Friday, December 24, 2010

ബുഷും മന്‍മോഹനും മണിശങ്കരയ്യരും

ഒടുവില്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കെങ്കിലും നേരംവെളുത്തിരിക്കുന്നു എന്നു കരുതാമോ? അമേരിക്കയെക്കുറിച്ച് പൊതുവിലും ആ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും കീര്‍ത്തിശൂന്യനായ രണ്ടാമത്തെ പ്രസിഡന്റിനെക്കുറിച്ച് (ആദ്യത്തേത് റിച്ചാര്‍ഡ് നിക്സണ്‍) വിശേഷിച്ചും. കോണ്‍ഗ്രസിലെ ഒരു സൂക്ഷ്മ ന്യൂനപക്ഷത്തിനെങ്കിലും മതിഭ്രമമുക്തി ഉണ്ടായിത്തുടങ്ങിയോ? ഇങ്ങനെയൊരു നേരിയ പ്രത്യാശ തോന്നാന്‍ ഇടവന്നത് ജോര്‍ജ് ഡബ്ള്യു ബുഷ് എഴുതിയ Decision Points എന്ന ഗ്രന്ഥത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായ മണിശങ്കരയ്യര്‍ എഴുതിയ നിരൂപണം വായിച്ചപ്പോഴാണ് (തെഹല്‍ക്ക, ഡിസംബര്‍ 18, 2010 ). മണിശങ്കരയ്യര്‍ രോഷവും പരിഹാസവും കലര്‍ത്തി എഴുതിയത് കാണുക:

"ഇത് യാഥാര്‍ഥ്യ പരിശോധനയ്ക്കുള്ള സമയമാണ്. 500 പേജോളം വരുന്ന ജോര്‍ജ് ബുഷിന്റെ പ്രസിഡന്‍ഷ്യല്‍ ഓര്‍മക്കുറിപ്പുകളില്‍ ഡോ. മന്‍മോഹന്‍ സിങ്ങിനെ ഒരേയൊരു തവണ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. ഒരു ഖണ്ഡികയിലെ രണ്ട് വരികളില്‍ മാത്രം. പാകിസ്ഥാന്‍ സന്ദിര്‍ശിക്കാന്‍ പോകുമ്പോള്‍ ഇന്ത്യയില്‍ 'ഇടയ്ക്കൊന്നിറങ്ങി' മന്‍മോഹന്‍ സിങ്ങിനെ കണ്ടു എന്ന് എഴുതുമ്പോള്‍ നിന്ദാസ്വരമാണ് മുഴച്ചുനില്‍ക്കുന്നത്. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് ബുഷ് വലിച്ചെറിയപ്പെടുന്നതിന് രണ്ടാഴ്ച മുമ്പാണല്ലോ ടിവി ക്യാമറകള്‍ക്ക് മുന്നില്‍വച്ച് "ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ അങ്ങയെ അഗാധമായി സ്നേഹിക്കുന്നു'' എന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത്. "എന്ത് അങ്ങനെയോ'' എന്ന് അത്ഭുതപരതന്ത്രനായി ആത്മഗതം നടത്തിയിട്ടുണ്ടാകും ബുഷ് അപ്പോള്‍. ഇതുവച്ച് നോക്കുമ്പോള്‍ തീരെ തുച്ഛമായിപ്പോയി ബുഷിന്റെ 'പ്രത്യുപകാരം''.

പ്രസിഡന്റായി മത്സരിക്കുന്ന സന്ദര്‍ഭത്തില്‍ അമേരിക്കയില്‍ പലയിടത്തും ബുഷിനെതിരെ ഒരു ബാനര്‍ ഉയര്‍ന്നിരുന്നു. അതില്‍ എഴുതിയിരുന്നത് "ടെക്സാസില്‍ എങ്ങാണ്ടൊരിടത്ത്, ഒരു ഗ്രാമത്തില്‍ ഒരു വിഡ്ഢിയെ കാണാതായിരിക്കുന്നു'' എന്നത്രേ. ആ വിഡ്ഢിയെയാണ് ഇന്ത്യ അഗാധമായി സ്നേഹിക്കുന്നുണ്ടെന്ന് മന്‍മോഹന്‍സിങ് പറഞ്ഞത്. ഇതില്‍ കുണ്ഠിതപ്പെടുന്ന മണിശങ്കരയ്യര്‍ പര്‍വേസ് മുഷറഫിന് വേണ്ടി അഞ്ചെട്ട് പേജ് തന്നെ നീക്കിവച്ചതില്‍ പരിഭവം പ്രകടിപ്പിക്കുകയുംചെയ്യുന്നു.

അമേരിക്കയെന്നു കേട്ടാല്‍ അന്തഃരംഗം അഭിമാനപൂരിതമാവുകയും വൈറ്റ്ഹൌസ് എന്നു കേട്ടാല്‍ ചോര തിളയ്ക്കുകയും ചെയ്യുന്ന മന്‍മോഹന്‍ സിങ് ബുഷിന്റെ ഈ ഓര്‍മപ്പുസ്തകം തീര്‍ച്ചയായും വായിച്ചിരിക്കണം. ഇന്ത്യ-അമേരിക്ക സൌഹൃദകാണ്ഡത്തിന്റെ അനുദിനമുള്ള സാന്ദ്രീകരണത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും പറയുന്ന മന്‍മോഹനും കൂട്ടര്‍ക്കും യാഥാര്‍ഥ്യത്തിന്റെ തിക്തസ്ഥലികളിലേക്ക് തിരിച്ചുവരാന്‍ ഈ ഗ്രന്ഥപാരായണം സഹായിക്കും. ഈ ഗ്രന്ഥത്തിലുടനീളം ബുഷ് താന്‍ എടുത്ത തീരുമാനങ്ങളെ ന്യായീകരിക്കുകയാണ്. തന്റെ ചില സഹപ്രവര്‍ത്തകരില്‍നിന്നുള്ള യുക്തിഭദ്രമായ എതിര്‍സ്വരങ്ങളെ നിഷ്കരുണം അരിഞ്ഞുതള്ളുന്ന സ്വേച്ഛാധിപത്യപ്രമത്തനായ ഒരു ഭരണാധികാരിയെ നമുക്കതില്‍ കാണാം. ബുഷിന്റെ മനമറിഞ്ഞ് പെരുമാറിയവരെ വാനോളം സ്തുതിക്കുന്നതും കാണാം.

ഉദാഹരണത്തിന്, 2002ല്‍ ബുഷിന്റെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ലോറന്‍സ് ലിന്‍ഡ്സേയെ പിരിച്ചുവിടുന്നത് ഇറാഖ് അധിനിവേശത്തിന് 20,000 കോടി ഡോളര്‍ ചെലവ് വരുമെന്ന് പറഞ്ഞതിനാലാണ്. ഇറാഖ് അധിനിവേശത്തിന് ഇപ്പോള്‍ത്തന്നെ ഇതിലധികം തുക ചെലവായിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

സെപ്തംബര്‍ 11നെപ്പറ്റി ബുഷ് എഴുതുന്നത് നോക്കുക:

"ലിമോയിലെ അതീവസുരക്ഷയുള്ള ഫോണില്‍നിന്ന് ഞാന്‍ കോണ്ടിയെ (മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ്) വിളിച്ചു. കോണ്ടി പറഞ്ഞു, മൂന്നാമത്തെ വിമാനം പെന്റഗണിലേക്ക് ഇടിച്ചിറക്കിയിരിക്കുന്നു. അപ്പോള്‍ ഞാന്‍ സീറ്റില്‍ ചാരിയിരുന്ന് ചിന്തിച്ചു. ലോക വ്യാപാരകേന്ദ്രത്തിന്റെ ആദ്യ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറങ്ങിയത് ഒരു അപകടമായിരിക്കാം. രണ്ടാമത്തേത് ആക്രമണം തന്നെ. മൂന്നാമത്തേത് യുദ്ധപ്രഖ്യാപനമാണ്. തീര്‍ച്ച. എന്റെ രക്തം തിളയ്ക്കുകയായിരുന്നു അപ്പോള്‍.''

'ഭീകരവാദത്തിനെതിരായ യുദ്ധം' എന്ന പ്രയോഗത്തിലെ യുദ്ധം എന്ന വാക്കിന്റെ വിവക്ഷിതാര്‍ഥത്തെക്കുറിച്ച് ടോം ഡാഷ്ലെ എന്ന സെനറ്റര്‍ ആപല്‍സൂചന നല്‍കിയിരുന്നു.(ഒരു ലിങ്ക്) ബുഷ് അദ്ദേഹത്തെ നിശബ്ദനാക്കി. ഇങ്ങനെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പ്രതിസ്വരങ്ങളെ വെട്ടിവീഴ്ത്തി മുന്നേറുന്നു, തന്റെ തീരുമാനങ്ങള്‍തന്നെ ഒടുവില്‍ 'വിജയം വരിക്കുന്ന' ഏകപക്ഷീയ ആത്മപ്രശംസാഗീതമാണ് ഈ പുസ്തകമെന്ന് ചുരുക്കിപ്പറയാം.

ജീവിതത്തില്‍ കടുത്തതും നിര്‍ണായകവുമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നവര്‍ക്ക്, സാധാരണക്കാര്‍ മുതല്‍ വലിയ കമ്പനികളുടെ സിഇഒമാര്‍വരെ, തന്റെ ഗ്രന്ഥം ഒരു കൈപ്പുസ്തകമാണെന്ന് ബുഷ് പറയുന്നു! അങ്ങനെയൊരു തീരുമാനത്തിന്റെ കഥ കേള്‍ക്കാം.

ഒരിക്കല്‍ ബുഷും വൈസ് പ്രസിഡന്റായിരുന്ന ഡിക് ചെനിയും ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോള്‍ ഡിക്ചെനി ചോദിച്ചു:

"ആ പുള്ളിക്കാരന്റെ (സദ്ദാം ഹുസൈന്‍) പരിപ്പ് എടുക്കുന്നില്ലേ നിങ്ങള്‍.'' ഡിക്ചെനിയെപ്പോലെ എണ്ണവ്യവസായ മേഖലയില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള നിയോകോണുകളായിരുന്നു വാസ്തവത്തില്‍ 'ടെക്സാസിലെ ഒരു ഇഡിയറ്റ്' ആയിരുന്ന ബുഷിനെ നിയന്ത്രിച്ചിരുന്നതെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു.

ഈ പുസ്തകത്തെക്കുറിച്ച് 'ദ ന്യൂയോര്‍ക്കറി'ല്‍ ജോര്‍ജ് പാക്കര്‍ എഴുതിയ തകര്‍പ്പന്‍ വിമര്‍ശം വായിക്കാന്‍ വായനക്കാരോട് നിര്‍ദേശിച്ചുകൊണ്ടാണ് മണിശങ്കരയ്യര്‍ തന്റെ അവലോകനം അവസാനിപ്പിക്കുന്നത്. ജോര്‍ജ് പാക്കര്‍ തന്റെ ബുഷ് വിമര്‍ശം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്:

"ബുഷ് ഗ്രന്ഥം അവസാനിപ്പിക്കുന്നത് തന്റെ ഭരണകാലത്തെക്കുറിച്ചുള്ള ചരിത്രത്തിലെ തീര്‍പ്പ് തന്റെ മരണശേഷമായിരിക്കും ഉണ്ടാവുക എന്ന പ്രതീക്ഷാനിര്‍ഭരമായ ആലോചനയോടെയാണ്. എന്നാല്‍, അദ്ദേഹം ഭരിച്ചിരുന്ന കാലത്ത് തന്നെ രണ്ട് യുദ്ധങ്ങള്‍ അനാവശ്യ ദുരന്തങ്ങളായി കലാശിച്ചു. അദ്ദേഹം പ്രഘോഷണംചെയ്ത 'സ്വാതന്ത്ര്യത്തിന്റെ കാര്യപരിപാടി' ലോകമെങ്ങും അമേരിക്കയ്ക്കെതിരെ വിദ്വേഷം പടര്‍ത്തുകയും ഭൂമുഖത്തെ ദുഷിപ്പിക്കുകയുംചെയ്തു. അമേരിക്കയില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നാടകീയമായി വര്‍ധിച്ചു. ഇത് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കും മാന്ദ്യത്തിലേക്കും നയിച്ചു. ഈ വിഷലിപ്ത അന്തരീക്ഷം ഇപ്പോഴും അഭംഗുരം തുടരുന്നു. ബുഷ് എന്ന അമേരിക്കന്‍ പ്രസിഡന്റിനെപ്പോലെതന്നെ ഈ പുസ്തകത്തിനും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് സ്ഥാനം.'' (ദ ന്യൂയോര്‍ക്കര്‍, നവംബര്‍ 29 2010).

*
എ എം ഷിനാസ് കടപ്പാട്: ദേശാഭിമാനി 23 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒടുവില്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കെങ്കിലും നേരംവെളുത്തിരിക്കുന്നു എന്നു കരുതാമോ? അമേരിക്കയെക്കുറിച്ച് പൊതുവിലും ആ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും കീര്‍ത്തിശൂന്യനായ രണ്ടാമത്തെ പ്രസിഡന്റിനെക്കുറിച്ച് (ആദ്യത്തേത് റിച്ചാര്‍ഡ് നിക്സണ്‍) വിശേഷിച്ചും. കോണ്‍ഗ്രസിലെ ഒരു സൂക്ഷ്മ ന്യൂനപക്ഷത്തിനെങ്കിലും മതിഭ്രമമുക്തി ഉണ്ടായിത്തുടങ്ങിയോ? ഇങ്ങനെയൊരു നേരിയ പ്രത്യാശ തോന്നാന്‍ ഇടവന്നത് ജോര്‍ജ് ഡബ്ള്യു ബുഷ് എഴുതിയ Decision Points എന്ന ഗ്രന്ഥത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായ മണിശങ്കരയ്യര്‍ എഴുതിയ നിരൂപണം വായിച്ചപ്പോഴാണ് (തെഹല്‍ക്ക, ഡിസംബര്‍ 18, 2010 ).