മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക
1959ല്‍ പോളിടെക്നിക്കില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഞാന്‍ വിവാഹിതനാകുന്നത.് ഞാനറിയാതെ എന്റെ വിവാഹാലോചന വീട്ടില്‍ നടക്കുന്നുണ്ടായിരുന്നു. ബാപ്പ ഒരു ബന്ധം അന്വേഷിച്ചു കൊണ്ടാട്ടിയില്‍ വന്നു. കൊണ്ടോട്ടിയിലെ തങ്ങള്‍കുടുംബവുമായി ഞങ്ങള്‍ മുമ്പേ സൌഹൃദബന്ധം ഉണ്ടായിരുന്നു. അതിനാല്‍ തങ്ങള്‍ കുടുംബത്തിലെ പ്രധാനിയായ ഉണ്ണിമാന്‍ (ഗുലാം സാഹിബ് തങ്ങള്‍) തങ്ങളെ ബാപ്പ വീട്ടില്‍ ചെന്നുകണ്ട് വന്ന കാര്യത്തെപ്പറ്റി സംസാരിച്ചു. അദ്ദേഹം ബാപ്പയെ ആദരിച്ചു, ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു, സല്‍ക്കരിച്ചു. മടങ്ങിപ്പോരുമ്പോള്‍ തങ്ങളുടെ കാര്യസ്ഥനായിരുന്ന വേലുനായര് ബസ്സ്റ്റാന്‍ഡ് വരെ ബാപ്പയെ അനുഗമിച്ചു. പല കാര്യങ്ങളും പറഞ്ഞ കൂട്ടത്തില്‍ വേലുനായര് ബാപ്പയോട് പറഞ്ഞു,കല്യാണം വേറെ അന്വേഷിക്കണമെന്നില്ല, തങ്ങള്‍ക്കുതന്നെ ഒരു കുട്ടിയുണ്ട്, നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ അതു മതി എന്നാണ് എന്റെ തോന്നല്‍. ബാപ്പ ശരിക്കും ഞെട്ടിപ്പോയി. കാരണം, സാധാരണ തങ്ങള്‍ കുടുംബത്തില്‍നിന്ന് പെണ്‍കുട്ടികളെ മലബാറികള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാറില്ല. അത് ആലോചിക്കാന്‍പോലും കഴിയുമായിരുന്നില്ല. ബാപ്പ അത്ഭുതം പ്രകടിപ്പിച്ചപ്പോള്‍ നായര് പറഞ്ഞു, താന്‍ പറയുന്നത് തങ്ങളുടെ താല്‍പ്പര്യപ്രകാരമാണെന്ന്. പിന്നെ അദ്ദേഹത്തിന് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അടുത്ത ആഴ്ച വരാമെന്നു പറഞ്ഞ് അവര്‍ പിരിഞ്ഞു.
കൊണ്ടോട്ടി തങ്ങള്‍കുടുംബം ടിപ്പുസുല്‍ത്താന്റെ കാലത്ത് മുംബൈയിലെ കല്യാണ്‍ എന്ന പ്രദേശത്തുനിന്ന് മലബാറില്‍ മതപ്രചാരണം നടത്താന്‍ വന്നതായിരുന്നു. ആദ്യം പാലക്കാട് പുതുനഗരത്തും പിന്നെ അരീക്കോട്ടും അതിന് ശേഷം കൊണ്ടോട്ടിയിലും എത്തി. അവര്‍ സൂഫി തെരീഖത്ത മാര്‍ഗം അവലംബിച്ച ഷിയാ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ടിപ്പുസുല്‍ത്താന്‍ ആദ്യത്തെ തങ്ങളെ "ഇനാംദാര്‍'' എന്ന പദവി നല്‍കി സുല്‍ത്താന്റെ പ്രതിനിധിയായി ഏതാനും അംശങ്ങളില്‍നിന്ന് നികുതി പിരിക്കാനും നാടുവാഴി എന്ന നിലയില്‍ പ്രവര്‍ത്തിക്കാനും അധികാരം നല്‍കിയിരുന്നു. അദ്ദേഹത്തിലൂടെയായിരുന്നു മലബാറില്‍ സൂഫിതരീഖത്ത് പ്രസ്ഥാനം വേരൂന്നി വളര്‍ന്നത്. അദ്ദേഹത്തിന്റെ ആസ്ഥാനമാണ് കൊണ്ടോട്ടി "തക്ക്യാവ്.'' അദ്ദേഹം മരണപ്പെട്ടതിനുശേഷം ഖബറടക്കിയ സ്ഥലത്ത് കെട്ടിപ്പൊക്കിയതാണ് 'കുബ്ബ'.
