Sunday, December 12, 2010

ഫെമിനിസവും ഇന്‍ഡിംഗ്ളീഷ് നോവലും

ഇത് ഒരനുബന്ധമാകുന്നു. പ്രബുദ്ധമായ ഫെമിനിസ്‌റ്റ് വിചാരങ്ങള്‍ എഴുത്തിലൂടെ അവതരിപ്പിച്ച വനിതാപ്രതിഭകള്‍ ഇന്ത്യന്‍ സാഹിത്യത്തില്‍ ഒരുപാടുണ്ടായി. അവരില്‍ പലരും തായ്‌മൊഴികളിലെഴുതിയവരാണ്: ഹിന്ദിയില്‍, ഉറുദുവില്‍, പഞ്ചാബിയില്‍, ബങ്കളയില്‍, ഒറിയയില്‍, മറാഠിയില്‍, കശ്മീരിയില്‍, സിന്ധിയില്‍, ഗുജറാത്തിയില്‍, ഡോഗ്രിയില്‍, തെലുങ്കില്‍, തമിഴില്‍, മലയാളത്തില്‍. ആഗോളമായ ഒരനുവാചകമണ്ഡലത്തെ മുന്നില്‍ കണ്ടുകൊണ്ട് ചില എഴുത്തുകാരികള്‍ ശീമത്തമ്പുരാനില്‍നിന്ന് വീണുകിട്ടിയ ആംഗലത്തിലും കഥയും കവിതയും നോവലുമെഴുതി. അവരില്‍ ചിലരെക്കുറിച്ചാണ് ഇവിടെ ചെറുതായി നിരൂപിക്കുന്നത്.

Anglicised bourgeoisie (ആംഗലവത്കൃത ബൂര്‍ഷ്വാസി) എന്ന് സാമാന്യമായി വ്യവഹരിക്കാവുന്ന ഒരു ത്രിശങ്കുവര്‍ഗത്തിന്റെ സന്താനങ്ങളായിരുന്നു ഇന്‍ഡോ- ആംഗ്ളിയന്‍ അഥവാ ഇന്‍ഡിംഗ്ളീഷ് നോവലിസ്‌റ്റുകളില്‍ മുക്കാലെ മുണ്ടാണിയും: പാശ്ചാത്യ നാഗരികതയുടെ നിഴല്‍പറ്റി നടന്ന സമ്പന്ന കുടുംബങ്ങളില്‍നിന്ന് വന്നവര്‍; കോണ്‍വെന്റുകളില്‍, സ്‌നോബിഷ് പള്ളിക്കൂടങ്ങളില്‍ പഠിച്ചവര്‍; clipped accent ഓടെ -ചിട്ടപ്പെടുത്തിയ സ്വരഭാരത്തോടെ-സംസാരിക്കുന്നവര്‍; സീമന്ത സിന്ദൂരവുമായി അടുക്കളയിലൊതുങ്ങുന്ന ഭാരതീയ നാരിയില്‍നിന്ന് തികച്ചും വ്യത്യസ്‌തമായ ജീവിതവീക്ഷണം പുലര്‍ത്തുന്നവര്‍; താലിച്ചരടിന്റെ കെട്ടുപൊട്ടിച്ചാല്‍ ആകാശം വീഴുമെന്നും ഭൂമി പിളരുമെന്നും വിശ്വസിക്കാന്‍ തയാറാകാത്തവര്‍. ഉപരി മധ്യവര്‍ഗ സദാചാര സംഹിതയുടെ തടവറകളില്‍നിന്ന് സാഹസികമായി മതില്‍ ചാടി പുറത്തുവന്നു സ്വത്വ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ അവരില്‍ പലര്‍ക്കും സാധിച്ചു. അമ്പരപ്പിക്കുന്ന ഒരു ധിക്കാരം, നിര്‍ഭയമായ ഒരു നിഷേധം അവരുടെ എഴുത്തില്‍ അത്യുഷ്‌ണമായി വര്‍ത്തിച്ചു. പടിഞ്ഞാറുനിന്ന് തിരമാലകളുടെ ഉപ്പും കൊണ്ടുവരുന്ന കാറ്റുകളെ അവര്‍ ഉള്‍ക്കൊണ്ടു. കൂടു തകര്‍ക്കാന്‍ പോരിമയുള്ള കിളികളുടെ പക്ഷവിക്ഷേപമാണ് അവരുടെ നോവലുകളില്‍ വലിയ അന്ധാളിപ്പോടെ ആണ്‍കോയ്‌മ കേട്ടത്. തകര്‍ക്കല്‍ എന്നത് നിര്‍മാണത്തിന്റെ സ്വാഭാവികമായ ആരംഭമാണെന്ന അവബോധം: അതും ഈ പെണ്ണെഴുത്തുകാര്‍ക്കുണ്ടായി. ഇന്‍ഡിംഗ്ളീഷ് പെണ്‍നോവലിസ്‌റ്റുകളെല്ലാവരും നാഗപുറത്തങ്ങാടിയില്‍ ഉറുമി വീശീയ ഉണ്ണിയാര്‍ച്ചകളായിരുന്നു എന്ന വിവക്ഷ ഇവിടെയില്ല. മൈലാഞ്ചിയെക്കാള്‍ മനോഹരം അങ്കംവെട്ടുമ്പോള്‍ പെണ്‍കൊടിയുടെ കൈവെള്ളക്കുണ്ടാകുന്ന ചുകപ്പാണ് എന്ന വിശ്വാസം പല കാരണങ്ങളാലും പങ്കുവയ്‌ക്കാന്‍ ധൈര്യമില്ലാത്ത എഴുത്തുകാരികളുമുണ്ടായിരുന്നു. മൊത്തത്തില്‍ ഇന്ത്യനെഴുത്തുകാരികളുടെ ഇംഗ്ളീഷ് നോവല്‍ വ്യായാമം സോദ്ദേശ്യവും സമരോത്സുകവും സ്വത്വാന്വേഷണപരവുമായിരുന്നു എന്നാണ് പറഞ്ഞുവന്നത്. അപവാദങ്ങളില്ലാത്ത അവലോകനമില്ലല്ലോ.

അനിത ദേശായ് എന്ന അര്‍ധ ഇന്ത്യന്‍ നോവലിസ്‌റ്റില്‍നിന്ന് തുടങ്ങിയാലോ? (അവരുടെ അമ്മ ജര്‍മന്‍ വംശജയായതുകൊണ്ടാണ് അര്‍ധ ഇന്ത്യന്‍ എന്ന് വിശേഷിപ്പിച്ചത്. ദുരുദ്ദേശം ഒന്നുമില്ല). 1937 ല്‍ ഡിഎന്‍ മജുംദാര്‍ എന്നൊരു ബംഗാളി വര്‍ത്തക പ്രമാണിയുടെ മകളായി മുസ്സോറിയില്‍ ജനിച്ച അനിത തന്റെ ആദ്യകഥ ഒമ്പതാം വയസ്സില്‍ ഇംഗ്ളീഷിലെഴുതി പ്രസിദ്ധീകരിച്ച കേമിയത്രെ. നേരത്തെ പറഞ്ഞില്ലേ, ആംഗലവത്കൃത ഇന്ത്യന്‍ ബൂര്‍ഷ്വാസിയെപ്പറ്റി. ആ വര്‍ഗത്തിന്റെ അസ്സല്‍ പ്രതിനിധിയാണ് ഈ കൃതഹസ്‌തയായ നോവലിസ്‌റ്റ്. ഒന്നാംതരം സ്‌കൂളുകളില്‍ പഠിച്ച്; ഡല്‍ഹിയിലെ പ്രഖ്യാതമായ മിറാന്‍ഡ ഹൌസില്‍ ഉപരിപഠനം നടത്തി; ഇംഗ്ളിഷ് സാഹിത്യത്തില്‍ ബിരുദം സമ്പാദിച്ചു. വന്‍കിട വ്യവസായിയായ അശ്വിന്‍ ദേശായിയെ വിവാഹം ചെയ്‌തു. നാലു മക്കളുണ്ട്.

എഴുത്തിന്റെ തച്ചുശാസ്‌ത്രത്തില്‍ പ്രത്യേകം ശ്രദ്ധിക്കുകയും പ്ളോട്ട് തേച്ചുമിനുക്കാന്‍ മെനക്കെടുകയും ചെയ്യുന്ന നോവലിസ്‌റ്റത്രെ അനിത. താനവതരിപ്പിക്കുന്ന സ്വഭാവങ്ങളുടെ, കഥാപാത്രങ്ങളുടെ അന്തരാളങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ഈ എഴുത്തുകാരി ശ്രദ്ധിക്കുന്നു. സ്‌ത്രീപാത്രങ്ങളുടെ വികാര കാലാവസ്ഥ വിശ്ളേഷിക്കാന്‍ അനിത ദേശായിക്ക് സാധിക്കുന്നു. ഉപരിതല സഞ്ചാരമാണ് അവര്‍ക്ക് പഥ്യമെന്ന ഒരു നിരീക്ഷണം ചില നിരൂപകന്മാര്‍ നടത്തുന്നുണ്ടെങ്കിലും സുക്ഷ്‌മപരിശോധനയില്‍ ഇത് ശരിയല്ലെന്ന് ബോധ്യപ്പെടും.

ഇന്ത്യന്‍ സമൂഹത്തിന്റെ വിചിത്രചിത്രങ്ങളെ, ജീവിതാവസ്ഥകളെ, ഭാരതീയമെന്ന് വിളിക്കാവുന്ന അന്തരീക്ഷത്തെ, ഇന്ത്യന്‍ ലാന്‍‌ഡ്‌സ്‌കേപ്പിനെ അസൂയാവഹമായ സാമര്‍ഥ്യത്തോടെയും യാഥാര്‍ഥ്യബോധത്തോടെയുമാണ് അനിത ദേശായ് നോവലിന്റെ ക്യാന്‍വാസില്‍ പകര്‍ത്തുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

വിവാഹത്തിന് മുമ്പുതന്നെ അനിത കഥയില്‍ കൈവച്ചിരുന്നു. കോമണ്‍വെല്‍ത്ത് സാഹിത്യത്തിന്റെ പ്രചാരണത്തിന് വലിയ പ്രയത്നം നടത്തിയ പീറ്റര്‍അവന്‍ (Peter owen) എന്ന പ്രസാധകനാണ് അവരുടെ കന്നി കൃതി ''The Peacock' ലണ്ടനില്‍ പ്രസിദ്ധീകരിച്ചത്. പിന്നെ അനിത തിരിഞ്ഞുനോക്കിയിട്ടില്ല. Voices of the city, fire on the mountains, clear light of the day,where shall we go this summer?, the Zigzag way, In custody, Baumgartner's Bombay, Fasting, Feasting, Journey to Ithaca തുടങ്ങിയ ഗുണമേന്മയില്‍ മികച്ച പുസ്‌തകങ്ങള്‍ പുറത്തുവന്നു. മറക്കാനാവാത്ത ഒരുപാട് സ്വഭാവങ്ങളെ അനിത നമുക്ക് പരിചയപ്പെടുത്തി. സ്‌ത്രീമോചനവും പെണ്ണിന്റെ സ്വയം നിര്‍ണയാവകാശവുമൊക്കെ വിശദമായി ചര്‍ച്ചചെയ്‌തു. ഇന്ത്യന്‍ മനോഭാവങ്ങളും പടിഞ്ഞാറന്‍ ജീവിതശൈലികളും തമ്മിലുള്ള അനിവാര്യമായ സംഘര്‍ഷത്തെ അവര്‍ ശക്തമായി ആവിഷ്‌കരിക്കുകയും ചെയ്‌തു. വിസ്‌തരഭയത്താലാണ് അനിത ദേശായിയുടെ നോവലുകളുടെ അപഗ്രഥനത്തിന് ഇവിടെ മുതിരാത്തത്.

ഒന്നിലേറെ തവണ മാന്‍ബുക്കര്‍ പ്രൈസിന് അവരുടെ നോവലുകള്‍ നിര്‍ദേശിക്കപ്പെടുകയുണ്ടായെങ്കിലും അത് നേടാനുള്ള ഭാഗ്യം അനിതയുടെ മകള്‍ കിരണ്‍ദേശായിക്കാണുണ്ടായത്. കിരണ്‍ എഴുതിയ 'Loss of Inheritance' എന്ന ശ്രദ്ധേയമായ നോവലിന് ബുക്കര്‍ സമ്മാനം മാത്രമല്ല ആഗോളമായ പ്രശസ്‌തിയും കൈവന്നു.

അനിതയുടെ 1984 ല്‍ എഴുതിയ 'In custody' എന്ന വിഖ്യാത നോവല്‍ 1993ല്‍ ഇസ്‌മയില്‍ മര്‍ച്ചന്റ് സിനിമയാക്കി. ഓംപുരിയും ശശികപൂറും ശബ്നാആസ്‌മിയും അഭിനയിച്ച ഈ പടം ഏറെ ശ്രദ്ധിക്കപ്പെട്ടു.

നയന്‍താര സൈഗള്‍ (Nayantara Sahgal) വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകള്‍, ജവാഹര്‍ലാല്‍ നെഹ്റുവിന്റെ നേരനന്തരവള്‍ - പെണ്ണനുഭവങ്ങളെയും ജന്‍ഡര്‍ പ്രശ്‌നങ്ങളെയും വിചാരണക്കെടുത്ത ഇന്‍ഡോ-ആംഗ്ളിയന്‍ നോവലിസ്‌റ്റാണ്. മംഗത്റായ് എന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായി വിവാഹത്തിന്റെ ഔപചാരികതക്ക് വഴങ്ങാതെ ഒന്നിച്ച് ജീവിക്കാന്‍ നയന്‍താര എന്ന ഫെമിനിസ്‌റ്റ് തന്റേടം കാട്ടി.

അവരും ഒരു പശ്ചിമവത്കൃത ബൂര്‍ഷ്വാ സംസ്‌കാരത്തിന്റെ സന്താനമാണ്. യുഎസ്സിലെ വെല്ലസ്ലി കോളേജിലായിരുന്നു വിദ്യാഭ്യാസം. നെഹ്റുവിന്റെ മരുമകളെന്ന നിലയില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ അന്തര്‍നാടകങ്ങള്‍ പലതും അവര്‍ സ്‌റ്റേജിനോട് ചേര്‍ന്നുനിന്ന് വീക്ഷിച്ചിരുന്നു. ഗാന്ധിയന്‍ ആദര്‍ശവാദത്തോടും സോഷ്യലിസ്‌റ്റ് ദര്‍ശനത്തോടും ഒരേ സമയം വൈകാരികമായി പ്രതിസ്‌പന്ദിച്ചിരുന്ന വിശ്വപൌരനായ അമ്മാവന്റെ നിഴല്‍പറ്റി ബഹുദൂരം നടക്കാന്‍ നയന്‍താരക്ക് കഴിഞ്ഞില്ല. ഇന്ദിരാഗാന്ധിയുടെ കടുത്ത വിമര്‍ശകയായി പില്‍ക്കാലത്ത് ഈ എഴുത്തുകാരി മാറി.

ആകാരസൌഷ്ഠവമുള്ള ആഖ്യായികകളാണ് നയന്‍താര രചിച്ചത്.Elegant- സുഭഗം- എന്ന് വിളിക്കാവുന്ന സൃഷ്‌ടികള്‍. A time to be happy, This time of morning, Storm in chandigarh, The day in shadow, A situation in New Delhi, Rich Lake us എന്നീ നോവലുകളില്‍ വ്യക്തമായ ഒരു ഫെമിനിസ്‌റ്റ് കാഴ്‌ചപ്പാടുണ്ട്. Plans for Departure, Prison and Chocolate Cake, From Fear set free എന്നീ പുസ്‌തകങ്ങള്‍ ആത്മകഥാംശങ്ങള്‍ ധാരാളമുള്‍ക്കൊള്ളുന്നു.

