കും വായനക്കാര്‍ക്കുള്ള നിര്‍ദേശം. എലിക്കുഞ്ഞനെ സഹായിക്കാന്‍ വിമതന്‍ എത്ര ശ്രമിച്ചിട്ടും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍, അതീവബുദ്ധിശാലികളായ വായനക്കാര്‍ ഏറെയുള്ളതുകൊണ്ട് എലിക്കുഞ്ഞന്‍ വീടെത്താതെ പോവില്ലെന്നു സമാശ്വസിച്ചു പിന്‍വാങ്ങാറാണു പതിവ്.

ബാലജനസഖ്യം വഴി അച്ചായന്‍ പത്രം ഊതിപ്പെരുപ്പിച്ച് വലുതാക്കിയ ഉമ്മന്‍ചാണ്ടിയാണ് പെരുവഴിയില്‍ കിടന്ന് മൂക്കു ചീറ്റുന്നത്. പറയാന്‍ ഒരു വിഷയമില്ല. വിക്കിയും മൂളിയും തപ്പിയും തടഞ്ഞും പറഞ്ഞൊപ്പിക്കുന്നതൊന്നും ഏശുന്നില്ല. മനോരമയും മാതൃഭൂമിയും ജാക്കി വെച്ച് പൊക്കിയിട്ടും ചാണ്ടിക്കുഞ്ഞിന്റെ നമ്പരുകളൊന്നും ഏല്‍ക്കുന്നുമില്ല. മാമ്മന്‍ മാത്യു മുതല്‍ വിമതന്‍ വരെയും വീരേന്ദ്രകുമാരന്‍ മുതല്‍ ഇന്ദ്രന്‍ വരെയും ആഞ്ഞു പിടിക്കുന്നത് ഒറ്റലക്ഷ്യത്തോടെ.. ഈ പാവം എലിക്കുഞ്ഞനെ കരകയറ്റിയേ പറ്റൂ. പക്ഷേ ഫലമെന്ത്... ചാണ്ടി രക്ഷപെടുന്നുമില്ല, മൂക്കൊലിപ്പ് ഒടുങ്ങുന്നുമില്ല.

വിമതന്‍ പറയുന്നു....
സിങ്വി സാര്‍ വന്നു മൂന്നു ദിവസം പഞ്ചനക്ഷത്രത്തില്‍ കുളിച്ചുണ്ടും കുടിച്ചുണ്ടും താമസിച്ചു മടങ്ങിയതോടെ ഐസക് മന്ത്രി രാവണന്‍കോട്ടയില്‍നിന്നു തടി സലാമത്താക്കിയെന്നു തോന്നിയതാണ്. പക്ഷേ, എന്തു ചെയ്യാം? കോട്ടവാതില്‍ കഷ്ടിച്ചു കടന്നപ്പോള്‍ അതാ, മുന്നില്‍ വായും പിളര്‍ന്നു നില്‍ക്കുന്ന ഒരു കിടങ്ങ്!

രാവണന്‍കോട്ട പണിഞ്ഞ് ഐസക്കിനെ അതിലുളളില്‍ തളയ്ക്കാമെന്ന് മോഹിച്ച് കളത്തിലിറങ്ങിയത് മനോരമയാണ്. ലാവലിന്‍ കേസില്‍ കളളക്കഥകള്‍ ചമച്ച പരിചയമുളള ജി വിനോദ്, സഞ്ജയ് ചന്ദ്രശേഖര്‍ തുടങ്ങിയ അപവാദപ്രതിഭകള്‍ക്കായിരുന്നു കൊട്ടേഷന്‍. പേജായ പേജൊക്കെ ലോട്ടറിക്കളളങ്ങളാല്‍ പൂത്തുലഞ്ഞു...പല നിറങ്ങളില്‍ പല വലിപ്പത്തില്‍ ഗംഭീരതലക്കെട്ടുകള്‍. നുണയില്‍ മുങ്ങിയ പരമ്പരകള്‍... ഐസക് കുടുങ്ങിയത് തന്നെന്ന് മാമ്മുക്കുട്ടിച്ചായന്‍ ഉറപ്പിച്ചു. പത്രം കെട്ടിയ മനക്കോട്ടയുടെ സ്കെച്ചും പ്ലാനും വിമതന്‍ വരച്ചിട്ടു.

അതായത് .... രാവണന്‍ കോട്ട കെട്ടുന്നത് മനോരമ, കോട്ടവാതില്‍ കഷ്ടിച്ച് കടന്നുവെന്ന് വിധിക്കുന്നത് മനോരമ. കിടങ്ങ് കിടക്കുന്നുവെന്ന് മനോരമ. അത് കണ്ട് ഐസക്ക് വാ പൊളിക്കുന്നുവെന്ന് മനോരമ.. ചുരുക്കത്തില്‍ ആണ്ടിയുടെ അടിയെക്കുറിച്ച് ആണ്ടി വക മഹാകാവ്യം. കാവ്യത്തിന് അവാര്‍ഡ് പ്രഖ്യാപിക്കുന്നതും നിരൂപണം എഴുതുന്നതും സാക്ഷാല്‍ ആണ്ടി...

ഇനിയാണ് ആണ്ടിയുടെ നിഷ്പക്ഷന്‍ കളി...

കോട്ടയില്‍നിന്നു രക്ഷപ്പെടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളും അത്ര ഭാഗ്യവാന്‍മാരൊന്നുമല്ല. മാര്‍ട്ടിന്‍സാറുമായി ബന്ധപ്പെട്ട കഥകളൊന്നും നേതാക്കളെക്കുറിച്ചു കേള്‍ക്കുന്നില്ലെന്നതു വലിയ ആശ്വാസമാണ്. എന്നാല്‍, കഥയുടെ പരിണാമഗുപ്തി എന്താണെന്ന് ആര്‍ക്കും പിടികൊടുക്കാതെയാണു ലോട്ടറി നാടകം പുരോഗമിക്കുന്നത് എന്നതുകൊണ്ട് ഏതു നിമിഷവും എന്തും സംഭവിക്കാം. മണികുമാര്‍ സുബ്ബ കോണ്‍ഗ്രസിനു വരുത്തിവച്ച ചീത്തപ്പേര് നാട്ടുകാര്‍ ഒരുവിധം മറന്നുവരുമ്പോഴായിരുന്നു സിങ്വി സാറിന്റെ എഴുന്നള്ളത്ത്. കുറച്ചുനാളത്തേക്കു വാ തുറക്കേണ്ടെന്നു സാറിനോടു നിര്‍ദേശിച്ചതുകൊണ്ടു തല്‍ക്കാലം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കു തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാമെന്ന നില വന്നിട്ടുണ്ടെന്ന് ആശ്വസിക്കാം.

മാര്‍ട്ടിന്‍സാറുമായി ബന്ധപ്പെട്ട കഥകളൊന്നും നേതാക്കന്മാരെക്കുറിച്ച് കേള്‍ക്കുന്നില്ലെന്നത് വലിയ ആശ്വസമാണ് പോലും. ആര്‍ക്ക്... മാര്‍ട്ടിന്‍ കോടതി കയറുമ്പോഴൊക്കെ രക്ഷിക്കാന്‍ ഓടിയെത്തുന്നത് ചിദംബരത്തിന്റെ പെമ്പിളേം തൃപ്പുത്രനുമാണെന്ന് ഇന്നേവരെ വിമതന്റെ പത്രം എഴുതിയിട്ടില്ല. അത് മറച്ചു വെച്ച് മനോരമ കൃത്രിമമായി നിര്‍മ്മിച്ചതാണ് ഈ പറയുന്ന "ആശ്വാസം". മാര്‍ട്ടിനെതിരെ നടന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടിയെടുക്കാത്തത് ചിദംബരത്തിന്‍റെ വകുപ്പ്. വിഎസ് അയച്ച അന്വേഷണ റിപ്പോര്‍ട്ട് മുക്കിയത് മന്‍മോഹന്‍ സിംഗ്. ലോട്ടറി മാഫിയയ്ക്കെതിരെ നിവേദനങ്ങളും പരാതികളും പ്രവഹിക്കുമ്പോള്‍ ഭൂട്ടാനിലേയ്ക്ക് നോക്കി ഏമ്പക്കം വിട്ടവര്‍ മനമോഹന്‍, ശിവരാജ് പാട്ടീല്‍, ചിദംബരം മുതല്‍പേര്‍.

