Saturday, December 18, 2010

അടിവസ്ത്രപ്രവചനം വെറ്റിലസ്വാമിജ്യോതിഷം

ആത്മീയതയുടെയും ദൈവവിശ്വാസത്തിന്റെയും മറവിലുള്ള സ്ത്രീ പീഡനം എല്ലാ മതക്കൂടാരത്തിലും കാണാറുണ്ട്. സമീപകാലത്ത് സന്തോഷ് മാധവനടക്കമുള്ള ആത്മീയ വ്യാപാരികളെ പിടികൂടിയപ്പോഴാണ് രതിസാമ്രാജ്യത്തിന്റെ വിസ്തൃതമായ ഭൂപ്രദേശം മലയാളികള്‍ ഞെട്ടലോടെ നിരീക്ഷിച്ചത്. ഹിന്ദുമതവും മനശാന്തി പ്രലോഭനവുമായിരുന്നു അവരുടെ അരങ്ങ്.

പൊലീസ് സ്റ്റേഷനില്‍ പോയി വെടിപൊട്ടിച്ച തോക്കുസ്വാമിയും സൈക്കിള്‍ റിപ്പയറിംഗ് ഉപേക്ഷിച്ച് ആത്മീയക്കച്ചവടം നടത്തിയ സൈക്കിള്‍ സ്വാമിയും ജിലേബി സ്വാമിയുമൊക്കെ അക്കാലത്തെ വില്ലന്‍മാരായി. സ്വാമിമാരെ പിടിക്കുന്നതിനെതിരെ ഹിന്ദു സംഘടനകള്‍ പ്രകടനം പോലും നടത്തി.

ഇതൊന്നും മലയാളിയുടെ മനക്കണ്ണുതുറപ്പിച്ചില്ല. വമ്പന്‍തട്ടിപ്പുകള്‍ പിന്നെയും അരങ്ങേറി. സിനിമാനടികളോടൊപ്പം ഗീതാ ഗോവിന്ദമാടിയ സ്വാമി പുരുഷനല്ലെന്നു പറഞ്ഞു തടികഴിച്ചിലാക്കാന്‍ നോക്കിയ അയല്‍പക്ക വാര്‍ത്തയും സാക്ഷരകേരളീയനെ ബോധവാനാക്കിയില്ല. ജ്യോതിഷാലയങ്ങളുടെ മുന്നില്‍ ഡോക്ടറെ കാണാനെന്നപോലെ കേരളീയര്‍ കാത്തുനില്‍ക്കുകയാണ്. മലയാളികളുടെ ഈ മനസ്സുറപ്പില്ലായ്മയാണ് പുതിയ പീഡന തല്‍പരരെ സൃഷ്ടിക്കുന്നത്.

ഈ വിഷയത്തില്‍ ഒടുവില്‍ വന്ന വാര്‍ത്ത കണ്ണൂരില്‍ നിന്നാണ്. വെറ്റില ജ്യോത്സ്യത്തിന്റെ മറവില്‍ ഒരു വിരുതന്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പു നടത്തുകയും ചെയ്തിരിക്കുന്നു. ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുകയാണ്.

ജ്യോത്സ്യം തന്നെ ഭൂലോക വിഡ്ഢിത്തമാണെന്നിരിക്കെ വെറ്റില, മാവില ജ്യോതിഷത്തിന് ഒരു പ്രസക്തിയുമില്ലല്ലോ. അത്തരം വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സ്ത്രീകള്‍ കുടുംബപ്രശ്‌നം പരിഹരിക്കാനായി വെറ്റില സ്വാമിയെ തേടിയെത്തി. വിശ്വാസ്യത സൃഷ്ടിക്കാനായി ഇയാള്‍ ഒരു ടെസ്റ്റ് ഡോസ് കൊടുക്കും. അത് അടിപ്പാവാടയുടെ നിറപ്രവചനമാണ്. ഉരുണ്ടു കളിക്കാന്‍ ധാരാളം കളികളുള്ള കളമാണല്ലോ ജ്യോതിഷം. അതനുസരിച്ചാണ് ഈ വെറ്റില ജ്യോത്സ്യന്‍, ഇരകളെ പിടികൂടിയിരുന്നത്.

മോഹങ്ങള്‍ക്കു മുകളില്‍ കെട്ടിപ്പടുത്തിരിക്കുന്ന അരക്കില്ലമാണ് ജ്യോതിഷം. വാത്‌സ്യായനന്റെ കാമശാസ്ത്രം ശാസ്ത്രമാണെങ്കില്‍ മാത്രമേ ജ്യോതിഷം ശാസ്ത്രമാവുകയുള്ളൂ. ദൈവത്തിന്റെയും മനുഷ്യന്റെയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന അദ്ഭുത മനുഷ്യരായാണ് അന്ധവിശ്വാസത്തിന്റെ വന്‍ നിഴല്‍ വീണ സമൂഹം ജ്യോതിഷികളെ കാണുന്നത്. ശാസ്ത്രം വികസിച്ചിട്ടില്ലാത്ത കാലത്തുണ്ടായിരുന്ന പട്ടിണിക്കാരായ ദൈവജ്ഞരുടെ കാലം മാറി. ഇന്ന് സമ്പത്തുണ്ടാക്കാനുള്ള ഏറ്റവും വലിയ ഉപാധിയായി ഈ കപടശാസ്ത്രം ഉപയോഗപ്പെടുത്തുകയാണ്.

ചൂഷണം ലക്ഷ്യമിട്ടിട്ടുള്ള ഈ അന്ധവിശ്വാസത്തിലേയ്ക്ക് ജനങ്ങളെ ഉത്സാഹിപ്പിക്കുന്നതില്‍ നമ്മുടെ സാംസ്‌കാരിക രാഷ്ട്രീയ ശാസ്ത്ര പ്രതിഭകള്‍ക്ക് പങ്കുണ്ട്. രാഹുകേതു തുടങ്ങിയ ഗ്രഹങ്ങളൊന്നും ആകാശത്തിലില്ലെന്നും വിദൂര ഗ്രഹങ്ങള്‍ക്ക് പാവം മനുഷ്യന്റെ ജീവിതത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും സമൂഹത്തോടു പറഞ്ഞത് ശാസ്ത്രമാണ്. എന്നാല്‍ അനന്തവിഹായസ്സിലേക്ക് പരീക്ഷണാര്‍ഥം പേടകങ്ങള്‍ അയയ്ക്കുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ രാഹുകാലം നോക്കുകയും തേങ്ങ ഉടയ്ക്കുകയും ചെയ്യുന്നതെന്തിനാണ്?

തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയം പോലും ദൈവജ്ഞനെ കണ്ടു തീരുമാനിക്കുന്ന രാഷ്ട്രീയക്കാര്‍ സമൂഹത്തിന് എന്തു പാഠമാണ് നല്‍കുന്നത്?

ജ്യോത്‌സ്യത്തില്‍ പരിപൂര്‍ണ വിശ്വാസമുണ്ടെന്ന് പറഞ്ഞുകൂടാ; അത് തീര്‍ത്തും അസംബന്ധമാണെന്ന് പറയുകയുമില്ല തുടങ്ങിയ തരികിട ന്യായങ്ങള്‍ പറയുന്ന സാംസ്‌കാരിക നായകന്‍മാര്‍ അസത്യത്തെ ആശ്ലേഷിക്കാനല്ലേ ആഹ്വാനം ചെയ്യുന്നത്.

കേരളം ഹൃദയം കൊടുത്തു ശ്രദ്ധിക്കുന്ന സാംസ്‌കാരിക രാഷ്ട്രീയ ശാസ്ത്ര നേതൃത്വമാണ് വസ്തുതകള്‍ക്കും സങ്കല്‍പത്തിനുമിടയില്‍ ചുവപ്പുവര ഇടേണ്ടത്. മനുഷ്യരെ ചൂഷണം ചെയ്യാനുപയോഗിക്കുന്ന സങ്കല്‍പങ്ങളെ തുറന്നുകാട്ടേണ്ടത് അവരാണ്.

സാംസ്‌കാരിക രാഷ്ട്രീയ ശാസ്ത്ര നേതൃത്വത്തിന്റെ കുറ്റകരമായ സന്ധി ചെയ്യലാണ്, വെറ്റില ജ്യോത്‌സ്യത്തിന്റെ അടിപ്പാവാട പ്രവചനത്തിലേയ്ക്കും കൊടിയ വഞ്ചനകളിലേയ്ക്കും പാവങ്ങളെ പായിക്കുന്നത്.

*
കുരീപ്പുഴ ശ്രീകുമാര്‍ കടപ്പാ‍ട്: ജനയുഗം ദിനപത്രം 18 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...