Thursday, December 30, 2010

കര്‍ഷക ആത്മഹത്യകളുടെ പിന്നാമ്പുറം

പിന്നോക്കം നില്‍ക്കുന്ന മറാത്ത്‌വാഡയിലെ ഒറംഗബാദില്‍ നിന്നുള്ള ബിസിനസ്സുകാര്‍ ഒക്‌ടോബറില്‍ 65 കോടി രൂപ വിലവരുന്ന 150 മെര്‍സിഡസ് ബെന്‍സ് കാറുകള്‍ വാങ്ങിയപ്പോള്‍ അത് മാധ്യമ ശ്രദ്ധപിടിച്ചുപറ്റി. മുന്‍നിര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 40 കോടിയിലധികം രൂപ കാറുകള്‍ വാങ്ങിയവര്‍ക്ക് വായ്പ നല്‍കി. ഏഴുശതമാനം പലിശയ്ക്കാണ് എസ് ബി ഐ വായ്പ നല്‍കിയതെന്നാണ് ഔറംഗബാദ് ജില്ലാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റ് ദേവിദാസ് തുള്‍സാപുകാര്‍ പറഞ്ഞത്. ''ഈ ഇടപാടില്‍ ഭാഗഭാക്കായതില്‍ ബാങ്കിന് അഭിമാനമുണ്ടെ''ന്ന് എസ് ബി ഐയുടെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. ''ഭാവിയിലും ഇത്തരം ഇടപാടുകളില്‍'' ബാങ്ക് പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു.

മറാത്ത്‌വാഡയിലെ ഗ്രാമപ്രദേശങ്ങളിലുള്ള ആയിരക്കണക്കിനു കുടുംബങ്ങളുടെ വാര്‍ഷിക വരുമാനത്തിനു തുല്യമാണ് മെര്‍സിഡസ്‌കാര്‍ ഇടപാടിന്റെ തുക. മഹാരാഷ്ട്രയിലെ എണ്ണമറ്റ കര്‍ഷകര്‍ ഔപചാരിക സ്രോതസ്സുകളില്‍നിന്നും വായ്പ ലഭിക്കാന്‍ പ്രയാസപ്പെടുകയുമാണ്. ആയിരക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും കര്‍ഷകര്‍ ഒരു ദശാബ്ദത്തിലേറെക്കാലം സമരം ചെയ്യുകയും ചെയ്തശേഷമാണ് 7 ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ അനുവദിച്ചത്. അതുതന്നെ മിക്കപ്പോഴും പ്രയോഗത്തില്‍ വരുന്നുമില്ല. 2005 നു മുമ്പ് ബാങ്ക് വായ്പ ലഭിക്കാന്‍ 9 ശതമാനത്തിനും 12 ശതമാനത്തിനും ഇടയില്‍ പലിശ നല്‍കേണ്ടിവന്നിരുന്നു. പലരും അതില്‍ കൂടിയ പലിശയ്ക്ക് കാര്‍ഷികേതര വായ്പ എടുക്കാന്‍ നിര്‍ബന്ധിതരായി. 7 ശതമാനം പലിശ നല്‍കി ഒരു മെര്‍സിഡസ് വാങ്ങുക. ഒരു ട്രാക്ടര്‍ വാങ്ങാന്‍ 12 ശതമാനം പലിശ നല്‍കുക! മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പലിശ നിരക്കാണെങ്കില്‍ 24 മുതല്‍ 30 ശതമാനം വരെയാണ്.

വായ്പ ലഭിക്കാന്‍ വഴികാണാത്ത കര്‍ഷകര്‍ കൊള്ളപലിശക്കാരെയും മറ്റ് അനൗപചാരിക സ്രോതസ്സുകളെയും ശരണം പ്രാപിക്കാന്‍ നിര്‍ബന്ധിതരാവുന്നു. കടബാദ്ധ്യതയില്‍ കുടുങ്ങിയ ഇന്ത്യയിലെ കര്‍ഷക കുടുംബങ്ങളുടെ എണ്ണം 1991 നു ശേഷമുള്ള പത്തുവര്‍ഷങ്ങള്‍ക്കകം 26 ശതമാനത്തില്‍ നിന്നും 48.6 ശതമാനമായി ഉയര്‍ന്നു. ഇത് ഔദ്യോഗിക കണക്കാണ്. ഇതോടൊപ്പം സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായുള്ള ഒട്ടനവധി ദുരന്തങ്ങളും കര്‍ഷകര്‍ നേരിട്ടു. ''കമ്പോളത്തെ അടിസ്ഥാനമാക്കിയ വിലയുടെ പേരില്‍ കൃഷിക്കാവശ്യമായവയുടെയെല്ലാം വില കുതിച്ചുയര്‍ന്നു. വിളകളുടെ വില ഇടിഞ്ഞു. ശക്തരായ വ്യാപാരികളും കോര്‍പ്പറേഷനുകളും കൃത്രിമമായാണ് മിക്കപ്പോഴും വില ഇടിച്ചത്. കൃഷിയിലുള്ള നിക്ഷേപം വെട്ടിക്കുറച്ചു. ബാങ്കുകള്‍ കാര്‍ഷികവായ്പകളില്‍ നിന്നും മാറി, ഇടത്തരക്കാരിലെ മേലേതട്ടിലുള്ളവരുടെ ജീവിതശൈലിക്കൊത്ത ആവശ്യങ്ങള്‍ക്ക് വായ്പകള്‍ നല്‍കിയതിന്റെ ഫലമായി വായ്പയില്‍ ഇടിവുവന്നു. ഇത്തരത്തിലുള്ള പല ഘടകങ്ങള്‍ 13 വര്‍ഷത്തിനകം രണ്ടുലക്ഷത്തിലധികം കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടു.

മഹാരാഷ്ട്രയില്‍ 2008 ല്‍ ''കാര്‍ഷിക വായ്പ''യുടെ പകുതിയിലധികവും ഗ്രാമീണ ബാങ്കുകളല്ല മറിച്ച് നഗരപ്രദേശങ്ങളിലെ ബാങ്ക് ശാഖകള്‍ വഴിയാണ് നല്‍കിയത്. 42 ശതമാനത്തിലധികവും മുംബൈ നഗരത്തില്‍ മാത്രമാണ്. വന്‍കിട കോര്‍പറേഷനുകളാണ് ''കാര്‍ഷികവായ്പ'' കൈക്കലാക്കിയത്.
''ഗ്രാമീണ പുനര്‍ജീവന''മായാണ് മെര്‍സിഡസ് കാര്‍ ഇടപാടിനെ മാധ്യമങ്ങള്‍ ആഘോഷിച്ചത്. ഇതെകുറിച്ചു ഒട്ടേറെ കഥകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിലാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. കര്‍ഷകരുടെ ആത്മഹത്യയില്‍ 2009 ല്‍ വന്‍വര്‍ധനവുണ്ടായതായാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. ''ഗ്രാമീണ പുനരുജ്ജീവന''ത്തിന്റെ വര്‍ഷമായി ചിത്രീകരിക്കപ്പെട്ട 2009 ല്‍ 17368 കര്‍ഷകരാണ് സ്വയം ജീവനൊടുക്കിയത്. 2008 ലേതിനെക്കാള്‍ 7 ശതമാനത്തിന്റെ വര്‍ധനവാണ് കര്‍ഷക ആത്മഹത്യയിലുണ്ടായത്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത 2004 നുശേഷം കര്‍ഷക ആത്മഹത്യയില്‍ വന്‍വര്‍ധനവുണ്ടായത് 2009 ലാണ്. 1997 നുശേഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ മൊത്തം എണ്ണം ഇതോടെ 216500 ആയി ഉയര്‍ന്നു. ആത്മഹത്യക്ക് പല ഘടകങ്ങളുണ്ടെങ്കിലും ചില മേഖലകളിലും വാണിജ്യവിളകള്‍ കൃഷിചെയ്യുന്നവര്‍ക്കിടയിലുമാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നതെന്നത് ഉല്‍കണ്ഠജനകമായ പ്രവണതയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ 1995 മുതല്‍ കര്‍ഷകരുടെ ആത്മഹത്യ സംബന്ധിച്ച കണക്കുകള്‍ ശേഖരിക്കുന്നുണ്ട്. എങ്കിലും 1997 മുതലുള്ള കണക്കുകളാണ് ഗവേഷകര്‍ മുഖ്യമായും ഉപയോഗിക്കുന്നത്. 1995 ലെയും 1996 ലെയും കണക്കുകള്‍ അപൂര്‍ണമാണെന്നതാണ് ഇതിന്റെ കാരണം. തമിഴ് നാടിനെയും രാജസ്ഥാനെയും പോലുള്ള ചില വലിയ സംസ്ഥാനങ്ങള്‍ ആ വര്‍ഷങ്ങളിലെ കണക്കുകള്‍ നല്‍കിയിരുന്നില്ല. 2009 ല്‍ ഈ രണ്ടു സംസ്ഥാനങ്ങളില്‍ 1900 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 1997 മുതല്‍ എല്ലാ സംസ്ഥാനങ്ങളും കണക്കുകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് കണക്കുകള്‍ ഏറെകുറെ പൂര്‍ണമാണ്.

