Saturday, December 18, 2010

തൊഴിലാളികളുടെ പ്രിയപ്പെട്ട പാപ്പാ

പാപ്പാ ഉമാനാഥ് അന്തരിച്ചു

തിരുച്ചിറപ്പള്ളി: രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും സിപിഐ എം കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ പാപ്പാ ഉമാനാഥ് (80) അന്തരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ആര്‍ ഉമാനാഥിന്റെ ഭാര്യയാണ്. വെള്ളിയാഴ്ച വൈകിട്ട് ആറിന് തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച വൈകിട്ട് നാലിന് സിപിഐ എം തിരുച്ചിറപ്പള്ളി ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്കാരം നടത്തും.
തമിഴ്നാട്ടില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സ്ഥാപകനേതാക്കളില്‍ ഒരാളാണ്. നിരവധി തവണ ജയില്‍വാസം അനുഭവിക്കുകയും പൊലീസ് മര്‍ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. 1989ല്‍ തിരുച്ചിറപ്പള്ളി തുരുവെരുമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്നാട്ടിലെ കാരയ്ക്കല്‍ കോവില്‍പത്ത് ഗ്രാമത്തില്‍ 1931 ആഗസ്ത് അഞ്ചിന് പക്കിരിസ്വാമിയുടെയും ലക്ഷ്മിയമ്മാളിന്റെയും മകളായി ജനിച്ചു. ധനലക്ഷ്മി എന്നാണ് യഥാര്‍ഥ പേര്. മക്കള്‍: മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ സെക്രട്ടറിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ യു വാസുകി, ലക്ഷ്മിനേത്രാവതി, നിര്‍മലാറാണി. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട്, കെ വരദരാജന്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

തൊഴിലാളികളുടെ പ്രിയപ്പെട്ട പാപ്പാ

ധനലക്ഷ്മി എന്ന ഗ്രാമീണ പെണ്‍കുട്ടി തമിഴകത്തെ തൊഴിലാളികളുടെ പാപ്പാ (കുട്ടി)യായി വളര്‍ന്ന ജീവിതകഥയ്ക്ക് ത്യാഗപൂര്‍ണവും ആവേശോജ്വലവുമായ അധ്യായങ്ങളുണ്ട്. ദാരിദ്ര്യം പാപ്പായുടെ ജീവിതം ദുരിതപൂര്‍ണമാക്കിയെങ്കിലും അനുഭവങ്ങള്‍ സമ്മാനിച്ചത് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത്. ഒന്നരവയസ്സുള്ളപ്പോള്‍ അച്ഛന്‍ പക്കിരിസ്വാമി മരിച്ചു. പിന്നീട് തിരുച്ചിറപ്പള്ളിക്കടുത്ത പൊന്മലയില്‍ സഹോദരനൊപ്പം താമസമായി. അദ്ദേഹം റെയില്‍വേ തൊഴിലാളിയായിരുന്നു. അമ്മ ലക്ഷ്മിയമ്മാള്‍ മക്കളെ പോറ്റാന്‍ പപ്പടം, മുറുക്ക്, ഇഡ്ഡലി എന്നിവ ഉണ്ടാക്കി റെയില്‍വേ തൊഴിലാളികള്‍ക്ക് വിറ്റു. ലക്ഷ്മിയമ്മാളുടെ ഈ കൊച്ചുഹോട്ടലില്‍നിന്നാണ് റെയില്‍വേ തൊഴിലാളി നേതാക്കളായ എം കല്യാണസുന്ദരം, ജെ പി പുരുഷോത്തമന്‍, പരമശിവം, അനന്തന്‍നമ്പ്യാര്‍, ആദികേശവലുറെഡ്യാര്‍ എന്നിവര്‍ ഭക്ഷണം കഴിച്ചിരുന്നത്. ഇവര്‍ക്കെല്ലാം ഓടിച്ചാടി നടന്ന് ഭക്ഷണം നല്‍കാന്‍ മുന്നില്‍നിന്നത് നാലുവയസ്സുകാരി ധനലക്ഷ്മി. നേതാക്കളും തൊഴിലാളികളും അവരെ പാപ്പാ എന്നുവിളിച്ചു. സഹോദരന്‍ കല്യാണസുന്ദരത്തെ പഠിപ്പിക്കാനായി മൂന്നാംക്ളാസോടെ പാപ്പാ പഠിപ്പ് നിര്‍ത്തി.

പൊന്മലയില്‍ ബാലസംഘം തുടങ്ങിയപ്പോള്‍ പാപ്പാ സജീവപ്രവര്‍ത്തകയായി. അവിടെ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പ്രകടനത്തില്‍ പാപ്പായും പങ്കെടുത്തു. പ്രകടനക്കാരെ പൊലീസ് അറസ്റുചെയ്തു. പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ പാപ്പായെ വെറുതെ വിട്ടു. 1945ല്‍ പൊന്മലയ്ക്കടുത്ത ഉറയൂരില്‍ ശിങ്കാരവേലു എന്നയാള്‍ വീടിനുമുകളില്‍ ചെങ്കൊടി ഉയര്‍ത്തി. ചെങ്കൊടി മാറ്റാന്‍ കോഗ്രസുകാര്‍ ആവശ്യപ്പെട്ടു. ശിങ്കാരവേലു ആവശ്യം തള്ളി. കോണ്‍ഗ്രസുകാര്‍ ശിങ്കാരവേലുവിനെ കുത്തിക്കൊന്നു. അദ്ദേഹത്തിന്റെ മൃതദേഹവുമായി നടന്ന വിലാപയാത്രയ്ക്കുനേരെ ലാത്തിച്ചാര്‍ജ് നടന്നു. പാപ്പായ്ക്കും അമ്മയ്ക്കും കടുത്ത മര്‍ദനമേറ്റു. പ്രകടനത്തില്‍ പങ്കെടുത്ത 20 തൊഴിലാളികളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. റെയില്‍വേ തൊഴിലാളികള്‍ 1946 ജൂണ്‍, ജൂലൈ മാസങ്ങളില്‍ പണിമുടക്കി. തുടര്‍ന്ന് പൊന്മലയിലുണ്ടായ ജനകീയപ്രക്ഷോഭത്തില്‍ രക്തസാക്ഷികളായ കുടുംബങ്ങളെ സംരക്ഷിക്കാന്‍ മഹിളാസംഘം തീരുമാനപ്രകാരം ഫണ്ടുപിരിവ് നടത്തിയ പാപ്പായുടെ അമ്മയെയും മറ്റ് ഏഴ് സ്ത്രീകളെയും അറസ്റ്റു ചെയ്ത് തിരുച്ചിറപ്പള്ളി ജയിലിലടച്ചു.

1948ല്‍ റെയില്‍വേ തൊഴിലാളികളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയതിനെതുടര്‍ന്ന് ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുകയും പാര്‍ടി നിരോധിക്കുകയും ചെയ്തപ്പോള്‍ പാപ്പായും അമ്മയും ചെന്നൈയില്‍ പോയി. ഇക്കാലത്താണ് ആര്‍ ഉമാനാഥ് ചെന്നൈയിലെത്തുന്നത്. അവിടെവച്ചാണ് പാപ്പായെ ഉമാനാഥ് കാണുന്നത്. 1950ല്‍ ഉമാനാഥും പാപ്പായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞസ്ഥലം പൊലീസ് വളഞ്ഞു. ഉമാനാഥും ലക്ഷ്മിയമ്മാളും പാപ്പായും അറസ്റ്റിലായി. ജയിലിലെ ക്രൂരതകള്‍ക്കെതിരെ ഉമാനാഥും ലക്ഷ്മിയമ്മാളും പാപ്പായുമുള്‍പ്പെടെ നിരാഹാരംകിടന്നു. 23-ാംദിവസം ലക്ഷ്മിയമ്മ മരിച്ചു. അമ്മയെ ഒരുനോക്കുകാണാന്‍പോലും മറ്റൊരു സെല്ലിലായിരുന്ന പാപ്പായെ ജയില്‍ അധികാരികള്‍ അനുവദിച്ചില്ല. ജയില്‍മോചിതയായ പാപ്പാ പൊന്മലയിലെത്തി വീണ്ടും തൊഴിലാളിസംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. റെയില്‍വേ തൊഴിലാളി യൂണിയന്റെ പത്രമായ തൊഴിലരശിന്റെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചു. പിന്നീട് കുറെക്കാലം എംഎല്‍എയായിരുന്ന പാപ്പാ തമിഴ്നാട് നിയമസഭയില്‍ സ്ത്രീകളുടെ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രത്യേക ശ്രദ്ധപതിപ്പിച്ചു.

സമരപഥങ്ങളിലെ മുന്നണിപ്പോരാളി

പത്താംവയസില്‍ പാപ്പാഉമാനാഥ് തുടങ്ങിയ രാഷ്ട്രീയ ജീവിതം എന്നും മാതൃകയാണ്. ജീവിതാവസാനംവരെ സിപിഐഎമ്മിന്റേയും സിഐടിയുവിന്റേയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജീവിതപ്പാതയില്‍ മഹാദുരിതത്തിലൂടെയാണ് പാപ്പാ വളര്‍ന്നത്. ജയിലില്‍ നിരാഹാരമനുഷ്ഠിച്ച് ജീവന്‍വെടിഞ്ഞ അമ്മയുടെ തളരാത്ത ഓര്‍മകളുമായി പാപ്പാഉമാനാഥ് സ്ത്രീകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള എണ്ണമറ്റ പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്നു. അവരുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് പ്രചോദനമായി. സിപിഐ എമ്മിലും മഹിളാ അസോസിയേഷനിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. നിയമസഭാംഗമെന്ന നിലയിലും നാടിനാകെ മാതൃകയാവാന്‍ കഴിഞ്ഞു. കുടുംബത്തെ മുഴുവന്‍ പാര്‍ടിയിലേക്ക് കൊണ്ടുവരുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തിയത്. സഹായം തേടിയെത്തുന്നവര്‍ക്ക് എന്നും ആശ്രയമായി. നന്മയുടേയും കാരുണ്യത്തിന്റേയും പ്രതീകമായിരുന്നു അവര്‍.
(എ കെ പത്മനാഭന്‍)

*
സമരപഥങ്ങളിലെ ഈ മുന്നണിപ്പോരാ‍ളിക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.

1 comment:

വര്‍ക്കേഴ്സ് ഫോറം said...