മുന്‍ ലക്കങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക
പത്താം ക്ളാസ് പാസായി, അടുത്ത അധ്യയന വര്‍ഷം 1957 ജൂണ്‍ മാസത്തില്‍ കോളേജില്‍ ചേരാനുള്ള തീരുമാനത്തിലായിരുന്നു.
ആയിടക്ക് ലോകരാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവം ഉണ്ടായി. സോവിയറ്റ് റഷ്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് നടക്കുന്നു. അന്ന് നികിത ക്രൂഷ്ചേവ് പാര്‍ടി സെക്രട്ടറിയും ബുള്‍ഗാനിന്‍ പ്രധാനമന്ത്രിയും ആയിരുന്നു. പാര്‍ടി കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സമ്മേളനത്തില്‍ ക്രൂഷ്ചേവ് ചെയ്ത പ്രസംഗത്തില്‍ അത്ഭുതകരമായ, ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തുവിട്ടു. വിപ്ളവാനന്തരം സോവിയറ്റ് റഷ്യയെ നയിക്കുകയും ഭരിക്കുകയും ചെയ്ത ജോസഫ് സ്റ്റാലിന്‍ ക്രൂരനും അക്രമിയും ആയിരുന്നു എന്നും ശുദ്ധീകരണ നടപടിയുടെ ഭാഗമായി എണ്ണമറ്റ സഖാക്കളെ കൊലചെയ്തിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. നിരവധി ആളുകളെ കൊടും തണുപ്പുള്ള സൈബീരിയയിലേക്ക് നാടുകടത്തിയിട്ടുണ്ടെന്നും പറയുകയുണ്ടായി.
ഈ പ്രസ്താവന കേട്ട് സഖാക്കള്‍ സ്വാഭാവികമായും ഞെട്ടിപ്പോയി, കിടുകിട വിറച്ചു. ഒക്ടോബര്‍ വിപ്ളവം നയിച്ച ലെനിന്റെ കൂട്ടുകാരനും ശക്തനായ നേതാവുമാണ് സ്റ്റാലിന്‍ എന്ന ലോക കമ്യൂണിസ്റ്റുകാരുടെ ധാരണയ്ക്കാണ് ഈ അടിയേറ്റത്. കൂട്ടത്തില്‍ റഷ്യയിലെ സാഹിത്യകാരനായിരുന്ന ബോറിസ് പാസ്റ്റര്‍നാക്ക് അനുഭവിക്കേണ്ടിവന്ന യാതനകളുടെ കഥകളും പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതെല്ലാം വലിയ നിരാശയ്ക്കിടയാക്കി എന്നു പറയേണ്ടതില്ല. ചുമരില്‍ തൂക്കിയ സ്റ്റാലിന്റെ പടങ്ങള്‍ എടുത്തുമാറ്റി ചിലര്‍. ബൂര്‍ഷ്വാ പത്രങ്ങള്‍ക്കും നേതാക്കള്‍ക്കും നല്ല കൊയ്ത്തുകാലമായി.
ലോക തൊഴിലാളിവര്‍ഗം ആദ്യമായി സ്ഥാപിച്ച രാഷ്ട്രം സോവിയറ്റ് റഷ്യ, മുഴുവന്‍ ഇടതുപക്ഷ ചിന്താഗതിക്കാരും പുരോഗമനവാദികളും ഉറ്റുനോക്കുന്ന ലക്ഷ്യം. അവിടെ ഉണ്ടായ ഈ പൊട്ടിത്തെറിയുടെ അലകള്‍ ലോകത്തെമ്പാടും ആഞ്ഞടിച്ചു. സോവിയറ്റ് റഷ്യയില്‍ ജനാധിപത്യം ഇല്ല, അവിടെ ഏകാധിപത്യ മേധാവിത്വം നിലനില്‍ക്കുന്നു എന്ന പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ ഉയര്‍ത്തിക്കൊണ്ട് ആക്രമണം നടത്തി.
ആ ആക്രമണത്തിന്റെ കുന്തമുന ഏറ്റ് കുറച്ചെങ്കിലും കമ്യൂണിസ്റ്റുകാര്‍ അങ്കലാപ്പിലായി. അവര്‍ പതറിപ്പോയി. ആ കൂട്ടത്തില്‍ എന്റെ ഉള്ളിലും കോളിളക്കം ഉണ്ടാകാതിരുന്നില്ല.
അതിനിടയിലാണ് 1957ലെ കേരള അസംബ്ളിയിലേക്കുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് വന്നത്. അന്ന് ഇന്നത്തെപ്പോലെ മുന്നണി രാഷ്ട്രീയം വളര്‍ന്നിട്ടില്ല. ഓരോ പാര്‍ടിയും ഒറ്റയ്ക്കാണ് മത്സരരംഗത്ത് വരുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പി പി ഉമ്മര്‍കോയ, കമ്യൂണിസ്റ്റ് പാര്‍ടിയുടേത് ഡോ. എം ഉസ്മാന്‍ (സ്വതന്ത്രന്‍), ലീഗ് സ്ഥാനാര്‍ഥി നീലാമ്പ്ര മരക്കാര്‍. ഇന്നത്തെ നിലമ്പൂര്‍ മണ്ഡലം വണ്ടൂര്‍ മണ്ഡലവും മഞ്ചേരി മണ്ഡലവും കൂടിച്ചേര്‍ന്ന ദ്വയാംഗ മണ്ഡലമായിരുന്നു. ഓരോ പാര്‍ടിക്കും ഓരോ ഹരിജന്‍ സ്ഥാനാര്‍ഥിയും ഉണ്ടാകും. യഥാക്രമം കാരിക്കുടി, ഉത്തമന്‍, ചടയന്‍ എന്നിവരായിരുന്നു ഹരിജന്‍ സ്ഥാനാര്‍ഥികള്‍. ഞങ്ങളുടെ മണ്ഡലത്തില്‍ യഥാര്‍ഥ മത്സരം കോണ്‍ഗ്രസും ലീഗും തമ്മിലാണ്. കമ്യൂണിസ്റ്റ് പാര്‍ടി മൂന്നാം സ്ഥാനത്താണ്.
ഞാന്‍ അന്ന് രാഷ്ട്രീയരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന കാലമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യക്തികളെയും കുടുംബങ്ങളെയും സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ ഉമ്മര്‍കോയ എന്റെ വീട്ടിലെത്തി. കൂടെ വണ്ടൂരിലെ പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. മണ്ഡലം പ്രസിഡന്റ് നെടുംകുളവന്‍ അബ്ദുറഹിമാന്‍, കാരപുറത്ത് ടി കെ മുഹമ്മദ്, കെ ടി മുഹമ്മദ് എന്നിവരായിരുന്നു കൂടെ. സത്യത്തില്‍ എന്റെ ബാപ്പയും ഒരു കോണ്‍ഗ്രസ് അനുകൂലിയായിരുന്നു.
ഉമ്മര്‍കോയ ഉന്നത വിദ്യാഭ്യാസമുള്ള ഒരു യുവാവ്, മിതഭാഷി, ആകര്‍ഷണീയമായ സംഭാഷണ ശൈലി, എല്ലാംകൊണ്ടും യോഗ്യന്‍. അദ്ദേഹത്തിന്റെ പ്രസംഗം ഒരു കൊല്ലം മുമ്പുതന്നെ ഞാന്‍ കേട്ടിരുന്നു. അതിമനോഹരമായ ശൈലി, ചെറിയ ചെറിയ വാചകങ്ങള്‍, ലളിതമായ ഭാഷ, ആരോഹണവും അവരോഹണവും ഇല്ലാത്ത അനുസ്യൂതമായ ഒഴുക്ക്. അദ്ദേഹത്തെ കണ്ടാലും മതിപ്പുളവാക്കുന്ന ശരീരഭാഷ.
ഉമ്മര്‍കോയയെ കാണാന്‍ എന്റെ വീട്ടുമുറ്റത്ത് ആള്‍ക്കാര് തടിച്ചുകൂടി. അദ്ദേഹം ജനങ്ങളോട് പ്രസംഗിക്കണം എന്ന ആവശ്യമുയര്‍ന്നു. മുറ്റത്ത് പെട്ടെന്ന് ഒരു യോഗത്തിന്റെ മട്ടുണ്ടാക്കി. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ ആ യോഗത്തിന് സ്വാഗതം പറയാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ മടികാണിച്ചപ്പോള്‍ ബാപ്പ സ്നേഹപൂര്‍വം എന്നെ നിര്‍ബന്ധിച്ചു. ഒരു കൊല്ലം മുമ്പ് രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ഉപദേശിച്ച ബാപ്പ ഇപ്പോള്‍ നിര്‍ബന്ധിക്കുന്നതിന്റെ പൊരുള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അവസാനം ഞാന്‍ വഴങ്ങി. സ്വാഗതം പറഞ്ഞു.
സ്റ്റാലിന്‍ പ്രശ്നം ഉളവാക്കിയ പ്രത്യേക സാഹചര്യം എന്നെയും ബാധിച്ച കാലം. സ്ഥാനാര്‍ഥിയുടെയും ബാപ്പയുടെയും നിര്‍ബന്ധവും എന്റെ വ്യക്തിപരമായ ദൌര്‍ബല്യവും പ്രായക്കുറവും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ ഞാന്‍ അവരുടെ വലയില്‍ വീണുപോയി എന്നതാണ് സത്യം. അങ്ങനെ സ്വാഗതം പറഞ്ഞുണ്ടായ ബന്ധം കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടയായി. അതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരുമായി ഉണ്ടായിരുന്ന ബന്ധം മുറിഞ്ഞുപോയി. ഞാന്‍ പൂര്‍ണമായും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറി.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ ഒരു യുവപ്രാസംഗികനായി ഞാന്‍ നല്ല പ്രകടനം കാഴ്ചവച്ചു. ലോക കമ്യൂണിസ്റ്റുകാരുടെ അഭിമാനമായിരുന്ന സോവിയറ്റ് റഷ്യയില്‍ ജനാധിപത്യ അവകാശങ്ങളില്ലെന്ന വാദം ഉയര്‍ത്തിപ്പിടിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍. മുസ്ളിംലീഗ് വര്‍ഗീയ കക്ഷിയാണെന്നും രാഷ്ട്രീയത്തില്‍ വര്‍ഗീയതയും ജാതിവികാരവും വളര്‍ത്തുന്നത് സാമുദായിക ചേരിതിരിവുണ്ടാക്കുമെന്നും രാജ്യതാല്‍പ്പര്യത്തിന് അത് ഗുണകരമല്ലെന്നും വാദിച്ചുകൊണ്ടാണ് ലീഗിനെ ആക്രമിച്ചത്. ഭാരതത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടിയപ്പോള്‍ മുസ്ളിംലീഗ് പാകിസ്ഥാന്റെ രൂപീകരണത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയായിരുന്നെന്നും അവര്‍ ദേശീയ ബോധമില്ലാത്തവരാണെന്നും ആയിരുന്നു ഞങ്ങളുടെ പ്രസംഗങ്ങളിലെ പ്രതിപാദ്യം. ഈ ആശയങ്ങളുടെ ശില്‍പ്പിയും മാതൃകയും ഉമ്മര്‍കോയ തന്നെ.