ആത്മീയ കാര്യങ്ങളില്‍ ഉപദേശം തേടിയും മാനസിക പ്രശ്നങ്ങളില്‍ അഭയം കണ്ടും ജനങ്ങള്‍ വലിയ തങ്ങളെ ഒരു ആശ്രയകേന്ദ്രമായി പരിഗണിച്ചുവന്നു. അധികം താമസിയാതെ തങ്ങളുടെ അനുയായിവൃന്ദം മലബാറില്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ചു. അനുയായികളെ 'മുരിദന്മാര്‍' എന്നാണ് വിളിച്ചിരുന്നത്. മാനസിക പ്രശ്നങ്ങള്‍ ആത്മീയ പ്രചോദിതമായ സമീപനംകൊണ്ട് പരിഹരിച്ചു മനഃശാന്തി കണ്ട അനുയായികള്‍ ഉറക്കെ പാടി:
'സന്താപമനം തീര്‍ത്തിടും ചെന്താമരപ്പൂവെ
സന്തോഷം തരും മുഷ്തിയ ക്ക്ഷാ എനൈ ജീവെ
സന്മാര്‍ഗ ഗുരുവെ...''
മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ എന്റെ കുടുംബത്തിന് തങ്ങള്‍ കുടുംബവുമായി പുരാതനമായി തന്നെ അടുപ്പം ഉണ്ടായിരുന്നു. അങ്ങനെയാണ് പിന്‍തലമുറക്കാരായ ഉണ്ണിമാന്‍ തങ്ങളും എന്റെ ബാപ്പയും തമ്മില്‍ ബന്ധപ്പെടാന്‍ ഇടവന്നത്. മാത്രമല്ല മറ്റു ചില സാഹചര്യങ്ങളും ഈ അടുപ്പത്തിന് വഴിയൊരുക്കിയിട്ടുണ്ടായിരുന്നു.
1946ല്‍ സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ടുമുമ്പ് എന്റെ കുടുംബം ഉണ്ണിമാന്‍ തങ്ങളുടെ പുത്തന്‍പീടികവീട്ടില്‍ കുറച്ചുകാലം താമസിക്കാന്‍ ഇടവന്നു. അത് എന്റെ ഉമ്മയുടെ ചികിത്സക്ക് വേണ്ടിയായിരുന്നു. ഉമ്മ ഒരു മനോരോഗിയായിരുന്നു. അത് തീര്‍ത്തും അന്ധവിശ്വാസത്തില്‍നിന്ന് ഉണ്ടാകുന്ന മാനസികപ്രശ്നങ്ങള്‍ മാത്രം. കുട്ടിക്കാലത്തുതന്നെ ഉമ്മയുടെ കുടുംബസാഹചര്യത്തില്‍നിന്ന് ഉള്‍ക്കൊണ്ട അന്ധവിശ്വാസങ്ങള്‍ മാനസികപ്രശ്നമായി വളര്‍ന്നതാണ്. തന്റെ ശരീരത്തില്‍ ഭൂതങ്ങളുടെയും പിശാചുക്കളുടെയും ബാധയുണ്ടെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ശരീരത്തില്‍ കുത്തല്, കടയല്, ആസകലം വേദന, മൂര്‍ധാവില്‍ വിങ്ങല്- ഇങ്ങനെ പലവിധത്തിലുള്ള സ്ഥിരം ആവലാതികള്‍. ചിലപ്പോള്‍ 'കൂകി എളകി' അബോധാവസ്ഥയില്‍ കിടക്കും. കുട്ടിക്കാലത്ത് ഒരു ആള്‍രൂപം കണ്ട് പേടിച്ചതാണ് ജിന്ന് ബാധക്ക് തുടക്കം എന്നാണ് ഉമ്മ പറഞ്ഞിരുന്നത്. പിന്നെ ചില വിരോധികള്‍ മാരണംചെയ്തിട്ടുണ്ടെന്നും അവര്‍ കരുതിയിരുന്നു. ശരീരത്തില്‍ ഉപദ്രവങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജിന്ന് ശൈത്താന്മാരുടെ പേരുകളും അവര്‍ 'കൂകി-എളകു'മ്പോള്‍ അബോധാവസ്ഥയില്‍ പറയുമായിരുന്നു. ചേക്കുട്ടി, കരുംകുട്ടി, പൂക്കുട്ടി, പൂമാലക്കുട്ടി, ആകാശഭൈരവന്‍, കുത്ത്പന്തല് ഇങ്ങനെ പോകുന്നു ആ ശൈത്താന്മാരുടെ നീണ്ട നിര.
ഈ ബാധ ഒഴിപ്പിക്കാന്‍ അക്കാലത്ത് വീട്ടില്‍ എപ്പോഴും പണിക്കന്മാര്‍, കണക്കന്മാര്‍, മൊല്ല, തങ്ങള്‍ മുതലായവര്‍ വരും. അവര്‍ കണക്ക്നോക്കും, രാശി വയ്ക്കും, നെട്ടവും നാളും പറയും. പിശാചുക്കളെ ഒഴിപ്പിക്കാന്‍ പലവിധ വിദ്യകളും അവര്‍ പ്രയോഗിക്കും. ഹോമം, ഉഴിഞ്ഞുവാങ്ങല്‍, നൂല്‍, ഐക്കല്ല് തുടങ്ങിയ ചികിത്സാരീതികളാണ് പ്രയോഗിച്ചിരുന്നത്. അത്തരം ചികിത്സാരീതികളില്‍നിന്നാണ് ഉമ്മ മേല്‍പ്പറഞ്ഞ ജിന്ന്, ശൈത്താന്‍മാരുടെ പേരുകള്‍ പഠിച്ചത്. ഇത്തരം ചികിത്സകളല്ലാതെ ഡോക്ടറും വൈദ്യരും വളരെ കുറവായിരുന്നു.
മേല്‍പ്പറഞ്ഞ ചികിത്സാ കോലാഹലങ്ങള്‍ക്ക് ഞങ്ങള്‍ മക്കള്‍ മൂക സാക്ഷികളായിരുന്നു. ആ ചികിത്സയുടെ ഭാഗമായിട്ടാണ് കുടുംബം എന്റെ കുട്ടിക്കാലത്ത് കൊണ്ടോട്ടിയില്‍ വന്ന് കുറച്ചുകാലം താമസിക്കാനിടവന്നത്. അന്ന് എനിക്ക് ഒമ്പത് വയസ്. ഒരു ജ്യേഷ്ഠനും പെങ്ങളും മാത്രം കുട്ടികള്‍. ഞങ്ങള്‍ തങ്ങളുടെ വീടിന്റെ ഒരു ഭാഗത്ത് തന്നെയാണ് താമസിച്ചിരുന്നത്. അങ്ങനെ ഞങ്ങളും തങ്ങളുടെ കുട്ടികളും കൂടിക്കലര്‍ന്ന് കുറച്ചുകാലം ജീവിച്ചുവന്നു. അത് കാരണം എനിക്ക് കല്യാണം ആലോചിച്ച കുട്ടിയെ ചെറുപ്പത്തില്‍തന്നെ എനിക്കും വീട്ടുകാര്‍ക്കും അറിയാമായിരുന്നു.
സ്വാതന്ത്ര്യ പ്രഖ്യാപനം അടുത്തുവന്ന് വാതില്‍ക്കല്‍ മുട്ടിനില്‍ക്കുന്ന കാലം. സമരകോലാഹലങ്ങളുടെ പരിസമാപ്തി. ജനം ആവേശഭരിതരായിരുന്നു. യോഗങ്ങളും പ്രസംഗം, പാട്ട് തുടങ്ങിയവയും ആവേശം കൊള്ളിച്ചിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ഇതിന്റെ എല്ലാം പ്രതിഫലനങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പല കാര്യങ്ങളും ഞങ്ങളുടെ കുരുന്നു ഹൃദയങ്ങളില്‍ പതിഞ്ഞിട്ടുണ്ടാവണം. എന്റെ അനുഭവത്തില്‍, അന്ന് എത്രയോ ചെറുപ്പമായിരുന്നിട്ടും ചില കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു.
അന്ന് സ്വാതന്ത്ര്യസമര സേനാനികളായ നേതാക്കന്മാരില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന പേര് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റേതായിരുന്നു. കൊടിയത്തൂര് എന്ന സ്ഥലത്ത് പ്രസംഗം കഴിഞ്ഞു മടങ്ങുമ്പോള്‍ വഴിമധ്യേ ഹൃദയസ്തംഭനംമൂലം അദ്ദേഹം മരണപ്പെടുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ചര്‍ച്ചയും പാട്ടും എല്ലാം വികാര നിര്‍ഭരമായിരുന്നു. ആ കാലത്തു തന്നെ അദ്ദേഹത്തിന്റെ പേരും മറ്റു വിവരങ്ങളും ഞാനും മനസ്സിലാക്കിയിരുന്നു. എന്റെ കുരുന്നു ഹൃദയത്തില്‍ രാഷ്ട്രീയത്തിന്റെ ഹരിശ്രീ കുറിക്കപ്പെട്ടതും ഈ കാരണത്താലാവാം. അബ്ദുറഹിമാന്‍ സാഹിബിന്റെ മരണത്തില്‍ ദുഃഖാര്‍ത്തരായ അനുയായികള്‍ പാടിയിരുന്ന ഒരു ശോകഗാനം, അന്ന് കേട്ട് പഠിച്ചത് ഞാന്‍ ഇന്നും ഓര്‍മിക്കുന്നു. അത് താഴെ ഉദ്ധരിക്കാം.
അതിപ്രിയത്താല്‍ ജനര്‍സ്തുതിത്തെ
അഭിവന്ദ്യരായുള്ളെ നേതാവാം. (അതിപ്രി...)
ഹാജി മുഹമ്മത് അബ്ദുറഹിമാനെണ്ടെ പുണ്യമതി
അന്ത്യംവരൈക്കും പൊതുസേവനങ്ങള്‍ ചെയ്ത നിധി
മൃതിയടഞ്ഞു, ഖബറടങ്ങി, വ്യസന കണ്ണീര്‍ ഒഴുകി നാട്ടില്‍ (അതിപ്രി...)
കോടാതെ ഒറ്റെ ആശ്രയത്തില്‍ തന്നെ നിന്ന മഹാന്‍
കോണ്‍ഗ്രസില്‍ ചേര്‍ന്നു ത്യാഗംചെയ്ത് മൃതിയടഞ്ഞ മഹാന്‍
ചൊടി, ചൊടിയാല്‍ പിടിച്ചു ബലംവരുത്തി
തന്നാമത നേതാവാം. (അതിപ്രി...)
ജേലില്‍ കിടന്നു നിരാഹാരവ്രതംകൊണ്ട് വിള്ളി
ജേലില്‍ അനുവദിത്തീടേണം മുസല്‍മാനു പള്ളി
ജലവും സ്ഥലം, നമസ്കരിക്കാന്‍ അനുവദിച്ചു
കൊടുത്തുടനെ (അതി...)
