Monday, December 27, 2010

പഠന കോണ്‍ഗ്രസ് ജനുവരി ഒന്നിന് കാരാട്ട് ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ വികസനാനുഭവങ്ങളെ ആഴത്തില്‍ വിലയിരുത്തി ഭാവിവികസനത്തിന് മാര്‍ഗരേഖ തയ്യാറാക്കുന്ന മൂന്നാം അന്താരാഷ്ട്രപഠന കോണ്‍ഗ്രസ് ജനുവരി ഒന്നിന് രാവിലെ 10ന് എ കെ ജി ഹാളില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പഠനകോണ്‍ഗ്രസില്‍ തിരുവനന്തപുരത്തെ വിവിധ വേദികളിലായി 2500ലേറെ പ്രതിനിധികള്‍ പങ്കെടുക്കും.

രജിസ്ട്രേഷന്‍ പൂര്‍ത്തിയായിട്ടും ആവശ്യക്കാര്‍ ഏറെയായതിനാല്‍ ഒന്നിന് രാവിലെ തല്‍സമയ രജിസ്ട്രേഷനുണ്ടാകും. പ്രതിനിധികള്‍ക്ക് സമ്മേളനരേഖകളും താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള സൌകര്യം ലഭ്യമാക്കും. ഓരോ മേഖലയിലും ഇടതുപക്ഷ ബദല്‍ സമീപനം രൂപപ്പെടുത്തുകയാണ് പഠന കോണ്‍ഗ്രസിന്റെ ലക്ഷ്യം. കൃഷി, വ്യവസായം തുടങ്ങിയ മേഖലകളോടൊപ്പം പുത്തന്‍ വികസനമേഖലകളും കേരളവികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരിശോധിക്കും. ഭാവി വികസന കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന രേഖ പഠന കോണ്‍ഗ്രസില്‍ അവതരിപ്പിക്കും.

2011 ജനുവരി ഒന്നിന് ഉദ്ഘാടനച്ചടങ്ങിനുശേഷം എട്ട് വിഷയങ്ങളില്‍ സിമ്പോസിയങ്ങള്‍ ആരംഭിക്കും. ആഗോളവല്‍ക്കരണകാലത്തെ കൃഷി, നവോത്ഥാനമൂല്യങ്ങള്‍ ഇന്നും നാളെയും, മലയാളിയുടെ മാറുന്ന സംസ്കാരം-ഭാഷ-സാഹിത്യം-സിനിമ, അധികാരവികേന്ദ്രീകരണം-കേരളത്തിന്റെ അനുഭവം, കേരളവും സ്ത്രീസമൂഹവും, സമഗ്ര സാമൂഹ്യസുരക്ഷയിലേക്ക്, കേരളം-വൈജ്ഞാനികസമൂഹം, മാധ്യമപ്രവര്‍ത്തനത്തെ നയിക്കുന്നത് എങ്ങോട്ട് എന്നിവയാണ് വിഷയങ്ങള്‍. എ കെ ജി ഹാള്‍, യൂണിവേഴ്സിറ്റി കോളേജ്, മാര്‍ ഫിലിപ്പിയോസ് ഹാള്‍, ഭാഗ്യമാല ഓഡിറ്റോറിയം എന്നിവിടങ്ങള്‍ വേദിയാകും.

ജനുവരി രണ്ടിന് രാവിലെ ഒമ്പതുമുതല്‍ 75 വിഷയങ്ങളില്‍ ടെക്നിക്കല്‍ സെഷനുകള്‍ ആരംഭിക്കും. ശാസ്ത്രഗവേഷണവും സാങ്കേതികവിദ്യാവിനിയോഗവും, നൂതന സാങ്കേതികവിദ്യകളും നയപരമായ ഫലങ്ങളും, ജൈവവൈവിധ്യവും വനവിഭവവും, പരിസ്ഥിതിസംരക്ഷണവും മലിനീകരണനിയന്ത്രണവും, പ്രകൃതിവിഭവ വിനിയോഗത്തിലെ വൈരുധ്യങ്ങള്‍, ശുചിത്വപരിപാലനവും മാലിന്യസംസ്കരണവും തുടങ്ങിയ വിഷയങ്ങളിലായിരിക്കും ചര്‍ച്ച. കേരളവികസന മാതൃകയ്ക്ക് സംഭാവന നല്‍കിയ വിദേശ പ്രതിനിധികളും, രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക മേഖലകളിലെ പ്രമുഖരും നേതൃത്വം നല്‍കും. യൂണിവേഴ്സിറ്റി കോളേജിലെ വേദികളിലാണ് സെഷനുകള്‍.

ജനുവരി മൂന്നിന് രാവിലെ ഒമ്പതിന് എ കെ ജി ഹാളില്‍ പ്രവാസലോകം എന്ന വിഷയത്തില്‍ സിമ്പോസിയം. 12ന് അന്താരാഷ്ട്ര പ്രതിനിധിസമ്മേളനം. രണ്ടിന് സമാപനച്ചടങ്ങ്. ഇ എം എസിന്റെ നേതൃത്വത്തില്‍ 1994ല്‍ സംഘടിപ്പിച്ച ആദ്യ കേരളപഠന കോണ്‍ഗ്രസാണ് ജനകീയാസൂത്രണത്തിന് ആദ്യരൂപം നല്‍കിയത്.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിന്റെ വികസനാനുഭവങ്ങളെ ആഴത്തില്‍ വിലയിരുത്തി ഭാവിവികസനത്തിന് മാര്‍ഗരേഖ തയ്യാറാക്കുന്ന മൂന്നാം അന്താരാഷ്ട്രപഠന കോണ്‍ഗ്രസ് ജനുവരി ഒന്നിന് രാവിലെ 10ന് എ കെ ജി ഹാളില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ
പഠനകോണ്‍ഗ്രസില്‍ തിരുവനന്തപുരത്തെ വിവിധ വേദികളിലായി 2500ലേറെ പ്രതിനിധികള്‍ പങ്കെടുക്കും.