Thursday, December 23, 2010

കുരിശും കിരീടവും

ഒന്നാം ഭാഗം സംവാദത്തിലെ പതിരും കതിരും

കോണ്‍ഗ്രസ് ഐക്കും അതിന്റെ നേതൃത്വത്തിലുള്ള മുന്നണിക്കും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും എതിരെ പോരാടുന്ന രാഷ്ട്രീയ സംവിധാനമാണ് കേരളത്തിലെ എല്‍ഡിഎഫ്. ഈ അടിസ്ഥാനത്തില്‍ കേരളരാഷ്ട്രീയം കൈകാര്യംചെയ്യുമ്പോള്‍ മതസമൂഹങ്ങളോടും അവയുടെ അനുയായികളോടും ഉണ്ടാകേണ്ട മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സമീപനം വളരെ മുമ്പേ വ്യക്തമാക്കിയിട്ടുള്ളതാണ്.

മാര്‍ക്സിസം-ലെനിനിസത്തിന്റെ ദര്‍ശനം ഭൌതികവാദപരമാണ്. അതുകൊണ്ട് വിവിധ മതങ്ങളുടെ നേതാക്കളും കമ്യൂണിസ്റ്റുകാരുമായുള്ള ആശയപരമായ വൈരുധ്യം നിലനില്‍ക്കുന്നു. ഇതുപ്രകാരം ആശയവാദത്തിന്റെ ആശയങ്ങള്‍ക്കെതിരെ സദാ പോരാടാനുള്ള കടമ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ക്കുണ്ട്. പക്ഷേ, വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്നത് മാത്രമല്ല കമ്യൂണിസ്റുകാരുടെ കടമ. അതിനേക്കാള്‍ പ്രധാനമാണ് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളില്‍ നടത്തേണ്ടതും നടത്തുന്നതുമായ പ്രായോഗിക സമരം. അതിന് സഹായകരമായ നിലപാട് മതമേധാവികളില്‍ ഒരു വിഭാഗം എടുത്താല്‍ അവരുമായി സഹകരിക്കുക; ഇങ്ങനെ ആശയതലത്തിലെ സമരം ഉപേക്ഷിക്കാതെതന്നെ പ്രായോഗിക വിഷയങ്ങളില്‍ സഹകരിക്കാന്‍ കഴിയുന്നിടങ്ങളില്‍ സഹകരിക്കുക. ഇതാണ് കമ്യൂണിസ്റ് പ്രസ്ഥാനം നേരത്തെ മുതല്‍ സ്വീകരിച്ച സമീപനം. ഈ നിലപാടിനെ നിരാകരിക്കുന്ന വാദമുഖങ്ങള്‍ പ്രചരിപ്പിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ചന്ദ്രപ്പന്റെ ടിവി-വാരിക അഭിമുഖങ്ങളിലെ ചില പരാമര്‍ശങ്ങള്‍ പിന്തിരിപ്പന്‍ മാധ്യമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്.

മതന്യൂനപക്ഷങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാരെപ്പറ്റി പല സന്ദേഹങ്ങളുമുണ്ടെന്നും അതു മാറ്റണമെന്നും ആശങ്കയകറ്റാന്‍ മാന്യതയുള്ള സംവാദം നടത്തണമെന്നുമുള്ള അഭിപ്രായം കഴിഞ്ഞ ആഴ്ചത്തെ എസിവി അഭിമുഖത്തിലും ചന്ദ്രപ്പന്‍ ആവര്‍ത്തിച്ചു. കെ ദാമോദരനും ഫാദര്‍ വടക്കനും തമ്മിലുള്ള മഹത്തായ സംവാദമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിന്റെ ചുവടുപിടിച്ച് സമകാലീന സംവാദങ്ങളുടെ നിലവാരത്തെപ്പറ്റി ചില അസംബന്ധങ്ങള്‍ മാധ്യമങ്ങള്‍ എഴുന്നള്ളിക്കുന്നുണ്ട്. അതിലേക്ക് കടക്കുംമുമ്പ് 1940കള്‍ മുതല്‍ 60കള്‍ വരെ നടന്ന സംവാദങ്ങളുടെ സ്വഭാവം ഓര്‍മിക്കാം.

'ക്രിസ്തുമതവും കമ്യൂണിസവും' എന്ന പുസ്തകം എഴുതിയ കെ ദാമോദരന്റെ 'യേശുക്രിസ്തു മോസ്കോയില്‍' എന്ന ലഘുഗ്രന്ഥത്തിന് മറുപടിയായി 'ക്രിസ്തു മോസ്കോയിലോ' എന്ന ആശ്ചര്യ ചോദ്യമുള്ള ലഘുലേഖ ഫാദര്‍ വടക്കന്‍ പ്രസിദ്ധീകരിക്കുകയും അതിന് 'ക്രിസ്തു മോസ്കോയില്‍ തന്നെ' എന്നു മറുപടി വരികയുംചെയ്തു. ഈ സംവാദമാണ് ഫാദര്‍ ജോസഫ് വടക്കന്റെ മനസ്സ് മാറ്റാനും കമ്യൂണിസ്റ്റ് സഹയാത്രികനാകാനും ഇടയാക്കിയതെന്ന് ചന്ദ്രപ്പന്‍ സൂചിപ്പിക്കുന്നു. അത് ചരിത്രത്തിന് നിരക്കുന്നതല്ല. 1950 കളില്‍ നടന്ന ഈ സംവാദാനന്തരമാണ് വടക്കനച്ചന്‍ കമ്യൂണിസ്റ്റുകാര്‍ ക്രിസ്തുവിന്റെ ശത്രുക്കളാണെന്ന കടുത്ത ആക്രോശവുമായി 'കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി'യുമായി ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കത്തോലിക്കാവിശ്വാസികളെ തെരുവിലിറക്കിയതും റോഡില്‍ കുത്തിയിരുന്ന സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ക്കായി ഞായറാഴ്ച കുര്‍ബാന നടത്തിയതും. ദാമോദരനുമായി സംവാദം തുടങ്ങിയ സമയത്ത് വടക്കനച്ചന്‍ ബ്രദര്‍ വടക്കനായിരുന്നു. അന്നത്തെ തര്‍ക്കത്തിന്റെ കേന്ദ്രവിഷയം സോവിയറ്റ് ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് രക്ഷയുണ്ടോ എന്ന വിഷയമായിരുന്നു. അതിന് ദാമോദരന്‍ നല്‍കിയ മറുപടി മര്‍ദിതരെ മോചിപ്പിക്കാന്‍ മര്‍ദകവര്‍ഗത്തിനെതിരെ പോരാടിയ യേശുവിന്റെ സ്വപ്നഭരണമാണ് സോവിയറ്റ്നാട്ടില്‍ എന്നായിരുന്നു. അന്നത്തെ ആ സംവാദത്തില്‍ ദാമോദരന്‍ മാര്‍പാപ്പയെ വിശേഷിപ്പിച്ചത് ഏറ്റവും വലിയൊരു നിലമുടമസ്ഥനെന്നും വന്‍കിട കുത്തക ബാങ്കുകളില്‍നിന്ന് ലക്ഷക്കണക്കിനുള്ള ഷെയറുകളുടെ ലാഭം വാങ്ങുന്ന ഒരു പിന്തിരിപ്പന്‍ മുതലാളിയെന്നുമായിരുന്നു. ഫ്രഞ്ച് വിപ്ളവത്തെ എതിര്‍ത്ത, ഇറ്റാലിയന്‍ സ്വാതന്ത്ര്യസമരത്തില്‍ പിന്തിരിപ്പന്‍മാരെ സഹായിച്ച, റഷ്യന്‍ വിപ്ളവത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച, ഇറ്റലിയില്‍ ഫാസിസ്റ്റ് സ്വേച്ഛാധിപതി മുസോളിനിയെ അനുഗ്രഹിച്ച മാര്‍പാപ്പയെ വെളിച്ചത്തിന്റെ നേര്‍ക്ക് യുദ്ധം പ്രഖ്യാപിച്ച ഇരുട്ടിനെ ആലിംഗനംചെയ്ത കറുത്തിരുണ്ട ഭീകരതയുടെ ചരിത്രരൂപം എന്നാണ് വിളിച്ചത്.

കുരിശിന്റെ വഴി സ്വത്തുടമവര്‍ഗത്തിന്റെ അധികാരചിഹ്നമായ കിരീടം സംരക്ഷിക്കുന്നതാവരുതെന്ന അന്നത്തെ ഓര്‍മപ്പെടുത്തലിനിടയില്‍, 1950 കളുടെ ആദ്യം ലോകം ശ്രദ്ധിച്ച 'ചുവപ്പന്‍ ആര്‍ച്ച് ബിഷപ്' ഇംഗ്ളണ്ടിലെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ഹ്യൂലറ്റ് ജോസണെ ഇ എം എസ് പരിചപ്പെടുത്തി. സി അച്യുതമേനോന്‍ ജയിലില്‍ കിടക്കവെ എഴുതിയ 'സോവിയറ്റ് നാട്- ഒരു പുതിയ ലോകം' എന്ന പുസ്തകത്തില്‍ കെട്ടുനാറിയ പൌരോഹിത്യത്തിന് എതിരെയുള്ള നിശിതപരാമര്‍ശങ്ങളുള്ള മതം എന്ന പ്രത്യേക അധ്യായമുണ്ടായിരുന്നു. ക്രൈസ്തവസഭയിലെ കമ്യൂണിസ്റ്റ് വിരുദ്ധ പുരോഹിതരുടെ തനിനിറം പുറത്തുകാട്ടുന്ന പുരോഗമന സാഹിത്യകാരന്മാരുടെ സൃഷ്ടികളില്‍ 'അന്തോണീ, നീയുമച്ചനായോടാ' എന്ന പൊന്‍കുന്നം വര്‍ക്കി കഥയുമുണ്ടായിരുന്നു. കോണ്‍ഗ്രസിന് വോട്ടുചോദിക്കാന്‍ പള്ളിപ്രസംഗം ചെയ്യുന്ന ടീലര്‍ അച്ചന്റെ വഴിപിഴച്ച ജീവിതം പരിഹാസപൂര്‍വം അനാവരണംചെയ്യുന്നതാണ് ആ വര്‍ക്കിക്കഥ. ഇങ്ങനെ കമ്യൂണിസ്റ്റ് ആശയപ്രചാരണം കെ ദാമോദരനില്‍ മാത്രമായി ഒതുങ്ങിയതല്ല. ഇതിനിടെ, ക്രിസ്തീയ സഭയോടുള്ള രാഷ്ട്രീയ വിയോജിപ്പിന് ഇ എം എസ് ഉപയോഗിക്കുന്ന ഭാഷ മോശമായിപ്പോയി എന്ന് ചിലര്‍ വിമര്‍ശിച്ചപ്പോള്‍ ക്രിസ്തീയ വിശ്വാസികളോട് ഒരു എതിര്‍പ്പും തനിക്കില്ലെന്നും എന്നാല്‍,ക്രിസ്തീയ ബഹുജനങ്ങളുടെ മതവികാരം കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുന്ന ക്രൈസ്തവ പൌരോഹിത്യത്തിനെതിരെ നിശിതഭാഷ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാകുകയാണെന്നും മറുപടി നല്‍കി. ഞങ്ങളെപ്പറ്റി പരാതി പറയുന്നവര്‍ ഞങ്ങള്‍ക്കെതിരെ അവര്‍ ഉപയോഗിക്കുന്ന ഭാഷ കാണാതിരിക്കുകയാണെന്ന ഇ എം എസിന്റെ ഉത്തരം ഇന്നത്തെ കാലത്തും പ്രസക്തമാണ്.

വിമോചനസമരത്തിനുശേഷം അധികാരത്തില്‍വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ചുരുളി-കീരിത്തോട് കര്‍ഷക കുടിയിറക്കിനെതിരെ കര്‍ഷകരെ രക്ഷിക്കാന്‍ എ കെ ജി മരണംവരെ നിരാഹാരം പ്രഖ്യാപിച്ച് സമരം നടത്തിയതടക്കമുള്ള സംഭവങ്ങളാണ് കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന ഫാദര്‍ വടക്കനെ കമ്യൂണിസ്റ്റ് സഹയാത്രികനാക്കി മാറ്റിയത്. അതില്‍ നേരത്തെ നടന്ന ആശയസമരവും അന്തര്‍ധാരയായി വര്‍ത്തിച്ചിട്ടുണ്ടാവും. കെ ദാമോദരന്‍- ഫാദര്‍ വടക്കന്‍ സംവാദത്തിന്റെ ഉയര്‍ന്ന രൂപമായിരുന്നു പിന്നീട് നടന്ന ഡോ. പൌലോസ് മാര്‍ ഗ്രിഗോറിയോസ്- ഇ എം എസ് സംവാദം. ഇതെല്ലാം ചന്ദ്രപ്പന്റെ ശ്രദ്ധയില്‍ സാധരണഗതിയില്‍ വരേണ്ടതായിരുന്നു. അതുണ്ടായില്ല.

പഴയ സംവാദങ്ങളുടെ കാലത്ത് ലാറ്റിന്‍ അമേരിക്കയില്‍ ക്യൂബയില്‍ മാത്രമായിരുന്നു ഇടതുപക്ഷ നേതൃഭരണം. ഇന്ന് ഏഴോ എട്ടോ രാഷ്ട്രങ്ങള്‍ ഇടതുപക്ഷ നേതൃഭരണത്തിലാണ്. പതിറ്റാണ്ടായി കേരളത്തിലെ മതന്യൂനപക്ഷ വിഭാഗത്തിലെ നല്ലൊരുപങ്ക് വിമോചനസമര രാഷ്ട്രീയത്തില്‍നിന്ന് മോചിതമാണ്. അത് സ്ഥായിയായിട്ടില്ല എന്നത് പോരായ്മയാണ്. എങ്കിലും മതന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരുവമ്പാടി നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫ് ജയിക്കുന്നുണ്ട്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം മത്തായി ചാക്കോയുടെ വേര്‍പാടിനെത്തുടര്‍ന്ന് തിരുവമ്പാടിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴാണ് അവിടത്തെ ബിഷപ്പുമായി പ്രസംഗവേദികളില്‍ ഏറ്റുമുട്ടാന്‍ നിര്‍ബന്ധിതമായത്. കമ്യൂണിസ്റ്റായി ജീവിച്ചുമരിച്ച മത്തായി ചാക്കോയെ പാര്‍ടി ഓഫീസ് പറമ്പില്‍ സംസ്കരിച്ചത് പൊറുക്കാനാകാത്ത അപരാധമാണെന്നും മരിക്കുംമുമ്പ് സ്വബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചയാളെ പള്ളിയില്‍ അടക്കാതിരുന്നത് വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ബിഷപ് വിശ്വാസികളുടെ റാലിയില്‍ പ്രസംഗിച്ചപ്പോള്‍ അതിനെതിരെ നിശിതമായ ഭാഷയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചത് സ്വാഭാവികമാണ്. എന്നാല്‍, അതിലെ പദപ്രയോഗത്തെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വിവാദമുണ്ടാക്കാനാണ് പിന്തിരിപ്പന്‍ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും ശ്രമിച്ചത്.

ഇത്തരം വക്രീകരണംകൊണ്ട് സിപിഐ എം നേതൃത്വത്തെ ന്യൂനപക്ഷ സമുദായങ്ങളില്‍നിന്ന് അകറ്റാന്‍ കഴിയില്ല. ക്രൈസ്തവസഭാ പുരോഹിതശ്രേഷ്ഠരിലെ ശ്രേഷ്ഠനാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപോലിത്ത. അദ്ദേഹത്തിന്റെ 92-ാം പിറന്നാള്‍ച്ചടങ്ങില്‍ പിണറായി നടത്തിയ പ്രസംഗത്തെപ്പറ്റി പിന്നീട് തിരുമേനി പറഞ്ഞത് ഇങ്ങനെ:

'ഞാന്‍ വൈകാതെ സ്വര്‍ഗത്ത് ചെല്ലുമ്പോള്‍ കവാടത്തില്‍ ഒരു ചോദ്യം ഉണ്ടാകും. കൈയില്‍ പിണറായിയുടെ പ്രസംഗം ഉണ്ടാകുമോ എന്ന ചോദ്യം. അതുകൊണ്ടു ഞങ്ങളുടെ ആള്‍ക്കാരോട് ആ പ്രസംഗം എഴുതി അച്ചടിക്കാന്‍ പറഞ്ഞിട്ടുണ്ട്.' തന്റെ മനസ്സിലെ സുഗന്ധമാണ് പിണറായി എന്നാണ് തിരുമേനി ഇപ്പോള്‍ പറയുന്നത്.

