Saturday, May 31, 2014

അട്ടിമറിക്കപ്പെടുന്ന ഏകജാലക പ്രവേശനം

ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് ഹയര്‍സെക്കന്‍ഡറി ഘട്ടം. ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിന് ഏതുതരം വിദ്യാഭ്യാസമാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുന്ന ഘട്ടം. ഉന്നതവിദ്യാഭ്യാസം ഏതു ദിശയിലേക്കായിരിക്കണമെന്ന് തീരുമാനിക്കുന്നതും ഹയര്‍സെക്കന്‍ഡറി ഘട്ടത്തിലാണ്. പത്താംക്ലാസുവരെ എല്ലാ വിഷയങ്ങളും പഠിച്ചുവരുന്ന വിദ്യാര്‍ഥി സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ ഐച്ഛിക വിഷയഗ്രൂപ്പുകള്‍ തെരഞ്ഞെടുത്ത് ഭാവിവിദ്യാഭ്യാസത്തിന്റെ ഗതി മാറ്റുന്നത് ഹയര്‍സെക്കന്‍ഡറിയില്‍ പ്രവേശിക്കുന്നതോടുകൂടിയാണ്.

ഇത്രയും പ്രാധാന്യമേറിയതാണ് ഹയര്‍ സെക്കന്‍ഡറി ഘട്ടമെന്നതുകൊണ്ടാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഏകജാലക പ്രവേശനം നടത്താന്‍ തീരുമാനിച്ചത്. 2007-08 അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഏകജാലക പ്രവേശനപ്രക്രിയ അടുത്ത അധ്യയനവര്‍ഷംമുതല്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുകയായിരുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും കേരളസമൂഹവും പൊതുവേ സ്വാഗതംചെയ്ത ഒരു പരിഷ്കാരമായിരുന്നു അത്. പഠിതാവിന് അര്‍ഹതപ്പെട്ട വിഷയം പഠിക്കാനും അര്‍ഹതപ്പെട്ട സ്കൂളില്‍ പ്രവേശനം നേടാനും ഇതുവഴി സാധിച്ചു. സീറ്റുകച്ചവടം മാനേജ്മെന്റ് സീറ്റുകളില്‍ മാത്രമായി പരിമിതപ്പെട്ടു. സര്‍ക്കാര്‍ സ്കൂളിലും എയ്ഡഡ് സ്കൂളിലും സംവരണതത്വം പാലിച്ചുകൊണ്ട് അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പ്രവേശനം ലഭിക്കാന്‍ ഇത് വഴിയൊരുക്കി. ജില്ലയിലെ ഏതെങ്കിലുമൊരു സ്കൂളില്‍ അപേക്ഷ നല്‍കിയാല്‍ വിവിധ സ്കൂളുകളിലായി അറുപതോളം ബാച്ചിലേക്ക് അപേക്ഷിക്കാന്‍ ഒരു കുട്ടിക്ക് സൗകര്യം ലഭിച്ചു. പ്രവേശന പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ഒരു നിശ്ചിത ദിവസത്തിനുള്ളില്‍ പ്രമാണങ്ങള്‍ ഹാജരാക്കി സ്കൂളില്‍ ചേരാം. അത്തരത്തില്‍ നാല് അലോട്ട്മെന്റുവരെ നടത്തിയിട്ടും പ്രവേശനം ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ മുമ്പ് അപേക്ഷിച്ചിട്ടില്ലാത്ത സ്കൂളുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ അപേക്ഷ നല്‍കാനും അവസരമുണ്ടായിരുന്നു. ചുരുക്കത്തില്‍ സീറ്റുകച്ചവടത്തിലൂടെ പണം സമ്പാദിക്കാനുള്ള ചില എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരുടെയും അണ്‍ എയ്ഡഡ് സ്കൂള്‍ അധികൃതരുടെയും ആഗ്രഹത്തിന് വിഘാതമായിരുന്നു ഏകജാലക പ്രവേശന നടപടി.

എന്നാല്‍, 2011ല്‍ ഭരണമാറ്റമുണ്ടായതിനെത്തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി പ്രവേശനം അട്ടിമറിക്കാന്‍ ശ്രമംതുടങ്ങി. നാല് അലോട്ട്മെന്റ് ഉണ്ടായിരുന്നത് രണ്ടായി ചുരുക്കി. ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകളുമായി ഇരച്ചുകയറിയവരുടെ തിക്കും തിരക്കും ധനസമ്പാദനത്തിനുള്ള അവസരമാക്കി ചിലര്‍ മാറ്റി. അതിന്റെ വിഹിതം പറ്റുന്നവര്‍ തലപ്പത്തുമുണ്ടായി. എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തില്‍ കോഴ വാങ്ങുന്നുണ്ട് എന്ന യാഥാര്‍ഥ്യം എല്ലാവര്‍ക്കുമറിയാം. അത് ഹയര്‍സെക്കന്‍ഡറി തുടങ്ങിയകാലംമുതല്‍ ഉള്ളതാണ്. എന്നാല്‍, മാനേജര്‍മാര്‍ പിരിച്ചെടുക്കുന്ന ആ കോഴപ്പണത്തിന്റെ വിഹിതം ഉന്നതര്‍ ചോദിച്ചുവാങ്ങുന്നത് അടുത്തകാലംമുതലാണ്. കൊടുക്കുന്നവരും വാങ്ങുന്നവരും പുറത്തുപറയാത്തതുകൊണ്ട് കേസില്ല. സര്‍ക്കാര്‍ സ്കൂളധ്യാപകരുടെ സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നു. അത് അവസാനിപ്പിച്ചത് ഇടതുമുന്നണി ഭരണകാലത്താണ്. അത് വീണ്ടും നടപ്പാക്കുന്നു എന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം.

പുതിയ സ്കൂളുകള്‍ അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണവും വീതംവയ്ക്കലിലുള്ള തര്‍ക്കമാണ്. അധികബാച്ചുകള്‍ അനുവദിക്കുന്നതിന്റെയും മാനദണ്ഡം വിദ്യാര്‍ഥികളുടെ ആവശ്യത്തിനുസരിച്ചല്ല, മറിച്ച് മാനേജര്‍മാരുടെ താല്‍പ്പര്യമനുസരിച്ചായിരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഏപ്രില്‍ പതിനാറിനാണ് ഇത്തവണ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്. ഒരുമാസം കഴിഞ്ഞിട്ടും ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടി തുടങ്ങിയില്ല. പത്താംതരം പാസാകുന്നവരുടെ എണ്ണവും ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐഎച്ച്ആര്‍ഡി സ്കൂളുകള്‍, ടിടിഐ, പോളിടെക്നിക്കുകള്‍ എന്നീ സ്ഥാപനങ്ങളിലുള്ള സീറ്റുകളുടെ എണ്ണവും തുല്യമാണ്. ഇത് സംസ്ഥാനമൊട്ടാകെ എടുത്താലുള്ള സ്ഥിതിയാണ്. എന്നാല്‍, ജില്ലാടിസ്ഥാത്തിലെത്തുമ്പോള്‍ ചിത്രം മാറും.

വടക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ കുറവും പ്രവേശിക്കാനാഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലുമാണ്. ഈ പ്രശ്നം മറ്റൊരു തരത്തില്‍ സയന്‍സ് സീറ്റുകളുടെ എണ്ണത്തിലും പ്രതിഫലിക്കും. ഹയര്‍സെക്കന്‍ഡറിയില്‍ ആകെയുള്ള സീറ്റുകളില്‍ പകുതിയിലേറെയും സയന്‍സ് വിഷയങ്ങള്‍ക്കുള്ളതാണ്. എന്നാല്‍, ജില്ലകള്‍ തമ്മിലും ഓരോ ജില്ലയിലെയും നഗര-ഗ്രാമ മേഖലകള്‍ തമ്മിലും സീറ്റുകളുടെ ലഭ്യതയില്‍ അന്തരമുണ്ട്. ഈ പ്രശ്നത്തെ കച്ചവടമാക്കി മാറ്റി പണമുണ്ടാക്കാനുള്ള ചിലരുടെ നീക്കത്തെയാണ് സര്‍ക്കാര്‍ സഹായിക്കുന്നത്. അതിനുള്ള ന്യായംമാത്രമാണ് "സെര്‍വര്‍" എന്ന ഉപകരണം തകരാറായി എന്നു പറയുന്ന മുടന്തന്‍ മറുപടി. ഏതാനും ലക്ഷങ്ങള്‍ മുടക്കി സെര്‍വര്‍ വാങ്ങാന്‍ ഒരു കൊല്ലത്തോളം സമയമുണ്ടായിരുന്നല്ലോ. 2013 ജൂണില്‍ത്തന്നെ സര്‍വറിന് അപര്യാപ്തത ഉണ്ടെങ്കില്‍ അതു മനസ്സിലാക്കാം. കഴിഞ്ഞ ഏപ്രില്‍ 16നുശേഷം വിചാരിച്ചാലും സര്‍വര്‍ വാങ്ങാന്‍ ബുദ്ധിമുട്ടൊന്നുമില്ല. പിന്നെന്തുകൊണ്ട് ഏകജാലക പ്രവേശനത്തെ അട്ടിമറിച്ചു? കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള അണ്‍എയ്ഡഡ് സ്കൂളിലെയും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് സീറ്റുകളിലെയും പ്രവേശനം ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. സീറ്റു വില്‍പ്പനയിലൂടെ അവര്‍ക്ക് നേടാനുള്ളത് സമ്പാദിച്ചുകഴിഞ്ഞു. പ്രവേശനം ലഭിക്കുമോ എന്ന് ആശങ്കപ്പെട്ടുനിന്നവരുടെ ആശങ്കയെ പണമാക്കി മാറ്റാനുള്ള അവസരമാണ് ഏകജാലക പ്രക്രിയ ഒരുമാസത്തിലേറെ താമസിപ്പിച്ചതിലൂടെ കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. പ്രവേശനം പൂര്‍ത്തിയാക്കിയ അണ്‍ എയ്ഡഡ് സ്കൂളില്‍ ജൂണില്‍ത്തന്നെ ക്ലാസ് തുടങ്ങാനാകും. മെഡിസിന്‍, എന്‍ജിനിയറിങ് പരീക്ഷ 2016ല്‍ എഴുതാനുദ്ദേശിക്കുന്നവര്‍ക്കുള്ള ട്യൂഷനും കോച്ചിങ്ങും ഇതിന്റെയടിസ്ഥാനത്തില്‍ തുടങ്ങാനാകും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ജൂലൈയിലേ ക്ലാസുകള്‍ ആരംഭിക്കുകയുള്ളൂ. അത്തരം സ്കൂളുകളില്‍ പ്രവേശനം നേടിയതിനുശേഷം ട്യൂഷന്‍ സെന്ററുകളില്‍ ചെല്ലുന്നവര്‍ക്ക് സീറ്റുണ്ടാകില്ല. അതിനാല്‍, അത്തരം ആശങ്ക വച്ചുപുലര്‍ത്തുന്നവരും അണ്‍ എയ്ഡഡ് സ്കൂളിലോ എയ്ഡഡ് സ്കൂളിലെ മാനേജ്മെന്റ് സീറ്റിലോ സീറ്റുകള്‍ വിലയ്ക്കു വാങ്ങും. ഈ കച്ചവടത്തിന് സഹായംചെയ്തുകൊടുക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ചെയ്യുന്നത്.

വളരെ ക്ലേശം സഹിച്ചാണ് എസ്എസ്എല്‍സി പരീക്ഷാഫലം ഏപ്രില്‍ 16നുതന്നെ പ്രസിദ്ധീകരിക്കാന്‍ പരീക്ഷാഭവന് കഴിഞ്ഞത്. അതില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍, അതിന്റെ ഗുണഫലം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ല. രണ്ടുമാസം കഴിഞ്ഞാലും ഒരു കുട്ടിക്കുപോലും നേരായ മാര്‍ഗത്തിലൂടെ പ്രവേശനം നേടാന്‍ കഴിയില്ല. ഉപരിവിദ്യാഭ്യാസത്തിന് സമയബന്ധിതമായി പ്രവേശനം നല്‍കാനല്ലെങ്കില്‍ പിന്നെന്തിനാണ് എസ്എസ്എല്‍സി ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികളുടെ വിലയേറിയ സമയം മൂന്നുമാസത്തോളം നഷ്ടപ്പെടുത്തി. അവരുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിപ്പിച്ചു. വിദ്യാഭ്യാസക്കച്ചവടക്കാരെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചു. അതിലേക്കായി സര്‍ക്കാര്‍സംവിധാനത്തെ പരാജയപ്പെടുത്തി. വിദ്യാഭ്യാസവകുപ്പിനും ഹയര്‍സെക്കന്‍ഡറിവകുപ്പിനും ഏകജാലക പ്രവേശന പ്രക്രിയക്ക് സാങ്കേതികമായി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ഐസി (നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍)ക്കും നാണക്കേടുണ്ടാക്കി. കച്ചവടക്കാരെ വിദ്യാഭ്യാസവകുപ്പ് ഏല്‍പ്പിച്ചാല്‍ അതും വില്‍പ്പനച്ചരക്കാകും.

