Sunday, December 19, 2010

രതിയുടെ ആനന്ദലഹരി

രതി മനുഷ്യജീവിതത്തിന്റെ ആനന്ദലഹരിയാണ്. എല്ലാ ആനന്ദങ്ങള്‍ക്കും ഏകായനം ഉപസ്ഥമാണെന്ന് ബൃഹദാരണ്യകോപനിഷത്തില്‍ രേഖപ്പെടുത്തിയപ്പോള്‍ ലഹരിദായകമായ രതിയുടെ പരമാനന്ദത്തെ സന്ദേഹമില്ലാതെ ഉറപ്പിക്കുകയായിരുന്നു. അവാച്യമായ സുഖാനുഭൂതിയില്‍ അംഗോപാംഗം ലയിക്കുമ്പോള്‍ അത് ഇണകളുടെ ശരീരത്തെയും മനസ്സിനെയും സ്വച്‌ഛമായ ഒരനുഭവത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നു. മനുഷ്യജീവിതത്തിന് മിഴിവ് നല്‍കുന്ന രതിഭാവം പ്രകൃതിയുടെ നിഗൂഢതയാണ്. സൃഷ്‌ടികര്‍മത്തിന്റെ പൂര്‍ണതയ്‌ക്കുവേണ്ടിയുള്ള ഒന്നാകലായിട്ടാണ് മൈഥുനത്തെ കണ്ടിരുന്നത്. ഗഹനമായ ലൈംഗികതയില്‍ ദേവചൈതന്യമുണ്ടെന്ന് ശ്രീരാമകൃഷ്‌ണദേവന്‍ തന്റെ ശിഷ്യനോട് പറയുമ്പോഴും സൃഷ്‌ടിയുടെ പ്രാധാന്യത്തിലാണ് ഊന്നുന്നത്. പട്ടികള്‍ ഇണചേരുന്നത് കണ്ടപ്പോഴാണ് മഹേന്ദ്രനാഥ ഗുപ്‌തനെ അതോര്‍മപ്പെടുത്തിയത്. സൃഷ്‌ടിക്കുവേണ്ടിയുള്ള മൃഗത്തിന്റെ വേദനകൂടിയാണത്. പിറവിക്കു കാരണമായതുകൊണ്ടാകാം ഒരുപക്ഷേ അത്ര ഉദാത്തമായ അനുഭവമായി രതിസംഗമത്തെ വിലയിരുത്തിയത്. എന്നാല്‍ മനുഷ്യരതിയുടെ കാര്യത്തില്‍ സൃഷ്‌ടി മാത്രമല്ല ആനന്ദലഹരിയുടെ സമ്പൂര്‍ത്തിക്കും ലൈംഗികതയിലാണ് മുഴുകേണ്ടി വരുക.

മനുഷ്യരതി സൃഷ്‌ടികര്‍മത്തിനുവേണ്ടി മാത്രമുള്ള അഭിനിവേശമല്ല. അത് ശരീരത്തിന്റെ പ്രാഥമിക ആവശ്യമായി എപ്പോഴും ഉണര്‍ന്നുതന്നെയിരിക്കുന്നു. മറ്റുള്ള ജീവികളില്‍നിന്ന് മനുഷ്യരെ ഭിന്നരാക്കുന്നതും നിസ്സഹായരാക്കുന്നതും പ്രകൃതിയുടെ ഈ ജൈവികമായ നിഗൂഢതയാണ്. മനുഷ്യജീവിതത്തിന്റെ ഭദ്രമായ താളക്രമമാണത്. ആഗ്രഹത്തിന്റെയും ആകര്‍ഷണത്തിന്റെയും സഫലതയെന്നോണം ആര്‍ക്കും ലൈംഗികത അനുഭവപ്പെടാനും ആസ്വദിക്കാനും കഴിയുന്നതരത്തിലാണ് മനുഷ്യരില്‍ രതിഭാവങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാക്ഷാല്‍ക്കാരങ്ങളിലൂടെ രതി നിര്‍വഹിക്കണമെന്ന ശാഠ്യം മനുഷ്യന്റെ വികലദര്‍ശനമായിരുന്നു. സാമ്പത്തിക - സാംസ്‌കാരിക - മതസ്ഥാപനങ്ങള്‍ പ്രണയത്തെപ്പോലും നിയന്ത്രിക്കുമ്പോഴാണ് നമ്മുടെ സാക്ഷാല്‍ക്കാരങ്ങള്‍ വിട്ട് ലൈംഗികസുഖം തേടിയലയാന്‍ മനുഷ്യര്‍ വിധിക്കപ്പെടുന്നത്. ലൈംഗിക പാപബോധം എന്ന സങ്കല്‍പം ഒരു കടിഞ്ഞാണായിട്ടാകണം രൂപപ്പെടുന്നത്. പില്‍ക്കാലത്ത് അത് നമ്മുടെ സദാചാരവും സംസ്‌കാരവുമായി വിലയിരുത്തി.

