Sunday, December 12, 2010

ലൂസ് ഇറിഗാറെ : ലിംഗവൈജാത്യത്തിന്റെ സിദ്ധാന്ത രൂപങ്ങള്‍

ലൂസ് ഇറിഗാറെ, ജൂലിയ ക്രിസ്‌റ്റേവ, ഹെലന്‍ സിക്‌സ്യൂ-ഈ പ്രതിഭകളെ ഫ്രഞ്ച് ഫെമിനിസത്തിന്റെ ത്രിമൂര്‍ത്തികള്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കേള്‍ക്കാനൊരു രസമുണ്ടെങ്കിലും ഇതത്ര ശരിയല്ല. ഇവരുടെ കാഴ്‌ചപ്പാടും രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും സമീപനവുമൊക്കെ വ്യത്യസ്‌തമാണ്. അവര്‍ക്ക് പൊതുവായുണ്ടെന്ന് പറയാവുന്നത് രണ്ട് കാര്യങ്ങളാണ്: ഒന്ന്, തീവ്രമായ സ്‌ത്രീപക്ഷ താല്പര്യം. രണ്ട്, മനോവിശ്ളേഷണ പദ്ധതിയുമായുള്ള വേഴ്‌ച.

ലൂസ് ഇറിഗാറെ (Luce Irigaray) സര്‍വതന്ത്ര സ്വതന്ത്രമായ ഒരു ഫെമിനിസ്‌റ്റ് ദാര്‍ശനികയും സിദ്ധാന്തവാദിയുമാണ്. ഭാഷാശാസ്‌ത്ര വിജ്ഞാനീയത്തിലും അവര്‍ക്ക് അഗാധമായ അറിവും ഗവേഷണാനുഭവവും പ്രയോഗപരിചയവും അവകാശപ്പെടാം. തികച്ചും തന്റേതായ ഒരു സഞ്ചാരപഥം ഈ തിയറിസ്‌റ്റ് പാകപ്പെടുത്തിയിട്ടുണ്ട്.

1932ല്‍ ബെല്‍ജിയത്തിലാണ് ലൂസ് ജനിച്ചത്. 1960 കളുടെ തുടക്കത്തില്‍ അവര്‍ ഫ്രാന്‍സിലേക്ക് കടന്നു. സൈക്കോളജിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദം നേടിയത് പ്രസിദ്ധമായ പാരീസ് യൂണിവേഴ്‌സിറ്റിയില്‍നിന്നായിരുന്നു. സൈക്കോ പാത്തോളജിയില്‍ ഒരു ഡിപ്ളോമയും കരസ്ഥമാക്കി. ജേക്‌സ് ലക്കന്‍ എന്ന വിഖ്യാത മാനോവിശ്ളേഷണ വിദഗ്ധന്റെ സെമിനാറുകളില്‍ ലൂസ് പങ്കെടുത്തതും അക്കാലത്താണ്. കിഴക്കന്‍ പാരീസില്‍ ലക്കന്റെ ആദ്യവസാനത്തില്‍ ഒരു ഫ്രോയ്‌ഡിയന്‍ മനഃശാസ്‌ത്ര പഠനകേന്ദ്രം (EFP- French psychoanalytic professional body) കേമമായി നടന്നിരുന്നു. വലിയ താല്പര്യത്തോടുകൂടിയാണ് ലൂസ് ഇറിഗാറെ അവിടെ ഒരു ഫാക്കല്‍ട്ടി മെമ്പറായിച്ചേര്‍ന്നത്. എന്നാല്‍ ലക്കനുമായുണ്ടായ അഭിപ്രായഭിന്നതമൂലം അവര്‍ക്ക് ആ ജോലി നഷ്‌ടപ്പെട്ടു. 1968ല്‍ ലൂസിന് ലിംഗ്വിസ്‌റ്റിക്‌സില്‍ ഡോക്‌ടറേറ്റ് കിട്ടിയിരുന്നു. അവരുടെ രണ്ടാമത്തെ ഡോക്‌ടറേറ്റ് പ്രബന്ധമായിരുന്നു "Speculum of the Other Woman,"

1982ല്‍ റോട്ടര്‍ഡാമിലെ എറാസ്‌മസ് യൂണിവേഴ്‌സിറ്റിയില്‍ അവര്‍ ഫിലോസഫി പഠിപ്പിച്ചു. അക്കാലത്താണ് An Ethics of Sexual Difference എന്ന പ്രാമാണിക പാഠം പ്രസിദ്ധീകരിച്ചത്. രണ്ടുകൊല്ലം മുമ്പ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓണററി ഡോക്‌ടറേറ്റ് നല്‍കി ലൂസ് ഇറിഗാറെയെ ബഹുമാനിക്കുകയുമുണ്ടായി.

ഒരു പെണ്‍പക്ഷ സൈദ്ധാന്തിക എന്ന നിലയില്‍ ലൂസ് പാശ്ചാത്യ തത്വചിന്തയുടെ പുരുഷാധിപത്യപരമായ അടിസ്ഥാനപ്രമാണങ്ങളെയാണ് ചോദ്യംചെയ്‌തത്; ആ അസ്‌തിവാരത്തെയാണ് അട്ടിമറിക്കാന്‍ യത്നിച്ചത്. This Sex Which Is Not One എന്ന പാഠത്തില്‍ സ്‌ത്രൈണ (feminine) മാതൃ (maternal) താല്പര്യങ്ങളുടെ അടിച്ചമര്‍ത്തല്‍ വ്യവസ്ഥയെ അവര്‍ പരിശോധിക്കുന്നുണ്ട്. 'ദി മാസ്‌ക്യുലിന്‍' (പുരുഷപരം) എന്ന ഘടകത്തിന്റെ ധീരോദാത്തവത്കരണമാണ് പേട്രിയാര്‍ക്കല്‍ സമൂഹത്തില്‍, ഉഭയലൈംഗിക വ്യവസ്ഥയില്‍, നിരന്തരം നടക്കുന്നത്. ഇത് സ്‌ത്രൈണ ലൈംഗികതയുടെ ചലനാത്മകമായ ബഹുലീകരണ സ്വഭാവത്തിന് (multiplicity) നാശഹേതുകമത്രെ. സ്‌ത്രീയുടെ ജീവശാസ്‌ത്രപരമായ 'duality' (ദ്വൈതഭാവം) അവള്‍തന്നെ ആവര്‍ത്തിച്ചുറപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ മാത്രമേ ഭാഷാപരമായ വിനിമയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പുരുഷസംവാദത്തെ സ്‌ത്രീക്ക് പ്രതിരോധിക്കാന്‍ കഴിയൂ. സ്‌ത്രീസ്വത്വത്തെ ഒരു അപ്രവര്‍ത്തകമായ, നിര്‍വികാരമായ, നിഷേധാത്മകമായ 'ഇട'മായി (Space) പുരുഷസംവാദം വീക്ഷിച്ചുപോരുന്നു. ആണിന്റെ ത്വരയുടെ, കാമത്തിന്റെ, ആര്‍ത്തിയുടെ ഒരു പാത്രം മാത്രമായി പെണ്ണിന്റെ ശരീരം സ്വീകരിക്കപ്പെടുന്നു. ഈ അവസ്ഥക്കെതിരായാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് ലൂസ് ഇറിഗാറെ വാദിക്കുന്നു. അവരുടെ നിലപാടുകള്‍ മിക്കതും ഉഭയലൈംഗിക സംസ്‌കാരത്തിന്റെ ചിട്ടവട്ടങ്ങളെ ചോദ്യംചെയ്യുന്നുണ്ട്. 'man's desire and woman's are strangers to each other.' എന്നാണ് ലൂസ് സിദ്ധാന്തിച്ചത് (പുരുഷകാമവും സ്‌ത്രീകാമവും പരസ്‌പരം അപരിചിതരാണ്). അവര്‍ പറഞ്ഞ മറ്റൊരു കാര്യവും ഏറെ ശ്രദ്ധേയമാകുന്നു. 'Exploitation of woman is based on sexual difference and can be removed through sexual difference' (സ്‌ത്രീ ചൂഷണം ലൈംഗികവ്യത്യസ്‌തതയില്‍ വേരുറപ്പിച്ചതാണ്. ലൈംഗികവ്യത്യസ്‌തതയില്‍ കൂടി മാത്രമേ അത്-ചൂഷണം-അവസാനിപ്പിക്കാനും കഴിയൂ).

