Tuesday, December 14, 2010

വിക്കി ഗണ്‍

ജര്‍മന്‍ പൌരനായ ഖാലിദ് എല്‍ മസ്രിയെ 2003 ഡിസംബര്‍ 31ന് മസിഡോണിയയില്‍നിന്ന്് സിഐഎ ഏജന്റുമാര്‍ പിടികൂടി. ഭീകരവിരുദ്ധവേട്ടയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്. അഫ്ഗാനിസ്ഥാനിലെ രഹസ്യജയിലില്‍ മസ്രിയെ കൊടിയപീഡനത്തിന് വിധേയനാക്കി. ഇടിച്ചുപിഴിഞ്ഞിട്ടും രഹസ്യവിവരമൊന്നും കിട്ടാതെ വന്നപ്പോഴാണ് മസ്രി നിരപരാധിയാണെന്ന് സിഐഎയ്ക്ക് ബോധ്യമായത്. ജീവച്ഛവമായ മസ്രിയെ ഒടുവില്‍ അല്‍ബേനിയയിലെ തെരുവില്‍ ഉപേക്ഷിച്ചു. മസ്രി സ്വന്തം രാജ്യത്തെ കോടതി വഴി നീതി തേടി. 13 സിഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ജര്‍മന്‍കോടതി അറസ്റ്വാറന്റു പുറപ്പെടുവിച്ചു. ഇതോടെ രോഷാകുലരായ അമേരിക്കന്‍ ഭരണകൂടം ജര്‍മനിയിലെ എംബസി വഴി സമര്‍ദ്ദവും ഭീഷണിയും പ്രയോഗിച്ചു. നയതന്ത്രസമര്‍ദ്ദത്തിന് ഫലമുണ്ടായി. ജര്‍മന്‍കോടതിയിലെ നടപടികള്‍ സ്തംഭിച്ചു. ജര്‍മന്‍ നീതിന്യായവ്യവസ്ഥയെതന്നെ അമേരിക്ക തടസ്സപെടുത്തി.

. സ്പാനിഷ് ടെലിവിഷന്‍ ചാനലായ ടെലിസിന്‍കോയില്‍ ക്യാമറാമാനായിരുന്നു ക്യൂസോ. 2003 ഏപ്രില്‍ എട്ടിന് ബാഗ്ദാദിലെ പലസ്തീന്‍ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍നിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ക്യൂസോയും റോയിട്ടേഴ്സിലെ സഹപ്രവര്‍ത്തകനും. മറ്റു നിരവധി വിദേശമാധ്യമപ്രവര്‍ത്തകരും ഹോട്ടലില്‍ ഇതേ സമയമുണ്ടായിരുന്നു. എന്നാല്‍, അമേരിക്കന്‍ പീരങ്കിപ്പട വകതിരിവില്ലാതെ ഹോട്ടലിന് നേരെ വെടിയുണ്ടകള്‍ വര്‍ഷിച്ചു. ക്യൂസോ ഉള്‍പ്പടെ നിരവധിപ്പേര്‍ മരിച്ചു. ഉത്തരവാദികളായ മൂന്ന് അമേരിക്കന്‍ സൈനികര്‍ക്കെതിരെ ക്യൂസോയുടെ കുടുംബാംഗങ്ങള്‍ സ്പാനിഷ് കോടതിയില്‍ കേസു നല്‍കി. എന്നാല്‍, അമേരിക്കന്‍ സൈനികരുടെ പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ അമേരിക്ക സ്പെയിനുമേല്‍ നിരന്തരസമര്‍ദ്ദം ചെലുത്തി. സ്പെയിനിലെ അമേരിക്കന്‍ എംബസി ഇതിനായി സ്വീകരിക്കാത്ത മാര്‍ഗങ്ങളില്ല. ഒടുവില്‍, സ്പെയിന്‍ കേസ് എഴുതിത്തള്ളാന്‍ നടപടി ആരംഭിച്ചു.

മറ്റു രാജ്യങ്ങളുടെ നീതിന്യായസംവിധാനങ്ങളെപ്പോലും അട്ടിമറിക്കുന്ന അമേരിക്കന്‍ നയതന്ത്രപ്രവര്‍ത്തനത്തിന്റെ വികൃതമുഖം പുറത്തുകൊണ്ടുവന്നത് വിക്കിലീക്സാണ്. വിവിധ രാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നയതന്ത്രപ്രതിനിധികളും വാഷിങ്ടണിലെ വിദേശവകുപ്പ് ആസ്ഥാനവും തമ്മിലുള്ള ആശയവിനിമയത്തിന്റെ രഹസ്യരേഖകള്‍ വിക്കിലീക്സ് ചോര്‍ത്തി. നയതന്ത്രത്തിന്റെ പേരില്‍ അമേരിക്കചെയ്തു വരുന്നത് ചാരവൃത്തിയും അട്ടിമറിപ്രവര്‍ത്തനങ്ങളുമാണെന്ന് ലോകത്തിന് ബോധ്യമായി. അമേരിക്കന്‍സാമ്രാജ്യത്വത്തെക്കുറിച്ച് നിലനിന്ന പല സംശയങ്ങള്‍ക്കും സ്ഥിരീകരണമായി. അമേരിക്കയാകട്ടെ ഓര്‍ക്കാപ്പുറത്ത് തലയ്ക്ക് അടിയേറ്റ അവസ്ഥയിലും. സെപ്തംബര്‍ 11ന്റെ ഭീകരാക്രമണം അമേരിക്കയ്ക്ക് അഫ്ഗാനെയും ഇറാഖിനെയും ആക്രമിക്കാനുള്ള ഊര്‍ജമാണ് പകര്‍ന്നത്. ഇപ്പോഴാകട്ടെ ആരും തങ്ങളെ കൈവെടിയരുതെന്ന് ലോകത്തോട് അപേക്ഷിക്കാനേ അമേരിക്കയ്ക്ക് കഴിയുന്നുള്ളൂ. അമേരിക്കയിലെ തീവ്രവലതുപക്ഷമാകട്ടെ, വിക്കിലീക്സ് തലവന്‍ ജൂലിയന്‍ അസാഞ്ചെയുടെ രക്തത്തിനായി മുറവിളി കൂട്ടുന്നു. 'അവനെ ക്രൂശിക്കുക' എന്ന ആക്രോശം റിപ്പബ്ളിക്കന്മാര്‍ ഉയര്‍ത്തുന്നു. മാനഭംഗക്കേസുപ്പോലും അസാഞ്ചെയ്ക്കെതിരെ കുത്തിപ്പൊക്കി.

ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്‍ വിന്യസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റിക് മിസൈലുകളാണ് അമേരിക്കയ്ക്ക് നിദ്രാവിഹീന രാത്രികള്‍ സമ്മാനിച്ചത്. ഇപ്പോള്‍ ഓരോ ദിവസവും വിക്കിലീക്സ് പുറത്തുവിടുന്ന രഹസ്യങ്ങള്‍ അമേരിക്കയെ നടുക്കുന്നു. ഇതേതുടര്‍ന്ന് 'ഹൈടെക്ക് ഭീകരവാദി' എന്ന വിശേഷണമാണ് അസാഞ്ചെയ്ക്ക് അമേരിക്കന്‍വലതുപക്ഷം ചാര്‍ത്തിയത്.

ബദല്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പുതുരൂപമായ വിക്കിലീക്സിന്റെ പിറവി 2006ലെ ക്രിസ്മസ് കാലത്തായിരുന്നു. 'ഭരണകൂടങ്ങളെ തുറന്നുകാട്ടുക' എന്ന മുദ്രാവാക്യത്തോടെ വെബ്സൈറ്റായാണ് വിക്കിലീക്സ് ഒച്ചപ്പാടില്ലാതെ പ്രവര്‍ത്തനം തുടങ്ങിയത്. ഓസ്ട്രേലിയന്‍ പൌരനായ അസാഞ്ചെയുടെ നേതൃത്വത്തില്‍ സ്വീഡന്‍ കേന്ദ്രമായി സെര്‍വര്‍ സ്ഥാപിച്ചു. പൂര്‍ണസമയം പ്രവര്‍ത്തിക്കുന്ന അഞ്ചുപേരാണ് കാതല്‍. മറ്റു 800 പേര്‍ സഹായങ്ങള്‍ നല്‍കുന്നു. ആര്‍ക്കും പ്രതിഫലമില്ല. വിവരങ്ങളുടെ ഉറവിടം പുറത്തുവിടില്ല. വിക്കിലീക്ക്സ് പത്രാധിപസമിതി പരിശോധിച്ചശേഷമേ ഇവ പ്രസിദ്ധീകരിക്കൂ. രാഷ്ട്രീയ, നയതന്ത്ര, ചരിത്ര, വംശീയ മാനങ്ങളുള്ള സംഭവങ്ങള്‍ പുറത്തുകൊണ്ടുവരികയാണ് പ്രഖ്യാപിതലക്ഷ്യം.

പത്രപ്രവര്‍ത്തകനും ഇന്റര്‍നെറ്റ് പ്രവര്‍ത്തകനുമായ അസാഞ്ചെ ഈ മേഖലയില്‍ വഴി തെറ്റി വന്നതല്ല. നാടകപ്രവര്‍ത്തകരായ ദമ്പതികളുടെ മകനായി 1971 ജൂലൈ മൂന്നിന് ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ ജനിച്ച അദ്ദേഹം ബാല്യത്തിലേ അസാമാന്യ ബുദ്ധിസാമര്‍ഥ്യം പ്രകടിപ്പിച്ചിരുന്നു. 16-ാം വയസ്സില്‍ 'മെന്‍ഡാക്സ്' എന്ന പേരില്‍ കംപ്യൂട്ടര്‍ ഹാക്കറായി. ഓസ്ട്രേലിയന്‍ സര്‍വകലാശാലയുടെയും കനേഡിയന്‍ ടെലികോം കമ്പനി നോര്‍ട്ടലിന്റെയും കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി. ഇതിന്റെ പേരില്‍ മെല്‍ബണിലെ വസതിയില്‍നിന്ന് അറസ്റുചെയ്തു. എന്നാല്‍, കുറ്റകരമായ ഉദ്ദേശ്യമൊന്നും പ്രതി പുലര്‍ത്തിയിരുന്നില്ലെന്നും ബുദ്ധിപരമായ ജിജ്ഞാസയാണ് പ്രേരകമായതെന്നുമുള്ള പ്രോസിക്യൂഷന്‍ വെളിപ്പെടുത്തലില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ഓസ്ട്രേലിയയിലെ പ്രഥമ ഇന്റര്‍നെറ്റ് സേവനദാതാവായ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ അസാഞ്ചെ പങ്കാളിയായി. ക്രമേണ ഫ്രീ സോഫ്റ്റ്വെയര്‍ സംബന്ധിച്ച് ഒട്ടേറെ ഗവേഷണം, പുസ്തകരചന. മനുഷ്യാവകാശസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കംപ്യൂട്ടര്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന ആശയത്തിന്റെ പ്രായോഗികവശങ്ങള്‍ വികസിപ്പിച്ചത് അക്കാലത്താണ്. 2003-06 കാലത്ത് മെല്‍ബണ്‍ സര്‍വകലാശാലയില്‍ ഗണിതശാസ്ത്രവും ഭൌതികശാസ്ത്രവും പഠിച്ചു. ഫിലോസഫിയിലും ന്യൂറോസയന്‍സിലും അവഗാഹം നേടി. ആറു സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിയായി.

വിക്കിലീക്സിന് 2006ല്‍ രൂപം നല്‍കിയപ്പോള്‍ ധൈര്യവും വിവരസാങ്കേതികവിദ്യയിലുള്ള നൈപുണ്യവും മാത്രമായിരുന്നു കൈമുതല്‍. ആഫ്രിക്കന്‍-ഏഷ്യന്‍ രാജ്യങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളാണ് തുടക്കത്തില്‍ പുറത്തുകൊണ്ടുവന്നത്. ഇതോടെ ലോകമാധ്യമശ്രദ്ധ നേടി. വാര്‍ത്തകള്‍ നല്‍കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിച്ച് വിശ്വാസ്യതയും നേടി. പൂച്ചെണ്ടും കല്ലേറും ഒരേസമയം എത്തി. അമേരിക്കന്‍സേന ഇറാഖില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ 2010 ഏപ്രിലില്‍ പുറത്തുവിട്ടതോടെ ലോകത്തെ ഞെട്ടിച്ചു. 'വാര്‍ത്തയെതന്നെ മൊത്തത്തില്‍ മാറ്റിമറിച്ച വെബ്സൈറ്റായി' 2010 മെയില്‍ 'ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ്' വിക്കിലീക്സിനെ വിശേഷിപ്പിച്ചു. അഫ്ഗാന്‍-ഇറാഖ് യുദ്ധരഹസ്യങ്ങള്‍ വെളിപ്പെടുത്തിയതിനുപിന്നാലെ നയതന്ത്രരേഖകളും പുറത്തുകൊണ്ടുവന്നതോടെ അമേരിക്കയെ ശരിക്കും കുടുക്കി. അമേരിക്കന്‍ കാപട്യത്തിന്റെ കൂടാണ് അസാഞ്ചെയും സഹപ്രവര്‍ത്തകരും തുറന്നുവിട്ടത്. വിചിത്രമായ കാഴ്ചകളാണ് ഇതു നല്‍കിയത്. സഖ്യകക്ഷികള്‍ തമ്മിലുള്ള അവിശ്വാസം; ശത്രു മിത്രമായി ചമയല്‍, നയതന്ത്രത്തിന്റെ പേരിലുള്ള നാടകങ്ങള്‍, ചതികള്‍-ഇങ്ങനെ നെറികെട്ട സംസ്കാരത്തിന്റെ പൊയ്മുഖമാണ് തുറന്നുകാട്ടിയത്. ഇതിന്റെ ആഘാതം അതിജീവിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ല. കാരണം, അമേരിക്ക ഇതൊക്കെയാണ് ചെയ്യുന്നതെന്ന് പലരും കരുതിയിരുന്നെങ്കിലും പ്രതികളുടെ നാവില്‍നിന്ന് തന്നെ കുറ്റസമ്മതം കേട്ടതോടെ അനിഷേധ്യമായ തെളിവായി.

ചൈന, അമേരിക്ക, തയ്വാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ വിക്കിലീക്സിന്റെ അണിയറയില്‍ സജീവമാണ്. അസാഞ്ചെയ്ക്ക് പുറമെ ഫിലിപ്പ് ആഡംസ്, വാങ് ദന്‍, സി ജെ ഹിങ്കെ, ബെന്‍ ലൌറി, താഷി നംഗ്യാല്‍ ഖംമ്സിത്സാങ്, സിയ ക്വിയാങ്, ചിക്കോ വീതാക്കര്‍, വാങ് യൌക്കായ് എന്നിവരടങ്ങിയ ഉപദേശകസമിതി മാര്‍ഗനിര്‍ദേശം നല്‍കുന്നു.

അസാഞ്ചെയ്ക്ക് 2009ല്‍ ആംനെസ്റി ഇന്റര്‍നാഷണല്‍ മനുഷ്യാവകാശസംരക്ഷണമേഖലയിലെ പത്രപ്രവര്‍ത്തന മികവിനുള്ള പുരസ്കാരം നല്‍കി. എന്നാല്‍, അസാഞ്ചെയെ പത്രപ്രവര്‍ത്തകനായും വിക്കിലീക്സിനെ നിയമപരമായി പ്രവര്‍ത്തിക്കുന്ന മാധ്യമമായും അംഗീകരിക്കുന്നില്ലെന്ന് അമേരിക്ക ഈയിടെ പ്രഖ്യാപിച്ചു. മാത്രമല്ല വിക്കിലീക്സിനുനേരെ അമേരിക്കന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നിരന്തരം സൈബര്‍ ആക്രമണം നടക്കുന്നു. വിക്കിലീക്ക്സ് നിതാന്തജാഗ്രത പുലര്‍ത്തിയാണ് ആക്രമണങ്ങളെ ചെറുക്കുന്നത്.

അമേരിക്ക സ്വാതന്ത്യ്രത്തിന്റെ സ്വര്‍ഗമാണെന്നാണ് പലരും പെരുമ്പറ മുഴക്കുന്നത്. മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയെ കണ്ടുപഠിക്കണമെന്ന സാരോപദേശം നല്‍കുന്നവരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്റെ രാജ്യം രഹസ്യങ്ങളുടെ കൂടാരമാണെന്ന് സ്വയം സമ്മതിച്ചിരിക്കുന്നു. ഭരണകൂട രഹസ്യങ്ങള്‍ ജനങ്ങളുമായി പങ്കിടാനുള്ളതല്ലെന്നും അദ്ദേഹം പറയുന്നു. ലക്ഷക്കണക്കിന് രഹസ്യങ്ങള്‍ കൂട്ടിലടച്ച് സൂക്ഷിച്ച അമേരിക്ക ജനങ്ങളുടെ അറിയാനുള്ള അവകാശത്തില്‍ വലിയ ശൂന്യത ഉണ്ടാക്കി. ഈ ശൂന്യതയിലേക്കാണ് വിക്കിലീക്സ് വിവരങ്ങളുടെ കുത്തൊഴുക്ക് സൃഷ്ടിച്ചത്.

*
സാജന്‍ എവുജിന്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 12 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജര്‍മന്‍ പൌരനായ ഖാലിദ് എല്‍ മസ്രിയെ 2003 ഡിസംബര്‍ 31ന് മസിഡോണിയയില്‍നിന്ന്് സിഐഎ ഏജന്റുമാര്‍ പിടികൂടി. ഭീകരവിരുദ്ധവേട്ടയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്. അഫ്ഗാനിസ്ഥാനിലെ രഹസ്യജയിലില്‍ മസ്രിയെ കൊടിയപീഡനത്തിന് വിധേയനാക്കി. ഇടിച്ചുപിഴിഞ്ഞിട്ടും രഹസ്യവിവരമൊന്നും കിട്ടാതെ വന്നപ്പോഴാണ് മസ്രി നിരപരാധിയാണെന്ന് സിഐഎയ്ക്ക് ബോധ്യമായത്. ജീവച്ഛവമായ മസ്രിയെ ഒടുവില്‍ അല്‍ബേനിയയിലെ തെരുവില്‍ ഉപേക്ഷിച്ചു. മസ്രി സ്വന്തം രാജ്യത്തെ കോടതി വഴി നീതി തേടി. 13 സിഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ജര്‍മന്‍കോടതി അറസ്റ്വാറന്റു പുറപ്പെടുവിച്ചു. ഇതോടെ രോഷാകുലരായ അമേരിക്കന്‍ ഭരണകൂടം ജര്‍മനിയിലെ എംബസി വഴി സമര്‍ദ്ദവും ഭീഷണിയും പ്രയോഗിച്ചു. നയതന്ത്രസമര്‍ദ്ദത്തിന് ഫലമുണ്ടായി. ജര്‍മന്‍കോടതിയിലെ നടപടികള്‍ സ്തംഭിച്ചു. ജര്‍മന്‍ നീതിന്യായവ്യവസ്ഥയെതന്നെ അമേരിക്ക തടസ്സപെടുത്തി.