ഏകജാലക പ്രവേശന പ്രക്രിയ അട്ടിറിച്ചതിലൂടെ വിദ്യാര്‍ഥികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. അവരുടെ അവകാശം സംരക്ഷിക്കാന്‍വേണ്ടിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഏകജാലക പ്രവേശനം നടപ്പാക്കിയത്. അവകാശസംരക്ഷണമല്ല കച്ചവടതാല്‍പ്പര്യമാണ് മുഖ്യം എന്നതാണ് ഭരണത്തിലിരിക്കുന്നവരുടെ നയം. അത് അംഗീകരിക്കാന്‍ കേരളസമൂഹം തയ്യാറല്ലായെന്ന് കാട്ടിക്കൊടുക്കാന്‍ സമയമായി

*
പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍

പിന്‍നിലാവിന്റെ പൊന്‍വെളിച്ചം

കേരളത്തിന്റെ ജനപ്രിയനേതാവ് ഇ കെ നായനാരെഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് "പിന്‍നിലാവിന്റെ പൊന്‍വെളിച്ചം" എന്നാണ്. പ്രത്യാശാനിര്‍ഭരമായ ഒരു ഭാവിയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു. ഒരിറ്റ് ചുവപ്പെടുത്ത് ഒരായിരം സൂര്യന്മാരെ ജ്വലിപ്പിക്കണം എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു യുഗം മായുകയും വേറൊരു യുഗം പിറക്കുകയുംചെയ്യുന്ന സംക്രമകാലഘട്ടത്തില്‍ തോമസ്മൂറിന്റെ ഉട്ടോപ്യന്‍ സങ്കല്‍പ്പത്തിനപ്പുറത്ത് മനുഷ്യവിമോചനത്തിന്റെ സൈദ്ധാന്തികരേഖ തെളിയിച്ചെടുക്കണമെന്നും നായനാര്‍ കൂട്ടിച്ചേര്‍ക്കുന്നു. കുട്ടികളുടെ ഏറ്റവും വലിയ സംഘടനയായ ബാലസംഘത്തെ നയിച്ച ഇ കെ നായനാര്‍ വെളിച്ചത്തിന്റെ മഹാപ്രവാഹത്തെ വരവേല്‍ക്കണമെന്ന് ഉപദേശിക്കുകയാണ്. ഇരുട്ടിന്റെ കനത്ത അടരുകളെ വകഞ്ഞുമാറ്റിയാണ് ഭാവിയുടെ പ്രകാശസൂര്യന്‍ ഉദയംകൊള്ളുന്നത്. നമ്മുടെ കുട്ടികള്‍ നാളെയെക്കുറിച്ച് സ്വപ്നംകണ്ട് വളരേണ്ടവരാണ്. കുട്ടിക്കാലത്ത് ഞാന്‍ സ്വപ്നംകണ്ടത് ലാത്തിയും തോക്കും കഴുമരവുമായിരുന്നു. പുതിയകാലത്തെ കുട്ടികള്‍ നല്ല ജീവിതാവസ്ഥയെ സ്വപ്നം കാണണം. ടി പത്മനാഭന്റെ ഒരു കഥയുടെ പേര് പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നാണ്.

ലോകമെങ്ങും ജൂണ്‍ 1ന് കുട്ടികളുടെ ദിനം ആചരിക്കുന്നു. പുള്ളിക്കുത്തുകള്‍ പതിഞ്ഞ ഗ്രാമങ്ങളിലും വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയിലും ഭാരതത്തെ കണ്ടെത്തണമെന്ന് നെഹ്റു കുട്ടികളെ ഉപദേശിച്ചിട്ടുണ്ട്. അനസൂയവിശുദ്ധിയോടെ കുട്ടികള്‍ക്ക് വളരാനുള്ള സാഹചര്യമാണ് സമൂഹം ഒരുക്കേണ്ടത്. അനീതിയോടും അക്രമങ്ങളോടും സന്ധിയില്ലാതെ ശിരസ്സുയര്‍ത്തി പോരാടാനുള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാകണം. സദാചാരനിഷ്ഠവും സാമൂഹ്യപ്രതിബദ്ധവുമായ ജീവിതത്തിലേക്കാണ് നമ്മുടെ കുഞ്ഞുങ്ങള്‍ നടന്നുനീങ്ങേണ്ടത്. അതുകൊണ്ടുതന്നെ ബലദായകമായ അറിവ് കുട്ടികള്‍ക്ക് നല്‍കണം. മനോബലം കൂട്ടുന്നതും ബുദ്ധി വികസിപ്പിക്കുന്നതും സമഭാവന നിലനിര്‍ത്തുന്നതും സ്വാശ്രയത്വം വളര്‍ത്തുന്നതുമായ വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ ആദര്‍ശധീരരായി വാര്‍ത്തെടുക്കാന്‍ ഈ ദിനാചരണം ആഹ്വാനംചെയ്യുന്നു. സമൂഹത്തില്‍ സ്നേഹത്തിന്റെ സുവര്‍ണ കണ്ണികള്‍ വിളക്കിച്ചേര്‍ക്കേണ്ട കുട്ടികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പീഡനവും ആക്രമണവും ഏറ്റുവാങ്ങേണ്ടിവരുന്നു. നല്ലതെല്ലാം കുട്ടികള്‍ക്കാകണമെന്നാണ് ഐക്യരാഷ്ട്രസഭ ആഹ്വാനംചെയ്യുന്നത്.കുട്ടികളേ നിങ്ങള്‍ വളര്‍ന്ന് വലുതായി നാടിനുവേണ്ടി പെരുതുകയും മാനമായി വളരുകയും ചെയ്യണമെന്ന് സോവിയറ്റ് റഷ്യയിലെ പഴയ പോരാളികള്‍ ഓര്‍മിപ്പിക്കുന്നു. സാമൂഹ്യമാറ്റത്തിന്റെ ഈ സുവര്‍ണകണ്ണികളെ സദാകാലവും സമൂഹം ശ്രദ്ധയും പരിചരണവും നല്‍കി വളര്‍ത്തിയെടുക്കുന്നു. ലോക ശിശുദിനമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് "മാര്‍ഗരറ്റ് പാസ്ലാറോ" എന്ന വനിതയാണ്. കുഞ്ഞുങ്ങളുടെ പരിശുദ്ധി കാത്തുരക്ഷിക്കാന്‍ അവരുടെ സര്‍ഗാത്മകതയും സ്വാതന്ത്ര്യവും പരിപോഷിപ്പിക്കാന്‍ സമൂഹം ഇടപെടണമെന്ന് മാര്‍ഗരറ്റ് നിര്‍ദേശിക്കുകയുണ്ടായി. 1925ല്‍ ജനീവയില്‍ ചേര്‍ന്ന ലോകരാഷ്ട്രങ്ങളുടെ സമ്മേളനം ജൂണ്‍ 1ന് കുട്ടികളുടെ ദിനം ആചരിക്കണമെന്ന് ആഹ്വാനംചെയ്യുകയുണ്ടായി. നാടിന്റെ ശക്തിയും സമ്പത്തുമാണ് കുഞ്ഞുങ്ങള്‍. അവര്‍ നിഷ്കളങ്കഹൃദയരും നിറംപിടിപ്പിക്കാത്ത മിഴികളുള്ളവരുമാണ്. അവരുടെ ഭാവനകള്‍ക്ക് ഏഴഴകാണ്. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ ദാരിദ്ര്യമനുഭവിക്കരുതെന്ന്, തൊഴിലിന് നിര്‍ബന്ധിക്കപ്പെടരുതെന്ന,് ക്രൂരമായി പീഡിപ്പിക്കപ്പെടരുതെന്നും ജനീവാസമ്മേളനം ഓര്‍മിപ്പിക്കുന്നു.

ചങ്ങമ്പുഴയുടെ ദേവത എന്ന കവിതയില്‍ ഒരമ്മയുടെ ദയനീയചിത്രമുണ്ട്. സ്നേഹിച്ച് വശപ്പെടുത്തിയശേഷം കാര്യം കഴിഞ്ഞ് ആട്ടിയോടിക്കപ്പെട്ടവളാണ് ആ അമ്മ. സ്വന്തം മകളെങ്കിലും ഇത്തരമൊരു ചതിക്കുഴിയില്‍പ്പെടരുതെന്ന് ചിന്തിച്ച അമ്മ പെറ്റ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു. കൃത്യത്തിനുമുമ്പ് അമ്മ പറയുന്നത്, "പൈതലേ പാവപ്പെട്ടോര്‍ക്കുള്ളതല്ലീലോകം" എന്നാണ്. ക്രൂരപീഡനത്തിനിരയായി ജീവച്ഛവങ്ങളായിമാറുന്ന ബാല്യങ്ങളുടെ കഥകള്‍ പത്രത്താളുകളില്‍ നിറയുന്ന കാലമാണ് ഇത്. ഓരോ ചവിട്ടടിയിലും മൂടിക്കിടക്കുന്നത് ചതിക്കുഴികളാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ നോക്കുക. പിഞ്ചുകുഞ്ഞിനെ പാരച്യൂട്ടില്‍ കെട്ടിയിട്ട് പറത്തി. സാഹസിക പ്രകടനക്കാരും മാതാപിതാക്കളുംചേര്‍ന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ ഒറ്റയ്ക്ക് ഉയരത്തിലേക്ക് പറത്തിവിടുകയായിരുന്നു. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള നിലവിളി മാതാപിതാക്കളുടെ കരളലിയിച്ചില്ല. മനുഷ്യാവകാശകമ്മീഷന്‍ ഏറ്റവും ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിച്ച സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കുകയാണ്. മറ്റൊരു വാര്‍ത്ത മാതാപിതാക്കള്‍ സ്വന്തം മക്കളെ വിറ്റതാണ്. ആറും എട്ടും വയസ്സുള്ള മക്കളെ ഇടനിലക്കാര്‍വഴിയാണ് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തിയത്. കുട്ടികളെ വിലയ്ക്കുവാങ്ങി ആവശ്യക്കാര്‍ക്ക് മറിച്ചുവില്‍ക്കുന്ന ശിശുവില്‍പ്പന റാക്കറ്റിനു മാതാപിതാക്കള്‍ ഇരയാവുകയായിരുന്നു. അനധികൃതമായി കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുവന്നതാണ് മറ്റൊരു വാര്‍ത്ത. കാമുകനോടൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ അമ്മയുടെ വാര്‍ത്തയും പത്രത്താളില്‍ നിറഞ്ഞു. രണ്ടര വയസ്സുള്ള കുഞ്ഞിനെയാണ് സുഖജീവിതത്തിന് തടസ്സമാകുമെന്ന കരുതി കിണറ്റിലെറിഞ്ഞുകളഞ്ഞത്. കുഞ്ഞുങ്ങളെക്കുറിച്ച് എന്നും നടുക്കുന്ന വാര്‍ത്തകളുമായാണ് പത്രങ്ങളിറങ്ങുന്നത്.

അമ്മയും കുഞ്ഞും എന്നത് സമൂഹത്തിന്റെ ശ്രേഷ്ഠമായ സങ്കല്‍പ്പമാണ്. ഹൃദയത്തിന്റെ എറ്റവും ശക്തമായ ചായ്വ് കുഞ്ഞുങ്ങളോടുണ്ടാവണമെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു. വര്‍ണം ചിതറുന്ന പൂക്കള്‍ ഉദ്യാനത്തെ ആകര്‍ഷകമാക്കുന്നതുപോലെ പുഞ്ചിരി ചിതറുന്ന കുഞ്ഞുങ്ങള്‍ സമൂഹത്തെ സുന്ദരമാക്കിത്തീര്‍ക്കുന്നു. ഗോര്‍ക്കിയുടെ അമ്മ എന്ന നോവലില്‍ കുഞ്ഞുങ്ങളെ ഏറെ വാഴ്ത്തുന്നുണ്ട്. കരുത്തുറ്റ കാലുകള്‍കൊണ്ട് അസത്യം ചവിട്ടിയരച്ച് മനുഷ്യദുഃഖത്തെ കീഴടക്കാന്‍ അവര്‍ ലോകത്തേക്കിറങ്ങിയിരിക്കുന്നു എന്ന് ഗോര്‍ക്കി ചൂണ്ടിക്കാട്ടുന്നു. നിര്‍ഭാഗ്യത്തെ തുടച്ചുനീക്കി ഉടഞ്ഞ ഹൃദയങ്ങളെ തുന്നിച്ചേര്‍ക്കുന്ന ദിവ്യശക്തി കുഞ്ഞുങ്ങള്‍ക്കുണ്ട്. ശാരീരികമായ ശിശുത്വത്തോടൊപ്പം ആത്മാവിന്റെ ശിശുത്വവും വിലയിരുത്തപ്പെടുന്ന കാലമാണിത്. ലളിതവും പരിശുദ്ധവും സുതാര്യവുമായ പ്രതികരണങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ കഴിയണം. കേരളത്തില്‍ സ്കൂള്‍ തുറക്കുന്ന കാലമാണിത്. അടിച്ചുപൊളിച്ചുനടന്ന ഒഴിവുകാലത്തോട് വിടവാങ്ങി കുട്ടികള്‍ പള്ളിക്കൂടങ്ങളിലേക്ക് തുള്ളിച്ചാടുകയാണ്. ഇവരെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങളൊരുങ്ങിക്കഴിഞ്ഞു. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കെടാതെ സൂക്ഷിക്കാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലുണ്ടാകണം. പഴയ ഉപമകളും ഉല്‍പ്രേക്ഷകളുംകൊണ്ട് തൃപ്തിപ്പെടുന്നവരല്ല ഇന്നത്തെ കുഞ്ഞുങ്ങള്‍. കളിപ്പാട്ടങ്ങള്‍ക്കുപകരം അവരുടെ കൈകളില്‍ മൗസും മൊബൈലുമാണ്. എം ടി വാസുദേവന്‍നായരുടെ നാലുകെട്ടിലെ അപ്പുണ്ണി എന്ന കുട്ടി ചിന്തിക്കുന്നത് വളര്‍ന്ന് വലിയ ആളാകും എന്നാണ്. ആരെയും ഭയപ്പെടാതെ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കും എന്നാണ്. അധ്യാപകന്റെ വിവേചനത്തില്‍ പ്രതിഷേധിച്ച് ക്ലാസ് വിട്ടിറങ്ങിയ ഓടയില്‍ നിന്നിലെ പപ്പു എന്ന കുട്ടിയെക്കുറിച്ചും നമുക്കറിയാം. എങ്കിലും ബാല്യകാലസഖിയിലെ മജീദിനെപ്പോലെ ഒന്നും ഒന്നും ചേര്‍ന്നാല്‍ ഉമ്മിണി ബല്യ ഒന്നായിത്തീരുന്ന വിദ്യാഭ്യാസസാഹചര്യങ്ങളാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. കേരളത്തിന്റെ പോരാട്ട ചരിത്രങ്ങളിലെല്ലാം കുട്ടികളുടെ വലിയ സാന്നിധ്യമുണ്ട്. പ്രായംകൊണ്ട് ചെറിയവരാണെങ്കിലും കുട്ടികള്‍ അത്ഭുതം കാട്ടുന്നവരാണ്. എങ്കിലും ജന്മംതൊട്ട് തുടങ്ങുന്നു അവരുടെ പ്രശ്നങ്ങള്‍. സ്നേഹസാഹോദര്യങ്ങള്‍ പൂത്തുലയുന്ന മനസ്സുമായി പാറിക്കളിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കഴിയട്ടെ. എ കെ ജിയുടെ ജീവചരിത്രത്തില്‍ പറയുന്നു, "കുഞ്ഞുങ്ങള്‍ നാടിന്റെ നന്മകളാണ്. ഭാവിയെ നിയന്ത്രിക്കുന്ന കൈകളാണവര്‍ക്കുള്ളത്. കുട്ടികളോടൊത്ത് കളിച്ചുനടക്കുമ്പോള്‍ ജീവിതത്തിലെ കനത്ത ഭാരം ലഘൂകരിക്കപ്പെടും. രാജ്യത്തെ രക്ഷിക്കാനുള്ള സമരത്തിലെ വീരയോദ്ധാക്കളാണ് കുട്ടികള്‍".

*
പയ്യന്നൂര്‍ കുഞ്ഞിരാമന്‍

വേട്ടയാടപ്പെടുന്ന ദളിത് ജീവിതങ്ങള്‍

അടിസ്ഥാന സൗകര്യ നിഷേധത്തിന്റെയും നിര്‍ദയമായ സാമ്പത്തികപക്ഷപാതിത്വത്തിന്റെയും പാരമ്യമനുഭവിക്കുന്നവരാണ് ഇന്ത്യയിലെ ദളിത് ജനസാമാന്യം. രൂക്ഷവും മനുഷ്യത്വരഹിതവുമായ സാമൂഹിക വിവേചനമാണ് ദളിതര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ആ അവസ്ഥയുടെ നേര്‍ചിത്രമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ കത്ര ഗ്രാമത്തില്‍ കണ്ടത്. അവിടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. പതിനാലും പതിനഞ്ചും പ്രായമായ ആ കുരുന്നുകളെ പിച്ചിച്ചീന്തി കൊന്നു കെട്ടിത്തൂക്കിയത് നിയമപാലകരടക്കമുള്ള ഹിംസ്ര ജന്തുക്കളാണ്. ഇതേ വാര്‍ത്തയോടൊപ്പം കേരളത്തില്‍ ഒരറസ്റ്റിന്റെ വിവരവും വന്നു. പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ ബലാത്സംഗംചെയ്ത് ശ്വാസംമുട്ടിച്ചു കൊന്ന പ്രമാണിയെ അറസ്റ്റ് ചെയ്ത വാര്‍ത്തയാണത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരെ അതിക്രമങ്ങള്‍ അവിരാമം അരങ്ങേറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണിത്. അവസാനിക്കുന്നില്ല-യുപിയിലും പഞ്ചാബിലും ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപെട്ടതിന്റെ വാര്‍ത്ത ഏറ്റവുമൊടുവില്‍ വന്നിരിക്കുന്നു.

മിര്‍ച്ച്പുര്‍, ധര്‍മപുരി, ഖൈന്‍ലാഞ്ചി എന്നിങ്ങനെയുള്ള സ്ഥലനാമങ്ങള്‍ ഇന്ന് ദളിത് വേട്ടയുടെ പ്രതീകങ്ങളാണ്. ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും നിരവധി ഗ്രാമങ്ങളില്‍ ദളിത് ജനജീവിതം അചിന്തനീയമാംവിധം അരക്ഷിതമായ സാഹചര്യത്തിലാണ്. ഈയടുത്ത നാളുകളില്‍ അവിടങ്ങളില്‍ ദളിതര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ സ്വാതന്ത്ര്യലബ്ധിയുടെ ഏഴാം ദശകത്തിലെത്തി നില്‍ക്കുന്ന ഇന്ത്യ എത്ര മനുഷ്യത്വരഹിതമായാണ് ദളിതരെ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു. തലസ്ഥാനമായ ഡല്‍ഹിപോലും നിശിത വേട്ടയില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ഒരു ദളിത് വരനെ വിവാഹച്ചടങ്ങുകളുടെ ഭാഗമായി കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് വിലക്കിയ അനുഭവം ഡല്‍ഹിയിലേതാണ്.

രാജ്യതലസ്ഥാനത്തെ പ്രധാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ എഐഐഎംഎസില്‍ ദളിത് വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും ദ്രോഹിക്കുകയും പരീക്ഷകളില്‍ തോല്‍പ്പിക്കുകയും വ്യത്യസ്ത ഹോസ്റ്റലുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അനുഭവമുണ്ടായി. ദളിത് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. എഐഐഎംഎസില്‍ മാത്രമല്ല, നിരവധി ഐഐടികളിലും ഇതാണ് സ്ഥിതി. എഐഐഎംഎസില്‍ ജാതി വിവേചനം നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഗവണ്‍മെന്റ് നിയോഗിച്ച കമ്മിറ്റി ഈ വസ്തുതകള്‍ അക്കമിട്ട് നിരത്തി. ആരും ഒരു നടപടിയും സ്വീകരിച്ചില്ല.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമാനുസരണം രജിസ്റ്റര്‍ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ രാജ്യമെമ്പാടും വര്‍ധനയാണുണ്ടാകുന്നത്. 2010ല്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 10513 കേസുകളാണ് ഈ നിയമപ്രകാരം രജിസ്റ്റര്‍ചെയ്തത്. 2011ല്‍ അത് 11342 ആയും 2012ല്‍ 12576 ആയും വര്‍ധിച്ചു. ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടാവുകയും ശിക്ഷ വിധിക്കുന്നതിന്റെ നിരക്ക് കുറയുകയും ചെയ്യുന്നു. അതിക്രമവിരുദ്ധ നിയമത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികള്‍ വരുത്തിയിട്ടില്ല. അതിക്രമക്കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നതില്‍പോലും ദളിത് വിഭാഗങ്ങള്‍ പ്രയാസമനുഭവിക്കുന്നു. ഫയല്‍ചെയ്ത പട്ടികജാതി/പട്ടികവര്‍ഗ അതിക്രമക്കേസുകളില്‍ ശിക്ഷാനിരക്ക് 3 മുതല്‍ 8 ശതമാനംവരെയാണ്. കെട്ടിക്കിടക്കുന്ന കേസുകളാവട്ടെ 80 മുതല്‍ 90 ശതമാനം വരെയും. 21 ദളിതര്‍ കൊല്ലപ്പെടുകയും എന്നാല്‍, തെളിവില്ലെന്നതിന്റെ പേരില്‍ പ്രതികളെല്ലാം വിട്ടയക്കപ്പെടുകയുംചെയ്ത ബതാനി തോല കൂട്ടക്കൊലക്കേസിന്റെ 2012ലുണ്ടായ വിധിപ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പറഞ്ഞ വിവരമാണിത്. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ചെലവഴിക്കേണ്ട പണം ഈ വര്‍ഷത്തെ ബജറ്റില്‍ യുപിഎ ഗവണ്‍മെന്റ് വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. യുപിഎ സര്‍ക്കാരില്‍നിന്ന് ദളിത് വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട നീതി നരേന്ദ്രമോഡി നയിക്കുന്ന ബിജെപി ഭരണത്തില്‍ ലഭ്യമാകും എന്ന് കരുതാനുള്ള സാഹചര്യവുമില്ല. മോഡി നാലുവട്ടം തുടരെ മുഖ്യമന്ത്രിയായ ഗുജറാത്തിലെ ദളിതരുടെ സ്ഥിതി കൂടുതല്‍ ഭയാനകമാണ്.

2011ലെ സെന്‍സസ് പ്രകാരം ഗുജറാത്തില്‍ 2000ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയിലേര്‍പ്പെട്ടിരിക്കുന്നു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ മറ്റൊരു കണക്കെടുപ്പ് വ്യക്തമാക്കുന്നത് ഗുജറാത്തില്‍ 12000 തോട്ടിപ്പണിക്കാരുണ്ടെന്നാണ്. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന സൗരാഷ്ട്രയില്‍ 900ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയെടുക്കുന്നു. ബിജെപി "ശ്രേഷ്ഠ" ഭരണം നടത്തുന്ന "മാതൃകാ സംസ്ഥാ"ത്തില്‍ രൂക്ഷമായ ജാതിവിവേചനമാണ് നിലനില്‍ക്കുന്നത്.

സമൂഹത്തിലെ ദളിതരുടെയും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനല്ല, കൂടുതല്‍ അധോഗതിയിലേക്ക് തള്ളിവിടാനുള്ള മത്സരമാണ് യുപിഎയും എന്‍ഡിഎയും നടത്തുന്നത്. അതിന്റെ പ്രതിഫലനമാണ്, മരത്തില്‍ തൂങ്ങിക്കിടക്കുന്ന ദളിത് പെണ്‍കുട്ടികളുടെ മൃതശരീരങ്ങള്‍. ദളിതരുടെ ഈ ദുഃസ്ഥിതി മാറ്റിയെടുക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഭീകരമായ ജാതിവ്യവസ്ഥയ്ക്കെതിരായ ശക്തമായ സമരം നടത്തുന്നതിനും അതിശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇടതുപക്ഷ നേതൃത്വത്തില്‍ പശ്ചിമ ബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും സര്‍ക്കാരുകള്‍ നടത്തിയ ഇടപെടല്‍ അത്തരത്തിലുള്ളതായിരുന്നു. പശ്ചിമ ബംഗാള്‍ ഇന്ന് തിരിച്ചുപോക്കിന്റെ പാതയിലാണ്. തൃണമൂല്‍ ഭരണത്തില്‍ ദളിതര്‍ പരക്കെ ആക്രമിക്കപ്പെടുന്നു. ഭൂപരിഷ്കരണത്തിലൂടെ അവര്‍ക്കു ലഭിച്ച ഭൂമി തിരിച്ചെടുക്കാന്‍ ഭൂപ്രഭുക്കള്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നു. എല്ലാ തരത്തിലുള്ള ജാതി വിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടം രാജ്യത്താകെ വളര്‍ന്നുവരേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്ന സാഹചര്യമാണിത്.
*
deshabhimani editorial 31-05-2014

വര്‍ഗീയ-സാമ്പത്തിക ആക്രമണങ്ങള്‍

ഇരട്ടനാവോടെയാണ് ആര്‍എസ്എസും ബിജെപിയും സംസാരിക്കുന്നതെന്ന വസ്തുത തെളിയിക്കപ്പെട്ടതാണ്. ഇരട്ട അജന്‍ഡ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ "ഇരട്ട ഭാഷണം" അവര്‍ മികവോടെ തുടരുന്നത്. തീവ്രമായ തോതില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കല്‍ എന്ന ആര്‍എസ്എസിന്റെ പ്രധാന അജന്‍ഡയാണ് ഇതിലൊന്ന്. രണ്ടാമത്തേത് പൊതുജനാഭിപ്രായം അനുകൂലമാക്കാനുള്ള ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ആര്‍എസ്എസും ബിജെപിയും നടപ്പാക്കിയ ഇരട്ടഅജന്‍ഡ സുവിദിതമാണ്. 2002ലെ ഗുജറാത്ത് വംശഹത്യയുടെ "മുഖമായി" നരേന്ദ്രമോഡി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ അവര്‍ക്ക് വര്‍ഗീയധ്രുവീകരണം ഉറപ്പാക്കാനായി. മറുവശത്ത്, "വികസനം", "ഗുജറാത്ത് മോഡല്‍", "സദ്ഭരണം" തുടങ്ങിയ വര്‍ഗീയേതര വിഷയങ്ങള്‍ ചര്‍ച്ചചെയ്തും വോട്ടര്‍മാരുടെ പിന്തുണ തേടിയും ജനങ്ങളെ ആകര്‍ഷിച്ചു. ഈ ഇരട്ടതന്ത്രം ഫലപ്രദമായി നടപ്പാക്കിയാണ് ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത്. എന്നിരുന്നാലും സത്യപ്രതിജ്ഞയുടെ തലേന്ന് നരേന്ദ്രമോഡി സര്‍ക്കാരിന്റെ യഥാര്‍ഥ അജന്‍ഡ മറനീക്കി.

ഹിന്ദുത്വസംഘടനകള്‍ ആസൂത്രണംചെയ്ത നിരവധി ഭീകരാക്രമണകേസുകളിലെ പ്രധാന പ്രതികളില്‍ ഒരാളും ആര്‍എസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഇന്ദ്രേഷ്കുമാര്‍ ആവശ്യപ്പെട്ടത്, സിബിഐയും എന്‍ഐഎയും എടിഎസും അന്വേഷിക്കുന്ന ഇത്തരം എല്ലാ കേസും പിന്‍വലിക്കണമെന്നും അറസ്റ്റിലായ ഹിന്ദുത്വസംഘടനകളുടെ എല്ലാ നേതാക്കളെയും വിട്ടയക്കണമെന്നുമാണ്. "രണ്ടാം സ്വാതന്ത്ര്യ"മാണ് തെരഞ്ഞെടുപ്പു ഫലമെന്നും ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.

അധികാരമേറ്റയുടന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് പ്രഖ്യാപിച്ചത് ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമായി തുടരുന്ന കാര്യം പുനഃപരിശോധിക്കുമെന്നാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെയും വിഭജനത്തിന്റെയുംസമയത്ത് ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി ചേര്‍ത്തതെന്ന വസ്തുത ഓര്‍ക്കണം. 370-ാം വകുപ്പ് റദ്ദാക്കാനുള്ള നടപടിയും ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ടെന്ന വ്യക്തമായ ഈ പ്രസ്താവന ജമ്മു കശ്മീരിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പിന് സ്വാഭാവികമായി വഴിയൊരുക്കിയിട്ടുണ്ട്. 370-ാം വകുപ്പ് റദ്ദാക്കല്‍ ഈ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും "യഥാര്‍ഥ അജന്‍ഡ"യുടെ ഭാഗമായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാലാണ് 370-ാം വകുപ്പ് റദ്ദാക്കാന്‍ കഴിയാതിരുന്നതെന്ന് അവര്‍ പറയുന്നു. "ഈ വകുപ്പ് റദ്ദാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന്" ബിജെപി പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രനിര്‍മാണം, ഏകീകൃത സിവില്‍കോഡ് നടപ്പാക്കല്‍, 370-ാം വകുപ്പ് റദ്ദാക്കല്‍ എന്നിവയാണ് ഹിന്ദുത്വഅജന്‍ഡയുടെ കാതലെന്ന് ആര്‍എസ്എസും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

അതുപോലെ, മതന്യൂനപക്ഷങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട് മോഡിസര്‍ക്കാരിലെ മന്ത്രിമാര്‍ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം എന്നതിന് ബിജെപി എതിരാണെന്നും കാരണം, മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ സംവരണം "ഭരണഘടനാവിരുദ്ധമാണെന്നും" സാമൂഹികനീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു. ന്യൂനപക്ഷസംവരണം എന്നതിന് താന്‍ എതിരാണെന്നും എന്തെന്നാല്‍ സംവരണം "മത്സരത്തിനുള്ള ആവേശം" ഇല്ലാതാക്കുമെന്നുമാണ് ന്യൂനപക്ഷക്ഷേമമന്ത്രി നജ്മ ഹെപ്ത്തുള്ള പറഞ്ഞത്. മുസ്ലിങ്ങള്‍ ഇപ്പോള്‍ യഥാര്‍ഥത്തില്‍ ന്യൂനപക്ഷമല്ലെന്നും അവരുടെ എണ്ണം പെരുകിയിട്ടുണ്ടെന്നും ജനസംഖ്യ കുറഞ്ഞുവരുന്ന പാഴ്സികളാണ് ന്യൂനപക്ഷ പരിഗണന അര്‍ഹിക്കുന്നതെന്നുകൂടി പറയാന്‍ നജ്മ മുതിര്‍ന്നു. മുസ്ലിങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തില്‍ തന്റെ മന്ത്രാലയത്തിന്റെ പങ്ക് കുറച്ചുകൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് നജ്മയെന്ന ധാരണയാണ് അവര്‍ നല്‍കുന്നത്.

""മുസ്ലിങ്ങള്‍ ന്യൂനപക്ഷങ്ങളല്ല. പാഴ്സികളാണ് ന്യൂനപക്ഷം. എണ്ണം കുറയാതിരിക്കാന്‍ അവരെ സഹായിക്കുന്നതിന് എന്തുചെയ്യാന്‍ കഴിയുമെന്ന് നോക്കണം"". ഇങ്ങനെയാണ് നജ്മ മാധ്യമങ്ങളോട് പറഞ്ഞത്. (ടൈംസ് ഓഫ് ഇന്ത്യ, മെയ് 28, 2014). പല മേഖലകളിലും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളേക്കാള്‍ മോശം അവസ്ഥയിലാണ് മുസ്ലിങ്ങള്‍ കഴിയുന്നതെന്ന് ഇവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം പഠിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത് ഓര്‍ക്കണം. ഈ സ്ഥിതി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രംഗനാഥ് മിശ്രയെ യുപിഎ സര്‍ക്കാര്‍ നിയോഗിക്കുകയുംചെയ്തു. മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുപിഎ സര്‍ക്കാര്‍ 2011 ഡിസംബറില്‍ ഒബിസി വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തിനുള്ളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയത്.

ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് പശ്ചിമബംഗാളിലെ അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ വിവിധ മുസ്ലിംവിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഒബിസി സംവരണപരിധിക്കുള്ളില്‍ 10 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തുകയും ചെയ്തത്. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് വളരെമുമ്പായിരുന്നു ഇത്. കേവലം എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല, മുസ്ലിങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് അവര്‍ക്ക് പരിഗണന നല്‍കേണ്ടതെന്ന് പുതിയ ന്യൂനപക്ഷക്ഷേമമന്ത്രിയോട് പറയേണ്ടിവന്നിരിക്കുന്നു. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങളെ പാഴ്സികളെപ്പോലുള്ള മറ്റ് ന്യൂനപക്ഷവിഭാഗങ്ങളുമായി താരതമ്യംചെയ്യുന്നത് ക്രൂരതയാണ്. ഹിന്ദുത്വഅജന്‍ഡയുടെ കാതല്‍ ഇത്തരത്തില്‍ സര്‍ക്കാര്‍നയങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, ഇതേ അജന്‍ഡയുടെ വൃത്തികെട്ട മുഖം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്തുന്ന വിധം പ്രത്യക്ഷപ്പെടുന്നുവെന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം.

നമാസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവില്‍ മോഡിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ തലേന്ന് വിവിധ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പുഫലം വന്നശേഷം കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം ഉയര്‍ന്നുവന്നിട്ടുണ്ട്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് കര്‍ണാടകത്തിലെ ബിജാപ്പുരില്‍ ബിജെപി നടത്തിയ വിജയഘോഷയാത്ര നഗരഹൃദയത്തിലെ പച്ചക്കറിച്ചന്തയില്‍ പൂര്‍ണതോതിലുള്ള വര്‍ഗീയകലാപത്തിലാണ് കലാശിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റ് കൊള്ളയടിക്കുകയുംചെയ്തു. ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലെ ഗോമതിപുരില്‍ സത്യപ്രതിജ്ഞയുടെ തലേന്ന് വര്‍ഗീയ ഏറ്റുമുട്ടലുകളുണ്ടായി. പരസ്പരം ഏറ്റുമുട്ടിയ ഹിന്ദു-മുസ്ലിം ഗ്രൂപ്പുകളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. രണ്ടു സമുദായത്തിലെ ചിലര്‍ തമ്മിലുള്ള ചെറിയ തര്‍ക്കമാണ് വന്‍ സംഘര്‍ഷമായി വളര്‍ന്നത്. നിരവധി കടകളും ബസും ഇരുചക്രവാഹനങ്ങളും കത്തിച്ചു.

സാമ്പത്തികരംഗത്ത് നവഉദാരനയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. പ്രതിരോധ ഉല്‍പ്പന്നമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപ പരിധി നിലവിലുള്ള 26 ശതമാനത്തില്‍നിന്ന് ഉയര്‍ത്തുമെന്ന് പുതിയ പ്രതിരോധമന്ത്രി സൂചന നല്‍കിയിട്ടുണ്ട്. പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകള്‍ മാനിക്കാതെ, ദേശീയസുരക്ഷ അടിയറവച്ച് പ്രതിരോധഉല്‍പ്പന്നമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചത് വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി മുന്നണി സര്‍ക്കാരായിരുന്നു എന്നതും സ്മരണീയം.

തെരഞ്ഞെടുപ്പുകാലത്തുയര്‍ന്ന ആശങ്കകള്‍ ശരിവയ്ക്കുന്ന സൂചനകളാണ് സര്‍ക്കാരിന്റെ ആദ്യനടപടികളില്‍നിന്ന് ലഭിക്കുന്നത്; ഒരുവശത്ത് രാജ്യത്ത് വര്‍ഗീയധ്രുവീകരണം ശക്തമാക്കുക, മറുവശത്ത് ജനജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുക- ഈ ഇരട്ടലക്ഷ്യത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇത്തരമൊരു ദ്വിമുഖ ആക്രമണത്തിനുമുന്നില്‍ നാം ഇരകളായി നിന്നുകൊടുക്കേണ്ട കാര്യമില്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വരുംനാളുകളില്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്താന്‍ സജ്ജമാവുകയാണ് ചെയ്യേണ്ടത്.

*
(പീപ്പിള്‍സ് ഡമോക്രസി മുഖപ്രസംഗം, മെയ് 28, 2014)