ജയശ്രീ മിശ്ര മലയാളിയാണ്; തകഴിയുടെ അടുത്ത ബന്ധു. ഒരുപട്ടാള ഓഫീസറായിരുന്ന അച്ഛന്‍ ഡല്‍ഹിയിലും ബംഗളൂരുവിലുമൊക്കെ ആയിരുന്നതിനാല്‍ ജയശ്രീയുടെ പഠിത്തവും വളര്‍ച്ചയുമൊക്കെ ആ നഗരങ്ങളിലായിരുന്നു . ഇടയ്‌ക്ക് ഒഴിവുകാലത്ത് ദൈവത്തിന്റെ നാട്ടില്‍ വിരുന്നുവരുന്നതിന്റെ രോമാഞ്ചത്തെക്കുറിച്ച് അവര്‍ എഴുതിയിട്ടുണ്ട്. അവരും ഏതാണ്ട് ആംഗലവത്കൃതമായ നാഗരിക മധ്യവര്‍ഗത്തിന്റെ ഉല്‍പ്പന്നമാകുന്നു

ഹൈസ്‌കൂളില്‍ അഭ്യസിക്കുമ്പോള്‍ ജയശ്രീ നായര്‍, കൌമാര കൌതുകംമൂലമാവാം, അയലത്തെ പയ്യനുമായി ഇഷ്‌ടത്തിലായി. പട്ടാളക്കാരനായ അച്ഛനുണ്ടോ ഈടാര്‍ന്നു വായ്‌ക്കുന്ന അനുരാഗനദിക്ക് വിഘ്നം കൂടാതൊഴുക്ക് അനുവദിക്കുന്നു? മൂപ്പര് മകളെ പതിനെട്ടാം വയസ്സില്‍ നല്ലൊരു നായരുടെ കൂടെ കെട്ടിച്ചയച്ചു, കേരളത്തിലേക്ക്. ചെക്കനാണെങ്കില്‍ ചൊങ്കന്‍, ബിസിനസുകാരന്‍, തറവാടി. കൂട്ടുകുടുംബമാണ് അയാളുടേത്. ദൈവത്തിന്റെ നാട്ടില്‍ വളര്‍ന്നിട്ടില്ലാത്ത ജയശ്രീക്ക് ഭര്‍തൃഗൃഹത്തിലെ അകത്തളവുമായി പൊരുത്തപ്പെടാന്‍ നന്നെ പ്രയാസമുണ്ടായി. അമ്മായിഅമ്മയുടെ ആധിപത്യമായിരുന്നു സര്‍വത്ര. ഭര്‍ത്താവിനാണെങ്കില്‍ അമ്മപ്പേടി കലശല്‍. ഡല്‍ഹിയില്‍ വളര്‍ന്നുവലുതായ പെണ്‍കുട്ടിക്ക് ശ്വാസംമുട്ടി. നിരുന്മേഷമായ ആ ദാമ്പത്യത്തില്‍ ഒരു പെണ്‍കുട്ടി പിറന്നു. അവള്‍ക്കാണെങ്കില്‍ ഒരു മാനസികപ്രശ്‌നം. ഡിസ്ലെക്‌സിയ - പഠനവൈകല്യം- എന്ന് ഇംഗ്ളീഷില്‍ പറയും. പത്തുകൊല്ലത്തെ നരകയാതനക്കു ശേഷം ജയശ്രീ വിവാഹമോചനം നേടി. ഇതിനിടയ്‌ക്ക് കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം എ ബിരുദവും സമ്പാദിച്ചിരുന്നു. ഒരു സ്‌കോളര്‍ഷിപ്പ് നേടി നേരെ പോയത് ലണ്ടനിലേക്കാണ്. തന്റെ മകളെ ചികിത്സിക്കാനും പരിചരിക്കാനും വേണ്ടപോലെ വളര്‍ത്താനുമുള്ള സാഹചര്യം വിദേശത്തുണ്ടാകുമെന്ന അവരുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല.

