Thursday, December 16, 2010

വന്‍കിട ബിസിനസും രാഷ്ട്രീയവും

ഒരു നടപടിയിലേക്കും കടക്കാനാകാതെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പിരിഞ്ഞു. രണ്ടാം തലമുറ സ്പെക്ട്രം വില്‍പ്പനയെക്കുറിച്ച് അതിന്റെ എല്ലാ വ്യാപ്തിയോടുംകൂടി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് യുപിഎ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഇതിനു കാരണം. എ രാജയുടെ നേതൃത്വത്തിലുള്ള ടെലികോംമന്ത്രാലയം സ്പെക്ട്രം അനുവദിച്ചതിലും ലൈസന്‍സ് നല്‍കിയതും വഴി ഖജനാവിന് 1.76 ലക്ഷം കോടി നഷ്ടമുണ്ടാക്കിയെന്നാണ് സിഎജി റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യത്തിനുശേഷം സര്‍ക്കാര്‍ ‘ഭാഗഭാക്കായ ഏറ്റവും വലിയ അഴിമതിയാണിത്. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വവും യുപിഎ സര്‍ക്കാരും പ്രത്യേക അന്വേഷക സമിതിയെ നിശ്ചയിക്കാന്‍ പാര്‍ലമെന്റിനെ അനുവദിക്കാന്‍ തയ്യാറായില്ല.

ജീര്‍ണത വ്യവസ്ഥയുടേത്

കഴിഞ്ഞ കുറച്ചു മാസമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതിക്കയത്തില്‍ മുങ്ങിയിരിക്കുകയാണ്. കോമവെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയും ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍, പൊതുധനം ദുര്‍വിനിയോഗംചെയ്ത സംഘാടകസമിതിയുടെ പങ്കില്‍മാത്രം കേന്ദ്രീകരിച്ച് അതിന്റെ വ്യാപ്തി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുംബൈയിലെ ആദര്‍ശ് ഫ്ളാറ്റ് അഴിമതി, ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആഫ്രിക്കന്‍ രാജ്യത്തേക്ക് അരി കയറ്റുമതിചെയ്തതിലെ അഴിമതിയും മറ്റും ഉന്നതതലത്തില്‍ നടന്ന അഴിമതിക്കുള്ള ഉദാഹരണങ്ങളാണ്.

ഈ അവസ്ഥ ചില രാഷ്ട്രീയക്കാരെയും കോര്‍പറേറ്റുകളെയും മറ്റു ചിലരെയും വിലയ്ക്ക് വാങ്ങാവുന്നതുകൊണ്ട് മാത്രമുള്ളതാണെന്ന ധാരണ തെറ്റായിരിക്കും. ജീര്‍ണത കൂടുതല്‍ ആഴത്തിലുള്ളതും വ്യവസ്ഥാപിതവുമാണ്. ഉന്നതങ്ങളിലെ അഴിമതി പുതിയ പ്രതിഭാസമൊന്നുമല്ല. ഉദാരവല്‍ക്കരണനയം സ്വീകരിച്ച 1990നു ശേഷമാണ് സ്ഥിതി സ്ഫോടനാത്മകമായത്. ഉദാരവല്‍ക്കരണകാലത്തെ അഴിമതിയെക്കുറിച്ച് 2001 ഏപ്രിലില്‍ പീപ്പിള്‍സ് ഡെമോക്രസിയില്‍’എഴുതിയ കാര്യം ഇപ്പോഴും പ്രസക്തമായതുകൊണ്ട് ഉദ്ധരിക്കട്ടെ:

