Wednesday, December 22, 2010

സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശം: മാധ്യമ വാര്‍ത്തകളും വസ്തുതകളും

കേരള സര്‍വകലാശലാ സെനറ്റിലേയ്ക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദേശം വിവാദമായിട്ട് ഏറെക്കാലമായി. ഇക്കഴിഞ്ഞ ഡിസംബര്‍ 18 ന് 13 പേരുടെ പട്ടികയില്‍ വിവാദങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. ഡിസംബര്‍ 19 ലെ പത്രവാര്‍ത്തകളും 18 ലെ സായാഹ്നത്തില്‍ ചില ചാനലുകള്‍ നടത്തിയ ഫ്‌ളാഷുകളിലും അവരവര്‍ക്കാവശ്യമായ നിലയില്‍ വാര്‍ത്തകളെ എഴുന്നള്ളിച്ചു. ഗവര്‍ണര്‍ ഒപ്പുവെച്ചപ്പോള്‍ ഒഴിവാക്കപ്പെട്ടവരാകെ ഈ ദൃശ്യ-അച്ചടിമാധ്യമങ്ങള്‍ക്ക് അഴിമതിക്കാരായിരുന്നു.

''ഗവര്‍ണര്‍ വെട്ടി, ആരോപിതരായ നേതാക്കള്‍ സെനറ്റിനു പുറത്ത്'' എന്ന് മുഖ്യതലക്കെട്ടില്‍ ''നീക്കം പാളി; സര്‍ക്കാരിനു ക്ഷീണം'' എന്ന അകമ്പടിയോടെ മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു; അസിസ്റ്റന്റ് നിയമന അഴിമതിക്കേസിലെ ആരോപണവിധേയര്‍ ഉള്‍പ്പെടെ മുന്‍ സിന്‍ഡിക്കേറ്റില്‍ അംഗങ്ങളായിരുന്ന മുഴുവന്‍ പേരെയും ഒഴിവാക്കി 13 പേരെ കേരള സര്‍വകലാശാലാ സെനറ്റിലേയ്ക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തു. ഗവര്‍ണര്‍ വെട്ടിയ പേരുകള്‍ എ എ റഷീദ്, ബി എസ് രാജീവ്, സി ഭാസ്‌കരന്‍, വി പി ഉണ്ണികൃഷ്ണന്‍, അശോക് കുമാര്‍ എന്നിവയാണെന്നും വാര്‍ത്ത തുടര്‍ന്നു പറഞ്ഞു. അതായത് ഈ പേരുകാരാകെ അഴിമതിക്കേസിലെ ആരോപണ വിധേയര്‍ എന്ന് വായനക്കാര്‍ വിശ്വസിച്ചുകൊള്ളണം.

മാതൃഭൂമി പത്രം ''കേരള സെനറ്റ്: മുന്‍ സിന്‍ഡിക്കേറ്റിലെ നാലംഗങ്ങളെയും ഗവര്‍ണര്‍ ഒഴിവാക്കി'' എന്ന തലക്കെട്ടിനു കീഴില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു; സര്‍വകലാശാലാ അസിസ്റ്റന്റ് നിയമന തട്ടിപ്പു നടന്ന കാലയളവില്‍ സിന്‍ഡിക്കേറ്റംഗങ്ങളായിരുന്ന ബി എസ് രാജീവ്, എ എ റഷീദ്, സി ഭാസ്‌കരന്‍, വി പി ഉണ്ണികൃഷ്ണന്‍ എന്നിവരെയും സെനറ്റിലുണ്ടായിരുന്ന ആര്‍ അശോകിനെയുമാണ് ചാന്‍സലറായ ഗവര്‍ണര്‍ ഒഴിവാക്കിയത്''.

'നിയമനതട്ടിപ്പിനു ചുക്കാന്‍പിടിച്ചവരെ' സെനറ്റിലുള്‍പ്പെടുത്തരുതെന്ന് ചാന്‍സലറായ ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ ഡോ. ജയകൃഷ്ണനും നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ഈ നിര്‍ബന്ധബുദ്ധിയുടെ ഫലമായാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നും ചില ദൃശ്യമാധ്യമങ്ങളും ഫ്‌ളാഷ് വാര്‍ത്തകള്‍ നല്‍കുന്ന മത്സരത്തിനിടയില്‍ വെച്ചുകാച്ചി.

എത്രമേല്‍ വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യങ്ങളെ നോക്കി പല്ലിളിക്കുന്നതുമാണ് ഈ വാര്‍ത്തകള്‍ എന്ന് തിരിച്ചറിയുമ്പോഴാണ് ഫ്‌ളാഷ് വാര്‍ത്തകളുടെയും എക്‌സ്‌ക്ലുസീവ് വാര്‍ത്തകളുടെയും പുറംപൂച്ച് പുറത്താവുന്നത്. അസിസ്റ്റന്റ് നിയമന കാലത്ത് സെനറ്റില്‍ പോലും അംഗമല്ലാതിരുന്ന വ്യക്തിയാണ് പത്രപ്രവര്‍ത്തക മണ്ഡലത്തില്‍ നിന്ന് സെനറ്റിലും സിന്‍ഡിക്കേറ്റിലുമെത്തിയ വി പി ഉണ്ണികൃഷ്ണന്‍. 2008 ഡിസംബര്‍ 27 നാണ് വി പി ഉണ്ണികൃഷ്ണന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമാവുന്നത്. 2010 മാര്‍ച്ച് 26 ന് അദ്ദേഹത്തിന്റെ കാലാവധി കഴിയുകയും ചെയ്തു. അസിസ്റ്റന്റ് നിയമനം നടന്നതിനുശേഷം ലോകായുക്തയില്‍ കേസ് വിചാരണ അന്തിമ ഘട്ടത്തിലാവുകയും ചെയ്തപ്പോഴാണ് വി പി ഉണ്ണികൃഷ്ണന്‍ സെനറ്റ് അംഗമായതുപോലും. എന്നിട്ടും ചില മാധ്യമങ്ങള്‍ കുറ്റാരോപിതരുടെ പട്ടികയില്‍ വി പി ഉണ്ണികൃഷ്ണനെയും ഉള്‍പ്പെടുത്തി. അസിസ്റ്റന്റ് നിയമന പ്രക്രിയയുമായി ബന്ധപ്പെട്ട കേസില്‍ ഒരു തരത്തിലും പരാമര്‍ശിക്കപ്പെടാത്ത സി ഭാസകരനും മാധ്യമങ്ങളുടെ മുന്നില്‍ കുറ്റാരോപിതന്‍ തന്നെ. ഇതാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തനമെന്നത് മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന ആരെയും ലജ്ജിപ്പിക്കും.

ആരെയും അഴിമതിക്കാരാക്കാന്‍ കഴിയുമെന്ന ധാര്‍ഷ്ട്യം പുലര്‍ത്തുന്നവര്‍, ആ ധാര്‍ഷ്ട്യ പ്രകടനത്തിനിടയില്‍ അക്കാലത്ത് കമ്മിറ്റിയില്‍ ആരാര് ഉണ്ടായിരുന്നു എന്നുപോലും അന്വേഷിക്കുവാന്‍ മെനക്കെടുന്നില്ല. ആരോപണം ഉന്നയിക്കപ്പെട്ട വിഷയം അരങ്ങേറുന്ന ഘട്ടത്തില്‍ സെനറ്റിലോ സിന്‍ഡിക്കേറ്റിലോ അംഗമല്ലാതിരുന്ന ഒരാളെ 'കുറ്റാരോപിതന്‍' എന്നു മുദ്രകുത്തുമ്പോള്‍ നടത്തുന്ന ക്രൂരത മാധ്യമ ധര്‍മ്മങ്ങള്‍ക്ക് നിരക്കുന്നതാണോ എന്ന് ആലോചിക്കേണ്ടതാണ്.

അതുപോലെ പ്രധാനമായ മറ്റൊന്നുണ്ട്. ആര്‍ക്കും ആരെയും കുറിച്ച് ആക്ഷേപവും ആരോപണവും ഉന്നയിക്കാം. പക്ഷേ അതെല്ലാം സത്യമായിക്കൊള്ളണമെന്നില്ല. നിയമ വ്യവഹാരങ്ങള്‍ക്കൊടുവില്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ മാത്രമേ ഒരാള്‍ കുറ്റവാളിയാവുന്നുള്ളൂ. അതിനുമുമ്പു തന്നെ അവരെയൊക്കെയും കുറ്റവാളികള്‍ എന്ന് മുദ്രകുത്തുന്നതും തെറ്റാണ്. പ്രത്യേകിച്ചും മാധ്യമങ്ങള്‍ അതുചെയ്യുമ്പോള്‍. ആരോപണങ്ങള്‍ ശരിയെന്ന് നിയമവ്യവസ്ഥയ്ക്ക് മുന്നില്‍ തെളിയുന്നതുവരെ ഒരുകൂട്ടം പൊതുപ്രവര്‍ത്തകര്‍ അഴിമതിക്കാരാണെന്ന് വിധി കല്‍പ്പിക്കുന്ന മാധ്യമ പ്രവണത തെല്ലും ശരിയല്ല. പ്രത്യേകിച്ചും മാധ്യമ പ്രവര്‍ത്തകരുടെ അതിഗൂഢ പ്രവര്‍ത്തനങ്ങളും ഇടനിലക്കാരുടേതായ വേഷങ്ങളും പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ കുറ്റാരോപിതരെന്ന് മാധ്യമങ്ങള്‍ നേരത്തെ കണ്ടെത്തി അവതരിപ്പിക്കുന്നവരോടും ഇപ്പോള്‍ അങ്ങനെ മുദ്രകുത്തുന്നവരോടും അവര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് ഈ മാധ്യമങ്ങള്‍ ആരായുകയോ അവരുടെ അഭിപ്രായം വായനക്കാരെ അറിയിക്കുകയോ ചെയ്തിട്ടില്ല.

സര്‍വകലാശാല ഭരണസമിതിയിലേക്ക് അനുയോജ്യമായ വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യേണ്ട അവകാശം ചാന്‍സലര്‍ക്കു തന്നെയാണ്. എന്നാല്‍, പ്രോ-ചാന്‍സലറുടെയും സര്‍ക്കാരിന്റെയും അഭിപ്രായം കൂടി മാനിക്കപ്പെടേണ്ടതുണ്ട്. ആ മര്യാദ പാലിക്കാതെ, സ്വേച്ഛാധിപത്യ പ്രവണത പ്രകടമായപ്പോഴൊക്കെ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ അതിശക്തമായ നിലയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കേരളത്തില്‍ തന്നെ രാം ദുലാരി സിന്‍ഹയും സുഖ്‌ദേവ് സിംഗ് കാംഗും ഗവര്‍ണര്‍മാരായിരുന്നപ്പോള്‍ ഒറ്റപ്പെട്ട ചില പ്രവണതകള്‍ പ്രകടിപ്പിക്കുകയുണ്ടായി. അന്ന് അതിശക്തമായ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നുവന്നു. 2010 ഏപ്രില്‍ അവസാനം മുതല്‍ സര്‍ക്കാര്‍ നല്‍കിയ പട്ടിക വെച്ചു താമസിപ്പിക്കുകയും ഒടുവില്‍ തന്നിഷ്ടപ്രകാരം തീരുമാനമെടുക്കുകയുമാണ് ഗവര്‍ണര്‍ ചെയ്തതെങ്കില്‍ സര്‍ക്കാരിനു മേലുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണത്. ഗവര്‍ണര്‍ക്ക് സ്വാഭാവികമായ നിലയില്‍ അവകാശം ഉണ്ടായിരിക്കാം. പക്ഷേ ഒരു സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വത്തില്‍ ഗവര്‍ണര്‍ക്കും നിര്‍ണായകമായ പങ്ക് നിര്‍വഹിക്കുവാനുണ്ട് എന്നത് വിസ്മരിക്കരുത്.

ഈ ഗൗരവമേറിയ വിഷയം ചര്‍ച്ച ചെയ്യാന്‍ മുതിരാതെ, വിവാദ വിഷയം അരങ്ങേറുമ്പോള്‍ സെനറ്റില്‍ പോലും അംഗമല്ലാതിരുന്നവരെ കുറ്റാരോപിതര്‍ എന്ന് മുദ്രകുത്തുകയും ഏതെങ്കിലും ആരോപണം ഉയര്‍ന്നാല്‍ അവരൊക്കെ അഴിമതിക്കാരെന്ന് തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്യുന്ന മാധ്യമ പ്രവണത ഒട്ടും ഗുണകരമല്ലതന്നെ.

*
രവി കടപ്പാട്: ജനയുഗം ദിനപത്രം 21 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...