രണ്ടാമതായി അനുകരണീയമായ പ്രസംഗം ചെയ്തിരുന്നത് കൊരമ്പയില്‍ അഹമ്മദ് ഹാജി ആയിരുന്നു. അദ്ദേഹം അക്കാലത്ത് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വാഹകസമിതി അംഗവും കൂടിയായിരുന്നു. മനോഹരമായ ഭാഷയില്‍ ശ്രവണസുന്ദരമായ ശൈലിയില്‍ അദ്ദേഹം പ്രസംഗിച്ചിരുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ മതിപ്പുളവാക്കി. ഈ രണ്ടു നേതാക്കളുടെയും പ്രസംഗ ശൈലിയും വാഗ്ധോരണിയും എന്റെ പ്രസംഗത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കുറെ കഴിഞ്ഞാണ് ഞാന്‍ തന്നെ മനസ്സിലാക്കിയത്.
ആ തെരഞ്ഞെടുപ്പില്‍ ഉമ്മര്‍കോയ മൂവായിരത്തി എണ്ണൂറ് വോട്ടിന്റെ ഭൂരിപക്ഷത്തിന് മുസ്ളിംലീഗിലെ നീലാമ്പ്ര മരക്കാരെ പരാജയപ്പെടുത്തി. ദ്വയാംഗ മണ്ഡലമായതിനാല്‍ കൂടെ ഒരു ഹരിജന്‍ സ്ഥാനാര്‍ഥികൂടെയുണ്ടാകും. ആ സഹസ്ഥാനാര്‍ഥി കാരിക്കുഴി പരാജയപ്പെട്ടു. സംവരണ സീറ്റില്‍ ലീഗിലെ ചടയന്‍ ജയിക്കുകയുണ്ടായി. ലീഗിന്റെ നരിമടയില്‍നിന്ന് ഉമ്മര്‍കോയ ജയിച്ചുകേറിയത് അദ്ദേഹത്തിന്റെ വ്യക്തിത്വം ഒന്നുകൊണ്ടുമാത്രമായിരുന്നു. ഏറനാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മുസ്ളിംലീഗിനെതിരെ പൊട്ടിയ ആദ്യത്തെ ബോംബായിരുന്നു അത്.
മഞ്ചേരിയില്‍നിന്ന് ഉമ്മര്‍കോയ വിജയിച്ചെങ്കിലും മൊത്തത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഒറ്റക്ക് ഭൂരിപക്ഷം നേടി കേരളത്തില്‍ അധികാരത്തില്‍ വന്നു. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി വരുന്നത് രാഷ്ട്രീയനിരീക്ഷകരില്‍ കൌതുകമുളവാക്കി. ഉമ്മര്‍കോയ പ്രതിപക്ഷ ഉപനേതാവായി, പി ടി ചാക്കോ നേതാവും.
1954 ഏപ്രില്‍ 5ന് ഇ എം എസ് മുഖ്യമന്ത്രിയായി കമ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. പ്രഗത്ഭരായ മന്ത്രിമാരും. അച്യുതമേനോന്‍, ടി വി തോമസ്, കെ ആര്‍ ഗൌരിയമ്മ, വി ആര്‍ കൃഷ്ണയ്യര്‍ അങ്ങനെ പതിനൊന്ന് അംഗ മന്ത്രിസഭ. സത്യപ്രതിജ്ഞയും മുഖ്യമന്ത്രിയുടെ നയപ്രഖ്യാപന പ്രസംഗവും കേരള രാഷ്ട്രീയത്തിലെ ഇടിയും മിന്നലുമായി. കേരളത്തിന്റെ സാമൂഹ്യഘടനയില്‍ അടിസ്ഥാനപരമായ മാറ്റം വരും എന്ന പ്രതീതി നാട്ടിലുളവായി.
തെരഞ്ഞെടുപ്പു കോലാഹലങ്ങള്‍ അവസാനിക്കുകയും രാഷ്ട്രീയ ഭരണരംഗത്ത് വലിയ മാറ്റം വരികയും ചെയ്ത സാഹചര്യം ഒരു പുതിയ സാമൂഹ്യ സ്ഥിതിയുടെ തുടക്കമായിരുന്നു. അതില്‍നിന്നെല്ലാം വിട്ടൊഴിഞ്ഞു ഞാന്‍ ഫാറൂഖ് കോളേജില്‍ പ്രി. യൂണിവേഴ്സിറ്റി കോഴ്സിന് ചേര്‍ന്ന് പഠനം ആരംഭിച്ചു. 1957-58 കാലം. അതായിരുന്നു കേരള രൂപീകരണത്തിനുശേഷം ആദ്യം വന്ന ജഡഇ കോഴ്സ്.
ഫാറൂഖ് കോളേജ് അക്കാലത്ത് ബാലാരിഷ്ടതകള്‍ തരണം ചെയ്ത് വളര്‍ന്നുവരുന്ന കാലമായിരുന്നു. കോളേജ് തുടങ്ങിയത് തന്നെ ഫസ്റ്റ് ഗ്രേഡ് കോളേജായിട്ടായിരുന്നു. ജൃല.ഡഇ ക്ക് അമ്പത് വിദ്യാര്‍ഥികള്‍ വീതമുള്ള നാല് ബാച്ചുകളും മറ്റെല്ലാ ഡിഗ്രി ക്ളാസുകളിലും കൂടി മൊത്തം 400 വിദ്യാര്‍ഥികള്‍ മാത്രമാണ് കോളേജില്‍ ഉണ്ടായിരുന്നത്. ഞാന്‍ ചേര്‍ന്ന കൊല്ലം മുതല്‍ പ്രൊഫ. കെ എ ജലീല്‍ ആയിരുന്നു പ്രിന്‍സിപ്പല്‍. അദ്ദേഹത്തിന്റെ കഴിവുറ്റ നേതൃത്വത്തില്‍ കോളേജ് നല്ല അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്. മെയിന്‍ ഹോസ്റ്റല്‍, ന്യൂ ഹോസ്റ്റല്‍, ഫാറൂഖ് ഹോസ്റ്റല്‍ എന്നിവ നോണ്‍ വെജിറ്റേറിയനുകളും നോര്‍ത്ത് ഈസ്റ്റ് ഹോസ്റ്റല്‍ വെജിറ്റേറിയനുമായിരുന്നു.
അക്കാലത്ത് കോളേജിലും ഹോസ്റ്റലുകളിലും വൈദ്യുതി വെളിച്ചവും പൈപ്പ് വെള്ളവും ഉണ്ടായിരുന്നില്ല. വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളില്‍ മണ്ണെണ്ണ കത്തിക്കുന്ന ചിമ്മിണിവിളക്കുകളായിരുന്നു ഉപയോഗിച്ചിരുന്നത്. വൈദ്യുതി വരുന്നതിന്റെ പ്രാരംഭ നടപടികള്‍പോലും ആയിരുന്നില്ല. ഏറനാട് താലൂക്കിന്റെ തലസ്ഥാനമായ മഞ്ചേരി അങ്ങാടിയില്‍ വൈദ്യുതി വരാനുള്ള ലൈന്‍ വലിക്കുവാന്‍ തുടങ്ങിയത് അക്കാലത്തായിരുന്നു. കോഴിക്കോട് പട്ടണം ഒഴികെ അക്കാലത്ത് മറ്റെല്ലാ അങ്ങാടികളിലും പെട്രോമാക്സ് ആണ് ഉപയോഗിച്ചിരുന്നത്.
ഫ്രെബ്രുവരി, മാര്‍ച്ച് മാസം പരീക്ഷ അടുക്കുന്ന സമയം കോളേജ് ഹോസ്റ്റലുകളില്‍ വെള്ളം തീരെ ഇല്ലാതാവും. എല്ലാ കിണറുകളും വറ്റിപ്പോകും. ഒരു വലിയ കിണര്‍ "മെയിന്‍ വെല്‍'' ലില്‍ മാത്രം അടിയില്‍ കുറച്ചുവെള്ളമുണ്ടാകും. അതില്‍നിന്ന് കോരിക്കുളിക്കുന്ന കാഴ്ച വളരെ രസകരമായിരുന്നു. വലിയ കുട്ടികള്‍ ബക്കറ്റുകൊണ്ട് വെള്ളം മുക്കി തലയില്‍ ഒഴിക്കുമ്പോള്‍ ചെറിയകുട്ടികള്‍ പിന്നില്‍ കെട്ടിപ്പിടിച്ച് പുറത്തേക്ക് പോകുന്ന വെള്ളം അവരുടെ മേല്‍ ആക്കും. പിന്നെ സോപ്പ്തേച്ച് ഉരയ്ക്കും, അവസാനം ഒരു ബക്കറ്റ് മുക്കി മേല്‍ ഒഴിച്ചു ശുദ്ധമാക്കും, അതാണ് കുളി മാഹാത്മ്യം. വെള്ളത്തിനുള്ള ക്ഷാമം ഇന്നും ഫാറൂഖ് കോളേജില്‍ തുടരുന്നുണ്ട്. അത് ഓര്‍മിച്ചുകൊണ്ട് 2004ല്‍ ഞാന്‍ പാര്‍ലമെന്റ് അംഗമായപ്പോള്‍ എം പി ഫണ്ടില്‍നിന്ന് "മഴവെള്ള സംഭരണി'' പദ്ധതി നടപ്പാക്കാന്‍ പത്ത് ലക്ഷം ഉറുപ്പിക അനുവദിച്ചു. ഫാറൂഖ് കോളേജില്‍ ആ ഒരു വര്‍ഷം മാത്രമേ എനിക്ക് പഠിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
1957-58 അധ്യയനവര്‍ഷം കഴിഞ്ഞ് ഫാറൂഖ് കോളേജ് വിട്ടു. 1958 ല്‍ കോഴിക്കോട് കേരള ഗവ. പൊളിടെക്നിക്കില്‍ സിവില്‍ എന്‍ജിനിയറിങ് ഡിപ്ളോമക്ക് ചേര്‍ന്നു. അത് എന്റെ വിദ്യാര്‍ഥിജീവിതത്തിലെ അനാവശ്യമായ ഒരു വ്യതിയാനമായിരുന്നു. കണക്കും ഫിസിക്സുമായി ബന്ധമുള്ള എന്‍ജിനിയറിങ് വിഷയം ഒരു നിലയ്ക്കും ഞാനുമായി ഒത്തുപോകുന്നതല്ലെന്ന് എനിക്ക് കുറേ കഴിഞ്ഞപ്പോള്‍ ബോധ്യമായി. വെസ്റ്റ്ഹില്ലിലാണല്ലോ പോളിടെക്നിക് സ്ഥിതിചെയ്യുന്നത്. തലയുയര്‍ത്തി, റോഡിന്നരികെ നില്‍ക്കുന്ന കൂറ്റന്‍ കെട്ടിടം, അതിനോട് ചേര്‍ന്ന ഹോസ്റ്റല്‍, റോഡിന് മറുഭാഗത്ത് വിശാലമായ മൈതാനം, ആകെക്കൂടി അതിമനോഹരമായ പശ്ചാത്തലം. കോമന്‍നായരായിരുന്നു പ്രിന്‍സിപ്പല്‍.
