Friday, December 10, 2010

പെണ്‍പ്രതിരോധത്തിന്റെ പ്രതീകമായി 'അംഗിത സംസാരിക്കുന്നു'

ശമിക്കാത്ത വിശപ്പുകള്‍ക്ക് ഒരു പെണ്ണിന്റെ പകുത്തുനല്‍കലാണ് 'അംഗിത സംസാരിക്കുന്നു' എന്ന ഏകപാത്ര നാടകം. കാലത്തിന്റെ അനിവാര്യതയിലേക്കുള്ള ഒരെത്തിനോട്ടം പ്രതിരോധത്തിന്റെ ഭാഷയില്‍ അവതരിപ്പിച്ച് ജിഷ പ്രേക്ഷകമനസ്സില്‍ ഇടം നേടി. സാംസ്കാരിക വകുപ്പിന്റെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരികോത്സവത്തിലാണ് ഏകപാത്ര നാടകം അരങ്ങേറിയത്.

അടുക്കളയുടെ പുകച്ചുവരുകള്‍ക്കുള്ളില്‍ സ്ത്രീ അനുഭവിക്കുന്ന വീര്‍പ്പുമുട്ടലുകളെ അടയാളപ്പെടുത്തിയാണ് നാടകം ആരംഭിക്കുന്നത്. ഇടിഞ്ഞുതൂങ്ങിയ സ്വന്തം മുലകളെക്കുറിച്ച് പരിഭവിക്കുന്ന നാടകകാരി മുലകളെ സാമ്രാജ്യത്വത്തിനെതിരായ പെണ്‍പ്രതിരോധത്തിന്റെ പ്രതീകമായി നാടകത്തിലുടനീളം ഉപയോഗിക്കുന്നു. മുലകള്‍ എന്ന് പറയുമ്പോള്‍ അടക്കിച്ചിരിക്കുന്ന ആണ്‍മനസ്സിനെയും നാടകം കളിയാക്കുന്നു.

സ്ത്രീകള്‍ക്ക് മുലകളില്ലാത്ത കുചകുംഭരാജ്യത്തെ മഹാരാജാവിന്റെ ദാസിയായി ഇടയില്‍ അരങ്ങിലെത്തുന്ന കഥാപാത്രം രാജാധികാരത്തിനെതിരായുള്ള പ്രതിരോധത്തിന്റെ പ്രകടനമായി മുലകള്‍ അരിഞ്ഞെറിയുന്നിടത്താണ് നാടകത്തിന് തിരശ്ശീല വീഴുന്നത്. പൊള്ളുന്ന പെണ്‍ ഭാഷയില്‍ ജിഷ വര്‍ത്തമാനകാല പെണ്‍ജീവിതത്തിന്റെ ആകുലതകള്‍ അരങ്ങിലെത്തിച്ചപ്പോള്‍ കാഴ്ചക്കാര്‍ക്ക് അത് പുതിയ അരങ്ങനുഭവമായി. ദേശാഭിമാനി തൃശുര്‍ യൂണിറ്റിലെ സബ് എഡിറ്ററാണ് ജിഷ. നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചതും ജിഷ തന്നെ.

*****

കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...