പകലുറക്കം കഴിഞ്ഞൊരു രാത്രി തൃശൂരിന്റെ വഴികളിലേക്ക്. ഹലോജന്‍ ബള്‍ബുകളുടെ മഞ്ഞവെളിച്ചത്തില്‍നിന്നു ചിലപ്പോള്‍ ഓടിയൊളിച്ച അത് കടത്തിണ്ണകളിലും ഓവര്‍ബ്രിഡ്ജിന്റെ ചുവട്ടിലും മരപ്പൊത്തുകളിലും ചെന്നിരിപ്പായി. നീട്ടിയ നാവിന്മേല്‍ പാറ്റകള്‍ വീണു ചത്തു. ആണും പെണ്ണും ഇണചേര്‍ന്നു. വിഷം കുടിച്ചും തൂങ്ങിയും ജീവനുകള്‍ പിടഞ്ഞു. ഇലകള്‍ മിഴിപൂട്ടി. മുതുകുളത്തേക്ക്, ഞവരക്കലിലേക്കുള്ള യാത്ര ആരംഭിക്കുന്നത് തൃശൂര്‍ രാത്രിയില്‍നിന്ന്. പത്മരാജന്‍ എന്നും മലയാളിയെ കോരിത്തരിപ്പിക്കുന്ന കിനാവാണ്. അദ്ദേഹത്തിന് പ്രിയപ്പെട്ട നഗരമായിരുന്നു തൃശൂര്‍. ഒരുപറ്റം സുഹൃത്തുക്കളെ, പ്രണയത്തെ നല്‍കിയത് അദ്ദേഹമെഴുതിയ നിലാവിലലിയുന്ന, നനഞ്ഞൊലിക്കുന്ന, കത്തിയെരിയുന്ന ഈ നഗരം.
'ഉദകപ്പോള'യിലും, 'അമൃതേത്തി'ലും പശ്ചാത്തലം തൃശൂരാണ്. എല്ലാ നഗരങ്ങളും പകല്‍ മൂഖംമൂടി അണിയാറുണ്ട്. ഊരിവച്ച ആ മുഖംമൂടിയും അവിടുത്തെ ജീവിതങ്ങളും: നനവുപോകുന്ന, ആരും തേടിവരാത്ത, വെയിലിലൂടെ, കടത്തിണ്ണകളിലൂടെ ചത്തുപോകുന്ന അവസ്ഥയില്‍ പത്തുദിവസമെങ്കിലും കഴിയണമെന്ന ആശയുമായി ക്ളാര. 'കണ്ണുവൈദ്യം' എന്നെഴുതിയ പലകയ്ക്കുകീഴെ പകല്‍ ഉറങ്ങി. രാത്രി ഇരകളെത്തേടിയിറങ്ങുന്ന, താനേ പൂത്ത അഴുക്കാണെന്ന് ബോധ്യമുള്ള തങ്ങള്‍, ഗര്‍ഭഛിദ്രക്കാരന്‍ സിദ്ധാര്‍ഥന്‍, ധൂര്‍ത്തില്‍ നശിച്ച് ജയകൃഷ്ണന്‍... അങ്ങനെ നഗരമുഖത്തെ, അഴുക്കുചാലുകളെ കാട്ടിത്തന്നു.
ലോഡ്ജ്മുറികളിലെ ആഘോഷങ്ങളും മാംസം വില്‍ക്കുന്ന പാതിരാവഴികളും, അവ തേടിപ്പായുന്ന കാറുകളും അങ്ങനെ പത്മരാജന്റെ ഭൂമികയിലെ കാഴ്ചകള്‍ നഗരത്തിലെത്തുമ്പോള്‍ തികട്ടിവരാറുണ്ട്. ആ നഗരമാണ് ഇരുട്ടിന്‍ കൈപിടിച്ച് തേക്കിന്‍കാട്ടിലൂടെ കൂട്ടുവരുന്നത്. പാറമേക്കാവിനു മുന്നിലെ പൂത്ത പാലക്കൊമ്പില്‍നിന്നിറങ്ങിയ കാറ്റ് വഴിയരികില്‍ കിതച്ചു.
രാത്രിവണ്ടിയുടെ തുരുമ്പിച്ച ജനലിനുചേര്‍ന്നിരുന്നു. ഇരുട്ടില്‍ മരങ്ങളും പാടങ്ങളും പുഴകളും ഒപ്പമെത്താതെ മറിയുന്നുണ്ടായിരുന്നു. പച്ചവെളിച്ചവും കുപ്പിവള പൊട്ടിച്ചിതറുംപോലുള്ള അനൌണ്‍സുമെന്റുകളും കേട്ട് ഒരു മുഴക്കം മാത്രമായി തീവണ്ടി അകലെയായപ്പോള്‍, കായംകുളം സ്റ്റേഷനിലെ രാത്രിവാടിമരങ്ങള്‍ക്കിടയിലൂടെ പ്രഭാതം വിരിഞ്ഞുതുടങ്ങിയിരുന്നു. 15 കിലോമീറ്ററോളമുണ്ട് മുതുകുളത്തേക്ക്, ചൂളത്തെരുവിലേക്ക്.
അറുപതുകളുടെ അവസാനത്തിലാണ് പത്മരാജനെന്ന പേര് ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. നൂറിലേറെ കഥകള്‍. സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'നക്ഷത്രങ്ങളേ കാവല്‍'.കെ പി അപ്പനെപ്പോലുള്ളവരുടെ പ്രശംസയ്ക്കു പാത്രമായ 'പ്രതിമയും, രാജകുമാരിയും' നോവല്‍. അല്‍ഷിമേഴ്സും കോഹാബിറ്റേഷനുംവരെ വിഷയമായ രചനകള്‍. കുറച്ചുകാലംകൊണ്ട് വെട്ടിത്തെളിച്ച വഴികളും കാണിച്ചുതന്ന ലോകവും ഇന്നും വിസ്മയം. എന്നിട്ടും സിനിമക്കാരന്‍ മാത്രമാക്കി നിര്‍ത്തുകയായിരുന്നു സാഹിത്യലോകം.
ബീഡിയുടെ മണവും നീട്ടിയും താളത്തിലുമുള്ള ഓണാട്ടുകര ഭാഷായായിരുന്നു അവിടന്നങ്ങോട്ട് കൂട്ടിന്. പാണ്ഡവര്‍ കാരവും, ഉമ്മറുമുക്കും കഴിഞ്ഞ് കുടനിവര്‍ത്തിയ ഒരാലിന്‍ ചുവട്ടില്‍, ചൂളത്തെരുവില്‍ ബസ് നിന്നു.
ഞവരക്കലെ അനാഥമായ മുറ്റത്ത് കൊന്നപ്പൂക്കള്‍. ഭദ്രയെയാണ് പെട്ടെന്ന് ഓര്‍മവന്നത്: കൊന്നപ്പൂക്കളുടെ തണലില്‍, ബ്രാക്കറ്റുപോലുള്ള അല്ലികൊണ്ട് മാലകെട്ടുന്ന, നിറഞ്ഞുതുളുമ്പുമ്പോഴും പകര്‍ന്നുകൊടുക്കാനാകാതെപോയ പ്രണയമായിരുന്നു ഭദ്ര. കുടിപ്പള്ളിക്കൂടങ്ങള്‍ സജീവമായ കാലം. കുട്ടികളെ രഘുവംശവും ശാകുന്തളവും പഠിപ്പിക്കാന്‍ ചേപ്പാടുനിന്ന് ഒരാശാന്‍ വരുമായിരുന്നു. അന്നെപ്പോഴോ കോറിയിട്ട ഓര്‍മയായിരുന്നു 'ഭദ്ര'യായത്. അത് താന്‍തന്നെയാണെന്ന് പത്മരാജന്‍ പിന്നീടെഴുതി.
