Thursday, December 23, 2010

സംവാദത്തിലെ പതിരും കതിരും

നയപരമായ, പ്രായോഗികപ്രസക്തിയുള്ള ചില സൈദ്ധാന്തിക വിഷയങ്ങളും ചരിത്രപരമായ സംഭവങ്ങളും സമീപസമയത്ത് മാധ്യമചര്‍ച്ചയ്ക്ക് അവസരമായി. സി കെ ചന്ദ്രപ്പന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായശേഷം, അദ്ദേഹം പറഞ്ഞതും അദ്ദേഹത്തിന്റെ പേരില്‍ വന്നതുമായ ചില വാര്‍ത്തകളും അഭിമുഖങ്ങളും, അതിന്മേലുള്ള മാധ്യമവ്യാഖ്യാനങ്ങളുമാണ് ചില ആശയസംവാദങ്ങള്‍ സൃഷ്ടിച്ചത്. പി കെ വി, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവരെപ്പോലെയല്ല, ചന്ദ്രപ്പനൊരു കോണ്‍ഗ്രസ് പക്ഷപാതിയാണെന്നും അതിനാല്‍, സിപിഐ-സിപിഐ എം ബന്ധം തകരാന്‍ പോകുകയാണെന്നുമാണ് ഒരുവിഭാഗം മാധ്യമവിശാരദന്മാര്‍ കനവു കണ്ടത്. പക്ഷേ, ആ കിനാവ് ചന്ദ്രപ്പന്‍തന്നെ പിന്നീട് പൊളിച്ചുകൊടുത്തു. കോണ്‍ഗ്രസില്ലാതെ ഇന്ത്യന്‍വിപ്ളവം നടക്കില്ലെന്ന് ചന്ദ്രപ്പന്‍ പറഞ്ഞതായി ഒരു പ്രമുഖവാരികയില്‍ വന്ന അഭിമുഖം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ശ്രദ്ധയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊണ്ടുവന്നപ്പോള്‍ ചന്ദ്രപ്പന്‍ അങ്ങനെ പറഞ്ഞിരിക്കാനിടയില്ലെന്നായിരുന്നു മറുപടി. ബഹുരാഷ്ട്രകുത്തകകളുടെ സ്വഭാവത്തില്‍ വളരുന്ന വന്‍കിട കുത്തകമുതലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ളതും നാടുവാഴിത്തത്തോട് സന്ധിചെയ്തതും സാമ്രാജ്യത്വത്തോടു ചങ്ങാത്തമുള്ളതുമായ ഇന്ത്യന്‍ഭരണകൂടത്തെ മാറ്റി തൊഴിലാളിവര്‍ഗത്തിന് മേല്‍ക്കൈയുള്ള ഭരണകൂടം സ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ വന്‍കിട-കുത്തക മുതലാളിത്തത്തിന്റെ പാര്‍ടിയായ കോണ്‍ഗ്രസിനെ സഖ്യശക്തിയായി കാണാനാകില്ലെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

പൊതുവില്‍ അതിനോട് യോജിക്കുന്ന അഭിപ്രായം ഒരാഴ്ചമുമ്പ് എസിവി അഭിമുഖത്തില്‍ ചന്ദ്രപ്പന്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി കൂട്ടുകൂടി ഇന്ത്യന്‍ വിപ്ളവം നടത്താമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അങ്ങനെയൊരു അബദ്ധം താന്‍ പറയുമോയെന്ന് ആശ്ചര്യവും പ്രകടിപ്പിച്ചു. അപ്പോള്‍, ഇക്കാര്യത്തില്‍ പിണറായിയും ചന്ദ്രപ്പനും രണ്ടുതട്ടിലെന്ന് വ്യാഖ്യാനംമെനഞ്ഞ 'മാധ്യമശിരോമണി'കള്‍ വെട്ടിലായി. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ രണ്ടു കമ്യൂണിസ്റ്പാര്‍ടികളുടെ യോജിച്ച പ്രവര്‍ത്തനവും ഇടതുപക്ഷ-ജനാധിപത്യ മുന്നണിയുടെ പ്രസക്തിയും എസിവി അഭിമുഖത്തില്‍ ചന്ദ്രപ്പന്‍ ഊന്നിയതായി കണ്ടു. അത് കമ്യൂണിസ്റ്റ് ഐക്യം തകരുമെന്ന് സ്വപ്നം കണ്ട പിന്തിരിപ്പന്‍ മാധ്യമക്കാരെ നിരാശരാക്കുന്നതാണ്. നയവും അടവും കമ്യൂണിസ്റ്പാര്‍ടികള്‍ സ്വീകരിക്കുന്നത് കൂട്ടായ ചര്‍ച്ചയുടെയും പൊതുവായ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ്. അല്ലാതെ ഒരു നേതാവിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടത്തിലല്ല. ഇവിടെ, ചന്ദ്രപ്പനെ ഒരുവിഭാഗം മാധ്യമങ്ങള്‍ കോണ്‍ഗ്രസ് പക്ഷപാതിയെന്ന് തെറ്റായ വിധത്തില്‍ ചിത്രീകരിച്ച് സ്വയം പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു.

ഇതൊക്കെയാണെങ്കിലും, സിപിഐയും സിപിഐ എമ്മും രണ്ടുപാര്‍ടികളായതുകൊണ്ടുതന്നെ പലവിഷയങ്ങളിലും വ്യത്യസ്ത നിലപാട് എടുക്കാറുണ്ട്. പക്ഷേ, ഇന്ന് വിയോജിപ്പിന്റെ മേഖല കുറവും യോജിപ്പിന്റെ മേഖല കൂടുതലുമാണ്. വിയോജിപ്പുള്ള കാര്യങ്ങളില്‍ അത് പ്രകടിപ്പിക്കുകയും അത്തരം ആശയസമരങ്ങളിലൂടെ പലപ്പോഴും യോജിപ്പിലെത്തുകയും ചെയ്യാറുണ്ട്. ചില കാര്യങ്ങളില്‍ ഭിന്നിപ്പ് തുടരുകയുംചെയ്യും. 1957 ല്‍ ഒന്നാംകമ്യൂണിസ്റ്റ് മന്ത്രിസഭയെ നയിക്കേണ്ടതാരായിരുന്നു എന്നതിനെപ്പറ്റി ഒരു വാരികയിലെ ചന്ദ്രപ്പന്റെ അഭിമുഖപരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ചില മാധ്യമചര്‍ച്ചകളുണ്ടായി. ടി വി തോമസായിരുന്നു മുഖ്യമന്ത്രിയാകേണ്ടിയിരുന്നതെന്നും അന്ന് കേരളത്തില്‍ അറിയപ്പെടാതിരുന്ന ഇ എം എസ് മുഖ്യമന്ത്രിയായത് പാര്‍ടി സംസ്ഥാനസെക്രട്ടറി എം എന്‍ ഗോവിന്ദന്‍നായരുടെ നിലപാടുകൊണ്ടായിരുന്നുവെന്നും ഗൌരിയമ്മപ്രേമമാണ് ടി വിക്ക് വിനയായതെന്നും ചന്ദ്രപ്പന്‍ പറഞ്ഞതായുള്ള അഭിമുഖപരാമര്‍ശത്തെ കയറിപ്പിടിച്ചാണ് ചില തുടര്‍പ്രതികരണങ്ങള്‍ വന്നത്. ഇരു കമ്യൂണിസ്റ്റ് പാര്‍ടികളുടെയും യോജിപ്പിനപ്പുറം ലയനത്തെപ്പറ്റിവരെ സംസാരിക്കുന്ന ചന്ദ്രപ്പന്‍, ഇ എം എസോ ടി വി തോമസോ എന്ന തര്‍ക്കം ഇപ്പോള്‍ ഉന്നയിച്ചുവെന്ന് കരുതാനാകില്ല.

ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ 40-ാം വാര്‍ഷികത്തില്‍ ഒരു പ്രമുഖദിനപത്രം സമാന വിവാദമുണ്ടാക്കിയപ്പോള്‍ ഇതില്‍ കഴമ്പുണ്ടോയെന്ന് ഇ എം എസിനോട് ഈ ലേഖകന്‍ ആരാഞ്ഞിരുന്നു. 'അസംബന്ധം' എന്നാണ് ഇ എം എസ് പ്രതികരിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകരായ നാലുപേരില്‍ ഒരാളാണ് ഇ എം എസ്. 1943 ലും 1938-40 ലും കെപിസിസി സെക്രട്ടറി, 1934 മുതല്‍ 1940 വരെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, 1941 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗം, 1950 മുതല്‍ പൊളിറ്റ്ബ്യൂറോ അംഗം, 1953, 1954, 1955-56 വര്‍ഷങ്ങളില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി - ഈ വിധം പദവികളില്‍ ഇരുന്ന നേതാവായിരുന്നു ഇ എം എസ്. അങ്ങനെയുള്ള മഹാവിപ്ളവകാരിയെപ്പറ്റി ചന്ദ്രപ്പന്‍ പറഞ്ഞതായി ഒരു വാരികയില്‍ വന്ന പരാമര്‍ശം, 1957 ല്‍ മുഖ്യമന്ത്രിയാകുംവരെ ഇ എം എസിനെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ഇ എം എസിന് എഴുത്തിലല്ലാതെ പാര്‍ടി പ്രവര്‍ത്തനവും സമരപ്രവര്‍ത്തനവും ഇല്ലായിരുന്നുവെന്നുമാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രവും പാര്‍ടിനേതൃത്വത്തില്‍ എത്തുന്നവരുടെ പ്രവര്‍ത്തനപാരമ്പര്യവും ശേഷിയും മനസിലാക്കാന്‍ കഴിയുന്ന ആരും ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ ഇടയില്ലെന്നിരിക്കെ, പുന്നപ്ര-വയലാര്‍ സമരത്തിന്റെ തൊട്ടിലില്‍ പിറന്നുവീണ് കമ്യൂണിസ്റ്റ് വിപ്ളവകാരിയായി വളര്‍ന്ന ചന്ദ്രപ്പന്‍ ഇ എം എസിനെപ്പറ്റി ഇത്രയും തെറ്റായ വിലയിരുത്തല്‍ നടത്താന്‍ ഇടയില്ല. പൊളിറ്റ്ബ്യൂറോ അംഗം, ദേശീയ ആക്ടിങ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് സംഘടനാപരമായി ഒരു സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്തേക്കാള്‍ കീഴെയാണോ?

1939 ല്‍ മദിരാശി അസംബ്ളി അംഗമായിരുന്നു ഇ എം എസ്. അന്നാണ് കാര്‍ഷിക ബില്ലിന്മേല്‍ വിയോജനക്കുറിപ്പെഴുതി ജന്മിത്വത്തിന് താക്കീതേകിയത്. അതിനുമുമ്പ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് 1932-33 കാലത്ത് വെല്ലൂര്‍ജയിലില്‍ ഒന്നരവര്‍ഷമാണ് കഴിഞ്ഞത്. പിന്നീടും ജയില്‍ജീവിതവും ഒളിവു ജീവിതവും നേരിട്ടു. ഇങ്ങനെയുള്ള ഒരു ജനകീയനേതാവ് എന്താണെന്ന് വിളംബരംചെയ്യുന്ന ഒരു തൂലികാചിത്രം ചിന്തകനും സാഹിത്യകാരനുമായ സി ജെ തോമസ് 1948 ല്‍ വരച്ചിട്ടിട്ടുണ്ട്.

