Monday, December 13, 2010

അമേരിക്കയെ തുറന്നുകാണിക്കുന്ന വിക്കിലീക്ക്സ്

ലോകം തങ്ങളുടെ കാല്‍കീഴിലാണെന്ന് അഹങ്കരിക്കുന്ന അമേരിക്കയുടെ ധാര്‍ഷ്ട്യത്തിന്റെ അടിത്തറയിളക്കുന്ന അടിയാണ് വിക്കിലീക്ക്സ് നല്‍കിയത്. സെപ്തംബര്‍ പതിനൊന്നിനുശേഷം അമേരിക്കക്ക് ഏറ്റ ഏറ്റവും വലിയ അടി. ലോകത്തിന്റെ നെറുകയിലെന്നപോലെ നിലയുറപ്പിച്ചിരുന്ന വ്യാപാരസമുച്ചയം തകര്‍ക്കപ്പെട്ടതോ നിരവധി മനുഷ്യര്‍ മരണപ്പെട്ടതോഅല്ല അന്ന് അമേരിക്കയെ പിടിച്ചുലച്ചത്. ലോകത്ത് എവിടെയും തങ്ങള്‍ക്ക് ഇഷ്ടമുള്ളത് അവര്‍ നിശ്ചയിക്കുന്ന സമയത്ത് നടപ്പിലാക്കാന്‍ കഴിയുന്നവരെന്ന് സ്വയം അഭിമാനിച്ചിരുന്നവരുടെ അഹങ്കാരത്തിലേക്കാണ് വിമാനങ്ങള്‍ ഇടിച്ചിറങ്ങിയത്. ഏതു രാജ്യത്തിന്റെയും രഹസ്യം ചോര്‍ത്തിയെടുക്കാന്‍ കഴിയുന്നവരെന്ന് അഹങ്കരിച്ച അമേരിക്കയെ ഒരു ചോര്‍ച്ചകൊണ്ട് നഗ്നമാക്കിക്കളഞ്ഞു വിക്കിലീക്ക്സ്. ഇനിയും അങ്കം തീര്‍ന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ഘട്ടം ഘട്ടമായി സാമ്രാജ്യത്വത്തിന്റെ തലതൊട്ടപ്പനെ ലോകത്തിന്റെ മുമ്പില്‍ തുറന്നിടുകയാണ് അവര്‍ ചെയ്യുന്നത്.

ജനതയുടെ അറിയാനുള്ള അവകാശമാണ് ഇവരുടെ മുദ്രാവാക്യം. അമേരിക്കയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം വ്യക്തമാക്കുകയാണ് പുറത്തുവന്ന രേഖകള്‍. അവരെ സംബന്ധിച്ചിടത്തോളം ചാരപ്രവര്‍ത്തനവും നയതന്ത്രപ്രവര്‍ത്തനവും തമ്മില്‍ ഒട്ടും അന്തരമില്ല. രണ്ടു കൂട്ടരും ചെയ്യുന്നത് ഒരേ പണി തന്നെയാണ്. തങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ മറ്റു രാജ്യങ്ങളില്‍നിന്നും ചോര്‍ത്തിയെടുക്കുന്നതിനായി നയതന്ത്രപ്രതിനിധികളെ ഉപയോഗിക്കുന്നതിന്റെ നേര്‍ചിത്രം വിക്കിലീക്ക്സ് പുറത്തുകൊണ്ടുവന്നു. പരമാധികാര റിപ്പബ്ളിക്കുകളുടെ തലവന്‍മാരെ അങ്ങേയറ്റം പരിഹാസത്തോടെ നികൃഷ്ടമായ വാക്കുകളും വിശേഷണങ്ങളും കൊണ്ടാണ് വിവരിക്കുന്നത്. ഐക്യരാഷ്ട്രസഭയെപ്പോലും ചാരപ്രവര്‍ത്തനത്തിനായി അമേരിക്ക ഉപയോഗിച്ച വിവരവും രേഖകളിലുണ്ട്.

വിക്കിലീക്ക്സ് രേഖകള്‍ പുറത്തുവിട്ടതോടെ മറ്റു രാജ്യങ്ങളുമായി നയതന്ത്രബന്ധത്തില്‍ വിള്ളലുണ്ടാകുമോയെന്നാണ് ഇപ്പോള്‍ അമേരിക്ക ഭയപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമം ജാഗ്രതയോടെ നോക്കാന്‍ എല്ലാ രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളോട് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ളിന്റന്‍ ആവശ്യപ്പെടുന്നുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട ഒബാമയുടെ സന്ദര്‍ശനത്തിന്റെ ഏറ്റവും വലിയ നേട്ടമായി രക്ഷാസമിതി അംഗത്വത്തിനുള്ള അമേരിക്കയുടെ പിന്തുണ എടുത്തുകാണിക്കുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തല്‍. സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥിയായാണ് ഇന്ത്യയെ അമേരിക്ക കാണുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒബാമ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കുന്നെന്ന് പറഞ്ഞത് എന്തിനുവേണ്ടിയായിരുന്നു? അത് ഇന്ത്യന്‍ ജനതയെ പറ്റിക്കുന്നതിനുള്ള പ്രഖ്യാപനമായിരുന്നു. തങ്ങളുടെ രാജ്യത്ത് അരലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ പുതുതായി സൃഷ്ടിക്കാന്‍ സഹായിക്കുന്ന കരാറുകളില്‍ ഒപ്പിട്ടതിനു പകരം ഒബാമ നല്‍കിയത് ഈ പാഴ്വാക്ക് മാത്രമായിരുന്നു.

ഇന്ത്യയെപ്പോലൊരു രാജ്യത്തെ പറ്റിക്കുകയാണ് ഒബാമയും അമേരിക്കയും ചെയ്തതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നമ്മുടെ പ്രതിനിധികളുടെ പ്രതികരണം അടിമത്തത്തിന്റെ അപമാനകരമായ പ്രതിഫലനമായിരുന്നു. ഇതൊന്നും തങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുകയില്ലെന്ന പ്രതികരണത്തിന്റെ അര്‍ഥം ഏത് ആട്ടും തുപ്പും സഹിച്ചായാലും അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധത്തില്‍ മാറ്റമില്ലെന്നുതന്നെയാണ്. യഥാര്‍ഥത്തില്‍ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം നിര്‍ണയിക്കുന്നതും നമ്മുടെ കോര്‍പറേറ്റ് ലോബിയാണ്. ഓപ്പണ്‍ മാസികയും ഔട്ട്ലുക്കും പുറത്തുവിട്ട റാഡിയ ടേപ്പുകളില്‍ തെളിഞ്ഞുകണ്ടത് മന്ത്രിസഭാ രൂപീകരണത്തിലും വകുപ്പ് നിര്‍ണയത്തിലും എങ്ങനെയാണ് ഇക്കൂട്ടര്‍ ഇടപെടുന്നതെന്നാണ്. താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ എന്‍ഡിടിവിയില്‍ ബര്‍ക്കാദത്ത് സംഘടിപ്പിച്ച് ചര്‍ച്ചയില്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. ആ ചര്‍ച്ചയില്‍ ബര്‍ക്കാദത്ത് പറഞ്ഞത് തന്റെ ഒരു സ്രോതസ്സ് മാത്രമാണ് റാഡിയയെന്നാണ്. മറ്റു ബന്ധങ്ങളൊന്നും അതില്‍ ഇല്ലെന്നും അവര്‍ പറഞ്ഞു. ആ ഘട്ടത്തില്‍ ഓപ്പണ്‍ മാസികയുടെ പത്രാധിപര്‍ മനു വളരെ പ്രസക്തമായ ചോദ്യം ഉന്നയിക്കുകയുണ്ടായി. മന്ത്രിസഭാ രൂപീകരണത്തിലും വകുപ്പ് നിര്‍ണയത്തിലും ടാറ്റയുടെയും അംബാനിയുടെയും പ്രതിനിധി ഇടപെടുന്നുവെന്ന പ്രധാന വാര്‍ത്ത എന്തുകൊണ്ട് നിങ്ങള്‍ അവഗണിച്ചുവെന്ന ചോദ്യത്തിനു മുമ്പില്‍ ബര്‍ക്കക്കുണ്ടായ വിളര്‍ച്ച മറച്ചുവെക്കാന്‍ പരിചയസമ്പന്നതക്കും കഴിയാതെപോയി.

അമേരിക്കയില്‍ വ്യവസായ സംരംഭങ്ങള്‍ ഉള്ളവരാണ് ഇന്ത്യന്‍ കുത്തകകള്‍. ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ മൂലധനത്തിന്റെ ഒഴുക്കിന്റെ വളര്‍ച്ചാതോതിനേക്കാളും അധികമാണ് അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ മൂലധനത്തിന്റെ ഒഴുക്ക്. നേരത്തെ രാജ്യത്തിനകത്ത് മാത്രമായി വ്യവസായം നടത്തിയിരുന്ന കുത്തകകള്‍ ഇന്ന് ബഹുരാഷ്ട്ര കുത്തകകളായി വളര്‍ന്നിരിക്കുന്നു. അമേരിക്കയുമായി മെച്ചപ്പെട്ട ബന്ധം ഉണ്ടാകേണ്ടത് ഇക്കൂട്ടരുടെകൂടി ആവശ്യമാണ്. അതാണ് ഇന്ത്യയെ അപമാനിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടും നമ്മുടെ സര്‍ക്കാര്‍ കാണിക്കുന്ന അപമാനകരമായ നിശബ്ദത. അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം ഉറപ്പിക്കുന്നതിനായി ഏതറ്റവും വരെ പോകാന്‍ മടിയില്ലാത്ത പ്രധാനമന്ത്രിയാണ് നമ്മുടേതെന്ന് ഒന്നാം യുപിഎ സര്‍ക്കാരിന്റെ സമയത്ത് രാജ്യം തിരിച്ചറിഞ്ഞതാണ്.

വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന വിക്കിലീക്ക്സിന്റെ പത്രാധിപര്‍ ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടാനാണ് ഇപ്പോള്‍ അമേരിക്ക ശ്രമിക്കുന്നത്. തങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന എല്ലാവരെയും ഭീകരരായി വേട്ടയാടുന്ന അതേ രീതിയാണ് ഇപ്പോള്‍ അമേരിക്ക വിക്കിലീക്ക്സിനെതിരെയും സ്വീകരിക്കുന്നത്. വിവര സാങ്കേതികവിദ്യയുടെ പുതിയ കാലം എല്ലാ രഹസ്യങ്ങളുടെയും മണിച്ചിത്രത്താഴ് തകര്‍ക്കുന്നതാണ്. എല്ലാത്തിനെയും വിവരമാക്കാനുള്ള അസാധാരണ സാധ്യതകളാണ് ഈ കാലം തുറന്നിടുന്നത്. എല്ലാം വളച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനെ തകര്‍ക്കാവുന്ന വഴികളും കഴിവുള്ളവര്‍ക്ക് ഈ സാങ്കേതിക വിദ്യ നല്‍കുന്നുണ്ട്. അതാണ് ജൂലിയനും സംഘവും ഉപയോഗിക്കുന്നത്. ഈ അടിയില്‍നിന്നും കരകയറുന്നതിനും ശത്രുവിനെ തകര്‍ക്കുന്നതിനും ഏതുവഴിയും ഉപയോഗിക്കാന്‍ മടിക്കാത്ത രാജ്യമാണ് അമേരിക്കയെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധത്തിന്റെ മഹാദുര്‍ഗം സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ട കാലമാണിത്.

വാല്‍ക്കഷ്ണം:

വിവര സാങ്കേതികവിദ്യക്ക് പല സാധ്യതകളുമുണ്ട്. ഇപ്പോള്‍ വായനക്കും പുതിയ ഉപകരണമുണ്ട്. നേരത്തെ ആമസോണാണ് ക്വിന്റില്‍ ഇറക്കിയത്. ഇപ്പോള്‍ വിങ്ക് വിപണിയിലെത്തിയിരിക്കുന്നു. ഈ ഇന്ത്യന്‍ ഉല്‍പ്പന്നവും ഡിസി ബുക്സും ചേരുന്നത് പുസ്തകലോകത്ത് വലിയ മാറ്റമുണ്ടാക്കും. കഴിഞ്ഞ ദിവസം മുതല്‍ വായന ഇതിലേക്ക് മാറി. എവിടെയും കൊണ്ടുനടക്കാനും എത്ര പുസ്തകങ്ങള്‍ ഉള്ളടക്കം ചെയ്യാനും ഈ ചെറിയ ഉപകരണത്തിനു കഴിയും. പുസ്തകങ്ങള്‍ക്ക് വലിയ വിലയും നല്‍കേണ്ട. കടലാസും ലാഭം. മരങ്ങള്‍ നിലനില്‍ക്കട്ടെ. വായനയും പുതിയ അനുഭവംതന്നെ.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക 12 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോകം തങ്ങളുടെ കാല്‍കീഴിലാണെന്ന് അഹങ്കരിക്കുന്ന അമേരിക്കയുടെ ധാര്‍ഷ്ട്യത്തിന്റെ അടിത്തറയിളക്കുന്ന അടിയാണ് വിക്കിലീക്ക്സ് നല്‍കിയത്. സെപ്തംബര്‍ പതിനൊന്നിനുശേഷം അമേരിക്കക്ക് ഏറ്റ ഏറ്റവും വലിയ അടി. ലോകത്തിന്റെ നെറുകയിലെന്നപോലെ നിലയുറപ്പിച്ചിരുന്ന വ്യാപാരസമുച്ചയം തകര്‍ക്കപ്പെട്ടതോ നിരവധി മനുഷ്യര്‍ മരണപ്പെട്ടതോഅല്ല അന്ന് അമേരിക്കയെ പിടിച്ചുലച്ചത്. ലോകത്ത് എവിടെയും തങ്ങള്‍ക്ക് ഇഷ്ടമുള്ളത് അവര്‍ നിശ്ചയിക്കുന്ന സമയത്ത് നടപ്പിലാക്കാന്‍ കഴിയുന്നവരെന്ന് സ്വയം അഭിമാനിച്ചിരുന്നവരുടെ അഹങ്കാരത്തിലേക്കാണ് വിമാനങ്ങള്‍ ഇടിച്ചിറങ്ങിയത്. ഏതു രാജ്യത്തിന്റെയും രഹസ്യം ചോര്‍ത്തിയെടുക്കാന്‍ കഴിയുന്നവരെന്ന് അഹങ്കരിച്ച അമേരിക്കയെ ഒരു ചോര്‍ച്ചകൊണ്ട് നഗ്നമാക്കിക്കളഞ്ഞു വിക്കിലീക്ക്സ്. ഇനിയും അങ്കം തീര്‍ന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ഘട്ടം ഘട്ടമായി സാമ്രാജ്യത്വത്തിന്റെ തലതൊട്ടപ്പനെ ലോകത്തിന്റെ മുമ്പില്‍ തുറന്നിടുകയാണ് അവര്‍ ചെയ്യുന്നത്.