ചുറ്റുപാടുകളില്‍ നടക്കുന്ന സാമൂഹ്യ സംഭവ വികാസങ്ങളും കുബ്ബയിലും മറ്റും നടക്കുന്ന മതാചാരങ്ങളും കണ്ടും ആസ്വദിച്ചും തങ്ങളുടെ കുട്ടികളും ഞങ്ങളും ഒരുമിച്ച് കഴിഞ്ഞു. മുകളില്‍ ഉദ്ധരിച്ചതുപോലെയുള്ള പാട്ടുകള്‍ കേട്ടും പാടിയും പുത്തംമാളിയക്കല്‍ മുറ്റത്ത് കെട്ടുപന്തില്‍ തട്ടിക്കളിച്ചും കളിതമാശകള്‍ കണ്ടും കഴിഞ്ഞു.
ഇത്തരം ഓര്‍മകള്‍ പിന്നീട് പുതുക്കാന്‍ അവസരമുണ്ടായത് ഞാന്‍ 1957ല്‍ ഫാറൂഖ് കോളേജില്‍ പ്രീ യൂസിക്ക് ചേര്‍ന്നപ്പോഴാണ്. തങ്ങളുടെ മൂത്ത മകന്‍ നസറുദ്ദീന്‍ തങ്ങള്‍ എന്റെ ക്ളാസില്‍ വന്നുചേര്‍ന്നു. സഹപാഠികള്‍ എന്ന നിലയില്‍ ഉണ്ടായ പരിചയം പൂര്‍വകാല സ്മരണകള്‍ അയവിറക്കിയപ്പോള്‍ ആത്മബന്ധമായി മാറി. ക്ളാസില്ലാത്ത ഒരു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ കൂടെ അവരുടെ വീട്ടിലും പോയി. പിതാവ് ഉണ്ണിമാന്‍ തങ്ങള്‍ ഇടക്ക് കോളേജില്‍ വരുമായിരുന്നു. അദ്ദേഹവും എന്നെ കണ്ടു പഴയ ഓര്‍മ പുതുക്കി. അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തിന്റെ അക്കൌണ്ടില്‍ കേറിയത്.
ഈ സാഹചര്യത്തില്‍ ആണ് 1959 മാര്‍ച്ച് ഒന്നിന് ഞാനും തങ്ങളുടെ മൂത്ത മകള്‍ സാറാബീബിയും തമ്മിലുള്ള വിവാഹം നടന്നത്. അന്ന് ഞാന്‍ പോളിടെക്നിക്കിലെ ഒന്നാം വര്‍ഷ വിദ്യാഥിയായിരുന്നു. കല്യാണം നാട്ടിന്‍പുറത്തെ ഒതുങ്ങിയതും അനാര്‍ഭാടകരവും ആയിരുന്നെങ്കിലും എന്റെ അടുത്ത വിദ്യാര്‍ഥിസുഹൃത്തുക്കളും രാഷ്ട്രീയനേതാക്കളില്‍ ചിലരും പങ്കെടുത്തിരുന്നു. കല്യാണസദസ്സില്‍ കാരാ ലളിതകലാ സമിതി പ്രസിഡന്റ് കാദരിക്കോയയും നാടക സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവര്‍ ഹൃദ്യമായി പാട്ടുകച്ചേരി നടത്തി. അതില്‍ ഇരിങ്ങല്‍ ലീല പാടിയ ഒരു പാട്ടിന്റെ വരികള്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
പച്ചമരത്തില്‍ കൂടില്ലെ
കൂട്ടിനകത്ത് കുഞ്ഞില്ലെ,
കുഞ്ഞിന് പാടാനറിയില്ലെ
കൂട്ടിലിരിക്കും പൈങ്കിളിയെ
ഞാന്‍ എന്ന പുതിയാപ്ളയും സംഘവും കൊണ്ടോട്ടി എത്തുമ്പോള്‍ രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു. കൊണ്ടോട്ടി അങ്ങാടിമധ്യത്തില്‍ - ഇപ്പോള്‍ പൊലീസ്സ്റ്റേഷന്റെ മുന്‍വശം - ബസ് നിര്‍ത്തി അവിടെനിന്ന് ഞങ്ങളെ ആനയിച്ചുകൊണ്ടുപോയി. കൊണ്ടോട്ടി നേര്‍ച്ചക്ക് പെട്ടി എതിരേല്‍ക്കുമ്പോലെ വിളക്കും ബൈത്തുമായി സ്വാഗതം ചെയ്താണ് നടത്തിക്കൊണ്ടുപോയത്.
എന്റെ കല്യാണത്തിന്റെ കൂടെത്തന്നെയായിരുന്നു ചെറിയ പെങ്ങള്‍ നഫീസയുടെയും കല്യാണം. പുതിയാപ്ള എന്റെ മച്ചൂനിയന്‍ കെ ടി അലവിക്കുട്ടി. അദ്ദേഹത്തിന് എന്റെ പ്രായംതന്നെ. ഇരുപത്തൊന്നുവയസ്സായിരുന്നു അന്ന്. രസകരമായ സംഗതി, എന്റെ സഹോദരി നഫീസക്ക് അന്ന് പന്ത്രണ്ട് വയസ് മാത്രമായിരുന്നു പ്രായം എന്നതാണ്. ആ പ്രായത്തിലാണ് അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ പ്രത്യേകിച്ചും ഞങ്ങളുടെ കുടുംബത്തില്‍ പെണ്‍കുട്ടികളെ കല്യാണം കഴിച്ചുകൊടുത്തിരുന്നത്. കല്യാണത്തിന് ഒരു കൊല്ലംമുമ്പ് അവരുടെ നിക്കാഹ്കര്‍മം നടന്നത് ഞാന്‍ ഓര്‍ക്കുന്നു. നിക്കാഹിന് പുതിയാപ്ള വന്ന് ഇരുന്ന സദസ്സില്‍ പതിനൊന്ന് വയസായ നഫീസയും വന്നിരുന്നു. എല്ലാവരോടും സംസാരിച്ചും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും ഒന്നും അറിയാത്ത, എട്ടുംപൊട്ടും തിരിയാത്ത പാവാടപ്പെണ്ണ് കളിച്ചു ചിരിച്ചു സദസ്സില്‍ ഇരിക്കുന്നത് കൌതുകമുണര്‍ത്തി. അതിനിടയില്‍ അവള്‍ ഉറങ്ങിപ്പോയി. മുസ്ള്യാര് വന്ന് നിക്കാഹ് തുടങ്ങാന്‍ ആരംഭിക്കുമ്പോഴാണ് അവളെ പിടിച്ചുമാറ്റി കൊണ്ടുപോയത്. അന്നത്തെ സാമൂഹ്യമായ തെറ്റുകള്‍ക്ക് ഇനിയും ഉദാഹരണങ്ങള്‍ പറയാനുണ്ട്. വിസ്തരിക്കുന്നില്ല.
കല്യാണം കഴിഞ്ഞ് ഞാന്‍ വീണ്ടും കോളേജില്‍ എത്തി. എന്നാല്‍ വിദ്യാര്‍ഥികളുടെ 'ഒരണ' സമരം തീര്‍ന്നെങ്കിലും ഇ എം എസ് ഭരണത്തെ താഴെയിറക്കാനുള്ള കുതന്ത്രങ്ങള്‍ ശക്തിപ്പെടുത്തിവരുന്ന കാലമായിരുന്നു അത്. കോണ്‍ഗ്രസ്-ലീഗ്-പിഎസ്പി രാഷ്ട്രീയസഖ്യം രൂപപ്പെട്ടുവന്നു. അവര്‍ക്ക് ജാതിമത സംഘടനകളും കൂട്ടായി. അങ്ങനെ അവര്‍ 'വിമോചനസമരം' പ്രഖ്യാപിച്ചു. പട്ടം-മന്നം-ബാഫക്കി തങ്ങള്‍- ആര്‍ ശങ്കര്‍ സിന്ദാബാദ് എന്നവര്‍ മുദ്രാവാക്യം മുഴക്കി. കേരളത്തില്‍ ജാതി രാഷ്ട്രീയത്തിന്റെ ഉദ്ഘാടനം അന്നാദ്യമായി അവര്‍ നിര്‍വഹിച്ചു.
പിന്നെ നടന്ന സംഭവങ്ങള്‍ വിസ്തരിക്കാന്‍ ഈ പുസ്തകത്തില്‍ ഇടംപോര. ഭരണം താനെ വീഴില്ലെന്ന് കണ്ട് സമരക്കാര്‍ സമീപനം മാറ്റി. സമരം അക്രമാസക്തമായി. വെടിവയ്പ്പുണ്ടാക്കി. രക്തസാക്ഷികളെയും സൃഷ്ടിച്ചു. വരന്തരപ്പള്ളിയിലും ചന്ദനത്തോപ്പിലുമാണ് വെടിവയ്പ്പ് നടന്നത്. കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നു എന്ന് കേന്ദ്ര-കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു.
അങ്ങനെ കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിരാഗാന്ധിയുടെ ഉപദേശം സ്വീകരിച്ച് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഭരണഘടനയുടെ 356-ാം വകുപ്പ് ദുര്‍വിനിയോഗം ചെയ്ത്, തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടി സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ ജനകീയ ഗവണ്‍മെന്റിനെ-സ. ഇ എം എസ്സിന്റെ നല്ല ഭരണത്തെ പിരിച്ചുവിട്ടു. തുടര്‍ന്ന് 1960ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കോ-ലീ-പി സഖ്യം ജാതി കക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ വന്നു.