പോളിയില്‍ ചേര്‍ന്നതോടെ എന്റെ താമസം കോഴിക്കോട് പട്ടണത്തിലായി. താഴെ പാളയത്തില്‍ എന്റെ നാട്ടുകാരനായ തൊടികപ്പുലം മുഹമ്മദാലി മൌലവി താമസിച്ചിരുന്നു. അദ്ദേഹം പരപ്പില്‍ എം എം ഹൈസ്കൂളിലെ അറബി മുന്‍ഷിയായിരുന്നു. സഹൃദയനായ അദ്ദേഹത്തിന്റെ കൂടെയായിരുന്നു ഞാന്‍ താമസിച്ചിരുന്നത്.
പട്ടണത്തില്‍ താമസം തുടങ്ങിയതോടെ രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ കൂടുതല്‍ ബന്ധപ്പെടാന്‍ തുടങ്ങി. ആ കാലത്താണ് കേരള വിദ്യാര്‍ഥി യൂണിയന്‍ (ഗടഡ) ശക്തിപ്പെട്ടുവരാന്‍ തുടങ്ങിയത്. ഇടതുപക്ഷ ചായ്വുള്ള വിദ്യാര്‍ഥി ഫെഡറേഷന്‍ (ടഎ) മാത്രമേ മുമ്പുണ്ടായിരുന്നുള്ളൂ. ചില ഭാഗങ്ങളില്‍ കടഛ (സ്വതന്ത്രവിദ്യാര്‍ഥി സംഘടന) യും പ്രവര്‍ത്തിച്ചിരുന്നു.
കേരളത്തില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് അതിന്റെ സ്വഭാവം കാണിക്കാന്‍ തുടങ്ങിയ കാലം. ഭൂമിയിലെ കുടികിടപ്പുകാരെ മേലില്‍ ഒരു കാരണവശാലും "ഒഴിപ്പിക്കാന്‍ പാടില്ല'' എന്ന ആദ്യത്തെ പ്രഖ്യാപനം തന്നെ ജന്മി, നാടുവാഴിത്ത വ്യവസ്ഥയുടെ അടിത്തറ ഇളക്കി. അതോടെ ഒഴിപ്പിക്കല്‍ നിരോധന നിയമത്തിന്റെ വരവും മുതലാളിത്തത്തിന്റെ കൂട്ടിലേക്കുള്ള കല്ലേറായി, അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു പിന്നെയും നരി മുന്നോട്ട് എന്ന് പറഞ്ഞപോലെയായി മൂന്നാമത്തെ നടപടി, സമഗ്ര ഭൂപരിഷ്കരണ നിയമം. അത് "കാര്‍ഷിക ബന്ധ ബില്ല്'' എന്ന പേരില്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പൊട്ടിത്തെറി തുടങ്ങി. അതിനെല്ലാം ആക്കം കൂട്ടുന്നതായിരുന്നു നാലാമത്തെ വെടി, വിദ്യാഭ്യാസ (പരിഷ്കരണ) നിയമം. പ്രതിയോഗികളെ അമ്പരപ്പിച്ചത് അതിലെ 11-ാം വകുപ്പായിരുന്നു. "അധ്യാപക നിയമനത്തിനും വിദ്യാര്‍ഥികളെച്ചേര്‍ക്കുന്നതിനും കൈക്കൂലി വാങ്ങുന്ന മാനേജ്മെന്റുകളെ പിരിച്ചുവിടും. അത്തരം സ്ഥാപനങ്ങള്‍ ഗവ. ഏറ്റെടുക്കും''. അതായിരുന്നു പ്രസ്തുത വകുപ്പ്. ഇത് വിദ്യാഭ്യാസ കച്ചവടക്കാരുടെ "കടന്നല്‍ക്കൂടിന് ഏറ്'' കൊണ്ടപോലെയായി.
