Tuesday, December 28, 2010

ജനതക്കെതിരായ കടന്നാക്രമണം

ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയ്‌ക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് റെയില്‍വേ ചരക്കുകൂലി വര്‍ധന. അതിരൂക്ഷവും ദുസ്സഹവുമായ വിലക്കയറ്റത്തില്‍ പൊള്ളിപ്പിടയുന്ന സാധാരണ ജനങ്ങളുടെ ജീവിതദൈന്യം കണ്ട് സന്തോഷിക്കുന്ന ക്രൂരമായ മനസ്സാണോ യുപിഎ സര്‍ക്കാരിനെ നയിക്കുന്നത് എന്ന് ആരും സംശയിച്ചുപോകും. ഒരു വശത്ത് ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്‌ക്കുക, മറുവശത്ത് പെട്രോള്‍-ഡീസല്‍ വില മാസംതോറുമെന്നോണം കുത്തനെ വര്‍ധിപ്പിക്കാനുള്ള സ്വതന്ത്രാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുക, ഇനിയുമൊരു വശത്ത് റെയില്‍വേ ചരക്കുകൂലി കൂട്ടുക എന്നിങ്ങനെ ജനങ്ങളെ പീഡിപ്പിക്കുന്ന നടപടികള്‍ അവസാനമില്ലാതെ തുടരുകയാണ്. റെയില്‍വേ ചരക്കുകൂലിയിലെ വര്‍ധന, ക്രമാതീതമായി കത്തിക്കയറുന്ന വിലക്കയറ്റത്തിന്റെ തീയിലേക്ക് എണ്ണയൊഴിക്കുന്നതിന് തുല്യമാണ്.

അവശ്യനിത്യോപയോഗ വസ്തുക്കളുടെയാകെ വില നിയന്ത്രണരഹിതമായി ഇനിയും ഉയരും. ഇതിന്റെ ആഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനമാണ് തെക്കേയറ്റത്തു കിടക്കുന്ന കേരളം. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ അന്യ സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്ന സംസ്ഥാനമാണിത്. ദൈനംദിന ഭക്ഷണത്തിനുള്ള അരിയും ഗോതമ്പുംവരെ ആന്ധയില്‍നിന്നും പഞ്ചാബില്‍ നിന്നുമൊക്കെയായി നമ്മള്‍ വരുത്തുന്നു. ഇത്രയേറെ ദൂരത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുന്ന മറ്റൊരു സംസ്ഥാനമില്ല. ചരക്കുകൂലി കൂടുമ്പോള്‍ അതിനനുസൃതമായി ഈ ഇനങ്ങളുടെയാകെ വിലയില്‍ വര്‍ധനയുണ്ടാവും. അതാകട്ടെ, ഇന്ത്യയിലെ ജനങ്ങള്‍ക്ക് പൊതുവിലും കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും താങ്ങാനാവാത്തതാവും.

പഞ്ചസാര, ഉപ്പ് എന്നിവയടക്കമുള്ള ഭക്ഷ്യവസ്തുക്കളെപ്പോലും ചരക്കുകൂലി വര്‍ധനയില്‍ നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ലെന്നത്, അതിനെ നയിക്കുന്നവര്‍ക്ക് ജനങ്ങളെക്കുറിച്ച് ഒരു കരുതലുമില്ല എന്നതിന്റെ ദൃഷ്ടാന്തമാവുന്നുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സിമന്റ്, കല്‍ക്കരി, ഉരുക്ക്, ഇരുമ്പയിര് തുടങ്ങിയവയുടെ കടത്തുകൂലി നാലു ശതമാനംകണ്ടാണ് വര്‍ധിപ്പിച്ചത്. വാഹനയാത്രക്കൂലി മുതല്‍ കെട്ടിടനിര്‍മാണച്ചെലവുവരെ വര്‍ധിപ്പിക്കുന്ന നടപടിയാണ് ഇത്. ധനപണപ്പെരുപ്പവും ഭക്ഷ്യപണപ്പെരുപ്പവും ഇത് രൂക്ഷമാക്കും. കല്‍ക്കരിവില വര്‍ധിപ്പിക്കുന്നത് വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്ന നടപടിയാണെങ്കില്‍ കാലിത്തീറ്റ ഉല്‍പ്പാദനത്തിനുള്ള അവശ്യസാധനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ച നടപടി മഹാഭൂരിപക്ഷംവരുന്ന പാവപ്പെട്ടവര്‍ക്ക് പാലടക്കമുള്ള പോഷകവസ്തുക്കള്‍ കൂടുതല്‍ അപ്രാപ്യമാക്കും. ജനതയെ പോഷകാഹാരക്കുറവിലേക്കും അതുമായി ബന്ധപ്പെട്ട രോഗങ്ങളിലേക്കും അകാലത്തില്‍ തള്ളിവിടും ആ നടപടി.

ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം യുപിഎ സര്‍ക്കാര്‍ ഒളിച്ചുകടത്തുകയായിരുന്നു ഈ വിലക്കയറ്റം എന്നതാണ്. വാര്‍ഷിക റെയില്‍വേ ബജറ്റ് അവതരിപ്പിക്കാന്‍ രണ്ടുമാസംപോലും ശേഷിച്ചില്ല. ആ ബജറ്റിനായി കാത്തിരിക്കുകപോലും ചെയ്യാതെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ചരക്കുകൂലി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ബജറ്റിനെ മറികടന്നുള്ള വിലക്കയറ്റമേര്‍പ്പെടുത്തലാണിത്. ബജറ്റ് ജനദ്രോഹപരമല്ല എന്ന് വരുത്തിതീര്‍ക്കാന്‍ ബജറ്റിനു മുമ്പേ ചരക്കുകൂലി വര്‍ധിപ്പിക്കുന്നു. അതല്ലെങ്കില്‍ ബജറ്റില്‍ വേറെ വര്‍ധന ഏര്‍പ്പെടുത്താനുള്ള അവസരം ബാക്കിവച്ച് ഇടക്കാലത്ത് ചരക്ക് കടത്തുകൂലി വര്‍ധിപ്പിക്കുന്നു.

ഇത് ബജറ്റിന് പാര്‍ലമെന്ററി സംവിധാനത്തില്‍ ഉണ്ടെന്ന് പറയപ്പെടുന്ന പവിത്രതയില്‍ കളങ്കംചേര്‍ക്കല്‍കൂടിയാകുന്നു. പാര്‍ലമെന്റിനെത്തന്നെ മറികടന്നുള്ള നിരക്കുവര്‍ധനയാണിത്. ജനജീവിതത്തെ നേരിട്ടുബാധിക്കുന്നതും നയപരവുമായ കാര്യങ്ങളില്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കുന്ന രീതി പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന ശിലയാണ്. പ്രത്യേകിച്ചും പാര്‍ലമെന്റ് സമ്മേളിക്കുന്ന കാലയളവില്‍. എന്നാല്‍, ഇവിടെ യുപിഎ സര്‍ക്കാരാകട്ടെ പാര്‍ലമെന്റ്സമ്മേളനം തീരാന്‍ കാത്തിരുന്നു. രണ്ട് സമ്മേളനങ്ങള്‍ക്കിടയിലുള്ള ഘട്ടത്തില്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിരക്കുവര്‍ധന ഏര്‍പ്പെടുത്തിയാല്‍ പാര്‍ലമെന്റിലുണ്ടാകുന്ന ജനപ്രതിനിധികളുടെ രോഷത്തില്‍നിന്ന് രക്ഷപ്പെടാമല്ലോ എന്ന തന്ത്രമാണ് ഇവിടെ നടപ്പായത്.

വാര്‍ഷിക ബജറ്റ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വിഭവം സമാഹരിക്കാനുള്ള ഉപകരണമാണ്. ആ ബജറ്റിലൂടെ ഏറെ ഭാരം ജനങ്ങള്‍ക്കുമേല്‍ കെട്ടിവച്ചശേഷം അടുത്ത ബജറ്റിനു മുമ്പുള്ള ഘട്ടത്തില്‍ വീണ്ടും നിരക്ക് വര്‍ധിപ്പിക്കാമെന്നു വന്നാല്‍ ബജറ്റിന് എന്ത് പ്രസക്തിയാണുള്ളത് ? ഇതൊക്കെ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍പോലുമുള്ള അവസരം നിഷേധിക്കുന്ന തരത്തിലാണെന്നു വന്നാല്‍ പാര്‍ലമെന്റിന് എന്ത് പ്രസക്തിയാണുള്ളത്.

ഡിസംബര്‍ 27നാണ് പുതിയ റെയില്‍വേ ചരക്കുകടത്തുകൂലി നിലവില്‍ വന്നത്. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. റെയില്‍വേമന്ത്രിയും അവരുടെ പാര്‍ടിയും വിലക്കയറ്റത്തിനെതിരെ കൊല്‍ക്കത്തയില്‍ റാലി നടത്തിയ ദിവസമാണ്. ഒരു വശത്ത് വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിന് തീകൊളുത്തുന്ന ജനവിരുദ്ധ നടപടി; മറുവശത്ത് വിലക്കയറ്റത്തിനെതിരായ പ്രതിഷേധ റാലി! ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. കഴിഞ്ഞ വാര്‍ഷിക പൊതുബജറ്റിനുശേഷം 1,30,000 കോടി രൂപ അധികമായി സമാഹരിക്കാന്‍ പാകത്തിലുള്ള എക്സിക്യൂട്ടീവ് ഉത്തരവുകള്‍ ഇറങ്ങിക്കഴിഞ്ഞു. എല്ലാം വിലക്കയറ്റം ആളിപ്പടര്‍ത്തുന്ന തരത്തിലുള്ള ഉത്തരവുകള്‍.

ഒരുവശത്ത് സാമ്പത്തികനേട്ടങ്ങളെക്കുറിച്ചുള്ള അവകാശവാദം, മറുവശത്ത് തുടര്‍ച്ചയായ ജനദ്രോഹനടപടികള്‍. ഇവ രണ്ടും എങ്ങനെ ഒരേപോലെ ചേര്‍ന്നുപോകുന്നു എന്നത് യുപിഎ സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്. 2010-11ല്‍ രാജ്യത്തിന്റെ മൊത്തം ദേശീയ വരുമാനനിരക്ക് വര്‍ധന ഒമ്പത് ശതമാനമായിരിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതീക്ഷ പ്രകടിപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഭക്ഷ്യഉല്‍പ്പാദനരംഗംമുതല്‍ വിദേശവ്യാപാര രംഗംവരെ ഗംഭീരമായിരിക്കുന്നുവെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. മന്ത്രി പറയുന്ന തരത്തിലുള്ള പുരോഗതിയാണ് എല്ലാ രംഗത്തും നിലവിലുള്ളതെങ്കില്‍ ഭക്ഷ്യപണപ്പെരുപ്പം ഡിസംബറില്‍ 12.13 ശതമാനമായി ഉയര്‍ന്നുനില്‍ക്കുന്നതെങ്ങനെ? വളരെ ശോഭനമാണ് സാമ്പത്തികരംഗമെങ്കില്‍ വിലക്കയറ്റം വര്‍ധിപ്പിക്കുന്ന തുടര്‍നടപടികള്‍ യുപിഎ സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്തിന് ? ഒരുവശത്ത് പരിമിതമായുള്ള പൊതുവിതരണ സമ്പ്രദായത്തെ പാടേ തകര്‍ക്കുകയും മറുവശത്ത് ജനങ്ങളെ കമ്പോളത്തിന്റെ കൊള്ളലാഭത്തിനായുള്ള കൊടിയ ചൂഷണത്തിനു മുന്നിലേക്ക് വലിച്ചെറിയുന്നതുമെന്തിന്? അന്താരാഷ്ട്ര എണ്ണക്കമ്പോളത്തില്‍ വില താഴ്ന്നിരിക്കുന്ന സമയത്ത് പെട്രോള്‍വിലയില്‍ ആറുമാസത്തിനിടയില്‍ 13 ശതമാനം വിലവര്‍ധന ഏര്‍പ്പെടുത്താന്‍ അനുവദിച്ചതെന്തിന് ? ഡീസല്‍ വില രണ്ട് രൂപ കണ്ട് ഇനിയും വര്‍ധിപ്പിക്കാന്‍ പോകുന്നതെന്തിന് ?

ഈ ചോദ്യങ്ങള്‍ക്കൊന്നും യുപിഎ സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ല. പക്ഷേ, ജനങ്ങളുടെ പക്കല്‍ വ്യക്തമായ ഉത്തരമുണ്ട്. ലോക മുതലാളിത്തത്തിന്റെയും ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെയും ദല്ലാള്‍പണി നടത്തുന്ന സര്‍ക്കാരിന് ജനങ്ങളെയും അവരുടെ ജീവിതദുരിതങ്ങളെയുംകുറിച്ച് ഒരു കരുതലുമുണ്ടാവില്ല എന്നതാണ് ആ ഉത്തരം. എന്തായാലും ഒരു കാര്യം വ്യക്തം. അതിരൂക്ഷമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നല്ലാതെ യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ നേരിടാനാകില്ല എന്നതാണത്
.

*****


കടപ്പാട് : ദേശാഭിമാനി

No comments: