Friday, December 31, 2010

തെന്നിന്ത്യന്‍ കവാടം അഴിമതി ഖനി

ബിജെപിക്ക് തെക്കേ ഇന്ത്യയില്‍ കടക്കാനുള്ള കവാടമായാണ് കര്‍ണാടകത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഹ്രസ്വകാലത്തെ ഭരണം ആ പാര്‍ടിയെ കോണ്‍ഗ്രസിനെപ്പോലെ ദുഷിപ്പിച്ചുവെന്ന് സമീപകാലസംഭവങ്ങള്‍ തെളിയിച്ചു. ഭരണത്തെ ഗ്രസിച്ച ഖനിമാഫിയുടെയും ഭൂമികുംഭകോണത്തിന്റെയും ലൈംഗികാപവാദത്തിന്റെയും കരിനിഴല്‍ സമീപകാലത്തൊന്നും മാറാനിടയില്ല. 224 അംഗ നിയമസഭയില്‍ 10 അംഗങ്ങളുടെ കുറവു തീര്‍ക്കാന്‍കോടികള്‍ വാരിയെറിഞ്ഞ് 2009ല്‍ അധികാരമേറുമ്പോള്‍ പ്രതിസന്ധി കൂടപ്പിറപ്പായിരുന്നു. വര്‍ഷം തികയുംമുമ്പ് മന്ത്രിസഭയിലെ കരുത്തരായ റെഡ്ഡി സഹോദരങ്ങള്‍ വിമതനീക്കം തുടങ്ങി. ഒടുവില്‍ കേന്ദ്രനേതൃത്വത്തിന് വഴങ്ങി റെഡ്ഡിമാര്‍ സര്‍ക്കാരിനെ പിന്തുണച്ചു. ഖനിപ്പണത്തിനുമേല്‍ ബിജെപിയും പറക്കില്ലെന്ന് കേന്ദ്രനേതൃത്വത്തിനും മനസ്സിലായി. കേന്ദ്രനേതൃത്വത്തെ വരച്ചവരയില്‍ നിര്‍ത്തിയ റെഡ്ഡിമാര്‍ക്കെതിരെ യെദ്യൂരപ്പ രഹസ്യനീക്കം തുടങ്ങിയപ്പോഴാണ് ഖനനവിവാദം ഉയര്‍ന്നത്. അനധികൃത ഖനനത്തിലൂടെ 23,000 കോടിയിലേറെ രൂപയുടെ ഇരുമ്പയിര് റെഡ്ഡിമാര്‍ കടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നു. സംഭവം അന്വേഷിച്ച ലോകായുക്തക്ക് സര്‍ക്കാര്‍ തന്നെ കടിഞ്ഞാണിട്ടു. ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്ഡേയുടെ രാജിയിലാണിത് കലാശിച്ചത്. എല്‍ കെ അദ്വാനിയടക്കമുള്ളവര്‍ ക്ഷമാപണം നടത്തിയപ്പോഴാണ് രാജിയില്‍ നിന്ന് ജസ്റ്റിസ് ഹെഗ്ഡേ പിന്‍മാറിയത്.

ഖനി കോലാഹലം കെട്ടടങ്ങിയപ്പോള്‍ മന്ത്രിസഭാ പുനഃസംഘടനയുടെ രൂപത്തില്‍ വീണ്ടും പ്രതിസന്ധി. 'ഓപ്പറേഷന്‍ കമലയില്‍' കൂടെ നിന്ന അഞ്ച് സ്വതന്ത്രര്‍ അടക്കമുള്ളവരെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കാന്‍ യെദ്യൂരപ്പ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. 16 വിമത എംഎല്‍എമാര്‍ യെദ്യൂരപ്പയില്‍ അവിശ്വാസം രേഖപ്പെടുത്തി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. റെഡ്ഡി സഹോദരങ്ങള്‍ മുതിര്‍ന്ന നേതാവ് അനന്തകുമാറിന്റെ പിന്തുണയോടെ വീണ്ടും റിസോര്‍ട് രാഷ്ട്രീയം അരങ്ങുതകര്‍ത്തു. വിശ്വാസ വോട്ടെടുപ്പിന്റെ പേരില്‍ വീണ്ടും കോലാഹലം. കോടികള്‍ ചെലവിട്ട് സര്‍ക്കാരിനെ നിലനിര്‍ത്തി. എന്നാല്‍ തൊട്ടുപിറകെ ഭൂമിവെട്ടിപ്പ് യെദ്യൂരപ്പയെ വീണ്ടും വെട്ടിലാക്കി. സര്‍ക്കാര്‍ഭൂമി ചുളുവിലയ്ക്ക് സ്വന്തക്കാര്‍ക്ക് വീതംവെച്ച യെദ്യൂരപ്പ മക്കളുടെ പേരില്‍ കോടികളുടെ ഭൂമി തട്ടിയെടുത്തിനും തെളിവ് പുറത്തുവന്നു. ബംഗളൂരുവിലെ കണ്ണായ സ്ഥലങ്ങളാണ് കൈക്കലാക്കാന്‍ ഭൂനിയമങ്ങള്‍ തടസ്സമായില്ല. യെദ്യൂരപ്പയുടെ വിശ്വസ്തനും ഐടി-ബിടി മന്ത്രിയുമായ കട്ട സുബ്രഹ്മണ്യനായിഡു, മകന്‍ കട്ട ജഗദീഷ് എന്നിവരും ഭൂമി കുംഭകോണകേസുകളില്‍ പ്രതികളായി. മുഖ്യമന്ത്രിയുടെ മക്കളും ബന്ധുക്കളും ചേര്‍ന്ന് നടത്തുന്ന ദേവലഗിരി പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്സ്, ഭഗത് ഹോം, സഹ്യാദ്രി ഹെല്‍ത്ത് കെയര്‍, ക്യാന്‍സര്‍ സൊല്യൂഷന്‍സ്, ഫ്ളൂയിഡ് പവര്‍ ടെക്നോളജീസ് തുടങ്ങിയവയുടെ ലാഭവും ബിസിനസും മൂന്നിരിട്ടിയിലേറെയായി. മന്ത്രിസഭയിലെ ആറുപേര്‍ വിവിധ അഴിമതിക്കേസുകളില്‍ പ്രതികളാണ്.

*
പി വി മനോജ്കുമാര്‍ കടപ്പാട് : ദേശാഭിമാനി ദിനപത്രം 31 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...