Wednesday, December 29, 2010

ഇന്ത്യന്‍ രാഷ്ട്രീയം വലതുപക്ഷത്തേക്കോ?

ചരിത്രസംഭവങ്ങള്‍ എന്നു വിളിക്കപ്പെടുന്ന നിരവധി സംഭവങ്ങളുടെ ബാഹുല്യംകൊണ്ടാണ് പല വര്‍ഷങ്ങളും ശ്രദ്ധിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങളുടെ താഴെ ഉറഞ്ഞുകൂടുന്ന നിരവധി ചെറുകിട സംഭവപരമ്പരകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. 2010 അത്തരം ഒരു വര്‍ഷമാണ്. ഏവരും ശ്രദ്ധിക്കുന്ന ഒരൊറ്റ സംഭവം നമുക്ക് പറയാനില്ല. അതേസമയം ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളെയും പലവിധത്തില്‍ ബാധിച്ച നിരവധി സംഭവങ്ങളുടെ പരമ്പരയാണ് ഇന്ത്യയില്‍ 2010ല്‍ നടന്നത്.

മാവോയിസ്റ്റുകളും കാശ്മീരും

ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒറീസ മുതലായ സംസ്ഥാനങ്ങളില്‍ വളര്‍ന്നുവന്ന മാവോയിസ്റ്റ് ആക്രമണങ്ങള്‍ വാര്‍ത്തകളില്‍ നിരന്തരമായി ഇടം തേടി. സിആര്‍പിഎഫ് ഭടന്മാരും മറ്റ് ഭരണകൂട അനുകൂലികളുമായിരുന്നു മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് ഇരയായത്; പശ്ചിമബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകരും മാവോയിസ്റ്റ് അക്രമങ്ങളെ അമര്‍ച്ചചെയ്യുന്നതിനോ അക്രമങ്ങളുടെ അടിത്തറയായ സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ വേണ്ടത്ര ശ്രദ്ധ കേന്ദ്ര ഭരണകൂടം കാണിച്ചിട്ടില്ല. അതേസമയം, ഇതിന്റെ ഉത്തരവാദിത്വം സംസ്ഥാന ഭരണകൂടങ്ങളില്‍ ആരോപിക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മാവോയിസ്റ്റുകളുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മാത്രമല്ല, കേന്ദ്രഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും ശക്തമായ വിമര്‍ശനത്തിനും പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് പാത്രമായി. മാവോയിസ്റ്റുകള്‍ക്ക് ജനപിന്തുണ നേടിക്കൊടുത്തത് കേന്ദ്ര സാമ്പത്തിക നയങ്ങളാണെന്നും അതിന്റെ ചട്ടക്കൂടില്‍നിന്ന് പ്രവര്‍ത്തിക്കുക മാത്രമേ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളുവെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ ആക്രമണമുണ്ടായത്. ഇരകളെ പഴിചാരുന്ന ഈ വിദ്യയ്ക്ക് നിരവധി ബുദ്ധീജീവികളും കൂട്ടുനിന്നു.

കാശ്മീരും കലാപത്തിന്റെ നിഴലിലായിരുന്നു. ഒരു കുട്ടിയുടെ മരണത്തെച്ചൊല്ലിയുള്ള സംഘര്‍ഷം പട്ടാളവും ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലെത്തിക്കുകയും ജനക്കൂട്ടത്തിനെതിരെ പട്ടാളം നടത്തിയ വെടിവെയ്പ് നിരവധിപേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഏതെങ്കിലും തീവ്രവാദി സംഘടന ഇതിനുപിന്നില്‍നിന്നുവെന്നാരും പറയുന്നില്ല. ദീര്‍ഘകാലത്തെ പട്ടാള-പൊലീസ് രാജിനോടുള്ള ചെറുത്തുനില്‍പായിരുന്നു അവിടെ കണ്ടത്. യുപിഎ സര്‍ക്കാര്‍ താങ്ങിനിര്‍ത്തുന്നു ഒമര്‍ അബ്ദുള്ള ഗവണ്‍മെന്റിന്റെ പിടിപ്പുകേടും അവിടെ പ്രത്യക്ഷമായിരുന്നു. കാശ്മീരിലെ ഏകപക്ഷീയമായ പട്ടാളനടപടികള്‍ അവസാനിപ്പിക്കണമെന്നും വിവിധ കാശ്മീരി സംഘടനകളുമായി ചര്‍ച്ചനടത്തണമെന്നും സിപിഐ (എം) അടക്കമുള്ള രാഷ്ട്രീയ പാര്‍ടികള്‍ ആവശ്യപ്പെട്ടു. ചര്‍ച്ച നടത്താന്‍ സിപിഐ (എം) തന്നെ മുന്നോട്ടിറങ്ങുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് കാശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍തന്നെ മുന്നോട്ടുവന്നത്. പട്ടാള നടപടികള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ ഏറെ പുരോഗമിച്ച മട്ടില്ല.