പെണ്‍ ലൈംഗികതക്ക് ഇറിഗാറെ നല്‍കുന്ന നിര്‍വചനമുണ്ടല്ലോ, അത് പൂര്‍ണമായും സ്‌ത്രീശരീരത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ്. സ്‌ത്രീയുടെ ലൈംഗികദാഹത്തെക്കുറിച്ചുള്ള അവരുടെ അപഗ്രഥനവും പെണ്‍ശരീരത്തില്‍ ഊന്നിക്കൊണ്ടുള്ളതാണ്. സ്‌ത്രീശരീരമെന്നത് ഒരു ഒറ്റ ലൈംഗികാവയവമായി (sexual organ) തരംതാഴ്ത്തപ്പെടേണ്ട ഒന്നല്ലെന്ന് ഇറിഗാറെ പറയുന്നു. അങ്ങനെ കാണാന്‍ പ്രേരിപ്പിക്കുന്നത് പുരുഷാധീശസമൂഹമാണ്. ധ്വജത്തിന്റെ 'primacy' - മുഖ്യത- സ്ഥാപിക്കുന്നതിന്, അടിച്ചേല്‍പ്പിക്കുന്നതിന്, ആണിന് ഈ സങ്കല്‍പ്പം ആവശ്യമായിവരുന്നു. ധ്വജം പ്രധാനം; യോനി അപ്രധാനം: ഇങ്ങനെയാണ് പ്രചാരണം. The other-മറ്റേത്-എന്ന ലൂസ് ഇറിഗാറെയുടെ ആശയമുണ്ടല്ലോ, അത് സ്‌ത്രൈണത്തെ (feminine) പുനര്‍നിര്‍വചിക്കലാകുന്നു. ഈ പുനര്‍നിര്‍വചനമാകട്ടെ, പുരുഷാധീശത്വം, തന്തവാഴ്‌ച നിര്‍മിച്ച ആണ്‍കേന്ദ്രിത ലൈംഗിക നിര്‍വചനങ്ങളെ നിരാകരിക്കുന്നു. നേരത്തെ പറഞ്ഞ otherness -അപരത-ലൈംഗികമായി വര്‍ത്തിക്കുന്നത് സ്‌ത്രീശരീരത്തിലാണെന്നാണ് ഇറിഗാറെയുടെ വാദം. ഈ 'അപരത'യില്‍ (otherness) നിന്നാണ് പുരുഷ ലൈംഗിക രൂപശാസ്‌ത്രത്തിന് ഒരു ബദല്‍ ഉരുത്തിരിയുന്നത്. സ്‌ത്രീ 'ഫിമേല്‍ സ്‌പേസ്' - പെണ്‍ ഇടം - തിരിച്ചുപിടിക്കേണ്ടതുണ്ട്. പുരുഷനെ തീര്‍ത്തും ഒഴിവാക്കിക്കൊണ്ടുമാത്രമേ ഈ തിരിച്ചുപിടിക്കല്‍ സാധ്യമാവൂ. exclusion (നിഷേധം/ബഹിഷ്‌കരണം) എന്ന പദമാണ് ഈ സന്ദര്‍ഭത്തില്‍ ലൂസ് ഉപയോഗിക്കുന്നത്. ഉഭയ ലൈംഗികത, മാതൃത്വം എന്നൊക്കെപ്പറയുന്ന സംഗതികളെ അവര്‍ തള്ളിക്കളയുന്നു. കാരണം ഇവയൊക്കെ സ്‌ത്രീശരീരത്തിന്റെ "മസോക്കിസ്‌റ്റ്' (സ്വയംപീഡനപരമായ) വ്യഭിചാരത്തിന് അവസരമൊരുക്കുന്നു. തന്റേതല്ലാത്ത ഒരു ലൈംഗികാര്‍ത്തിക്ക് വഴങ്ങിക്കൊടുക്കാന്‍ സ്‌ത്രീശരീരത്തെ നിര്‍ബന്ധിക്കുന്നു. എല്ലാ പുരുഷസാംസ്‌കാരിക സംവാദങ്ങളെയും ഇറിഗാറെ അപ്പാടെ നിരാകരിക്കുന്നില്ല. സ്‌ത്രീയുടെ അടിച്ചമര്‍ത്തലിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അവര്‍ മാര്‍ക്‌സിയന്‍ അപഗ്രഥനരീതിയെക്കുറിച്ച് പ്രസ്‌താവിക്കുന്നുണ്ട്.

പുരുഷപ്രാമാണ്യത്തിന്റെ ആശയശാസ്‌ത്രം ചിട്ടപ്പെടുത്തിയ സമൂഹത്തില്‍ സ്‌ത്രീക്ക് അര്‍ഹമായ പദവി നിഷേധിക്കപ്പെടുന്നുവെന്ന അര്‍ഥപൂര്‍ണമായ ആവലാതി ലൂസ് ഇറിഗാറെ മാത്രമല്ല ഉന്നയിച്ചിട്ടുള്ളത്. എല്ലാ സ്‌ത്രീപക്ഷവാദികളും ഈ നിരാകരണത്തിന്, ഈ അവഹേളനത്തിന്, ഈ ഒഴിച്ചുനിര്‍ത്തലിന്, കട്ടിയുള്ള അടിവരയിട്ടവരാണ്: വെര്‍ജീനിയവുള്‍ഫ്, സിമണ്‍ദെബൊവെ, എലൈന്‍ ഷോവാള്‍ടര്‍, കേറ്റ്മില്ലറ്റ്, ജൂലിയ ക്രിസ്‌റ്റേവ. എന്നാല്‍ സ്‌ത്രീയുടെ സ്ഥാനനിര്‍ണയം സംബന്ധിച്ചുള്ള ആലോചനകളെ കൂറെക്കൂടി ആഴത്തിലേക്ക് കൊണ്ടുചെല്ലാന്‍, സ്‌ത്രീ എന്ന പ്രതിഭാസത്തെ പഴയ കണ്ണടകളില്‍ കൂടിയല്ലാതെ നിരീക്ഷിക്കാന്‍ ലൂസ് ഇറിഗാറെക്ക് കഴിയുന്നുണ്ട്.

