Thursday, December 23, 2010

മൈക്രോ ഫിനാന്‍സ് മേഖലയിലെ ചൂഷണ തന്ത്രങ്ങള്‍

''മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കണം'' എന്ന തലക്കെട്ടില്‍ ജനയുഗം (ഡിസംബര്‍ 17) സി പി ഐ ദേശീയ കൗണ്‍സിലില്‍ ഉന്നയിച്ച പ്രമേയത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. കൗണ്‍സില്‍ യോഗം നടന്നത് ആന്ധ്രാപ്രദേശിലെ ഹൈദരബാദിലും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആ സംസ്ഥാനത്ത് അവലംബിക്കുന്ന പീഡനമുറകള്‍ സഹിക്കാന്‍ കഴിയാതെ അവിടെ 75 പേര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രയില്‍ 31 ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വായ്പ നല്‍കിയിട്ടുണ്ട്. ഏതാണ്ട് 4346.83 കോടി രൂപ വരും അത്. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും 11 ശതമാനം പലിശയ്ക്ക് വായ്പയെടുക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അതേ പണം ഉയര്‍ന്ന പലിശയ്ക്ക് (24 മുതല്‍ 65 ശതമാനം വരെ) പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വായ്പ നല്‍കുന്ന ഈ പരിപാടി കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയോടെ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഫിനാന്‍സ് ശൃംഖലയില്‍ ദിനംപ്രതി ഇടത്തട്ടുകാരായ ഷൈലോക്കുകള്‍ (കൊള്ളപലിശ ഈടാക്കുന്നവര്‍) വര്‍ധിച്ചുവരികയാണ്. പണം യഥാര്‍ഥ ആവശ്യക്കാരന്റെ കയ്യില്‍ എത്തുമ്പോള്‍, അതിന് തൊട്ടാല്‍ പൊള്ളുന്ന പലിശയാകുന്നു. തിരിച്ചടവ് തികച്ചും അസാധ്യമാകുന്നു. ആത്മഹത്യ തന്നെ ശരണം.

ബ്രിട്ടീഷ് ഭരണത്തിന്റെ കാലത്ത് തന്നെ ഇന്ത്യയിലെ മണി ലെണ്ടേഴ്‌സിനെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍, എം എല്‍ ഡാര്‍ലിംഗ് റിപ്പോര്‍ട്ട് എന്നിവയില്‍ മണിലെന്‍ഡേഴ്‌സ് എന്ന വര്‍ഗം ഇന്ത്യയിലെ ഗ്രാമീണരുടെ രക്തം ഊറ്റിക്കുടിക്കുന്ന ഒന്നാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കടംവാങ്ങി, തിരിച്ചടക്കാന്‍ കഴിയാതെ വീണ്ടും കടം വാങ്ങിക്കുന്ന അനുഭവം, തുടര്‍ന്ന് ഉള്ള ഭൂമി കൈവിട്ടുപോകുക, പരമതെണ്ടിയായി മാറുക അവസാനം കൊള്ളപ്പലിശ വാങ്ങുന്ന മണിലെന്‍ഡറുടെ അടിമയായി മാറുക, ഇതായിരുന്നു ശരാശരി ഗ്രാമീണന്റെ അനുഭവം. പലപ്പോഴും കാലാവസ്ഥ ചതിക്കുന്നതുകൊണ്ട് വിളകള്‍ നശിക്കുന്നു. വിളകള്‍ കിട്ടിയാല്‍ തന്നെ അതിന് മതിയായ വിലകിട്ടുന്നില്ല. കൃഷിയിറക്കാനാവശ്യമായതെല്ലാം വിപണി വിലകൊടുത്ത് വാങ്ങേണ്ട ഗതികേട്. ജീവിതം തന്നെ നഷ്ടക്കച്ചവടമാകുന്ന അനുഭവം. പണ്ടും കര്‍ഷക-ഗ്രാമീണ ആത്മഹത്യകള്‍ ധാരാളമായി ഉണ്ടാകുന്ന രാജ്യമായിരുന്നു ഇന്ത്യ. ശരാശരി ഗ്രാമീണന്റെ കഴുത്തറ്റം മാത്രമല്ല കടം കയറിയിട്ടുള്ളത്, മറിച്ച് അത് അയാളുടെ മൂക്ക് വരെയെത്തി നില്‍ക്കുന്നുവെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഇതിന്റെ വെളിച്ചത്തിലാണ് 1954 ല്‍ റിസര്‍വ് ബാങ്ക് എ ഡി ഗോര്‍വാല അധ്യക്ഷനായി ഒരു സമിതിയെ ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിച്ചത്. ഈ സമിതി വിശദമായ ഒരു ഗ്രാമീണ സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. അതിലെ സുപ്രധാന നിര്‍ദ്ദേശങ്ങളിവയാണ്: ഗ്രാമീണ വായ്പാ രംഗത്ത് റിസര്‍വ്വ് ബാങ്ക് ഒരു മുഖ്യ സംഭാവന നല്‍കണം. ഗ്രാമതലത്തില്‍ വായ്പാ സഹകരണ സംഘങ്ങളുടെ വിപുലമായ ശൃംഖല സൃഷ്ടിക്കണം. ഇംപീരിയല്‍ ബാങ്ക് ദേശവല്‍ക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) എന്ന സ്ഥാപനം സൃഷ്ടിക്കണം. അത് ഗ്രാമീണ മേഖലയിലായിരിക്കണം അതിന്റെ ബ്രാഞ്ചുകള്‍ തുടങ്ങാന്‍. റിസര്‍വ് ബാങ്ക് ദീര്‍ഘകാലവായ്പയ്ക്കും മധ്യകാല വായ്പയ്ക്കുമായി പ്രത്യേക ദേശീയ ഫണ്ടുകള്‍ ഉണ്ടാക്കണം. സഹകരണ ബാങ്കുകളെ സ്റ്റേറ്റ് ബാങ്കുമായി ബന്ധിപ്പിക്കണം. 1954 ല്‍ ആകെ ഗ്രാമീണ വായ്പകളുടെ 95 ശതമാനവും മണിലെന്‍ഡേഴ്‌സ് (പ്രൊഫഷണലും അല്ലാത്തവയും ലൈസന്‍സ് ഉള്ളവരും അല്ലാത്തവരും) കച്ചവടക്കാര്‍, ബന്ധുക്കള്‍ എന്നിവര്‍ കയ്യിലൊതുക്കിയിരുന്നു. ബാക്കി 5 ശതമാനത്തില്‍ താഴെയാണ് സഹകരണ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നത്. ഇതിന് മാറ്റമുണ്ടാക്കണം. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് 1969 ല്‍ പ്രധാനപ്പെട്ട മുന്‍നിര സ്വകാര്യ ബാങ്കുകളെ ദേശവല്‍ക്കരിക്കാന്‍ ഇന്ത്യ തയ്യാറായത്.

എന്നാല്‍ 1969 ന് ശേഷം ഫിനാന്‍സ് മേഖലയുടെ ഘടനയും സ്വഭാവവും പാടേ മാറി. പുത്തന്‍ സാമ്പത്തിക നയം സ്വീകരിച്ചതോടുകൂടി ഈ മേഖല ഇപ്പോള്‍ പരക്കെ തുറന്നിടുകയാണ്. വിദേശ ബാങ്കുകള്‍ ഇവിടെ സ്ഥാപിക്കുന്നത് എതിര്‍പ്പ് നേരിട്ടപ്പോള്‍ അതിനെ നേരിടാനുള്ള വളഞ്ഞ വഴി ഭരണകൂടം തേടി. നേരിട്ട് വേണ്ടാ, പകരം അവയുടെ സബ്‌സിഡിയറികള്‍ക്ക് ഇവിടെ സ്വാതന്ത്ര്യത്തോടെ വരാം. അവര്‍ക്ക് ഇന്ത്യയില്‍ ഇഷ്ടംപോലെ ബ്രാഞ്ചുകള്‍ തുടങ്ങാം. ബ്രാഞ്ച് ലൈസന്‍സിന് വേണ്ടി ഇനി തത്രപ്പാട് വേണ്ട.

ദേശവല്‍ക്കൃത ബാങ്കുകള്‍ തന്നെ മ്യൂച്ചല്‍ ഫണ്ടുകള്‍ സ്ഥാപിച്ചു. ബാങ്കുകളിലെ നിക്ഷേപം മ്യൂച്ചല്‍ ഫണ്ടുകളിലേയ്ക്ക് ഒഴുകി. ബാങ്കുകള്‍ ധനപരമായി ക്ഷീണത്തിലായി. ചിലത് എന്‍ പി എ വര്‍ധിച്ച് നഷ്ടത്തിലാണ്ടു. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരണ വായ്പാ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കി. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ക്ക് ഗ്രാമീണ സമ്പാദ്യം വേണ്ടവിധത്തില്‍ സംഭരിച്ച്, അത് വായ്പയായി വിന്യസിക്കാന്‍ കഴിഞ്ഞില്ല. കെടുകാര്യസ്ഥത, രാഷ്ട്രീയ അതിപ്രസരം, അഴിമതി എന്നിവ മൂലം ഈ സ്ഥാപനങ്ങള്‍ ഗ്രാമീണ ജനതയ്ക്ക് ഉദ്ദേശിച്ച ആശ്വാസം നല്‍കിയില്ല. ഇന്ന് ഇന്ത്യയില്‍ ഫിനാന്‍സ് േമഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇവയാണ്. 26 പൊതുമേഖലാ ബാങ്കുകള്‍, 15 പഴയകാല സ്വകാര്യ ബാങ്കുകള്‍, 7 ന്യൂജനറേഷന്‍ സ്വകാര്യ ബാങ്കുകള്‍, 31 വിദേശ ബാങ്കുകള്‍, 86 പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, 4 ലോക്കല്‍ ഏരിയാ ബാങ്കുകള്‍, 171 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 371 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍, 31 സംസ്ഥാന സഹകരണ ബാങ്കുകള്‍. എന്നിട്ടും ഇന്ത്യയുടെ 60 ശതമാനം ജനങ്ങളും പ്രദേശങ്ങളും ഈ നെറ്റ്‌വര്‍ക്കിന് വെളിയിലാണ്. ഇപ്പോഴിതാ റിലയന്‍സ്, എല്‍ ആന്റ് ടി, ബിര്‍ളാ എന്നീ കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ബാങ്ക് ലൈസന്‍സിന് വേണ്ടി കാത്തു കിടക്കുന്നു. ഇതിനൊക്കെ പുറമെ പഴയ മണിലെന്‍ഡേഴ്‌സ് മുന്‍കയ്യെടുത്ത് സ്ഥാപിച്ചിട്ടുള്ള നോണ്‍ ബാങ്ക് ഫൈനാന്‍സ് കമ്പനികള്‍ (എന്‍ ബി എഫ് സി) ഇവയൊന്നും പോരാഞ്ഞിട്ടാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. അവ വിവാദച്ചുഴിയിലാണ്. ഇക്കാര്യത്തില്‍ മുന്‍കൈയെടുത്ത് പ്രസിദ്ധനായ ബംഗ്ലാദേശ് ഗ്രാമീണ ബാങ്ക് സ്ഥാപിച്ച പ്രഫസര്‍ യൂനസ്സിന് നോബല്‍ സമ്മാനവും കിട്ടി. എന്നാല്‍ ഇന്ന് അവിടത്തെ ഗ്രാമീണ ബാങ്കിന്റെ 100 ദശലക്ഷം ഡോളര്‍ അദ്ദേഹം അടിച്ചുമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതായി ഇക്കഴിഞ്ഞ നവംബര്‍ 30 ന് നോര്‍വീജിയന്‍ ടി വി ചാനല്‍, tdnews24.com എന്ന ഇന്റര്‍നെറ്റ് വെബ്ബ്‌സൈറ്റ് എന്നിവ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ മൈക്രോ ഫിനാന്‍സിനെ പിന്താങ്ങുന്ന പലരേയും വിഷാദത്തിലാക്കിയിട്ടുണ്ട്. NORAD മുതലായ ഡോണര്‍ ഏജന്‍സികള്‍ ഗ്രാമീണ ബാങ്കിന് നല്‍കിയ ഗ്രാന്റ് 2 ശതമാനം പലിശയ്ക്കാണ്. ഇതും മറ്റ് ഗ്രാമീണ സമ്പാദ്യങ്ങളും സമാഹരിച്ച് അതില്‍ നിന്നും വായ്പകള്‍ക്ക് 24 ശതമാനത്തിലേറെയാണ് പലിശ.

ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് മാത്രമായി ഒരു നെറ്റ്‌വര്‍ക്കുണ്ട്. (MFIN) ഇന്ന് ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് വിപണിയുടെ 80 ശതമാനം NBFC കള്‍ എന്ന് പറയുന്ന പ്രോഫിറ്റ് കമ്പനികളുടെ നിയന്ത്രണത്തിലാണ്. ബാക്കിയുള്ളത് എന്‍ ജി ഒകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നിയന്ത്രണത്തിലും. 25 ദശലക്ഷം മൈക്രോ ഫിനാന്‍സ് ഉപഭോക്താക്കളുണ്ട്. അവര്‍ക്ക് 24,000 കോടി രൂപയുടെ വായ്പയും നല്‍കിയിട്ടുണ്ട്. ശരാശരി പലിശ നിരക്ക് 26 ശതമാനം ആണെങ്കിലും പലയിടത്തും ഇത് പലകാരണങ്ങള്‍ പറഞ്ഞ് 68 ശതമാനം വരെയെത്തി നില്‍ക്കുന്നു. വായ്പാ പണത്തിന്റെ ഉറവിടം ദേശസാല്‍കൃത ബാങ്കുകള്‍ 11 ശതമാനത്തിന് നല്‍കുന്ന പണമാണ്. ഇത് നീതീകരിക്കാവുന്നതല്ല. ഇപ്പോള്‍ പൊതുവായ്പകള്‍ കൂടാതെ ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, കാര്‍ഷിക വായ്പ എന്നിവയും വിതരണം ചെയ്യുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്നത് ആന്ധ്ര ആണ്. അവിടെ അടക്കി ഭരിക്കുന്നത് എസ് കെ എസ് മൈക്രോ ഫിനാന്‍സ്, പ്രൈവറ്റ് ലിമിറ്റഡ് എന്ന NBFC ആണ്. 2005 ല്‍ ഇതിന് 172970 കസ്റ്റമേഴ്‌സ് ഉണ്ടായിരുന്നത് 2009 ല്‍ 57,95,028 ആയിത്തീര്‍ന്നു. കൊള്ള പലിശ, തിരിച്ചടവിന് വേണ്ടിയുള്ള ഗുണ്ടാ സംഘത്തിന്റെ പീഡനങ്ങള്‍ എന്നിവയുടെ ഫലമായി ഗ്രാമീണരുടെ ആത്മഹത്യകള്‍ അഭൂതപൂര്‍വമായി വര്‍ധിച്ചപ്പോള്‍ സംസ്ഥാനത്ത് മൈക്രോ ഫിനാന്‍സ് കുമിള പൊട്ടാറായി എന്ന് വിലയിരുത്തിയ സംസ്ഥാന ഭരണകൂടം പ്രത്യേക ആന്ധ്രാ ഓര്‍ഡിനന്‍സ് ഇറക്കി. ഇത് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ വിലയിരുത്തികൊണ്ടിരിക്കുകയാണ്. ഇതിന്റെ അലയൊഴികള്‍ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടായേക്കും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ NBFC കളായിട്ടോ കമ്പനിനിയമത്തിലെ വകുപ്പ് 25 പ്രകാരം കമ്പനികളാക്കാനോ നീക്കമുണ്ട്. കേരളത്തിലെ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ബിസ്സിനസ്സിന്റെ വൈവിധ്യവല്‍ക്കരണത്തിന്റെ പേര് പറഞ്ഞ് ഉത്തരേന്ത്യയിലെ ഒരു വന്‍കിട മൈക്രോഫിനാന്‍സ് സ്ഥാപനം ഏറ്റെടുക്കാന്‍ വേണ്ട നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഈയവസരത്തില്‍ പ്രശ്‌നം സി പി ഐ ദേശീയ കൗണ്‍സിലും ഗൗരവമായി എടുത്തിട്ടുണ്ടെന്ന് കാണുന്നത് ഗ്രാമീണരുടെ ചൂഷണത്തിന് അറുതിവരുത്തണമെന്നാഗ്രഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാരന് ആശ്വാസകരമാണ്.

മൈക്രോ ഫിനാന്‍സ് മേഖലയില്‍ മറ്റൊരു അപകടം കൂടി പതിയിരിക്കുന്നുണ്ട്. ഇന്ത്യയില്‍ സമ്പന്ന വിഭാഗം അവരുടെ മിച്ച സമ്പാദ്യം നിക്ഷേപിക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് ബാങ്കുകളെയല്ല. മറിച്ച് NBFC കോര്‍പ്പറേറ്റ് മേഖലയിലെ ബോണ്ടുകള്‍, ഓഹരിക്കമ്പോളം, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിവയാണ്. ഫിനാന്‍ഷ്യല്‍ ഇന്നവേഷന്റെ പേരില്‍ ഇപ്പോള്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ആസ്തി-വായ്പകളെ സെക്യൂരിറ്റൈസേഷന്‍ എന്ന തന്ത്രം വഴി ഉയര്‍ന്ന പലിശ വാഗ്ദാനം നല്‍കുന്ന രീതിയില്‍ മാറ്റിയെടുത്ത് സമ്പന്നരായ സ്ഥിരം നിക്ഷേപകര്‍ ലാഭം കൊയ്യാന്‍ തയ്യാറായിരിക്കുകയാണ്. ആര്‍ ബി ഐയും സെബിയും കേന്ദ്രഭരണകൂടവും ഇതിന് പച്ചക്കൊടികാട്ടിക്കഴിഞ്ഞു. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം നല്‍കുന്ന പ്രത്യേക സെക്യൂരിറ്റികള്‍ ബോണ്ടുകള്‍ തുറക്കാനാണ് ആലോചന. ഇതിന്റെ അര്‍ഥം, ഗ്രാമീണരുടെ മേലുള്ള ചൂഷണ നിരക്ക് ഇനിയും വര്‍ധിപ്പിച്ച് അതില്‍ നിന്നും കിട്ടുന്ന കൊള്ളലാഭം സമ്പന്ന വിഭാഗക്കാര്‍ വീതം വച്ച് എടുക്കാന്‍ ഭരണകൂടം വാതില്‍ തുറന്നിടുന്നുവെന്നാണ്. ഇത് എന്തുവിലകൊടുത്തും തടയപ്പെടേണ്ടതാണ്.

*
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ കടപ്പാട്: ജനയുഗം ദിനപത്രം 23 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

''മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കണം'' എന്ന തലക്കെട്ടില്‍ ജനയുഗം (ഡിസംബര്‍ 17) സി പി ഐ ദേശീയ കൗണ്‍സിലില്‍ ഉന്നയിച്ച പ്രമേയത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. കൗണ്‍സില്‍ യോഗം നടന്നത് ആന്ധ്രാപ്രദേശിലെ ഹൈദരബാദിലും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആ സംസ്ഥാനത്ത് അവലംബിക്കുന്ന പീഡനമുറകള്‍ സഹിക്കാന്‍ കഴിയാതെ അവിടെ 75 പേര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രയില്‍ 31 ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വായ്പ നല്‍കിയിട്ടുണ്ട്. ഏതാണ്ട് 4346.83 കോടി രൂപ വരും അത്. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും 11 ശതമാനം പലിശയ്ക്ക് വായ്പയെടുക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അതേ പണം ഉയര്‍ന്ന പലിശയ്ക്ക് (24 മുതല്‍ 65 ശതമാനം വരെ) പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വായ്പ നല്‍കുന്ന ഈ പരിപാടി കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയോടെ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഫിനാന്‍സ് ശൃംഖലയില്‍ ദിനംപ്രതി ഇടത്തട്ടുകാരായ ഷൈലോക്കുകള്‍ (കൊള്ളപലിശ ഈടാക്കുന്നവര്‍) വര്‍ധിച്ചുവരികയാണ്. പണം യഥാര്‍ഥ ആവശ്യക്കാരന്റെ കയ്യില്‍ എത്തുമ്പോള്‍, അതിന് തൊട്ടാല്‍ പൊള്ളുന്ന പലിശയാകുന്നു. തിരിച്ചടവ് തികച്ചും അസാധ്യമാകുന്നു. ആത്മഹത്യ തന്നെ ശരണം.