'എങ്ങുനിന്നോ വന്ന ഒരു നമ്പൂതിരിയല്ല ഇ എം എസ്........ ഒരു വ്യക്തിയില്‍ അത്രമാത്രം പ്രതിഭ. അതുകൊണ്ടുതന്നെ നാളെ ഒന്നേകാല്‍കോടി മലയാളികളുടെ ഭാഗധേയം ശ്രീ. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സുദൃഢകരങ്ങളിലാണ് സ്ഥിതിചെയ്യുക'- ഇ എം എസ് മുഖ്യമന്ത്രിയാകുന്നതിന് ഒരു പതിറ്റാണ്ട് മുമ്പ് സി ജെ കുറിച്ചു.

വടക്കുനിന്നുവന്ന ഏതോ ഒരു നമ്പൂതിരി തിരുവനന്തപുരത്തുവന്ന് പ്രസംഗിച്ചാല്‍ ഈ മണ്ണിളകില്ലെന്ന് തിരുവിതാംകൂറിലെ പ്രധാനമന്ത്രിയായിരുന്ന പട്ടം താണുപിള്ള പരിഹസിച്ചപ്പോള്‍ അതിന് മറുപടി നല്‍കിയത് എം എന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ്. ആ ചരിത്രമെല്ലാം വിസ്മരിച്ച് ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് ആരെന്നതിനെപ്പറ്റി അസംബന്ധചര്‍ച്ചകള്‍ സൃഷ്ടിക്കുന്നത് ചരിത്രനിഷേധവും ഒപ്പം കാലികരാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തലുമാണ്. കാല്‍നൂറ്റാണ്ടോളം ഒരുമിച്ച് ഒരു പാര്‍ടിയില്‍ പ്രവര്‍ത്തിച്ച ഇ എം എസും എമ്മെനും പിന്നീട് രണ്ടുപാര്‍ടിയിലായി. കുറച്ചുകാലം പരസ്പരം പോരടിക്കുന്ന രാഷ്ട്രീയനിലപാടുകളിലായി. എന്നാല്‍, 1979ന്റെ അവസാനം ഇടതുപക്ഷ-ജനാധിപത്യ രാഷ്ട്രീയം അംഗീകരിച്ചശേഷം രണ്ടുനേതാക്കളും കൂടുതല്‍ സ്നേഹത്തോടെയും കോണ്‍ഗ്രസ് നയിക്കുന്ന വലതുമുന്നണിയെ തറപറ്റിക്കാന്‍ സമര്‍ഥമായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷ-ജനാധിപത്യമുന്നണി രാഷ്ട്രീയത്തില്‍ സിപിഐ എത്തിയശേഷം കേരളത്തില്‍ ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ (1980) എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ച എം എന്‍ ഒരുലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെട്ടു. 1977 ല്‍ അറുപത്തിനാലായിരത്തിലധികം വോട്ടിന് ജയിച്ചിടത്താണ് അപ്രതീക്ഷിത തോല്‍വിയുണ്ടായത്. പക്ഷേ, തെരഞ്ഞെടുപ്പിലെ തോല്‍വി ശരിയായ രാഷ്ട്രീയനയത്തെ അപ്രസക്തമാക്കുന്നില്ലെന്ന് എം എന്‍ കണ്ടു. അതുപോലെ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ രണ്ടു കമ്യൂണിസ്റ്റ് പാര്‍ടികളുടെ യോജിച്ച പ്രവര്‍ത്തനവും ഇടതുപക്ഷ-ജനാധിപത്യ മുന്നണിയുടെ പ്രസക്തിയും ചന്ദ്രപ്പന്‍ അടിവരയിടുന്നുണ്ട്. പിന്തിരിപ്പന്‍ മാധ്യമകേമന്മാര്‍ അത് കാണുന്നില്ല. കമ്യൂണിസ്റ്റുകാര്‍ നയം രൂപീകരിക്കുന്നത് ലാഭനഷ്ടം നോക്കിയല്ല. തെരഞ്ഞെടുപ്പില്‍ ഒരിക്കലോ തുടര്‍ച്ചയായോ കമ്യൂണിസ്റ്റ് നേതൃമുന്നണിക്ക് തോല്‍വി സംഭവിച്ചാല്‍പ്പോലും അക്കാരണത്താല്‍മാത്രം ശരിയായ രാഷ്ട്രീയനയം ഉപേക്ഷിക്കില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പിന്നോട്ടടിയെ അതിജീവിക്കാനുള്ള കരുത്ത് മുന്നണിക്കും മുന്നണിയെ അംഗീകരിക്കാനുള്ള വിശ്വാസം ജനങ്ങള്‍ക്കുമുണ്ട്.

തുടര്‍ അഴിമതി കുംഭകോണങ്ങളും സാമ്പത്തികനയവും കാരണം കോണ്‍ഗ്രസ് ദേശീയമായി ഒറ്റപ്പെടുകയാണെന്നും ഇതടക്കമുള്ള സാഹചര്യങ്ങള്‍ കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ജനങ്ങള്‍ വീണ്ടും വിജയിപ്പിക്കുമെന്നുമുള്ള ചന്ദ്രപ്പന്റെ പ്രത്യാശാഭരിതമായ കാഴ്ചപ്പാട് എല്ലാ പുരോഗമനവാദികള്‍ക്കും ആവേശംപകരും. അഴിമതിക്കെതിരായ ഉറച്ചനിലപാടുകളെയും അംഗീകരിക്കും. പക്ഷേ, കമ്യൂണിസ്റ്റ് നേതാക്കളെ അഴിമതിക്കാരും പാര്‍ടിയെ മോശം കക്ഷിയുമായി ചിത്രീകരിക്കുന്ന പിന്തിരിപ്പന്‍ രാഷ്ട്രീയശക്തികളുടെയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെയും പരിശ്രമങ്ങളെപ്പറ്റി ടിവി അഭിമുഖങ്ങളില്‍ മൌനം പാലിക്കുന്നത് വിരുദ്ധന്മാര്‍ ആയുധമാക്കുന്നുണ്ട്.

ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന കെ സി ജോര്‍ജിനെ അരി കുംഭകോണത്തില്‍ ഉള്‍പ്പെടുത്തുകയും പാര്‍ടി സംസ്ഥാന സെക്രട്ടറിയായ എം എന്‍ ഗോവിന്ദന്‍നായര്‍ അഴിമതിപ്പണം പറ്റിയെന്നും മണിമാളിക കെട്ടിയെന്നും നിയമസഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസും കൂട്ടാളികളും ആക്ഷേപം ഉന്നയിക്കുകയും മാധ്യമങ്ങള്‍ അത് ആഘോഷിക്കുകയും ചെയ്തപ്പോള്‍അതിനുപിന്നിലെ ഗൂഢരാഷ്ട്രീയത്തെ മുഖ്യമന്ത്രി ഇ എം എസും കമ്യൂണിസ്റ്റ് പാര്‍ടിയും തുറന്നുകാട്ടി. കെ സി ജോര്‍ജിനെതിരായ ആക്ഷേപം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെങ്കിലും മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയില്ല. ഒഴിവാക്കാമായിരുന്ന നഷ്ടം ആന്ധ്ര അരിയിടപാടില്‍ ഉണ്ടായെന്ന് കമീഷന്‍ വിലയിരുത്തിയപ്പോള്‍ അരിക്ഷാമത്തില്‍നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ പാര്‍ടിയും മന്ത്രിസഭയും തീരുമാനിച്ചപ്രകാരമാണ് ആന്ധ്രയില്‍നിന്ന് അരി ഇറക്കിയതെന്നും അതില്‍ മന്ത്രി തെറ്റുകാരനല്ലെന്നും കമീഷന്റെ കണ്ടെത്തല്‍ അംഗീകരിക്കുന്നില്ലെന്നുമുള്ള നിലപാടാണ് കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിച്ചത്. എല്‍ഡിഎഫിനെ കുഴിവെട്ടി മൂടാന്‍ പിക്കാസും മകോരിയുമായി നില്‍ക്കുന്ന പിന്തിരിപ്പന്‍ രാഷ്ട്രീയ-മാധ്യമ കൂട്ടുകെട്ടിനു മുന്നില്‍ കണ്ണടയ്ക്കാന്‍ പാടില്ല. അതാണ് കമ്യൂണിസ്റ്റുകാരോട് കാലഘട്ടം ആവശ്യപ്പെടുന്നത്.

ക്രൈസ്തവ സഭയും കമ്യൂണിസ്റ്റുകാരുമായുള്ള ബന്ധവും അതില്‍ സംവാദരീതിയെയും പറ്റിയുള്ള ചന്ദ്രപ്പന്റെ അഭിമുഖപരാമര്‍ശങ്ങളെ വ്യാഖ്യാനിച്ച് ചില
മാധ്യമങ്ങള്‍ തെറ്റായ സന്ദേശം പരത്തുന്നുണ്ട്.

*
ആര്‍ എസ് ബാബു കടപ്പാട്: ദേശാഭിമാനി 21 ഡിംസംബര്‍ 2010

രണ്ടാം ഭാഗം കുരിശും കിരീടവും

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നയപരമായ, പ്രായോഗികപ്രസക്തിയുള്ള ചില സൈദ്ധാന്തിക വിഷയങ്ങളും ചരിത്രപരമായ സംഭവങ്ങളും സമീപസമയത്ത് മാധ്യമചര്‍ച്ചയ്ക്ക് അവസരമായി. സി കെ ചന്ദ്രപ്പന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായശേഷം, അദ്ദേഹം പറഞ്ഞതും അദ്ദേഹത്തിന്റെ പേരില്‍ വന്നതുമായ ചില വാര്‍ത്തകളും അഭിമുഖങ്ങളും, അതിന്മേലുള്ള മാധ്യമവ്യാഖ്യാനങ്ങളുമാണ് ചില ആശയസംവാദങ്ങള്‍ സൃഷ്ടിച്ചത്. പി കെ വി, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവരെപ്പോലെയല്ല, ചന്ദ്രപ്പനൊരു കോണ്‍ഗ്രസ് പക്ഷപാതിയാണെന്നും അതിനാല്‍, സിപിഐ-സിപിഐ എം ബന്ധം തകരാന്‍ പോകുകയാണെന്നുമാണ് ഒരുവിഭാഗം മാധ്യമവിശാരദന്മാര്‍ കനവു കണ്ടത്. പക്ഷേ, ആ കിനാവ് ചന്ദ്രപ്പന്‍തന്നെ പിന്നീട് പൊളിച്ചുകൊടുത്തു. കോണ്‍ഗ്രസില്ലാതെ ഇന്ത്യന്‍വിപ്ളവം നടക്കില്ലെന്ന് ചന്ദ്രപ്പന്‍ പറഞ്ഞതായി ഒരു പ്രമുഖവാരികയില്‍ വന്ന അഭിമുഖം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ശ്രദ്ധയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊണ്ടുവന്നപ്പോള്‍ ചന്ദ്രപ്പന്‍ അങ്ങനെ പറഞ്ഞിരിക്കാനിടയില്ലെന്നായിരുന്നു മറുപടി. ബഹുരാഷ്ട്രകുത്തകകളുടെ സ്വഭാവത്തില്‍ വളരുന്ന വന്‍കിട കുത്തകമുതലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ളതും നാടുവാഴിത്തത്തോട് സന്ധിചെയ്തതും സാമ്രാജ്യത്വത്തോടു ചങ്ങാത്തമുള്ളതുമായ ഇന്ത്യന്‍ഭരണകൂടത്തെ മാറ്റി തൊഴിലാളിവര്‍ഗത്തിന് മേല്‍ക്കൈയുള്ള ഭരണകൂടം സ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ വന്‍കിട-കുത്തക മുതലാളിത്തത്തിന്റെ പാര്‍ടിയായ കോണ്‍ഗ്രസിനെ സഖ്യശക്തിയായി കാണാനാകില്ലെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.