2009 അവസാനമുള്ള കണക്കുകളാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2010 ല്‍ ചുരുങ്ങിയത് 16000 കര്‍ഷക ആത്മഹത്യ നടന്നതായി ഉറപ്പിച്ചു പറയാനാവും. (കഴിഞ്ഞ ആറുവര്‍ഷങ്ങളിലെ ശരാശരരി കര്‍ഷക ആത്മഹത്യ 17104 ആണ്) 2009 അവസാനം വരെയുള്ള കണക്കിന്റെ കൂടെ 2010 ലെ 16000 വും കൂടിചേര്‍ത്താല്‍ 216500 ആകും. 1995 ലും 1996 ലും 24449 കര്‍ഷക ആത്മഹത്യകളാണ് നടന്നത്. ഇവയെല്ലാം ഒന്നിച്ചു എടുത്താല്‍ 1995-2010 കാലയളവില്‍ 256949 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കണക്കാക്കാം.

1995 നുശേഷം രണ്ടരലക്ഷത്തിലധികം കര്‍ഷകരാണ് സ്വയം ജീവനൊടുക്കിയത്. മാനവ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആത്മഹത്യകളുടെ വന്‍വേലിയേറ്റമാണ് കഴിഞ്ഞ 16 വര്‍ഷങ്ങളില്‍ ഇന്ത്യയിലുണ്ടായത്. ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങളായ പതിനഞ്ചു ലക്ഷത്തിലധികം പേര്‍ ഈ ദുരന്തത്തിന്റെ വേദന തിന്നു കഴിയുകയാണ്. പലരെയും ആത്മഹത്യയിലേയ്ക്ക് നയിച്ച അതെ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് ദശലക്ഷക്കണക്കിനു കര്‍ഷകര്‍. ആയിരക്കണക്കിനു ഗ്രാമങ്ങളിലെ കര്‍ഷകര്‍, തങ്ങളുടെ അയല്‍ക്കാര്‍ ആത്മഹത്യയുടെ പാത തിരഞ്ഞെടുക്കുന്നതിനു സാക്ഷികളായി. നയങ്ങളില്‍ മാറ്റം വരാത്തതുമൂലം നൈരാശ്യത്തിന്റെ പടുകുഴിയില്‍ വീഴുന്ന കൂടുതല്‍ കൂടുതല്‍പേര്‍ ഈ പാതപിന്‍പറ്റുകയും ചെയ്യും. ഇന്ത്യയിലെ വരേണ്യ വിഭാഗത്തിന്റെ ഹൃദയശൂന്യത സങ്കല്‍പിക്കാന്‍ കഴിയാത്തതാണെന്നതാണ് ഇതിന്റെ അര്‍ഥം.
ആത്മഹത്യ ചെയ്തവരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ യഥാര്‍ഥത്തിലുള്ളതിലും വളരെ കുറവാണ്. കര്‍ഷകരില്‍ വലിയൊരു വിഭാഗത്തെ പ്രാദേശികമായ കണക്കെടുപ്പുകളില്‍ നിന്നും ഒഴിവാക്കുകയാണ്. ഉദാഹരണത്തിന് സ്ത്രീകള്‍. കര്‍ഷക സ്ത്രീ ആത്മഹത്യ ചെയ്താല്‍ അതുവെറും ആത്മഹത്യയായാണ് കണക്കാക്കുക. അല്ലാതെ കര്‍ഷക ആത്മഹത്യയില്‍ പെടില്ല. ഭൂമിയുടെ ഉടമാവകാശി മിക്കപ്പോഴും സ്ത്രീകളല്ലാത്തതാണിതിന്റെ കാരണം.

ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം കുറച്ചു കാണിക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. മഹാരാഷ്ട്ര ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. മഹാരാഷ്ട്ര ഗവണ്‍മെന്റ് കണക്കുകളില്‍ അടിക്കടി തിരുത്തലുകള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ഒരാഴ്ചയ്ക്കകം മൂന്നു തവണ സര്‍ക്കാര്‍ കണക്ക് മാറ്റി പറഞ്ഞു. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന വിദര്‍ഭ മേഖലയിലെ ആത്മഹത്യകളെ കുറിച്ചു കഴിഞ്ഞ മെയ് മാസത്തില്‍ വ്യത്യസ്തമായ മൂന്നു കണക്കുകളാണ് സര്‍ക്കാര്‍ നല്‍കിയത്. ഈ കണക്കുകള്‍ തമ്മിലുള്ള അന്തരം 5500 ശതമാനം വരെ ആകും. ഒരു കണക്കില്‍ പറഞ്ഞത് നാലു മാസത്തിനുള്ളില്‍ ആറ് കര്‍ഷക ആത്മഹത്യകള്‍ മാത്രമാണ് നടന്നതെന്നാണ്.

നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് 2009 ല്‍ മഹാരാഷ്ട്രയില്‍ 2872 കര്‍ഷക ആത്മഹത്യ നടന്നുവെന്നാണ്. തുടര്‍ച്ചയായി പത്താം വര്‍ഷവും ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.

ജനസംഖ്യയില്‍ മഹാരാഷ്ട്രയുമായി താരതമ്യപ്പെടുത്താവുന്ന സംസ്ഥാനം പശ്ചിമ ബംഗാളാണ്. ബംഗാളില്‍ ജനസംഖ്യ മഹാരാഷ്ട്രയിലേതിലും ഏതാനും ദശലക്ഷം കുറവാണെങ്കിലും കൂടുതല്‍ കര്‍ഷകരുള്ള സംസ്ഥാനമാണ് ബംഗാള്‍. കര്‍ഷക ആത്മഹത്യ നിരക്ക് മഹാരാഷ്ട്രയില്‍ കൂടിക്കൊണ്ടിരിക്കുമ്പോള്‍ ബംഗാളില്‍ കുറഞ്ഞുവരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 1999 ല്‍ അവസാനിച്ച അഞ്ചു വര്‍ഷങ്ങളില്‍ മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യയുടെ ശരാശരി വാര്‍ഷിക നിരക്ക് 1963 ആയിരുന്നത് 2004 ല്‍ അവസാനിച്ച അഞ്ച് വര്‍ഷങ്ങളില്‍ 3647 ആയും 2009 ല്‍ അവസാനിച്ച അഞ്ചുവര്‍ഷങ്ങളില്‍ 3858 ആയും ഉയര്‍ന്നു. അതേസമയം ബംഗാളില്‍ 1999 ല്‍ അവസാനിച്ച അഞ്ചുവര്‍ഷത്തെ വാര്‍ഷിക ശരാശരി 1459 ആയിരുന്നത് 2004 ല്‍ അവസാനിച്ച അഞ്ചുവര്‍ഷങ്ങളില്‍ 1200 ആയും 2009 ല്‍ അവസാനിച്ച അഞ്ചുവര്‍ഷങ്ങളില്‍ 1014 ആയും കുറഞ്ഞു.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ അഞ്ചു സംസ്ഥാനങ്ങളാണ് കര്‍ഷക ആത്മഹത്യ മേഖലയായി അറിയപ്പെടുന്നത്. മൊത്തം കര്‍ഷക ആത്മഹത്യയില്‍ മൂന്നില്‍ രണ്ടുഭാഗവും ഈ സംസ്ഥാനങ്ങളിലാണ്. 28 സംസ്ഥാനങ്ങളില്‍ 18 എണ്ണത്തിലും 2009 ല്‍ ആത്മഹത്യ നിരക്കില്‍ വര്‍ധനവുണ്ടായതായി കാണാം. ചില സംസ്ഥാനങ്ങളില്‍ നേരിയ വര്‍ധനവുമാത്രമാണുണ്ടായത്. ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായത് തമിഴ്‌നാട്ടിലാണ്. അവിടെ 2008 ല്‍ 512 ആത്മഹത്യകളായിരുന്നെങ്കില്‍ 2009 ല്‍ 1060 ആയി ഉയര്‍ന്നു. കര്‍ണാടകയാണ് വര്‍ധനവിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുള്ളത്. ഒരു വര്‍ഷത്തിനകം കര്‍ണാടകയില്‍ കര്‍ഷക ആത്മഹത്യയില്‍ 545 ന്റെ വര്‍ധനവാണുണ്ടായത്. ആന്ധ്രയാണ് മൂന്നാം സ്ഥാനത്തുള്ളത്. 2008 ലേതിലും 309 ന്റെ വര്‍ധനവ് 2009 ല്‍ ഉണ്ടായി.