ചുരുക്കത്തില്‍ "കേരളത്തെ കുത്തിപ്പൊളിച്ച് കൊളളയടിച്ച് വാ മകനേ" എന്ന് സാന്റിയാഗോ മാര്‍ട്ടിന്‍റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് അയച്ചത് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിലെ കൊടികെട്ടിയ വീരന്മാരും. മാര്‍ട്ടിന് ആവശ്യം വരുമ്പോഴൊക്കെ അനുകൂലമായ രേഖകളും കത്തുകളും ചമയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഊണും ഉറക്കവും കളഞ്ഞ് കാത്തിരിക്കുന്നു. ഇതൊന്നും ഇന്നേവരെ മനോരമ പുറത്തുപറഞ്ഞിട്ടില്ല. ജി വിനോദും സഞ്ജയ് ചന്ദ്രശേഖറും നടത്തിയ ലോട്ടറി വേട്ടയില്‍ ചിദംബരത്തിന്‍റെയും ശിവരാജ് പാട്ടിലീന്റെയും കഥകളില്ല. അപ്പോള്‍ പിന്നെ കോണ്‍ഗ്രസുകാര്‍ക്ക് തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാമല്ലോ.

മാത്രവുമല്ല മണികുമാര്‍ സുബ്ബയെന്നൊരുത്തന്‍ കോണ്‍ഗ്രസിന് ചീത്തപ്പേര് വരുത്തിവെച്ചുപോലും. ച്ചാല്‍... സല്‍പ്പേരിന്റെ പാലാഴിയില്‍ അതുവരെ നീന്തിത്തുടിക്കുകയായിരുന്നു കോണ്‍ഗ്രസ്. സുബ്ബ വന്നതോടെ സംഗതി ചീത്തപ്പേരായി. സുബ്ബ പാര്‍ലമെന്‍റിലേയ്ക്ക് മത്സരിച്ചത് 1998ല്‍. സോണിയ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത അതേവര്‍ഷം. സോണിയയ്ക്കൊപ്പം സുബ്ബയ്ക്കും വെച്ചടി കേറ്റമായിരുന്നു. മൂവട്ടം എം പി. ആസാം പിസിസി ട്രഷറര്‍. സുബ്ബയ്ക്കൊപ്പം ചീത്തപ്പേരും വളര്‍ന്നു. കൊലപാതകക്കേസില്‍ നേപ്പാളിലെ ജയിലിലായിരുന്നത്രേ വാസം. ജയില്‍ ചാടിയ സുബ്ബ ആസാം അസംബ്ലയില്‍ എംഎല്‍എ ആയി പൊങ്ങി. പാര്‍ട്ടി കോണ്‍ഗ്രസ്, ചിഹ്നം കൈപ്പത്തി.

പൗരത്വം സംബന്ധിച്ച് സിബിഐ കേസ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ പലവിധം ലോട്ടറിക്കേസുകള്‍. സുബ്ബ മഹാ സംഭവമായി. മഹാസംഭവത്തെ എംപിയാക്കി കോണ്‍ഗ്രസ് ആദരിച്ചു. സുബ്ബയുടെ വീരകൃത്യങ്ങളെ ന്യായീകരിച്ച് പത്രസമ്മേളനം നടത്തിയത് സാക്ഷാല്‍ പ്രണബ് മുഖര്‍ജി. ഒടുവിലിപ്പോള്‍ ബലാത്സംഗക്കേസില്‍ പ്രതിയായി സുബ്ബ ഒളിവില്‍.
പക്ഷേ, ദോഷം പറയരുത്. ഈ വിവരങ്ങളൊന്നും മനോരമയുടെ ലോട്ടറി പരമ്പരയില്‍ ഇല്ല. സുബ്ബയെക്കുറിച്ച് മാതൃഭൂമിയും മിണ്ടിയില്ല. ഇവരാരും മിണ്ടാതിരുന്നിട്ടും കോണ്‍ഗ്രസിന് എങ്ങനെ ചീത്തപ്പേരുണ്ടായി എന്നാണ് അത്ഭുതം. ..

കുറച്ചുനാളത്തേയ്ക്ക് വാ തുറക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് സിംഗ്‍വി സാറിനോട് നിര്‍ദ്ദേശിച്ചുപോലും. തുറന്ന വായില്‍ നിന്ന് തെറിച്ചുവീണത് ഒന്നാന്തരം വാദങ്ങളായിരുന്നുവെന്ന് വിമതന്‍ മിണ്ടുന്നില്ല. പ്രതിദിനം 24 നറുക്കെടുപ്പ് നടത്താന്‍ സാന്‍റിയാഗോ മാര്‍ട്ടിനെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. അതിനുളള ന്യായമോ കേന്ദ്രലോട്ടറി ചട്ടത്തില്‍ അങ്ങനെ പറയുന്നുണ്ടത്രേ. ചട്ടമുണ്ടാക്കിയതാര്... ചിദംബരം...