ആഗോളതലത്തിലുണ്ടായ വിപ്ളവകരമായ ചിന്താപദ്ധതികള്‍ മനുഷ്യനിര്‍മിതമായ വിലക്കുകളെയും ലൈംഗികസചാദാരത്തെയും പൊട്ടിച്ചെറിയുന്നുണ്ട്. ഇപ്പോള്‍ അതിന് ആക്കം കൂട്ടാന്‍ സാങ്കേതികവിദ്യ ജാഗ്രതയോടെ ഉണര്‍ന്നുകഴിഞ്ഞിരിക്കുന്നു. രഹസ്യമായ ലൈംഗികാഭിവാഞ്ഛകള്‍ പുതിയ സാധ്യതകളുപയോഗിച്ച് സാക്ഷാല്‍ക്കരിക്കുന്ന കാഴ്‌ചകള്‍ ഇന്ന് പരസ്യമായികൊണ്ടിരിക്കുന്നു. എന്നാല്‍ നാലു പതിറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ കാക്കനാടന്റെ കലാപ്രതിഭ കപടസദാചാരത്തിന്റെ സാക്ഷാല്‍ക്കാരങ്ങളെ ഗന്ധകം നിറച്ച് കത്തിക്കുകയുണ്ടായി. വസൂരി, ഏഴാംമുദ്ര, പറങ്കിമല, അടിയറവ്, അജ്ഞതയുടെ താഴ്വര തുടങ്ങിയ നോവലുകള്‍ രതിയുടെ ആനന്ദലഹരിയെ നക്ഷത്രശോഭയോടെ ആവിഷ്‌കരിച്ചു.

ലൈംഗികത നല്‍കുന്ന ആനന്ദലഹരിയില്‍ അഭിരമിക്കാനുള്ള തീവ്രമായ അഭിനിവേശം കാക്കനാടന്റെ കഥാപാത്രങ്ങള്‍ പ്രകടിപ്പിക്കുന്നു. കാഴ്‌ചയില്‍പ്പോലും അവര്‍ കാമത്തിന്റെ ഫണമുയര്‍ത്തുന്നു. നയനാഭിരാമമായ രതിയുടെ തേനൊഴുക്ക് പദസംവിധാനത്തില്‍ ചാലിക്കുന്നു. രക്തധമനികളെ പൊള്ളിക്കുന്നവിധമാണ് കാമവതികളായ സ്‌ത്രീകളുടെ മദഭരമായ ശരീരം അനാവരണം ചെയ്യുന്നത്. 'പറങ്കിമല'യിലെ അപ്പുക്കുട്ടന്‍ തങ്കയുടെ ശരീരത്തെ കണ്ണുകള്‍കൊണ്ട് കോരിക്കുടിക്കുന്നത് നാം കാണുന്നു. "നനവുറ്റ അകന്ന ചുണ്ടുകളും തിളങ്ങുന്ന പല്ലുകളും കണ്ടു. കൊഴുത്ത കുലച്ച, മുടി കണ്ടു. നീണ്ട സുന്ദരമായ കഴുത്തു കണ്ടു. ഉന്തിയ മാറു കണ്ടു. മാറിനടിയില്‍, ജമ്പറിനടിയില്‍, മാനിറമുള്ള വയറു കണ്ടു, വയറിന്റെ കീഴ്‌ഭാഗത്ത് കുഴിഞ്ഞ ഭംഗിയുള്ള പൊക്കിള് കണ്ടു'' (പറങ്കിമല). ദാഹം ശമിപ്പിക്കാനുള്ള അടക്കാനാവാത്ത ആര്‍ത്തിയോടെ തങ്കയെ നോക്കിക്കൊണ്ടിരുന്നു. പറങ്കിമല രത്യാസക്തിയുടെ തീമലയാണ്. കൌമാരക്കാരന്റെ രാസഭാവത്തിന്റെ ചൂട് പറങ്കിമലയുടെ സ്‌പന്ദമാണ്. ഓരോ വാക്കിലും അത് ഉച്ചാരണമായി മിടിച്ചുകൊണ്ടിരിക്കുന്നു. കണ്ണുകൊണ്ട് വിവസ്‌ത്രമാക്കാനുള്ള കൌമാരക്കാരന്റെ തിടുക്കമാണിതെന്ന് കരുതേണ്ട. പുരുഷന്റെ കാഴ്‌ചയിലൊക്കെയും നയനാസക്തമായ രതി പ്രകടമാകുന്നു.

'അടിയറ'വിലെ രാജരാജവര്‍മ മദാലസയായ രാജമ്മയെ കണ്ണുകള്‍കൊണ്ടു മാത്രമല്ല ഗന്ധം കൊണ്ടുമറിയുന്നു. അതയാളില്‍ രാസഭാവമായി നിറയുന്നു.

