Wednesday, December 15, 2010

അഴിമതി, അഴിമതി, സര്‍വ്വത്ര അഴിമതി

2-ജി ഇടപാടിലെ അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രോജക്ടിലെ അഴിമതി, മുംബൈ ഭൂമി ഇടപാടിലെ അഴിമതി - പട്ടിണിയില്‍നിന്നും തൊഴിലില്ലായ്മയില്‍നിന്നും മുക്തമായ ഒരു ജീവിതത്തിനായി ഈ രാജ്യത്തിലെ ജനങ്ങള്‍ മുറവിളികൂട്ടുന്ന കാലത്തുതന്നെയാണ്, വന്‍തോതില്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നതു സംബന്ധിച്ച ലജ്ജാകരമായ ആരോപണങ്ങള്‍ക്കും അവര്‍ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദശകത്തില്‍ ഈ രാജ്യത്തുനിന്ന് 5.7 ലക്ഷം കോടി രൂപയുടെ നിയമവിരുദ്ധ പണം പുറത്തേക്ക് ഒഴുകി എന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് വളരെ അടുത്ത കാലത്താണ് ഒരു മുന്‍ ഐ.എം.എഫ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന പേരിലുള്ള അന്താരാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ചത്. ഈ റിപ്പോര്‍ട്ട് പ്രകാരം ഇങ്ങനെ പണം പുറത്തേക്ക് കടത്തിക്കൊണ്ടുപോയതിന്റെ മുഖ്യ ഗുണഭോക്താക്കള്‍ "അത്യുന്നതരായ ചില വ്യക്തികളും സ്വകാര്യ കമ്പനികളുമാണ്.''

അതേസമയം തന്നെ, മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി ഇരട്ടത്താപ്പാണ് പ്രകടിപ്പിക്കുന്നത്. താന്‍ വഹിക്കുന്ന ഉന്നതമായ അധികാരം തന്റെ പുത്രന്മാര്‍ക്കും മറ്റു ബന്ധുക്കള്‍ക്കും നേട്ടമുണ്ടാക്കാനുള്ള ഉപകരണമാക്കി മാറ്റിയ കര്‍ണാടക മുഖ്യമന്ത്രിയെ നിര്‍ലജ്ജം സംരക്ഷിക്കുന്ന ബി.ജെ.പിയുടെ നിലപാട് ഇതിന്റെ പ്രതിഫലനമാണ്. ഖനി മാഫിയ നിയമവിരുദ്ധമായി ഇരുമ്പയിര് ഖനനം ചെയ്യുന്നതുമായും അവര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായും ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ അഴിമതിയില്‍ അടിമുടി മുങ്ങിക്കിടക്കുകയാണ്.

ഇത് ഇന്ത്യ അര്‍ഹിക്കുന്നതാണോ? ഈ കൊള്ള അവസാനിപ്പിക്കുവാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ഇതിന് ഉത്തരവാദികളായ ശക്തികള്‍ ആരെല്ലാമാണ്?

വിഷയം വ്യക്തികള്‍ക്കും അപ്പുറം

ഈ പ്രശ്നങ്ങളിലെല്ലാം, വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്; അവര്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യും. എന്നാല്‍, ഈ വിഷയം ഇതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ കുറ്റകരമായ നടപടികള്‍ക്കും അപ്പുറത്തുള്ളതാണ്. അധികാരത്തില്‍ ഒത്തുകളിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ബ്യൂറോക്രാറ്റുകളുടെയും വന്‍കിട ബിസിനസ്സുകാരുടെയും അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് ഈ കുംഭകോണങ്ങള്‍ വെളിച്ചം വീശുന്നത്. ഈ കോര്‍പ്പറേറ്റ് കുറ്റകൃത്യങ്ങളില്‍ കോര്‍പ്പറേറ്റ് ഇന്ത്യയിലെ നിരവധി വന്‍ തോക്കുകളും അഗ്രഗണ്യരും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിനു തന്നെ ഗുരുതരമായ ഭീഷണിയായിരിക്കുകയാണ്. ഈ ശക്തരായ ലോബികള്‍ ഭരണനിര്‍വ്വഹണത്തിന്റെ ഉപകരണങ്ങളെ കോര്‍പ്പറേറ്റുകളുടെയും അവരുടെ പിണിയാളുകളുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുഗുണമായ വിധം മാറ്റിമറിക്കുകയും സ്വകാര്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കത്തക്ക വിധം പൊതുനയത്തിന് രൂപം നല്‍കുകയും ചെയ്യുന്നു.

തെറ്റായ നയങ്ങളെ സംരക്ഷിക്കുകയും പഴയ ഒരു അഴിമതിക്കേസില്‍ സ്വയം കുറ്റാരോപണം നേരിടുകയും ചെയ്യുന്ന അതേ ടെലികോം സെക്രട്ടറിയെ തന്നെയാണ് മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ (സി.വി.സി) ആക്കിയിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇത്തരം അഴിമതി സംബന്ധിച്ച വിഷയങ്ങള്‍ തടയുക എന്നതാണ് കൃത്യമായും മുഖ്യ വിജിലന്‍സ് കമ്മീഷണറുടെ ഉത്തരവാദിത്വം. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ എങ്ങനെയാണ് സി.വി.സി ആയി നിയമിച്ചത് എന്ന് സുപ്രീംകോടതിക്കു തന്നെ സര്‍ക്കാരിനോട് ചോദിക്കേണ്ടിവന്നു. അങ്ങനെ അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുള്ള നീക്കത്തില്‍ ഭരണനിര്‍വ്വഹണത്തിന്റെ അതേ സ്ഥാപനങ്ങളെ തന്നെ തകര്‍ക്കുകയുമാണ്.

പല അക്കൌണ്ട് ഹെഡ്ഡുകളിലായി കോര്‍പ്പറേറ്റുകള്‍ക്ക് വായ്പകള്‍ തരപ്പെടുത്തിക്കൊടുക്കുന്നതിന് പൊതുമേഖലാ ബാങ്കുകളുടെയും ഇന്‍ഷ്വറന്‍സ് കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒരു സ്വകാര്യ കമ്പനി കൈക്കൂലി കൊടുത്തുവരുന്നതായാണ് ഇപ്പോള്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാബിനറ്റ് പദവിയുള്ള ഉന്നത അധികാരിയായ പ്ളാനിങ് കമ്മീഷന്‍ ചെയര്‍മാന്‍ 1000 കോടി രൂപയില്‍ ഏറെ വരുന്ന ഈ അഴിമതി 'തീരെ നിസ്സാരം' എന്നു പറഞ്ഞ് തള്ളിക്കളയുകയാണുണ്ടായത്. എന്നിട്ട് ഇതേ മാന്യനാണ് "പണം ചോര്‍ന്നുപോകുന്നു'' എന്ന പേരു പറഞ്ഞ് ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനായുള്ള ചെലവുകള്‍ കുറയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നത്. അഴിമതി "തീരെ നിസ്സാരം''; എന്നാല്‍, ദരിദ്രര്‍ക്കായുള്ള പദ്ധതികള്‍ക്ക് പണം നല്‍കുന്നതാകട്ടെ "വലിയ'' അനാവശ്യച്ചെലവും!

ഇന്ത്യയില്‍ ചങ്ങാത്ത മുതലാളിത്തം തഴച്ചുവളരുന്നത് എങ്ങനെ എന്ന് വെളിപ്പെടുത്തുന്നതാണ് ഈ കുംഭകോണങ്ങള്‍. പ്രത്യേക ആനുകൂല്യം നല്‍കേണ്ട വേണ്ടപ്പെട്ടവരുടെ ഇംഗിതത്തിനനുസരിച്ച് നയങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും ചട്ടങ്ങളുമെല്ലാം മെരുക്കിക്കൊടുക്കുന്നതാണ് ഇതിന്റെ ഇപ്പോഴത്തെ അവതാരത്തിന്റെ മുഖമുദ്ര. ഈ വേണ്ടപ്പെട്ടവരുടെ ഗണത്തില്‍ വരുന്നത് സുഹൃത്തുക്കളാകാം; ബന്ധുക്കളാവാം; പൊതുപണം കൊള്ളയടിക്കുക എന്ന കുറ്റകൃത്യത്തിനു കൂട്ടുനില്‍ക്കുന്ന പങ്കാളിയാകാം. ചങ്ങാത്ത മുതലാളിത്തം അതിന്റെ പാരമ്യത്തില്‍ എത്തിച്ചേര്‍ന്നത് ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ ഭരണത്തിന്‍ കീഴിലാണ്; അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെ അതില്‍ നേരിട്ട് ബന്ധപ്പെടുകയാണ്. എന്നാല്‍, അതേ പ്രധാനമന്ത്രി തന്നെ ചങ്ങാത്ത മുതലാളിത്തത്തിന്റെ വിപത്തുകളെക്കുറിച്ച് നിത്യവും പ്രഭാഷണം നടത്തുന്നതാണ് വിരോധാഭാസം. ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ മുതലാളിത്തവും അതിന്റെ ചങ്ങാത്ത രൂപവും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരിക്കണം അദ്ദേഹം അര്‍ത്ഥമാക്കുന്നത്. ഒരു മാര്‍ഗഭ്രംശം എന്ന നിലയില്‍ ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ തികച്ചും അസ്ഥാനത്തായിരിക്കും. മുതലാളിത്ത സമൂഹത്തില്‍ സഹജമായിത്തന്നെ അടങ്ങിയിട്ടുള്ളതാണ് അവിശുദ്ധമായ ചങ്ങാത്തം. കോര്‍പ്പറേറ്റുകള്‍ക്കുമേലുള്ള നിയന്ത്രണം പരമാവധി ചുരുക്കുകയും പരമാവധി അധികം ലാഭമുണ്ടാക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ ലക്ഷ്യമായിട്ടുള്ള ഇന്നത്തെ നവലിബറല്‍ സാമ്പത്തിക ചട്ടക്കൂടില്‍ ഇത് വളരെ അധികമായിരിക്കുകയും ചെയ്യും.

2-ജി അഴിമതി

"ഇത് ഒരു സാധാരണ അഴിമതി അല്ല. പണപരമായ വശത്തിലേക്ക് കടക്കുകയാണെങ്കില്‍, ഇതിനെ മറ്റൊരു അഴിമതിയുമായും താരതമ്യപ്പെടുത്താനാവില്ല. കണ്‍ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ ഉയര്‍ത്തിക്കാട്ടുന്നതു പ്രകാരമുള്ള ഇതിന്റെ വലിപ്പവും അളവും പരിഗണിക്കുമ്പോള്‍ ഈ അഴിമതി രാജ്യത്ത് ഇതേവരെ നടന്ന എല്ലാ അഴിമതികളെയും ഒന്നിച്ചുചേര്‍ത്താല്‍പ്പോലും അവ ലജ്ജിച്ച് തലതാഴ്ത്തുന്നതാണ്.''

2-ജി അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഏതെങ്കിലും ഒരു പ്രതിപക്ഷ നേതാവിന്റെ വാക്കുകളല്ല ഇത്. 2-ജി അഴിമതിയെക്കുറിച്ചുള്ള ഒരു ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജി നവംബര്‍ 24-ന് പറഞ്ഞതാണ് ഈ വാക്കുകള്‍.

ഇത്തരം ഒരു അഴിമതി നടന്നത് എങ്ങനെ എന്നതാണ് ഒന്നാമത്തെ കാര്യം. രാഷ്ട്രത്തിന് ഇതിന്റെ ഉത്തരം, കിട്ടിയേ പറ്റൂ. എന്നാല്‍, ഭരണകക്ഷിയായ കോണ്‍ഗ്രസ് ഇതിന് നല്‍കുന്ന ഒരേയൊരു ഉത്തരം തികഞ്ഞ സത്യസന്ധനായ പ്രധാനമന്ത്രിയെ ആക്രമണ ലക്ഷ്യമാക്കിയിരിക്കുന്നത് ലജ്ജാകരമാണെന്നത്രെ. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പറയുന്നത് ഇങ്ങനെയാണ്: "ഡോ. സിങ്ങിനെപ്പോലെ സംശുദ്ധമായ വ്യക്തിത്വമുള്ള ഒരാള്‍ ഇതേ വിധത്തില്‍ ആക്രമിക്കപ്പെടുന്നത് ലജ്ജാകരമാണ്.''

എന്നാല്‍, സുപ്രീംകോടതി തന്നെയാണ് പിന്നെയും ഇങ്ങനെ ഒറ്റ ചോദ്യം ഉന്നയിക്കുന്നത്: "പ്രധാനമന്ത്രി മൌനം പാലിച്ചത് എന്തുകൊണ്ട്?'' പ്രധാനമന്ത്രി 16 മാസം നിശ്ശബ്ദനും നിഷ്ക്രിയനും ആയിരുന്നതായി ആരോപിക്കപ്പെടുന്നത്'' സംബന്ധിച്ച് വിശദീകരിക്കുന്ന സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്ന് നവംബര്‍ 18-ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നാളിതുവരെ ഉണ്ടായിട്ടില്ലാത്തതാണ് അത്യുന്നത കോടതിയില്‍ നിന്നുള്ള ഈ നിര്‍ദ്ദേശം. സുപ്രീംകോടതിയുടെ ചോദ്യത്തെയും കോണ്‍ഗ്രസ് പ്രസിഡന്റ് "ലജ്ജാകരം'' എന്ന് വിളിക്കുമോ?

തെറ്റായ നയങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും അനുവദിച്ച അഴിമതി ഇടപാടിലൂടെ 2-ജി കുംഭകോണത്തില്‍ പൊതുഖജനാവിന് നഷ്ടപ്പെട്ട 1.76 ലക്ഷം കോടി രൂപ എന്ന വലിയ തുകയെക്കുറിച്ചാണ് യഥാര്‍ത്ഥത്തില്‍ ലജ്ജിക്കേണ്ടത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ തുക സാര്‍വ്വത്രിക പൊതുവിതരണത്തില്‍ 35 കിലോഗ്രാം അരി കിലോയ്ക്ക് 2 രൂപ പ്രകാരം യു.പി.എ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതുവരെ അനുവദിക്കാന്‍ ആവശ്യമായ അധിക തുകയ്ക്കു തുല്യമാണ്. ആരോഗ്യമേഖലയ്ക്കായി മൊത്തം കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചിട്ടുള്ള തുകയുടെ എട്ടിരട്ടി വരും ഈ തുക; ചുരുങ്ങിയപക്ഷം വിദ്യാഭ്യാസത്തിനായി നീക്കിവച്ച തുകയുടെ മൂന്നിരട്ടിയെങ്കിലും വരും ഇത്. എന്നിട്ടും ഈ പ്രധാനമന്ത്രി നയിക്കുന്ന സര്‍ക്കാര്‍ പറയുന്നത്, സാര്‍വ്വത്രിക ഭക്ഷ്യസുരക്ഷ പ്രദാനം ചെയ്യാന്‍ വേണ്ടത്ര ഫണ്ടില്ല എന്നാണ്.

സി.എ.ജി റിപ്പോര്‍ട്ട്

2008 ജനുവരിയില്‍ ഡി.എം.കെ നേതാവ് എ. രാജയുടെ ചുമതലയിലുള്ള വിവര-സാങ്കേതികവിദ്യാ മന്ത്രാലയത്തിനു കീഴിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് യൂണിഫൈഡ് ആക്സസ് സര്‍വ്വീസി (യു.എ.എസ്)നായുള്ള 122 പുതിയ ലൈസന്‍സുകള്‍ വിതരണം ചെയ്തു. ലൈസന്‍സ് നല്‍കുന്നതിനുള്ള പൊതു ലേലം വിളിയിലൂടെ അല്ലാതെ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന അടിസ്ഥാനത്തില്‍ അല്‍പ്പവും സുതാര്യമല്ലാതെ ഒരൊറ്റ ദിവസം തന്നെ ഈ ലൈസന്‍സുകള്‍ വിതരണം ചെയ്യപ്പെട്ടു എന്നതാണ് ഞെട്ടിപ്പിക്കുന്ന സംഗതി. രണ്ടാമത്, ഈ ലൈസന്‍സുകളുടെ വില നിശ്ചയിച്ചതാകട്ടെ 2001 ലെ നിരക്കിലും. നയപരമായ കാര്യങ്ങളെക്കുറിച്ചും നടപടിക്രമം സംബന്ധിച്ച വിഷയങ്ങളിലും സി.പി.ഐ (എം) ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും പ്രധാനമന്ത്രിയോട് ഇടപെടാന്‍ ആവശ്യപ്പെടുകയുമുണ്ടായി. പാര്‍ലമെന്റില്‍ വലിയ ഒച്ചയും ബഹളവും ഉണ്ടായി. ഇതാണ് പിന്നീട്, ലൈസന്‍സിങ്ങും വില നിശ്ചയിക്കലും മറ്റു ബന്ധപ്പെട്ട പ്രശ്നങ്ങളുമെല്ലാം സി.എ.ജിയുടെ ഓഫീസ് പരിശോധന നടത്തുന്നതിലേക്കു നയിച്ചത്. ഇപ്പോള്‍ സി.എ.ജി റിപ്പോര്‍ട്ട് അന്തിമ രൂപത്തിലെത്തുകയും അത് പാര്‍ലമെന്റിനു മുമ്പാകെ സമര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. മുമ്പ് സി.പി.ഐ (എം) പറഞ്ഞ കാര്യങ്ങള്‍ തികച്ചും ശരിയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു സി.എ.ജിയുടെ പ്രധാന കണ്ടെത്തലുകള്‍.

വെട്ടിപ്പിന്റെ വ്യാപ്തി 2007 മെയ് മാസത്തിനും ഒക്ടോബര്‍ മാസത്തിനും ഇടയില്‍ ടെലികോം ബിസിനസ്സിനായി കെട്ടിട നിര്‍മ്മാണ കമ്പനികളും മറ്റു ടെലികോം ഇതര കമ്പനികളും അപേക്ഷ ഫയല്‍ ചെയ്തു.

* അന്നത്തെ ടെലികോം മന്ത്രി എ. രാജ തീയതി വെട്ടിക്കുറച്ചതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചു.

* നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള ട്രായ്യുടെ അഞ്ച് ശുപാര്‍ശകളില്‍ നാലും അദ്ദേഹം മാറ്റി.

* മന്ത്രിസഭയെയും ടെലികോം കമ്മീഷനെയും ഇതിനായി രൂപീകരിച്ച മന്ത്രിമാരുടെ ഗ്രൂപ്പിനെയും അദ്ദേഹം മറികടന്നു.

* സബ്സ്ക്രൈബര്‍മാരുടെ എണ്ണം 30 ലക്ഷത്തില്‍നിന്ന് 2008 ആയപ്പോള്‍ 3500 ലക്ഷമായി ഉയര്‍ന്നിട്ടും അങ്ങനെ ലാഭസാധ്യത ഭീമമായി വര്‍ദ്ധിച്ചിട്ടും ലൈസന്‍സുകളുടെ വില 2001 ലെ നിരക്കില്‍ത്തന്നെ അദ്ദേഹം ഉറപ്പിച്ചുനിര്‍ത്തി.

* ആദ്യം വരുന്നവര്‍ക്ക് ആദ്യം അനുവദിക്കും എന്നതിന്റെ നിര്‍വ്വചനം, 2008 ജനുവരി 1-ന് ആദ്യം പണം അടയ്ക്കുന്നവര്‍ക്ക് ആദ്യം എന്നാക്കി അദ്ദേഹം മാറ്റി.

* അപേക്ഷകള്‍ക്കായുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 2008 ജനുവരി 9-ന് ചേരുന്നതിന് നിശ്ചയിച്ച സമ്പൂര്‍ണ്ണ ടെലികോം കമ്മീഷന്‍ യോഗം അദ്ദേഹം തടയുകയും അത് 2008 ജനുവരി 15-ലേക്ക് മാറ്റുകയും ചെയ്തു.

* ഉദ്യോഗസ്ഥന്മാരുടെ ഉപദേശത്തിനു വിരുദ്ധമായി 575 അപേക്ഷകളില്‍ നിന്ന് 122 ലൈസന്‍സുകള്‍ക്ക് ജനുവരി 10-ന് അദ്ദേഹം പരിധി നിശ്ചയിച്ചു.

* 2007 സപ്തംബര്‍ 25 എന്ന മാറ്റം വരുത്തിയ കട്ട് ഓഫ് ഡേറ്റിന്റെ അടിസ്ഥാനത്തില്‍, ചില വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ അര്‍ഹരായ അപേക്ഷകര്‍ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കുന്നതാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലൂടെ അറിയിപ്പ് നല്‍കുന്നു. ഇങ്ങനെ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന് കഷ്ടിച്ച് അരദിവസത്തെ സമയം മാത്രമാണ് നല്‍കിയത്. ചില കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നതിനാല്‍ അവ ബാങ്ക് ഗ്യാരന്റി ഉള്‍പ്പെടെയുള്ള എല്ലാ ഫോര്‍മാലിറ്റികളും പൂര്‍ത്തീകരിച്ച് ഹാജരാകുകയും അങ്ങനെ അവര്‍ക്ക് ലൈസന്‍സ് ലഭിക്കുകയും ചെയ്തു.

* 122 ലെറ്റേഴ്സ് ഓഫ് ഇന്റന്റ് അയയ്ക്കപ്പെട്ടു.

* ഈ കമ്പനികള്‍ അവയുടെ ഓഹരി വില്‍ക്കാന്‍ പാടില്ല എന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും അതും അനുവദിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ റിയല്‍ എസ്റേറ്റ് കമ്പനികളായിരുന്ന, മൂന്ന് ടെലികോം ഇതര കമ്പനികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ 20,000 കോടി രൂപയിലധികം ലാഭമുണ്ടാക്കി.

മേല്‍ വിവരിച്ച വിശദാംശങ്ങള്‍ എല്ലാം സി.എ.ജി റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മെസ്സേഴ്സ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിനും മെസ്സേഴ്സ് സ്വാന്‍ ടെലികോം ലിമിറ്റഡിനും നല്‍കിയ അനര്‍ഹമായ ആനുകൂല്യങ്ങളെയും ഗുണഫലങ്ങളെയും കുറിച്ച് 4.8.1 ഖണ്ഡികയിലും 4.9 ഖണ്ഡികയിലും വളരെ കൃത്യമായിത്തന്നെ സി.എ.ജി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ നിന്നുതന്നെ ഉദ്ധരിക്കാം : "വസ്തുതകള്‍ മറച്ചുവയ്ക്കുകയും അപൂര്‍ണ്ണമായ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്തുകയും ടെലികമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ക്ക് കൃത്രിമ രേഖകള്‍ സമര്‍പ്പിക്കുകയും അങ്ങനെ കൃത്രിമ മാര്‍ഗത്തിലൂടെ യു.എ.എസ് ലൈസന്‍സുകള്‍ കരസ്ഥമാക്കുകയും സ്പെക്ട്രം ലഭ്യത ഉറപ്പാക്കുകയും ചെയ്ത കമ്പനികള്‍ക്കാണ് 85 ലൈസന്‍സുകള്‍ നല്‍കിയിരിക്കുന്നത്. അവിശ്വസനീയമായ വിധം കുറഞ്ഞ വിലയ്ക്ക് ലഭിച്ച ഈ ലൈസന്‍സുകളുടെ ഉടമകള്‍ തങ്ങളുടെ കമ്പനികളുടെ ഗണ്യമായ ഭാഗം ഓഹരികള്‍ വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉയര്‍ന്ന പ്രീമിയത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും വിദേശ കമ്പനികള്‍ക്കും വിറ്റു. ടെലികോം മേഖലയിലേക്ക് പുതുതായി കടന്നുവന്ന ഈ കമ്പനികള്‍ക്ക് ലഭിച്ച പ്രീമിയം യഥാര്‍ത്ഥത്തില്‍ സ്പെക്ട്രത്തിന്റെ യഥാര്‍ത്ഥ വില അല്ലാതെ മറ്റൊന്നും ആയിരുന്നില്ല. ഇതാകട്ടെ, സാധാരണഗതിയില്‍ പൊതു ഖജനാവിലേക്ക് വന്നുചേരേണ്ട തുകയുമായിരുന്നു.''

മുകളില്‍ പ്രസ്താവിച്ചവയുടെ അടിസ്ഥാനത്തില്‍, 2007-08 ല്‍ 35 ഇരട്ട സാങ്കേതികവിദ്യാ ലൈസന്‍സുകളും 122 പുതിയ യു.എ.എസ് ലൈസന്‍സുകളും അനുവദിച്ചതില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സി.എ.ജി വെളിപ്പെടുത്തി.

ഇത് നാളിതുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും ഭീമമായ അഴിമതിയാണ് എന്ന് സുപ്രീംകോടതി പറഞ്ഞതില്‍ അല്‍പ്പവും അത്ഭുതമില്ല. എന്നാല്‍, ഈ രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നത് ഇത് സംഭവിച്ചത് രഹസ്യമായിട്ടാണോ എന്നാണ്. എന്താണ് സംഭവിച്ചുകൊണ്ടിരുന്നതെന്ന് ഗവണ്‍മെന്റില്‍ ആരും അറിഞ്ഞിരുന്നില്ലേ? ഒരു മന്ത്രാലയം കൈക്കൊണ്ട നയനിലപാടുകളെയും നടപടിക്രമങ്ങളെയും കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നില്ലേ?

പ്രധാനമന്ത്രി അറിഞ്ഞിരുന്നോ?

സി.എ.ജി റിപ്പോര്‍ട്ട് പ്രകാരവും ടെലികോം മന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതും പ്രധാനമന്ത്രിയുടെ ഓഫീസ് ചോദ്യം ചെയ്യാത്തതുമായ സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പ്രകാരവും അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായി അറിയാമായിരുന്നു.

* ഉചിതവും സുതാര്യവുമായ വിധത്തില്‍ സ്പെക്ട്രം ലേലം ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് 2007 നവംബര്‍ 2-ന് ടെലികോം മന്ത്രിക്ക് പ്രധാനമന്ത്രി എഴുതി.

* പുതിയ ഓപ്പറേറ്റര്‍മാര്‍ക്കെല്ലാം നല്‍കാന്‍ വേണ്ടത്ര സ്പെക്ട്രം ലഭ്യമായിരുന്നു എന്ന് അതേ ദിവസം തന്നെ മന്ത്രി മറുപടി കൊടുത്തു.

* അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന ദിവസത്തില്‍ മാറ്റം വരുത്തുന്നതിനുള്ള തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് അതേദിവസം തന്നെ മന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് എഴുതി.

* ഇരട്ട സാങ്കേതികവിദ്യയുടെ പ്രശ്നവും പുതിയ ലൈസന്‍സുകളുടെ പ്രശ്നവും ഉള്‍പ്പെടെയുള്ള വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുമായും അന്നത്തെ വിദേശകാര്യമന്ത്രിയുമായും (പ്രണബ് മുഖര്‍ജി) നടത്തിയ യോഗത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഡിസംബര്‍ 26-ന് മന്ത്രി എഴുതി.

* ഡിസംബര്‍ 26-ന്റെ കത്ത് കിട്ടി എന്ന് മന്ത്രിയെ അറിയിക്കുക മാത്രം ചെയ്തുകൊണ്ട് 2008 ജനുവരി 3-ന്, അതായത് കുപ്രസിദ്ധമായ ലൈസന്‍സ് അനുവദിക്കലിന് ഒരാഴ്ച മുമ്പ് പ്രധാനമന്ത്രി രാജയ്ക്ക് കത്ത് എഴുതിയിരുന്നു.

ഈ കത്തുകള്‍ വെളിപ്പെടുത്തുന്നത്, നവംബര്‍ 2-ന്റെ കത്തിലൂടെ പ്രധാനമന്ത്രി തന്നെ ഉന്നയിച്ചിരുന്ന തടസ്സങ്ങളും ടെലികോം മന്ത്രാലയത്തിന്റെ ധനവകുപ്പിലെയും റഗുലേറ്ററി അതോറിറ്റിയിലെയും നിയമമന്ത്രാലയത്തിലെയും മറ്റും ഉദ്യോഗസ്ഥര്‍ ഉന്നയിച്ച തടസ്സവാദങ്ങളും അവഗണിച്ചുകൊണ്ട് ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന തികച്ചും തെറ്റായ നയവും വില താഴ്ത്തി നിശ്ചയിച്ചുള്ള തെറ്റായ വില നയവുമായി മന്ത്രി മുന്നോട്ടുപോവുകയായിരുന്നുവെന്ന് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു എന്നാണ്.

ആയതിനാല്‍, ചോദ്യം ഇതാണ്: പ്രധാനമന്ത്രി ഖണ്ഡിതമായി ഇടപെടാതിരുന്നത് എന്തുകൊണ്ട്? അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ "ഐക്യമുന്നണി ധര്‍മ്മ''ത്തിന്റെ പേരില്‍ പൊതു മുതല്‍ കൊള്ളയടിക്കാന്‍ അനുവാദം നല്‍കിയിരുന്നു എന്നാണോ ഇതിനര്‍ത്ഥം?

ജെ.പി.സി വേണമെന്ന ആവശ്യം

അഴിമതിക്കുള്ള ബഹുതലസ്വഭാവം കൊണ്ടുതന്നെയാണ്, സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ ഗവണ്‍മെന്റ് വിസമ്മതിച്ചു. എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ്? ബി.ജെ.പി ഗവണ്‍മെന്റിന്റെ കാലത്ത്, 2001-ല്‍ പ്രതിരോധ ഇടപാടുകളെ സംബന്ധിച്ച അഴിമതി തുറന്നുകാട്ടപ്പെട്ടു. തെഹല്‍ക തുറന്നുകാണിച്ച അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം, അന്നത്തെ പ്രധാന പ്രതിപക്ഷ പാര്‍ടിയുടെ നേതാവ് പ്രണബ് മുഖര്‍ജിയും മറ്റുള്ളവരും ചേര്‍ന്നുകൊണ്ട്, രാജ്യസഭയില്‍ അക്കാലത്ത് അവതരിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസ് പാര്‍ടിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചക്കാലം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചു. ജെ.പി.സി രൂപീകരിക്കണമെന്ന ന്യായമായ ആവശ്യം കാരണം ഉണ്ടായ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് തങ്ങളാല്‍ കഴിവുള്ളതെല്ലാം ചെയ്തുവെന്ന് അന്ന് സോണിയാഗാന്ധി പ്രസ്താവിക്കുകയുണ്ടായി. "ഞങ്ങളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഗവണ്‍മെന്റ് സ്തംഭനാവസ്ഥ പരിഹരിക്കണം; സര്‍ക്കാര്‍ രാഷ്ട്രതന്ത്രജ്ഞത കാണിക്കണം'' എന്നാണ് അന്ന് സോണിയാഗാന്ധി പറഞ്ഞത്. തന്റെ പാര്‍ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റിന് അവര്‍ ഇന്ന് ഇതേ ഉപദേശം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

അതെന്തായാലും, വ്യവസ്ഥയ്ക്കുള്ളിലെ ജീര്‍ണ്ണതയെ 2-ജി സ്പെക്ട്രം തുറന്നുകാണിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ പരിശുദ്ധിയെക്കുറിച്ചുള്ള പ്രചരണം കൊണ്ട് അത് മറച്ചുവയ്ക്കാന്‍ കഴിയുകയില്ല. ചോദ്യമിതാണ്: അദ്ദേഹം എന്തുകൊണ്ട് നടപടി എടുത്തില്ല? തക്കസമയത്ത് അദ്ദേഹം നടപടി എടുത്തിരുന്നുവെങ്കില്‍ ഖജനാവിന്റെ 1.76 ലക്ഷം കോടി രൂപ നഷ്ടം വരുത്താതിരിക്കാന്‍ കഴിയുമായിരുന്നില്ലേ?