മാനേജ്മെന്റ് സ്കൂളുകളിലെ അധ്യാപകര്‍ക്കും ഗവ. സ്കൂള്‍ അധ്യാപകര്‍ക്കും തുല്യ ശമ്പളം, അതും ഖജനാവില്‍നിന്ന് നേരിട്ടുകൊടുക്കുക എന്നീ പരിഷ്കാരങ്ങള്‍ അനുവദിച്ച സ്ഥിതിക്ക് 11-ാം വകുപ്പ് ശരിയും ആവശ്യവുമാണെന്നാണ് ഗവണ്‍മെന്റിന്റെ നിലപാട്. എന്നാല്‍ നിലപാടുകളിലെ ശരിയും തെറ്റും സമ്പന്നര്‍ക്കും വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും പ്രശ്നമായിരുന്നില്ല. രണ്ടുകൂട്ടരും ഇളകിവശായി. ആ രണ്ടു ശക്തികളെയും മുന്‍നിര്‍ത്തി ഗവണ്‍മെന്റിനെ തകര്‍ക്കാന്‍ രാഷ്ട്രീയ പ്രതിയോഗികള്‍ രംഗത്തിറങ്ങി. അവരെല്ലാം ഒരു കാര്യം മനസ്സിലാക്കിയിരുന്നു. ഇ എം എസ്സിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കേരളത്തില്‍ ഈ നിലയ്ക്ക്പോയാല്‍ ചുകന്ന കേരളം പിന്നീട് നിറം മാറ്റാന്‍ സാധ്യമല്ല. മാത്രമല്ല ഈ രോഗം അയല്‍ സംസ്ഥാനങ്ങളിലേക്കും അതുവഴി ഇന്ത്യ മുഴുവനും പടര്‍ന്നുപിടിക്കും. തമിഴ്നാടും കര്‍ണാടകവും പെട്ടെന്ന് ചുകന്ന രാശിയില്‍ സഞ്ചരിക്കാനിട വരും.
ഈ നിഗമനം ശരിയായിരുനു. കാരണം 1957ലെ ഇ എം എസ് ഗവണ്‍മെന്റ് അത്രക്കും സുശക്തമായിരുന്നു. മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട്, ചേലാട്ട് അച്യുതമേനോന്‍, വി ആര്‍ കൃഷ്ണയ്യര്‍, ടി വി തോമസ് തുടങ്ങിയ പ്രഗത്ഭരായ നേതാക്കള്‍, അവരുടെ കര്‍മധീരത, ആത്മാര്‍ഥത, ഭരണരംഗത്തെ കഴിവുകള്‍, രാഷ്ട്രീയ വീക്ഷണത്തിലെ ആശയങ്ങള്‍, ഇതൊന്നും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതായിരുന്നു. ആ ഗവണ്‍മെന്റ് അഞ്ചുകൊല്ലം കേരളത്തില്‍ ഭരിച്ചിരുന്നെങ്കില്‍ സാമ്പത്തിക മേധാവിത്വവും സാമൂഹ്യ അടിമത്തവും അടിച്ചുടച്ച് ഒരു പുത്തന്‍ യുഗപ്പിറവിക്ക് തുടക്കം കുറിക്കുമായിരുന്നു. കേരളത്തില്‍ അടിച്ചുയരുന്ന ആ തെക്കന്‍കാറ്റ് ഭാരതം മുഴുവനും കോളിളക്കം സൃഷ്ടിക്കുമായിരുന്നു.
ആ മാറ്റത്തിന്റെ കാറ്റ് തിരിച്ചടിക്കാനുള്ള വഴികളെപ്പറ്റിയാണ് മറുക്യാമ്പിലെ ചര്‍ച്ചാ വിഷയം. കേരളം തിരിച്ചുപിടിക്കാന്‍, കാറ്റിന്റെ ഗതി മാറ്റാന്‍ ഏത് വഴിയും സ്വീകരിക്കാനാണ് പിന്നെ, ഇന്ത്യ ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍. ഏത് ആയുധവും എടുത്ത് പ്രയോഗിക്കണം എന്ന് പട്ടം താണുപ്പിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്‍ തുടങ്ങിയ ബുദ്ധിരാക്ഷസന്മാര്‍ ഉറപ്പിച്ചു. ആദ്യം തന്നെ പ്രയോഗിച്ച അസ്ത്രം വിദ്യാര്‍ഥികളായിരുന്നു. അന്നുവരെ സജീവ രാഷ്ട്രീയത്തിലൊന്നും ഇല്ലാതിരുന്ന വിദ്യാര്‍ഥികള്‍ പടല പടലയായി റോഡിലിറങ്ങി. പ്രതിപക്ഷ നേതാക്കളും സ്കൂള്‍ മാനേജ്മെന്റും ഗൂഢാലോചന നടത്തി, സ്കൂളുകളും കോളേജുകളും അടച്ച് കുട്ടികള്‍ക്ക് സമരം ചെയ്യാന്‍ സൌകര്യപ്പെടുത്തി.
വിദ്യാര്‍ഥികള്‍ക്ക് സമരത്തിന് പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിരുന്നില്ല. അന്ന് തെക്കന്‍ കേരളത്തില്‍ വിദ്യാര്‍ഥികള്‍ അധികവും സഞ്ചരിച്ചിരുന്നത് കായല്‍ മാര്‍ഗം ബോട്ടുകളിലായിരുന്നു. അനാഥമായി കിടന്നിരുന്ന ബോട്ടുകളെ ഒന്നിപ്പിച്ച് ഒരു 'ബോട്ട് കോര്‍പറേഷന്‍' രൂപീകരിക്കാന്‍ ഗവണ്‍മെന്റ് നടപടി ആരംഭിച്ചു. ആ ശ്രമം വിദ്യാര്‍ഥികള്‍ക്ക് ഹാനികരമാണെന്നും അവര്‍ക്കുണ്ടായിരുന്ന ആനുകൂല്യം നഷ്ടപ്പെടുമെന്നും പ്രചരിപ്പിച്ചാണ് കുട്ടികളെ തെരുവിലിറക്കിയത ്. വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോകാന്‍ 'ഒരണ' കൊടുത്താല്‍ മതിയായിരുന്നു. ബോട്ട് കോര്‍പറേഷന്‍ വന്നാല്‍ ഈ ആനുകൂല്യം നഷ്ടപ്പെടും എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് കുട്ടികളെ സമരത്തിനിറക്കിയത്. ആ സമരത്തിന്റെ പേരാണ് "ഒരണസമരം''. കുട്ടികള്‍ സര്‍ക്കാര്‍ ബസ്സുകള്‍ക്ക് നേരെ കല്ലെറിഞ്ഞു, സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്തു. ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചു. പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞു ലാത്തിയടി ഏറ്റുവാങ്ങി, അറസ്റ്റ് വരിച്ച് ജയിലില്‍ കിടന്നു. കുറേ കുട്ടികളെ വഴിയാധാരമാക്കി, അവസാനം വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ കിട്ടി എന്ന പേരില്‍ സമരം അവസാനിപ്പിച്ചു. ഇതിന്റെ ചുക്കാന്‍പിടിച്ച വിദ്യാര്‍ഥിനേതാക്കള്‍ പി എം മുഹമ്മദാലി, വയലാര്‍ രവി, എ കെ ആന്റണി മുതലായവരായിരുന്നു.
സമരകാലത്ത് മലബാറിലേക്ക് വന്ന വിദ്യാര്‍ഥി നേതാവ് മുഹമ്മദാലി മാത്രമായിരുന്നു. അദ്ദേഹം പിഎസ്പി നേതാവും ഐഎസ്ഒ പ്രവര്‍ത്തകനുമായിരുന്നു. വിദ്യാര്‍ഥി സമരത്തിന്റെ ആരവങ്ങള്‍ കെട്ടടങ്ങി കുറേക്കഴിഞ്ഞ്, എറണാകുളത്തുനിന്ന് ഒരു വിദ്യാര്‍ഥി നേതാവ് കോഴിക്കോട്ട് വരുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഞങ്ങളോട് പറഞ്ഞു. അദ്ദേഹം നയിക്കുന്ന സംഘടനയാണ് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനം എന്നും അതിന്റെ പേര് കേരള വിദ്യാര്‍ഥി യൂണിയന്‍(ഗടഡ) എന്നാണെന്നും പറഞ്ഞു.
അങ്ങനെ ഒരു ദിവസം അദ്ദേഹം കോഴിക്കോട്ട് വണ്ടിയിറങ്ങി. അദ്ദേഹത്തെ റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങള്‍ സ്വീകരിച്ചാനയിച്ചു. അതായിരുന്നു വയലാര്‍ രവി. അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി ആയിരുന്നു. ആ കോളേജ് കേന്ദ്രമായി എറണാകുളത്തും തെക്കന്‍ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘടനയായിരുന്നു ഗടഡ. പിന്നീട് കോണ്‍ഗ്രസ് നേതാക്കളുടെ പിന്‍ബലവും ഞങ്ങളെപ്പോലെയുള്ള വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനവുംകൊണ്ട് ഗടഡ മലബാറിലും വളര്‍ന്നു.
മലബാറില്‍ ഗടഡ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ നന്നായി ശ്രമിച്ചു. 1959 ല്‍ കോഴിക്കോട്ട് ഒരു മലബാര്‍ റീജിനല്‍ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തു. തുടര്‍ന്ന് ഒരു ജില്ലാ സമ്മേളനവും നടത്തി. അന്നത്തെ കോഴിക്കോട് ജില്ല വയനാടും മലപ്പുറവും ഉള്‍പ്പെട്ടതായിരുന്നു. ആ സമ്മേളനത്തിലായിരുന്നു ഗ്രൂപ്പ് പ്രവര്‍ത്തനവുമായി ഞാന്‍ പരിചയപ്പെടുന്നത്. കാലുവാരലും വെട്ടിനിരത്തലും കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പാണെന്ന് അന്ന് എനിക്ക് ബോധ്യമായി.
ആ സമ്മേളനത്തില്‍ ഒരു പെണ്‍കുട്ടിയെ ജില്ലാ പ്രസിഡന്റാക്കി. ഞാന്‍ വൈസ് പ്രസിഡന്റും എന്‍ പി മൊയ്തീന്‍ ജില്ലാ സെക്രട്ടറിയുമായി. സമ്മേളനം കാണാന്‍ വന്ന, തിരുവമ്പാടി ഹൈസ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന കെ എസ് ത്രേസ്യ ആയിരുന്നു ആ പാവം പെണ്‍കുട്ടി. ഭാരവാഹി തെരഞ്ഞെടുപ്പിന്റെ പിന്നില്‍ ചരടുവലിച്ചത് ഡിസിസി പ്രസിഡന്റ് കെ ഗോപാലന്‍ ആയിരുന്നു. അദ്ദേഹം പറഞ്ഞു കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ഇന്ദിരാഗാന്ധി, ജില്ലാ പ്രസിഡന്റ് കുട്ടിമാളുഅമ്മ, അതിനാല്‍ ഗടഡ വിന്റെ ജില്ലാ പ്രസിഡന്റ് ഒരു പെണ്‍കുട്ടി ആവട്ടെ എന്നാണ് നിര്‍ദേശം. അത് ഞാന്‍ ജില്ലാ പ്രസിഡന്റ് ആവാതിരിക്കാനുള്ള പാരയായിരുന്നു എന്ന് ഞങ്ങള്‍ക്ക് ബോധ്യമായിരുന്നു. രാഷ്ട്രീയത്തില്‍ എനിക്കുണ്ടായ ആദ്യത്തെ പാര അതായിരുന്നു. ഈ ഭാരവാഹിതെരഞ്ഞെടുപ്പിലെ കുത്തിത്തിരുപ്പുകള്‍ കാരണം കുറച്ചുകാലം പ്രവര്‍ത്തനം മന്ദഗതിയിലായി. പിന്നെ മറക്കുകയും പൊറുക്കുകയും ചെയ്ത് വീണ്ടും തട്ടിക്കൂട്ടി. പ്രസിഡന്റായ പെണ്‍കുട്ടിയെ പിന്നെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ഞാനും എന്‍ പി മൊയ്തീനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേറിയിറങ്ങി കുട്ടികളെ ഗടഡവില്‍ സംഘടിപ്പിച്ചുവന്നു. വയലാര്‍ രവി ഇടക്കിടെ വന്നുകൊണ്ടിരുന്നു. അദ്ദേഹം വരുന്ന വിവരം കിട്ടിയാല്‍ ഞാനും മൊയ്തീനും "ശാന്തഭവന്‍'' ഉടമയായ സി കൃഷ്ണന്‍നായരെ വീട്ടില്‍ ചെന്നുകണ്ടു നിവേദനം നടത്തും. അതിന്‍ ഫലമായി അദ്ദേഹം രവി വന്നുപോകുന്നതുവരെ ശാന്തഭവന്‍ ഹോട്ടലില്‍ ഒരു മുറിയും ഭക്ഷണവും സൌജന്യമായി അനുവദിക്കും. അങ്ങനെ ഒരു കൊല്ലം കടന്നുപോയി.
1959ല്‍ ഞാന്‍ പോളിടെക്നിക്കില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് ജില്ലാ സമ്മേളനം വിളിച്ചുചേര്‍ത്തു. ആ സമ്മേളനത്തില്‍ ആദരണീയനായ ഇ മൊയ്തു മൌലവിയുടെ മകന്‍ വി സുബൈര്‍ പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
എന്നെ സംബന്ധിച്ചേടത്തോളം വിദ്യാര്‍ഥി യുവജന രംഗത്തെ പ്രവര്‍ത്തനവും കോണ്‍ഗ്രസ് പൊതുയോഗങ്ങളിലെ പ്രസംഗവും സ്ഥിരം തൊഴിലായി മാറി. ഞാനും ഇന്ന് ബസ്സുടമസംഘം നേതാവായി പ്രവര്‍ത്തിക്കുന്ന എ കെ അബ്ദുള്ള, വി സുബൈര്‍, ചെറുകര മാധവന്‍ എന്നിവരുമായിരുന്നു അക്കാലത്ത് ജില്ലയിലെ കോണ്‍ഗ്രസിന്റെ രണ്ടാംനിര പ്രസംഗകര്‍. പട്ടണത്തിനു പുറത്തുള്ള മിക്ക യോഗങ്ങളിലും കാദിരിക്കോയ മാസ്റ്ററുടെ നേതൃത്വത്തിലുള്ള കാരാ ലളിതകലാ സമിതിയുടെ നാടകവും ഉണ്ടായിരിക്കും. നാടകത്തില്‍ എ കെ അബ്ദുള്ള, ഇരിങ്ങല്‍ ലീല, നര്‍മദ എന്നിവര്‍ അഭിനയിക്കുകയും പാട്ടുപാടുകയും ചെയ്തിരുന്നു. പാട്ടും നാടകവും പ്രസംഗവും എല്ലാം കൂടെ കോര്‍ത്തിണക്കി സംഘടിപ്പിച്ചിരുന്നത് അധികം സാംസാരിക്കാത്ത, നിശ്ശബ്ദനായ സംഘാടകന്‍ മുല്ലവീട്ടില്‍ ബഷീര്‍ ആയിരുന്നു.
രാഷ്ട്രീയം, പ്രസംഗം, കല, പാട്ട് എന്നിവയിലെ അമിതമായ താല്‍പ്പര്യവും ബന്ധവും എന്റെ പഠനത്തില്‍ പൂര്‍ണമായും വീഴ്ച വരുത്തി. മാത്രമല്ല എന്‍ജിനിയറിങ് വിഷയത്തിലെ ദഹനക്കുറവും വലിയ തോതില്‍ പഠനത്തോട് മടുപ്പുളവാക്കി. ചെറുപ്പത്തില്‍ത്തന്നെ എന്റെ ഹൃദയത്തില്‍ ഒരു വക്കീലാകാനുണ്ടായിരുന്ന ആഗ്രഹം കൈവിട്ടുപോയതില്‍ മനഃപ്രയാസവും നിരാശയും ഉണ്ടായിരുന്നു. ചുരുക്കത്തില്‍, എല്ലാംകൂടി പോളിടെക്നിക്കിലെ എന്‍ജിനിയിറിങ് പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക 19 ഡിസംബര്‍ 2010
Tuesday, December 21, 2010
രാഷ്ട്രീയ നിലപാട് മാറുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment