Friday, December 17, 2010

സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും

"If you believe, it will happen"

"പ്രബോധനം സിനിമയുടെ മരണമാണ്. അത് അഭിനിവേശത്തിനും പ്രണയത്തിനും നേരെതിരാണ്. സിനിമ പണ്ഡിതരുടെ കലയല്ല, മറിച്ച് നിരക്ഷരരുടേതാണ്.''

-വെര്‍ണര്‍ ഹെര്‍സോഗ്

പടിഞ്ഞാറന്‍ ജര്‍മന്‍ എംബസിയുടെ മദ്രാസിലെ ഓഫീസ് പണ്ട് ടൂറിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമായിരുന്നു. മലപ്പുറം രശ്മി ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തകനായിരുന്ന കാലത്ത് മലപ്പുറത്ത് ഞങ്ങളുടെ അഭ്യര്‍ഥനപ്രകാരം അവര്‍ സിനിമ പ്രദര്‍ശിപ്പിക്കാനായി വരികയുണ്ടായി. ഇറക്കുമതിചെയ്ത വാനും പ്രൊജക്ടറും ഞങ്ങളില്‍ അസൂയ ഉണര്‍ത്തി. അന്ന് ആദ്യം കാണിച്ച സിനിമ 'അഗ്വിറേ, ദി റാത്ത് ഓഫ് ഗോഡ്' ആയിരുന്നു. ജര്‍മനിയില്‍ നിര്‍മിച്ച 16 എം എം പ്രൊജക്ടറില്‍ പുതിയ, കേടുവരാത്ത പ്രിന്റ് പ്രദര്‍ശിപ്പിച്ച അന്ന് കുറേപ്പേര്‍ ഹെര്‍സോഗിന്റെ ആരാധകരായി. പിന്നീട് മദ്രാസില്‍നിന്ന് എംബസിയുടെ സിനിമയുമായി വന്നപ്പോഴൊക്കെ മറ്റു സിനിമകള്‍ക്കൊപ്പം അഗ്വിറേ ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് തരംകിട്ടുമ്പോഴെല്ലാം പൊതുപ്രദര്‍ശനങ്ങളിലും ആ സിനിമയെ ഉള്‍ക്കൊള്ളിച്ചു. കാരണം അഗ്വിറേ ദി റാത്ത് ഓഫ് ഗോഡ് നല്‍കുന്ന പ്രദര്‍ശനാനുഭവം അപൂര്‍വം സിനിമകള്‍ക്കേ ലഭിക്കാറുള്ളൂ. പിന്നീട് ബെര്‍ലിന്‍ മതില്‍ പൊളിയുകയും പടിഞ്ഞാറന്‍, കിഴക്കന്‍ ജര്‍മനികള്‍ ഒന്നാകുകയും ചെയ്തപ്പോള്‍ ജര്‍മനിക്കാര്‍ സന്തോഷിച്ചു. പക്ഷേ ഞങ്ങള്‍ ദുഃഖിച്ചു. കാരണം പുതിയ നയത്തിന്റെ ഭാഗമായി മദ്രാസിലെ ഓഫീസ് യാത്രകളും സിനിമാ പ്രദര്‍ശനവും നിര്‍ത്തിവെച്ചു. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത വാനും പ്രൊജക്ടറും ഇനി മലപ്പുറത്ത് വരില്ല. അഗ്വിറേ പ്രദര്‍ശിപ്പിക്കുകയില്ല. ഡി വി ഡി വ്യാപകമായപ്പോള്‍ അഗ്വിറേ എന്നും കാണാമെന്നായി. ഹെര്‍സോഗും ക്ളോസ് കിന്‍സ്കിയും തമ്മിലുള്ള ബന്ധം പോലെയല്ലെങ്കിലും ഞങ്ങള്‍ക്ക് അഗ്വിറേയുമായി ആത്മബന്ധം വളര്‍ന്നിരുന്നു എന്നതാണ് സത്യം. പിന്നീട് ജര്‍മന്‍ എംബസിയും ഫിലിം സൊസൈറ്റി ഫെഡറേഷനും ചേര്‍ന്ന് നടത്തിയ ഹെര്‍സോഗ് ഫെസ്റ്റിവലില്‍ അഗ്വിറേയെ കൂടാതെ വൊയ്സെക്, ഫിറ്റ്സ് ഗെറാള്‍ഡോ എന്നിവയെല്ലാം പ്രദര്‍ശിപ്പിച്ചു. ഹെര്‍സോഗിനൊപ്പം ക്ളോസ് കിന്‍സ്കി എന്ന കിറുക്കന്‍ നടന്റെ മഹാപ്രകടനങ്ങള്‍ കണ്ടു.

ഒരു ഫിലിം സൊസൈറ്റി തുടങ്ങുമ്പോള്‍ ഉദ്ഘാടന ചിത്രമായി പണ്ട് ഞങ്ങള്‍ നിര്‍ദേശിക്കുക അഗ്വിറേ ആയിരുന്നു. അത് കണ്ടുകഴിയുന്നതോടെ ഒരാള്‍ സിനിമയുമായി പ്രണയത്തിലാകുമെന്നും പിന്നീട് അയാള്‍ക്ക്/അവള്‍ക്ക് ഒരിക്കലും അതില്‍നിന്ന് മോചനം സാധ്യമാവുകയില്ലെന്നും ഞങ്ങള്‍ വിശ്വസിച്ചു.

ജര്‍മനിയിലെ പുതിയ സിനിമയുടെ വക്താക്കളായ റെയ്നര്‍ ബര്‍നര്‍ ഫാസ്ബിന്ദര്‍, മാര്‍ഗററ്റ് വോണ്‍ ടൊറോത്ത, വോള്‍ക്കര്‍ പ്ളോന്‍ ഡ്രോഫ്, ഹാന്‍സ് ജര്‍ഗന്‍, സൈബര്‍ ബര്‍ഗ്, വിം വെന്റേഴ്സ് എന്നിവരോടൊപ്പമാണ് ഹെര്‍സോഗും സിനിമയിലെത്തുന്നത്. എന്നാല്‍ പ്രമേയസ്വീകരണത്തില്‍ എല്ലാവരില്‍നിന്നും വ്യത്യസ്തനായിരുന്നു ഹെര്‍സോഗ്. അസാധ്യമെന്ന് കരുതുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന നായകരാണ് ഹെര്‍സോഗിന്റെ സിനിമയില്‍. അവര്‍ ദുരൂഹവും അവ്യക്തവുമായ മേഖലയില്‍ മൌലിക പ്രതിഭയുള്ളവരോ പ്രകൃതിയുമായി മല്ലിട്ട് വിജയിക്കുന്നവരോ ആകും.

'ഞാനെന്താണോ, അതാണെന്റെ ചിത്രങ്ങള്‍' എന്ന് ഹെര്‍സോഗ് പറഞ്ഞിട്ടുണ്ട്. മ്യൂണിക്കിലാണ് ഹെര്‍സോഗ് ജനിച്ചത്. പിന്നീട് ആല്‍പ്സ് പര്‍വതനിരകള്‍ക്കടുത്തുള്ള ബവേറിയന്‍ ഗ്രാമമായ സച്ച്രംഗിലേക്ക് മാറിത്താമസിച്ചു. രണ്ടാം ലോകയുദ്ധത്തിനിടെ ബോംബിട്ട് നശിപ്പിക്കപ്പെട്ട ഭാഗത്തായിരുന്നു അവരുടെ വസതി. 12-ാംവയസ്സില്‍ ഹെര്‍സോഗും കുടുംബവും മ്യൂണിക്കില്‍ തിരിച്ചെത്തി, അവിടെവെച്ച് പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു. അതേവര്‍ഷം ക്ളാസില്‍ കുട്ടികളുടെ മുമ്പില്‍ പാട്ടുപാടാന്‍ നിര്‍ദേശിക്കപ്പെട്ട ഹെര്‍സോഗ് അത് ചെയ്യാത്തതിന്റെ പേരില്‍ സ്കൂളില്‍നിന്ന് പുറത്താക്കപ്പെടുന്നതിന്റെ വക്ക്വരെയെത്തി. ഈ ദേഷ്യം തീര്‍ക്കാന്‍ പിന്നീട് അയാള്‍ ആറുവര്‍ഷം ഒരു സംഗീതവും ശ്രവിച്ചില്ല. ഒരു ഉപകരണവും പഠിച്ചില്ല. മുതിര്‍ന്നതിന്ശേഷം ഒരു സംഗീതോപകരണം പഠിക്കാനായി 10 വര്‍ഷം ചെലവഴിക്കാന്‍ തയാറാണെന്ന് ഹെര്‍സോഗ് പറയുകയുണ്ടായി.14-ാം വയസ്സില്‍ എന്‍സൈക്ളോപീഡിയയിലെ സിനിമാ നിര്‍മാണത്തെക്കുറിച്ചുള്ള നിര്‍വചനത്തില്‍ ആകൃഷ്ടനായി. മ്യൂണിക് ഫിലിം സ്കൂളില്‍നിന്ന് ഒരു 35 എം എം ക്യാമറ മോഷ്ടിച്ച് സിനിമയെടുക്കാന്‍ ആരംഭിച്ചു. അതിനെക്കുറിച്ച് ഹെര്‍സോഗ് പറഞ്ഞത് 'അത് ഒരു കളവായി താന്‍ കരുതുന്നില്ലെന്നാണ്. അത് ഒരു അത്യാവശ്യമായിരുന്നു. ജോലിയെടുക്കാനുള്ള ഉപകരണം എന്ന നിലയില്‍ ക്യാമറ തന്റെ അടിസ്ഥാന അവകാശമായിരുന്നു'. മ്യൂണിക് യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയും തന്റെ സിനിമകള്‍ നിര്‍മിക്കാനായി 60 കളില്‍ ഒരു സ്റ്റീല്‍ഫാക്ടറിയില്‍ വെല്‍ഡറായി ജോലിനോക്കുകയും ചെയ്തു. 2006 ല്‍ ബിബിസിക്ക് ഒരു ഇന്റര്‍വ്യൂ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അജ്ഞാതനായ ഒരാള്‍ എയര്‍ റൈഫിള്‍കൊണ്ട് ഹെര്‍സോഗിന്നേരെ നിറയൊഴിച്ചു. അത് കാര്യപ്പെട്ട ഒരു തിരയല്ലെന്ന് പറഞ്ഞുകൊണ്ട് ഒന്നും സംഭവിക്കാത്തതുപോലെ ഇന്റര്‍വ്യൂ തുടര്‍ന്നു. പിന്നീട് മുറിവേറ്റ ഭാഗം ക്യാമറക്ക് നേരെ കാണിച്ചു.

ഇതൊക്കെയാണ് ഹെര്‍സോഗ്. ജര്‍മന്‍, അമേരിക്കന്‍ താരങ്ങളെ സിനിമയില്‍ ഉപയോഗിക്കുമ്പോഴും ഷൂട്ടിങ് ലൊക്കേഷനിനടുത്തുള്ള സാധാരണക്കാരെ അദ്ദേഹം സിനിമയിലഭിനയിപ്പിച്ചു. പ്രത്യേകിച്ചും ഡോക്യുമെന്ററികളില്‍. അഭിനയിച്ചും അല്ലാതെയും. അത്യാനന്ദകരമായ സത്യം എന്നാണ് ഹെര്‍സോഗ് അതിനെ വിശേഷിപ്പിക്കുന്നത്. ബെര്‍ലിന്‍, കാന്‍, വെനീസ്, സാന്‍ഫ്രാന്‍സിസ്കോ ഉള്‍പ്പെടെ എല്ലാ പ്രമുഖ ചലച്ചിത്രമേളകളിലും ഹെര്‍സോഗിന്റെ സിനിമകള്‍ പുരസ്കാരം നേടി. വെനീസ് ഫിലിംമേളയില്‍ ഒരു വര്‍ഷം രണ്ട് സിനിമകള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്ന അപൂര്‍വ ബഹുമതി ലഭിച്ചു. എന്നാല്‍ ഒരിക്കലും അവാര്‍ഡുകളില്‍ താല്‍പ്പര്യം ജനിച്ചില്ല.

വിചിത്രമായ ചില പ്രവൃത്തികളും ത്യാഗങ്ങളും വഴി സര്‍റിയലിസ്റ്റ് ചിത്രകാരനായ സാര്‍വദോര്‍ ദാലിയെപ്പോലും അതിശയിച്ചു. 'ഈവണ്‍ ഡ്വാര്‍ഫ്സ് സ്റ്റാര്‍ടഡ് അറ്റ് സ്മോള്‍' എന്ന സിനിമയില്‍ അഭിനയിച്ച കുള്ളന്മാരില്‍ ചിലര്‍ക്ക് അപകടം പിണഞ്ഞപ്പോള്‍ കൂടുതല്‍ അപായങ്ങളുണ്ടാകാതെ ഷൂട്ടിങ് പൂര്‍ത്തീകരിക്കാനായാല്‍ താന്‍ കള്ളിമുള്‍ച്ചെടികളില്‍ കിടന്നിഴയുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ ചെയ്തു. അകത്ത് കയറിക്കൂടുന്നതാണ് രക്ഷപ്പെടുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ പ്രവൃത്തിയെന്ന് ഇതേക്കുറിച്ച് ഹെര്‍സോഗ് പറയുകയുണ്ടായി. ഇറോള്‍ മോറിസ് എന്ന ഡോക്യുമെന്ററി സംവിധായകനെ വെല്ലുവിളിക്കാനും പ്രചോദിപ്പിക്കാനുമായി, അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പൂര്‍ത്തിയാക്കിയാല്‍ തന്റെ ഷൂസ് തിന്നുമെന്ന് ഹെര്‍സോഗ് പ്രഖ്യാപിച്ചു. 'ഗെയ്റ്റ് ഓഫ് ഹെവന്‍' എന്ന പ്രസ്തുത ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനവേളയില്‍ ഹെര്‍സോഗ് തന്റെ വാക്ക് പാലിച്ചു. പരസ്യമായി ഷൂ സ്വയം പുഴുങ്ങുകയും തിന്നുകയും ചെയ്തു. ലെസ് ബാങ്ക് ഇത് ഡോക്യുമെന്ററിയായി പുറത്തിറക്കി. ഏതെങ്കിലും സംവിധായകര്‍ തങ്ങളുടെ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ അവര്‍ക്ക് ഈ പ്രവൃത്തി ഒരു പ്രചോദനമാകട്ടെ എന്നും അദ്ദേഹം ചടങ്ങില്‍ പ്രത്യാശിച്ചു. 1974 ല്‍ ഗുരുതരമായ രോഗശയ്യയില്‍ കിടന്ന ജര്‍മന്‍ ചലച്ചിത്ര നിരൂപകമായ ലോട്ടി ഐസ്നറെ കാണാന്‍ മ്യൂണിക്കില്‍നിന്ന് പാരിസ്വരെ 600 മൈലുകള്‍ കൈയില്‍ കാശോ മാറ്റിയുടുക്കാന്‍ തുണിയോ ഇല്ലാതെ ഹെര്‍സോഗ് നടന്നുപോയി. ഹെര്‍സോഗ് കണ്ടു സംസാരിച്ചതിനുശേഷമാണ് ലോട്ടി അന്ത്യശ്വാസം വലിച്ചത്.

ഹെര്‍സോഗിന്റെ സിനിമയുടെ പ്രമേയങ്ങള്‍ യാഥാര്‍ഥ്യവും കഥയും കൂടിക്കലര്‍ന്നാണ് പലപ്പോഴും രൂപപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ നടന്മാര്‍ 'സാധാരണ'ക്കാരായിരുന്നില്ല. ജീവിതത്തിലും സിനിമയിലും അവര്‍ ഉന്മാദികളായിരുന്നു. ആമസോണ്‍ വനത്തിനുള്ളില്‍ അഗ്വിറേയുടെ ഷൂട്ടിങ്ങിനായി ക്ളോസ് കിന്‍സ്കി എത്തിയകാലത്ത് കിന്‍സ്കി ജര്‍മനിയിലെ താരവും ഹെര്‍സോഗ് താരതമ്യേന അപ്രശസ്തനുമായിരുന്നു. കാട്ടിനുള്ളിലെ പരിമിത സൌകര്യങ്ങളില്‍ തൃപ്തനാവാതെ കിന്‍സ്കി തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍, തന്റെ തോക്കിനുള്ളില്‍ ഒമ്പത് തിരകളുണ്ടെന്നും അതില്‍ എട്ടെണ്ണം കിന്‍സ്കിക്കും ഒന്ന് തനിക്കുതന്നെയും ആണ് കരുതിയിരിക്കുന്നതെന്ന് ഹെര്‍സോഗ് ഭീഷണിപ്പെടുത്തി. തോക്കിന്‍മുനയിലെ കിന്‍സ്കിയുടെ പ്രകടനം പിന്നീട് അഭിനയത്തില്‍ ലോകസിനിമയിലെ ഉദാത്ത മാതൃകയും അതേസമയം മൌലികവുമായി വാഴ്ത്തപ്പെട്ടു. പിന്നീട് നാല് സിനിമകളില്‍ അഭിനയിച്ചപ്പോഴും സ്ഥിതിഗതികളില്‍ വലിയ പുരോഗതി ഉണ്ടായില്ലെന്ന് കിന്‍സ്കിയുടെ മരണശേഷം കിന്‍സ്കിയും താനുമായി ഉണ്ടായിരുന്ന വിചിത്ര ബന്ധത്തെക്കുറിച്ച് ഹെര്‍സോഗ് സംവിധാനംചെയ്ത "മൈ ഡിയര്‍ ഫ്രെന്‍ഡ്'എന്ന ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ജനിച്ചത് മുതല്‍ 16 വര്‍ഷംവരെ ഒരു തടവറയില്‍ അടക്കപ്പെട്ടതിനാല്‍ നടക്കാനോ സംസാരിക്കാനോ കഴിയാതായിപ്പോയ ഒരു പയ്യന്റെ യഥാര്‍ഥജീവിതം 'ദി മിസ്റ്ററി ഓഫ് കാസ്പര്‍ ഹോസര്‍' എന്ന പേരില്‍ ചലച്ചിത്രമാക്കിയപ്പോള്‍ ഹെര്‍സോഗ് അതിലെ നായകനായി കണ്ടെത്തിയത് മാനസികരോഗിയും തെരുവ് പ്രകടനക്കാരനുമായ ബ്രൂണോ എഡിനെയാണ്. ഒരു ലൈംഗികത്തൊഴിലാളിയുടെ അവിഹിത സന്തതിയായ ബ്രൂണോ പിന്നീട് സ്ട്രോസെക് എന്ന സിനിമയിലും അഭിനയിച്ചു. 