കോമണ്‍വെല്‍ത്ത് ഗെയിംസ്

ഒക്ടോബര്‍ 1 മുതല്‍ 15 വരെ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ജനങ്ങളുടെ പൊതുവായ സ്വത്ത് കൊള്ളയടിക്കുന്നതിനുള്ള അവസരമായിത്തീരുകയാണുണ്ടായത്. ഒരിക്കല്‍ക്കൂടി, ഗവണ്‍മെന്റും അതിലെ ഉന്നതരായ അധികൃതരും അതിനു പിന്നില്‍ അനങ്ങാതിരുന്നു; അഴിമതി തടസ്സമില്ലാതെ തുടരുന്നതിന് ആരംഭിച്ചു. ഏജന്‍സികളുടെ ബാഹുല്യം, പൊതുമുതല്‍ കൊള്ളയടിക്കുന്നതില്‍ ഉള്‍പ്പെട്ടവരുടെ ബാഹുല്യത്തിലും പ്രതിഫലിച്ചു. നഗരവികസന മന്ത്രാലയം, സ്പോര്‍ട്സ്-യുവജനകാര്യ മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍-ബ്രോഡ്കാസ്റിങ് മന്ത്രാലയം തുടങ്ങിയ കേന്ദ്ര മന്ത്രാലയങ്ങളും ഡെല്‍ഹി ഗവണ്‍മെന്റും കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയും എല്ലാം ഇതില്‍ ഉള്‍പ്പെട്ട ഏജന്‍സികളാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടപടികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, നഗ്നവും അതിവിപുലവുമായ അഴിമതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ അതിനെ ബലപ്പെടുത്തുകയും ചെയ്തു. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനും സ്പോര്‍ട്സിനാവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും ഗെയിംസിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനും ഉത്തരവാദപ്പെട്ട, വിവിധ തലങ്ങളില്‍പ്പെട്ട അധികാരികള്‍, അത്യന്തം വിപുലമായ ഈ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക കമ്പനിക്ക് സംപ്രേക്ഷണാവകാശം നല്‍കുന്നതിലും അഴിമതിയുണ്ട് എന്നാണ് (അത് ദൂരദര്‍ശനു തന്നെ ചെയ്യാമായിരുന്നു) ഏറ്റവും ഒടുവില്‍ തുറന്നുകാട്ടപ്പെട്ടത്. ആ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട് എന്നാണ് പ്രസാര്‍ഭാരതിയുടെ അധ്യക്ഷന്‍ അവകാശപ്പെടുന്നത്.

ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍, രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിക്കാണിച്ചുകൊണ്ടും ഗെയിംസ് സുഗമമായി നടക്കട്ടെ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ധിക്കാരപൂര്‍ണമായ നിലപാട് കൈക്കൊള്ളുകയാണ് ചെയ്തത്. ഗെയിംസ് സമാപിച്ചുകഴിഞ്ഞപ്പോള്‍, റിട്ടയര്‍ ചെയ്ത സി.എ.ജിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നു. ഈ കമ്മിറ്റിക്ക് അധികാരങ്ങളൊന്നുമില്ല. പൊതുജനരോഷം ശക്തമായതിനെത്തുടര്‍ന്ന്, ഗെയിംസിന്റെ സംഘാടകസമിതി ചെയര്‍മാനായ സുരേഷ് കല്‍മാഡിയെ പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ടി നിര്‍ബന്ധിതമായി. ക്വീന്‍സ് ബാറ്റണ്‍ റിലെയുടെ ചെലവുകള്‍ പെരുപ്പിച്ച് കാണിച്ചതിന് (അതിലെ ചെലവ് രണ്ടുകോടിയോളം രൂപയാണ്) സംഘാടകസമിതിയിലെ രണ്ട് ഉദ്യോഗസ്ഥന്മാരെ അറസ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, വമ്പന്‍ സ്രാവുകളുടെ കാര്യം എന്താണ്? പശ്ചാത്തല സൌകര്യങ്ങളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണിക്കും മറ്റുമായി ചെലവഴിച്ചതിന്റെ ഒരു ചെറിയ ഭാഗമേ യഥാര്‍ത്ഥത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേണ്ടിവന്നിട്ടുള്ളൂ. ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടവരെയെല്ലാം (സംഘാടകസമിതിയിലുള്ളവരായാലും ശരി, ഡെല്‍ഹി ഗവണ്‍മെന്റിലുള്ളവരായാലും ശരി, കേന്ദ്ര ഗവണ്‍മെന്റിലുള്ളവരായാലും ശരി) നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരണം. എല്ലാ വശങ്ങളെക്കുറിച്ചും ഒരു ബഹുമുഖ ഡിസിപ്ളിനറി കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കുകയും തെറ്റു ചെയ്തവരുടെ മേല്‍ കേസ് ചാര്‍ജ് ചെയ്യുകയും പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളുകയും വേണം.

പ്രധാനമന്ത്രിക്ക് സി.പി.ഐ (എം) സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ എടുത്തുപറഞ്ഞിട്ടുള്ള, അഴിമതിയെ സംബന്ധിച്ച ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

അതിഭീമമായ ചെലവുകള്‍

2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ അതിഭീമമായ ധൂര്‍ത്ത് വളരെ ശ്രദ്ധേയമാണ്. ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന, താഴെ പറയുന്ന വസ്തുതകളില്‍നിന്ന് അത് വ്യക്തമാകുന്നുണ്ട്.

* 2003-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്ന ചെലവ് 1899 കോടി രൂപയായിരുന്നു.

* 2007 ഏപ്രില്‍ മാസത്തില്‍ ഗെയിംസിനായി 3,566 കോടി രൂപയുടെ ബജറ്റ് കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചു.

* 2009 ജൂലൈ മാസത്തെ സി.എ.ജി റിപ്പോര്‍ട്ട് അനുസരിച്ച് വേദികള്‍ ഉണ്ടാക്കുന്നതിനും നഗരപശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തന ചെലവുകള്‍ക്കും മറ്റുമായി ആകെ വേണ്ടത് 12,888 കോടി രൂപയാണ് എന്നാണ് കണക്കാക്കപ്പെട്ടത്.

* എന്നാല്‍, ഗെയിംസിന്റെ ആരംഭസമയമായപ്പോഴേക്കും കണക്കാക്കപ്പെട്ട ചെലവ് 70,000 കോടി രൂപയായി ഉയര്‍ന്നു.

* 2006ല്‍ മെല്‍ബോണില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിക്കുന്നതിനുവേണ്ടി വന്ന ചെലവ് 5,200 കോടി രൂപയായിരുന്നു. പണപ്പെരുപ്പം കാരണം ചെലവ് 100 ശതമാനം കൂടി എന്ന് കണക്കാക്കുകയാണെങ്കില്‍ത്തന്നെയും 2010-ല്‍ ആകെ ചെലവ് 10,400 കോടി രൂപയേ വരൂ. ഗെയിംസ് ആരംഭിച്ചസമയത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചെലവിന്റെ ഏഴിലൊന്നേ വരൂ ഇത്.

വമ്പിച്ച അഴിമതി

മതിപ്പ് ചെലവ് ഇങ്ങനെ വര്‍ദ്ധമാനമായ തോതില്‍ ഉയര്‍ന്നതില്‍നിന്നുതന്നെ, വമ്പിച്ച അഴിമതി നടന്നിട്ടുണ്ട് എന്ന് ന്യായമായും ഊഹിക്കാവുന്നതേയുള്ളൂ. താഴെപ്പറയുന്ന വസ്തുതകള്‍, അതിനെ കൂടുതല്‍ സ്ഥിരീകരിക്കുന്നു:

* ഹൈദരാബാദില്‍ ഒരു പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് 90 കോടി രൂപയേ ചെലവ് വന്നിട്ടുള്ളൂ. എന്നാല്‍, ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം നവീകരിക്കുന്നതിന് വന്ന ചെലവ് 961 കോടി രൂപയാണ്!

* ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിനു പുറത്തുള്ള ഓവര്‍ബ്രിഡ്ജിന് (നടപ്പാതയാണത്) ഉദ്ദേശിച്ച ചെലവ് 10 കോടിരൂപയായിരുന്നു. എന്നാല്‍, ഉപയോഗിച്ചുതുടങ്ങുന്നതിനു മുമ്പുതന്നെ അത് തകര്‍ന്നുവീണു. നിര്‍മ്മാണത്തിനുപയോഗിച്ച സാധനങ്ങളുടെയും നിര്‍മ്മാണത്തിന്റെ തന്നെയും ഗുണനിലവാരം മോശമായിരുന്നുവെന്നാണ് അത് കാണിക്കുന്നത്.

* കരാര്‍ അനുവദിക്കുമ്പോള്‍ തുടക്കത്തില്‍ നിശ്ചയിച്ച തുകയേക്കാള്‍ എത്രയോ കൂടിയ തുക കരാറുകാര്‍ക്ക് പിന്നീട് അനുവദിച്ചുകൊടുക്കുന്നതിന് ഉദ്യോഗസ്ഥന്മാര്‍ കാണിച്ച വെപ്രാളം, അഴിമതിയുണ്ടായിട്ടുണ്ടെന്നാണ് കാണിക്കുന്നത്. ഉദാഹരണത്തിന്, കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ 1038 കോടി രൂപയ്ക്ക്, ബഹുരാഷ്ട്ര കമ്പനിയായ ഇമാര്‍ എം.ജി.എഫിനാണ് നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് യാതൊരു വിശദീകരണവും പറയാതെ, 2009 മെയ് മാസത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് അവര്‍ക്ക് 700 കോടി രൂപയുടെ ഒരു പാക്കേജ് കൂടി അനുവദിച്ചു. അവരുടെ നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ആക്ഷേപമുണ്ടായിരുന്നു.

സാമൂഹ്യക്ഷേമപദ്ധതിക്കുള്ള ഫണ്ട് വകമാറ്റി ചെലവാക്കല്‍

അവശവിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവച്ചിരുന്ന ഫണ്ടില്‍നിന്ന് 700 കോടി രൂപ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഡെല്‍ഹി സംസ്ഥാന ഗവണ്‍മെന്റ് നിയമവിരുദ്ധമായി കോമണ്‍വെല്‍ത്ത് ഗെയിംസിനായി വകമാറ്റി ചെലവാക്കി. പ്രത്യേക ഘടകപദ്ധതിക്കായി മാറ്റിവച്ചിരുന്ന ഫണ്ടില്‍നിന്നാണ് ഇങ്ങനെ വകമാറ്റി ചെലവാക്കിയത്. ആഗസ്റ് 27-ന് ഇക്കാര്യം രാജ്യസഭയില്‍ ഗവണ്‍മെന്റ് സമ്മതിക്കുകയുണ്ടായി. ഡെല്‍ഹി ഗവണ്‍മെന്റ് തെരഞ്ഞെടുത്ത കോണ്‍ട്രാക്ടര്‍മാര്‍, തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കാതെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. തൊഴില്‍ വകുപ്പ് അന്വേഷണം നടത്തിയ 958 സംഭവങ്ങളില്‍ 86 ശതമാനത്തിലും കോണ്‍ട്രാക്ടര്‍മാര്‍ നിയമലംഘനം നടത്തിയതായി തെളിഞ്ഞു. എന്നാല്‍, അവര്‍ക്കെതിരായി ഒരു നടപടിയും കൈക്കൊണ്ടില്ല.

കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ട എല്ലാ ഏജന്‍സികളുടെയും പങ്ക് വളരെ സൂക്ഷ്മമായി അന്വേഷിക്കണം; അവരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍, അവരെക്കൊണ്ട് അതിന് കണക്ക് പറയിക്കണം. എന്നാല്‍, വിവിധ അന്വേഷണ ഏജന്‍സികളുടെ സംയുക്ത കമ്മിറ്റിയുടെ കേന്ദ്രീകൃത അന്വേഷണത്തിനു പകരം, രണ്ടംഗ കമ്മിറ്റിയെയാണ് ഗവണ്‍മെന്റ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത് - അവരുടെ പരിഗണനാ വിഷയങ്ങളെ സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നുമില്ലതാനും! സംഘാടകസമിതിയുടെ ചെലവുകളിലെ അഴിമതിയെക്കുറിച്ച് മാത്രം അന്വേഷിക്കുന്നതിനുള്ള കമ്മിറ്റിയാണിതെന്നും തന്റെ ഗവണ്‍മെന്റിനെക്കുറിച്ച് ആ കമ്മിറ്റി അന്വേഷിക്കുകയില്ലെന്നും അതിന്റെ വ്യാപ്തിയെ നിര്‍വ്വചിച്ചുകൊണ്ട് ഡെല്‍ഹി മുഖ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായി.

കേന്ദ്രഗവണ്‍മെന്റ്, ഡെല്‍ഹി സംസ്ഥാന ഗവണ്‍മെന്റ്, ഡല്‍ഹി വികസന അതോറിറ്റി, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, എം.സി.ഡി, ഡി.എം.ആര്‍.സി തുടങ്ങിയവയ്ക്ക് ഇതിലുള്ള പങ്ക് പരിശോധിക്കുന്നതിനെ തടയുന്നതിനുള്ള ഒരു ഒളിച്ചുകളിയാണിത്. ഇവയോരോന്നും നടത്തിയ ചെലവ്, സംഘാടകസമിതി നടത്തിയ ചെലവിനേക്കാള്‍ എത്രയോ ഇരട്ടി വരുന്ന തുകയാണ്!

ആദര്‍ശ് സൊസൈറ്റി അഴിമതി: ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തം

മഹാരാഷ്ട്രയിലെ ആദര്‍ശ് സൊസൈറ്റി കുംഭകോണം (ആ വാക്കിന്റെ അര്‍ത്ഥം ശ്രദ്ധേയമാണ്) ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള അഴിമതിയാണ് തുറന്നുകാണിച്ചിരിക്കുന്നത്. അഴിമതി തുറന്നുകാട്ടപ്പെട്ടതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. എന്നാല്‍, മറ്റുള്ളവര്‍ ഇപ്പോഴും അധികാരത്തില്‍ തുടരുകയാണ്. യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ പോലും നിഷേധിച്ചുകൊണ്ട്, ഭരണകക്ഷി രാഷ്ട്രീയക്കാര്‍ക്ക് ഏതറ്റംവരെ അധഃപതിക്കാമെന്ന് ഈ കുംഭകോണം കാണിച്ചുതരുന്നു.

കാര്‍ഗില്‍ യുദ്ധത്തിനുശേഷം, 1999-ല്‍ ആണ് ആദര്‍ശ് സൊസൈറ്റി രൂപീകരിക്കപ്പെട്ടത്. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ വിധവകള്‍ക്കും വീരജവാന്മാരുടെ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉണ്ടാക്കിക്കൊടുക്കുന്നതിനുവേണ്ടിയാണ് സൊസൈറ്റി രൂപീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് സൊസൈറ്റിക്കാര്‍ സംസ്ഥാന ഗവണ്‍മെന്റിന് നല്‍കിയ ഔദ്യോഗിക കത്തുകളില്‍ പ്രസ്താവിച്ചിരുന്നു. അതില്‍ പിന്നീടുള്ള 11 കൊല്ലത്തിനുള്ളില്‍, ദക്ഷിണ മുംബൈയിലെ അതിസമ്പന്നര്‍ പാര്‍ക്കുന്ന കൊളാബയില്‍, കണ്ണായ സ്ഥലത്തുള്ള ഭൂമിയില്‍, എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് 31 നിലയുള്ള ഒരു കെട്ടിടം പണിതുയര്‍ത്തി. ചട്ടങ്ങളുടെയും നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും എല്ലാം ലംഘനംകൊണ്ട് നിറഞ്ഞതായിരുന്നു ആദര്‍ശ് കുംഭകോണം. തീരദേശ നിയന്ത്രണ നിയമത്തിന്‍ കീഴില്‍ വരുന്ന ഭൂമിയിലാണ് കെട്ടിടം പണിതിട്ടുള്ളത്. അങ്ങനെയുള്ള സ്ഥലത്ത് കെട്ടിടം പണിയുന്നതിനുമുമ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് അനുവാദം നേടിയിരിക്കണം എന്നത് നിര്‍ബന്ധമാണ്. എന്നാല്‍, ആദര്‍ശ് സൊസൈറ്റിക്ക് അത്തരം അനുവാദമൊന്നും ലഭിച്ചിട്ടില്ല. അതേ അവസരത്തില്‍ തങ്ങള്‍ക്ക് അങ്ങനെ അനുവാദം ലഭിച്ചിട്ടുണ്ട് എന്ന് അവര്‍ കള്ളപ്രസ്താവന നടത്തിയിട്ടുമുണ്ട്. സംസ്ഥാന പരിസ്ഥിതി വകുപ്പും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. തീരദേശ നിയന്ത്രണ നിയമം അനുസരിച്ച്, 30 മീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടം പണിയാന്‍ പാടില്ല. എന്നാല്‍, ഈ പരിധി ലംഘിച്ച് അതിന്റെ മൂന്നിരട്ടിയില്‍ അധികം ഉയരമുള്ള (103 മീറ്റര്‍) കെട്ടിടമാണ് പണിതിരിക്കുന്നത്. ആദ്യം ഉദ്ദേശിച്ചിരുന്നത് ആറ് നിലയുള്ള കെട്ടിടമായിരുന്നുവെങ്കിലും 31 നിലകളുള്ള ആകാശഗോപുരമാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്.

ആദര്‍ശ് സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് വില്‍പ്പന നടത്തിയ 103 ഫ്ളാറ്റുകളില്‍ ഒരൊറ്റ എണ്ണം പോലും കാര്‍ഗില്‍ യുദ്ധത്തിലെ രക്തസാക്ഷികളുടെ വിധവകള്‍ക്കോ കാര്‍ഗില്‍ യുദ്ധവീരന്മാര്‍ക്കോ ലഭിച്ചിട്ടില്ല എന്ന് ഇപ്പോള്‍ അറിവായിട്ടുണ്ട്. ഈ ഫ്ളാറ്റുകളെല്ലാം അടിച്ചെടുത്തത്, ഉന്നതരായ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും സായുധസേനയിലെ ഉന്നത പദവിയിലുള്ള ഓഫീസര്‍മാരുമാണ്. അവിടംകൊണ്ടും അവസാനിച്ചില്ല. ഓരോ ഫ്ളാറ്റിന്റെയും വിപണിവില 8-10 കോടി രൂപയാണെങ്കിലും, ഇവര്‍ അത് നേടിയെടുത്തത് തുച്ഛമായ 60-80 ലക്ഷം രൂപയ്ക്കാണ്.

എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു

എല്ലാ നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ട് ഈ സൊസൈറ്റിക്ക് ആവശ്യമായ അനുവാദങ്ങളെല്ലാം നല്‍കിയവരുടെ കൂട്ടത്തില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെങ്കിലുമുണ്ട്. അവര്‍ ആര്‍ത്തിപിടിച്ച നഗരവികസന വകുപ്പുതന്നെ കൈകാര്യം ചെയ്തിരുന്നു. അവരില്‍ ചിലര്‍ അക്കാലത്ത് സംസ്ഥാനത്തെ റവന്യൂ വകുപ്പുമന്ത്രിമാരും ആയിരുന്നു. തന്റെ സ്വന്തക്കാര്‍ക്ക് മൂന്ന് ഫ്ളാറ്റുകള്‍ ആണ് ഒരു മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തത്. മറ്റൊരാളും മൂന്ന് ഫ്ളാറ്റുകള്‍ക്ക് ശുപാര്‍ശ ചെയ്തു. അങ്ങനെ പോകുന്നു അഴിമതി. ആദര്‍ശ് സൊസൈറ്റിയിലെ 103 ഫ്ളാറ്റുകളില്‍ 51 എണ്ണമാണ് മുഖ്യമന്ത്രിമാരിലൊരാള്‍ തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് അനുവദിച്ചത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനുവേണ്ടി അദ്ദേഹം, ഇതു സംബന്ധിച്ച ഫയല്‍ 11 വകുപ്പുകളിലൂടെ അഭൂതപൂര്‍വ്വമായ വേഗതയില്‍ നീക്കിയെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രക്രിയയാകെ ഒരൊറ്റ ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സാധാരണ നിലയില്‍ അതിന് നിരവധി മാസക്കാലമെടുക്കും; ചിലപ്പോള്‍ രണ്ടോ മൂന്നോ കൊല്ലംതന്നെ എടുക്കാം.

ആദര്‍ശ് അഴിമതിയുടെ നേതൃസ്ഥാനത്ത് കോണ്‍ഗ്രസ്സ് ആണെങ്കിലും എന്‍.സി.പിയും ഒട്ടും പിറകിലല്ല. ഇപ്പോഴത്തെ ഗവണ്‍മെന്റിലും മുന്‍ ഗവണ്‍മെന്റുകളിലും മന്ത്രിമാരായിരുന്നവര്‍ അതില്‍ ഉള്‍പ്പെടുന്നു. ശിവസേനയും ബി.ജെ.പിയും പിറകിലാകരുതല്ലോ. അവരുടെ നേതാക്കന്മാര്‍ക്കും ചില ഫ്ളാറ്റുകള്‍ കിട്ടി. മുന്‍ കേന്ദ്രമന്ത്രി സുരേഷ്പ്രഭുവും അക്കൂട്ടത്തിലുണ്ടായിരുന്നു.

സ്വന്തം പേരില്‍ ഫ്ളാറ്റുകള്‍ സമ്പാദിച്ച, സൊസൈറ്റി അംഗങ്ങളില്‍ 40 പേര്‍ തങ്ങളുടെ മാസവരുമാനം 12,500 രൂപയില്‍ താഴെയാണെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നിട്ടും 60-80 ലക്ഷം രൂപ ഫ്ളാറ്റിനായി അവര്‍ക്ക് നല്‍കാനും കഴിവുണ്ട്! ഇതൊക്കെ ബിനാമി ഫ്ളാറ്റുകളാണെന്നും ശക്തരായ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ആണ് അവയുടെ യഥാര്‍ത്ഥ ഉടമസ്ഥരെന്നും ഉള്ള സംശയം പ്രബലപ്പെടുത്തുന്ന കാര്യങ്ങളാണിവയൊക്കെ.

ഉന്നതരായ ബ്യൂറോക്രാറ്റുകളും ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്

ഉന്നതരായ ബ്യൂറോക്രാറ്റുകള്‍ക്കും (അല്ലെങ്കില്‍ അവരുടെ സ്വന്തക്കാര്‍ക്ക്) ആദര്‍ശ് സൊസൈറ്റിയില്‍ സ്ഥലം ലഭിച്ചുവെന്ന് അഭിമാനിക്കാം. നിയമവിരുദ്ധമായി അനുമതി നല്‍കുന്ന പ്രക്രിയയില്‍ ഉള്‍പ്പെട്ടവരാണ് അതില്‍ നിരവധിപേര്‍. അതിന് പ്രത്യുപകാരമായി അവര്‍ക്ക് നല്ല ഫ്ളാറ്റുകള്‍ ലഭിക്കുകയും ചെയ്തു.

മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍, മുന്‍ മുംബൈ ജില്ലാ ജഡ്ജിമാര്‍, മുന്‍ ബി.ഇ.എസ്.ടി ജനറല്‍ മാനേജര്‍, മുന്‍ അര്‍ബന്‍ ഡെവലപ്മെന്റ് സെക്രട്ടറിമാര്‍, മുന്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി, മുന്‍ അഗ്രിക്കള്‍ച്ചറല്‍ സെക്രട്ടറി, മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍, മുന്‍ ഇന്‍കംടാക്സ് കമ്മീഷണര്‍ തുടങ്ങിയവരെല്ലാം അതില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളുമായ മറ്റ് നിരവധിപേരുടെ ഉദാഹരണവും ഇനിയും ചൂണ്ടിക്കാണിക്കാനുണ്ടാവും.

രാജ്യരക്ഷാവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്കും ആദര്‍ശ് സൊസൈറ്റിയില്‍ ഫ്ളാറ്റുകള്‍ നല്‍കിയിട്ടുണ്ട്. രണ്ട് കരസേനാ മേധാവികള്‍, നാവികസേനാ മേധാവി, മറ്റ് ഉന്നതരായ ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അതില്‍ ഉള്‍പ്പെടുന്നു.

ഈ പ്രശ്നത്തെക്കുറിച്ച് വലിയ കോലാഹലം ഉണ്ടായിക്കഴിഞ്ഞപ്പോള്‍, പ്രസ്തുത കെട്ടിടം ആകെ പൊളിക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആദര്‍ശ് സൊസൈറ്റിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയം സി.ബി.ഐ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഈ അഴിമതിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കാരില്‍ ചിലര്‍ ഇപ്പോഴും കേന്ദ്രത്തിലും സംസ്ഥാനത്തിലും മന്ത്രിമാരായി തുടരുന്നു. അന്വേഷണത്തെ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയും. ഇതില്‍ ഉള്‍പ്പെട്ട ബ്യൂറോക്രാറ്റുകളില്‍ ചിലര്‍ ഇപ്പോഴും ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരാന്‍ അവര്‍ക്ക് ധാര്‍മ്മികമായ എന്ത് അവകാശമാണുള്ളത്? റിട്ടയര്‍ ചെയ്ത ബ്യൂറോക്രാറ്റുകളുടെയും പ്രതിരോധ ഉദ്യോഗസ്ഥന്മാരുടെയും സ്ഥിതിയോ? ഈ അഴിമതിയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തിക്കണം; കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യണം; കര്‍ശനമായ നടപടി കൈക്കൊള്ളണം.

മറ്റ് അഴിമതികള്‍

അരി ലഭ്യത കുറയുകയും വില വര്‍ദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അരി കയറ്റുമതിക്കുമേല്‍ വ്യക്തമായ നിരോധനം നിലനില്‍ക്കെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് നടത്തിയ അരി കയറ്റുമതിയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു അഴിമതി ആരോപണം. അന്ന് കമല്‍നാഥിന്റെ കീഴിലായിരുന്ന വാണിജ്യമന്ത്രാലയം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സഹായം നല്‍കുന്നതിനായി ഒരു പ്രത്യേകാപേക്ഷ സമര്‍പ്പിച്ചു. ഇഷ്ടപ്പെട്ട ചില സ്ഥാപനങ്ങള്‍ക്ക് കയറ്റുമതിക്കായി ലൈസന്‍സ് നല്‍കി. ബി.പി.എല്‍ വിലയ്ക്ക് അരി നല്‍കണമെന്നാണ് നിശ്ചയിച്ചത്. എന്നാല്‍, ഈ രാജ്യങ്ങളിലുള്ള തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് അതിലും വളരെ ഉയര്‍ന്ന വിലയ്ക്കാണ് അരി നല്‍കിയത്. ഈ കച്ചവടത്തില്‍ 2500 കോടിയിലേറെ രൂപ നേടി. ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ അവര്‍ക്ക് അരി കിട്ടിയില്ലെന്ന് പരാതിപ്പെട്ടപ്പോഴാണ് ഇക്കാര്യം വെളിച്ചം കണ്ടത്. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഒരന്വേഷണം നടത്താമെന്ന് പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും അന്വേഷണത്തിന് ഉത്തരവിടുകയോ ഇന്നേവരെ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.

ഐ.പി.എല്‍ കുംഭകോണം

ബി.സി.സി.ഐ പോലുള്ള സ്പോര്‍ട്സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഭരണപാര്‍ടിയിലെയും മുഖ്യ പ്രതിപക്ഷത്തെയും കാബിനറ്റ് മന്ത്രിമാരും ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളുമാണ്. ഐ.പി.എല്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ശശിതരൂരിന് രാജിവെക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ പങ്കാളി 70 കോടി രൂപയുടെ വിയര്‍പ്പോഹരി ഒരു ടീമിന്റെ ഉടമസ്ഥരില്‍നിന്ന് കൈപ്പറ്റിയെന്ന് വെളിപ്പെട്ടതിനെത്തുടര്‍ന്നാണ്. ഐ.പി.എല്ലിലെ ഒരു പ്രത്യേക വിഭാഗത്തിന് ലേലം ഉറപ്പിച്ച് കിട്ടുന്നതിനായി ശശിതരൂര്‍ ഇടപെട്ടതായി വെളിപ്പെട്ടിരുന്നു. ആ സ്ഥാപനത്തില്‍നിന്നാണ് വിയര്‍പ്പോഹരി ശശിതരൂരിന്റെ പങ്കാളിക്ക് ലഭ്യമാവുന്നത്. ഐ.പി.എല്ലുമായി ബന്ധപ്പെട്ട ദുരൂഹമായ കളികളില്‍ ഭരണകക്ഷിയുടെയും സഖ്യകക്ഷികളുടെയും ഉന്നതരായ നിരവധി നേതാക്കള്‍ പങ്കാളികളായിട്ടുണ്ട്. ഈ സ്ഥിതിവിശേഷം ക്രിക്കറ്റിനെ ഒരു വ്യാപാരവും അതിലെ ടീമുകളെ നിക്ഷേപാവസരവുമാക്കിത്തീര്‍ത്തിരിക്കുന്നു. ഒരു ടീമിന്റെ മാത്രം വില അത്ഭുതകരമായ 1500 കോടി രൂപ എന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. സി.ബി.ഐ അന്വേഷണത്തെത്തുടര്‍ന്ന് ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുന്ന ഉന്നതരായ പ്രൊമോട്ടര്‍മാരിലൊരാള്‍ പറഞ്ഞത് ക്രിക്കറ്റ് രംഗത്തെ അസോസിയേഷനുകള്‍ നേടുന്നസംഖ്യ 8ം ലക്ഷം ഡോളറില്‍ അധികമാണെന്നാണ്. പ്രക്ഷേപണാവകാശത്തിന്റെ ലേലം തുടങ്ങി കരാറിന്റെ മറ്റു ഘട്ടങ്ങളില്‍ നേടുന്ന തുക ഇതില്‍ ഉള്‍പ്പെടുന്നില്ല. വെളിവാക്കപ്പെട്ടതുപോലെ മറ്റു കമ്പനികളുടെ ബിനാമിമാരായാണ് പല ഉടമസ്ഥരും പ്രവര്‍ത്തിക്കുന്നത്. ഐ.പി.എല്ലില്‍ കൂടെ നേടുന്ന ഈ വന്‍ തുകയ്ക്കൊന്നും ആദായനികുതി അടയ്ക്കുന്നില്ല. ദുരൂഹമായ സ്രോതസ്സുകളില്‍നിന്നാണ് ഈ പണമെല്ലാം വരുന്നതെന്ന് വെളിവാക്കപ്പെട്ടു. ഐ.പി.എല്ലിന്റെ വിവിധ ഭാരവാഹികള്‍ക്കിടയില്‍ നടന്ന ആഭ്യന്തര വഴക്കിനെത്തുടര്‍ന്നാണ് ഈ കാര്യങ്ങളെല്ലാം പുറത്തുവരികയും അഴിമതി പുറത്താവുകയും ചെയ്തത്. ധനമന്ത്രി തെറ്റു ചെയ്ത ഒരാളും രക്ഷപ്പെടില്ലെന്ന് ഉറപ്പുതന്നിരുന്നുവെങ്കിലും ശരിയായ അന്വേഷണം നടത്തുന്നതിനായി ഇതുവരെ ഗവണ്‍മെന്റില്‍നിന്ന് യാതൊരു നീക്കവുമുണ്ടായിട്ടില്ല.

കര്‍ണാടകം: ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

കര്‍ണാടകത്തിലെ യെദ്യൂരപ്പ ഗവണ്‍മെന്റ് നിരവധി അഴിമതി ആരോപണങ്ങളില്‍ മുങ്ങിത്താഴ്ന്നിരിക്കുന്നു. അതിന്റെ കേന്ദ്രത്തില്‍ നില്‍ക്കുന്നതാവട്ടെ മുഖ്യമന്ത്രി തന്നെയാണുതാനും. സ്വന്തം ബന്ധുക്കളുടെ നേട്ടത്തിനായി തന്റെ സ്ഥാനം അദ്ദേഹം പൂര്‍ണ്ണമായും ദുരുപയോഗം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും ബി.ജെ.പിയിലെ ഉന്നത നേതൃത്വത്തിന്റെ സഹായത്തോടെ ഇതിനെയെല്ലാം തേച്ചുമാച്ചുകളയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നിയമവിരുദ്ധ ഖനനത്തിന്റെ പ്രയോജകര്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയിട്ടും ഗവണ്‍മെന്റില്‍ തന്നെ തുടരുകയാണ്. ബി.ജെ.പിയുടെ ഇരട്ടത്താപ്പിന്റെയും ആത്മവഞ്ചനയുടെയും ഉത്തമ നിദര്‍ശനമാണിത്.

കര്‍ണ്ണാടകയിലെ പ്രതിപക്ഷ പാര്‍ടികള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളതും ലോകായുക്ത മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതുമായ തെളിവുകള്‍ വ്യക്തമാക്കുന്നത് യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചാര്‍ജ്ജെടുത്തതിനുശേഷം ബാംഗ്ളൂരിന് തൊട്ടുള്ള സമ്പുഷ്ടമായതും 5000 കോടി വിലമതിക്കുന്നതുമായ ഭൂമിയുടെ വിജ്ഞാപനങ്ങള്‍ റദ്ദാക്കി അവ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ്. ഗവണ്‍മെന്റ് തന്റെ തൊഴിലില്‍ ഇടപെടുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് ലോകായുക്ത പ്രതിഷേധാത്മകമായി ഒരിക്കല്‍ രാജിവെക്കുകയും പിന്നീടത് പിന്‍വലിക്കുകയും ചെയ്തു. ഈ ഇടപാടില്‍ നിന്ന് മുഖ്യമായി നേട്ടമുണ്ടാക്കിയിട്ടുള്ളത് മുഖ്യമന്ത്രിയുടെ മക്കളും അദ്ദേഹത്തിന്റെ ബന്ധുക്കളുമാണ്. മുഖ്യമന്ത്രി ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടില്ല. മിറച്ച്, തന്റെ മുന്‍ഗാമികളുടെ ചെയ്തികള്‍ ചൂണ്ടിക്കാട്ടി സ്വന്തം ചെയ്തിയെ ന്യായീകരിക്കുകയാണദ്ദേഹം ചെയ്തത്.

* വിപണി വില 15 കോടി രൂപയായിരിക്കെ അരാവതി താഴ്വരയിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കി. അത് ഏക്കറിന് ഒരു കോടി രൂപയ്ക്ക് അദ്ദേഹത്തിന്റെ മക്കള്‍ക്കും മരുമക്കള്‍ക്കും കിട്ടി.

* തന്റെ പുത്രന്മാര്‍ക്ക് കൂട്ടുടമസ്ഥതയുള്ള ഒരു സ്ഥാപനത്തിന് നേട്ടമുണ്ടാക്കാനാവുംവിധം ബനസങ്കരിയില്‍ 175 കോടി രൂപ വില വരുന്ന പുരയിടഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം അദ്ദേഹം റദ്ദാക്കിക്കൊടുത്തു.

* ഫ്ളൂയിഡ് പവര്‍ കമ്പനി എന്ന തന്റെ മകള്‍ക്കും മരുമകള്‍ക്കും ഡയറക്ടര്‍ സ്ഥാനമുള്ള സ്ഥാപനത്തിന് ആ സ്ഥാപനം രൂപീകരിച്ച് 15 ദിവസത്തിനകം വ്യവസായ നിര്‍മ്മാണം നടക്കാന്‍ പോകുന്ന ഒരു സ്ഥലത്ത് രണ്ടേക്കര്‍ ഭൂമി പതിച്ചുകൊടുത്തു. വിപണി വില 8.5 കോടി രൂപയായിരിക്കെ വെറും 84 ലക്ഷം രൂപയ്ക്കാണ് ആ സ്ഥലം നല്‍കിയത്.

* ഒരു ബി.പി.ഒ സ്ഥാപിക്കുന്നതിനുവേണ്ടി ബാംഗ്ളൂരില്‍ നിന്ന് 55 കിലോമീറ്ററിനുള്ളിലുള്ള ഒരു സ്ഥലത്ത് രണ്ടേക്കര്‍ ഭൂമി അതിന്റെ വിപണി വില 26 കോടി രൂപയായിരിക്കെ, വെറും 40 ലക്ഷം രൂപയ്ക്ക് മകള്‍ക്ക് നല്‍കി.

* അദ്ദേഹത്തിന്റെ സഹോദരിക്കും മകനും 5 കോടി വില മതിക്കുന്ന സ്ഥലങ്ങള്‍ പതിച്ചുനല്‍കി.

* മറ്റൊരു സംഭവത്തില്‍ 181 കോടി രൂപയിലേറെ വിലമതിക്കുന്ന 11.25 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കുകയും അത് കുറഞ്ഞ വിലയ്ക്ക് റിയല്‍ എസ്റേറ്റ് ഡെവലപ്പര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു. ഉദാഹരണമായി മുഖ്യമന്ത്രിയുടെ ആണ്‍മക്കള്‍ പങ്കാളികളായ ഒരു സ്ഥാപനത്തിന് 39 കോടി രൂപ വിലമതിക്കുന്ന സ്ഥലം വെറും 3 കോടി രൂപയ്ക്ക് നല്‍കി.

* 2.05 ഏക്കര്‍ വരുന്നതും 13 കോടിയിലേറെ വിലവരുന്നതുമായ മറ്റൊരു ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി വെറും 2.20 കോടി രൂപയ്ക്ക് വിറ്റു. ഈ ഭൂമി അനുവദിച്ചുകിട്ടിയ സ്ഥാപനത്തിന്റെ ധനകാര്യ സ്റേറ്റുമെന്റില്‍ ഉടമ മുഖ്യമന്ത്രിയുടെ മകന്റെ സ്ഥാപനത്തിന് 2 കോടി രൂപ കൊടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ കുംഭകോണങ്ങളൊക്കെ പുറത്തുവന്നപ്പോഴും മുഖ്യമന്ത്രി അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ചത് തനിക്ക് പാര്‍ടി നേതൃത്വത്തിന്റെ 'അനുഗ്രഹാശിസ്സുകള്‍' ഉണ്ടെന്നാണ്. ഇത് നാണക്കേടുതന്നെ ബി.ജെ.പി!

എന്നാല്‍, ഈ സ്വജനപക്ഷപാതവും അഴിമതിയുമൊക്കെ കര്‍ണ്ണാടക സംസ്ഥാനത്തിലെ ബെല്ലാരി ജില്ലയില്‍ ഖനി മാഫിയ ഉണ്ടാക്കിയ അനധികൃത സമ്പാദ്യങ്ങള്‍ക്കു മുമ്പില്‍ നിഷ്പ്രഭമായിപ്പോകും. ഏവര്‍ക്കുമറിയാവുന്നതുപോലെ, ഖനിസ്ഥാപനങ്ങളുടെ ഉടമസ്ഥരായ രണ്ട് റെഡ്ഡി സഹോദരന്മാര്‍ യെദ്യൂരപ്പ ഗവണ്‍മെന്റില്‍ മന്ത്രിമാരാണെന്നു മാത്രമല്ല, അവര്‍ക്ക് ഉന്നത ബി.ജെ.പി നേതൃത്വത്തിന്റെ സംരക്ഷണവുമുണ്ട്. പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജ് ഖനി കുംഭകോണം പുറത്തുവന്നതിനുശേഷവും ഈ രണ്ട് സഹോദരന്മാരെയും അനുഗ്രഹിക്കുന്നതിന്റെ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുന്നു. അവര്‍ക്ക് കിട്ടുന്ന പിന്തുണയുടെ രേഖാപരമായ തെളിവാണത്.

ഇരുമ്പയിരിന്റെ വില ടണ്ണിന് 5000 രൂപയില്‍ നിന്ന് 7000 രൂപയായി ഉയര്‍ന്നിട്ടും റോയല്‍റ്റി ഇനത്തില്‍ ടണ്ണിന് സര്‍ക്കാരിന് കിട്ടുന്നത് വളരെ തുച്ഛമായ 27 രൂപ മാത്രമാണ്. നിയമവിരുദ്ധമായി ഖനനം ചെയ്യപ്പെടുന്ന ഇരുമ്പയിര്‍ വന്‍ ലാഭം നേടി വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നു.

കര്‍ണ്ണാടകത്തിലെ ലോകായുക്തയായ ജസ്റിസ് സന്തോഷ് ഹെഗ്ഡെ അനധികൃത ഖനനത്തെക്കുറിച്ച് സ്വയം കേസ്സെടുക്കുകയും കുംഭകോണങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നതിനാല്‍ ഖനി മാഫിയയുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ കാണിക്കുന്നത് ശക്തമായ ഒരു ലോബി ഖനനത്തിനായി കരാറടിസ്ഥാനത്തില്‍ നിരവധി ലൈസന്‍സുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ്. ഈ ലോബി ഖനികള്‍ പാട്ടത്തിനെടുക്കുകയും ഇരുമ്പയിര്‍ കുഴിച്ചെടുക്കുകയും ചെയ്ത് 80 ശതമാനത്തിലേറെ ലാഭമുണ്ടാക്കുന്നു. ഒരു ദിവസം 39 കോടി രൂപ വരുമാനം കിട്ടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു ദിവസം ചെലവ് കഴിഞ്ഞ് കിട്ടുന്ന ലാഭം തന്നെ 17 കോടി രൂപ വരും. അതേസമയംതന്നെ നിയമവിരുദ്ധ ഖനനം നടത്തുന്ന ഒരു വന്‍ റാക്കറ്റും പ്രവര്‍ച്ചിച്ചുവരുന്നുണ്ട്. ഈയിടെ കര്‍ണ്ണാടകത്തിലെ ഒരു തുറമുഖത്തില്‍ കയറ്റുമതിക്കായി സൂക്ഷിച്ചിരുന്ന ഇരുമ്പയിര്‍ കാണാതായതിനെക്കുറിച്ച് ലോകായുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായ ഇരുമ്പയിരിന്റെ വില മാത്രം 2500 കോടി രൂപ വരും.

സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ പറഞ്ഞത് നിയമവിരുദ്ധമായി നടക്കുന്ന ഖനനവും കരാറുകളും മൊത്തത്തിലെടുത്താല്‍ 25,000 കോടി മുതല്‍ 30,000 കോടി രൂപവരെ വരുമെന്നാണ്.

ഇതാണ് കര്‍ണ്ണാടകത്തിലെ ബി.ജെ.പി ഗവണ്‍മെന്റിന്റെ ചരിത്രം. എന്നാല്‍, മറ്റൊരു കാര്യം കൂടെ സൂചിപ്പിക്കേണ്ടതുണ്ട്. അതിര്‍ത്തിക്കു പുറത്തുള്ള ആന്ധ്രയില്‍ കോണ്‍ഗ്രസ്സാണ് ഭരിക്കുന്നത്. റെഡ്ഡി സഹോദരന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഖനന ബിസിനസ്സ് പ്രവര്‍ത്തനത്തില്‍ അവരും കക്ഷികളാണ്. ആന്ധ്രപ്രദേശില്‍ സി.പി.ഐ (എം) ഉം മറ്റു പ്രതിപക്ഷ പാര്‍ടികളും നിയമവിരുദ്ധ ഖനനത്തിന്റെയും കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതിന്റെയും വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയുണ്ടായി. അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസ്സായാലും ബി.ജെ.പിയായാലും ഖനി മാഫിയയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടും!

സമാപനം

നവലിബറല്‍ കാലഘട്ടത്തില്‍ അഴിമതിയുടെ അര്‍ത്ഥശാസ്ത്രം പുതിയ മാനങ്ങള്‍ കൈവരിച്ചിരിക്കുന്നു. ലൈസന്‍സ് കിട്ടുന്നതിനും ചട്ടങ്ങള്‍ മറികടന്ന് നേട്ടങ്ങളുണ്ടാക്കുന്നതിനും വേണ്ടി മുന്‍പ് വന്‍'ബിസിനസുകാര്‍ ഉന്നത തലത്തിലുള്ളവര്‍ക്ക് കൈക്കൂലി കൊടുക്കുകയായിരുന്നുവെങ്കില്‍ ഇന്ന് വന്‍ ബിസിനസ്സുകാരും കോര്‍പ്പറേറ്റുകളും നയങ്ങള്‍ തീരുമാനിക്കുന്നവരെന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു. മന്ത്രി ആരുതന്നെ ആയാലും നയങ്ങള്‍ തന്നെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സ്ഥിതിയാണുള്ളത്. ടെലികോം വ്യവസായത്തിലായാലും, എണ്ണ-പെട്രോളിയം മേഖലയിലായാലും, ആണവ മേഖലയിലായാലും, പ്രതിരോധത്തിലായാലും കോര്‍പ്പറേറ്റുകളുടെ നേട്ടത്തിനായി ഇരുട്ടിവെളുക്കുംമുമ്പ് നയങ്ങള്‍ മാറ്റാമെന്ന സ്ഥിതിയാണിന്നുള്ളത്. സ്വകാര്യവല്‍ക്കരണവും നിയന്ത്രണം ഒഴിവാക്കലും നയങ്ങള്‍ തീരുമാനിക്കാനുള്ള കോര്‍പ്പറേറ്റുകളുടെ അധികാരത്തെ വന്‍തോതില്‍ വളര്‍ത്തിയിരിക്കുന്നു. എല്ലാ സ്ഥാപനങ്ങളും ഭരണകൂട ഏജന്‍സികളും വന്‍കിട മൂലധനത്തിന് വഴങ്ങിക്കൊടുക്കുകയാണ്. ഉന്നതങ്ങളില്‍ വിലയ്ക്കുവാങ്ങാവുന്ന സ്ഥിതിയും അഴിമതിയും ഉദാരവല്‍ക്കരണ പ്രക്രിയ വന്‍തോതില്‍ വികസിപ്പിച്ചിരിക്കുന്നു.

അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി നിരവധി അഴിമതികളിലൂടെ ഗവണ്‍മെന്റും വന്‍ ബിസിനസ്സുകാരുമായുള്ള ഒരു അവിഹിതബന്ധം രൂപപ്പെടുത്തിയിരുന്നു. എന്നാല്‍, രണ്ടാം യു.പി.എ ആ അതിര്‍ത്തികളെയെല്ലാം ഉല്ലംഘിച്ചിരിക്കുന്നു. ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ്സും അതിന്റെ സഖ്യശക്തികളുമെല്ലാം എല്ലാ അതിര്‍ത്തികളും ലംഘിച്ചിരിക്കുന്നു.

ഇന്നത്തെ നയങ്ങളുടെ ചട്ടക്കൂടിനകത്താണ് അഴിമതി വളരുകയും ശക്തിയാര്‍ജ്ജിക്കുകയും ചെയ്തതെന്നതിനാല്‍ പൊതുമുതല്‍ കൊള്ളയടിക്കുന്ന ഈ നയങ്ങള്‍ക്കെതിരായി പോരാടുകയും അതിനെ ചെറുക്കുകയും വേണം.

*
അഴിമതിക്കെതിരായ കാമ്പയിന്‍ സിപിഐ (എം) കേന്ദ്ര കമ്മിറ്റി കടപ്പാട്: ചിന്ത വാരിക 101210

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നവലിബറല്‍ കാലഘട്ടത്തില്‍ അഴിമതിയുടെ അര്‍ത്ഥശാസ്ത്രം പുതിയ മാനങ്ങള്‍ കൈവരിച്ചിരിക്കുന്നു. ലൈസന്‍സ് കിട്ടുന്നതിനും ചട്ടങ്ങള്‍ മറികടന്ന് നേട്ടങ്ങളുണ്ടാക്കുന്നതിനും വേണ്ടി മുന്‍പ് വന്‍'ബിസിനസുകാര്‍ ഉന്നത തലത്തിലുള്ളവര്‍ക്ക് കൈക്കൂലി കൊടുക്കുകയായിരുന്നുവെങ്കില്‍ ഇന്ന് വന്‍ ബിസിനസ്സുകാരും കോര്‍പ്പറേറ്റുകളും നയങ്ങള്‍ തീരുമാനിക്കുന്നവരെന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു. മന്ത്രി ആരുതന്നെ ആയാലും നയങ്ങള്‍ തന്നെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സ്ഥിതിയാണുള്ളത്. ടെലികോം വ്യവസായത്തിലായാലും, എണ്ണ-പെട്രോളിയം മേഖലയിലായാലും, ആണവ മേഖലയിലായാലും, പ്രതിരോധത്തിലായാലും കോര്‍പ്പറേറ്റുകളുടെ നേട്ടത്തിനായി ഇരുട്ടിവെളുക്കുംമുമ്പ് നയങ്ങള്‍ മാറ്റാമെന്ന സ്ഥിതിയാണിന്നുള്ളത്. സ്വകാര്യവല്‍ക്കരണവും നിയന്ത്രണം ഒഴിവാക്കലും നയങ്ങള്‍ തീരുമാനിക്കാനുള്ള കോര്‍പ്പറേറ്റുകളുടെ അധികാരത്തെ വന്‍തോതില്‍ വളര്‍ത്തിയിരിക്കുന്നു. എല്ലാ സ്ഥാപനങ്ങളും ഭരണകൂട ഏജന്‍സികളും വന്‍കിട മൂലധനത്തിന് വഴങ്ങിക്കൊടുക്കുകയാണ്. ഉന്നതങ്ങളില്‍ വിലയ്ക്കുവാങ്ങാവുന്ന സ്ഥിതിയും അഴിമതിയും ഉദാരവല്‍ക്കരണ പ്രക്രിയ വന്‍തോതില്‍ വികസിപ്പിച്ചിരിക്കുന്നു.

അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി നിരവധി അഴിമതികളിലൂടെ ഗവണ്‍മെന്റും വന്‍ ബിസിനസ്സുകാരുമായുള്ള ഒരു അവിഹിതബന്ധം രൂപപ്പെടുത്തിയിരുന്നു. എന്നാല്‍, രണ്ടാം യു.പി.എ ആ അതിര്‍ത്തികളെയെല്ലാം ഉല്ലംഘിച്ചിരിക്കുന്നു. ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ്സും അതിന്റെ സഖ്യശക്തികളുമെല്ലാം എല്ലാ അതിര്‍ത്തികളും ലംഘിച്ചിരിക്കുന്നു.

ഇന്നത്തെ നയങ്ങളുടെ ചട്ടക്കൂടിനകത്താണ് അഴിമതി വളരുകയും ശക്തിയാര്‍ജ്ജിക്കുകയും ചെയ്തതെന്നതിനാല്‍ പൊതുമുതല്‍ കൊള്ളയടിക്കുന്ന ഈ നയങ്ങള്‍ക്കെതിരായി പോരാടുകയും അതിനെ ചെറുക്കുകയും വേണം.