Monday, December 13, 2010

ഗലി ഗലി മേം ശോര്‍ ഹെ

ഒന്നര വര്‍ഷം പ്രായമായ രണ്ടാം യുപിഎ സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണ ശരങ്ങളേറ്റ് സ്തംഭിച്ചുനില്‍ക്കുകയാണ്്. 1.76 ലക്ഷം കോടി രൂപയുടെ സാമ്പത്തികനഷ്ടമാണ് 2ജി സ്പെക്ട്രം ഇടപാടിലൂടെ ഉണ്ടായത്. 3.2 കോടി ജനസംഖ്യയുള്ള കേരളത്തില്‍ 2010-11 വര്‍ഷത്തെ വാര്‍ഷികപദ്ധതി 100,25 കോടി രൂപയും 11-ാം പദ്ധതിയുടെ 5 വര്‍ഷക്കാലയളവിലെ (2007-12) സംസ്ഥാനത്തിന്റെ അടങ്കല്‍ 40,500 കോടി രൂപയും ആണെന്ന് മനസ്സിലാക്കുമ്പോള്‍ 2ജി സ്പെക്ട്രം അഴിമതിയുടെ വ്യാപ്തി വ്യക്തമാകും.

സാമ്പത്തികനേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിയമവിരുദ്ധപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതാണ് നമുക്കു പരിചയമുള്ള അഴിമതിയുടെ പൊതുസ്വഭാവം. ബൊഫോഴ്സ് ഉള്‍പ്പെടെയുള്ള കുപ്രസിദ്ധമായ പല അഴിമതികളും ഇത്തരത്തിലുള്ളതാണ്. എന്നാല്‍,വികസന നയത്തിന്റെ മറവിലായിരുന്നു 2ജി സ്പെക്ട്രം ഇടപാട് നടന്നത്. സര്‍ക്കാര്‍ ഖജനാവിലേക്കു വരേണ്ട 1.76 ലക്ഷം കോടി രൂപയുടെ നികുതിവരുമാനം നിയമപരമായ ലൈസന്‍സിലൂടെ വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ ആസ്തിയായി. യുപിഎ സര്‍ക്കാരിന്റെ ടെലികോം നയം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മന്ത്രിയായിരുന്ന എ രാജ ആവര്‍ത്തിച്ചത് നിയമപരമായാണ് ലൈസന്‍സ് നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു.

ഇന്ത്യയുടെ പൊതുമുതലും പ്രകൃതിവിഭവങ്ങളും കോര്‍പറേറ്റ് കമ്പനികള്‍ക്ക് കവര്‍ന്നെടുക്കാന്‍ വാതില്‍ തുറന്നുകൊടുക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. അഴിമതിയുടെ കോര്‍പറേറ്റ്വല്‍ക്കരണത്തിന്റെ മാതൃകയാണ് 2ജി സ്പെക്ട്രം കുംഭകോണം. പൊതുമുതലും പ്രകൃതിവിഭവങ്ങളും കവര്‍ന്നെടുത്ത് ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ആസ്തിയാക്കി മാറ്റുന്ന പ്രാകൃത മൂലധന സഞ്ചയനമാണ് (Primitive Accumulation of Capital) അഴിമതിയുടെ കോര്‍പറേറ്റ്വല്‍ക്കരണത്തിലൂടെ സംഭവിക്കുന്ന പ്രക്രിയ. ഉദാരവല്‍ക്കരണവാദികളായ വ്യവസായ-മാധ്യമ കോര്‍പറേറ്റ് കമ്പനികളും അവര്‍ക്ക് പിന്തുണ നല്‍കുന്ന പ്രധാനമന്ത്രിയും ചേര്‍ന്ന് ഒരു രാജ്യത്തെ വില്‍ക്കുകയാണെന്ന യാഥാര്‍ഥ്യമാണ് തെളിയുന്നത്.

സുപ്രീംകോടതി 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സ്വീകരിച്ച നിലപാട് ശ്രദ്ധേയമാണ്. സ്വാന്‍ ടെലികോം, യൂണിടെക് വയര്‍ലെസ് ലിമിറ്റഡ് എന്നീ കോര്‍പറേറ്റ് കമ്പനികളെ എന്തുകൊണ്ട് പ്രതിപ്പട്ടികയില്‍ ചേര്‍ത്തില്ല എന്നാണ് സിബിഐയോട് സുപ്രീം കോടതി ചോദിച്ചത്. സ്വാന്‍ ടെലികോമും യൂണിടെക് വയര്‍ലെസ് ലിമിറ്റഡും കുറഞ്ഞ വിലയ്ക്കു വാങ്ങിയ ടെലികോം ലൈസന്‍സുകളുടെ നിശ്ചിതശതമാനം ഓഹരികള്‍ മറിച്ചുവിറ്റതിലൂടെ മാത്രം 9000 കോടി രൂപ ലാഭമുണ്ടാക്കി. എന്നിട്ടും സ്വാനിന്റെയും യൂണിടെക്കിന്റെയും പേരുപോലും സിബിഐ എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടില്ല. രാജിവച്ച മന്ത്രി രാജയ്ക്കും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും 2ജി സ്പെക്ട്രം അഴിമതിയിലുള്ള ധാര്‍മികവും ഭരണപരവുമായ ഉത്തരവാദിത്തം സംശയരഹിതമാണ്. എങ്കിലും കോര്‍പറേറ്റ് കമ്പനികളാണ് യഥാര്‍ഥ കുറ്റവാളികളും ഗുണഭോക്താക്കളുമെന്ന വസ്തുതയാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.

രാജ്യത്ത് ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് കോര്‍പറേറ്റ് കമ്പനികളാണെന്ന യാഥാര്‍ഥ്യം നഗ്നമാക്കപ്പെട്ടതാണ് ടെലികോം കുംഭകോണത്തിന്റെ മറ്റൊരു വഴിത്തിരിവ്. കമ്പനികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ട ഒത്താശ ചെയ്തുകൊടുത്തത് ഇന്ത്യയിലെ പ്രശസ്തരായ മാധ്യമപ്രവര്‍ത്തകരാണ്. നീര റാഡിയ എന്ന ഇടനിലക്കാരിയുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകരായ വീര്‍ സാങ്വിയും ബര്‍ഖ ദത്തും സംസാരിക്കുന്ന ടേപ്പ് പുറത്തായതോടെയാണ് രാഷ്ട്രീയ-മാധ്യമ-വ്യവസായ കൂട്ടുകെട്ടിനെക്കുറിച്ച് രാജ്യമറിഞ്ഞത്. കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള ബൂര്‍ഷ്വാ-ഭൂപ്രഭുവര്‍ഗ പാര്‍ടികളുടെ എംപിമാരും മന്ത്രിമാരും ആരൊക്കെ ആകണമെന്ന് നിശ്ചയിക്കുന്നതില്‍ കോര്‍പറേറ്റ് കമ്പനികള്‍ വന്‍സ്വാധീനമാണ് ചെലുത്തുന്നത്. അനില്‍ അംബാനി ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനി ഉടമകളും കോടീശ്വരന്മാരും ഭൂപ്രമാണിമാരുമാണ് ഇന്ത്യന്‍ പാര്‍ലമെന്റംഗങ്ങളില്‍ ബഹുഭൂരിപക്ഷവും എന്നതില്‍ നിന്നുതന്നെ ഇന്ത്യന്‍ ഭരണരംഗത്ത് കോര്‍പറേറ്റ് സ്വാധീനം അളക്കാന്‍ കഴിയും.

രാജ്യത്തെ അതീവ ഗുരുതരമായ കാര്‍ഷികപ്രതിസന്ധിയെ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് സമയമില്ല. എന്നാല്‍, പ്രകൃതിവാതകം പങ്കുവയ്ക്കുന്നത് സംബന്ധിച്ച അംബാനി സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം എങ്ങനെ പരിഹരിക്കുമെന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രിക്ക് സമയമുണ്ടായി.

അഴിമതി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യംമൂലം ചരിത്രത്തിലാദ്യമായി പാര്‍ലമെന്റ് സെഷന്‍ പൂര്‍ണമായും സ്തംഭിച്ചിട്ടും പ്രതിസന്ധി പരിഹരിക്കാനാകാതെ കോര്‍പറേറ്റുകളുടെ സ്വാധീനത്താല്‍ നിസ്സഹായനായ പ്രധാനമന്ത്രി ഇന്ത്യയിലെ ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയുടെ ദൌര്‍ബല്യത്തിന്റെ പ്രതീകമാണ്. രാജ്യത്തിന് നാണക്കേടും. ആദര്‍ശ് ഫ്ളാറ്റ്, കോമവെല്‍ത്ത് ഗെയിംസ്, ഐപിഎല്‍, പൊതുമേഖലാ ധനസ്ഥാപനങ്ങളിലെ 1000 കോടി രൂപയുടെ ഭവനവായ്പ, കര്‍ണാടക ഖനി - ഭൂമി കുംഭകോണം എന്നിങ്ങനെ അടുത്തകാലത്തുണ്ടായ കുംഭകോണങ്ങളെല്ലാം ഇനിയും പുറത്തുവരാനിരിക്കുന്ന കോര്‍പറേറ്റ് അഴിമതികളുടെ ചൂണ്ടുപലകകള്‍ മാത്രമാണ്.

ലോകത്താകെ വേരുകളാഴ്ത്തി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളും ഓഹരിവിപണിയുമാണ് ഇന്ന് സാമ്രാജ്യത്വത്തിന്റെ മുഖം. ആഗോളഗ്രാമമെന്ന ആശയം പ്രചരിപ്പിച്ച് തൊഴിലാളികളെയും കര്‍ഷകരെയും വ്യാവസായികോല്‍പ്പാദകരെയും ചൂഷണംചെയ്യാനും പ്രകൃതിവിഭവങ്ങളും പൊതുമുതലും കവര്‍ന്നെടുക്കാനും ബഹുരാഷ്ട്ര കുത്തക കമ്പനികളിലൂടെ സാമ്രാജ്യത്വശക്തികള്‍ ശ്രമിക്കുകയാണ്.

സ്വന്തം രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുകയാണ് മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങള്‍ രാജ്യത്തിന്റെ പൊതുമുതല്‍ കൊള്ളയടിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും സുപ്രീംകോടതിയും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടുപോലും സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി തയ്യാറല്ല.

2008ല്‍ സിപിഐ എം രാജ്യസഭാനേതാവ് സീതാറാം യെച്ചൂരി 2ജി സ്പെക്ട്രം ഇടപാടില്‍ അഴിമതി നടന്നതായി കത്തെഴുതിയെങ്കിലും മറുപടിപോലും നല്‍കാന്‍ തയ്യാറാകാതിരുന്നതും 2009ല്‍ സുബ്രഹ്മണ്യസ്വാമി നല്‍കിയ കത്തിന് മറുപടി പറയാതെ 16 മാസം നിശ്ശബ്ദത പാലിച്ചതും 2ജി സ്പെക്ട്രം അഴിമതി പ്രധാനമന്ത്രിയുടെ അറിവോടെ നടന്നതാണെന്നതിന് സംസാരിക്കുന്ന തെളിവുകളാണ്.

ബൊഫോഴ്സ് ഇടപാടില്‍ 64 കോടി രൂപയുടെ അഴിമതി നടന്നപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി സ്വീകരിച്ചതും അഴിമതിക്കാരെ സംരക്ഷിക്കുക എന്ന സമീപനമായിരുന്നു. ബൊഫോഴ്സ് അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ രാജീവ്ഗാന്ധി വിസമ്മതിച്ചപ്പോള്‍ രാജ്യത്താകെ ഒരു മുദ്രാവാക്യം അലയടിച്ചിരുന്നു. “ഗലി ഗലി മേം ശോര്‍ ഹെ, രാജീവ്ഗാന്ധി ചോര്‍ ഹെ“എന്നതായിരുന്നു ആ മുദ്രാവാക്യം. 2ജി സ്പെക്ട്രം അഴിമതി അന്വേഷിക്കില്ലെന്ന മര്‍ക്കടമുഷ്ടി മന്‍മോഹന്‍സിങ് പ്രകടിപ്പിക്കുമ്പോള്‍ വീണ്ടും അതേ മുദ്രാവാക്യമുയരുകയാണ് - ഗലി ഗലി മേം ശോര്‍ ഹെ, മന്‍മോഹന്‍ ചോര്‍ ഹെ.

*
പി കൃഷ്ണപ്രസാദ് കടപ്പാട്: ദേശാഭിമാനി ദിനപത്രം 13 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...