"... പൊടുന്നനെ അവളുടെ തീക്ഷ്‌ണവും മധുരവുമായ മദഗന്ധം ഉയര്‍ന്നു. ആ ഗന്ധം തന്റെ മൂക്കിലൂടെ കടന്ന് ശരീരമാകെ പടര്‍ന്നു. ഇലഞ്ഞിപ്പൂവിനോ ചന്ദനത്തിനോ പുന്നെല്ലിനോ ഇല്ലാത്ത തീവ്രമായ, തീക്ഷ്‌ണമായ സ്‌ത്രീഗന്ധം തന്റെ ശരീരത്തിന്റെ ഓരോ രോമകൂപത്തിലും ചെന്നലച്ച്, ഇരമ്പി, രോമങ്ങളെ എണീല്‍പ്പിച്ചു നിറുത്തി'' (അടിയറവ്). ചുണ്ടുകള്‍ കൊണ്ട് പരസ്‌പരം കോര്‍ത്തുള്ള ചുംബനത്തിലൂടെ രാജമ്മയുടെ സൌന്ദര്യത്തിന്റെ തീക്ഷ്‌ണതയെ രുചിക്കുന്നു. കണ്ണും മൂക്കും നാക്കും പല്ലുംകൊണ്ട് സ്‌ത്രീശരീരത്തെ രുചിച്ചറിയുന്നു. കാണുമ്പോള്‍ കടിച്ചുപറിച്ചു തിന്നാനാഗ്രഹിക്കുന്നു. വീഞ്ഞുപോലെ പതഞ്ഞുപൊങ്ങുന്ന രാസഭാവത്തിന്റെ ഉത്തുംഗലഹരി കാക്കനാടന്റെ കലാപ്രതിഭയെ രചനാവേളയിലെമ്പാടും ആവേശിക്കുന്നുണ്ട്. കാഴ്‌ചയിലും ഗന്ധത്തിലും സ്‌പര്‍ശത്തിലും മദഗന്ധിയായ ശരീരത്തിന്റെ കാമനകള്‍ അഴിയുന്നു. അതിനായി അണിനിരക്കുന്ന പദങ്ങള്‍ തന്നെ രത്യാസക്തമായ ലഹരിയില്‍ നുരയുന്നു.
കാമശാസ്‌ത്രത്തില്‍ യുദ്ധം പ്രതീകമാണ്. രതി തുടങ്ങി എന്നല്ല കാക്കനാടന്‍ എഴുതുന്നത്. സംഗ്രാമം തുടങ്ങി എന്നാണ്. അല്ലെങ്കില്‍ ദ്വന്ദ്വയുദ്ധത്തിനുള്ള കളമൊരുങ്ങി എന്നു പറയും. വിവരണകലയില്‍ യുദ്ധസന്നദ്ധമായ വാക്കുകളെ അണിനിരത്തി രതിയുടെ അക്രമാസക്തമായ മുന്നേറ്റത്തെ അനുഭവപ്പെടുത്തുന്നു. രതി തുടങ്ങുന്നത് പതിഞ്ഞ താളത്തിലല്ല, മുറുകിപ്പിടിക്കുന്ന തായമ്പകയുടെ രൌദ്രതാളത്തിലാണ്. "അവളുടെ കൊഴുത്ത ശരീരമാകെ നഖക്ഷതങ്ങള്‍ ഏല്‍പ്പിച്ചു. നിറഞ്ഞ ചുണ്ടുകളും കവിളുകളും കടിച്ചമുറിച്ചു. അവളവനെ കെട്ടിപ്പിടിച്ചു. കാലുകൊണ്ടും കൈകൊണ്ടും ശരീരംകൊണ്ടും അവനെ കെട്ടിവരിഞ്ഞു. അവന്റെ ആക്രമണങ്ങള്‍ക്ക് പകരം ചോദിക്കുംമട്ടില്‍ അവനെ ആക്രമിച്ചു. കാറ്റ് ഭയന്നോടി. മഴ അലറിപ്പെയ്‌തു. നിശ്ചലതയില്‍, ഇരുട്ടില്‍, മനുഷ്യന്‍ തന്റെ കെട്ടിയവളെ ബലാല്‍സംഗം ചെയ്‌തു. അവള്‍ അവനെയും'' (ഏഴാംമുദ്ര).

ശരീരം ശരീരത്തില്‍ പടര്‍ന്നുകയറുമ്പോള്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ കൊണ്ട് മൈഥുനത്തെ കൊഴുപ്പിക്കുന്നു. പ്രകോപനങ്ങളും പ്രതിരോധങ്ങളും വേദനയും കൊണ്ട് രതിയുടെ മധുരച്ചാറ് പിഴിഞ്ഞെടുക്കുന്നു. യുദ്ധത്തിന്റെ കലാപരമായ ആവിഷ്‌കരണത്തില്‍ കാമത്തിന്റെ പാരമ്യതയാണ് കാക്കനാടന്‍ അനുഭവപ്പെടുത്തിയത്. രതിയുടെ സൌമ്യാനുഭവങ്ങളല്ല, അബോധമായി ഇണകള്‍ നടത്തുന്ന അക്രമാസക്തമായ പ്രണയാനുഭവത്തെയാണ് കാക്കനാടന്റെ ഭാവന അന്വേഷിക്കുന്നത്. വന്യമായ രതിയുടെ പത്മവ്യൂഹം ചമച്ചുകൊണ്ടാണ് 'അടിയറവി'ല്‍ രതിയുടെ യുദ്ധമുഖം തുറന്നത്. "പുരുഷന്‍ സ്‌ത്രീയെയും സ്‌ത്രീ പുരുഷനെയും ആക്രമിച്ചു. സര്‍പ്പങ്ങളെപ്പോലെ പിണയുന്ന നാവുകള്‍. പരസ്‌പരം കടിച്ചു ചീന്തുന്ന പല്ലുകള്‍. ആഴ്ന്നിറങ്ങുന്ന നഖങ്ങള്‍, കിനാവള്ളികളെപ്പോലെ വരിഞ്ഞുപിടിക്കുന്ന കൈകാലുകള്‍. പരസ്‌പരം മര്‍ദിക്കുന്ന ഉടലുകള്‍. പരസ്‌പരം ചോരകുടിക്കാന്‍ വെമ്പുന്ന അധരങ്ങള്‍. വാ, വാ, വാ, എന്ന വെല്ലുവിളികള്‍. വരുമ്പോള്‍ കൂട്ടിമുട്ടല്‍, ചുംബനം, തഴുകല്‍, ആലിംഗനം, വസ്‌ത്രാക്ഷേപം, ആക്രമണം, പ്രവേശം, യുദ്ധം. ഇളകി, ഉരുമ്മി, അടിച്ച്, ആഞ്ഞുതല്ലി, കുടഞ്ഞ്, പിടഞ്ഞ്, ഞെരിച്ച്, കശക്കി, വെട്ടി, കുത്തി, ഉന്തി, തള്ളി - ഒട്ടും പരാജയം സമ്മതിക്കാത്ത യുദ്ധം'' (അടിയറവ്).

പ്രണയാവേശത്തോടെയാണ് മിഥുനങ്ങള്‍ യുദ്ധസജ്ജരാകുന്നത്. സര്‍പ്പരതിയുടെ നര്‍ത്തന തന്ത്രമാണ് കാക്കനാടന്‍ മൈഥുനവേളയില്‍ കലാപരമായി പ്രയോഗിച്ചത്. യോദ്ധാവിന്റെ വീര്യത്തോടെ സമ്മോഹനമായ രതിയുടെ കളമൊരുക്കുമ്പോള്‍, യുദ്ധക്കലികൊണ്ട സ്‌ത്രീപുരുഷ ശരീരങ്ങള്‍ മറുവീര്യത്തോടെ പൊരുതാനുറയ്‌ക്കുമ്പോള്‍ സുരതതാളം രുദ്രനടനമായിത്തീരുന്നു. മനഃകാമനകള്‍ പ്രകൃതിയില്‍ ലയിക്കുന്നു. അംഗങ്ങളോരോന്നും പറിച്ചെടുക്കാനാവാത്തവിധം ഒന്നായിച്ചേരുമ്പോള്‍ രതി ഏകാംഗയുദ്ധമാകുകയും പരമാനന്ദമൂര്‍ഛയിലെത്തുകയും ചെയ്യുന്നു. ഇണചേരലിന്റെ തളര്‍ച്ചയില്‍ വിരമിക്കുമ്പോഴാണ് മനുഷ്യസ്വഭാവം കൈവരിക്കുന്നത്. രതിയുടെ പ്രകൃതിജന്യമായ ആദിമചോദനയാണ് നിര്‍മാണവേളയില്‍ കാക്കനാടന്റെ പ്രതിഭ പ്രകടമാക്കിയത്.

രതി പ്രാര്‍ഥനപോലെ വിശുദ്ധമാണെന്ന് കാക്കനാടന്‍ കരുതുന്നു. പ്രകൃതി മനുഷ്യനു നല്‍കിയ വരദാനമായതുകൊണ്ട് ലൈംഗികതയുടെ പ്രതീകമായി പ്രകൃതി കടന്നുവരുന്നുണ്ട്. ഇണയുടെ സഹായമില്ലാതെ രത്യാനന്ദം അനുഭവിക്കാമെന്നത് മനുഷ്യനു മാത്രം സാധ്യമായ കാര്യമാണ്. അവിടെ പ്രകൃതി ഇണയുടെ രൂപമാളുന്നു. കാമനയില്‍ പങ്കാളിയാകുന്ന പ്രകൃതി ആനന്ദമൂര്‍ഛയുടെ നിമിഷം വരെ എതിര്‍ ലൈംഗികതയുടെ അനുഭവസാന്നിധ്യമാകുന്നു. പറങ്കിമലയിലെ ചുണ്ണാമ്പുപാറയില്‍ (വെള്ളപ്പാറ) വച്ചാണ് അപ്പു ആദ്യസംഭോഗത്തിലേര്‍പ്പെടുന്നത്. ചുണ്ണാമ്പുപാറ അഭിസാരികയെപ്പോലെ അവനുമുന്നില്‍ മലര്‍ന്നുകിടന്നു. പാറയുടെ മുലകള്‍ പാല്‍ചുരത്തുകയും മൈഥുനത്തിന്റെ മുലപ്പാല്‍ അപ്പു ആവോളം കുടിക്കുകയുമാണ്. "പാറയെ ഞാന്‍ വീണ്ടും ബലമായി കെട്ടിപ്പുണര്‍ന്നു. പാറയുടെ ചുണ്ടുകളില്‍ ഞാന്‍ ചുണ്ടമര്‍ത്തി. അപ്പോള്‍ തടിച്ച ചുണ്ടുകളകന്നു. എന്റെ ചുംബനം ഉള്ളിലേക്ക് വളര്‍ന്നു. എന്റെ ശരീരമാകെ കോരിത്തരിച്ചു. ചുംബനം ഉള്ളിലേയ്‌ക്ക് വളര്‍ന്നപ്പോള്‍ പാറയുടെ കൈകാലുകള്‍ പിടുത്തം മുറുക്കി. ഞാനാ ആലിംഗനത്തിന്റെ സുഖത്തില്‍ ശ്വാസം മുട്ടിക്കിടന്നു'' (പറങ്കിമല).

തീക്ഷ്‌ണമായ വികാരലഹരിയില്‍ നാണിക്കണിയാട്ടിയുമായുള്ള അപ്പുവിന്റെ ഇണചേരലിനെ കാക്കനാടന്‍ ആവിഷ്‌കരിച്ചതിങ്ങനെയാണ്. അബോധകാമനകളില്‍ പ്രകൃതി സ്‌ത്രീയും പുരുഷനുമായി മാറിമാറി വരുന്നു. മനുഷ്യന്റെ ലൈംഗിക മനോഭാവങ്ങള്‍ പ്രകൃതിയുമായി ഇണചേര്‍ന്നുകിടക്കുന്നതിന്റെ ദൃശ്യസാക്ഷാല്‍ക്കാരങ്ങളാണിത്.

കാമം പ്രകൃതിയുടെ ദാഹമാണ്. വന്യവും പ്രാകൃതവുമായ രതിദാഹം പ്രകൃതിജന്യമാണെന്ന സാമാന്യനിയമത്തെ പ്രചണ്ഡമായി കാക്കനാടന്‍ അവതരിപ്പിക്കുന്നുണ്ട്. അതില്‍നിന്ന് മനുഷ്യന് മോചനമില്ല. ദാഹം ശമിപ്പിക്കാന്‍ കാമം കത്തിനില്‍ക്കുന്ന മനസ്സിലേക്ക് പൂന്തേനരുവിയുമായി പ്രകൃതി വരുന്നു. 'അടിയറവി'ലെ പാര്‍വതിയില്‍ കാമം കെടാത്ത അഗ്നിശിഖയായി കുത്തുമ്പോള്‍ രാത്രി, ഭോഗാസക്തനായൊരു പുരുഷനെപ്പോലെ അവളെ തേടിയെത്തി. "രാത്രി അവളെ ആലിംഗനം ചെയ്‌തു. രാത്രിയുടെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകളിലുരസി. രാത്രിയുടെ ഗിതാര്‍ അവളുടെ കാതുകളില്‍ സംഗീതമുണര്‍ത്തി. രാത്രിയുടെ സൌരഭ്യം അവളെ ലഹരിപിടിപ്പിച്ചു. രാത്രിയുടെ കൈകാലുകള്‍ അവളെ വരിഞ്ഞുമുറുക്കി. രാത്രിയുടെ നാവ് അവളുടെ നാവിനെ തേടിനടന്നു. രാത്രിയുടെ കൈകള്‍ അവളുടെ കൊഴുത്തുരുണ്ട മുലകളെ തഴുകി. രാത്രിയുടെ വിരലുകള്‍ അവളുടെ ശരീരമാകെ ഇഴഞ്ഞുനടന്നു. മോഹപരവശയായി, കാമാസക്തയായി, പുരുഷപ്രവേശനത്തിനായി ദാഹിച്ച്, ചൂടുപിടിച്ച്, പൊട്ടിത്തെറിക്കാറായ രക്തധമനികളുമായി കഠിനമായ ഒരു അസ്വാസ്ഥ്യത്തിന് വിധേയയായി അവള്‍ കിടക്കവേ, അവളില്‍ അജ്ഞാതമായ ഏതോ കവാടങ്ങള്‍ ചിമ്മിത്തുറക്കുകയും ആ കവാടത്തിലൂടെ രാത്രി അവളിലേക്ക് പ്രവേശിക്കുകയും ചെയ്‌തു.'' (അടിയറവ്).

കാമത്തില്‍ നിസ്സഹായരാകുന്ന മനുഷ്യന് പ്രകൃതി തുണയാകുന്നു. പ്രകൃതിയെ ശക്തിയുടെ പ്രതീകമായി കാണുന്ന കാക്കനാടന്‍ ഇണയെത്തേടി തപിക്കുന്ന മനുഷ്യന്റെ അബോധമനസ്സിനെ പ്രകൃതിയുമായി സമന്വയിപ്പിക്കുന്നു. സ്വപ്‌നസന്നിഭമായ രതിയില്‍ നനഞ്ഞുപോകുന്ന കഥാപാത്രങ്ങളെ തന്റെ ഭാവനാലോകത്തില്‍ പ്രതിഷ്ഠിച്ചു. മനുഷ്യന്റെ ശക്തമായ ദാഹത്തെ ശമിപ്പിക്കുന്ന പ്രപഞ്ചശക്തിയുടെ മാന്ത്രിക രതിക്രീഡാസന്ദര്‍ഭങ്ങള്‍ കാക്കനാടന്റെ രതിഭാവദര്‍ശനമാണ്. പുരുഷന്റെ കരുത്തില്‍ താലോലിക്കപ്പെടാനുള്ള അദമ്യമായ ദാഹവുമായി ജീവിക്കുന്ന മദഗന്ധമുള്ള സ്‌ത്രീകളെയാണ് കാക്കനാടന്‍ നിര്‍മിച്ചത്. സംഭോഗലീലയില്‍ യുഗങ്ങളോളം ചലനാത്മകമായി കഴിയാനാഗ്രഹിക്കുന്ന രൂപവതികളായ അപ്സരസ്സുകള്‍. കാമം തിരയിളക്കുന്ന മദിപ്പിക്കുന്ന ശരീരമുള്ളവര്‍. ഭ്രാന്തമായ ദാഹത്തോടെ രതിയുടെ ആനന്ദതാണ്ഡവമാടാന്‍ കൊതിക്കുന്ന ഉന്മത്തകളായ കന്യകമാര്‍. അധരങ്ങളില്‍ മധുരത്തേനൊഴുക്കി പുരുഷകാമനകളെ കാത്തിരിക്കുന്ന സര്‍പ്പസുന്ദരിമാര്‍. അവര്‍ ചിലപ്പോഴെങ്കിലും നിഗൂഢതയുടെ ചിത്രകൂടങ്ങള്‍ വിട്ട് നാഗകന്യകമാരായി ഉറഞ്ഞുതുള്ളുന്നു. ഓരോ കോശത്തിലും നിറയാന്‍ പുരുഷനെ ക്ഷണിക്കുന്നു. പങ്കുവയ്‌ക്കലിന്റെ മധുരത്തിലഴിയാന്‍ കാത്തിരിക്കുന്നു.

രതിയുടെ ഉപാസന കാക്കനാടന്‍ നിര്‍വഹിക്കുന്നത് ശക്തിസ്വരൂപിണിയായ പ്രകൃതിയെ ധ്യാനിച്ചുകൊണ്ടാണ്. അപ്പോള്‍ രതി ശിവശക്തിനടനമായി പരിണമിക്കുന്നു. പ്രകൃതിയുടെ പ്രചണ്ഡമായ നൃത്തമായി രതി മാറുന്നു. നടനലാസ്യത്തിന്റെ ഉന്മാദത്തിലും തളര്‍ച്ചയിലുമാണ് പാര്‍വതി രതി അനുഭവിക്കുന്നത്. കഥാപാത്രത്തിന്റെ പേരു പോലും പാര്‍വതി എന്നാണ്. പുരുഷ കാമനയുടെ പൂര്‍ണതയായ ശിവനെ ആവാഹിച്ചുകൊണ്ട് രതിയെ ആനന്ദതാണ്ഡവമാക്കുന്നു. മഹാദേവന്റെ നൃത്തച്ചുവടുകളില്‍ നിന്നുയരുന്ന ശിവഭൂതഗണങ്ങളെ തന്റെ രക്തധമനികളെ രതിസര്‍പ്പങ്ങളാക്കി ചുറ്റിപ്പിണച്ചുകൊണ്ട് ശക്തിസ്വരൂപിണി കാമകലയെ നൃത്തസാധകമാക്കുന്നു. നൃത്തം കാമവാഞ്ഛയുടെ ബഹിര്‍പ്രകടനമാണെന്നും നൃത്തചലനങ്ങള്‍ കാമക്രീഡയുടെ ചലനങ്ങളുടെ പരിഷ്‌കൃതവും താളനിബദ്ധവും ക്രമമായി ചിട്ടപ്പെടുത്തിയെടുത്തതുമായ ആവര്‍ത്തനം മാത്രമാണെന്നും പറഞ്ഞുകൊണ്ട് മൈഥുനം ശിവശക്തി നടനമായി അവതരിപ്പിക്കുന്നു. അത് കാക്കനാടന്റെ അബോധത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ശക്തിപൂജയുടെ ആവിഷ്‌കരണമാണ്.

ഒരിക്കലും മതിവരാത്ത രതിയുടെ പരമാനന്ദത്തെ പകര്‍ന്നുതരാന്‍ കാക്കനാടന്റെ ഭാവന എപ്പോഴും തിടുക്കംകൂട്ടുന്നത് കാണാം. ചുണ്ടുകള്‍ അഴിഞ്ഞുപോകാത്തവിധം ഒന്നാകുന്നപോലെ വാക്കുകള്‍ രതിഭാവത്തോട് ചേര്‍ന്നിരിക്കുന്നു. രതിയുടെ പരാഗങ്ങള്‍ വാക്കുകളില്‍ തേനൊലിപ്പിക്കുന്നു. ആ ലഹരി തന്റെ നോവലുകളില്‍ മുന്തിരിച്ചാറിന്റെ മധുരം നിറയ്‌ക്കുന്നു. രതി പാപമായിട്ടല്ല കാക്കനാടന്‍ അവതരിപ്പിച്ചത്. എന്നാല്‍ രതി എന്നുപയോഗിക്കേണ്ടിടത്ത് പാപം എന്നു പ്രയോഗിക്കുന്നു. ലൈംഗികത മനുഷ്യന്റെ വലിയ ദൌര്‍ബല്യവും പാപവുമായി മാറുന്ന സന്ദര്‍ഭങ്ങളുണ്ട്. 'ഏഴാംമുദ്ര'യില്‍ ബാബുവിന് തന്റെ അമ്മയായ അന്നാമ്മ സന്യാസിനിയോട് കാമവികാരം തോന്നുന്നതും വസൂരിയില്‍ ഏലിക്കുട്ടി മരുമകനായ തോമ്മാച്ചനോട് കാമവികാരം തോന്നി മൈഥുനത്തിലേര്‍പ്പെടുന്നതും മകളായി കരുതിയ ജാനകിയോട് ഗോപാലപിള്ളയ്‌ക്ക് അഭിനിവേശം ഉണ്ടാകുന്നതും മേല്‍ സൂചിപ്പിച്ച ദൌര്‍ബല്യത്തിന്റെ ദൃഷ്‌ടാന്തങ്ങളാണ്. ലൈംഗിക പാപം പ്രാര്‍ഥനപോലെ വിശുദ്ധമാണെന്ന് ഇത്തരം സന്ദര്‍ഭങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. അത് മനുഷ്യന്റെ വലിയ നിസ്സഹായതയെയും ദുരന്തത്തിന്റെ മഹാവ്യസനങ്ങളെയും കുറിച്ചുള്ള നിതാന്ത ജാഗ്രത നല്‍കുന്നു.

മരണത്തിന്റെ രൂപത്തില്‍ മഹാവ്യാധി മുന്നിലെത്തുമ്പോള്‍ ജീവിതം നിരര്‍ഥകമാണെന്നും മാനുഷികമൂല്യങ്ങള്‍ അര്‍ഥശൂന്യങ്ങളാണെന്നും തിരിച്ചറിയുന്നു. ക്ഷണികമായ ജീവിതത്തെ ലൈംഗികസുഖം കൊണ്ടു നിറയ്‌ക്കാമെന്ന് ധരിക്കുന്നു. ഈ ചിന്തയാണ് ലൈംഗിക പാപത്തിലേക്ക് നയിക്കുന്നത്. ലൈംഗികത പാപമല്ല. പക്ഷേ മനുഷ്യസംസ്‌കാരം വിലക്കുന്ന ബന്ധങ്ങളില്‍ ഏര്‍പ്പെട്ടുപോകുന്നവരെ പാപം തീണ്ടുകയാണ്. പാപമാണെന്നറിഞ്ഞുകൊണ്ടുതന്നെ ഏലിക്കുട്ടി മരുമകനെ കാമദാഹം തീര്‍ക്കാന്‍ ഉപയോഗിക്കുന്നു. പാപഭയം അവരെ തീണ്ടുകയും മഹാവ്യാധിക്ക് കീഴടങ്ങുകയും ചെയ്യുന്നു. പാപത്തിന്റെ ശമ്പളം മരണമാണെന്ന് അവര്‍ തിരിച്ചറിയുന്നുമുണ്ട്.

അരുതാത്ത ബന്ധങ്ങള്‍ നല്‍കുന്ന പാപബോധം മഹാവ്യാധിയാണെന്ന് കാക്കനാടന്റെ പ്രതിഭ സാക്ഷ്യപ്പെടുത്തുന്നു. ഈ ദുരന്തകല്‍പന ഒരു ദര്‍ശനബോധമായി വളരുന്നുണ്ട്. 'വസൂരി' അതടയാളപ്പെടുത്തുന്നു. ഏലിക്കുട്ടി മാത്രമല്ല അസാന്മാര്‍ഗിയായ ദിവാകരന്‍ ചാന്നാര്‍ വസൂരിക്കടിപ്പെടുന്നു. മത്തായി മാപ്പിള ഭ്രാന്തിനടിമപ്പെടുന്നു. രുഗ്‌മിണി അന്യപുരുഷനായ കൃഷ്‌ണന്‍കുട്ടിയില്‍നിന്ന് രതിസുഖമാഗ്രഹിക്കുന്നുണ്ടെങ്കിലും പാപബോധം അവളെ ഭയപ്പെടുത്തുന്നു. പാപത്തിന്റെ കറപുരളാത്തതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് അവസാനം അവളോര്‍ക്കുന്നു. മനുഷ്യരെ കാമത്തിന്റെ അഗ്നിയില്‍ അന്ധരാക്കുന്ന കഠിനഹൃദയനായ ദൈവത്തോടാണ് രുഗ്‌മിണി ചോദിച്ചത് ഭഗവാനേ, നീ എന്തിനു മനുഷ്യര്‍ക്ക് ഈ കാമവികാരം നല്‍കി? ഇതൊരു ദര്‍ശനബോധമായി നോവലില്‍ ദൃഢപ്പെടുന്നത് കാണാനാകും.

രോഗവും കാമവും അജ്ഞതയാണ് മനുഷ്യന് നല്‍കുന്നത്. വസൂരിയെന്ന മഹാവ്യാധി മനുഷ്യനന്മകളെ തരിശാക്കി. "വസൂരി ഗ്രാമത്തില്‍ അലഞ്ഞുനടന്നു. അവളുടെ കൈകളില്‍ മരണമുണ്ടായിരുന്നു. അവളുടെ വായ് വിഷം തുപ്പി. അവള്‍ മരണം വിതച്ചു. അവള്‍ ഒരു ദേവതയെപ്പോലെ പെരുമാറി. അവളുടെ നൃത്തത്തിന്റെ ചിലമ്പൊലി മനുഷ്യരെ ഞെട്ടിച്ചു. അവള്‍ മനുഷ്യരില്‍നിന്നു നന്മകള്‍ എടുത്തുകളഞ്ഞു. സ്നേഹവും അനുകമ്പയും സഹാനുഭൂതിയും ഭയവും എടുത്തു കളഞ്ഞു. അവള്‍ മനുഷ്യരില്‍നിന്ന് അറിവെടുത്തു കളഞ്ഞു. അവരെ അജ്ഞരാക്കി'' (വസൂരി). രോഗം പോലെ കാമവും അജ്ഞതയാണ് നല്‍കുന്നത്. വസൂരി കാമത്തിന്റെ പ്രത്യക്ഷാടയാളമായിത്തീരുന്നു. പാപം തീണ്ടുന്ന കാമം മനസ്സിന്റെ വസൂരിയായിട്ടാണ് കാക്കനാടന്‍ കരുതിയത്. രോഗവും കാമവും സമാനപ്രതിനിധാനങ്ങളാകുന്ന ദര്‍ശനദീപ്‌തിയാണത്. ഗോപാലപിള്ളയുടെ വാക്കുകളില്‍ അത് ധ്വനിക്കുന്നുണ്ട്. "തനിക്കുപോലും ചില നിമിഷങ്ങള്‍ വസൂരി പിടിച്ചതല്ലേ? മകളെപ്പോലെ കരുതേണ്ട പെണ്ണിന്റെ ഉറക്കറയിലേക്ക് കടന്നുചെന്ന ക്രൂരമായ രാത്രിയില്‍ തന്റെ മനസ്സിന് വസൂരി ആയിരുന്നില്ലേ'' (വസൂരി).

മൂല്യങ്ങള്‍ക്ക് നിരക്കാതെ ലൈംഗികതയിലേര്‍പ്പെടുന്നവരൊക്കെ ദുരന്തത്തിന്റെ പാതാളത്തിലേക്ക് അടിവയ്‌ക്കുന്നുണ്ട്. 'അടിയറവി'ല്‍ പാര്‍വതീഭായിക്ക് സംഭവിക്കുന്ന ദുരന്തമുണ്ട്. 'പറങ്കിമല'യിലെ നാണിക്കണിയാട്ടിയും ദുരന്തത്തിന്റെ മഹാവ്യസനത്തില്‍ നീറി നിലവിളിക്കുന്നുണ്ട്. എന്നാല്‍ 'വസൂരി'യിലെ അഭിസാരികമായ ജാനകി തന്റെ കര്‍മങ്ങള്‍ കൊണ്ട് ദേവതയാകുന്നു. വസൂരി തീണ്ടാത്ത മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും തന്റെ കളങ്കങ്ങളെ ജാനകി മായ്ച്ചുകളയുന്നു. രതിയെ മനുഷ്യന്റെ അജ്ഞതയും ദുരൂഹതയുമായി കണ്ടുകൊണ്ടുള്ള ദര്‍ശനത്തിന്റെ വളര്‍ച്ച 'അജ്ഞതയുടെ താഴ്വര'യിലും പ്രകടമാകുന്നുണ്ട്. പുരുഷന്റെ ദുരൂഹമായ തിരോധാനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങുന്നത് ലൈംഗികപാപത്തെക്കുറിച്ചുള്ള ഡയറിക്കുറിപ്പില്‍ നിന്നാണ്. അതിനൊടുവില്‍ അന്വേഷകനായ മനു തന്നെ ലൈംഗികപാപത്തിന്റെ പടുകുഴിയില്‍ പതിക്കുന്നു. വീണ്ടും പുരുഷന്റെ തിരോധാനവും മരണവും. മരണം പോലെയൊരു അജ്ഞേയമായ ദുരൂഹതയായി ലൈംഗിക പാപത്തെയും അടയാളപ്പെടുത്താനുള്ള എഴുത്തുകാരന്റെ ഭ്രമമായി ഇതിനെ കാണാവുന്നതാണ്.

ലൈംഗികത പാപമാണെന്ന സാംസ്‌കാരിക സങ്കല്‍പം തകരേണ്ടതു തന്നെയാണെന്ന് കാക്കനാടന്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. അത് അദ്ദേഹത്തിന്റെ കലാപ്രതിഭയുടെ പ്രവചനാത്മകമായ ബോധം തന്നെയാവണം. കാരണം ലൈംഗികത സംബന്ധിച്ച് കാലങ്ങളായി നിലനിന്ന പാപബോധമെന്ന സങ്കല്‍പത്തെ സാങ്കേതികവിദ്യ മധുരമായി ഉടച്ചുവാര്‍ത്തിരിക്കുന്നു. സാംസ്‌കാരികമായ പരസ്യജീവിതത്തിനു പുറത്ത് ലൈംഗികത ആസ്വദിക്കാവുന്ന ഒരു രഹസ്യലോകം ടെക്‌നോളജി സൃഷ്‌ടിച്ചിരിക്കുന്നു. ആ ലോകത്ത് ആവശ്യക്കാര്‍ പാപത്തിന്റെ വിഷം തീണ്ടാതെ രതിയുടെ മുന്തിരിച്ചാറ് പോലെ ലഹരിദായകമായ പരമാനന്ദം വാറ്റിക്കുടിച്ചുകൊണ്ടേയിരിക്കുന്നു. ഇവിടെ തകര്‍ന്നുവീണത് സാംസ്‌കാരത്തിന്റെ സദാചാരമാണോ മുന്‍കാലങ്ങളില്‍ മുന്നിട്ടുനിന്ന പാപബോധമാണോ അജ്ഞതയുടെ മുഖാവരണമാണോ എന്ന് സന്ദേഹിക്കാനേ കഴിയൂ. ഒരു കാര്യം വാസ്‌തവമാണ്. സാങ്കേതികവിദ്യ സൃഷ്‌ടിച്ചത് പുതിയ ഒരു സാംസ്‌കാരിക ജീവിതത്തെയാണ്. ലൈംഗികത വിലക്കപ്പെട്ട കനിയാണെന്ന ചരിത്രബോധ്യത്തെയാണ് അത് ഡിലീറ്റ് ചെയ്‌തത്.


*****

ഡോ. ഇ. ബാനര്‍ജി

കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010

അധിക വായനയ്‌ക്ക് :

1.
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14.
കാക്കനാടന്‍ - ജീവിതരേഖ

No comments: