Thursday, December 23, 2010

സപ്ലൈകോയെ അട്ടിമറിക്കാനുള്ള ഗൂഢശ്രമവും അഴിമതി ആക്ഷേപവും

രാജ്യമാകെ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലകുതിച്ചുയരുമ്പോഴും കേരളത്തിലെ ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുവാന്‍ കഴിഞ്ഞത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വിപണന ശാലകളും നീതിസ്റ്റോറുകളും ശക്തിപ്പെടുത്തിയതിലൂടെയാണ്. പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തി, കരിഞ്ചന്തക്കാരെയും വിപണി മാഫിയകളെയും അതിജീവിക്കുവാന്‍ കേരളത്തിനു സാധിച്ചു. പൊതുവിതരണ സംവിധാനത്തിന്റെ കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന് കേന്ദ്ര ഭക്ഷ്യ-കൃഷി വകുപ്പുമന്ത്രി ശരത്പവാര്‍ അടക്കമുള്ളവര്‍ പാര്‍ലമെന്റില്‍ പ്രസ്താവിക്കുകയുമുണ്ടായി.

രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായത്തെ അട്ടിമറിക്കുവാന്‍ വാണിഭ മാഫിയകളും കുത്തകക്കാരും ഏറെക്കാലമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നത് വസ്തുതയാണ്. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം ദുര്‍ബലപ്പെട്ടാല്‍ അതിന്റെ ഗുണവും മെച്ചവും വാണിഭ മാഫിയകള്‍ക്കും പൂഴ്ത്തിവെയ്പ്പുകാര്‍ക്കും ചെറുകിട വ്യാപാര രംഗത്തേയ്ക്ക് കടന്നുവരുന്ന കുത്തകകള്‍ക്കുമാണ്. എല്‍ ഡി എഫ് ഭരണത്തിനുകീഴില്‍ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെട്ടുവരുന്ന പൊതുവിതരണ സംവിധാനത്തെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടത്തി പരാജയപ്പെട്ടവര്‍ അഴിമതി ആക്ഷേപങ്ങളും ദുരാരോപണങ്ങളും ഉന്നയിച്ച് വിജയം വരിക്കുവാന്‍ പാഴ്ശ്രമം നടത്തുന്നതാണ് ഇപ്പോള്‍ കാണുന്നത്.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ വിഷാംശം കലര്‍ന്നതാണെന്നും വിജിലന്‍സ് അന്വേഷണത്തില്‍ അത് സ്ഥിരീകരിക്കപ്പെട്ടുവെന്നും ആയതിനാല്‍ പരാതിക്കാരനെ മന്ത്രി വീട്ടില്‍വിളിച്ചുവരുത്തി പരാതി പിന്‍വലിക്കുവാന്‍ അപേക്ഷിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ ഇതിന്റെ ഭാഗമാണ്.

പരാതിക്കാരന്‍ കോഴിക്കോട്ടെ മൊത്തവ്യാപാരിയാണ്. 'ഈ ടെണ്ടറില്‍' പിന്നോക്കം പോയ വ്യക്തിയുമാണ്. ആ നിരാശ അദ്ദേഹത്തെ വിജിലന്‍സിന്റെയും കോടതിയുടെയും മുന്നില്‍ പരാതിക്കാരനായി എത്തിച്ചു. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകളെ പൂര്‍ണമായി വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും അപൂര്‍വം ചില മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങി. വാര്‍ത്തകളും വസ്തുതകളുമായി തലനാരിഴ ബന്ധം പോലുമില്ലെന്നതാണ് തെളിഞ്ഞു നില്‍ക്കുന്ന വസ്തുത.

മന്ത്രിയുടെ വസതിയില്‍ പരാതിക്കാരനെ മന്ത്രി ക്ഷണിച്ചു വരുത്തിയെന്നാണ് ഒളിക്യാമറയുടെ പിന്‍ബലത്തോടെ ഒരു ചാനല്‍ പ്രചരിപ്പിച്ചത്. മന്ത്രി വസതിയിലേയ്ക്കും മന്ത്രി ഓഫീസിലേയ്ക്കും ആര്‍ക്കും കടന്നു ചെല്ലാം. നല്ല ലക്ഷ്യത്തോടെ പോകുന്നവര്‍ ചാനലുകാരെ അറിയിക്കാതെ പോവും. സദുദ്ദേശമില്ലാത്ത ഇത്തരം 'മൊത്ത വ്യാപാരികള്‍' തങ്ങളുടെ സ്ഥാപിത താല്‍പര്യ സംരക്ഷണത്തിനായി ഒളിക്യാമറകളുമായി നടക്കുന്ന ചാനലുകാരെ ഒപ്പം കൂട്ടി, മന്ത്രി വസതിയിലും ഓഫീസിലും എത്തും. ഇതില്‍ മന്ത്രി കുറ്റക്കാരനാകുന്നതെങ്ങനെ? മന്ത്രിയുടെ മുന്നില്‍ ഏതൊരു പൗരനും അപേക്ഷയും ആവശ്യവുമായി എത്തുന്നതുപോലെ ഒരാള്‍ എത്തുന്നു. പക്ഷേ അയാള്‍ ഗൂഢലക്ഷ്യങ്ങളോടെയാണ് വരുന്നതെന്നും ക്യാമറ പിന്നില്‍ അണിനിരത്തിയിരിക്കുന്നുവെന്നും എങ്ങനെയാണ് മന്ത്രി അറിയുക. മന്ത്രി കൈക്കൂലി വാങ്ങുന്നതോ, ആവശ്യങ്ങള്‍ ഉന്നയിക്കുന്നതോ, വാഗ്ദാനം നല്‍കുന്നതോ ഒന്നും അന്വേഷണ വിദഗ്ധനായ ചാനല്‍ പ്രവര്‍ത്തകന് കണ്ടെത്താനായില്ല. ഒരാള്‍ വീട്ടിലേയ്ക്ക് കയറിപ്പോകുന്ന ദൃശ്യം മാത്രം കാട്ടി കാടടച്ച് വെയിവെയ്ക്കുന്നത് കേമത്തമൊന്നുമല്ല.

സപ്ലൈകോയെ തകര്‍ക്കണമെന്ന ലക്ഷ്യത്തോടെ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്ത പയര്‍ മായം കലര്‍ന്നതാണെന്നും വിഷാംശമുള്ളതാണെന്നും പ്രചരിപ്പിച്ചത്. എന്നാല്‍ ഗുണനിലവാരമില്ലാത്ത അരിയോ പയറോ സപ്ലൈകോ മുഖാന്തിരം വിതരണം ചെയ്തിട്ടില്ല എന്നതാണ് പരമപ്രധാനമായ യാഥാര്‍ഥ്യം. ജനങ്ങളില്‍ കടുത്ത ആശങ്ക വളര്‍ത്തുകയും പൊതുവിതരണ ശൃംഖലയെ തകര്‍ക്കുകയുമാണ് ഇത്തരം പ്രചാരകരുടെ ലക്ഷ്യം. ഗുണപരിശോധന നടത്താതെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന ഉല്‍പന്നങ്ങളുടെ സാമ്പിളുകളാണ് വിജിലന്‍സ് പരിശോധനയ്ക്കായി എടുത്തത്. അഞ്ച് ഡിപ്പോകളില്‍ നിന്നും മിന്നല്‍ പരിശോധനയിലൂടെ 91 സാമ്പിളുകള്‍ വിജിലന്‍സ് പരിശോധിച്ചതില്‍ 24 സാമ്പിളുകളുടെ കാര്യം മാത്രമാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കാണാനുള്ളത്. 91 സാമ്പിളുകളില്‍ 76 ഉം ഗുണനിലവാരമുള്ളതു തന്നെ. അവശേഷിക്കുന്ന 15 സാമ്പിളുകളില്‍ 9 എണ്ണം അതിവൃഷ്ടിമൂലമുള്ള ഈര്‍പ്പം കലര്‍ന്നവയും രണ്ടെണ്ണം എഫ് സി ഐ ഗോഡൗണുകളില്‍ നിന്നും ലഭ്യമായവയും രണ്ടെണ്ണം ജീവികളുടെ കാഷ്ഠം ഉള്‍പ്പെട്ടെവയുമാണ്. അവശേഷിക്കുന്ന രണ്ടെണ്ണത്തില്‍ മാത്രമാണ് മായം നേരിയതോതില്‍ കലര്‍ന്നിരിക്കുന്നുവെന്ന് കണ്ടെത്തപ്പെട്ടത്. പക്ഷേ ചില മാധ്യമങ്ങളും സപ്ലൈകോയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗൂഢശക്തികളും സപ്ലൈകോയുടെ ഉല്‍പന്നങ്ങളാകെ വിഷമയം എന്ന പ്രചാരവേലയില്‍ ഏര്‍പ്പെടുകയായിരുന്നു.

മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ഒരിക്കലും സപ്ലൈക്കോ വഴി വിതരണം ചെയ്യുകയില്ല. പലഘട്ടങ്ങളിലൂടെയുള്ള ഗുണപരിശോധനയ്ക്കു ശേഷമാണ് വിതരണ പ്രക്രിയ തുടങ്ങുന്നത്. അതിനുമുമ്പ് വിജിലന്‍സ് സംഭരിച്ച സാമ്പിളുകളില്‍ രണ്ടേരണ്ടെണ്ണത്തെ മുന്‍നിര്‍ത്തി അടച്ചാക്ഷേപിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് ഏവര്‍ക്കും വ്യക്തമാണ്.

എങ്കില്‍പ്പോലും രണ്ടിനത്തില്‍ മായം കലര്‍ന്നതിന്റെ പേരില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ടു. എന്നിട്ടും ദുഷ്പ്രചരണങ്ങള്‍ തുടരുകയായിരുന്നു. നിവേദനം നല്‍കാനെന്ന പേരില്‍ വന്നൊരാളെ മന്ത്രി ക്ഷണിച്ചുവരുത്തിയതാണെന്ന് വ്യാഖ്യാനിക്കുകയും മുന്‍കൂട്ടി ചാനലുകാരെ അറിയിച്ച് മന്ത്രി വസതിയുടെ മുന്നില്‍ കാവല്‍ നിര്‍ത്തുന്നതും ആസൂത്രിതതവും അതിഗൂഢവുമായ അജണ്ട വെളിപ്പെടുത്തുന്നു.

*
വി പി ഉണ്ണികൃഷ്ണന്‍ കടപ്പാട്: ജനയുഗം ദിനപത്രം 23 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യമാകെ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലകുതിച്ചുയരുമ്പോഴും കേരളത്തിലെ ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുവാന്‍ കഴിഞ്ഞത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വിപണന ശാലകളും നീതിസ്റ്റോറുകളും ശക്തിപ്പെടുത്തിയതിലൂടെയാണ്. പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തി, കരിഞ്ചന്തക്കാരെയും വിപണി മാഫിയകളെയും അതിജീവിക്കുവാന്‍ കേരളത്തിനു സാധിച്ചു. പൊതുവിതരണ സംവിധാനത്തിന്റെ കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന് കേന്ദ്ര ഭക്ഷ്യ-കൃഷി വകുപ്പുമന്ത്രി ശരത്പവാര്‍ അടക്കമുള്ളവര്‍ പാര്‍ലമെന്റില്‍ പ്രസ്താവിക്കുകയുമുണ്ടായി.