"ഉദാരവല്‍ക്കരണത്തിനുമുമ്പും ശേഷവും തമ്മില്‍ അഴിമതിയുടെ സ്വഭാവത്തിലുള്ള വ്യത്യാസമെന്താണ്? ഉദാരവല്‍ക്കരണത്തിനുമുമ്പ്, പ്രത്യേകിച്ചും എപതുകളുടെ മധ്യംവരെ ലൈസന്‍സ് നേടുന്നതിനും ചില നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനും ഉള്‍പ്പെടെയുള്ള ചില സൌജന്യങ്ങള്‍ ലഭിക്കുന്നതിനായി വന്‍കിട ബിസിനസുകാര്‍ കൈക്കൂലി നല്‍കുന്നതായിരുന്നു അഴിമതി. ഒരു വന്‍കിട ബിസിനസുകാരനോ ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ ആയിരുന്നു പ്രത്യേക പദ്ധതികള്‍ നേടാനോ ചട്ടങ്ങള്‍ മറികടക്കാനോ ഈ അഴിമതികളില്‍ ഉള്‍പ്പെട്ടിരുന്നത്. ഉദാരവല്‍ക്കരണത്തിന്റെ ആരംഭത്തോടെ സര്‍ക്കാരിന്റെ നയങ്ങള്‍പോലും വില്‍പ്പനചെയ്യാന്‍ തുടങ്ങി. മൊത്തം വ്യവസായത്തിന്റെ നയങ്ങളെ കൂടുതല്‍ ലേലത്തുക നല്‍കി വിദേശികളും സ്വദേശികളുമായ കുത്തകകള്‍ സ്വപക്ഷത്താക്കുകയാണ്. നല്ല വില ലഭിച്ചാല്‍ നയം ഒറ്റ രാത്രികൊണ്ട് മാറുമെന്നായി. ഇത് ഏറ്റവും നഗ്നമായി നടന്നത് ടെലികോംമേഖലയിലാണ്. വൈദ്യുതി-എണ്ണ രംഗത്ത് ഉദാരവല്‍ക്കരണനയം തുടരുകയുമാണ്. ഈ മേഖലകളില്‍ എല്ലാ നയപരമായ തീരുമാനങ്ങളും നയത്തില്‍ വരുത്തുന്ന മാറ്റങ്ങളും ബഹുരാഷ്ട്ര ഇന്ത്യന്‍ കുത്തകകള്‍ കൈമാറുന്ന പണത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നത്. എല്ലാ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഏജന്‍സികളെയും വന്‍കിട മൂലധനശക്തികള്‍ അഴിമതിയില്‍ മുക്കിയിരിക്കുകയാണ്. തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഇന്ത്യയും എത്തുകയാണ്. ബഹുരാഷ്ട്രകുത്തകകളുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും തേര്‍വാഴ്ചയാണ് ഈ രാജ്യങ്ങളില്‍ കാണുന്നത്.’’

നവ ഉദാരവല്‍ക്കരണത്തിന്റെ ഉപ ഉല്‍പ്പന്നമാണ് വന്‍കിട ബിസിനസുകാരും രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും തമ്മിലുള്ള കൂട്ടുകെട്ട്. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി അഴിമതിയുടെ കുത്തൊഴുക്ക് ദൃശ്യമായത്. ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ ഉള്‍പ്പെട്ട ഹവാല അഴിമതി, ബാങ്ക് ഓഹരി കുംഭകോണം, ഓഹരിവില്‍പ്പന അഴിമതി, പെട്രോള്‍പമ്പ് അഴിമതി എന്നിവ ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നു. ചില വന്‍കിടക്കാര്‍ക്കും—തെരഞ്ഞെടുത്ത കോര്‍പറേറ്റുകള്‍ക്കും നേട്ടമുണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് ടെലികോം, ഖനനം, എണ്ണ പര്യവേഷണ നയങ്ങള്‍ രൂപപ്പെടുന്നത്. മൂലധനം കുന്നുകൂട്ടുന്ന പ്രക്രിയക്ക് ഉപകരണമാവുകയാണ് സര്‍ക്കാരിന്റെ നയങ്ങള്‍.

വന്‍കിട ബിസിനസുകാരുമായുള്ള കൂട്ടുകെട്ടില്‍ ആഴത്തില്‍ മുങ്ങിത്താണ പാര്‍ടിയാണ് കോണ്‍ഗ്രസ്. 1997 ആഗസ്തില്‍ ലോക്സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ച ഘട്ടത്തിലുണ്ടായ ജെഎംഎം കോഴക്കേസില്‍ സിബിഐ ഫയല്‍ചെയ്ത കുറ്റപത്രം ഇപ്പോള്‍ ആരും ഓര്‍ക്കുന്നുണ്ടാകില്ല. അന്നത്തെ പെട്രോളിയം മന്ത്രിയായിരുന്ന സതീഷ് ശര്‍മയ്ക്ക് വന്‍കിട ബിസിനസുകാരായ അംബാനിയും എസ്സാറും വീഡിയോകോണും മറ്റും നല്‍കിയ കൈക്കൂലി സിബിഐ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. പ്രതീക്ഷിച്ചതുപോലെ കേസിലുള്‍പ്പെട്ട എല്ലാവരും പിന്നീട് കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തു.

അധികാരത്തിലിരുന്നപ്പോള്‍ ബിജെപിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റപ്പോഴും ടെലികോംമേഖലയിലും പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സികള്‍ എന്നിവ വിറ്റപ്പോഴും താല്‍പ്പര്യമുള്ള വന്‍കിടക്കാര്‍ക്ക് സൌജന്യംചെയ്യാന്‍ ബിജെപി തയ്യാറായി. അന്ന് പ്രതിരോധ ഇടപാടുകളില്‍പ്പോലും അഴിമതി നടന്നിരുന്നു. അടുത്തിടെ ബിജെപി ബെല്ലാരി ഖനി മാഫിയയെ കര്‍ണാടക സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുകയുമുണ്ടായി. ഭൂമി തട്ടിയെടുക്കലിന്റെ പര്യായമായി യെദ്യൂരപ്പ സര്‍ക്കാര്‍ മാറിയിരിക്കയാണ്. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് ഭൂമി നേടിയത്. ബൂര്‍ഷ്വാസികളെ സംബന്ധിച്ച് അഴിമതിയെ സദാചാരമൂല്യങ്ങളുടെ ലംഘനമായി വിലയിരുത്തി ധാര്‍മികചോദ്യമായി ഉയര്‍ത്തുന്നത് സൌകര്യപ്രദമാണ്. വ്യവസ്ഥാപരമായ അടിവേരുകളുമായി ബന്ധം വേര്‍പെടുത്തുകയാണ് ലക്ഷ്യം. നവലോകക്രമത്തിന്റെ ആദ്യത്തെ രണ്ട് ശാഖയാണ് ചങ്ങാത്ത മുതലാളിത്തവും അഴിമതിയും.

വന്‍കിട ബിസിനസുകാരും സര്‍ക്കാരും തമ്മിലുള്ള പ്രതീകാത്മകമായ ബന്ധമാണ് റാഡിയ ടേപ്പുകള്‍ വരച്ചുകാട്ടുന്നത്. ചില എഡിറ്റര്‍മാരും പത്രപ്രവര്‍ത്തകരും വന്‍കിട ബിസിനസ് ഏജന്റുമാരും തമ്മിലുള്ള അവിശുദ്ധ ബന്ധം മധ്യവര്‍ഗത്തെ ഞെട്ടിപ്പിക്കുകയുണ്ടായി. എന്നാല്‍, കോര്‍പറേറ്റ് മാധ്യമങ്ങളുടെ സ്ഥിരമായ ആക്രമണത്തിനു വിധേയമാകുന്ന ഇടതുപക്ഷത്തെ സംബന്ധിച്ച് ഇതില്‍ അത്ഭുതമൊന്നും ഉണ്ടായില്ല. ഭൂരിപക്ഷം മാധ്യമങ്ങളും കോര്‍പറേറ്റ് ഘടനയുടെ ഭാഗമാണ്. നവ ലിബറല്‍ ക്രമത്തോട് സര്‍ക്കാരിനുള്ള പ്രതിബദ്ധത ബോധപൂര്‍വം ഇവര്‍ അവഗണിക്കുന്നു. ദയാനിധി മാരനാണോ എ രാജയാണോ ടെലികോംമന്ത്രിയാകേണ്ടത് എന്ന കാര്യം കോര്‍പറേറ്റ് എതിരാളികള്‍ തമ്മിലുള്ള വിഷയമാകുകയും അവര്‍ അതിനായി ഇടപെടുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍പ്പോലും ഒരു മന്ത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുന്നത് വന്‍കിട ബിസിനസുകാരുടെ താല്‍പ്പര്യങ്ങളോട് അദ്ദേഹം ഒത്തുപോകുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തില്‍നിന്ന് മണിശങ്കര്‍ അയ്യരെ മാറ്റി മുരളി ദേവ്റയെ മന്ത്രിയാക്കിയത് ഓര്‍ക്കുക.

രാഷ്ട്രീയത്തിലെ പണസ്വാധീനം

അടുത്തിടെയുണ്ടായ ചില വെളിപ്പെടുത്തലുകള്‍ നഗ്നസത്യം വ്യക്തമാക്കുന്നതായിരുന്നു. മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രിയാണ്. മന്ത്രിമാരില്‍ ചിലര്‍ ബിസിനസ് താല്‍പ്പര്യങ്ങളുടെ വക്താക്കളാണ്. ചിലരാകട്ടെ ബിസിനസുകാര്‍ തന്നെയാണ്. കുറച്ചുപേരാകട്ടെ സ്വന്തം കോര്‍പറേറ്റുകളുടെ വകുപ്പുകള്‍തന്നെ കൈകാര്യംചെയ്യുന്നവരുമാണ്. അഴിമതിയാര്‍ന്ന വന്‍കിട ബിസിനസ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ ഉണ്ടാകുന്ന അനധികൃത പണം രാഷ്ട്രീയവ്യവസ്ഥയിലേക്കുതന്നെ ഒഴുകി രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും മലിനപ്പെടുത്തുകയാണ്. ഈ അഴിമതിക്കും അനധികൃത പണത്തിനും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നു മാത്രമല്ല, തെരഞ്ഞെടുപ്പില്‍ അത് വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഈ കൂട്ടുകെട്ടിനെ തകര്‍ത്തുകൊണ്ടുമാത്രമേ അഴിമതിക്കെതിരെ പോരാടാനാകൂ.

2ജി സ്പെക്ട്രം അഴിമതിയില്‍ മന്ത്രിയെയും കുറ്റക്കാരായ ഉദ്യോഗസ്ഥരെയും മാത്രം ശിക്ഷിച്ചതുകൊണ്ടായില്ല. മറിച്ച് കൈക്കൂലി നല്‍കിയ കോര്‍പറേറ്റ് മേധാവികളെയും അറസ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യണം. ടെലികോംമന്ത്രാലയത്തില്‍ പുതുതായി ചുമതലയേറ്റ കപില്‍ സിബലിന്റെ നീക്കങ്ങള്‍ സംശയമുണര്‍ത്തുന്നതാണ്. പേരിന് ചില നടപടികള്‍ എടുക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്. 85 കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ എന്തിനാണ് ഒരു അന്വേഷണ സമിതിയെ നിയമിച്ചത്? അനധികൃത മാര്‍ഗങ്ങളിലൂടെ കമ്പനികള്‍ നേടിയ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി പറയാന്‍ മടിക്കുന്നത് എന്തുകൊണ്ടാണ്? സ്പെക്ട്രം ലേലംചെയ്യുകയാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് മന്ത്രി പറയാന്‍ മടിക്കുന്നത് എന്തുകൊണ്ടാണ്? ഇതിലൊക്കെ ഒരു സ്ഥിരം രീതി കാണാവുന്നതാണ്. ഒരു പുകമറ സൃഷ്ടിച്ച് പ്രധാന കുറ്റവാളികളായ കോര്‍പറേറ്റുകളെ രക്ഷിക്കുന്നതാണ് അത്. സര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് രൂപം നല്‍കാത്തതും ഇതുകൊണ്ടാണ്. ജെപിസിക്ക് രൂപം നല്‍കിയാല്‍ എങ്ങനെയാണ് വ്യവസ്ഥയെ സ്വാധീനിച്ച് ഈ അവിശുദ്ധ കൂട്ടുകെട്ട് അവരുടെ നേട്ടങ്ങള്‍ക്കായി നയം രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്തത് എന്ന് വ്യക്തമാകും.

വന്‍കിട ബിസിനസുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ അപകടം വിപുലീകൃത കേന്ദ്രകമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയപ്രമേയം വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിലും പണശക്തിയുടെ സ്വാധീനത്തിനെതിരെ വിപുലമായ പ്രചാരണം പാര്‍ടി സംഘടിപ്പിക്കേണ്ടതുണ്ട്. വന്‍കിട ബിസിനസുകാരുടെ പണശക്തി പൊതുനയത്തെ അട്ടിമറിക്കുന്നത് വര്‍ധിച്ചുവരികയാണ്.

ബൂര്‍ഷ്വാ പാര്‍ടികളാണ് ഇത്തരം രീതികള്‍ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യവും വെളിവാക്കേണ്ടതാണ്.”അഴിമതിക്കെതിരെയുള്ള സമരം നവ ലിബറല്‍ പരിഷ്കാരങ്ങള്‍ക്കെതിരെയുള്ള സമരംതന്നെയാണ്. എല്ലാ ഇടതുപക്ഷ ജനാധിപത്യശക്തികളും ഇതിനെതിരെ അണിനിരക്കേണ്ട സമയമാണിത്.

*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപത്രം 16 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"ഉദാരവല്‍ക്കരണത്തിനുമുമ്പും ശേഷവും തമ്മില്‍ അഴിമതിയുടെ സ്വഭാവത്തിലുള്ള വ്യത്യാസമെന്താണ്? ഉദാരവല്‍ക്കരണത്തിനുമുമ്പ്, പ്രത്യേകിച്ചും എപതുകളുടെ മധ്യംവരെ ലൈസന്‍സ് നേടുന്നതിനും ചില നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനും ഉള്‍പ്പെടെയുള്ള ചില സൌജന്യങ്ങള്‍ ലഭിക്കുന്നതിനായി വന്‍കിട ബിസിനസുകാര്‍ കൈക്കൂലി നല്‍കുന്നതായിരുന്നു അഴിമതി. ഒരു വന്‍കിട ബിസിനസുകാരനോ ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ ആയിരുന്നു പ്രത്യേക പദ്ധതികള്‍ നേടാനോ ചട്ടങ്ങള്‍ മറികടക്കാനോ ഈ അഴിമതികളില്‍ ഉള്‍പ്പെട്ടിരുന്നത്. ഉദാരവല്‍ക്കരണത്തിന്റെ ആരംഭത്തോടെ സര്‍ക്കാരിന്റെ നയങ്ങള്‍പോലും വില്‍പ്പനചെയ്യാന്‍ തുടങ്ങി. മൊത്തം വ്യവസായത്തിന്റെ നയങ്ങളെ കൂടുതല്‍ ലേലത്തുക നല്‍കി വിദേശികളും സ്വദേശികളുമായ കുത്തകകള്‍ സ്വപക്ഷത്താക്കുകയാണ്. നല്ല വില ലഭിച്ചാല്‍ നയം ഒറ്റ രാത്രികൊണ്ട് മാറുമെന്നായി. ഇത് ഏറ്റവും നഗ്നമായി നടന്നത് ടെലികോംമേഖലയിലാണ്. വൈദ്യുതി-എണ്ണ രംഗത്ത് ഉദാരവല്‍ക്കരണനയം തുടരുകയുമാണ്. ഈ മേഖലകളില്‍ എല്ലാ നയപരമായ തീരുമാനങ്ങളും നയത്തില്‍ വരുത്തുന്ന മാറ്റങ്ങളും ബഹുരാഷ്ട്ര ഇന്ത്യന്‍ കുത്തകകള്‍ കൈമാറുന്ന പണത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നത്. എല്ലാ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഏജന്‍സികളെയും വന്‍കിട മൂലധനശക്തികള്‍ അഴിമതിയില്‍ മുക്കിയിരിക്കുകയാണ്. തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഇന്ത്യയും എത്തുകയാണ്. ബഹുരാഷ്ട്രകുത്തകകളുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും തേര്‍വാഴ്ചയാണ് ഈ രാജ്യങ്ങളില്‍ കാണുന്നത്.’’