Saturday, December 25, 2010

രാഹുല്‍, ഓര്‍മയുണ്ടോ കലാവതിയെ?

കോണ്‍ഗ്രസിന്റെ 83-ാമത് പ്ളീനറി സമ്മേളനത്തിന് ബുറാഡിയില്‍ കൊടി ഉയരുമ്പോള്‍ മഹാരാഷ്ട്രയില്‍നിന്ന് വന്ന വാര്‍ത്ത ആരെയും വേദനിപ്പിക്കുന്നതായിരുന്നു. വിദര്‍ഭയിലെ യവത്മല്‍ ജില്ലയിലെ കൊതോഡ ഗ്രാമത്തിലെ സഞ്ജയ് കലാസ്കര്‍ എന്ന 25കാരന്‍ ആത്മഹത്യചെയ്തു. കര്‍ഷക ആത്മഹത്യക്ക് കുപ്രസിദ്ധമായ വിദര്‍ഭയില്‍ റിപ്പോര്‍ട്ടുചെയ്ത ഏറ്റവും അവസാനത്തെ ആത്മഹത്യ. ആരാണ് ഈ സഞ്ജയ് കലാസ്കര്‍? കലാവതിയെ ഓര്‍മയില്ലേ; 2008 ജൂലൈ 28ന് വിശ്വാസ വോട്ടെടുപ്പു വേളയില്‍ കോണ്‍ഗ്രസിന്റെ 'യുവരാജ' രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പരാമര്‍ശിച്ച കലാവതി ബാന്ദുര്‍ക്കറുടെ മരുമകനാണ് സഞ്ജയ്. അമേരിക്കയുമായുള്ള ആണവകരാറിനെ ന്യായീകരിക്കാനായിരുന്നു രാഹുല്‍, കലാവതിയെക്കുറിച്ചും അവരുടെ ചെറ്റക്കുടിലില്‍ വൈദ്യുതി ഇല്ലാത്തതിനെക്കുറിച്ചും വിശദീകരിച്ചത്. ഇതേത്തുടര്‍ന്ന് സ്ഥലത്തെ കോണ്‍ഗ്രസുകാര്‍ കലാവതിയുടെ വീട്ടിലെത്തി വാഗ്ദാനങ്ങളുടെ പെരുമഴ ഉതിര്‍ത്തു. എന്നാല്‍, കഷ്ടപ്പാട് നിറഞ്ഞ കലാവതിയുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡല്‍ഹി സന്ദര്‍ശിച്ച കലാവതിയെ കാണാന്‍ രാഹുല്‍ ഗാന്ധിപോലും തയ്യാറായില്ല. രാഹുല്‍ ഗാന്ധി അവര്‍ക്ക് വാഗ്ദാനംചെയ്ത വീടും വൈദ്യുതിയും ഒന്നുംതന്നെ ലഭിച്ചില്ല. അതിലുള്ള പ്രതിഷേധമായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാനി മണ്ഡലത്തില്‍നിന്ന് കലാവതി സ്വതന്ത്രയായി നാമനിര്‍ദേശ പത്രിക നല്‍കിയത്. കോണ്‍ഗ്രസ് പാര്‍ടി സീറ്റ് നിഷേധിച്ചപ്പോഴാണ് കലാവതി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.സമ്മര്‍ദത്തെത്തുടര്‍ന്ന് അവസാനം പത്രിക പിന്‍വലിച്ചു.

ആരവങ്ങളൊടുങ്ങിയപ്പോള്‍ കലാവതിയുടെ ജീവിതം പഴയപടി തന്നെയായി. ഇപ്പോഴവര്‍ക്ക് സ്വന്തം മരുമകനെയും നഷ്ടപ്പെട്ടിരിക്കുന്നു. ഭര്‍ത്താവ് പരശുറാം നേരത്തെതന്നെ ആത്മഹത്യചെയ്തിരുന്നു. ഒമ്പതുമക്കളില്‍ ഇളയവളായ സംഗീതയുടെ ഭര്‍ത്താവാണ് കരഞ്ചി- വാനി ഹൈവേയില്‍ ഓട്ടോ ഓടിച്ച് ജീവിച്ച സഞ്ജയ്. അടുത്തയിടെ 4000 രൂപ കൊടുക്കാന്‍ ബാക്കിയുണ്ടെന്ന് ആരോപിച്ച് പണം പലിശയ്ക്ക് പണംകൊടുക്കുന്നയാള്‍ ഓട്ടോറിക്ഷ പിടിച്ചെടുത്തു. ഇതോടെയാണ് സഞ്ജയിന്റെ ജീവിതം വഴിമുട്ടിയത്. അകാലത്ത് പെയ്ത മഴ നാലര ഏക്കറിലെ കൃഷിയും നശിപ്പിച്ചു. സഞ്ജയിന്റെ മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിദര്‍ഭയില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ലെന്നാണ് ആവര്‍ത്തിക്കുന്ന ആത്മഹത്യകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരായിട്ടും രാഹുലിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായിട്ടും കര്‍ഷകരുടെ കണ്ണീര് തോര്‍ന്നിട്ടില്ലെന്നു മാത്രം. കേന്ദ്രസര്‍ക്കാര്‍ 3000 കോടിയുടെ പ്രത്യേക പാക്കേജും സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപയുടെ പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടും അതൊന്നും അര്‍ഹിക്കുന്നവര്‍ക്ക് ലഭിച്ചിട്ടില്ല. അടുത്തകാലത്ത് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് അനുസരിച്ച് മാസംതോറും 45 കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വിദര്‍ഭയില്‍ (അഞ്ച് ജില്ലയില്‍) മാത്രം 4427 പേരാണ് ആത്മഹത്യചെയ്തത്. കഴിഞ്ഞ 20 മാസത്തിനകം മാത്രം 919 കര്‍ഷകരും. 2007ല്‍ 1246 പേരും 2008ല്‍ 1147 പേരും 2009ല്‍ 966 പേരും ആത്മഹത്യചെയ്തു. കര്‍ഷക ആത്മഹത്യ കുറയുകയാണെന്ന കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ഔദ്യോഗിക കണക്കുകള്‍.

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയും കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. വിള നശിച്ചതിനെത്തുടര്‍ന്ന് കടംകയറി 20 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. 5,44,000 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. ബാങ്കുകളുടെയും മറ്റും വായ്പകള്‍ യഥാര്‍ഥ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെയാണ് ഇവര്‍ക്ക് പണം പലിശയ്ക്ക് കടം കൊടുക്കുന്നവരെ ആശ്രയിക്കേണ്ടിവരുന്നത്. കൊള്ളപ്പലിശക്കാരുടെ ചൂഷണവും പീഡനവുമാണ് കര്‍ഷകരുടെയും സഞ്ജയിനെപ്പോലുള്ളവരുടെയും ആത്മഹത്യക്ക് കാരണമാകുന്നത്. ഈ കൊള്ളപ്പലിശക്കാരെ സംരക്ഷിക്കുന്നതാകട്ടെ സംസ്ഥാന -കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും.

അടുത്തിടെ മഹാരാഷ്ട്രയുടെ മുന്‍മുഖ്യമന്ത്രിയും കേന്ദ്ര ഘനവ്യവസായമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖിനെ സുപ്രീംകോടതി വിമര്‍ശിക്കുകയുണ്ടായി. പണം പലിശയ്ക്ക് കൊടുക്കുന്നവര്‍ക്കെതിരെ കേസെടുക്കരുതെന്ന് ദേശ്മുഖ് അധികൃതരോട് ആവശ്യപ്പെട്ടതാണ് വിവാദമായത്. വിദര്‍ഭ മേഖലയില്‍പ്പെട്ട ബുല്‍ദാന ജില്ലയിലെ ഖാംഗാവിലെ കോണ്‍ഗ്രസ് എംഎല്‍എ ദിലീപ്കുമാര്‍ സനന്ദയും കുടുംബവും ദശാബ്ദങ്ങളായി പണം പലിശയ്ക്ക് കൊടുക്കുന്നവരാണ്. എംഎല്‍എയുടെ അച്ഛന്‍ ഗോകുല്‍ചന്ദ് സനന്ദയാണ് ഈ കൊള്ളപ്പലിശ സാമ്രാജ്യം കെട്ടിപ്പടുത്തത്. 100 രൂപയ്ക്ക് മാസത്തില്‍ 10 രൂപവരെ പലിശ ഈടാക്കുന്നുണ്ട്. ഇത്രയും വലിയ പലിശ അടച്ചു തീര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കഴിയാറില്ല. അതിനാല്‍ അവര്‍ സ്വന്തം കൃഷിഭൂമിതന്നെ സനന്ദ കുടുംബത്തിന് തീറെഴുതാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. കൊള്ളപ്പലിശക്കാര്‍ക്ക് കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാനും മറ്റും കഴിയുന്നത് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ പിന്തുണകൊണ്ടു മാത്രമാണ്. ഗോകുല്‍ചന്ദിന്റെ ഒരു മകന്‍ എംഎല്‍എയും മറ്റൊരു മകന്‍ മുനിസിപ്പാലിറ്റി ചെയര്‍മാനുമാണ്. ഇവരുടെ കുടുംബ സുഹൃത്താണ് വിലാസ് റാവു ദേശ്മുഖ്.

ഖാംഗാവിലെ കര്‍ഷകനായ ഷാരങ്സിങ്ങാണ് സനന്ദ കുടുംബത്തെ ചോദ്യംചെയ്ത് ആദ്യം രംഗത്തെത്തിയത്. 14.5 ഏക്കര്‍ കൃഷിഭൂമിയുള്ള ഇവര്‍ 1993ല്‍ ഗോകുല്‍ചന്ദില്‍നിന്ന് 30,000 രൂപ കടം വാങ്ങി. അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു പണം കടം വാങ്ങിയത്. ബിടി പരുത്തിയുടെ വില ഇടിഞ്ഞതിനാല്‍ ഈ പണം സമയത്തിന് അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ 1994ല്‍ത്തന്നെ 11.5 ഏക്കര്‍ ഭൂമി വിറ്റതായി രേഖകള്‍ നല്‍കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. പിന്നീട് കടം മുഴുവന്‍ വീട്ടിയപ്പോള്‍ ഈ ഭൂമി തിരിച്ചുതരണമെന്ന് ഷാരങ് സിങ് ആവശ്യപ്പെട്ടെങ്കിലും സനന്ദ കുടുംബം അതിന് തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കാന്‍ കര്‍ഷകര്‍ക്ക് ഭയമായിരുന്നു.

എന്നാല്‍, ഷാരങ്സിങ്ങിനെപ്പോലുള്ള കര്‍ഷകരുടെ എണ്ണം വര്‍ധിച്ചതോടെ 2006ല്‍ ഇവര്‍ പൊലീസിനെ സമീപിക്കാന്‍ ധൈര്യം കാട്ടി. ഷാരങ്സിങ് ഉള്‍പ്പെടെ 58 കര്‍ഷകര്‍ പരാതി നല്‍കി. ഇന്‍സ്പെക്ടര്‍ ഗണേഷ് ആനി അന്വേഷണവും ആരംഭിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍നിന്ന് ഗണേഷ് ആനിക്ക് വിലക്കുണ്ടായി. അന്ന് മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖിന്റെ സെക്രട്ടറി ചന്ദ്രകാന്ത് പഡ്വാള്‍ 2006 മെയ് 31 ന് ഖാംഗാവ് പൊലീസ് സ്റേഷനില്‍ വിളിച്ച് സനന്ദ കുടുംബത്തിനെതിരെ കേസ് എടുക്കരുതെന്ന് ആവശ്യപ്പെട്ടു. ജൂ അഞ്ചിന് കലക്ടര്‍ ഗണേഷ് താക്കൂര്‍ സനന്ദ കുടുംബത്തിനെതിരെ കേസെടുക്കരുതെന്ന് എസ്പിയോട് രേഖാമൂലം നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇതെന്നും കലക്ടര്‍ വ്യക്തമാക്കുകയുണ്ടായി. ഗണേഷ് ആനിയെയും ഈ യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. സനന്ദ കുടുംബത്തിനെതിരെ കേസെടുക്കുന്നതിനുമുമ്പ് നിയമോപദേശം തേടണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി ജില്ലാതലത്തില്‍ എസ്പിയും കലക്ടറും മറ്റും അറിഞ്ഞുകൊണ്ടുമാത്രമേ കേസെടുക്കാവൂ എന്നും നിഷ്കര്‍ഷിച്ചു. ഇതിനുശേഷം ഗണേഷ് ആനി ഉള്‍പ്പെടെ ഖാംഗാവ് പൊലീസ് സ്റേഷനിലെ നാലു പൊലീസുകാരെ ദേശ്മുഖ് സ്ഥലം മാറ്റുകയുംചെയ്തു. സനന്ദ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ശ്രമിച്ച ആനിക്ക് എട്ടുമാസം വീട്ടിലിരിക്കേണ്ടി വന്നു.

ഈ സംഭവത്തോടെ വിദര്‍ഭയിലെ കൊള്ളപ്പലിശക്കാര്‍ കത്തിക്ക് മൂര്‍ച്ചകൂട്ടി. പണം തിരിച്ചടയ്ക്കാത്തവരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോകുക, പണം തട്ടിപ്പറിക്കുക തുടങ്ങി അക്രമപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പൊലീസ് നിസ്സംഗരായിരുന്നു. കൊള്ളപ്പലിശക്കാര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 2005ല്‍ ബുല്‍ദാന ജില്ലയില്‍ 69 കേസ് രജിസ്റര്‍ചെയ്തിരുന്നെങ്കില്‍ 2007ല്‍ ഏഴായി കുറഞ്ഞു. മഹാരാഷ്ട്രയില്‍ എന്തുകൊണ്ട് കര്‍ഷക ആത്മഹത്യ ഇപ്പോഴും തുടരുന്നുവെന്നതിന്റെ ഉത്തരം കൊള്ളപ്പലിശക്കാരെ സംസ്ഥാന ഭരണം സംരക്ഷിക്കുന്നുവെന്നാണ് ഉത്തരം. വിദര്‍ഭയിലെ കര്‍ഷകരുടെ ചോരപുരണ്ട കൈകളാണ് കോണ്‍ഗ്രസിന്റേതെന്ന് സാരം.

*
വി ബി പരമേശ്വരന്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 25 ഡിസംബര്‍ 2010

ഓര്‍മ്മ പുതുക്കാന്‍

രാഹുല്‍, കലാവതിക്കു വേണ്ടത് അന്നമാണ്; ആണവോര്‍ജ്ജമല്ല

കലാവതിയെന്നും ശശികലയെന്നും പേരായ രണ്ടു നിമിത്തങ്ങള്‍

'ഇന്ത്യയെ കണ്ടെത്തല്‍'- ചില രാഹുല്‍ രീതികള്‍

More on Kalawati...A first-hand report

1 comment:

വര്‍ക്കേഴ്സ് ഫോറം said...