ഇതുപോലെ ക്രൈസ്തവസഭയിലെ നിരവധി പുരോഹിതശ്രേഷ്ഠന്മാരുമായും ആ സമുദായത്തിലെ പാവപ്പെട്ടവരുമായും പിണറായിക്കും മറ്റ് കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും നല്ല ബന്ധമാണ്. ഇത് ഒരു സമുദായത്തെ രാഷ്ട്രീയമായി പ്രീണിപ്പിക്കാനല്ല. ഒരു മതത്തോടും വിവേചനമോ അനാദരവോ കമ്യൂണിസ്റുകാര്‍ക്കില്ല. ജനങ്ങള്‍ക്ക് ദുരിതം നല്‍കുന്ന കോണ്‍ഗ്രസ് നേതൃഭരണം അവസാനിപ്പിക്കണം, ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ തീവ്രവാദശക്തികളെ ഒറ്റപ്പെടുത്തണം. ലോകത്തിന്റെ രക്ഷയ്ക്കും ദരിദ്രരുടെ മോചനത്തിനും ലോകവ്യാപകമായി കമ്യൂണിസ്റ്റുകാരും വിശ്വാസികളും കൈകോര്‍ക്കുന്നു. ഈ യോജിപ്പില്‍ കണ്ണി തീര്‍ക്കാനാണ് സിപിഐ എം യജ്ഞിക്കുന്നത്. ഇതിന്റെ വിജയമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുമുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പിലും അലയടിച്ച എല്‍ഡിഎഫ് കുതിപ്പ്. അതിനെ തകര്‍ക്കാനാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അതിന്റെ നേതാക്കള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെ മതവിശ്വാസികളെ ഇളക്കിവിടാന്‍ പിന്തിരിപ്പന്‍ രാഷ്ട്രീയക്കാരും അവരുടെ മാധ്യമങ്ങളും ശ്രമിക്കുന്നത്. ഈ ഗൂഢരാഷ്ട്രീയനീക്കത്തെ തുറന്നുകാട്ടുന്നതിന് പകരം ആക്കം പകരുന്ന വാചകങ്ങളോ മൌനങ്ങളോ കമ്യൂണിസ്റ്റ് നേതാക്കളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് എതിരായ മുന്നറിയിപ്പ് പിണറായിയെപ്പോലെ ചന്ദ്രപ്പനും നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ചന്ദ്രപ്പന്റെ പേരില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന അഭ്യാസം കളരിക്ക് പുറത്തുള്ള ചാട്ടമാണ്.

*
ആര്‍ എസ് ബാബു കടപ്പാട്: ദേശാഭിമാനി ദിനപത്രം 22 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോണ്‍ഗ്രസ് ഐക്കും അതിന്റെ നേതൃത്വത്തിലുള്ള മുന്നണിക്കും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും എതിരെ പോരാടുന്ന രാഷ്ട്രീയ സംവിധാനമാണ് കേരളത്തിലെ എല്‍ഡിഎഫ്. ഈ അടിസ്ഥാനത്തില്‍ കേരളരാഷ്ട്രീയം കൈകാര്യംചെയ്യുമ്പോള്‍ മതസമൂഹങ്ങളോടും അവയുടെ അനുയായികളോടും ഉണ്ടാകേണ്ട മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സമീപനം വളരെ മുമ്പേ വ്യക്തമാക്കിയിട്ടുള്ളതാണ്.

മാര്‍ക്സിസം-ലെനിനിസത്തിന്റെ ദര്‍ശനം ഭൌതികവാദപരമാണ്. അതുകൊണ്ട് വിവിധ മതങ്ങളുടെ നേതാക്കളും കമ്യൂണിസ്റ്റുകാരുമായുള്ള ആശയപരമായ വൈരുധ്യം നിലനില്‍ക്കുന്നു. ഇതുപ്രകാരം ആശയവാദത്തിന്റെ ആശയങ്ങള്‍ക്കെതിരെ സദാ പോരാടാനുള്ള കടമ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ക്കുണ്ട്. പക്ഷേ, വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്നത് മാത്രമല്ല കമ്യൂണിസ്റുകാരുടെ കടമ. അതിനേക്കാള്‍ പ്രധാനമാണ് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളില്‍ നടത്തേണ്ടതും നടത്തുന്നതുമായ പ്രായോഗിക സമരം. അതിന് സഹായകരമായ നിലപാട് മതമേധാവികളില്‍ ഒരു വിഭാഗം എടുത്താല്‍ അവരുമായി സഹകരിക്കുക; ഇങ്ങനെ ആശയതലത്തിലെ സമരം ഉപേക്ഷിക്കാതെതന്നെ പ്രായോഗിക വിഷയങ്ങളില്‍ സഹകരിക്കാന്‍ കഴിയുന്നിടങ്ങളില്‍ സഹകരിക്കുക. ഇതാണ് കമ്യൂണിസ്റ് പ്രസ്ഥാനം നേരത്തെ മുതല്‍ സ്വീകരിച്ച സമീപനം. ഈ നിലപാടിനെ നിരാകരിക്കുന്ന വാദമുഖങ്ങള്‍ പ്രചരിപ്പിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ചന്ദ്രപ്പന്റെ ടിവി-വാരിക അഭിമുഖങ്ങളിലെ ചില പരാമര്‍ശങ്ങള്‍ പിന്തിരിപ്പന്‍ മാധ്യമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്.