'ലാ സുഫ്രി' എന്ന അഗ്നിപര്‍വതം പൊട്ടിത്തെറിക്കാറായ നേരം അതിനു ചുറ്റുമുള്ള നഗരം വിജനമാക്കപ്പെട്ടപ്പോള്‍, ക്യാമറയുമായി ഹെര്‍സോഗ് അവിടേക്ക് പോകുകയും അവിടെ നിന്നൊഴിഞ്ഞ് പോകാന്‍ കൂട്ടാക്കാത്ത ഒരാളെ കണ്ടെത്തി അഭിമുഖം നടത്തുകയും ചെയ്തു. 'തങ്ങളുടെ ജീവിതത്തിന്റെ നിലവാരം മാറാന്‍ പോകുന്നില്ല എന്നതുകൊണ്ട് ജീവിതമാകട്ടെ, മരണമാകട്ടെ ഈ മണ്ണില്‍ ഉറച്ചുനിന്ന് സ്വീകരിക്കും' എന്നാണയാള്‍ പറയുന്നത്. ഹെര്‍സോഗ് അഗ്നിപര്‍വതത്തിലേക്കുള്ള തന്റെ യാത്രയെപ്പറ്റി പറയുന്നു. "മരണം എപ്പോഴും സംഭവിക്കാം. യാത്രക്കിടക്കോ സ്റ്റെയര്‍ കെയ്സില്‍നിന്നുള്ള വീഴ്ചയിലോ. അതിനെ സ്വീകരിക്കാന്‍ തയാറായിക്കഴിഞ്ഞാല്‍ അത് പ്രശ്നമാവുകയില്ല'' ഗ്ളാസ് നിര്‍മാണശാലയുടെ ഫോര്‍മാന്‍ മരിച്ചപ്പോള്‍ റൂബി ഗ്ളാസിന്റെ ഫോര്‍മുല അന്വേഷിച്ച് യാത്രയാകുന്നതിന്റെ കഥയാണ് 'ഹാര്‍ട് ഓഫ് ഗ്ളാസ്.' ഇതിലെ അഭിനേതാക്കളെല്ലാംതന്നെ ഹിപ്നോട്ടൈസ് ചെയ്യപ്പെട്ടവരെപ്പോലെയാണ് പെരുമാറുന്നത്. 'ഫിറ്റ്സ്ഗെറാള്‍ഡോ' ഒരു മലയ്ക്ക് മുകളിലൂടെ ഒരു കപ്പല്‍ വലിച്ചുകയറ്റുന്നതിന്റെ കഥയാണ്. മൂന്നുവര്‍ഷംകൊണ്ട് ആ സിനിമ നിര്‍മിച്ചതിനെക്കുറിച്ച് തന്നെ ഒരു ഡോക്യുമെന്ററി 'ബെര്‍ഡന്‍ ഓഫ് ഡ്രീംസ്' (സംവി ലെസ് ബ്ളാങ്ക്) പുറത്തുവന്നിട്ടുണ്ട്. ജോര്‍ജ് ബുക്ക്നറുടെ സുപ്രസിദ്ധ നാടകമായ വൊയ്സെകിന്റെ ചലച്ചിത്രഭാഷ്യം, ജര്‍മന്‍ എക്സ്പ്രഷനിസത്തിലെ ചക്രവര്‍ത്തിയായ മുര്‍നോയുടെ 'നൊസ്ഫെറാതു - എ സിംഫണി ഓഫ് ടെറര്‍' എന്ന സിനിമയുടെ റീമേക്ക് ആയ 'നൊസ്ഫെറാതു - ദി വാംപയര്‍' എന്നിവയൊക്കെ ലോകസിനിമയിലെ അത്ഭുതങ്ങളായി തന്നെയാണ് നിലനില്‍ക്കുന്നത്. നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഓപ്പെറകളും ഹെര്‍സോഗ് സംവിധാനം ചെയ്തിട്ടുണ്ട്.

*
മധുജനാര്‍ദനന്‍ കടപ്പാട്: ദേശാഭിമാനി വാരിക 12 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...