മാര്‍ട്ടിന് യഥേഷ്ടം കൊള്ളനടത്താന്‍ വേണ്ടി ചിദംബരം ചട്ടമുണ്ടാക്കുന്നു. ആ ചട്ടം പാലിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് കോടതിയില്‍ വാദിക്കുന്നു. എന്നിട്ടും മനോരമ രാവണന്‍കോട്ട കെട്ടുന്നത് ഐസക്കിനെ കുടുക്കാന്‍. കിടങ്ങ് കുഴിക്കുന്നത് ഐസക്കിനെ വീഴ്ത്താന്‍.

സിം‍ഗ്‍വിയ്ക്ക് വക്കാലത്തും വക്കീല്‍ഫീസും നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്‍. തിന്നാനും കുടിക്കാനും കിടക്കാനും പണമൊഴുക്കിയത് സാന്റിയാഗോ മാര്‍ട്ടിന്‍. തനിക്ക് വക്കാലത്ത് തന്നത് ഭൂട്ടാന്‍ സര്‍ക്കാരാണെന്ന സിം‍ഗ്‍വിയുടെ വാദത്തിന് നേരത്തോടുനേരം പോലും ആയുസുണ്ടായില്ല. എന്നിട്ടും മാര്‍ട്ടിന്റെ വക്കാലത്ത് ഭൂട്ടാന്‍റേതായത് എങ്ങനെയാണ് അന്വേഷിക്കാന്‍ മനോരമയിലെ പത്രപ്പുലികള്‍ പരക്കം പാഞ്ഞില്ല.

മനോരമക്കാര്‍ എന്തന്വേഷിക്കണമെന്നും എന്തെഴുതണമെന്നും ഉമ്മന്‍ചാണ്ടി നിശ്ചയിക്കും. മനസിലുണ്ടെങ്കില്‍ മനോരമയിലുണ്ടെന്ന പരസ്യവാചകത്തിലെ അദൃശ്യനായ കര്‍ത്താവ് ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ മനസിലുളളതേ മനോരമയില്‍ അച്ചടിക്കപ്പെടൂ. ഉമ്മന്‍ചാണ്ടി കല്‍പ്പിക്കും, സതീശന്‍ വ്യാഖ്യാനിക്കും. ജി വിനോദ്, സഞ്ജയ് ചന്ദ്രശേഖര്‍ തുടങ്ങിയ തൂലികാനാമങ്ങള്‍ വഴി പുറംലോകം വായിക്കും.

ഇവരൊക്കെ എഴുതിക്കൂട്ടിയത് കൊണ്ട് തോമസ് ഐസക് രാവണന്‍ കോട്ടയില്‍ കുടുങ്ങിപ്പോയെന്ന് വിമതന്‍ നിരീക്ഷിക്കും. നാട്ടുകാര്‍ അവരുടെ പാടുനോക്കി പോവും.

ഐസക്കിനെ വീഴ്ത്താന്‍ മനോരമ കുഴിച്ച കിടങ്ങ് ഇതായിരുന്നു.

കോയമ്പത്തൂരിലെ മാര്‍ട്ടിന്‍സാറിന്റെ മേഘത്തെ തള്ളിപ്പറഞ്ഞു കിടങ്ങു താണ്ടാമെന്നു കരുതിയപ്പോള്‍ അതാ വരുന്നു അടുത്ത ശകുനംമുടക്കി. മേഘത്തിന്റെ കയ്യില്‍നിന്ന് എന്തിനു 30 മാസം കാശു വാങ്ങിയെന്നായി അടുത്ത ചോദ്യം.

ഈ ചോദ്യം ചോദിച്ചവന്‍ ജി. വിനോദ്. ചോദ്യം ചോദിക്കാനേ പുളളിക്കറിയൂ. ഉത്തരം തേടാന്‍ കോടതിവിധികളൊന്നും വായിച്ച് മനസിലാക്കാനുളള കപ്പാക്കുറ്റിയില്ലാതായിപ്പോയി. സംശയനിവാരണം നടത്താന്‍ ആകെയുളള അത്താണി വിഡി സതീശനും. ഐസക് മേഘയുടെ കയ്യില്‍ നിന്ന് നികുതി വാങ്ങാന്‍ വിസമ്മതിച്ചെന്നും അവര്‍ കോടതിയില്‍ പോയെന്നും കോടതി മേഘയ്ക്ക് അനുകൂലമായി കേസ് വിധിച്ചെന്നും തെളിവായി സ്വീകരിച്ച് ഉമ്മന്‍ചാണ്ടി നല്‍കിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആയിരുന്നുവെന്നും അക്കാര്യം വെടിപ്പോടെ കോടതിവിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും ജി വിനോദിനറിയില്ല. സതീശനൊട്ട് പറഞ്ഞുകൊടുത്തുമില്ല. അതുകൊണ്ട് ടിയാന്‍ ഒരു തറവേല ചെയ്തു.

