ടാറ്റയും റിലയന്‍സും മാത്രമല്ല ഇന്ത്യയിലെ ഓരോ കോര്‍പറേറ്റുകളും കാര്യസാധ്യത്തിന് ബൂര്‍ഷ്വാ രാഷ്‌ട്രീയക്കാരെയും അവരുടെ തണലിലുള്ള കമ്പനികളെയും ആശ്രയിക്കുന്നു എന്ന സത്യമാണ് തമിഴ്‌നാട്ടിലെ പെരമ്പലൂര്‍ കാട്ടിത്തരുന്നത്. എംആര്‍എഫ് എന്ന ടയര്‍ കമ്പനിക്കു വേണ്ടി കര്‍ഷകരുടെയും ദളിതരുടെയും ഭൂമി ചുളുവിലയ്‌ക്ക് തട്ടിയെടുത്തതിന്റെ പൊള്ളുന്ന യാഥാര്‍ഥ്യമാണ് പെരമ്പലൂരിന് പറയാനുള്ളത്.
എംആര്‍എഫ് കമ്പനിയെക്കുറിച്ച് അറിയാത്ത മലയാളിയുണ്ടാവില്ല. എംആര്‍എഫും തമിഴ്‌നാടും തമ്മിലുള്ള ബന്ധവും പ്രസിദ്ധം. മലയാളമനോരമ കുടുംബത്തിലെ കെ എം മാമ്മന്‍ മാപ്പിള 1946ല്‍ ചെന്നൈയിലെ തിരുവൊട്ടിയൂരില്‍ ആരംഭിച്ച ബലൂൺ ഫാക്‌ടറിയാണ് ഇന്ന് 5000 കോടി ടേൺഓവറുള്ള രാജ്യത്തെ ഏറ്റവും വലിയ ടയര്‍ കമ്പനിയായി മാറിയത്. ആദ്യ ബലൂൺ ഫാക്‌ടറി തുടങ്ങിയത് ചെന്നൈയില്‍, ഇതേ നഗരത്തിലാണ് എംആര്‍എഫിന്റെ ആദ്യത്തെ ഓഫീസ് 1949ല്‍ തമ്പുചെട്ടിതെരുവിലെ 334-ാം നമ്പര്‍ മുറിയില്‍ തുറന്നതും. ചെന്നൈക്കു പുറമെ ആര്‍ക്കോണത്തും ഫാക്‌ടറി തുറന്നു. ഇപ്പോള്‍ പെരമ്പലൂരിലും ഫാക്‌ടറി തുറക്കാനാണ് എംആര്‍എഫിന്റെ ശ്രമം. 900 കോടി രൂപ ചെലവഴിച്ചാണ് ഫാക്‌ടറി സ്ഥാപിക്കുന്നത്. ചെന്നൈക്കടുത്തുള്ള തിരുച്ചിയില്‍ ടയര്‍ കമ്പനി തുടങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത് പെരമ്പലൂരിലായിരുന്നു. ഈ ജില്ലയിലെ നാറാണമംഗലം, വിജയഗോപാലപുരം എന്നീ പഞ്ചായത്തുകളിലായി 600 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ അനുവദിച്ചത്.
2007ല്‍ സ്ഥലം ലഭിച്ച ഉടന്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ എംആര്‍എഫ് കമ്പനി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അര ഏക്കറും ഒരു ഏക്കറും മാത്രം ഭൂമിയുള്ള കര്‍ഷകര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. കൃഷിക്ക് പറ്റിയ മണ്ണായ ഇവിടെ നാരങ്ങയും നിലക്കടലയും ഉള്ളിയും നെല്ലും മറ്റും വിളഞ്ഞിരുന്നു. എംആര്‍എഫ് കമ്പനിക്കുവേണ്ടി ജില്ലയിലെ റവന്യൂ ഓഫീസര്‍മാര്‍തന്നെ രംഗത്തെത്തി ഭൂവടമകള്‍ക്ക് മുമ്പില്‍ പ്രലോഭനങ്ങള്‍ വാരിവിതറിയെങ്കിലും ഫലമുണ്ടായില്ല. കമ്പോളവിലയും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്‌തെങ്കിലും അതില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചില്ല.
ഈ ഘട്ടത്തിലാണ് ഇടനിലക്കാരെ ഉപയോഗിച്ച് പാവങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങുന്നത്. ഇതിനായി ടയര്‍ കമ്പനി ഉപയോഗിച്ചത് സ്പെക്‌ട്രം വിവാദ നായകന്‍ എ രാജയുടെ റിയല്‍ എസ്റ്റേറ്റ് കമ്പനിയെയാണ്. കേന്ദ്രമന്ത്രി രാജയുമായുള്ള ബന്ധം അറിഞ്ഞുതന്നെയായിരുന്നു ഈ നീക്കം. സംസ്ഥാനം ഭരിക്കുന്നത് ഡിഎംകെയാണെന്നും രാജയുടെ കമ്പനി ഇടപെട്ടാല്‍ സര്‍ക്കാരിന്റെ സഹകരണം ശക്തമാകുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. അത് ശരിയാണെന്ന് തെളിയുകയും ചെയ്‌തു.
റാഡിയ ടേപ്പ് പുറത്തുവന്നതിനെത്തുടര്‍ന്ന് സിബിഐ തമിഴ്‌നാട്ടില്‍ റെയ്ഡ് നടത്തിയ ഗ്രീന്‍ഹൌസ് പ്രൊമോട്ടേഴ്സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് എംആര്‍എഫിനുവേണ്ടി ഈ ഭൂമി ഏറ്റെടുത്തു നല്‍കിയത്. എ രാജയുടെ ഭാര്യ പരമേശ്വരി, രാജയുടെ സഹോദരന്‍ കലിയ പെരുമാള്‍, മൂത്ത സഹോദരന്‍ രാമചന്ദ്രന്റെ മകന്‍ രാംഗണേഷ്, അഡ്വ. മലര്‍മിഴി, സഹോദരിയുടെ മകന്‍ പരമേശ്വരകുമാര്‍ എന്നിവരെല്ലാം ഈ കമ്പനിയുടെ പ്രൊമോട്ടര്‍മാരാണ്. എ എം എസ് സാദിഖ് ബാഷയും ഈ കമ്പനിയുടെ പാര്‍ട്ണറായിരുന്നു. രാജയുടെ ജ്യേഷ്ഠന്‍ കലിയ പെരുമാളാണ് മാനേജിങ് ഡയറക്‌ടര്‍. ആര്‍ഡിഒയും എസ്‌പിയും മറ്റും ഇടപെട്ട് നേടാന്‍ കഴിയാത്തത് ഗ്രീന്‍ഹൌസ് പ്രൊമോട്ടേഴ്സിന് കഴിഞ്ഞു. ഏതാണ്ട് മുഴുവന്‍ ഭൂമിയും അവര്‍ ഒഴിപ്പിച്ചു. ഒഴിപ്പിക്കാനാകാത്ത 16 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയുംചെയ്‌തു. 2008 ഫെബ്രുവരിയോടെ ഈ സ്ഥലം മുഴുവന്‍ എംആര്‍എഫ് കമ്പനിക്ക് കൈമാറി. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ സ്ഥലം നഷ്‌ടപ്പെട്ട ഒരാള്‍ നല്‍കിയ കേസ് ഹൈക്കോടതി കഴിഞ്ഞാഴ്ച തള്ളുകയുംചെയ്‌തു.
40,000 രൂപ മുതല്‍ നാലുലക്ഷം രൂപവരെ അഡ്വാന്‍സായി നല്‍കിയാണ് പവര്‍ ഓഫ് അറ്റോര്‍ണി ഏഴുതിവാങ്ങിയത്. മൊത്തം 160 കുടുംബമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ 60 ദളിത് കുടുംബങ്ങളാണ്. ദളിതര്‍ക്ക് ഇത്ര തുകപോലും നല്‍കിയില്ല. ഏക്കറിന് 700 രൂപ നല്‍കിയാണ് തന്റെ 1.90 ഏക്കര്‍ ഭൂമി എജന്റുമാര്‍ തട്ടിയെടുത്തതെന്ന് മരുതമുത്തുവെന്ന ദളിതന്‍ വെളിപ്പെടുത്തുന്നു. 40,000 രൂപമുതല്‍ 90,000 രൂപവരെ മാത്രമാണ് ഇവര്‍ക്ക് നല്‍കിയത്. സ്ഥലം നല്‍കാന്‍ തയ്യാറാവാത്തവര്‍ക്കെതിരെ ജില്ലാ ഭരണകൂടത്തെ ഉപയോഗിച്ച് കള്ളക്കേസും ചുമത്തി. തങ്കരാജു എന്ന കര്‍ഷകന്റെ മകന്‍ ആര്‍ ശെന്തില്‍കുമാര്‍ ഇങ്ങനെ ജയിലിലടയ്‌ക്കപ്പെട്ട യുവാവാണ്. ഭൂമി വില്‍ക്കാന്‍ സമ്മതിച്ചാല്‍മാത്രമേ കേസില്‍നിന്ന് രക്ഷപെടാന്‍ കഴിയൂ എന്നതായിരുന്നു ഭീഷണി. അമ്മയെയും സഹോദരിയെപോലും ഇവര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി മൂന്നര ഏക്കര്‍ ഭൂമി നല്‍കാന്‍ ശെന്തില്‍കുമാര്‍ നിര്‍ബന്ധിതനായി. ജയിലില്‍നിന്ന് ശെന്തില്‍ കുമാറിനെ നേരേ കൊണ്ടുപോയത് ചെട്ടിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍. അതും രാത്രി ഒമ്പതു മണിക്ക്. ഭൂമി എഴുതിക്കൊടുത്തശേഷംമാത്രമേ ശെന്തിലിനെ പുറത്തുവിട്ടുള്ളൂ. പരമശിവത്തിനും കുടുംബത്തിനും പറയാനുള്ളത് മറ്റൊരു പിടിച്ചുപറിയുടെ അനുഭവം. രണ്ട് ഏക്കര്‍ ഭൂമിക്ക് അഞ്ചുലക്ഷം രൂപ കിട്ടിയപ്പോള്‍ ഇവര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍, പണം ലഭിച്ച ദിവസം രാത്രി പത്തോളം പേര്‍ വീട്ടിലെത്തി ഒന്നര ലക്ഷം രൂപ കൈക്കലാക്കി മടങ്ങി.
രാജയുടെ വലംകൈയായി അറിയപ്പെടുന്ന സാദിഖ് ബാഷയായിരുന്നു ഈ ഭൂമി ഒഴിപ്പിക്കല്‍ നടപടിക്ക് മുന്നിട്ടിറങ്ങിയത്. ശെന്തില്‍ മുരുകന്‍, ശെല്‍വരാജ്, സുബ്ബഡു എന്ന സുബ്രഹ്മണ്യന്‍ തുടങ്ങിയ ഏജന്റുമാരും ഇവരെ സഹായിച്ചു. സര്‍ക്കാര്‍ ആദ്യം ഭൂമി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ജനങ്ങളെ സംഘടിപ്പിച്ച് അതിനെ എതിര്‍ത്ത സ്ഥലവാസിയാണ് ശെന്തില്‍ മുരുകന്‍. പിന്നീട് ഡിഎംകെ പത്രമായ മുരശൊലിയുടെ ലേഖകനായി മാറിയ ഇയാള്‍ ഗ്രീന്‍ഹൌസ് പ്രൊമോട്ടോഴ്സിന്റെ ഏജന്റായി മാറിയത് സ്വാഭാവികം (രാജയുമായി ബന്ധമുള്ള ഇവരെയും സിബിഐ ചോദ്യം ചെയ്‌തിരുന്നു). 450 ഏക്കര്‍ ഭൂമിയാണ് സാദിഖ് ബാഷയും ഗ്രീന്‍ഹൌസ് പ്രൊമോട്ടേഴ്സും കൂടി എംആര്‍എഫിന് കൈമാറിയത്. 161 ഏക്കര്‍ സ്ഥലം ഇവരുടെ കൈവശംതന്നെയാണ് ഇപ്പോഴും. ഈയിനത്തില്‍ വന്‍ തുകയാണ് ഈ കമ്പനികള്‍ അടിച്ചെടുത്തത്. ഒരു ഏക്കറിന് 15 ലക്ഷം രൂപ നല്‍കിയെന്നാണ് എംആര്‍എഫ് അവകാശപ്പെടുന്നത്.
പെരമ്പലൂരിലെ ദളിതരുടെയടക്കം ഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുത്തപ്പോള്‍ അത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ല. അവരെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. സിംഗൂരിലും ചെങ്ങന്നൂരിലും പ്രതിഷേധത്തിന്റെ പതാക ഉയര്‍ത്തിയ മനുഷ്യാവകാശ സ്നേഹികളും ഇങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. പത്രമുത്തശ്ശിയുടെ കാര്യം പറയാനുമില്ല.
****
വി ബി പരമേശ്വരന്‍, കടപ്പാട് : ദേശാഭിമാനി
Thursday, December 30, 2010
പെരമ്പലൂരിന് പറയാനുള്ളത്
Subscribe to:
Post Comments (Atom)
1 comment:
ടാറ്റയും റിലയന്‍സും മാത്രമല്ല ഇന്ത്യയിലെ ഓരോ കോര്‍പറേറ്റുകളും കാര്യസാധ്യത്തിന് ബൂര്‍ഷ്വാ രാഷ്‌ട്രീയക്കാരെയും അവരുടെ തണലിലുള്ള കമ്പനികളെയും ആശ്രയിക്കുന്നു എന്ന സത്യമാണ് തമിഴ്‌നാട്ടിലെ പെരമ്പലൂര്‍ കാട്ടിത്തരുന്നത്. എംആര്‍എഫ് എന്ന ടയര്‍ കമ്പനിക്കു വേണ്ടി കര്‍ഷകരുടെയും ദളിതരുടെയും ഭൂമി ചുളുവിലയ്‌ക്ക് തട്ടിയെടുത്തതിന്റെ പൊള്ളുന്ന യാഥാര്‍ഥ്യമാണ് പെരമ്പലൂരിന് പറയാനുള്ളത്.
Post a Comment