ഞാന്‍ അന്ന് പോളിടെക്നിക്കില്‍ (1959-60 കാലം) രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. മുമ്പ് പറഞ്ഞപോലെ വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനം, രാഷ്ട്രീയം, കല, കൂട്ടത്തില്‍ കല്യാണവും എന്‍ജിനിയറിങ് പഠിത്തത്തിലെ മടുപ്പും എല്ലാംകൂടി ആ പഠനം നിര്‍ത്താന്‍തന്നെ തീരുമാനിച്ചു. ഭാര്യ ഗര്‍ഭിണിയുംകൂടി ആണെന്നറിഞ്ഞപ്പോള്‍ ഇനി പഠിക്കാന്‍ കഴിയില്ലെന്നുറച്ചു. അങ്ങനെ പോളിയിലെ പഠനം അവസാനിപ്പിച്ചു കെട്ടും ഭാണ്ഡവുമായി വീട്ടില്‍ എത്തി. പിന്നീട് എന്റെ ശ്രമം ഏതെങ്കിലും തരത്തില്‍ എന്തെങ്കിലും ഒരു ജോലി കരസ്ഥമാക്കണം എന്നായി. അതിന്റെ ഉദ്ദേശ്യം ഒരു ഉദ്യോഗസ്ഥനായി ജീവിതം പൂര്‍ത്തിയാക്കണം എന്നായിരുന്നില്ല. ജോലി കിട്ടിയാല്‍ ആ കാരണം പറഞ്ഞ് മറ്റ് ചുറ്റുപാടുകളില്‍നിന്ന് ഒഴിഞ്ഞുമാറി, ഉദ്യോഗത്തില്‍ ഇരുന്ന് പ്രൈവറ്റായി പഠിച്ച് ഡിഗ്രി എടുക്കുക, പിന്നെ നിയമപഠനം കഴിക്കുക. ഒരു വക്കീലാകണമെന്ന ചെറുപ്പത്തിലേ ഉണ്ടായിരുന്ന ആഗ്രഹം പൂര്‍ത്തിയാക്കുക. ഇതായിരുന്നു ഹൃദയത്തിനുള്ളിലെ ആശയം. പ്രീ-യൂസി പാസായിരുന്നത്കൊണ്ട് ഡിഗ്രിപഠനത്തിന് എളുപ്പവും ആണല്ലോ.
ഇതെല്ലാം പറയാനും എഴുതാനും പ്രയാസമില്ല. എന്നാല്‍ ലക്ഷ്യം വളരെ ദൂരത്താണ്. ആത്മവിശ്വാസം കഠിനാധ്വാനത്തിലേക്കും അത് ലക്ഷ്യപ്രാപ്തിയിലേക്കും എത്തിക്കും എന്ന തത്വം എന്റെ ജീവിതാനുഭവം കൊണ്ട് ബോധ്യമായിട്ടുണ്ട്.
ആദ്യത്തെ ശ്രമം ഉദ്യോഗം തരപ്പെടുത്താനാണല്ലോ. അന്ന് തിരു-കൊച്ചി സ്റ്റേറ്റും മലബാറും കൂടി ചേര്‍ന്ന് കേരളം ഉടലെടുത്ത കാലം. തിരുകൊച്ചിയില്‍ എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് ഓഫീസര്‍ എന്ന തസ്തികയുണ്ടായിരുന്നു. മലബാര്‍ മദിരാശിയുടെ കീഴിലായിരുന്നു. ഇവിടെ എല്ലാ പഞ്ചായത്തിലും ഓഫീസറില്ല. അതിനാല്‍ തുല്യത വരുത്തുന്നതിന് മലബാര്‍ പ്രദേശത്ത് പഞ്ചായത്തുകളില്‍ ഓഫീസര്‍മാരെ തെരഞ്ഞെടുത്ത് നിയമിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതായി പത്രത്തില്‍ വാര്‍ത്ത വന്നു. കുറഞ്ഞ യോഗ്യത. എസ്എസ്എല്‍സി മാത്രമായിരുന്നു. ഞാനും അതില്‍ ഒരപേക്ഷ കൊടുത്തു. നിയമനം പിഎസ്സിക്ക് വിട്ടിരുന്നില്ല. പഞ്ചായത്ത് ഡയരക്ടര്‍ നേരിട്ട് നിയമിക്കുകയായിരുന്നു. അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രി പി പി ഉമ്മര്‍കോയ ആയിരുന്നു. ഞാന്‍ എന്റെ ബന്ധവും അടുപ്പവും ഉപയോഗിച്ച് അതില്‍ കയറിപ്പറ്റി. ചുരുക്കത്തില്‍ 1961 ജൂണ്‍ മാസത്തില്‍ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായി. 40-120 സ്കെയിലില്‍ മൊത്തം മാസത്തില്‍ 78 ക ശമ്പളം. അന്ന് അത് മോശമല്ലാത്ത ശമ്പളമാണ്.
എന്റെ ആദ്യത്തെ നിയമനം തലശേരി ബ്ളോക്കില്‍ എരുവെട്ടി പഞ്ചായത്തിലായിരുന്നു. ഞാന്‍ കോഴിക്കോടുവരെ ബസ്സിലാണ് നാട്ടില്‍നിന്ന് യാത്ര ചെയ്തത്. പിന്നെ തീവണ്ടി കേറി തലശേരി സ്റ്റേഷനില്‍ ചെന്നിറങ്ങി. അവിടെനിന്ന് അന്വേഷിച്ചപ്പോള്‍ തലശേരിയില്‍നിന്ന് അഞ്ചുനാഴിക ദൂരത്ത് കതിരൂര് അങ്ങാടിയില്‍ച്ചെന്ന് ഇറങ്ങി ഇടത്തോട്ടുള്ള ഊടുവഴിയിലൂടെ ഒരുനാഴിക ചെന്നാല്‍ എരുവെട്ടിയില്‍ എത്താമെന്ന് മനസ്സിലായി. അന്ന് ഓട്ടോറിക്ഷയുണ്ടായിരുന്നില്ല. ടൌണ്‍ ബസ്സും ഇല്ല. കൂത്തുപറമ്പിലേക്കുള്ള ബസ്സില്‍ കേറി കതിരൂര് ഇറങ്ങണം. കൂത്തുപറമ്പിലേക്കുള്ള ബസ് ഉടനെയില്ലെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ചുറ്റുപാടും നോക്കി. ഒന്നുരണ്ട് കുതിരവണ്ടി നില്‍ക്കുന്നത് കണ്ടു. ഞാന്‍ ഒരു വണ്ടിക്കാരനെ സമീപിച്ചു. അഞ്ചുറുപ്പിക വാടക നിശ്ചയിച്ച് ഞാന്‍ കുതിരവണ്ടിയില്‍ കേറി. അത് ഒരു രസകരമായ യാത്രയായിരുന്നു. ഞാന്‍ വണ്ടിയില്‍ നടുക്ക് ഇരുന്നു, ഇരുപുറവും പെട്ടിയും ബെഡ് ഹോള്‍ഡറും വച്ചു.
വണ്ടിക്കാരന്‍ കുതിരയുടെ ജീന്‍സ് കുലുക്കി ചാട്ടവാറുകൊണ്ട് കുതിരയെ രണ്ട് അടിവച്ചുകൊടുത്തു. കുതിര കടാ കടാ എന്ന് ചാടി ഓടി, ദ്രുതഗതിയില്‍ വണ്ടി നീങ്ങി. റോഡിന്റെ ഇരുപുറവും പുരാതനമായ കെട്ടിടങ്ങള്‍. രണ്ടുഭാഗം വിസ്തൃതമായ വയലുകള്‍, ഇടക്കിടെ കലുങ്കുകള്‍. വണ്ടി എരഞ്ഞോളി പാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഇരുവശത്തെയും കാഴ്ചകള്‍ അതിമനോഹരമായിരുന്നു. കതിരൂര്‍ അങ്ങാടിയില്‍ വണ്ടി നിര്‍ത്തി. ആരവവും ഇറക്കവും കണ്ടു. പിന്നീട് എന്റെ സുഹൃത്തുക്കളായി മാറിയ അണിയേരി കുഞ്ഞിരാമന്‍വൈദ്യര്‍, വളപ്പിരാഘവന്‍ എന്നിവര്‍ പറഞ്ഞത്, കൊട്ടാരത്തില്‍നിന്ന് രാജകുമാരന്‍ സവാരി ചെയ്തു വന്നിറങ്ങുംപോലായിരുന്നു എന്നാണ്.
കുഞ്ഞിരാമന്‍വൈദ്യരുടെ മരുന്നുപീടികയില്‍ എന്റെ പെട്ടിയും മറ്റും ഏല്‍പ്പിച്ചു ഞാന്‍ നടന്നു എരുവെട്ടിയില്‍ എത്തി, ഓഫീസില്‍ കേറി. പ്രസിഡന്റിനെ വിവരം അറിയിച്ചു. കെ കെ രാമന്‍വൈദ്യര്‍ ആയിരുന്നു പ്രസിഡന്റ.് അദ്ദേഹം ഉടനെ ഓഫീസില്‍ എത്തി. അദ്ദേഹത്തില്‍നിന്ന് ഞാന്‍ ചാര്‍ജ് ഏറ്റെടുത്തു. ജീവിതത്തില്‍ ആദ്യമായി ഒരു ഉദ്യോഗസ്ഥനായി. അത് 3-10-1961 ലായിരുന്നു.
വിദ്യാര്‍ഥിയായി പാറിപ്പറന്ന് സ്വതന്ത്രമായി ജീവിച്ച ഞാന്‍ ഒരു ഓഫീസ് മുറിയില്‍ മേശയ്ക്കപ്പുറത്ത് കസാലയില്‍ ഇരുന്ന് നാലുപാടും നോക്കിയപ്പോള്‍ ചുമര്‍ഭിത്തികള്‍ മാത്രം. ആ ഏകാന്തത, ലോക്കപ്പില്‍ കേറിയ തടവുപുള്ളിയെപ്പോലെ ആദ്യമായി ഞാന്‍ അനുഭവിച്ചു. ജീവിതത്തിലെ അപ്രതീക്ഷിതമായ വഴിത്തിരിവ്.
താമസത്തിനുള്ള അന്വേഷണം തുടങ്ങി. നാട്ടിന്‍പുറമായതിനാല്‍ ഗ്രാമത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥനായ എനിക്ക് എല്ലാവരും സഹായികളായി, വക്രതയില്ലാത്ത ഗ്രാമീണര്‍. താമസിയാതെ ഒരു ചെറിയ വീട് സൌകര്യപ്പെടുത്തി. കുറുപ്പിച്ചാംകണ്ടി കുഞ്ഞിക്കണ്ണന്റേതായിരുന്നു വീട്, മാസത്തില്‍ അഞ്ചുറുപ്പികയാണ് വാടക. അവിടെ കുടുംബസമേതം താമസം തുടങ്ങി.
അപ്പോഴേക്കും ഞാന്‍ ഒരു കുട്ടിയുടെ പിതാവായിരുന്നു. ഞാനും ഭാര്യയും കുട്ടിയും ഒരു സഹായിയും ആ വീട്ടില്‍ താമസിച്ചു. ഞാന്‍ ഓഫീസ് ജോലിയില്‍ വ്യാപൃതനായി. മുമ്പ് ഓഫീസറില്ലാത്ത ഓഫീസും ഓഫീസ് ജോലി പരിചയമില്ലാത്ത ഞാനും. വളരെ പണിപ്പെട്ട് അധ്വാനിച്ച് ജോലികള്‍ പഠിച്ച് കാര്യങ്ങള്‍ നടത്തിവന്നു.
അധികം താമസിയാതെ എരുവെട്ടി പഞ്ചായത്തും പിണറായി പഞ്ചായത്തും സംയോജിപ്പിച്ച് ഒറ്റ പഞ്ചായത്താക്കി മാറ്റാന്‍ ഗവണ്‍മെന്റ് ഉത്തരവായി. എന്നെ വണ്ടൂര്‍ ബ്ളോക്കില്‍ പോരൂര് പഞ്ചായത്തിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
സര്‍വീസ് ആറുമാസം തികഞ്ഞപ്പോള്‍ എന്നെ എക്സിക്യൂട്ടീവ് ഓഫീസര്‍ ട്രെയ്നിങ്ങിനുവേണ്ടി പാലക്കാട്ട് ട്രെയ്നിങ് സെന്ററിലേക്കയച്ചു. മൂന്നുമാസമായിരുന്നു ട്രെയ്നിങ്. പാലക്കാട് കുന്നത്തൂര്‍മേട് എന്ന സ്ഥലത്തായിരുന്നു ട്രെയ്നിങ് ക്യാമ്പ്. ട്രെയ്നിങ് ക്ളാസ് തുടങ്ങി, ഞാന്‍ പാലക്കാട് താമസിക്കുകയുംചെയ്തു.
*
ടി കെ ഹംസ കടപ്പാട് : ദേശാഭിമാനി വാരിക 26 ഡിസംബര്‍ 2010
Thursday, December 23, 2010
വിവാഹവും ഉദ്യോഗവും
Subscribe to:
Post Comments (Atom)
1 comment:
1959ല്‍ പോളിടെക്നിക്കില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഞാന്‍ വിവാഹിതനാകുന്നത.് ഞാനറിയാതെ എന്റെ വിവാഹാലോചന വീട്ടില്‍ നടക്കുന്നുണ്ടായിരുന്നു. ബാപ്പ ഒരു ബന്ധം അന്വേഷിച്ചു കൊണ്ടാട്ടിയില്‍ വന്നു. കൊണ്ടോട്ടിയിലെ തങ്ങള്‍കുടുംബവുമായി ഞങ്ങള്‍ മുമ്പേ സൌഹൃദബന്ധം ഉണ്ടായിരുന്നു. അതിനാല്‍ തങ്ങള്‍ കുടുംബത്തിലെ പ്രധാനിയായ ഉണ്ണിമാന്‍ (ഗുലാം സാഹിബ് തങ്ങള്‍) തങ്ങളെ ബാപ്പ വീട്ടില്‍ ചെന്നുകണ്ട് വന്ന കാര്യത്തെപ്പറ്റി സംസാരിച്ചു. അദ്ദേഹം ബാപ്പയെ ആദരിച്ചു, ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു, സല്‍ക്കരിച്ചു. മടങ്ങിപ്പോരുമ്പോള്‍ തങ്ങളുടെ കാര്യസ്ഥനായിരുന്ന വേലുനായര് ബസ്സ്റ്റാന്‍ഡ് വരെ ബാപ്പയെ അനുഗമിച്ചു. പല കാര്യങ്ങളും പറഞ്ഞ കൂട്ടത്തില്‍ വേലുനായര് ബാപ്പയോട് പറഞ്ഞു,കല്യാണം വേറെ അന്വേഷിക്കണമെന്നില്ല, തങ്ങള്‍ക്കുതന്നെ ഒരു കുട്ടിയുണ്ട്, നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ അതു മതി എന്നാണ് എന്റെ തോന്നല്‍. ബാപ്പ ശരിക്കും ഞെട്ടിപ്പോയി. കാരണം, സാധാരണ തങ്ങള്‍ കുടുംബത്തില്‍നിന്ന് പെണ്‍കുട്ടികളെ മലബാറികള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാറില്ല. അത് ആലോചിക്കാന്‍പോലും കഴിയുമായിരുന്നില്ല. ബാപ്പ അത്ഭുതം പ്രകടിപ്പിച്ചപ്പോള്‍ നായര് പറഞ്ഞു, താന്‍ പറയുന്നത് തങ്ങളുടെ താല്‍പ്പര്യപ്രകാരമാണെന്ന്. പിന്നെ അദ്ദേഹത്തിന് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അടുത്ത ആഴ്ച വരാമെന്നു പറഞ്ഞ് അവര്‍ പിരിഞ്ഞു.
Post a Comment