അവരുടെ 'പ്രോജക്ട്' (പദ്ധതി) എന്ന് പറയുന്നത് ദ്വിമുഖമത്രെ. ഒന്ന്; നിലവിലുള്ള ചട്ടക്കൂടില്‍നിന്നുകൊണ്ട് മനോവിശ്ളേഷണ രീതിയെയും ദാര്‍ശനിക പദ്ധതിയെയും വെല്ലുവിളിക്കുക; ഫിലോസഫിയില്‍നിന്നും ചരിത്രത്തില്‍നിന്നും സംവാദത്തില്‍നിന്നും സംസ്‌കാരത്തില്‍നിന്നും സ്‌ത്രീ തന്ത്രപൂര്‍വം ഒഴിവാക്കപ്പെടുന്ന അവസ്ഥയുണ്ടല്ലൊ, അതിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക. രണ്ട്; പ്രതീകാത്മക സാമൂഹ്യവ്യവസ്ഥക്കകത്ത് (Sybmbolic social order) സ്‌ത്രീയുടെ സ്ഥാനം എവ്വിധം പുനര്‍നിര്‍ണയിക്കാമെന്ന് ആലോചിക്കുക.

ലൂസ് ഇറിഗാറെയുടെ ഈ പദ്ധതി ഒരു വിനിര്‍മാണ (de construction) പരിപാടിയാണെന്ന് പറയാം. സൈക്കോ അനാലിസിസിന്റെ, പാശ്ചാത്യ സംസ്‌കാരത്തിന്റെ, പടിഞ്ഞാറന്‍ വേദാന്തത്തിന്റെ. ദെരിദയുടെ മാത്രമല്ല ലക്കന്റെയും ആയുധങ്ങള്‍ തന്റെ വിപുലമായ വിനിര്‍മിതിയില്‍ ലൂസ് എടുത്ത് പ്രയോഗിക്കുന്നതായി കാണുന്നു. അവര്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത് സംസ്‌കാരത്തിന്റെ, ദാര്‍ശനികശാസ്‌ത്രങ്ങളുടെ, വിചാരപദ്ധതികളുടെ പിന്‍പുറത്ത് പ്രവര്‍ത്തിക്കുന്ന 'പേട്രിയാര്‍ക്കല്‍' ഘടനയെ ആണ് . ഫ്രോയ്‌ഡിന്റെയും ലക്കന്റെയും മനോവിശ്ളേഷണ വിജ്ഞാനീയത്തിന്റെ പിന്നാമ്പുറത്ത് താതകേന്ദ്രിത വ്യവസ്ഥയുടെ സാന്നിധ്യമുണ്ടെന്ന് ലൂസ് ആരോപിക്കുന്നു. അബോധമായ പുരുഷ ചോദനകള്‍, ആണ്‍പക്ഷപാതങ്ങള്‍, ഫ്രോയ്‌ഡിന്റെയും ലക്കന്റെയും വിശ്ളേഷണ വേദാന്തത്തെ ഭരിക്കുന്നുണ്ടെന്നാണ് അവരുടെ വാദം. സ്‌ത്രൈണത എന്നതിനെ ഒരു പുരുഷമാതൃകയുമായി ബന്ധപ്പെടുത്തിയാണ് സിഗ്മണ്ട് ഫ്രോയിഡ് വിചാരണക്കെടുക്കുന്നത്. ജേക്‌സ് ലക്കന്റെ അപഗ്രഥന രീതിശാസ്‌ത്രത്തിലും പുരുഷാധിപത്യത്തിന്റെ ദുഃസ്വഭാവമുണ്ട്. അദ്ദേഹം അവതരിപ്പിച്ച 'ദര്‍പ്പണഘട്ടം' (Mirror stage) എന്ന തിയറിയെ ഒരാണ്‍പക്ഷ ചിന്തയായി ലൂസ് ഇറിഗാറെ വ്യാഖ്യാനിക്കുന്നു. ലക്കന്‍ വിശദമായി ചര്‍ച്ചചെയ്യുന്ന 'the imaginary' (ഭാവനാപരത) വാസ്‌തവത്തില്‍ ആണ്‍പക്ഷ സംവാദത്തിന്റെ സന്താനമാണെന്ന് ലൂസ് കുറ്റപ്പെടുത്തുന്നുണ്ട്. 'Phallus' ന് -ധ്വജത്തിന്, പുരുഷലിംഗത്തിന് അമിത പ്രാമുഖ്യം നല്‍കുന്നതാണ് പാശ്ചാത്യ ചിന്താപദ്ധതികളും ഉഭയലൈംഗിക സാമൂഹ്യവ്യവസ്ഥകളുമെന്ന് അവര്‍ക്കഭിപ്രായമുണ്ട്. ആ വ്യവസ്ഥയില്‍ സ്‌ത്രീക്ക് സ്വന്തമായൊരു മുഖം, ഒരു ഐഡന്റിറ്റി നഷ്‌ടപ്പെടുകയോ നിഷേധിക്കപ്പെടുകയോ ആണ്. ആണ്‍ ശരീരമാണ് മുഖ്യമെന്ന് സ്ഥാപിക്കപ്പെടുന്നു. ആണിന്റെ ആസക്തികള്‍, വികാരങ്ങള്‍, ദാഹങ്ങള്‍- ഇവ മാത്രമേ ആലോചനക്ക് വരുന്നുള്ളൂ. ഈ അവസ്ഥ അഥവാ ദുരവസ്ഥ അപനിര്‍മിക്കപ്പെടേണ്ടതുണ്ടെന്ന് ഇറിഗാറെ സമര്‍ഥിക്കുന്നു. 'Masculine position' -ആണ്‍ നിലപാട് വിനിര്‍മിതിക്ക് വിധേയമാക്കണം. തികച്ചും സ്‌ത്രീപക്ഷപരമായ 'ഡികണ്‍സ്‌ട്രക്ഷന്‍' അത്യാവശ്യമാകുന്നു. ദെറിദയുടെ വിനിര്‍മാണം ആണ്‍ചേരിയില്‍നിന്നുകൊണ്ടാണ്. അതുകൊണ്ടുതന്നെ ദെറിദയുടെ വിനിര്‍മാണരീതി ഏകപക്ഷീയവും അസ്വീകാര്യവുമാണ്. ദെറിദയുടെ പദ്ധതിയില്‍ 'discourse' (സംവാദം) നയിക്കുന്നത് ആണാണ്. ഒരു female imaginary(ഒരു പെണ്‍ഭാവനാരീതി), ഒരു female symbolic (ഒരു പെണ്‍പ്രതീക സങ്കല്‍പ്പം): അതിനുവേണ്ടിയാണ് ഇറിഗാറെ ഒച്ചവയ്‌ക്കുന്നത്. Male morphology-പുരുഷരൂപവിജ്ഞാനീയത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് എല്ലാ സംവാദവും നടക്കുന്നത്. ഒരു 'female morphology'- രൂപവിജ്ഞാനീയം- പരുവപ്പെടുത്തേണ്ടതിന്റെ അത്യാവശ്യമുണ്ടെന്ന് ഇറിഗാറെ സിദ്ധാന്തിക്കുന്നു. സ്‌ത്രീക്ക് സത്വബോധത്തോടെ സ്വന്തംനിലക്ക് സംസാരിക്കാനുള്ള കാലാവസ്ഥ സൃഷ്‌ടിക്കണം. ലിംഗവൈജാത്യത്തെ (sexual difference) സമൂഹം പൂര്‍ണമായും മുന്‍വിധികൂടാതെയും ഉള്‍ക്കൊള്ളുന്ന ഒരു അവസ്ഥ സംജാതമാകണം.

ഇറിഗാറെയുടെ പാഠങ്ങളില്‍ ഒരുപാട് ബിംബങ്ങള്‍ കടന്നുവരുന്നുണ്ട്; ഒരുപാട് രൂപകങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവയില്‍ ഏറ്റവും ശ്രദ്ധേയമാണ് Two lips (രണ്ടു ചുണ്ടുകള്‍) എന്ന ഇമേജ്. ഈ രണ്ട് അധരങ്ങള്‍ ഇതുമല്ല, അതുമല്ല (neither the one, nor the other) അതു രണ്ടുമാണ്. ഒന്നിന്റെ 'വ്യക്തിത' എവിടെ അവസാനിക്കുന്നു? മറ്റേതിന്റെ'വ്യക്തിത' എവിടെ തുടങ്ങുന്നു? അത് അവ്യക്തം. ഈ രണ്ട് അധരങ്ങളുടെ ബന്ധം സ്‌ത്രീയെ അവളുടെ സത്വവുമായി ഇണക്കിനിര്‍ത്തുന്നു.(1 down ) 'at least two (lips) which keeps woman in touch with herself, but without any possibility of distin- guishing what is touching from what is touched. ' (ചുണ്ടുകള്‍ സ്‌ത്രീയെ അവളുടെ സ്വത്വവുമായി കണ്ണികോര്‍ത്തു നിര്‍ത്തുന്നു. എന്താണ് സ്‌പര്‍ശിക്കുന്നത്, എന്തിനെയാണ് സ്‌പര്‍ശിക്കുന്നത് എന്ന് വകതിരിച്ചറിയാന്‍ സാധ്യതയില്ല). സ്‌ത്രീയുടെ തുഷ്‌ടികള്‍, രസങ്ങള്‍ (pleasure) പ്രകാശിപ്പിക്കാന്‍പോന്ന ഒരു ഭാഷ സൃഷ്‌ടിക്കേണ്ട ആവശ്യവുമുണ്ടെന്ന് ഇറിഗാറെ പറയുന്നു. അവരുടെ വാദങ്ങളില്‍ ചിലതിനെയെങ്കിലും, അവരുടെ പദാവലിയില്‍ ചിലതിനെങ്കിലും ജൂലിയ ക്രിസ്‌റ്റേവയുടേതുപോലെ ഒരസ്‌പഷ്‌ടതയുണ്ട്; ദുര്‍ഗ്രഹതയുണ്ട്.പല ബിംബങ്ങളും ആശയസംവേദനത്തെ സഹായിക്കുന്നില്ല എന്ന പരാതി വെറുതെ തള്ളിക്കളയാനാവില്ല.

ഒരു മാതൃവംശാവലിക്കുവേണ്ടിയും ലൈംഗിക വ്യത്യാസത്തിന്റെ നീതിശാസ്‌ത്രത്തിനുവേണ്ടിയുമാണ് ലൂസ് ഇറിഗാറെ നിലകൊള്ളുന്നത്. തള്ളയോടുള്ള കടം പാശ്ചാത്യ സംസ്‌കാരം പുറത്തുപറയാതെ പൂഴ്ത്തിവച്ചിരിക്കയാണെന്ന് അവര്‍ പറയുന്നു. മാതൃ-പുത്രീബന്ധത്തെ പ്രതീകവത്കരിക്കാന്‍ ആ സംസ്‌കാരം കൂട്ടാക്കുന്നില്ല. സ്‌ത്രീ ഇപ്പോള്‍ നില്‍ക്കുന്നത് സമൂഹം നിര്‍മിച്ച പ്രതീകാത്മക വ്യവസ്ഥയുടെ (Symbolic order) അകത്തല്ല, പുറത്താണ് എന്ന് ലൂസ് ഇറിഗാറെ ചൂണ്ടിക്കാട്ടുന്നുണ്ട്. അവളുടെ identity (അനന്യത/വ്യക്തിത്വം) തള്ള എന്ന സങ്കല്‍പ്പത്തില്‍ പരിമിതപ്പെടുത്തുകയാണ് പേട്രിയാര്‍ക്കല്‍ സമൂഹവും അതിന്റെ സംസ്‌കാരവും ചെയ്യുന്നത്. സ്‌ത്രീയുടെ വ്യക്തിത്വം അമ്മസങ്കല്‍പ്പത്തില്‍നിന്ന് അടര്‍ത്തിമാറ്റിയേ മതിയാവൂ. താതവംശാവലിയോടൊപ്പം തലയുയര്‍ത്തിനില്‍ക്കുന്ന അമ്മവംശാവലി സൃഷ്‌ടിക്കപ്പെട്ടാലേ മോചനമുള്ളൂ. അപ്പോഴേ ഒരു നവ ധര്‍മനീതി (New ethics) ചിട്ടപ്പെടുത്താന്‍ പറ്റുകയുള്ളൂ. തുല്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം സ്‌ത്രീമോചനത്തിന്റെ ഒരു ഘട്ടം മാത്രമാണെന്ന് ലൂസ് ഇറിഗാറെ ഓര്‍മപ്പെടുത്തുന്നുണ്ട്. ആദ്യത്തെ സ്‌റ്റേജ് എന്ന് പറയാം. അവിടെനിന്ന് ബഹുദൂരം സഞ്ചരിക്കാനുണ്ട്. സമത (equality) യുടെ അടിസ്ഥാനത്തിലല്ല, വ്യക്തിത്വത്തിന്റെ (identity) അടിസ്ഥാനത്തിലാണ് സാമൂഹ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള നീക്കങ്ങള്‍ നടത്തേണ്ടതെന്ന് ലുസ് കരുതുന്നു.

സ്‌ത്രീപക്ഷ സാംസ്‌കാരിക സിദ്ധാന്തവിചാരത്തില്‍ ലൂസ് ഇറിഗാറെ അന്നുമിന്നും ഒരു വിവാദചിന്തകയായാണ് എണ്ണപ്പെടുന്നത്. പല ഉത്തരാധുനിക ഫെമിനിസ്‌റ്റുകള്‍ക്കും അവരെ വലിയ പഥ്യമല്ല. ലൈംഗികവ്യത്യാസത്തെക്കുറിച്ച് അവരെഴുതിയതത്രയും ഫെമിനിസത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. എന്നിട്ടും അവരെടുത്ത ചില സൈദ്ധാന്തിക നിലപാടുകളെയും പില്‍ക്കാല ഫെമിനിസ്‌റ്റുകള്‍ നിര്‍ദാക്ഷിണ്യം വിമര്‍ശിക്കുകയുണ്ടായി. സൈക്കോ അനലെറ്റിക്കല്‍ ഫെമിനിസ്‌റ്റ് വിചാരം കൊണ്ടുനടന്ന phallogocentric (ധ്വജ കേന്ദ്രിത) സമീപനത്തെ ലൂസ് ഇറിഗാറെ എതിര്‍ത്തതും ശത്രുക്കളെ സൃഷ്‌ടിച്ചു. വാസ്‌തവത്തില്‍ ലക്കനോടും ഫ്രോയ്‌ഡിനോടും ദെറിദയോടും ഈ സൈദ്ധാന്തിക പലതലങ്ങളില്‍ കടപ്പെട്ടിരിക്കുന്നു. അവരുടെ അപഗ്രഥനോപകരണങ്ങള്‍ ലൂസ് ഇറിഗാറെ ചതുരതയോടെ പ്രയോജനപ്പെടുത്തുന്നുമുണ്ട്. അധികാരം, മാറ്റം (power, change) എന്നിവയുടെ വിശകലനത്തില്‍ ലൂസ് ഇറിഗാറെക്ക് തെല്ലു പിഴച്ചുവെന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ട്. മാര്‍ക്‌സിയന്‍ അനാലിസിസിന്റെ മാര്‍ഗങ്ങള്‍ അവര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഈ പിഴവുകള്‍ സംഭവിക്കുകയില്ലായിരുന്നു, തീര്‍ച്ച.

ലൈംഗിക വ്യത്യസ്‌തതയെ സംബന്ധിച്ചുള്ള ലൂസിന്റെ സിദ്ധാന്തമാണല്ലോ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചത്. അവരുടെ എഴുത്ത് visionary -സാങ്കല്‍പ്പികം/ മായാമയം - ആണെന്നും ambiguous -സന്നിഗ്ധാര്‍ഥം-ആണെന്നും ആശയസ്‌പഷ്‌ടത കഷ്‌ടിയാണെന്നും പരാതിയുണ്ട്. ഒരുതരം ഉട്ടോപ്യനിസത്തിലേക്കും അപ്രായോഗിക ദര്‍ശനത്തിലേക്കും ഈ എഴുത്തുകാരി നമ്മെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപവും പൊന്തി. മാറ്റത്തിനുവേണ്ടിയുള്ള ലൂസ് ഇറിഗാറെയുടെ പരിപാടിയില്‍ സാമൂഹ്യവും രാഷ്‌ട്രീയവുമായ സംഗതികളെ പരിഗണിക്കുന്നില്ലെന്നതും ഒരു കുറവായി എടുത്തുകാട്ടാം. അടുത്തകാലത്ത് ചില പ്രമുഖ ഫെമിനിസ്‌റ്റ് എഴുത്തുകാര്‍ - റോസ്‌ബ്രാന്‍ഡോള്‍, ഗ്രോസ്, വൈറ്റ്ഫീല്‍ഡ് എന്നിവര്‍ -ലൂസ് ഇറിഗാറെയുടെ നിലപാടുകളെ ശക്തമായി പിന്‍താങ്ങാന്‍ തയാറായിട്ടുണ്ട്. ഉത്തരാധുനിക സന്ദര്‍ഭത്തില്‍ ലൈംഗികവ്യത്യസ്‌തതയില്‍ ഊന്നുന്ന ഒരു സ്‌ത്രീപക്ഷചിന്ത സൈദ്ധാന്തികമായും രാഷ്‌ട്രീയമായും അത്യാവശ്യമാണെന്ന് അവര്‍ വാദിക്കുന്നു. അങ്ങനെ എഴുപത്തെട്ടാം വയസ്സില്‍ നമ്മുടെ കഥാനായികക്ക് പിന്‍ബലം വര്‍ധിക്കുകയാണ്.


*****

വി സുകുമാരന്‍, കടപ്പാട് : ദേശാഭിമാനി വാരിക

അധിക വായനയ്‌ക്ക് :

ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം

കാലം മറന്നുപോയ ഫെമിനിസ്റ്റ് - കേറ്റ് മില്ലറ്റ്

സിമണ്‍ ദെ ബൊവെ - ഫ്രഞ്ച് ഫെമിനിസത്തിന്റെ വഴികാട്ടി...

ഫെമിനിസത്തിന്റെ മാര്‍ക്സിസ്റ്റ് മുഖങ്ങള്‍

നുണകള്‍, രഹസ്യങ്ങള്‍, നിശ്ശബ്‌ദതകള്‍: ഏഡ്റിയന്‍ റി...

ഡേല്‍ സ്‌പെന്‍ഡര്‍ : ദി ക്രിംസണ്‍ ഫെമിനിസ്‌റ്റ്

ലൂസ് ഇറിഗാറെ : ലിംഗവൈജാത്യത്തിന്റെ സിദ്ധാന്ത രൂപങ്...

അപനിര്‍മാണവും ഫെമിനിസവും: ഗായത്രി ചക്രബൊര്‍തി സ്‌പ...

കറുത്ത കത്രീനയുടെ സംഘകഥ

ഫെമിനിസത്തിന്റെ ഇന്ത്യന്‍ രുചിഭേദങ്ങള്‍

ഫെമിനിസവും ഇന്‍ഡിംഗ്ളീഷ് നോവലും

സ്‌ത്രീപക്ഷവിചാരം, ചുരുക്കത്തില്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു മാതൃവംശാവലിക്കുവേണ്ടിയും ലൈംഗിക വ്യത്യാസത്തിന്റെ നീതിശാസ്‌ത്രത്തിനുവേണ്ടിയുമാണ് ലൂസ് ഇറിഗാറെ നിലകൊള്ളുന്നത്. തള്ളയോടുള്ള കടം പാശ്ചാത്യ സംസ്‌കാരം പുറത്തുപറയാതെ പൂഴ്ത്തിവച്ചിരിക്കയാണെന്ന് അവര്‍ പറയുന്നു. മാതൃ-പുത്രീബന്ധത്തെ പ്രതീകവത്കരിക്കാന്‍ ആ സംസ്‌കാരം കൂട്ടാക്കുന്നില്ല. സ്‌ത്രീ ഇപ്പോള്‍ നില്‍ക്കുന്നത് സമൂഹം നിര്‍മിച്ച പ്രതീകാത്മക വ്യവസ്ഥയുടെ (Symbolic order) അകത്തല്ല, പുറത്താണ് എന്ന് ലൂസ് ഇറിഗാറെ ചൂണ്ടിക്കാട്ടുന്നുണ്ട്. അവളുടെ identity (അനന്യത/വ്യക്തിത്വം) തള്ള എന്ന സങ്കല്‍പ്പത്തില്‍ പരിമിതപ്പെടുത്തുകയാണ് പേട്രിയാര്‍ക്കല്‍ സമൂഹവും അതിന്റെ സംസ്‌കാരവും ചെയ്യുന്നത്. സ്‌ത്രീയുടെ വ്യക്തിത്വം അമ്മസങ്കല്‍പ്പത്തില്‍നിന്ന് അടര്‍ത്തിമാറ്റിയേ മതിയാവൂ. താതവംശാവലിയോടൊപ്പം തലയുയര്‍ത്തിനില്‍ക്കുന്ന അമ്മവംശാവലി സൃഷ്‌ടിക്കപ്പെട്ടാലേ മോചനമുള്ളൂ. അപ്പോഴേ ഒരു നവ ധര്‍മനീതി (New ethics) ചിട്ടപ്പെടുത്താന്‍ പറ്റുകയുള്ളൂ. തുല്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം സ്‌ത്രീമോചനത്തിന്റെ ഒരു ഘട്ടം മാത്രമാണെന്ന് ലൂസ് ഇറിഗാറെ ഓര്‍മപ്പെടുത്തുന്നുണ്ട്. ആദ്യത്തെ സ്‌റ്റേജ് എന്ന് പറയാം. അവിടെനിന്ന് ബഹുദൂരം സഞ്ചരിക്കാനുണ്ട്. സമത (equality) യുടെ അടിസ്ഥാനത്തിലല്ല, വ്യക്തിത്വത്തിന്റെ (identity) അടിസ്ഥാനത്തിലാണ് സാമൂഹ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള നീക്കങ്ങള്‍ നടത്തേണ്ടതെന്ന് ലുസ് കരുതുന്നു.