Thursday, December 9, 2010

സ്വതന്ത്രസമുദായം വായിച്ചവര്‍

വായിക്കുന്നതിന് എത്രയോ മുമ്പേ രക്തത്തില്‍ കലര്‍ന്ന പുസ്തകത്തെക്കുറിച്ചാണ് എഴുതുന്നത്. പുസ്തകങ്ങള്‍ക്ക് അങ്ങനെയൊരു നിയോഗമുണ്ട്. സാഹിത്യം എന്നും പണ്ഡിതന്യൂനപക്ഷത്തിന്റെ കൈയിലാണല്ലോ. അപൂര്‍വം ചില കാലങ്ങളില്‍ സമൂഹം തിളച്ചുമറിയുമ്പോള്‍- വായനയും എഴുത്തും ജനകീയമാവും. ആരെങ്കിലും ചിലര്‍ എപ്പോഴെങ്കിലും വായിച്ചാല്‍ മതി. അതിന്റെ വെളിച്ചം ചുറ്റും പരക്കും. തലമുറകളിലൂടെ ദൌത്യം മുന്നോട്ടുപോകും. ചില പിതാമഹന്മാരെക്കുറിച്ച് കഥകളില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ചിലപ്പോഴൊക്കെ അവരെ കഥാപാത്രങ്ങളാക്കിയിട്ടുണ്ട്. ചരിത്രത്തില്‍ പതിയാതെ കടന്നുപോയ അവര്‍ പകര്‍ന്നുതന്നതാണ് എനിക്കുള്ള പരിമിതമായ ചരിത്രബോധം. പതിയപ്പെട്ട പേരല്ലല്ലോ കാര്യം. ജീവിച്ച ജീവിതമാകുന്നു. അത് മണ്ണിലും മരങ്ങളിലും അന്തരീക്ഷത്തിലും ജന്മജന്മാന്തരങ്ങളിലും കലരുന്നു. അസ്തിത്വവാദികളെ കബളിപ്പിച്ച് ജീവിതം അനന്തമാകുന്നത് അങ്ങനെ. മൂന്നു മുത്തച്ഛന്മാര്‍ക്കൊപ്പം ജീവിച്ച ബാല്യകാലം എനിക്ക് ഈടുറ്റ സ്മരണയാണ്.

മൂന്നുപേരില്‍ പ്രധാനി എന്നു പറയാവുന്ന ആള്‍ പ്രായംകുറഞ്ഞ സി കെ കൃഷ്ണന്‍മാഷാണ്. അച്ഛന്റെ ചെറിയച്ഛന്‍. നേരത്തേ മരിച്ചതുകൊണ്ട് അദ്ദേഹവുമായി വലിയ മട്ടില്‍ ഇടപെടാന്‍ അവസരമുണ്ടായിട്ടില്ല. അറുപതുകളുടെ ആദ്യം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായി അച്ഛന്‍ മത്സരിക്കുമ്പോള്‍ എതിര്‍പക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷ്ണന്‍മാഷ് നേതൃത്വംകൊടുക്കുന്നതിന്റെ ഓര്‍മ. കൊച്ചിരാജ്യ പ്രജാമണ്ഡലത്തിലൂടെ സോഷ്യലിസ്റ്റായും പിന്നെ കോണ്‍ഗ്രസായും മാറിയ അദ്ദേഹം കാട്ടൂര്‍ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. കാട്ടൂരിലെ എസ്എന്‍ഡിപി യോഗവും സഹകരണബാങ്കും ഈ മനുഷ്യന്റെ ശ്രമഫലമാണ്. രാഷ്ട്രീയത്തേക്കാള്‍ അധഃസ്ഥിതരുടെ ജീവിതവും സമരവുമായിരുന്നു