നവലിബറല്‍ നയങ്ങളുടെ ദുരന്തഫലങ്ങള്‍

നവലിബറല്‍ നയങ്ങളുമായി കേന്ദ്ര ഭരണകൂടം ഏറെ മുന്നോട്ടുപോയ വര്‍ഷവുമായിരുന്നു. പൊതുമേഖലാ വ്യവസായങ്ങളടക്കം എല്ലാ മേഖലകളും വിദേശ പ്രത്യക്ഷ നിക്ഷേപത്തിനായി തുറന്നുകൊടുക്കപ്പെട്ടു. വിദേശ സര്‍വ്വകലാശാലകളെ ഇന്ത്യയില്‍ അനുവദിക്കുന്ന നിയമവും ഗവേഷണ സ്ഥാപനങ്ങളോടൊപ്പം സര്‍വ്വകലാശാലകളെയും പേറ്റന്റ് വ്യവസ്ഥകള്‍ക്കുള്ളില്‍ കൊണ്ടുവരുന്ന നിയമവും പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. വിദ്യാഭ്യാസംപോലുള്ള മേഖലകളില്‍ പൂര്‍ണ്ണമായ കേന്ദ്രീകരണം നടപ്പിലാക്കുകയും അതുവഴി കമ്പോള വ്യവസ്ഥ അടിച്ചേല്‍പിക്കുകയുമാണ് കേന്ദ്രഭരണകൂടം ചെയ്തുവരുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തുള്ള വാണിജ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാഹുല്യവും സിബിഎസ്ഇ അംഗീകൃത സ്കൂളുകളുടെ വ്യാപനവും ഈ കേന്ദ്രീകരണത്തെയും വാണിജ്യവല്‍ക്കരണത്തെയും ശക്തിപ്പെടുത്തുകയാണ്. സേവനമേഖലയില്‍പോലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു.

ഇത് രണ്ടുതരത്തിലുള്ള ഫലങ്ങളാണ് ഇന്ന് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒന്ന്, കേന്ദ്രഭരണകൂടത്തിന്റെ അമിത കേന്ദ്രീകരണം വിഭവങ്ങളുടെയും ഫൈനാന്‍സിങ്ങിന്റെയും കേന്ദ്രീകരണത്തിനിടയാക്കുന്നു. അതിനോടൊപ്പം ഉദാരവല്‍ക്കരണനയങ്ങള്‍വഴിയായി സ്വകാര്യ കോര്‍പ്പറേറ്റ് മൂലധനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സൌകര്യങ്ങളും സൃഷ്ടിക്കുന്നു. വിദ്യാഭ്യാസനയത്തിന്റെ ഭാഗമായിത്തന്നെ നിരവധി കേന്ദ്രസര്‍വ്വകലാശാലകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും നിലവില്‍വരുകയാണ്. സര്‍വ്വകലാശാലകള്‍ക്കുള്ള കേന്ദ്ര മുതല്‍മുടക്കിന്റെ 85 ശതമാനവും കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കാണ് ലഭിക്കുന്നത്. സംസ്ഥാന സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ല. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങിയാല്‍പോലും നക്കാപ്പിച്ച ഫണ്ടിങ്കൊണ്ട് കഴിഞ്ഞുകൂടേണ്ടിവരുന്നു. അതേസമയം കേന്ദ്രത്തിന്റെ ഒത്താശയോടെ നിലവില്‍വരുന്ന സര്‍വ്വീസ് മേഖലയിലെ സ്ഥാപനങ്ങള്‍ക്കും ധാരാളം പണം കൈവശമുണ്ട്. ഇതിന്റെ ഫലമായി തകര്‍ന്നടിയുന്നത് സാധാരണ ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതും വളരെ ചെലവുകുറഞ്ഞ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ വിദ്യാലയങ്ങളും ആതുരാലയങ്ങളുമാണ്. ഒരുകാലത്ത് ഗവണ്‍മെണ്ടുതന്നെ കെട്ടിയുയര്‍ത്തിയ സൌജന്യ സേവനരൂപങ്ങള്‍ ഫലത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഗവണ്‍മെണ്ടിന്റെ ഇച്ഛാശക്തികൊണ്ടുമാത്രം നിലനില്‍ക്കുന്നവയൊഴിച്ചാല്‍, മറ്റു സംസ്ഥാനങ്ങളില്‍ പൊതുസേവന രൂപങ്ങള്‍ ഇല്ലാതാകുന്നു.

കേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ ദുരന്തഫലം അനുഭവിക്കുന്നത് പൊതുവിതരണ രൂപങ്ങളിലാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെകാലത്ത് സൃഷ്ടിക്കപ്പെട്ട തൊഴിലുറപ്പു പദ്ധതി ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ശരിയാണ്. അതുപോലെ നിലനില്‍ക്കുന്ന മറ്റൊരു പദ്ധതിയാണ് ദേശീയ ഗ്രാമീണാരോഗ്യമിഷനും. പക്ഷേ, ബഹുഭൂരിപക്ഷം സംസ്ഥാനങങ്ങിലും ഇവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. കേരളംപോലെ പഞ്ചായത്തുകള്‍ക്ക് ജനകീയാടിത്തറയുള്ള സംസ്ഥാനങ്ങളിലാണ് ഇവ വിജയിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ പ്രഖ്യാപിക്കപ്പെട്ട നൂറു തൊഴില്‍ദിനങ്ങള്‍ എല്ലായിടത്തും ഉറപ്പുവരുത്താന്‍ സാധിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും 65 രൂപയിലേറെ കൂലിയില്ല. 'ആശ' പോലുള്ള ഗ്രാമീണാരോഗ്യ പ്രവര്‍ത്തകരും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതും കേരളം പോലുള്ള സംസ്ഥാനങ്ങളിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം പദ്ധതികളെ പ്രവര്‍ത്തിപ്പിക്കാന്‍ ഗവണ്‍മെന്റിതര സംഘടനകളെ (അല്ലെങ്കില്‍ സിവില്‍ സമൂഹ സംഘടനകളെ) യാണ് മുഖ്യമായി ആശ്രയിക്കുന്നത്. ഇവയ്ക്ക് ഒരു പൊതുസ്വഭാവവും ലക്ഷ്യബോധവും ഇല്ലാത്തതുകൊണ്ട് പല വിധത്തിലാണ് പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കപ്പെട്ടത്. ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനം സാധ്യമാവുകയും തൊഴിലവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തത് ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ്.