താന്‍ ചോദിച്ചത് ഒരു മഹാചോദ്യമാണെന്നും ആ ചോദ്യം കണ്ട് തോമസ് ഐസക്ക് പകച്ചു പനിച്ചു വിറച്ചുകിടക്കുകയാണെന്നും വേറേ പേരില്‍ മനോരമയില്‍ തന്നെ എഴുതിവെച്ചു...

ആണ്ടിയുടെ അടിയെക്കുറിച്ച് സാക്ഷാല്‍ ആണ്ടി രചിക്കുന്ന മഹാകാവ്യങ്ങള്‍ ഇനിയും തുടരും...

*

പൊളിച്ചെഴുത്ത് ബ്ലോഗിലെ കോമാളിയ്ക്കറിയാമോ കോടതിവിധി എന്ന പോസ്റ്റിന്റെ പുനഃപ്രസിദ്ധീകരണം.

Thursday, August 26, 2010

ലോട്ടറിരോഗം

തന്റെ സ്ഥാനാരോഹണം വിളംബരം ചെയ്ത മുഖപ്രസംഗത്തില്‍ 'പാവനമായ പത്രധര്‍മത്തിന്റെ അടയാളമുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മനോരമയുടെ തായ്‌വേരിലുണ്ട്' എന്നാണ് പുതിയ പത്രാധിപര്‍ മാമ്മന്‍ മാത്യു ആഗസ്ത് 19ന് അവകാശപ്പെട്ടത്. കാവ്യനീതിയെന്നു തന്നെ പറയണം, മനോരമയ്ക്കു മാത്രം അവകാശപ്പെട്ട 'പാരമ്പര്യത്തിന്റെ അടയാളമുദ്ര'കളത്രയും പതിഞ്ഞ ലോട്ടറി പരമ്പര, ഈ മുഖപ്രസംഗം അച്ചടിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 'ഈ പരമ്പര ഇവിടെ അവസാനിക്കുന്നു; ഈ തട്ടിപ്പ് ആരവസാനിപ്പിക്കും' എന്ന ചോദ്യത്തോടെയാണ് മനോരമ ലോട്ടറി പുരാണം പൂര്‍ത്തിയാക്കുന്നത്.

അവസാനിപ്പിക്കേണ്ടത് ആരാണെന്നതില്‍ മനോരമയ്ക്കൊഴികെ മറ്റാര്‍ക്കും സംശയമില്ല. കേന്ദ്ര സര്‍ക്കാരിനാണ് അതിനുള്ള അധികാരവും ഉത്തരവാദിത്തവും. മനോരമയുടെ മാനസപുത്രന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. അതിങ്ങനെ: 'അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്റെ സര്‍ക്കാരിന് ഒരധികാരവുമില്ല, ഞങ്ങള്‍ നിസ്സഹായരാണ്, അന്യസംസ്ഥാന ലോട്ടറികള്‍ തടയുന്നതിന് കേരള സംസ്ഥാന ഭാഗ്യക്കുറിയും നിരോധിക്കാന്‍ എന്റെ ഗവൺമെന്റ് നിര്‍ബന്ധിതമായി, ഇതല്ലാതെ സംസ്ഥാനത്തിന് മറ്റൊരു പോംവഴിയുമില്ല'. (കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് ഉമ്മന്‍ചാണ്ടി അയച്ച കത്ത്, 2005 ഫെബ്രുവരി 7)

ലോട്ടറി പ്രശ്നത്തില്‍ രണ്ടുകാര്യമേ ഉള്ളൂ. തട്ടിപ്പുനടക്കുന്നു; നടപടിയുണ്ടാകുന്നില്ല. തട്ടിപ്പുതടയാന്‍ ബാധ്യതപ്പെട്ട കേന്ദ്രം അനങ്ങുന്നില്ല. സംസ്ഥാനത്തിന് അധികാരം കൊടുക്കുന്നുമില്ല. അടിസ്ഥാനപരമായ ഈ വസ്തുതയില്‍ തൊടാതെ, ലോട്ടറി, നികുതി, കുടിശ്ശിക എന്നെല്ലാം എഴുതിപ്പെരുപ്പിച്ച് മനോരമ ഒരു തെരഞ്ഞെടുപ്പുസേവ നടത്തുകയാണ്. തോമസ് ഐസക്കിനെ ഒന്നു തോണ്ടി നോക്കുകയാണ്. അല്ലെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ലോട്ടറി രാജാവ് കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ മണി കുമാര്‍ സുബ്ബയാണ് എന്ന ഒരു വാചകമെങ്കിലും കാണുമായിരുന്നു ആ പരമ്പരയില്‍.

അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണെന്നതില്‍ ആര്‍ക്കുമില്ല സംശയം. അവയെ നിയന്ത്രിക്കുകയല്ല, നിരോധിക്കുക തന്നെ വേണം. അതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര ലോട്ടറിനിയമം ലംഘിച്ചാണ് അന്യസംസ്ഥാന ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന ആവശ്യം കേട്ടുതുടങ്ങിയിട്ട് നാളുകുറെയായി. എന്തുകൊണ്ട് കേന്ദ്രം ഇങ്ങനെ പെരുമാറുന്നെന്ന് മനോരമ തന്നെ പരിശോധിക്കട്ടെ. ഏകപക്ഷീയമായി സൃഷ്ടിക്കുന്ന തെറ്റിദ്ധാരണയില്‍ യുഡിഎഫിന് രാഷ്ട്രീയ വിളവെടുപ്പ് നടത്താമെന്ന സ്വപ്നമാണ് മനോരമയ്ക്ക്.

വസ്തുതകള്‍ക്കു മുകളില്‍ കരിമ്പടം വിരിച്ച് മറുവാദങ്ങള്‍ തമസ്കരിച്ച് ഒരുതരം മാധ്യമ ഒളിസേവ. 'നാലരവര്‍ഷം എന്തു ചെയ്തു?' എന്നാണ് ചോദ്യം. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അന്വേഷിക്കാന്‍ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘത്തെ 2006 സെപ്തംബറില്‍ നിയോഗിച്ചത് ഇടതുമുന്നണി സര്‍ക്കാരാണ്. ആ വിവരം പരമ്പരയില്‍ ഇല്ല; എന്നാല്‍, സിബി മാത്യൂസിന്റെ റിപ്പോര്‍ട്ട് അതേപടി പകര്‍ത്തി 'സ്വന്തം' കണ്ടെത്തലാക്കുന്നതിനു മടികാട്ടിയിട്ടുമില്ല. സര്‍ക്കാര്‍ എന്തുചെയ്തെന്നു പരിശോധിക്കാന്‍ വലിയ പരമ്പരയൊന്നും എഴുതേണ്ടതില്ല-ദൈനംദിനം പത്രം വായിച്ചാല്‍ മതി. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുളള അന്യസംസ്ഥാന ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നോട്ടീസ് 2006 ഒക്ടോബര്‍ 27നു പുറപ്പെടുവിച്ചത് സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയാണെന്നതില്‍ മനോരമയ്ക്ക് സംശയമുണ്ടോ?

2006 നവംബര്‍ 11ന് ഈ റിപ്പോര്‍ട്ട് സംസ്ഥാന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അയച്ചത് മനോരമയ്ക്ക് അറിയില്ലേ?. അടിയന്തര നടപടി ആവശ്യപ്പെട്ട് പിന്നെയും പലതവണ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയതും ഒടുവില്‍ സര്‍വകക്ഷിയോഗം പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചതും എന്തേ പരമ്പരാന്വേഷികള്‍ മറച്ചുപിടിക്കുന്നു? അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അക്കമിട്ടു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കൊടുത്തിട്ടും കേന്ദ്രം ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്നു തുറന്നടിക്കുന്ന നിവേദനത്തില്‍ തന്നെയാണ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി കൈയൊപ്പു ചാര്‍ത്തിയത്. എന്നിട്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചെന്ന പച്ചക്കള്ളം അദ്ദേഹം പ്രസംഗിച്ചുനടക്കുന്നത്. ആ പെരുങ്കള്ളത്തെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ ഇപ്പോള്‍ മനോരമയും.

ആരെങ്കിലും എഴുതിക്കൊടുക്കുന്നത് ഉപ്പുകൂട്ടാതെ പരമ്പരയാക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും. ഉമ്മന്‍ചാണ്ടിയുടെ കള്ളം മനോരമയുടെ കണ്ടെത്തലാകുന്ന മറിമായം! സിക്കിം ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടി അസ്ഥിരപ്പെടുത്തിയെങ്കിലും അവര്‍ നടത്തുന്ന നിയമലംഘനത്തിന്റെ ആഴവും വ്യാപ്തിയും ക്രൌര്യവും ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് ബോധ്യപ്പെട്ടിരുന്നു. സംസ്ഥാനസര്‍ക്കാര്‍ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ മനസ്സിലാക്കി ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ വിധിന്യായത്തില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ മനോരമയിലെ ക്വട്ടേഷന്‍ സംഘം വായിച്ചുപഠിക്കണം. വിധിന്യായത്തിലെ 24-ാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു

... But, I think, the matter cannot be left at that. When a State Government finds that the lottery of another State is run in violation of Section 4 of the Lotteries (Regulation) Act, 1998, the Central Government have a duty to look into the matter. The learned Special Government Pleader, at the time of hearing, handed over to me, three D O letters dated 07-02-2005, 06-04-2005 and 10-11-2006, written by the Chief Ministers of Kerala to the Central Home Ministry. From the submissions and materials available, it would appear that the Central Government has not bestowed its attention on the representations of the highest Constitutional functionaries of the Executive Government of the State. (WPC 30176/2006 dated January 10, 2007)

അടിവരയിട്ട ഭാഗത്തിന്റെ പ്രസക്തി പിന്നാലെ പരിശോധിക്കാം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവഗണിച്ചെന്ന് ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ക്ക് ബോധ്യപ്പെട്ട മൂന്നു കത്തില്‍ രണ്ടെണ്ണം അയച്ചത് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയാണ്. സംസ്ഥാന ഭരണകൂത്തലവന്മാര്‍ തുടര്‍ച്ചയായി അയച്ച കത്തുകളിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. കേരളത്തിന്റെ കത്തുകളെ പുല്ലുപോലെ അവഗണിച്ച കേന്ദ്ര ഭരണാധികാരികളാണ് അരപ്പട്ടിണിക്കാരന്റെ സമ്പാദ്യപ്പെട്ടി കൊത്തിയെടുക്കുന്ന ചൂതാട്ടക്കഴുകന്മാര്‍ക്ക് താങ്ങുംതണലുമായി നില്‍ക്കുന്നതെന്ന വസ്തുത മനോരമയുടെ പരമ്പരയിലെങ്ങും കാണില്ല.

കോടതി വിധിയിലെ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവഗണിച്ചു തളളിയ രണ്ടു കത്ത് ഉമ്മന്‍ചാണ്ടി എഴുതിയിട്ടുണ്ടെന്ന വസ്തുത ഹൈക്കോടതി ജഡ്ജിയെ അറിയിച്ചത് സര്‍ക്കാര്‍ അഭിഭാഷകനാണ്. എന്നാല്‍, കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള അനുവാദം മനോരമ പത്രാധിപരോ എഴുതിക്കൊടുപ്പു സിന്‍ഡിക്കേറ്റോ പകര്‍ത്തിയെഴുത്തുകാര്‍ക്ക് നല്‍കിയിട്ടില്ല. അതുകൊണ്ടവര്‍ ഉമ്മന്‍ചാണ്ടി കത്തെഴുതിയ വിവരം പുറത്തറിയിച്ച അഭിഭാഷകനു നേരെ പരമ്പരയില്‍ കുരച്ചുചാടി. ലോട്ടറി മാഫിയക്കു വേണ്ടി നിയമത്തിന്റെ സംരക്ഷണവലയം തീര്‍ക്കാന്‍ 2003ല്‍ കേരള ഹൈക്കോടതിയില്‍ പാഞ്ഞെത്തുകയും കേന്ദ്രമന്ത്രിപദം പൂകിയപ്പോള്‍ ഈ ചുമതല സന്തോഷപൂര്‍വം സ്വന്തം ഭാര്യക്ക് കൈമാറുകയും ചെയ്ത ഇന്നത്തെ കേന്ദ്രമന്ത്രി ചിദംബരത്തെ അതുവഴി ഒളിപ്പിച്ചു നിര്‍ത്തുകയും ചെയ്തു.

ലോട്ടറി മാഫിയക്കെതിരെ ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശം കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. ഡിവിഷന്‍ ബെഞ്ചില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അവതരിപ്പിച്ച വാദത്തില്‍ അത് തെളിയുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുള്ള ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല എന്നായിരുന്നു ഒരു വാദം. നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടത് അനുചിതമാണെന്നുകൂടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ വാദിച്ചു. ഇക്കാര്യങ്ങള്‍ വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഒരധികാരവുമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദം അംഗീകരിക്കാതിരിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് കഴിഞ്ഞില്ല. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെയടക്കം രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടിയും അന്നത്തെ ആക്ടിങ് ചീഫ് ജസ്റിസായിരുന്ന കെ എസ് രാധാകൃഷ്ണനും ജസ്റിസ് എം എന്‍ കൃഷ്ണനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അസാധുവാക്കി. ആരാണ് കുറ്റവാളി? സംസ്ഥാന സര്‍ക്കാര്‍ കേസ് കല്‍പ്പിച്ചുകൂട്ടി തോറ്റതോ തോല്‍പ്പിക്കാനായി കേന്ദ്രത്തിലെ വലിയ സര്‍ക്കാര്‍വക്കീലായ ഗോപാലനെ ഹൈക്കമാന്‍ഡ് പറഞ്ഞുവിട്ടതോ? ഇതിനെല്ലാമുള്ള ഉത്തരമല്ലേ മനോരമ അന്വേഷിക്കേണ്ടത്?

പ്രാര്‍ഥനകളോടെ പുനരര്‍പ്പണം എന്ന ആഗസ്ത്19ന്റെ എഡിറ്റോറിയലില്‍ മാമ്മന്‍ മാത്യു ഇങ്ങനെ പറയുന്നു... 'ഫലശൂന്യമായ രാഷ്ട്രീയകലഹങ്ങളില്‍നിന്ന് വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റാനാണ് മനോരമ അച്ചടി മഷി ഏറെയും ചെലവഴിച്ചിട്ടുള്ളത്...' 'വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റുക' എന്നു പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയെ ഭരണമേല്‍പ്പിക്കാന്‍ വേഷംകെട്ടിയാടുക എന്നര്‍ഥം. വാളയാറില്‍ നികുതിവെട്ടിച്ചു കടത്തിയ ലോട്ടറി ടിക്കറ്റ് ലോഡ് പിടിച്ചപ്പോള്‍ മനോരമ പറയുന്നു: 'ലോട്ടറി വിവാദം കത്തിനില്‍ക്കെ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് കോടികള്‍ വിലമതിക്കുന്ന സിക്കിം ലോട്ടറി ടിക്കറ്റുകള്‍ മുന്‍കൂര്‍ നികുതിയടയ്ക്കാതെ കേരളത്തിലേക്കു കടത്തി'. ആരാണ് കടത്തുകാരെ പിടിച്ചത്? ആരാണ് പിഴ ചുമത്തിയത്? കണ്ടത്തില്‍ കുടുംബത്തില്‍നിന്നുള്ളവരല്ല-കേരള സര്‍ക്കാരിന്റെ വാണിജ്യനികുതി വകുപ്പുദ്യോഗസ്ഥരാണ്. എന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയാണത്രേ.

ഓണക്കാലത്ത് തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റില്‍ ചേനയുടെ മൊത്തവില സര്‍ക്കാര്‍ വില്‍പ്പനശാലയിലെ ചില്ലറവിലയേക്കാള്‍ കുറവായിരുന്നത്രേ. മനോരമ അതു കണ്ടെത്തി എഴുതി, 'പച്ചക്കറിക്ക് സര്‍ക്കാരിന്റെ കൊള്ളവില' എന്ന്. ഓണത്തിനു ന്യായവിലയ്ക്ക് സര്‍ക്കാര്‍ ഒരുക്കിയ വില്‍പ്പനശാലകളില്‍നിന്ന് പച്ചക്കറി വാങ്ങിയവരെ നോക്കി ഒരു പല്ലിളിക്കല്‍. ഇതാണ് മാധ്യമ പ്രവര്‍ത്തനം. ലോട്ടറി കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെയും തോമസ് ഐസക്കിനെയും അങ്ങ് പുഴുങ്ങിക്കളയാം എന്നാഗ്രഹിക്കുന്നവരുണ്ടാകും. അവര്‍ക്ക് ഒത്താശചെയ്യേണ്ടത് മനോരമ തന്നെ. ഇനി ലോട്ടറിക്കാര്യം എഴുതുമ്പോള്‍ സുബ്ബ, ചിദംബരം എന്നിങ്ങനെയുള്ള ചില പേരുകളെങ്കിലും മനോരമ ഓര്‍ത്താല്‍ നന്ന്. അതല്ലെങ്കില്‍ പണ്ട് പത്രത്തിന്റെ തുടക്കക്കാലത്ത് നടത്തിയ 'ഷോഡതി'യുടെ കഥ ഒന്ന് ഓർമ്മിക്കുകയെങ്കിലും വേണം. പറയുമ്പോൾ എല്ലാം പറയണമല്ലോ.

*****

പി എം മനോജ്, കടപ്പാട് : ദേശാഭിമാനി 26-08-2010