മാഷ്ക്ക് മുഖ്യം. ദളിതര്‍ക്ക് വഴിനടക്കാനും പൊതുകുളങ്ങളില്‍ കുളിക്കാനും നടന്ന ശ്രമങ്ങളില്‍ മുന്നില്‍നിന്നു. അദ്ദേഹത്തിന്റെ കൈയൂക്കിന്റെ ബലത്തിലാണ് കാട്ടൂരിലെ പട്ടികജാതിവിഭാഗക്കാര്‍ ആദ്യമായി പൊഞ്ഞനം ക്ഷേത്രമതില്‍ക്കകത്തു കയറി അനുഷ്ഠാനകലകള്‍ അവതരിപ്പിച്ചത്. നൂറ്റാണ്ടുകളായി ആരാധിച്ചുപോന്ന ദേവിയുടെ മുമ്പാകെ നടത്തിയ അന്നത്തെ കാളകളിയുടെ ഉള്‍പ്പുളകം അതില്‍ പങ്കെടുത്ത പലരും പങ്കുവച്ചിട്ടുണ്ട്. കൃഷ്ണന്‍മാസ്റ്റര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് കാട്ടൂരിലെ എല്ലാ വായനശാലകളും കലാസമിതികളും. 'കേരള സഞ്ജയന്‍' എന്ന പേരില്‍ ഒരു മാസിക അദ്ദേഹം പുറത്തിറക്കി.

കൃഷ്ണന്‍മാസ്റ്ററുടെ ജ്യേഷ്ഠനും എന്റെ അച്ഛന്റെ അച്ഛനുമായ ചരുവില്‍ അയ്യപ്പക്കുട്ടി എന്ന മാന്യദേഹമാണ് രണ്ടാമത്തെയാള്‍. മാന്യദേഹം എന്നുതന്നെ പറയണം. കാരണം ഈ പേരു കേട്ടാല്‍ കാട്ടൂരും പരിസരവും കിടുകിടാ വിറയ്ക്കുമായിരുന്നു. കൈക്കരുത്തിന്റെ മൂര്‍ത്തിമദ്ഭാവം. ആറടിയിലേറെ പൊക്കം. ചുവന്ന ശരീരം. തേച്ചുമിനുക്കിയ കാക്കിക്കുപ്പായം. അതിന്മേല്‍ സ്വര്‍ണ ബട്ടണുകള്‍. കരയുന്ന തോല്‍ച്ചെരിപ്പ്. അസമിലും സിലോണിലുമായുള്ള പ്രവാസജീവിതം. കൃഷ്ണന്‍മാഷുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ ആള്‍ബലമായിട്ടാണ് ഇദ്ദേഹം രംഗത്തുവരുന്നത്. കൊണ്ടതിനും കൊടുത്തതിനും കണക്കില്ല. പിതാവിന്റെ പുലയടിയന്തിരം നടത്താന്‍ ഒരു ഈഴവന്‍ ശ്രമിച്ചതിന്റെ പേരില്‍ താണിശ്ശേരിയിലുണ്ടായ നായരീഴവ ലഹളമുതല്‍ നിരവധി സംഘട്ടനങ്ങളിലും ഈ പേര് പതിഞ്ഞു. മനപ്പറമ്പില്‍ നടന്ന ഘോരസംഘട്ടനത്തില്‍ മരിച്ചുവെന്ന് വിധിയെഴുതിയതാണ്. പിന്നെയും ജീവിച്ചു അരനൂറ്റാണ്ട്. പട്ടുപോലത്തെ പാവം തമ്പുരാക്കന്മാരെയും തിരുമേനിമാരെയും തീണ്ടിയും ധിക്കരിച്ചും കണ്ണീരുകുടിപ്പിച്ച് ശാപം വാങ്ങിയ ആള്‍ എന്ന വിമര്‍ശത്തിനും വിധേയനായി. വലിയ പൂരക്കമ്പക്കാരനാണ്. നാട്ടിലെ പേരുകേട്ട പൂരങ്ങള്‍ക്കും വേലകള്‍ക്കും അദ്ദേഹത്തെ അനുഗമിച്ചതിന്റെ ഓര്‍മ എനിക്കുണ്ട്. തൃശൂര്‍പൂരത്തിന്റെ തെക്കോട്ടിറക്കത്തില്‍ ആള്‍ത്തിരക്കിലുടെ നൂഴ്ന്നുനടന്നതിന്റെ കിടിലം. ഗുരുവായൂര്‍ ഏകാദശിക്ക് ചെറുവഞ്ചിയില്‍ നോക്കെത്താത്ത ചേറ്റുവാപ്പുഴ കടന്നത്. കരുവന്നൂര്‍പുഴയുടെ തീരത്തുകൂടി കിലോമീറ്ററുകള്‍ നടന്ന് ആറാട്ടുപുഴ പൂരം കണ്ടത്. പെരിങ്ങോട്ടുകര ഉത്സവത്തിന് രാത്രിയുടെ നിശ്ശബ്ദതയിലും തണുപ്പിലും കാനോലിക്കനാലിലൂടെ വഞ്ചിയില്‍ യാത്രചെയ്തത്. കാവുതുള്ളുന്ന കൊടുങ്ങല്ലൂര്‍ ഭരണിയുടെ ഉച്ചവെയില്‍. അല്‍പ്പസ്വല്‍പ്പം എഴുതാനും വായിക്കാനും നിശ്ചയമുണ്ടെന്നല്ലാതെ അദ്ദേഹത്തിനു പറയത്തക്ക വിദ്യാഭ്യാസമില്ല. പക്ഷേ 'ദൈവദശകവും' ആശാന്റെ 'ദുരവസ്ഥയും' 'ചണ്ഡാലഭിക്ഷുകിയും' കാണാപ്പാഠം. സന്ധ്യക്ക് കള്ളുകുടിച്ചു വന്നാലാണ് അതു പുറത്തുവരിക.

എന്റെ അമ്മയുടെ അച്ഛനാണ് മൂന്നാമത്തെയാള്‍. വടക്കൂട്ട് ആരോമലുണ്ണി. നീണ്ടകാലം പട്ടാളസേവനത്തിനുശേഷം നാട്ടില്‍ വന്നപ്പോള്‍ കുടുംബസ്വത്തിന്റെ തര്‍ക്കവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വക്കീല്‍ എം സി ജോസഫിനെ കാണേണ്ടിവന്നു. അതോടെ യുക്തിവാദിപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. നെഹ്റുവിന്റെ ആരാധകനും. 'കഥകളിലെ വീട്' എന്ന പുസ്തകത്തില്‍ അമ്മയുടെ വീടിനെപ്പറ്റി ഞാന്‍ എഴുതിയിട്ടുണ്ട്. നീണ്ടുകിടക്കുന്ന നെല്‍പ്പാടങ്ങള്‍ക്കിടയിലെ മരങ്ങള്‍ നിറഞ്ഞ തുരുത്തില്‍ ഇരുനില വീട്. കയ്യാലയും പടിപ്പുരയും. നെല്‍പ്പത്തായത്തില്‍ നെഹ്റുവിന്റെ പുസ്തകങ്ങള്‍. പഴുത്ത മാങ്ങയ്ക്കും ചക്കയ്ക്കും ഒപ്പമാണ് പുസ്തകങ്ങള്‍. 'വിശ്വചരിത്രാവലോകനം' വായിക്കുമ്പോള്‍ മാമ്പഴത്തിന്റെ മണവും ഞാന്‍ അനുഭവിച്ചു. നെഹ്റുവിന്റെ ആത്മകഥയില്‍ ജയിലില്‍ കൂട്ടുപുള്ളികളായിരുന്ന ഒരുപറ്റം ഷഡ്പദങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. അതു വായിക്കുമ്പോള്‍ പുസ്തകത്താളിലിരുന്ന് നെല്‍പ്പാറ്റകള്‍ തലയുയര്‍ത്തി നോക്കും.

യുക്തിവാദിമാസിക സ്ഥിരമായി തപാലില്‍ വരുത്തിയിരുന്നു. ആമുഖമായി സഹോദരന്‍ അയ്യപ്പന്റെ ശ്ളോകമുണ്ട്. 'യുക്തിയേന്തിയ മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതില്‍ ലഭിച്ചതല്ലാതില്ലൊന്നും ലോകവിജ്ഞാന രാശിയില്‍.' നാലാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഈ വരികള്‍ ഞാന്‍ കാണാപ്പാഠമാക്കിയിരുന്നു. പക്ഷേ മുത്തച്ഛന്‍ യുക്തിവാദിപ്രസ്ഥാനത്തില്‍ ഒതുങ്ങിയില്ല. നാല്‍പ്പതുകളിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനം അദ്ദേഹത്തെ ആകര്‍ഷിച്ചു. വീടിനെ പാര്‍ടിയുടെ കേരളത്തിലെ പ്രധാന ഒളിവുകേന്ദ്രമാക്കി. ഇ എം എസും, അച്യുതമേനോനും പി ഗംഗാധരനും ഇ ഗോപാലകൃഷ്ണമേനോനും അവിടെ താമസിച്ചിട്ടുണ്ട്. പരിയാരത്തെ ഇന്‍സ്പെക്ടര്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് വീട് ആക്രമിച്ചു. അമ്മയുടെ അച്ഛനെ അറസ്റ്റ്ചെയ്തു. ഭീകരമര്‍ദനത്തിനു വിധേയനാക്കി. പാര്‍ടി പിളര്‍ന്നശേഷം അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഉണ്ടായില്ല. കൃഷിയും വായനയുമായി കൂടി. വടക്കന്‍പാട്ടുകള്‍ ഉറക്കെ ചൊല്ലുന്ന ശീലമുണ്ട്. പിന്നെ ചെറിയൊരു ആനക്കമ്പവും. ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ഉത്സവം പതിനൊന്നു ദിവസമാണ്. എല്ലാ ദിവസവും പോവും. കൂത്ത്, കൂടിയാട്ടം, കഥകളി മേളം. അങ്ങനെ ആ ജീവിതവും കടന്നുപോയി. ഇവര്‍ മൂന്നുപേരും ഒറ്റയ്ക്കും കൂടിക്കലര്‍ന്നും കഥാപാത്രങ്ങളായി എന്റെ കഥകളില്‍ കടന്നുവന്നിട്ടുണ്ട്. ചരുവില്‍ അയ്യപ്പക്കുട്ടി അതേ പേരില്‍ 'കാട്ടൂരങ്ങാടിയിലെ ക്രൂരകൃത്യത്തില്‍' നിറഞ്ഞുനില്‍ക്കുന്നു. 'ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘുപന്യാസം എന്ന കഥയില്‍ സി കെ കൃഷ്ണന്‍മാഷും വടക്കൂട്ട് ആരോമലുണ്ണിയും കൂടിച്ചേര്‍ന്ന 'സി കെ സി' എന്ന കഥാപാത്രമുണ്ട്. 'മരം അറിയാതെ ഇല പൊഴിയണം' എന്ന കഥയിലും ഈ പാത്രമിശ്രിതം കാണാം. പിന്നെ 'പനങ്കുടിയിലെ റിക്കാഡ് പുര' തുടങ്ങിയ ഒരുപാട് കഥകളിലും.

ഏതാണ്ട് ഒരേ കാലത്താണ് ജീവിച്ചതെങ്കിലും തികച്ചും വിഭിന്നമായ കൈവഴികളാണ് മൂന്നുപേരും സ്വീകരിച്ചത്. സാമൂഹ്യോത്തരവാദത്തിന്റെ വ്യത്യസ്തമായ പകര്‍ന്നാട്ടങ്ങള്‍. എങ്ങനെ ഇങ്ങനെയൊരു പേരു കേള്‍പ്പിച്ച ചട്ടമ്പിയായി ത്തീര്‍ന്നു? എന്ന് ഞാന്‍ എന്റെ അച്ഛന്റെ അച്ഛനോട് പിന്നീട് ചോദിച്ചിട്ടുണ്ട്. അക്കാലത്ത് കൊച്ചിയിലെ ഒരീഴവന് തലയുയര്‍ത്തിപ്പിടിച്ച് നടക്കണമെങ്കില്‍ അങ്ങനെയാവാതെ വയ്യ എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളം ഭ്രാന്താലയമായിരുന്ന ആ കാലത്തും എന്റെ കുടുംബം അയിത്തമോ അതു സംബന്ധിച്ച അനാചാരങ്ങളോ അനുഭവിച്ചിട്ടില്ല എന്നു പറഞ്ഞാല്‍ സംഗതി തിരിയുമല്ലോ. മൂന്നുപേരും യൌവനത്തില്‍ വായിച്ച ഒരു പുസ്തകമുണ്ട്. വെറുതെ വായിക്കുകയല്ല. ജീവിതത്തെ ഇളക്കിമറിച്ചു കാണണം. ഞാനുമായി നടന്ന സംവാദങ്ങളിലെല്ലാം അവര്‍ ആ പുസ്തകത്തെ പരാമര്‍ശിക്കുന്നുണ്ട്. ഒരുപക്ഷേ വാക്കുകളും വരികളും അതേപടി ഉദ്ധരിച്ചിട്ടുണ്ട്. പുറത്തിറങ്ങിയ കാലത്ത് തിരുവിതാംകൂറിലും കൊച്ചിയിലും തുടര്‍ന്ന് മലബാറിലും നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്ത 'സ്വതന്ത്രസമുദായം' ഗ്രന്ഥകര്‍ത്താവ് ഇ മാധവന്‍. നാലപ്പാട്ട് നാരായണമേനോന്‍ 'പാവങ്ങള്‍' വിവര്‍ത്തനം ചെയ്തിട്ട് എത്രകാലമായിക്കാണും. നൂറ്റാണ്ടിനടുത്തായിട്ടുണ്ടാവും. അന്നത്തെ കേരളത്തിന്റെ സാക്ഷരതാ നിലവാരംവച്ച് എത്രപേര്‍ വായിച്ചിരിക്കും? പക്ഷേ അതുയര്‍ത്തിയ ആശയപ്രപഞ്ചം കേരളത്തിലെ ദേശീയപ്രസ്ഥാനത്തെ പുതുക്കിപ്പണിതു എന്നു പറയാം. സ്വത്ത് പ്രസ്ഥാനത്തിനു കൊടുത്ത് ജനങ്ങളുടെ ശേവുകക്കാരനായി ജീവിക്കാന്‍ തീരുമാനിച്ച ഇ എം എസിന്റെ ത്യാഗത്തില്‍ മാത്രമല്ല, ജീവിതത്തില്‍ ഒരിക്കലും ഒരു നോവലും വായിച്ചിട്ടില്ലാത്ത ഹോച്ചിമിന്‍ കുമാരേട്ടന്റെ ജീവിതത്തിലും ഡി.യിലെ മെത്രാനെ നമുക്കു വായിച്ചെടുക്കാം.

കുട്ടിക്കാലത്ത് കുടുംബസദസ്സുകളിലും പിന്നീട് നവോത്ഥാനത്തെക്കുറിച്ചു നടത്തിയ അന്വേഷണങ്ങളിലും നിരന്തരമായി പരാമര്‍ശിച്ചുകേട്ട 'സ്വതന്ത്രസമുദായം' ഞാന്‍ വായിക്കുന്നത് അടുത്തകാലത്താണ്. റഫറന്‍സിന് അവലംബിക്കുന്ന തൃശൂരിലെ അക്കാദമി ലൈബ്രറിയില്‍ അത് ഉണ്ടായിരുന്നില്ല. 1934ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന് നീണ്ടവര്‍ഷങ്ങള്‍ക്കുശേഷം 1979ല്‍ രണ്ടാം പതിപ്പ്. അതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ഇപ്പോള്‍ എന്റെ കൈയില്‍. 'ഖസാക്ക്' തലയ്ക്കുപിടിച്ചവര്‍ പറയാറുള്ള ഒരു പാതിഫലിതം ഉപയോഗിച്ചു പറയട്ടെ: വായിച്ചപ്പോള്‍ പുസ്തകം അപരിചിതമായി തോന്നിയില്ല. ഉണര്‍ന്നുകഴിഞ്ഞ അധഃസ്ഥിത മനുഷ്യന്റെ ആത്മപ്രഘോഷണം വരികളില്‍ മുഴങ്ങുന്നുണ്ട്. 1924ല്‍ വൈക്കം സത്യഗ്രഹം. വൈക്കം കായലിന്റെ പടിഞ്ഞാറെക്കരയിലെ വയലാറും, തൊട്ടപ്പുറത്തെ ആലപ്പുഴയും പുതിയ യുഗം സൃഷ്ടിക്കാനൊരുമ്പെടുകയാണ്. അതിനിടയിലാണ് 'സ്വതന്ത്രസമുദായത്തി'ന്റെ ജനനം. പ്രഭാത് പതിപ്പിന്റെ അവതാരികയില്‍ എം കെ കുമാരന്‍ എഴുതുന്നു. വൈക്കം സത്യഗ്രഹത്തില്‍ ഈഴവജനസാമാന്യം അത്യധികമായ താല്‍പ്പര്യം പ്രകടിപ്പിച്ചു. അവര്‍ ആളുകൊണ്ടും അര്‍ഥംകൊണ്ടും സത്യഗ്രഹത്തിന്റെ വിജയത്തിനായി ആവതെല്ലാം ചെയ്തു. എന്നാല്‍ സത്യഗ്രഹത്തിന്റെ പരിണാമം ഈഴവരെ കഠിനമായി നിരാശപ്പെടുത്തുന്നതായിരുന്നു. സവര്‍ണഹിന്ദുക്കളെയോ കോണ്‍ഗ്രസിനെയോ കൂട്ടുപിടിച്ച് സ്വാതന്ത്ര്യം നേടാനുള്ള പരിശ്രമം പാഴ്വേലയാണെന്ന് അവര്‍ക്ക്, പ്രത്യേകിച്ചും യുവാക്കള്‍ക്ക് ബോധ്യമായി.

അധഃസ്ഥിതരെ ചവിട്ടിത്തേക്കുന്ന ഹിന്ദുമതത്തില്‍നിന്നു പുറത്തു കടക്കുക എന്ന ആശയം കേരളീയ നവോത്ഥാനത്തെ ഒരു ഘട്ടത്തില്‍ പ്രക്ഷുബ്ധമാക്കി. മതപരിവര്‍ത്തനം ചെയ്യാം എന്ന് കുറേ പേര്‍ വാദിച്ചു. ബുദ്ധമതമാണ് ഉല്‍പ്പതിഷ്ണുക്കള്‍ ലക്ഷ്യംവച്ചത്. 1933ല്‍ ചേര്‍ത്തലയില്‍ സി കേശവന്റെ അധ്യക്ഷതയില്‍ അഖില തിരുവിതാംകൂര്‍ ഈഴവ യുവജനസമാജം രൂപംകൊണ്ടു. ഈഴവര്‍ ഹിന്ദുക്കളല്ലെന്ന് പ്രഖ്യാപിക്കണമെന്ന് യോഗം എസ്എന്‍ഡിപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. അടുത്തവര്‍ഷം പട്ടണക്കാട് നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ഇ മാധവന്‍. അന്ന് അദ്ദേഹം നടത്തിയ ഉജ്വലമായ പ്രഭാഷണമാണ് 'സ്വതന്ത്രസമുദായം' എന്ന പുസ്തകത്തിന് സംഗതിയായത്. കേരളീയ ജീവിതത്തിന്റെ അടിസ്ഥാനമേഖലകളെ പ്രോജ്വലിപ്പിച്ച പുതിയ ചരിത്രഘട്ടത്തെ നവോത്ഥാനത്തിന്റെ രണ്ടാം ഘട്ടത്തെ പുസ്തകം ഉല്‍ഘാടനം ചെയ്യുന്നുണ്ട്. മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും നിവര്‍ത്തന പ്രക്ഷോഭവും ക്ഷേത്ര പ്രവേശന വിളംബരവും കഴിഞ്ഞതോടെ അധഃസ്ഥിത ജാതിസംഘങ്ങളിലെ മേല്‍ത്തട്ടുകാര്‍ ആയുധംവയ്ക്കുന്നു. പിന്നീട് സമുദായനേതാക്കളെ കാണുന്നത് സര്‍ സി പിയോടൊപ്പമാണ്. തിരുവിതാംകൂറിലെ ദേശീയസമരങ്ങള്‍ തല്ലിയൊതുക്കാന്‍ തോക്കിനേക്കാള്‍ നല്ല ഉപകരണങ്ങളായി ഈ നേതാക്കളെ സി പി ഉപയോഗിച്ചു. പക്ഷേ നവോത്ഥാന പ്രക്ഷോഭങ്ങളുടെ ആദ്യകാല നേട്ടങ്ങള്‍ പിന്നോക്കസമുദായങ്ങളിലെ സാമാന്യജനതയെ തൃപ്തരാക്കിയില്ല. സര്‍ക്കാരുദ്യോഗവും ക്ഷേത്രപ്രവേശനവും വലിയ സംഗതികളായി അവര്‍ കണക്കാക്കി. അതൊരു തുടക്കമായിട്ടാണ് പരിഗണിച്ചത്. അതിനപ്പുറം ജീവിതത്തിന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ ബാക്കിയായി. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, മെച്ചപ്പെട്ട തൊഴില്‍സാഹചര്യങ്ങള്‍, ന്യായമായ കൂലി. എല്ലാറ്റിനുംമേലെ വാ പിളര്‍ന്നു നില്‍ക്കുന്ന ജന്മിമുതലാളിത്തം. അതിനെ സംരക്ഷിക്കുന്ന രാജവാഴ്ചയും സാമ്രാജ്യത്വവും. ജാതിമത ഭേദമന്യേ സാധാരണ മനുഷ്യന്റെ മോചനയാത്ര അവിടെന്നുമുതല്‍ ആരംഭിക്കുകയാണ്. കാള്‍ മാര്‍ക്സിനെയും സോവിയറ്റ് വിപ്ളവത്തെയും പേര്‍ത്തും പേര്‍ത്തും പരാമര്‍ശിച്ച് 'സ്വതന്ത്രസമുദായം' ആ യാത്രയ്ക്ക് വെളിച്ചംപകര്‍ന്നു.

മതേതര ജീവിതത്തെക്കുറിച്ച് തീവ്രമായി ആലോചിക്കുന്നു എന്നതുകൊണ്ടാണ് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ 'സ്വതന്ത്രസമുദായം' പ്രസക്തമാകുന്നത്. സാമ്പ്രദായിക മതേതരത്വവും ദേശീയതയും പൊതുസംസ്കാരവും പുനര്‍നിര്‍ണയത്തിനു വിധേയമാകേണ്ടതുണ്ടെന്ന ചിന്തയെ പുസ്തകം തീര്‍ച്ചയായും സഹായിക്കും. തങ്ങളുടെ മതങ്ങള്‍ക്കകത്ത് കലാപം നടത്തി പുറത്തുവരുന്ന ഉല്‍പ്പതിഷ്ണുക്കള്‍ക്ക് നില്‍ക്കാന്‍ ഒരിടമില്ലാതാവുന്നു എന്ന യാഥാര്‍ഥ്യം ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ പ്രതിസന്ധിയാണ്. പ്രത്യേകിച്ചും ഹൈന്ദവേതര ന്യൂനപക്ഷങ്ങളില്‍നിന്നു വരുന്നവരെ സംബന്ധിച്ച്. മേധാവിത്വം വഹിക്കുന്ന ഭൂരിപക്ഷ മതത്തിന്റെ അടുക്കളപ്പുറത്തായിരിക്കും പലപ്പോഴും അംഗീകൃത മതേതരത്വത്തിന്റെ ഇരിപ്പ്. രണ്ടാം പതിപ്പിന്റെ അവതാരികയില്‍ പുസ്തകത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് സൂക്ഷ്മമായ വിശകലനമാണ് എം കെ കുമാരന്‍ നടത്തുന്നത്. 'ഇ മാധവന്‍ ആക്ഷേപിച്ച മതമൂഢതകളും അന്ധവിശ്വാസങ്ങളും ഇന്നും കൊടികുത്തിവാഴുന്നു. ഹിന്ദു റിവൈവലിസം രാജ്യത്തിനൊരു വമ്പിച്ച ഭീഷണിയായി തീര്‍ന്നിരിക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രീയനേതാക്കളും ദേശീയ കവികളും ദേശാഭിമാനം ഉജ്വലിപ്പിക്കാന്‍ കുറുക്കുവഴി തേടിയതിന്റെ ഫലമായാണ് ഹിന്ദു റിവൈവലിസത്തിന് മാന്യത ലഭിച്ചത്. മതേതര മനുഷ്യജീവന് ഒരിടം 1943ല്‍ത്തന്നെ കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ടു എന്നത് എത്ര അഭിമാനകരമാണ്.'

*
അശോകന്‍ ചരുവില്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വായിക്കുന്നതിന് എത്രയോ മുമ്പേ രക്തത്തില്‍ കലര്‍ന്ന പുസ്തകത്തെക്കുറിച്ചാണ് എഴുതുന്നത്. പുസ്തകങ്ങള്‍ക്ക് അങ്ങനെയൊരു നിയോഗമുണ്ട്. സാഹിത്യം എന്നും പണ്ഡിതന്യൂനപക്ഷത്തിന്റെ കൈയിലാണല്ലോ. അപൂര്‍വം ചില കാലങ്ങളില്‍ സമൂഹം തിളച്ചുമറിയുമ്പോള്‍- വായനയും എഴുത്തും ജനകീയമാവും. ആരെങ്കിലും ചിലര്‍ എപ്പോഴെങ്കിലും വായിച്ചാല്‍ മതി. അതിന്റെ വെളിച്ചം ചുറ്റും പരക്കും. തലമുറകളിലൂടെ ദൌത്യം മുന്നോട്ടുപോകും. ചില പിതാമഹന്മാരെക്കുറിച്ച് കഥകളില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ചിലപ്പോഴൊക്കെ അവരെ കഥാപാത്രങ്ങളാക്കിയിട്ടുണ്ട്. ചരിത്രത്തില്‍ പതിയാതെ കടന്നുപോയ അവര്‍ പകര്‍ന്നുതന്നതാണ് എനിക്കുള്ള പരിമിതമായ ചരിത്രബോധം. പതിയപ്പെട്ട പേരല്ലല്ലോ കാര്യം. ജീവിച്ച ജീവിതമാകുന്നു. അത് മണ്ണിലും മരങ്ങളിലും അന്തരീക്ഷത്തിലും ജന്മജന്മാന്തരങ്ങളിലും കലരുന്നു. അസ്തിത്വവാദികളെ കബളിപ്പിച്ച് ജീവിതം അനന്തമാകുന്നത് അങ്ങനെ. മൂന്നു മുത്തച്ഛന്മാര്‍ക്കൊപ്പം ജീവിച്ച ബാല്യകാലം എനിക്ക് ഈടുറ്റ സ്മരണയാണ്.