ഈ അവസ്ഥയെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റവുമായി കൂട്ടിച്ചേര്‍ത്തു വായിക്കണം. വിലക്കയറ്റത്തിന്റെ കാരണം പലതാണ്. പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ച, പ്രാദേശിക വാണിജ്യരൂപങ്ങളുടെ തകര്‍ച്ചയും റീട്ടെയില്‍രംഗത്ത് കുത്തകകളുടെ വ്യാപകമായ ഇടപെടലും, ഉല്‍പാദകരുടെയും കമ്പോളത്തിന്റെയും ഇടയില്‍ മദ്ധ്യവര്‍ത്തി കമ്മീഷന്‍ ഏജന്റുമാരുടെ വളര്‍ച്ച, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം, കാര്‍ഷിക ഉല്‍പാദനത്തിന്റെ തകര്‍ച്ച മുതലായവയെല്ലാം ചേര്‍ന്നാണ് വിലക്കയറ്റം സൃഷ്ടിച്ചിരിക്കുന്നത്. കാര്‍ഷിക ഉല്‍പാദനത്തിന്റെ തകര്‍ച്ചയും വിലക്കയറ്റവും ചേര്‍ന്ന് ഭക്ഷണപദാര്‍ത്ഥങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും ലഭ്യത പ്രശ്നമാക്കിയിരിക്കുന്നു. നിലനില്‍പിനുവേണ്ടിത്തന്നെ കടംവാങ്ങുന്ന അവസ്ഥയിലെത്തുന്നു. കടം തീര്‍ക്കാനായി അവര്‍ക്ക് നാടുവിട്ട് മറ്റു പ്രദേശങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നു. അല്ലെങ്കില്‍ ആത്മഹത്യചെയ്യുന്നു. പുറം സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുകയാണ്. ഇവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ നിലവിലുള്ള കേന്ദ്ര പദ്ധതികള്‍ക്ക് സാധിക്കുന്നുമില്ല.

പുതിയ രാഷ്ട്രീയ രൂപങ്ങള്‍

ഇന്ത്യയിലെ ഭൂരിപക്ഷം നേരിടുന്ന ജീവിത പ്രതിസന്ധിക്ക് ഒരു മറുവശവുമുണ്ട്. മുമ്പു സൂചിപ്പിച്ച വിലക്കയറ്റം, ഇടനിലക്കാരുടെ വളര്‍ച്ച, സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും തുടങ്ങിയവ നവലിബറല്‍ കമ്പോളവ്യവസ്ഥയെ ആശ്രയിച്ചു ജീവിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തെ വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതാണ്. കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഈ മദ്ധ്യവര്‍ഗ്ഗം എണ്ണത്തില്‍ ന്യൂനപക്ഷമെങ്കിലും ശക്തമാണ്. ഇവരുടെ മൂല്യസംഹിതകളും ആശയങ്ങളുമാണ് ഇന്ത്യയുടെ കാഴ്ചപ്പാടുകളായി അവതരിപ്പിക്കപ്പെടുന്നതും. ഉദാരവല്‍ക്കരണനയങ്ങള്‍മുതല്‍ വര്‍ഗ്ഗീയ - സാമുദായിക രാഷ്ട്രീയംവരെ എല്ലാ മേഖലകളിലും ഇവരുടെ സ്വാധീനം കാണാം. കേന്ദ്രത്തില്‍ യുപിഎ മന്ത്രിസഭയെയും ഗുജറാത്തില്‍ നരേന്ദ്രമോഡിയെയും കര്‍ണാടകത്തില്‍ യെദ്യൂരപ്പയെയും നിലനിര്‍ത്തുന്നതും ഇതേ മദ്ധ്യവര്‍ഗ്ഗമാണ്. മദ്ധ്യവര്‍ഗ്ഗം ആഗ്രഹിക്കുന്ന ജനപ്രിയരാഷ്ട്രീയ നയങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞതാണ് ബീഹാര്‍ രാഷ്ട്രീയത്തെ സാധാരണയായി നിര്‍ണയിക്കുന്ന ജാതീയതയെ മറികടന്ന് ജെഡി(യു)- ബിജെപി സഖ്യത്തിന് ബിഹാറില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞതും.

പുതിയ മദ്ധ്യവര്‍ഗ്ഗം ചെലുത്തുന്ന സ്വാധീനം നവലിബറല്‍ സാമ്പത്തികനയങ്ങളുടെ അംഗീകാരമായി കരുതുന്നവരുണ്ട്. ഒരു പരിധിവരെ അതു ശരിയുമാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍, നവലിബറല്‍ രാഷ്ട്രീയം വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നത് ശക്തമായ മത രാഷ്ട്രീയവും ഭരണകൂടത്തെ ഉപയോഗിച്ചുള്ള ഭീഷണിയുടെ തന്ത്രങ്ങളും ഉപയോഗിച്ചാണ്. ഗുജറാത്ത് കൂട്ടക്കൊലയിലെ ഏറ്റവും ശക്തമായ കേസുകളിലൊന്നായ ബെസ്റ്റ് ബേക്കറികേസില്‍ സാഹിറാഷെയ്ഖിനെക്കൊണ്ട് മൊഴിമാറ്റി പറയിച്ചതും ബള്‍ക്കീസ് ബാനു വധംപോലുള്ള കൊലപാതകങ്ങളുടെ കുന്തമുന നരേന്ദ്രമോഡിയുടെനേരെ തിരിഞ്ഞപ്പോള്‍ അവയില്‍നിന്ന് മോഡി രക്ഷപ്പെടുന്നതും ഭരണകൂടത്തിന്റെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും ഉപയോഗത്തെ കാണിക്കുന്നു. മോഡിയുടെ പിണിയാളായ അമിത്ഷാ അറസ്റ്റ്ചെയ്യപ്പെട്ടെങ്കിലും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെടുന്ന അവസ്ഥയാണ്. ഇതിനുസമാനമായ വിധത്തിലാണ് കര്‍ണാടകയില്‍ യെദ്യൂരപ്പ സ്വന്തം മക്കളുടെ ഭൂവിനിയോഗ അഴിമതിക്കേസില്‍നിന്ന് തടിയൂരുന്നത്. ബീഹാറില്‍ നിതീഷ്കുമാറിന്റെ വിജയത്തിന്റെപിന്നിലും ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണം ദൃശ്യമാണ്. ഈ സംസ്ഥാനങ്ങളെല്ലാം നവലിബറല്‍ നയങ്ങളുമായി പൂര്‍ണമായി സഹകരിക്കുന്നവയും മത്സരാധിഷ്ഠിതമായിത്തന്നെ നടപ്പാക്കുകയും ചെയ്യുന്നവയാണെന്നും ഓര്‍ക്കേണ്ടതാണ്.

നവലിബറലിസവുമായും സാമുദായികതയുമായും അനുരഞ്ജനം ചെയ്യുന്ന മദ്ധ്യവര്‍ഗ്ഗത്തിന് സ്വന്തമായ വേവലാതികള്‍ ഇല്ലെന്നല്ല ഇതിന്റെ അര്‍ത്ഥം. വിലക്കയറ്റംമുതല്‍ തൊഴില്‍ ലഭ്യതയുടെ അനിശ്ചിതത്വംവരെയുള്ള നിരവധി പ്രശ്നങ്ങള്‍ അവരെ പൊറുതിമുട്ടിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളോടുള്ള സമീപനത്തെമാറ്റി മറിക്കാന്‍ സ്വത്വരാഷ്ട്രീയത്തിനും സാധിക്കുന്നു. അതിനോടൊപ്പം ഇന്ത്യ 'ഒരു വന്‍ ശക്തി'യായി മാറുകയാണെന്ന നിരന്തരമായ പ്രചാരണം ഇവരുടെ ഇടയില്‍ പുതിയ സാധ്യതകളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സൃഷ്ടിക്കുന്നു. ബാരക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം, മന്‍മോഹന്‍സിങ്ങിന്റെ ജി-20 ഉച്ചകോടിയിലെ പങ്കാളിത്തം. ഇന്ത്യ സെക്യൂരിറ്റി കൌണ്‍സിലിലെ സ്ഥിരാംഗമാകാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍, ഇപ്പോള്‍ ചൈനീസ് പ്രധാനമന്ത്രിയുടെയും റഷ്യന്‍ പ്രസിഡണ്ട് മെഡ്വെ ഡേവിന്റെയും സന്ദര്‍ശനം, ഫോര്‍ബ്സ് മാഗസിനിലെ സമ്പന്നരുടെ പട്ടികയില്‍ അംബാനിമാരുടെയും ലക്ഷ്മിമിത്തലിന്റെയും സ്ഥാനം. ലോകസുന്ദരിമാരില്‍ ഐശ്വര്യാറായിയുടെയും ലോകസ്പോര്‍ട്സ്മാന്‍മാരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും സംഗീതവിദഗ്ധരില്‍ എ ആര്‍ റഹ്മാന്റെയും സ്ഥാനം തുടങ്ങി നിരവധി ചെറുതും വലുതുമായ സംഭവങ്ങള്‍ ഒന്നു ചേര്‍ത്താണ് ഈ 'വന്‍ശക്തി' ഇമേജ് സൃഷ്ടിക്കുന്നത്. വന്‍ ശക്തിയാകാനുള്ള യോഗ്യത ഇപ്പോള്‍ മാത്രമാണ് കൈവന്നിരിക്കുന്നത് എന്ന പ്രചാരണം നവലിബറല്‍ നയങ്ങള്‍ക്കുള്ള അംഗീകാരവുമായി മാറുന്നു.

അഴിമതിയുടെ വളര്‍ച്ച

നവലിബറല്‍ നയങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കിടയില്‍തന്നെ, അവയുടെ ദൌര്‍ബല്യവും പ്രകടമാവുകയാണ്. വിവിധതരത്തിലുള്ള അഴിമതി ആരോപണങ്ങളും ഭരണകൂടത്തില്‍ കോര്‍പറേറ്റ് മുതലാളിമാരുടെയും വിവിധ വാണിജ്യ ലോബികളുടെയും നേരിട്ടുള്ള ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങളും വാര്‍ത്തകളില്‍ സ്ഥാനംപിടിച്ച വേറൊരുകാലം ഉണ്ടായിട്ടില്ല, ഇന്ത്യ ആരവത്തോടെ സംഘടിപ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിനെയും അതിന്റെ സംഘാടകസമിതി ചെയര്‍മാനായ സുരേഷ് കല്‍മാഡിയെയും ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങളായിരുന്നു. ഗെയിംസിന്റെ നടത്തിപ്പിനുവേണ്ടി നല്‍കിയ കോണ്‍ട്രാക്ടുകളെ ചൊല്ലിയായിരുന്നു ആരോപണം. ഗെയിംസ് തുടങ്ങുന്നതിന് ഏതാനും ദിവസം മുമ്പ് അതിനുവേണ്ടി കെട്ടിയ തൂക്കുപാലം തകര്‍ന്നത് ആരോപണങ്ങളുടെ ശക്തി വര്‍ദ്ധിപ്പിച്ചു. ഗെയിംസ് നടത്തുന്ന സ്ഥലം സന്ദര്‍ശിച്ച വിദേശ ഉദ്യോഗസ്ഥരും നടത്തിപ്പിനെപ്പറ്റി സംശയങ്ങള്‍ ഉന്നയിച്ചു. നിരവധി രാജ്യങ്ങളില്‍നിന്ന് ഏറ്റവും മികച്ച അത്ലറ്റുകള്‍ ഗെയിംസില്‍ പങ്കെടുത്തില്ല. പങ്കെടുത്ത ഇന്ത്യന്‍ അത്ലറ്റുകളുടെ മികച്ച പ്രകടനം ചൂണ്ടിക്കാണിച്ച് രക്ഷപ്പെടാനാണ് അന്നു കഴിഞ്ഞത്. അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

ഇതിനെതുടര്‍ന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്ചവാനെതിരെ ആദര്‍ശ് ഫ്ളാറ്റ് അഴിമതി ആരോപണം ഉയര്‍ന്നത്. ഇന്ത്യയിലെ പത്രപ്രവര്‍ത്തനത്തില്‍ പെയ്ഡ് ന്യൂസ് സംസ്കാരം തുടങ്ങിവെച്ച രാഷ്ട്രീയ നേതാവാണ് അശോക്ചവാന്‍. മുംബൈയില്‍ ശക്തമായ ബില്‍ഡിങ് ലോബിയും രാഷ്ട്രീയ നേതാക്കന്മാരും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. അശോക്ചവാനോടൊപ്പമുണ്ടായിരുന്ന എന്‍സിപിക്കാരന്‍ ഉപ മുഖ്യമന്ത്രി ഛഗന്‍ഭുജ്ബല്‍ ഇതിനുമുമ്പ് അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ ആളുമാണ്. എന്നാല്‍ ആദര്‍ശ് ഫ്ളാറ്റ് പണിയാന്‍ അവിഹിതമായി ഭൂമി നല്‍കി പണം സമ്പാദിച്ചു എന്ന കേസില്‍ ചവാന് രാജിവെയ്ക്കേണ്ടി വന്നപ്പോള്‍ പുറത്തുവന്നത് ദീര്‍ഘകാലത്തെ ഭൂമാഫിയാ പ്രവര്‍ത്തനങ്ങളുടെ കഥയാണ്. അശോക് ചവാനുപകരം ഒരാളെ കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച് കോണ്‍ഗ്രസിന് അവസാനം സ്വന്തം ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളെത്തന്നെ മഹാരാഷ്ട്രയിലേക്ക് പറഞ്ഞയക്കേണ്ടിവന്നു.

ഭൂമാഫിയയുമായുള്ള ബന്ധംതന്നെയാണ് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ സ്ഥാനം തെറിക്കുന്നതിനടുത്തുവരെ എത്തിച്ചത്. പക്ഷേ, വേറെയും തല്‍പരകക്ഷികളുണ്ടായിരുന്നു. മുഖ്യമന്ത്രിയാകാന്‍ തരംകാത്തു കഴിയുന്ന എച്ച് ഡി കുമാരസ്വാമിയും കോണ്‍ഗ്രസിന്റെ ഒരു കാലത്തെ ശക്തികേന്ദ്രത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന ഗവര്‍ണറും കോണ്‍ഗ്രസുകാരനുമായ എച്ച്ഡി ഭരദ്വാജും. കുമാരസ്വാമി കുറെ ബിജെപിക്കാരെ വിലയ്ക്കെടുത്തു പയറ്റാന്‍ ശ്രമിച്ചതും യെദ്യൂരപ്പയെ പുറത്താക്കാന്‍ ഭരദ്വാജ് കാണിച്ച ധൃതിയും ഒരര്‍ത്ഥത്തില്‍ ബിജെപി മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഈ ബഹളത്തിനിടയില്‍ യെദിയൂരപ്പയ്ക്കെതിരായ അഴിമതി ആരോപണം മുങ്ങിപ്പോവുകയും ചെയ്തു.

ഇതിനിടയിലാണ് കഴിഞ്ഞ യുപിഎ ഗവണ്‍മെന്റിന്റെകാലത്തുതന്നെ ഉയര്‍ന്നുവന്ന സ്പെക്ട്രം 2 ജി അഴിമതിക്കേസ് സുപ്രീംകോടതിയുടെ ശക്തമായ പരാമര്‍ശത്തിലൂടെ വീണ്ടും ഉയര്‍ന്നുവരുന്നത്. കേന്ദ്ര ഗവണ്‍മെന്റും വന്‍കിട കുത്തകകളും തമ്മിലുള്ള ബന്ധത്തെയും നവലിബറല്‍ നയങ്ങളുടെ ഭാഗമായി പുറത്തുവരുന്ന പുതിയ വാണിജ്യ സാധ്യതകളെയും വ്യക്തമായി വെളിവാക്കിയ മറ്റൊരു വിവാദം അടുത്തുണ്ടായിട്ടില്ല. മൊബൈല്‍ ഫോണ്‍ വ്യവസായികള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ "ആദ്യംവരുന്ന ആള്‍ക്ക് ആദ്യം'' എന്ന മട്ടില്‍ ലൈസന്‍സുകള്‍ നല്‍കി എന്നതു മാത്രമല്ല പ്രശ്നം. ആദ്യം വരുന്ന ആള്‍ ആരായിരിക്കണമെന്നതിനെ സംബന്ധിച്ച് വിപുലമായ ലോബിയിംഗും പണമിടപാടുകളും നടന്നു എന്നതിനെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. അംബാനിമാരടക്കമുള്ള പല കോര്‍പ്പറേറ്റുകളുടെയും കമ്മീഷന്‍ ഏജന്റായ നീരാറാഡിയയുടെ ടേപ്പുകളില്‍ ആദ്യം പുറത്തുവന്ന പേരുകള്‍ പത്രപ്രവര്‍ത്തകരായ വീര്‍സാംഘ്വിയും ബര്‍ഖാദത്തുമായിരുന്നു. പിന്നീട് പ്രഫുല്‍പട്ടേല്‍, കമല്‍നാഥ് തുടങ്ങി നിരവധി മന്ത്രിമാരുടെ പേരും പുറത്തുവന്നു. ഇതിനെതുടര്‍ന്ന് നടക്കുന്ന വിജിലന്‍സ് അന്വേഷണം തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളായ കനിമൊഴി ഡയറക്ടറായി നടക്കുന്ന തമിഴ്മൈയ്യം എന്ന ഗവണ്‍മെണ്ടിതര സ്ഥാപനംവരെ നീണ്ടിരിക്കുകയാണ്. കരുണാനിധിയും അദ്ദേഹത്തിന്റെ സന്തതി പരമ്പരയും ചേര്‍ന്ന് തമിഴ്നാടിലെ സിനിമാ-ടെലിവിഷന്‍ ശൃംഖലകള്‍ മുഴുവന്‍ കയ്യടക്കാന്‍ നടത്തുന്ന നീക്കങ്ങളും ഈ അഴിമതിയും തമ്മില്‍ കൂട്ടി വായിക്കാവുന്നതാണ്. എ രാജ എന്ന ഡിഎംകെക്കാരന്‍ മന്ത്രി വന്‍ കുത്തകകളും രാഷ്ട്രീയനേതാക്കളും നടത്തുന്ന നാടകത്തില്‍ കെട്ടുന്ന വേഷത്തിന്റെ സ്വഭാവവും പരിഗണിക്കാം.

ഇതിനിടെ സ്പെക്ട്രം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷകക്ഷികള്‍ നടത്തുന്ന പാര്‍ലമെന്റ് സ്തംഭനം മൂന്നാഴ്ചകള്‍ പിന്നിട്ടു. ഇപ്പോള്‍ നടന്നുവരുന്ന വിജിലന്‍സ് അന്വേഷണം കൂടാതെ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനുമാത്രമാണ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്. ഇപ്പോള്‍ ആ അന്വേഷണത്തെ മോണിട്ടര്‍ ചെയ്യുമെന്ന് സുപ്രീംകോടതിയും പ്രഖ്യാപിച്ചിരിക്കുന്നു. ജെപിസിയുടെ അന്വേഷണം വന്നാല്‍ ഇനിയും വന്‍ സ്രാവുകള്‍ കുടുങ്ങാനിടയുണ്ടെന്ന് കണ്ടാകണം, കോണ്‍ഗ്രസുകാര്‍ ജെപിസി അന്വേഷണത്തിന് മടിക്കുന്നത്. നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ക്ക് ഈ നിലപാടിലെ ജനാധിപത്യ വിരുദ്ധ സ്വഭാവത്തെയോ സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് ഈ അഴിമതിയിലുള്ള പങ്കിനെയോ കുറിച്ച് ഒരു പരാതിയുമില്ല. ഇത്രയും ദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റ് സ്തംഭനം ഒരു 'നാണക്കേടാ'യാണ് അവര്‍ വിലയിരുത്തുന്നത്'. ഒരു മന്ത്രി നടത്തുന്ന കുംഭകോണത്തിന്റെ തോതും വ്യാപ്തിയും കണ്ട് അവര്‍ അഭിമാനപുളകിതരാകുന്നുണ്ടാകും.

അതേസമയം, പാര്‍ലമെന്റ് ഒരു നോക്കുകുത്തിയാകുന്ന അവസ്ഥ തുടരുന്നു. ഒബാമയടക്കമുള്ള നിരവധി രാഷ്ട്രത്തലവന്മാര്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെങ്കിലും അവരുമായുള്ള ചര്‍ച്ചകളോ അവര്‍ ഒപ്പിടുന്ന കരാറുകളോ പാര്‍ലമെന്റില്‍ ചര്‍ച്ചാവിഷയമല്ല. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഒപ്പിട്ട സാമ്പത്തിക കരാറില്‍ ഇന്ത്യന്‍ ജനതയെ നേരിട്ടുബാധിക്കുന്ന ഘടകങ്ങളുണ്ടെങ്കിലും അതും പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട്ചെയ്യുകയോ അംഗീകാരം തേടുകയോ ചെയ്തിട്ടില്ല. കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ ദരിദ്രരാഷ്ട്രങ്ങളും ഇന്ത്യയിലെ സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകരും ആഗോള താപനത്തിന്റെ ഉത്തരവാദിത്വം ധനികരാഷ്ട്രങ്ങളേറ്റെടുക്കണമെന്ന വികാരമാണ് പ്രകടിപ്പിച്ചത്. അതിനെതിരായി എല്ലാ രാഷ്ട്രങ്ങളെയും കാര്‍ബണ്‍ വികിരണം വെട്ടിക്കുറയ്ക്കണമെന്ന നിലപാടാണ് കാണ്‍പൂര്‍ സമ്മേളനത്തില്‍ പരിസ്ഥിതിമന്ത്രി ജയ്റാം രമേശ് സ്വീകരിച്ചത്. ഇതും പാര്‍ലമെന്റ് ചര്‍ച്ചചെയ്ത് അംഗീകരിച്ചതല്ല. സ്പെക്ട്രം അഴിമതിയെ സംബന്ധിച്ച ജെപിസി അന്വേഷണം എന്ന ആവശ്യവും തിരസ്കരിക്കപ്പെടുകയാണ്. പാര്‍ലമെന്റിന്റെ അംഗീകാരം നിര്‍ബന്ധമായും വേണ്ട നിയമനിര്‍മ്മാണമൊഴിച്ച് മറ്റൊന്നും പാര്‍ലമെന്റിന് ബാധകമല്ല. അതുകൊണ്ടുതന്നെയാകണം, ദിവസങ്ങളായി പാര്‍ലമെന്റ് സ്തംഭിച്ചാലും ഒട്ടും കുലുങ്ങാതെ ഭരണം നടത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നത്. ഒരുപക്ഷേ, പാര്‍ലമെന്റിനെ സ്തംഭിപ്പിക്കുന്നതിനു കാരണമായ അഴിമതിവലയവും ഭരണാധികാരികള്‍ക്ക് ഒരു വിഷയമല്ല.

നമ്മുടെ ഭരണകൂടത്തിന് വന്നുചേരുന്ന ഗൌരവമേറിയ മാറ്റമാണ് ഇവിടെ ചര്‍ച്ചചെയ്യേണ്ടത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ സ്വയം ധനാഢ്യരോ വന്‍കിട കോര്‍പ്പറേറ്റുകളുമായി ബന്ധമുള്ളവരോ ആയി മാറുകയാണ്. മറ്റൊരു വിഭാഗം വിദേശത്തുനിന്നും അല്ലാതെയും മാനേജ്മെന്റ് ഡിഗ്രിയും സ്വന്തം കുടുംബത്തില്‍നിന്നുതന്നെ രാഷ്ട്രീയ പാരമ്പര്യവുമുള്ളവരാണ്. ഇവരും കോര്‍പറേറ്റ് മുതലാളിമാരും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ പല രൂപങ്ങളില്‍ ഭാവങ്ങളിലും പുറത്തുവരുന്നതുമാണ്. അത്തരത്തിലുള്ള ബന്ധങ്ങളെയെല്ലാം ന്യായീകരിക്കുകയും അതിനെതിരായുള്ള വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും തമസ്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്കാരമാണ് വളര്‍ന്നുവരുന്നത്.

ഇടതുപക്ഷത്തോടുള്ള നിലപാട്

ഇതിന് ഏറ്റവും നല്ല ഉദാഹരണം ഇടതുപക്ഷ പാര്‍ടികളോട് പൊതുവില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന അന്ധമായ വിരോധമാണ്. ഇന്ത്യയിലെ സാമ്രാജ്യത്വ അധിനിവേശ രൂപങ്ങളോടും വര്‍ഗീയതയോടും ഏറ്റവും ശക്തമായ പ്രതിരോധം ഉയര്‍ത്തുന്നത് ഇടതുപക്ഷ പാര്‍ടികളാണ്. അമേരിക്കന്‍ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഒപ്പിട്ട ആണവക്കരാറിനെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിഷേധം വൈറ്റ്ഹൌസിനെ അമ്പരപ്പിച്ചുവെന്നതിന് പ്രകാശ് കാരാട്ടിനെതിരായ അമേരിക്കന്‍ അംബാസഡറിന്റെ 'പിടിച്ചുപറിയന്‍' എന്ന പരാമര്‍ശത്തില്‍നിന്നുതന്നെ വ്യക്തമാണ്. യുപിഎ ഗവണ്‍മെന്റിനോട് ഇടതുപക്ഷം സ്വീകരിച്ച നയത്തെ ഭയത്തോടെയാണ് അമേരിക്ക കണ്ടിരുന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ യുപിഎക്ക് സാധിച്ചപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചതും അമേരിക്കയായിരിക്കും.

ഇപ്പോള്‍ ഇടതുപക്ഷത്തിനെതിരെ വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളും മാധ്യമങ്ങളും ബുദ്ധിജീവികളും ചേര്‍ന്ന് നടത്തുന്ന ആക്രമണം പുറത്തുകൊണ്ടുവരുന്ന വേറൊരു വസ്തുതയുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് ഇടതുപക്ഷം സ്വീകരിച്ചുപോന്ന ക്രീയാത്മകമായ നിലപാടുകളുടെ അസ്തമയം ആഗ്രഹിക്കുന്ന ശക്തികള്‍ ആരൊക്കെയാണെന്നത് വ്യക്തമാണ്. വലതുപക്ഷ രാഷ്ട്രീയപാര്‍ടികളും വര്‍ഗീയവാദികളും ബുദ്ധിജീവികളില്‍ നല്ലൊരു വിഭാഗവും ഇന്ന് ആധിപത്യം നേടിയിരിക്കുന്ന കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരെ ഒന്നും പറയാന്‍ തയ്യാറല്ല. മാവോയിസ്റ്റുകളെയും കാശ്മീര്‍ "ആസാദി'' പ്രസ്ഥാനത്തെയും ന്യായീകരിക്കുന്നവര്‍പോലും ഇപ്പോള്‍ പ്രകടമായ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ തയ്യാറല്ല. ആഗോള സാമ്രാജ്യത്വത്തിനെതിരെ ഒന്നും പറയാന്‍ തയ്യാറാകാത്ത മമതാബാനര്‍ജിയും കേവലമായ മത രാഷ്ട്രീയത്തിനപ്പുറം സമൂഹത്തെക്കുറിച്ച് ഒരു സങ്കല്‍പവും പറയാനില്ലാത്ത 'ആസാദി' പ്രസ്ഥാനത്തെയും ന്യായീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതും അതുകൊണ്ടാകും. മുതലാളിത്ത നയങ്ങള്‍ക്കെതിരെ പ്രതിരോധം സംഘടിപ്പിക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുകയും ഇപ്പോള്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന രൂപങ്ങളായി മാറ്റുകയും ചെയ്യുന്ന ഇടതുപക്ഷ പാര്‍ടികളെ 'ജനശത്രു'ക്കളുടെ പരിവേഷം നല്‍കാനുള്ള ഇക്കൂട്ടരുടെ നീക്കങ്ങള്‍ ആത്യന്തികമായി സഹായിക്കുന്നത് വലതുപക്ഷത്തെയാണ്. കേരളത്തിലും പശ്ചിമബംഗാളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിന്റെ സൂചനയാണ്. അത്രയും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബീഹാറില്‍ സിപിഐ (എംഎല്‍) അടക്കമുള്ള ഇടതുപക്ഷത്തിനേറ്റ പരാജയം ചൂണ്ടിക്കാണിക്കുന്നതും വേറൊന്നല്ല.

ഉദാരവല്‍ക്കരണവും സ്വത്വരാഷ്ട്രീയവും ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന അഴിമതി പരമ്പരയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിന്റെ ശക്തമായ സൂചനകള്‍ നല്‍കുന്നു. മതനിരപേക്ഷതയും ജനാധിപത്യവും മാത്രമല്ല, നമ്മുടെ ഭരണസംവിധാനംപോലും വലതുപക്ഷ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കപ്പെടുന്നതിന്റെ രൂപങ്ങളാണ് വളര്‍ന്നുവരുന്നത്. ഇതിനെതിരെ സെക്കുലര്‍ ജനാധിപത്യ പുരോഗമനശക്തികളുടെ ഐക്യം എത്രമാത്രം ദൃഢമായി വളര്‍ന്നുവരുമെന്നത് വരും നാളുകളിലെ പ്രധാന പ്രശ്നങ്ങളിലൊന്നാകും.

*
ഡോ. കെ എന്‍ ഗണേശ് കടപ്പാട്: ചിന്ത വാരിക 02 January 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചരിത്രസംഭവങ്ങള്‍ എന്നു വിളിക്കപ്പെടുന്ന നിരവധി സംഭവങ്ങളുടെ ബാഹുല്യംകൊണ്ടാണ് പല വര്‍ഷങ്ങളും ശ്രദ്ധിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങളുടെ താഴെ ഉറഞ്ഞുകൂടുന്ന നിരവധി ചെറുകിട സംഭവപരമ്പരകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. 2010 അത്തരം ഒരു വര്‍ഷമാണ്. ഏവരും ശ്രദ്ധിക്കുന്ന ഒരൊറ്റ സംഭവം നമുക്ക് പറയാനില്ല. അതേസമയം ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളെയും പലവിധത്തില്‍ ബാധിച്ച നിരവധി സംഭവങ്ങളുടെ പരമ്പരയാണ് ഇന്ത്യയില്‍ 2010ല്‍ നടന്നത്.