ആശാന്റെ മകനായിരുന്നു മാലകോര്‍ക്കുന്ന അവള്‍ക്കരികിലെത്തുന്നത്. വേലിക്കപ്പുറത്തുനിന്ന് മാല ചോദിച്ചപ്പോള്‍ ദേഷ്യപ്പെടുകയാണ് ഭദ്ര. പക്ഷേ, എവിടെയോ ഒടുങ്ങിപ്പോയ ആ ജീവിതത്തെപ്പറ്റി പിന്നീടറിയുമ്പോള്‍ തൂവലുകളെല്ലാം മഴയിലൊട്ടി കരയാന്‍പോലുമാകാത്ത കിളിയായിപ്പോകുന്നു അവള്‍.
ടെക്സാസില്‍ ജനിച്ച പെണ്‍കുട്ടി- ലോലാ മില്‍ഫോര്‍ഡ്. ലജ്ജാശീല. പതിനെട്ടു കഴിഞ്ഞിട്ടും കന്യക. (എന്താ അമേരിക്കയില്‍ പെണ്‍കുട്ടികള്‍ അങ്ങനെ പാടില്ലെന്നുണ്ടോ എന്നു ചോദിക്കുന്നു ലോല). അമേരിക്കന്‍ പെണ്‍കുട്ടി. അവള്‍ക്കരികിലേക്ക് താമരപ്പൂക്കളുടെ രാജാവ്. പത്മരാജന്റെ ഏറ്റവും പ്രശസ്തമായ കഥയാണ് 'ലോല'. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയകഥകളിലൊന്ന്. കേരളത്തില്‍ ജനിച്ച യുവാവും അമേരിക്കന്‍ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം. വടക്കേ അമേരിക്കന്‍ തെരുവുകളില്‍ കണ്ട സ്വപ്നങ്ങളില്‍ വിരിഞ്ഞ താമരക്കുളം മുന്നില്‍.
അണകെട്ടിയ മനസ്സിനകത്തെ വിള്ളലാണ് പ്രണയമെന്നെഴുതിയത് പാവ്ലോ കൊയ്ലോ. അറിഞ്ഞോ, അല്ലാതെയോ അതിലൂടെ ഊര്‍ന്നിറങ്ങിയ തുള്ളികളാകും പിന്നീട് എല്ലാം തകര്‍ത്തെറിയുന്നത്. ലോലയെന്ന ഓമനത്വമുള്ള, സുന്ദരിയുടെ മനസ്സും അങ്ങനെത്തന്നെ. കുടിച്ചു നശിച്ച അച്ഛന്റെയും ശരീരം വില്‍ക്കുന്ന അമ്മയുടെയും ഓര്‍മകള്‍ക്കിടയിലും സ്വയം ശിക്ഷിച്ച് ജീവിക്കാന്‍ അവളൊരുമ്പെട്ടില്ല. താമരപ്പൂക്കളുടെ നാട്ടില്‍നിന്നെത്തിയ അയാള്‍ക്കു മുന്നില്‍ അവള്‍ സ്വയം നഷ്ടപ്പെടുകയായിരുന്നു. ആത്മഹത്യയിലൊളിക്കുന്ന വിഡ്ഢിയാകില്ല താനെന്നു പറയുമ്പോഴും അയാളുടെ മടങ്ങിപ്പോക്ക് ആ വിഡ്ഢിത്തം ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് പറഞ്ഞുപോകുന്നുണ്ട് ലോല.
കുടിക്കാനും കുളിക്കാനും ഒരുപാട് കുളങ്ങളുണ്ടായിരുന്നു ഞവരക്കലെ പറമ്പില്‍. അതിലൊന്നാണിത്. വറ്റാതെ അമേരിക്കന്‍ പെണ്‍കുട്ടി കണ്ട സ്വപ്നം. മഴപെയ്യുമ്പോഴത് താമരപ്പൂക്കള്‍കൊണ്ടു നിറയും. നീ മരിച്ചെന്ന് ഞാനും, ഞാന്‍ മരിച്ചെന്ന് നീയും വിശ്വസിച്ച് പിരിഞ്ഞശേഷവും മഴക്കാലങ്ങള്‍, താമരമൊട്ടുകള്‍ കൂമ്പിയ സന്ധ്യകള്‍ കൊഴിഞ്ഞിരിക്കാം.
'ഒരു കോണില്‍ വളരുന്ന പുതിയ ചെമ്പകത്തെ ചൂണ്ടിക്കാണിച്ച് അമ്മ പറഞ്ഞു: മുറ്റത്തെ ചെമ്പകം പോയെങ്കിലും വേറൊന്ന് വച്ചിട്ടുണ്ട്. കര്‍ക്കടകത്തിലാണ് വച്ചത്. എട്ടാംകൊല്ലം പൂവിടും....'
പത്മരാജന്‍ അവസാനകാലത്തെഴുതിയ കഥകളിലൊന്നായിരുന്നു 'കിഴക്കേ മുറ്റത്തെ ചെമ്പകമരം'. കഥാകാരന്‍ ആദ്യം കാക്കയെ ശ്രദ്ധിച്ചത് ചെമ്പകമരത്തിന്റെ ഇലകള്‍ക്കിടയിലൂടെ. പല പക്ഷികളെയും അവയുടെ നിറങ്ങളെയും ആദ്യം കണ്ടത് അതിന്മേലായിരുന്നു. ഓണക്കാലത്ത് ബലമുള്ള കൊമ്പുകളില്‍ ഊഞ്ഞാല്‍ തൂങ്ങിയാടാറുണ്ടായിരുന്നു. പിന്നത്തെ തലമുറയും കളിച്ചുവളര്‍ന്നത് അതിന്റെ തണലില്‍. അകാലത്തില്‍ മരിച്ച രണ്ടു ചേട്ടന്മാര്‍ക്ക് പിണ്ഡംവച്ചത്, നനഞ്ഞ കൈകൊട്ടി കാക്കയെ വിളിച്ചത്... ഇതൊക്കെ ഓര്‍ത്തെടുക്കുന്നുണ്ട്. അതിന്റെ കാലം കഴിഞ്ഞപ്പോള്‍ അമ്മ മറ്റൊരു ചെമ്പകം നട്ടു. ആര്‍ത്തുവളരുന്ന ആ തൈയായിരുന്നു 'ചെമ്പകമര'ത്തിന്റെ അവസാനം. പൂവിട്ടുകാണാന്‍ പത്മരാജന്‍ കാത്തുനിന്നില്ല. അമ്മമ നട്ട കുഞ്ഞിന്ന് വയസ്സനായിരിക്കുന്നു. ഒരുപാട് പൂക്കാലവും നിലാവും കാക്കകളും കൊമ്പിലിരുന്നു പോയി. പഞ്ചസാരമണലില്‍നിന്ന് വേരറ്റ്, ഉണങ്ങിത്തുടങ്ങിയ തായ്ത്തടിനോക്കി പത്മരാജന്റെ ജ്യേഷ്ഠന്‍ പത്മധരന്‍ നെടുവീര്‍പ്പിട്ടു. ആളുംബഹളവുമാണ് മരങ്ങളെ ജീവിപ്പിക്കുന്നത്. ഇപ്പോ ഞാന്‍ മാത്രം. മുടിയഴിച്ചു നില്‍ക്കുന്ന സുന്ദരിയെപ്പോലൊരു കാവ് പടിഞ്ഞാറെ അതിരില്‍. കുടകപ്പാലയും വയനയും പൂക്കുന്ന, ഇരുട്ടിന്റെ മറപറ്റി പാമ്പുകള്‍ ഇണചേരാനിറങ്ങുന്ന കാവ്. പപ്പുവിന്റെയും രതിയുടെയും നിശ്വാസങ്ങളും നിര്‍വേദവും കണ്ടു. വേദനമാത്രം അവശേഷിപ്പിക്കുന്ന പ്രണയം- അതായിരുന്നു 'രതിനിര്‍വേദ'ത്തലിലേത്. മഴമാറിയ രാത്രികളില്‍, കാവിനകത്ത്, രണ്ട് വള്ളിപ്പടര്‍പ്പുകളായി രതിയും, പപ്പവും കെട്ടുപിണര്‍ന്നു.
"ഈശ്വരാ മരിക്കല്ലേ. ഒരിക്കല്‍ ഈ വീട്ടില്‍ വരുമ്പോള്‍ അച്ഛനുമമ്മയുമുറങ്ങുന്ന ജീവനില്ലാത്ത പുരയിടത്തില്‍നിന്ന് ദുഃഖവാഹിയായ കാറ്റ്. അതില്‍ രദുവേച്ചിയുടെ ശരീരഗന്ധം മാത്രം കലരാതിരിക്കണേ''. ഇത് പപ്പുവിന്റെ പ്രാര്‍ഥന. പ്രിയപ്പെട്ട നാട് വിട്ടുപോകുന്ന പപ്പുവും, വിഷംതീണ്ടിയ രതിയും. മഴയ്ക്കുശേഷം മേഘങ്ങളകന്ന ആകാശം ശാന്തം. സന്ധ്യകളില്‍, ഇരുട്ടുപുതച്ച കാവും നോക്കിനില്‍ക്കുന്ന പത്മരാജന്റെ ചിത്രം പത്മധരന്‍ ഓര്‍ത്തെടുത്തു. കാറ്റിലുരുമ്മുന്ന മരങ്ങളെ, പിന്നെ മണലില്‍ വീണുറങ്ങുന്ന അവയുടെ നിഴലുകളെ നോക്കി അസ്വസ്ഥനായി. ഭര്‍ത്താവിന്റെ ക്രൂരതയില്‍ തകര്‍ന്ന നാട്ടിന്‍പുറത്തുകാരി. മോഹങ്ങള്‍ മരവിച്ച തീരമായിരുന്നു രതി. പപ്പുവാകട്ടെ ഇരമ്പിയാര്‍ത്ത തിരമാലയും. ഇവരുടെ പ്രണയതീവ്രത ചിത്രീകരിക്കാന്‍ കാവും പാമ്പുകളുടെ സാന്നിധ്യവും മനോഹരമായി പത്മരാജന്‍ ഉപയോഗിച്ചു.
പണ്ട്, കൊയ്ത്തുകഴിഞ്ഞ മുതുകുളത്തെ പാടങ്ങള്‍ മടിപിടിച്ചു കിടക്കാറില്ലായിരുന്നു. അടുത്ത വിത്ത് വീഴുംവരെ നിറയെ എള്ളിന്‍ ചെടികള്‍. എള്ളു പൂക്കുന്ന പാടത്തെ ചുറ്റിയൊഴുകുന്ന തോട്- ഇവിടെനിന്നാണ് 'ചൂണ്ടല്‍' പിറന്നത്. മരണമായിരുന്നു പ്രമേയം. ചൂണ്ടലിടാന്‍ പോകുന്ന വൃദ്ധന്‍. അവശനായ, പാടവരമ്പത്ത് നടന്നുപോകുന്ന ഓണാട്ടുകരക്കാരന്‍തന്നെ. ഇന്നും ചൂണ്ടലിന്റെ അറ്റത്ത് ജീവന്‍പിടഞ്ഞല്ലെങ്കില്‍ പട്ടിണികിടന്ന് താന്‍ മരിച്ചേക്കാം.
തോടിന്റെ കരയും പൊന്തക്കാടുകളും പിന്നെ വീടുവിട്ടിറങ്ങുമ്പോള്‍ പിന്നില്‍നിന്നുയര്‍ന്ന മകളുടെ പ്രാക്കും മരണഭീതി അയാളില്‍ നിറയ്ക്കുന്നുണ്ട്. നിശ്ശബ്ദത എന്ന മരണതുല്യമായ അവസ്ഥയും അതിന്റെ തണുപ്പും വലംകൈയില്‍ നീളുന്ന ചൂണ്ടലിലൂടെ നമ്മളിലേക്കും നിറയുന്നു. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന മരണങ്ങള്‍ തോടിനുചുറ്റും. പൊങ്ങുതടി വലിക്കുമ്പോള്‍ പിടയുന്ന മത്സ്യത്തിന്റെ, കൈതക്കാടിനുള്ളില്‍ നീര്‍ക്കോലിയുടെ വായിലകപ്പെട്ട തവളയുടെ, ചൂണ്ടലിന്റെ അറ്റത്ത് വൃദ്ധന്റെ മരണം. പൊന്തക്കാടിനുള്ളില്‍നിന്ന് തല നീട്ടുന്ന ആമയും, ശബ്ദമുണ്ടാക്കി പറന്നകലുന്ന കുളക്കോഴികള്‍പോലും ഭയപ്പെടുത്തുന്നു. ചൂണ്ടക്കൊളുത്തില്‍ നമ്മളും വലിഞ്ഞുമുറുകുന്നു, പിടയുന്നു. കഥപറഞ്ഞ തോട് മണ്ണടിഞ്ഞു. കായംകുളം സ്റ്റേഷനിലെ സിമന്റ് ബെഞ്ചില്‍ തീവണ്ടി കാത്തിരിക്കാന്‍ കൂട്ടായി ചാറ്റല്‍മഴ. പിന്നെ, മോഹിനീവൃക്ഷവും പവിഴമല്ലിയും കുങ്കുമവും പൂത്ത ഞവരക്കലെ മണ്ണിലെ നിമിഷങ്ങളും.
"ഈ മണ്ണിനൊരു പ്രത്യേകതയുണ്ട്. അകലത്തേക്കു പോകുംതോറും വലിക്കും. പറഞ്ഞുകേട്ടിട്ടൊള്ളതാ... കഴിഞ്ഞദിവസം അവനെ അടക്കിയ മണ്ണു തേടി ഒരാള്‍. അയാക്കവിടിരുന്ന് പ്രാര്‍ഥിക്കണം''. ധരന്‍ചേട്ടന്‍ വേദനയോടെ ചിരിച്ചു.
ആശാന് ജീരകവെള്ളത്തിനു പകരം മൂത്രം ഗ്ളാസിലാക്കി നല്‍കിയ കുറുമ്പന്‍ കുട്ടിയെ, തന്റെ കൈപിടിച്ച് നഗരത്തിലേക്കു നടന്ന കൌമാരക്കാരനെ, റെക്കോഡിങ് കഴിഞ്ഞ സിനിമയിലെ പാട്ടുകള്‍ കേള്‍പ്പിക്കാനെത്തുന്ന, പോരെന്നോ മറ്റോ പറഞ്ഞാല്‍ മുഖം വാടിപ്പോകുന്ന അനുജന്റെ ഓര്‍മകള്‍ ചേട്ടന്‍ എടുത്തുകാണിച്ചു.
"വളരെ നേരത്തെയാ പോയത്... സിനിമാത്തിരക്കൊക്കെ വിട്ട് അമ്മയുടെ അടുത്തേക്കു മടങ്ങണം എന്നാഗ്രഹമുണ്ടായിരുന്നു. പിന്നെപ്പൊഴോ അമ്മ പറഞ്ഞു, അങ്ങനെ പോയത് നന്നായി. മുടിയൊക്കെ നരച്ച്, വയസ്സായ അവനെപ്പറ്റി ചിന്തിക്കാന്‍കൂടി... അതും ശരിയല്ലേ?'' പത്മധരന്‍ വിങ്ങിക്കരഞ്ഞു. ശരിയാണ്, പത്മരാജനെന്നും നാല്‍പ്പത്തിയഞ്ചാണ്.
*
എന്‍ പ്രതീഷ് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
Friday, December 10, 2010
Subscribe to:
Post Comments (Atom)
1 comment:
പകലുറക്കം കഴിഞ്ഞൊരു രാത്രി തൃശൂരിന്റെ വഴികളിലേക്ക്. ഹലോജന്‍ ബള്‍ബുകളുടെ മഞ്ഞവെളിച്ചത്തില്‍നിന്നു ചിലപ്പോള്‍ ഓടിയൊളിച്ച അത് കടത്തിണ്ണകളിലും ഓവര്‍ബ്രിഡ്ജിന്റെ ചുവട്ടിലും മരപ്പൊത്തുകളിലും ചെന്നിരിപ്പായി. നീട്ടിയ നാവിന്മേല്‍ പാറ്റകള്‍ വീണു ചത്തു. ആണും പെണ്ണും ഇണചേര്‍ന്നു. വിഷം കുടിച്ചും തൂങ്ങിയും ജീവനുകള്‍ പിടഞ്ഞു. ഇലകള്‍ മിഴിപൂട്ടി. മുതുകുളത്തേക്ക്, ഞവരക്കലിലേക്കുള്ള യാത്ര ആരംഭിക്കുന്നത് തൃശൂര്‍ രാത്രിയില്‍നിന്ന്. പത്മരാജന്‍ എന്നും മലയാളിയെ കോരിത്തരിപ്പിക്കുന്ന കിനാവാണ്. അദ്ദേഹത്തിന് പ്രിയപ്പെട്ട നഗരമായിരുന്നു തൃശൂര്‍. ഒരുപറ്റം സുഹൃത്തുക്കളെ, പ്രണയത്തെ നല്‍കിയത് അദ്ദേഹമെഴുതിയ നിലാവിലലിയുന്ന, നനഞ്ഞൊലിക്കുന്ന, കത്തിയെരിയുന്ന ഈ നഗരം.
'ഉദകപ്പോള'യിലും, 'അമൃതേത്തി'ലും പശ്ചാത്തലം തൃശൂരാണ്. എല്ലാ നഗരങ്ങളും പകല്‍ മൂഖംമൂടി അണിയാറുണ്ട്. ഊരിവച്ച ആ മുഖംമൂടിയും അവിടുത്തെ ജീവിതങ്ങളും: നനവുപോകുന്ന, ആരും തേടിവരാത്ത, വെയിലിലൂടെ, കടത്തിണ്ണകളിലൂടെ ചത്തുപോകുന്ന അവസ്ഥയില്‍ പത്തുദിവസമെങ്കിലും കഴിയണമെന്ന ആശയുമായി ക്ളാര. 'കണ്ണുവൈദ്യം' എന്നെഴുതിയ പലകയ്ക്കുകീഴെ പകല്‍ ഉറങ്ങി. രാത്രി ഇരകളെത്തേടിയിറങ്ങുന്ന, താനേ പൂത്ത അഴുക്കാണെന്ന് ബോധ്യമുള്ള തങ്ങള്‍, ഗര്‍ഭഛിദ്രക്കാരന്‍ സിദ്ധാര്‍ഥന്‍, ധൂര്‍ത്തില്‍ നശിച്ച് ജയകൃഷ്ണന്‍... അങ്ങനെ നഗരമുഖത്തെ, അഴുക്കുചാലുകളെ കാട്ടിത്തന്നു.
Post a Comment