ലണ്ടനില്‍വെച്ച് ജയശ്രീ തന്റെ പഴയ കളിത്തോഴനെ യദൃച്ഛയാ കണ്ടുമുട്ടുന്നു. അയാള്‍ വിവാഹിതനായിരുന്നില്ല. അവര്‍ ഒന്നിക്കുന്നു. മനംപോലെ മംഗല്യം

തന്റെ സ്വന്തം കഥ തന്നെയാണ് 'Ancient Promises' എന്ന 2000 ല്‍ വെളിച്ചത്തുവന്ന നോവലില്‍ ജയശ്രീ അല്പസ്വല്പ വ്യത്യാസങ്ങളോടെ കുശലമായി പറഞ്ഞത്. മുഖ്യപാത്രമായ ജാനകി നോവലിസ്‌റ്റ് തന്നെ. ലണ്ടനില്‍ വെച്ചെഴുതിയ ഈ നോവല്‍ പെന്‍ഗ്വിന്‍ ആണ് പ്രകാശിപ്പിച്ചത്. തന്റെ ആഖ്യായിക ഭാഗികമായി ആത്മകഥാപരമാണെന്ന് എഴുത്തുകാരിതന്നെ രേഖപ്പെടുത്തുന്നു. മറക്കാനാവാത്ത ഒരു വായനാനുഭവമായി ഈ പുസ്‌തകം മാറുന്നുണ്ടെന്ന്പുകഴ്ത്തിക്കൊണ്ടുള്ള ഗ്രന്ഥനിരൂപണങ്ങളാണ് പത്രമാസികകളില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വന്ന 'Accidents like love and Marriage , Afterwards' എന്നീ സുഘടിതമായ നോവലുകള്‍ ആഗോളമായിത്തന്നെ ചര്‍ച്ചചെയ്യപ്പെട്ടു. 'Afterwards'എന്ന നോവലില്‍ തണലും താങ്ങും തേടിയുള്ള പെണ്ണിന്റെ തെരച്ചില്‍ അതിഭാവുകതയുടെ കടുംനിറങ്ങള്‍ കലരാതെ ജയശ്രീ മിശ്ര ചിത്രണം ചെയ്യുന്നുണ്ട്.

റാണിലക്ഷ്മീഭായ് അഥവാ }ഝാന്‍സിറാണി ഇന്നൊരു 'ഐക്കണ്‍' (വിഗ്രഹം) ആയി മാറിയിരിക്കുന്നു. ആ ചരിത്ര കഥാപാത്രത്തിന്റെ ജീവിതത്തിലൂന്നിക്കൊണ്ട് ജയശ്രീ മിശ്ര രചിച്ച നോവല്‍ ആവശ്യമില്ലാത്ത വിവാദകോലാഹലങ്ങള്‍ക്കാണ് വഴിതുറന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുസ്‌തകം നിരോധിക്കുകയും ചെയ്‌തു. ദേശീയ വികാരങ്ങളെ - അതെന്താണെന്ന് ആര്‍ക്കും പിടിയില്ല- വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആരോപണം. കഴിഞ്ഞകൊല്ലം പുറത്തുവന്ന ജയശ്രീ മിശ്രയുടെ 'Secrets and Lies' എന്ന പുസ്‌തകം ബ്രിട്ടീഷ് ബുക്ക് ക്ളബിന്റെ ബെസ്‌റ്റ്-സെല്ലര്‍ ലിസ്‌റ്റില്‍ ഇടം നേടുകയുണ്ടായി. ഇക്കൊല്ലം ഇറങ്ങാനിരിക്കുന്ന "secrets and sinners'- എന്ന പുസ്‌തകം വലിയ പ്രതീക്ഷയോടെയാണ് വായനാസമൂഹം കാത്തിരിക്കുന്നത്.

ജയശ്രീയുടെ മിക്ക നോവലുകളിലും; പെണ്ണനുഭവത്തിന്റെ (Female experience) തീക്ഷ്ണത നിറഞ്ഞുനില്‍ക്കുന്നുണ്ട്. പെണ്ണിന്റെ സ്വയം കണ്ടെത്തല്‍, സ്വത്വ പുനഃസ്ഥാപനം, സ്‌ത്രീ പുരുഷബന്ധങ്ങളുടെ അവ്യവസ്ഥ, ഒറ്റപ്പെടല്‍, ഓടിയൊളിക്കല്‍ ഇവയൊക്കെ അവരുടെ പ്രമേയങ്ങളില്‍ കുമിളയ്‌ക്കുന്നു.

അരുന്ധതി റോയ് ഒരൊറ്റ നോവലേ എഴുതിയതായറിവുള്ളൂ: മാന്‍ബുക്കര്‍ സമ്മാനം നേടിയ 'The God of Small Things'. അമ്പരപ്പിക്കുന്ന വിറ്റുവരവാണ് ഈ അയ്‌മനം കഥയ്‌ക്കുണ്ടായത് . ഈ നോവലിനെ "a beautifull book of a hundred rebellions"- ഒരു നൂറു പോരാട്ടങ്ങളുടെ മനോഹര പുസ്‌തകം- എന്ന് ഒരു അമേരിക്കന്‍ നിരൂപകന്‍ വാഴ്ത്തുകയുണ്ടായി. ക്രിസ്‌ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമത്തിനെതിരായി, സുറിയാനിപ്പെണ്ണിന്റെ സ്വത്തവകാശത്തിനുവേണ്ടി, ഒറ്റക്ക് പൊരുതിയ മേരിറോയിയുടെ മകള്‍ ഒരു 'റിബല്‍' ആയതില്‍, തുറന്നെഴുത്തിന്റെ സുവിശേഷം പ്രചരിപ്പിച്ചതില്‍, വ്യവസ്ഥിതിയുടെ എതിര്‍ദിശയില്‍ നീങ്ങുന്നതില്‍ ഒരത്ഭുതവുമില്ല.

ഒരു ഫെമിനിസ്‌റ്റായി അറിയപ്പെടാന്‍ അരുന്ധതി എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ എന്നറിയില്ല. അത് ഒരു പരിമിതപ്പെടുത്തലാണെന്ന അഭിപ്രായവും അവര്‍ക്കുണ്ടാകാം. പക്ഷേ ഫെമിനിസ്‌റ്റ് ചിന്തക്ക് പ്രിയപ്പെട്ട പ്രമേയങ്ങള്‍ തന്റെ നോവലില്‍ ഈ എഴുത്തുകാരി ചര്‍ച്ചക്കെടുക്കുന്നുണ്ട് . ലൈംഗികത എന്നത്, ലൈംഗികത്വര എന്നത് അശ്ളീലമല്ല എന്ന ഉദ്ബുദ്ധ സ്‌ത്രീപക്ഷ നിലപാട് തന്നെയാണ് അവര്‍ക്കുമുള്ളത്. The God of Small Things എന്ന നോവലില്‍ ഡിഎച്ച് ലോറന്‍സിന് സമാനമായ ഒരാഖ്യാന ധൈര്യം അരുന്ധതി പ്രദര്‍ശിപ്പിക്കുന്നുണ്ട്. taboo- നിഷിദ്ധം/ വര്‍ജിക്കപ്പെടേണ്ടത്- എന്ന രീതിയില്‍ മധ്യവര്‍ഗ സദാചാരവും അതിന്റെ ഭാഷയും കാര്‍പ്പറ്റിന്നടിയിലേക്ക് തള്ളിയ കാര്യങ്ങളെ ഒരു ചളിപ്പുമില്ലാതെ ആലോചനക്കെടുക്കാന്‍ ഈ നോവലിസ്‌റ്റ് മടിക്കുന്നില്ല. മഹത്തായ ഒരു നോവലാണ് അരുന്ധതി റോയ് എഴുതിയതെന്ന അഭിപ്രായം എനിക്കില്ല. ആത്മകഥാസ്വഭാവമുള്ള ഈ പാഠത്തില്‍ അപാകതകളേറെയുണ്ട്. എന്നിരിക്കിലും കേറ്റ്മില്ലറ്റും ഡേല്‍ സ്‌പെന്‍ഡറുമൊക്കെ ആവശ്യപ്പെടുന്ന തുറന്നെഴുത്തുണ്ടല്ലോ, അതിന്റെ പ്രകാശവും പ്രസാദവും ഈ പുസ്‌തകത്തിനുണ്ട്.

കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടുകളിലായി, ഇംഗ്ളീഷിലെഴുതുന്ന ഇന്ത്യന്‍ സ്‌ത്രീകളുടെ എണ്ണം സാരമായി വര്‍ധിച്ചിട്ടുണ്ടെന്ന് സാഹിത്യ സര്‍വേകള്‍ സൂചിപ്പിക്കുന്നു. കഥകളും നോവലുകളും ധാരാളമുണ്ടാകുന്നുണ്ട്. അവയില്‍ പലതും ഉന്നതനിലവാരം പുലര്‍ത്തുന്നുമുണ്ട്. വാക്കു മരിക്കുന്നില്ല. അത് വളരുകയും തളിര്‍ക്കുകയുമാണ്.

*****

വി സുകുമാരന്‍, കടപ്പാട് : ദേശാഭിമാനി

അധിക വായനയ്‌ക്ക് :

ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം

കാലം മറന്നുപോയ ഫെമിനിസ്റ്റ് - കേറ്റ് മില്ലറ്റ്

സിമണ്‍ ദെ ബൊവെ - ഫ്രഞ്ച് ഫെമിനിസത്തിന്റെ വഴികാട്ടി...

ഫെമിനിസത്തിന്റെ മാര്‍ക്സിസ്റ്റ് മുഖങ്ങള്‍

നുണകള്‍, രഹസ്യങ്ങള്‍, നിശ്ശബ്‌ദതകള്‍: ഏഡ്റിയന്‍ റി...

ഡേല്‍ സ്‌പെന്‍ഡര്‍ : ദി ക്രിംസണ്‍ ഫെമിനിസ്‌റ്റ്

ലൂസ് ഇറിഗാറെ : ലിംഗവൈജാത്യത്തിന്റെ സിദ്ധാന്ത രൂപങ്...

അപനിര്‍മാണവും ഫെമിനിസവും: ഗായത്രി ചക്രബൊര്‍തി സ്‌പ...

കറുത്ത കത്രീനയുടെ സംഘകഥ

ഫെമിനിസത്തിന്റെ ഇന്ത്യന്‍ രുചിഭേദങ്ങള്‍

ഫെമിനിസവും ഇന്‍ഡിംഗ്ളീഷ് നോവലും

സ്‌ത്രീപക്ഷവിചാരം, ചുരുക്കത്തില്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇത് ഒരനുബന്ധമാകുന്നു. പ്രബുദ്ധമായ ഫെമിനിസ്‌റ്റ് വിചാരങ്ങള്‍ എഴുത്തിലൂടെ അവതരിപ്പിച്ച വനിതാപ്രതിഭകള്‍ ഇന്ത്യന്‍ സാഹിത്യത്തില്‍ ഒരുപാടുണ്ടായി. അവരില്‍ പലരും തായ്‌മൊഴികളിലെഴുതിയവരാണ്: ഹിന്ദിയില്‍, ഉറുദുവില്‍, പഞ്ചാബിയില്‍, ബങ്കളയില്‍, ഒറിയയില്‍, മറാഠിയില്‍, കശ്മീരിയില്‍, സിന്ധിയില്‍, ഗുജറാത്തിയില്‍, ഡോഗ്രിയില്‍, തെലുങ്കില്‍, തമിഴില്‍, മലയാളത്തില്‍. ആഗോളമായ ഒരനുവാചകമണ്ഡലത്തെ മുന്നില്‍ കണ്ടുകൊണ്ട് ചില എഴുത്തുകാരികള്‍ ശീമത്തമ്പുരാനില്‍നിന്ന് വീണുകിട്ടിയ ആംഗലത്തിലും കഥയും കവിതയും നോവലുമെഴുതി. അവരില്‍ ചിലരെക്കുറിച്ചാണ് ഇവിടെ ചെറുതായി നിരൂപിക്കുന്നത്.