കര്‍ഷകരുടെ ആത്മഹത്യാനിരക്കില്‍ ഗണ്യമായ കുറവുണ്ടായ സംസ്ഥാനമാണ് കേരളം. 1997 നും 2003 നും ഇടയില്‍ കേരളത്തില്‍ കര്‍ഷകരുടെ ആത്മഹത്യ വര്‍ഷത്തില്‍ ശരാശരി 1371 ആയിരുന്നു. 2004-09 ല്‍ ഇത് 1016 ആയി കുറഞ്ഞു. 355 ന്റെ കുറവ്. എന്നാല്‍ കേരളത്തിലെ സ്ഥിതി സമീപഭാവിയില്‍ അപകടകരമാകാനിടയുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം ആഗോളവല്‍ക്കരിക്കപ്പെട്ട സമ്പദ്ഘടനയാണ് കേരളത്തിന്റേത്. മിക്ക വിളകളും നാണ്യവിളകളാണ്. കാപ്പി, കുരുമുളക്, തേയില, ഏലം, റബ്ബര്‍ തുടങ്ങിയവയുടെ ആഗോളവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ സംസ്ഥാനത്തെ ബാധിക്കും. ആഗോളതലത്തില്‍ ഏതാനും കോര്‍പ്പറേഷനുകളാണ് ഇവയുടെ വില നിയന്ത്രിക്കുന്നത്.

ദക്ഷിണ ഏഷ്യന്‍ സ്വതന്ത്ര വ്യാപാര കരാറിനു പുറമേ ആസിയാനുമായുണ്ടാക്കിയ കരാറും കേരളത്തെ പ്രതികൂലമായി ബാധിക്കും. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്രവ്യാപാര കരാറുകള്‍ ഒപ്പുവെയ്ക്കാന്‍ പോവുകയാണ്. ഇതിന് വില നല്‍കേണ്ടിവരിക കേരളമായിരിക്കും. 2004 ന് മുമ്പുതന്നെ ശ്രീലങ്കന്‍ കുരുമുളക് (മറ്റു രാജ്യങ്ങളില്‍ നിന്നും ശ്രീലങ്കയിലേക്ക് കൊണ്ടുവന്നതാണ് കുരുമുളകില്‍ സിംഹഭാഗം) സംസ്ഥാനത്തിന് കനത്ത ആഘാതമേല്‍പിച്ചിരുന്നു. ഇപ്പോള്‍ ചരക്കുകള്‍ കൊണ്ടുതള്ളുന്നത് വ്യവസ്ഥാപിതമാക്കിയിരിക്കുകയാണ്.

ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ച് ഏറ്റവും കൂടുതല്‍ പഠനം നടത്തിയ പ്രൊഫ. നാഗരാജ് പറയുന്നത് ''ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവരകണക്കുകള്‍ കാണിക്കുന്നത് കാര്‍ഷിക പ്രതിസന്ധിയില്‍ കുറവു വന്നിട്ടി''ല്ലെന്നാണ്. കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയങ്ങളും അപ്രത്യക്ഷമായിട്ടില്ല.

*
പി സായിനാഥ് ദി ഹിന്ദുവില്‍ എഴുതിയ Of luxury cars and lowly tractors എന്ന ലേഖനത്തിന്റെ പരിഭാഷ.
കടപ്പാട്: ജനയുഗം ദിനപത്രം 30 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പിന്നോക്കം നില്‍ക്കുന്ന മറാത്ത്‌വാഡയിലെ ഒറംഗബാദില്‍ നിന്നുള്ള ബിസിനസ്സുകാര്‍ ഒക്‌ടോബറില്‍ 65 കോടി രൂപ വിലവരുന്ന 150 മെര്‍സിഡസ് ബെന്‍സ് കാറുകള്‍ വാങ്ങിയപ്പോള്‍ അത് മാധ്യമ ശ്രദ്ധപിടിച്ചുപറ്റി. മുന്‍നിര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 40 കോടിയിലധികം രൂപ കാറുകള്‍ വാങ്ങിയവര്‍ക്ക് വായ്പ നല്‍കി. ഏഴുശതമാനം പലിശയ്ക്കാണ് എസ് ബി ഐ വായ്പ നല്‍കിയതെന്നാണ് ഔറംഗബാദ് ജില്ലാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റ് ദേവിദാസ് തുള്‍സാപുകാര്‍ പറഞ്ഞത്. ''ഈ ഇടപാടില്‍ ഭാഗഭാക്കായതില്‍ ബാങ്കിന് അഭിമാനമുണ്ടെ''ന്ന് എസ് ബി ഐയുടെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. ''ഭാവിയിലും ഇത്തരം ഇടപാടുകളില്‍'' ബാങ്ക് പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു.