Sunday, February 28, 2010

ഉദാരവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം

ക്ഷമകെടുത്തുന്നതും ശ്രദ്ധതിരിച്ചുവിടാനായി അപ്രധാന വിശദാംശങ്ങള്‍പോലും ഉള്‍പ്പെടുത്തിയ പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി അവകാശപ്പെട്ടത് വളര്‍ച്ച ലക്ഷ്യമാക്കിയുള്ളതും എന്നാല്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതുമായ ബജറ്റാണ് അവതരിപ്പിക്കുന്നത് എന്നാണ്. നവഉദാരവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം ഉദയം ചെയ്യുന്നതിന്റെ സൂചനയാണ് ഇതു നല്‍കുന്നത്. ഇടപെടുന്ന സര്‍ക്കാരിനു പകരം 'സാധ്യമാക്കുന്ന' സര്‍ക്കാരിലേക്കുള്ള വ്യതിയാനത്തിന് സമയമായെന്ന് സാമ്പത്തിക സര്‍വേ മുന്‍കൂട്ടി വാദിച്ചിരുന്നു. 'സ്വയം മെച്ചപ്പെടാന്‍ കഴിവില്ലാത്ത ദരിദ്രര്‍ക്കുവേണ്ടി ചില പ്രത്യേക പദ്ധതികളുമായി' മൂലധനത്തിനനുകൂലമായ, പരിമിത തോതിലുള്ള ഭരണത്തിലേക്ക് മാറണമെന്നാണ് വാദം. ഈ പ്രക്രിയയുടെ ഭാഗമായി ധനമൂലധനത്തിനു ഗുണംചെയ്യുന്ന തരത്തില്‍ ധനക്കമ്മിയും കുറയ്ക്കണമെന്നു പറയുന്നു. പക്ഷേ, ജനസംഖ്യയുടെ 40-50 ശതമാനത്തോളം ദരിദ്രരുള്ള രാജ്യത്ത് സര്‍ക്കരിന്റെ കുറഞ്ഞതോതിലുള്ള ഇടപെടലുകള്‍ക്കുപോലും ഗണ്യമായ പണം വേണമെന്നതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കൂടാതെ, ധനപരമായ യാഥാസ്ഥിതികത്വത്തിന്റെ ഫലമായി ഉത്തേജനപാക്കേജ് പിന്‍വലിക്കാനും ധനക്കമ്മി കുറയ്ക്കാനും സര്‍ക്കാര്‍ ആഗ്രഹിച്ചാല്‍ വരുമാനം കാര്യമായി ഉയര്‍ത്തേണ്ടിവരും.

അതിനാല്‍ രണ്ടു ചോദ്യം ഉയരുന്നു.

ചെലവുകള്‍ നിലനിര്‍ത്തുന്നതിലും കൂടുതല്‍ സമഗ്രമായ വളര്‍ച്ചയെന്ന തന്റെ ലക്ഷ്യം കൈവരിക്കുന്നതിലും ധനമന്ത്രി എത്രമാത്രം മുന്നോട്ടുപോയി? ഇതിനാവശ്യമായ വിഭവങ്ങള്‍ അദ്ദേഹം എങ്ങനെ കണ്ടെത്തും, അതിന്റെ പരിണതഫലം എന്തായിരിക്കും?

ബജറ്റിലെ മൊത്തം ചെലവ് പരിശോധിക്കാം. കേവലം 8.5 ശതമാനം മാത്രമാണ് വര്‍ധന, ഇതു നാമമാത്രമാണ്. പണപ്പെരുപ്പം പരിഗണിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ചെലവിന്റെ കാര്യത്തില്‍ സ്തംഭനമാണ്. ശമ്പളക്കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയതും മാന്ദ്യം നേരിടാന്‍ ധനഉത്തേജന പാക്കേജ് കൊണ്ടുവന്നതും കാരണം 2009-10 ഗണ്യമായി ചെലവ് ഉയര്‍ന്ന സാമ്പത്തികവര്‍ഷമായിരുന്നു. അതിനാല്‍ യഥാര്‍ഥ ചെലവിന്റെ സ്തംഭനം അപര്യാപ്തമെന്ന്മാത്രം പറഞ്ഞ് അവസാനിപ്പിക്കാന്‍ കഴിയില്ല. കൂടാതെ, രണ്ടു സാമൂഹ്യ മേഖലകളിലെ-വിദ്യാഭ്യാസം, ആരോഗ്യം-കേന്ദ്ര പദ്ധതിവിഹിതവും മൊത്തം ചെലവും പരിശോധിച്ചാല്‍ (ഇവയിലേക്ക് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ശ്രദ്ധക്ഷണിച്ചിരുന്നു), ഇവ രണ്ടും വന്‍തോതില്‍ ഉയര്‍ത്തിയെന്ന പ്രതീതി സൃഷ്ടിച്ചിരിക്കുന്നു. സാക്ഷരത, സ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ മൊത്തം ചെലവ് 39,553 കോടി രൂപയില്‍നിന്ന് 47,773 കോടിയായും ഉന്നത വിദ്യാഭ്യാസമേഖലയിലെ ചെലവ് 14,376 കോടിയില്‍നിന്ന് 16,690 കോടി രൂപയായും ഉയര്‍ത്തിയിരിക്കുന്നു. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പദ്ധതിവിഹിതം 18,283 കോടിയില്‍നിന്ന് 22,230 കോടി രൂപയായും വര്‍ധിപ്പിച്ചു. പക്ഷേ, ഇതിനുള്ള പ്രധാന കാരണം ചെലവുകള്‍ പുനര്‍ക്രമീകരിച്ചതാണ്. എല്ലാ സാമൂഹ്യമേഖലകള്‍ക്കുമുള്ള പദ്ധതിയിതര ചെലവ് 35,146 കോടിയില്‍നിന്ന് 29,483 കോടിരൂപയായി വെട്ടിക്കുറച്ചു. 5,500 കോടിയില്‍പ്പരം രൂപയാണ് കുറച്ചത്.

ദരിദ്രരെയും കാര്‍ഷികമേഖലയെയും കൂടുതല്‍ ദുരിതത്തിലാക്കുന്ന തരത്തില്‍ ഭക്ഷ്യ, വളം സബ്സിഡി ആസൂത്രിതമായി കുറച്ചതും ബജറ്റ് കണക്കുകളില്‍ പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍, മൊത്തം ചെലവില്‍ ബജറ്റ് നാമമാത്രമായ വര്‍ധന വിഭാവനചെയ്തിട്ടുള്ളത് വാസ്തവമാണ്. ആദായനികുതി സ്ളാബുകള്‍ കൂടുതല്‍ ഉദാരമാക്കിയും കമ്പനികളുടെ സര്‍ച്ചാര്‍ജ് കുറച്ചും പ്രത്യക്ഷനികുതിയില്‍ ചില സൌജന്യങ്ങള്‍ നല്‍കിയതിനൊപ്പമാണ് ഈ വര്‍ധന. എന്നിട്ടും റവന്യൂകമ്മി ആഭ്യന്തരമൊത്തം വരുമാനത്തിന്റെ 5.3 ശതമാനത്തില്‍നിന്ന് നാലു ശതമാനമായും ധനക്കമ്മി 6.7 ശതമാനത്തില്‍നിന്ന് 5.5 ശതമാനമായും കുറയുമെന്ന് ബജറ്റ് പ്രതീക്ഷിക്കുന്നു.

ഈ മാറ്റം എങ്ങനെയാണ് ധനമന്ത്രി സാധ്യമാക്കുന്നത്?

2009-10ലെ പുതുക്കിയ കണക്കും 2010-11ലെ ബജറ്റ് അടങ്കലും താരതമ്യം ചെയ്യുമ്പോള്‍ ആദായനികുതി ഇളവുകള്‍ വഴി പ്രത്യക്ഷനികുതി വരുമാനത്തില്‍ 4,400 കോടി രൂപയുടെ കുറവുണ്ടാകുമെന്നു കാണുമ്പോള്‍തന്നെ കമ്പനി നികുതി 46,255 കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കോര്‍പ്പറേറ്റ് നികുതിയുടെ സര്‍ച്ചാര്‍ജ് പത്തില്‍നിന്ന് 7.5 ശതമാനമായി കുറച്ചശേഷമാണ് ഇങ്ങനെ സംഭവിക്കുന്നത്. കമ്പനി നികുതി വരുമാനത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ധന രണ്ടു രീതിയില്‍ വിശദീകരിക്കാം. ഒന്ന്, കുറഞ്ഞ ബദല്‍നികുതി 15ല്‍നിന്ന് 18 ശതമാനമായി ഉയര്‍ത്തിയതിലൂടെ കമ്പനിനികുതി വരുമാനത്തിലുണ്ടാകുന്ന വര്‍ധന. രണ്ട്, മാന്ദ്യം അതിജീവിച്ചശേഷം കമ്പനികളുടെ ലാഭത്തിലുണ്ടായ ശക്തമായ കുതിപ്പ്. പക്ഷേ, ധനമന്ത്രിയുടെ 'നേട്ടങ്ങള്‍' വിശദീകരിക്കാന്‍ കമ്പനി നികുതിയിലെ വര്‍ധനകൊണ്ടുമാത്രം കഴിയില്ല.

ബജറ്റിന്റെ മറ്റു രണ്ടു സവിശേഷതയും പ്രസക്തമാണ്. ആദ്യമായി, എല്ലാ പെട്രോളിയംഇതര ഉല്‍പ്പന്നങ്ങളുടെയും തീരുവ വര്‍ധിപ്പിച്ചും ഇറക്കുമതി തീരുവകള്‍ പുനര്‍ക്രമീകരിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തിയും സേവന നികുതിമേഖല വ്യാപിപ്പിച്ചും ധനമന്ത്രി 70,000 കോടി രൂപയുടെ അധിക പരോക്ഷനികുതി വരുമാനം പ്രതീക്ഷിക്കുന്നു. പരോക്ഷനികുതികളെ അപേക്ഷിച്ച് പ്രത്യക്ഷനികുതികളെ കൂടുതലായി ആശ്രയിക്കുന്ന സമീപകാല പ്രവണതയില്‍നിന്നുള്ള തിരിച്ചുപോക്കാണ് ഇത്. പരോക്ഷനികുതികള്‍ പണപ്പെരുപ്പം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്, ആത്യന്തികമായി ഇതു ദരിദ്രരെയാണ് പ്രതികൂലമായി ബാധിക്കുക. ഇത് ബജറ്റ് സമഗ്രവളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന വാദത്തിനുനിരക്കുന്നതല്ല. സത്യത്തില്‍, ആഭ്യന്തരമൊത്ത വരുമാന വളര്‍ച്ച വീണ്ടെടുക്കുന്നതായി അവകാശപ്പെടുന്ന ബജറ്റ് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നമാണ് 20 ശതമാനത്തോളമായ ഭക്ഷ്യ പണപ്പെരുപ്പം. പണപ്പെരുപ്പം സൃഷ്ടിക്കുന്ന പരോക്ഷനികുതികളെ ആശ്രയിക്കാനുള്ള തീരുമാനം വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കും, ബജറ്റിലും സാമ്പത്തികസര്‍വേയിലും പ്രഖ്യാപിച്ച സമഗ്രവളര്‍ച്ചയെന്ന ലക്ഷ്യം പാളും. ഭക്ഷ്യ, വളം സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തില്‍ ഈ നിഗമനം കൂടുതല്‍ ശരിയാകുന്നു.

'മറ്റു പദ്ധതിയിതര വരുമാനം' എന്ന കണക്കില്‍ 2009-10ലെ പുതുക്കിയ കണക്കും 2010-2011 ലെ ബജറ്റ് അടങ്കലും തമ്മിലുള്ള വ്യത്യാസം 36,845 കോടിയില്‍നിന്ന് 75,571 കോടിയായി വര്‍ധിക്കുന്ന അസാധാരണ പ്രതിഭാസമാണ് രണ്ടാമത്തെ ശ്രദ്ധേയ കാര്യം. 'മറ്റു വിവരവിനിമയ സേവനങ്ങള്‍' എന്ന സ്രോതസ്സില്‍നിന്നാണ് ഈ വന്‍വരുമാനം. ടെലികോം സേവനദാതാക്കളില്‍നിന്നുള്ള ലൈസന്‍സ് ഫീസും സ്പെക്ട്രം ഉപയോഗത്തിനുള്ള നിരക്കുകളും ഇതില്‍പ്പെടുന്നു. 2009-10ല്‍ ഈ അക്കൌണ്ടില്‍ 48,335 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിച്ചത്, കിട്ടിയത് 13,795 കോടി മാത്രം. സ്പെക്ട്രം ലേലത്തില്‍നിന്നുള്ള വരുമാനമായി 2010-11ല്‍ 49,780 കോടി രൂപ ലഭിക്കുമെന്ന് ബജറ്റില്‍ പറയുന്നു. ഇങ്ങനെയാണ് കാര്യമെങ്കില്‍, ഇതിനെ വരുമാനമാര്‍ഗമായി കാണുന്നത് ശരിയാകില്ല. അങ്ങനെ വന്നാല്‍, റവന്യു, ധനക്കമ്മികള്‍ കുതിച്ചുയരുകയും ചെയ്യും.

അവസാനമായി, 'പലവക മൂലധന വരുമാനമായി' 2010-11ല്‍ ബജറ്റ് 40,000 കോടി രൂപ വിഭാവനചെയ്യുന്നു. ഓഹരി വിറ്റഴിക്കലും സ്വകാര്യവല്‍ക്കരണവുമാണ് ഇവിടെ അര്‍ഥമാക്കുന്നത്. 2009-10ല്‍ ഈ അക്കൌണ്ടില്‍ 26,000 കോടി രൂപ സമാഹരിച്ചതായി പറയുന്നു. ഇത്തരത്തില്‍ പൊതുസ്വത്ത് വിറ്റഴിച്ചും കടം വാങ്ങിയും സര്‍ക്കാരിന്റെ ചെലവുനടത്തുന്നത് ഭാവിയില്‍ പലിശയിനത്തിലും തിരിച്ചടവായും ഭാരിച്ച ബാധ്യതയുണ്ടാക്കും. സമഗ്രവളര്‍ച്ചയുടെ കാര്യത്തിലെന്നപോലെ സാമ്പത്തിക അച്ചടക്കം എന്ന ധനമന്ത്രിയുടെ അവകാശവാദവും ഇവിടെ പൊളിയുന്നു. ചുരുക്കത്തില്‍ പണപ്പെരുപ്പം സൃഷ്ടിക്കുന്ന നികുതിചുമത്തലും വരുമാനത്തെക്കുറിച്ചുള്ള അമിതശുഭാപ്തി വിശ്വാസവും ധനമന്ത്രിയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നു. യഥാര്‍ഥചിത്രം വ്യക്തമാകാന്‍ അടുത്തവര്‍ഷം പുതുക്കിയ കണക്കുകള്‍ വരുംവരെ കാത്തിരിക്കേണ്ടതില്ല.

*
സി പി ചന്ദ്രശേഖര്‍ കടപ്പാട്: ദേശാഭിമാനി

Saturday, February 27, 2010

സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധം

വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് സ്വത്വരാഷ്ട്രീയം. കമ്യൂണിസ്റ്റുകാര്‍ വര്‍ഗസമര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യപ്രശ്നങ്ങളെ സമീപിക്കുന്നത്. സ്വത്വരാഷ്ട്രീയം ദേശീയവും ജാതീയവും ലിംഗപരവുമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യപ്രശ്നങ്ങളെ വീക്ഷിക്കുകയാണ് ചെയ്യുന്നത്. ലോകം വിവിധ സ്വത്വങ്ങളുടെ കൂടിച്ചേരലാണെന്നും അതില്‍ ഓരോന്നിന്റെയും പ്രശ്നങ്ങളെ പരിഹരിക്കുകയാണ് വേണ്ടത് എന്നും ഇവര്‍ പറയുന്നു. വര്‍ഗപരമായ കാഴ്ചപ്പാടുകളെയും സമഗ്രമായ രാഷ്ട്രീയ തത്വങ്ങളെയും ഇവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് സോഷ്യലിസ്റ്റ്റ് വ്യവസ്ഥ സ്ഥാപിക്കുക എന്നത് ഇവരുടെ അജന്‍ഡയില്‍ ഉള്‍പ്പെടുന്നതല്ല.

സ്വത്വരാഷ്ട്രീയം സ്വയംഭൂവായി പ്രത്യക്ഷപ്പെടുന്നതല്ല. അതിന് കൃത്യമായ സാമ്പത്തിക അടിത്തറയുണ്ട്. ധനമൂലധനത്തിന്റെ സ്വതന്ത്രമായ സഞ്ചാരമെന്ന സമീപനം എന്നതാണ് ആഗോളവല്‍ക്കരണത്തിന്റെ കാഴ്ചപ്പാട്. ഇതിനായി വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നൂതനമായ ശാസ്ത്ര-സാങ്കേതികരംഗത്തെ വികാസത്തെയും ഉപയോഗപ്പെടുത്തുകയാണ്. ലോകമുതലാളിത്തം ഇത്തരത്തില്‍ സാമ്രാജ്യത്വത്തിന്റെ പുതിയ തലത്തിലേക്ക് വികസിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് തിരിച്ചടിയേറ്റത്. ഈ ഘട്ടത്തില്‍ സോഷ്യലിസംതന്നെ കാലഹരണപ്പെട്ടുപോയി എന്ന പ്രചാരവേലയും ഉയര്‍ന്നുവന്നു. മുതലാളിത്തം ചരിത്രത്തിന്റെതന്നെ അവസാനമാണെന്നും കൊട്ടിഘോഷിക്കപ്പെട്ടു. പുതിയ സാഹചര്യത്തില്‍ സമഗ്ര സിദ്ധാന്തങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നുമുള്ള പ്രചാരവേലയുണ്ടായി. ഉത്തരാധുനികത എന്നത് ഈ പശ്ചാത്തലത്തിലാണ് ശക്തിപ്രാപിക്കുന്നത്. ഈ ആശയത്തിന് എന്‍ജിഒകളെയും മാധ്യമങ്ങളുടെ സാധ്യതയെയും ഉപയോഗപ്പെടുത്തി ജനങ്ങളുടെ ഇടയില്‍ വലിയ പ്രചാരവേല സംഘടിപ്പിച്ചു. വര്‍ഗസമരം എന്നത് ഈ സാഹചര്യത്തില്‍ പ്രസക്തമല്ലെന്നും ഇനി അത്തരത്തിലുള്ള വിപ്ളവ സങ്കല്‍പ്പങ്ങളൊന്നും സാധ്യമല്ലെന്നുമുള്ള സൈദ്ധാന്തിക വ്യാഖ്യാനങ്ങളും ലോകത്താകമാനം പ്രത്യക്ഷപ്പെട്ടു.

മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസമാണെന്ന കാഴ്ചപ്പാട് ദുര്‍ബലപ്പെട്ടതോടെ വംശീയ സ്വത്വങ്ങളുടെ പുനരുദ്ധാരണവും പുനരുജ്ജീവനവും ജനങ്ങള്‍ തമ്മിലുള്ള പുതിയ ഏറ്റുമുട്ടലിന് കളമൊരുക്കി. ഇതിന്റെ ഫലമായി രാജ്യങ്ങള്‍ ശിഥിലമാകുന്ന നിലയുണ്ടായി. യൂഗോസ്ളാവിയ തന്നെ പല രാഷ്ട്രങ്ങളായി പിരിഞ്ഞു. ഈ സ്ഥിതിവിശേഷം ഉണ്ടായത് അവിടങ്ങളില്‍ ഉയര്‍ന്നുവന്ന സ്വത്വരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ്. ഇങ്ങനെ ശിഥിലമായ രാജ്യങ്ങളില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ആഗോളവല്‍ക്കരണ ശക്തികള്‍ക്ക് എളുപ്പമായി. ഇത്തരം അനുഭവങ്ങള്‍ വിവിധ സ്വത്വങ്ങളുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് തങ്ങളുടെ അജന്‍ഡയാക്കി കൊണ്ടുനടക്കുന്നിടത്തേക്ക് സാമ്രാജ്യത്വത്തെ നയിച്ചു.
ദാര്‍ശനികമായി സാമ്രാജ്യത്വ ആധിപത്യത്തെ പിന്തുണയ്ക്കുന്നവര്‍ സ്വത്വരാഷ്ട്രീയത്തെയും ഗാഢമായി പുണര്‍ന്നു. സാമുവല്‍ ഹണ്ടിങ്ടനെപ്പോലെയുള്ള തത്വചിന്തകര്‍ സ്വത്വരാഷ്ട്രീയത്തിന്റെ വരവിനെ സ്വാഗതംചെയ്യുന്നത് പുതിയ സാമൂഹ്യ മുന്നേറ്റങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ്. ആഗോള രാഷ്ട്രീയം സാംസ്കാരിക വ്യത്യസ്തതകള്‍ക്ക് അനുരൂപമായി പുനര്‍രചിക്കപ്പെടുകയാണ് എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. പ്രത്യയശാസ്ത്രത്തിന്റെ പരാജയത്തില്‍നിന്നാണ് സ്വത്വരാഷ്ട്രീയം വികസിക്കുന്നതെന്നും ഭാവിയെ നിര്‍ണയിക്കുന്ന പ്രധാനപ്പെട്ട ഘടകമായും ഈ സമീപനത്തെ അദ്ദേഹം കാണുന്നു. സമഗ്രമായ കാഴ്ചപ്പാടുകള്‍ക്ക് പകരമായി ശിഥിലമായ കാഴ്ചകളെ സ്ഥാപിക്കാനുള്ള സാമ്രാജ്യത്വ സൈദ്ധാന്തിക സമീപനം സ്വത്വരാഷ്ട്രീയം പുലര്‍ത്തുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഇത്.

ആധുനിക ചിന്താപദ്ധതികള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടില്‍ ദൃഢമായി നിലനില്‍ക്കുകയുംചെയ്തു. അവ പ്രധാനമായും സമഗ്രമായ കാഴ്ചപ്പാടുകളും സാര്‍വത്രികമായ മൂല്യങ്ങളും മുന്നോട്ടുവച്ചു. 'സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍' എന്ന കാഴ്ചപ്പാട് ഉയര്‍ന്നുവരുന്ന തരത്തില്‍ ഇത്തരം ചിന്താഗതികള്‍ എത്തിച്ചേരുകയുംചെയ്തു. ഈ സമഗ്രതയെ തകര്‍ക്കുക എന്നതാണ് ഇതിനര്‍ഥം. ബൂര്‍ഷ്വാസി മുന്നോട്ടുവച്ച സമഗ്ര ധാരണകളെപ്പോലും തകര്‍ക്കുക എന്ന നിലയാണ് ഈ ആശയഗതിയില്‍ അടങ്ങിയിരിക്കുന്നത്.

സ്വത്വബോധം മുന്‍കാലങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ദേശീയവും വംശപരവുമായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയപാര്‍ടികളും പ്രസ്ഥാനങ്ങളും എന്ന നിലയിലായിരുന്നു ഇവ നിലകൊണ്ടിരുന്നത്. മതത്തിന്റെയും ദേശീയതയുടെയും പശ്ചാത്തലം ഇതിനുണ്ടായിരുന്നെങ്കിലും ഇതിനകത്ത് വ്യത്യസ്തമായ സമുദായങ്ങളെയും മതങ്ങളെയും ഉള്‍ക്കൊള്ളുന്ന നിലയും ഉണ്ടായിരുന്നു. പാകിസ്ഥാന്‍ രൂപീകരണത്തിനകത്തുപോലും വ്യത്യസ്തമായ നിരവധി സ്വത്വങ്ങളെ ഉള്‍ക്കൊണ്ടിരുന്നു എന്നു കാണാം. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ സ്വത്വസങ്കല്‍പ്പം വര്‍ഗമെന്ന സങ്കല്‍പ്പത്തെ നിഷേധിക്കുകയും ശകലീകൃതമായ സ്വത്വങ്ങള്‍ എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഉയര്‍ന്നുവരേണ്ട വര്‍ഗബോധത്തെ തടയുകയുംചെയ്യുന്നു.

സ്വത്വരാഷ്ട്രീയം പ്രത്യേക സ്വത്വങ്ങള്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തലുകളെ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിലൂടെ ആ ജനവിഭാഗങ്ങളുടെ അത്തരത്തിലുള്ള ബോധം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഇത് തികച്ചും പരിമിതമായ കാര്യമാണ്. വിശാല അര്‍ഥത്തില്‍ പിന്തിരിപ്പനുമാണ്. മുതലാളിത്ത ചൂഷണ സമ്പ്രദായത്തെ ചെറുത്തു തോല്‍പ്പിക്കുക എന്ന വിശാലമായ ലക്ഷ്യത്തില്‍നിന്ന് വിവിധ സ്വത്വവിഭാഗങ്ങളെ അടര്‍ത്തിമാറ്റുക എന്ന കാര്യമാണ് ഇതിലൂടെ ഫലത്തില്‍ സംഭവിക്കുന്നത്.

ഈ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ഒരു പ്രത്യേക അടിച്ചമര്‍ത്തലിനെ മനസ്സിലാക്കാനും അനുഭവവേദ്യമാക്കാനും ആ സ്വത്വത്തില്‍പെട്ട ആളുകള്‍ക്കു മാത്രമേ കഴിയൂ എന്ന സിന്താദ്ധമാണ്. ഇതിന്റെ ഫലമായി അത്തരം പോരാട്ടങ്ങളില്‍ അണിചേരേണ്ട മറ്റു വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുന്നു. ഇതിലൂടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായി ഉയര്‍ന്നുവരേണ്ട പൊതുവായ പോരാട്ടങ്ങളെ അത് ശിഥിലമാക്കുന്നു. വംശീയമര്‍ദനം അനുഭവിക്കുന്നവര്‍ക്കുമാത്രമേ ഇത്തരം മര്‍ദനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാവൂ എന്നു പറഞ്ഞ് പൊതുപ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ തകര്‍ക്കുന്നു. ഇത്തരം ആശയം 1960 കളില്‍ അമേരിക്കയില്‍ നടന്നതുപോലുള്ള പൌരാവകാശപ്രസ്ഥാനം എന്ന നിലയിലുള്ള ജനാധിപത്യപരമായ മുന്നോട്ടുപോക്കിനെപ്പോലും തടസ്സപ്പെടുത്തുന്നു.

സ്വത്വരാഷ്ട്രീയം വര്‍ഗത്തെത്തന്നെ ഒരു വിധത്തിലുള്ള സ്വത്വമായാണ് കാണുന്നത്. വര്‍ഗചൂഷണം എന്ന കാഴ്ചപ്പാടിനെ സ്വത്വരാഷ്ട്രീയം നിരാകരിക്കുന്നു. മുതലാളിത്തത്തിന്റെ കീഴിലുള്ള വര്‍ഗ ചൂഷണത്തിന്റെ അടിസ്ഥാനത്തെയും ഭരണവര്‍ഗങ്ങളുടെ നിയന്ത്രണത്തിലുള്ള വര്‍ഗവിഭജിത സമൂഹം എന്ന സങ്കല്‍പ്പത്തെയും അത് അംഗീകരിക്കുന്നില്ല. ചൂഷണം വസ്തുനിഷ്ഠ പ്രതിഭാസമായും ചൂഷണത്തെ സംബന്ധിച്ച ബോധത്തെ വ്യക്തിയുടെ ബോധനിലവാരത്തെ ആശ്രയിച്ചുള്ള ആത്മനിഷ്ഠതയുമായാണ് മാര്‍ക്സിസം കാണുന്നത്. സ്വത്വരാഷ്ട്രീയം അടിച്ചമര്‍ത്തലിനെതന്നെ അത് അനുഭവിക്കുന്ന വ്യക്തിയെ ആശ്രയിച്ചുള്ള ആത്മനിഷ്ഠ ഘടകമായായാണ് കാണുന്നത്.

ഈ സമീപനത്തിലൂടെ തൊഴിലാളിവര്‍ഗത്തെ സ്ത്രീ എന്ന നിലയിലും പുരുഷനെന്ന നിലയിലും ദളിതരെന്ന നിലയിലും മറ്റ് ജാതിസ്വത്വങ്ങളുടെ അടിസ്ഥാനത്തിലും ഭാഷാദേശീയതയുടെ അടിസ്ഥാനത്തിലും വംശീയ ഉല്‍പ്പത്തിയുടെ അടിസ്ഥാനത്തിലും വീണ്ടും വേര്‍തിരിക്കേണ്ടിവരുന്നു. ഇത് അക്ഷരാര്‍ഥത്തില്‍ തൊഴിലാളിവര്‍ഗമെന്ന സങ്കല്‍പ്പത്തെതന്നെ നിഷേധിക്കലായിത്തീരുന്നു. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, തൊഴിലാളികള്‍ മറ്റു വര്‍ഗവിഭാഗങ്ങള്‍ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടിന്റെ നിഷേധംതന്നെയായി ഇത് മാറുന്നു.

ഈ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നത് വ്യക്തിഗതമായ പദവി മാറ്റം, വിഭവങ്ങളില്‍ തങ്ങളുടെ ഓഹരികള്‍ നേടുക എന്നിവയാണ്. മാത്രമല്ല, ചില വിഭാഗങ്ങള്‍ക്കിടയിലുള്ള പരിമിതമായ സഹകരണമോ കിടമത്സരമായോ ഇത് മാറുന്നു. അതുകൊണ്ടുതന്നെ ഇത് ഒരിക്കലും നിലവിലുള്ള വ്യവസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്നില്ല.

അതുകൊണ്ടുതന്നെ ഭരണവര്‍ഗങ്ങള്‍ക്കും ആഗോളമൂലധന ശക്തികള്‍ക്കും ആശയപരമായി അനുയോജ്യമായ ഒന്നായി സ്വത്വരാഷ്ട്രീയം മാറുന്നു. അല്‍പ്പ വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ വിവിധ ജീവിത ശൈലികള്‍ മുന്നോട്ടുവച്ച് ഉപഭോഗസമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു. എന്നിട്ട് ഇതിന് അനുയോജ്യമായ വ്യവഹാരമാതൃകകളും ചരക്കുകളും രൂപകല്‍പ്പനചെയ്ത് വിപണിയില്‍ ഇറക്കുകയുംചെയ്യുന്നു. ഇങ്ങനെ ശിഥിലീകൃതമായിത്തീരുന്ന ജനതയുടെ ഇടയിലേക്ക് നുഴഞ്ഞുകയറുന്നതിന് ആഗോളമുതലാളിത്തത്തെ സ്വത്വരാഷ്ട്രീയം സഹായിക്കുന്നു.

ജനങ്ങളെ ഭിന്നിപ്പിക്കുകയും ഏറ്റുമുട്ടിക്കുകയുംചെയ്യുക എന്നതാണ് ബൂര്‍ഷ്വാവര്‍ഗത്തിന് താല്‍പ്പര്യമുള്ള കാര്യം. അതുകൊണ്ടുതന്നെ വര്‍ഗപ്രസ്ഥാനത്തെ നേരിടാനുള്ള ഒരായുധമായി അവര്‍ സ്വത്വരാഷ്ട്രീയത്തെ ഉപയോഗിക്കുന്നു. സ്വത്വബോധം സ്ഥാപിച്ചെടുക്കുന്നതുതന്നെ അതേ വ്യക്തിയുടെതന്നെ മറ്റു ഭാവങ്ങളെ നിഷേധിച്ചുകൊണ്ടാണ്. കറുത്ത തൊഴിലാളിയെ കറുത്തവന്‍ എന്ന നിലയില്‍ കാണുന്നു. തൊഴിലാളി എന്ന നിലയില്‍ പരിഗണിക്കുന്നില്ല. തൊഴിലാളിസ്ത്രീ അവരുടെ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ അറിയപ്പെടുന്നു. തൊഴിലാളി എന്ന ഭാഗം പരിഗണിക്കപ്പെടുന്നുമില്ല. ന്യൂനപക്ഷവിഭാഗത്തില്‍പെട്ട വിഭാഗങ്ങള്‍ തമ്മില്‍ സഖ്യമുണ്ടാക്കുക എന്നതില്‍ക്കവിഞ്ഞ് വ്യവസ്ഥയെ മാറ്റുന്നതിനുള്ള സമരങ്ങളിലേക്ക് ജനങ്ങളെ ആകെ ഐക്യപ്പെടുത്തുന്നതിലേക്ക് തടസ്സം നില്‍ക്കുന്ന സ്വത്വരാഷ്ട്രീയം ആഗോളമൂലധനശക്തികള്‍ക്ക് ഇന്ന് ഇഷ്ടവിഷയമാണ്. അത് പ്രോത്സാഹിപ്പിക്കുന്നത് ഏതെങ്കിലും വിഭാഗത്തെ കൈപിടിച്ചുയര്‍ത്താനല്ല ജനങ്ങളുടെ യോജിച്ച സമരത്തെയും വ്യവസ്ഥയെ തകര്‍ക്കാനുള്ള സമരമുന്നണിയെയും നിഷ്ക്രിയമാക്കാനോ ദുര്‍ബലമാക്കാനോ ആണ്.

ബൂര്‍ഷ്വാ ഭരണത്തിന്‍കീഴില്‍ വിവിധ വിഭാഗങ്ങള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തെ പരിഗണിക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുമായുള്ള വിശാലമായ ഐക്യമാണ് അനിവാര്യമായിട്ടുള്ളത്. എന്നാല്‍, ഈ അടിച്ചമര്‍ത്തലുകള്‍ക്ക് പൊതുവായ അടിസ്ഥാനമില്ലെന്ന് ഇവര്‍ പഠിപ്പിക്കുന്നു. അവരുടെ സ്വത്വവും അവര്‍ നേരിടുന്ന അടിച്ചമര്‍ത്തലുംമാത്രമാണ് യാഥാര്‍ഥ്യമെന്ന ബോധം ജനങ്ങളില്‍ കുത്തിവച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നത്.

യഥാര്‍ഥത്തില്‍ ഇതില്‍ ഉന്നയിക്കുന്നതുപോലെ ചില പരിഷ്കാരങ്ങള്‍ നടപ്പാക്കിയതുകൊണ്ട് അടിച്ചമര്‍ത്തലുകള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. മുതലാളിത്ത വ്യവസ്ഥിതി മാറ്റമില്ലാതെ തുടരുന്നിടത്തോളം കാലം ചൂഷണത്തിന് അറുതിയാകുന്നില്ല എന്ന കാര്യം മൂടിവയ്ക്കുകയാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നത്. പല സന്നദ്ധസംഘടനകളിലൂടെയും എന്‍ജിഒകളിലൂടെയുമാണ് നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള എന്‍.ജി.ഒ സംഘടനകളും സന്നദ്ധസംഘടനകളും വേറിട്ട സ്വത്വത്തെ സംബന്ധിച്ച ബൂര്‍ഷ്വാ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള മാതൃകാപരമായ മാധ്യമങ്ങളായി നിലകൊള്ളുന്നുണ്ട് എന്നതും വസ്തുതയാണ്. ഇതിനെയും തിരിച്ചറിഞ്ഞുകൊണ്ടേ വര്‍ഗരാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാനാകൂ.

സ്വത്വരാഷ്ട്രീയം ഇന്ത്യന്‍ സാഹചര്യത്തില്‍

ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സ്വത്വരാഷ്ട്രീയം മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത് ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും സമുദായത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലാണ്. ഇതില്‍തന്നെ ജാതിയാണ് ഇത്തരം കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതിന് ഏറെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ അടിസ്ഥാന സാമൂഹ്യഘടനയിലും വര്‍ഗ ചൂഷണത്തിലും മാറ്റം വരുത്തുന്നതിനുള്ള സമരവുമായി മുന്നോട്ടുപോകുന്നതിനോ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് മറ്റ് ജനവിഭാഗങ്ങളുമായി കൂട്ടായ്മ ഉണ്ടാക്കുന്നതിനോ താല്‍പ്പര്യപ്പെടുന്നില്ല. സ്വത്വരാഷ്ട്രീയ കാഴ്ചപ്പാട് അടിച്ചമര്‍ത്തപ്പെടുന്ന ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുകയാണ്. സവര്‍ണ ജാതിവിഭാഗങ്ങളിലും ഇത്തരത്തിലുള്ള കാഴ്ചപ്പാടുകള്‍ ശക്തിപ്പെട്ടുവരികയാണ്.

ബൂര്‍ഷ്വാ പാര്‍ടികള്‍ ഇത്തരം സ്വത്വങ്ങളെ ഉപയോഗിക്കുക എന്നത് ഒരു പ്രധാന പരിപാടിയായിത്തന്നെ മാറ്റിയിട്ടുണ്ട്. യുപിയില്‍ ബിജെപിയും സമാജ് വാദി പാര്‍ടിയും ഉള്‍പ്പെടെയുള്ളവര്‍ ജാതി, ഉപജാതി സമ്മേളനങ്ങള്‍ നടത്തുകയും അവയുമായി യോജിക്കുകയും ചെയ്യുന്നുണ്ട്. ജാതീയമായ ഇത്തരത്തിലുള്ള സ്വത്വബോധ വികാസം പട്ടികജാതി വിഭാഗക്കാരുടെ ഇടയില്‍ത്തന്നെ സംഘര്‍ഷം രൂപപ്പെടുത്തുന്നതിന് ഇടയായിട്ടുണ്ട്. ആന്ധ്രപ്രദേശിലെ മാല-മഡിഗ സംഘട്ടനം ഇതിനുദാഹരണമാണ്. ദളിത് ക്രിസ്ത്യാനികളുടെയും ദളിത് മുസ്ളിങ്ങളുടെയും കാര്യത്തിലും ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സ്വത്വരാഷ്ട്രീയത്തിന്റെ അടിത്തറയായി മതത്തെ ഉപയോഗിക്കുന്ന പ്രവണതയും ഉയര്‍ന്നുവരുന്നുണ്ട്. ബിജെപി ഉപയോഗിക്കുന്ന സാംസ്കാരിക ദേശീയത എന്ന സങ്കല്‍പ്പം മതപരമായ സ്വത്വരാഷ്ട്രീയത്തിനുള്ള മറ മാത്രമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനും സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്നുണ്ട്. 1980കളില്‍ സ്വത്വരാഷ്ട്രീയത്തിന്റെ പുതിയ രൂപങ്ങള്‍ ഉയര്‍ന്നുവരുന്നതിന് ഉദാഹരണമാണ് വടക്ക്-കിഴക്കന്‍ പ്രദേശങ്ങള്‍. സങ്കുചിതമായ സ്വത്വ വംശീയവേദികള്‍ മാത്രമാണ് പൊതുവില്‍ ഇവിടെ നിലനില്‍ക്കുന്നത്. അതിനാല്‍ ഇവിടെ സംഘര്‍ഷം പതിവായിത്തീരുകയും ചെയ്യുന്നു. നാഗന്മാരും ദിമാസ വിഭാഗക്കാരും ബോഡോകളും കര്‍ബികളും അന്യോന്യം കുറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു. ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം നേപ്പാളി സ്വത്വവാദത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ സ്വത്വരാഷ്ട്രീയത്തിലൂടെ നേട്ടം കൊയ്യുന്നത് അതിലെ പെറ്റിബൂര്‍ഷ്വാ വിഭാഗമാണ്. അതിന്റെ സംഘടനാ അടിസ്ഥാനത്തിലൂടെയും വ്യവസ്ഥയ്ക്കകത്ത് കടന്നുകൂടി നേട്ടം കൊയ്യുന്നതും ഈ വിഭാഗമാണ്. സ്വത്വരാഷ്ട്രീയം വര്‍ഗപരമായ ചൂഷണത്തെയും ഒപ്പം സാമൂഹ്യമായ അടിച്ചമര്‍ത്തലിനെയും ഒന്നിച്ചെതിര്‍ക്കുന്നതിനുവേണ്ടി രൂപപ്പെടുന്ന പൊതുപ്രസ്ഥാനത്തെ ക്ഷീണിപ്പിക്കുകയും തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ദളിത് സ്വത്വത്തിന്റെ പേരില്‍ കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഡിഎച്ച്ആര്‍എം പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇത്തരം രാഷ്ട്രീയത്തിന് ഉദാഹരണമാണ്. അവ സാമൂഹ്യ അവശതയ്ക്കെതിരായി ഉയര്‍ന്നുവരേണ്ട വിശാല മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നു. ഭീകരവാദ സമീപനങ്ങളുമായി മുന്നോട്ടുപോവുക എന്ന പ്രവണത കേരളത്തിലും ഇത്തരം സംഘടനകള്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

സമൂഹത്തില്‍ വര്‍ഗപരമായ ചൂഷണവും ഒപ്പം സാമൂഹ്യമായ അടിച്ചമര്‍ത്തലുകളും നിലനില്‍ക്കുന്നുണ്ട് എന്ന നിലപാടാണ് സിപിഐ എമ്മിന്റേത്. വര്‍ഗപരമായ ചൂഷണത്തിലൂടെ ഭരണവര്‍ഗങ്ങള്‍ മിച്ചം പിഴിഞ്ഞെടുക്കുന്നതിനോടൊപ്പം അവരുടെ മേധാവിത്വം നിലനിര്‍ത്തുന്നതിനായി വിവിധ രൂപത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലിനെയും ഉപയോഗിക്കുന്നു. അതിനാല്‍ ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരായുള്ള പോരാട്ടങ്ങള്‍ യോജിപ്പിച്ച് കൊണ്ടുപോവുക എന്നതാണ് പാര്‍ടിയുടെ നയം.

സ്വത്വരാഷ്ട്രീയം തങ്ങളുടെ സാമ്പത്തിക മേധാവിത്വത്തെയും ചൂഷണത്തെയും എതിര്‍ക്കുന്നില്ല എന്നതുകൊണ്ട് അത്തരം രാഷ്ട്രീയവുമായി സന്ധി ചെയ്യുന്നതിനും അവര്‍ക്ക് ഇളവുകള്‍ കൊടുക്കുന്നതിനും ഭരണവര്‍ഗം തയ്യാറാകുന്നു. അത് അവരെ ശക്തിപ്പെടുത്തുന്നു. ഇതിന്റെ മറുവശമെന്നോണം സ്വത്വരാഷ്ട്രീയം തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തെ തകര്‍ക്കുകയും വ്യവസ്ഥയ്ക്കെതിരായി വളര്‍ന്നുവരേണ്ട വിപുലമായ ഐക്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നവലിബറല്‍ നയങ്ങളിലൂടെ ആഗോള ധനമുതലാളിത്തം നടത്തുന്ന ചൂഷണത്തെ കാണാത്ത സ്വത്വരാഷ്ട്രീയം ഇവര്‍ക്ക് പ്രിയപ്പെട്ടതായിത്തീരുന്നു. ഈ മേഖലയില്‍ പാര്‍ടി എടുക്കേണ്ട സമീപനത്തെ സംബന്ധിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസ് ജാതി സ്വത്വരാഷ്ട്രീയത്തെ വിശകലനം ചെയ്യുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്.

"ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണം വളര്‍ന്നു വരുന്നതുമൂലം ഗുരുതരമായ ഒരു വെല്ലുവിളി ഇന്ന് ഉയര്‍ന്നുവരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികള്‍ ജാതി സ്വത്വത്തില്‍നിന്ന് നേട്ടമുണ്ടാക്കാനും ജാതികൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാനും ശ്രമം നടത്തുകയാണ്. എല്ലാ സമുദായങ്ങളിലുംപെട്ട മര്‍ദിത വിഭാഗങ്ങളുടെ അതിവിശാലമായ വേദിയും ഇടതുപക്ഷജനാധിപത്യവേദിയും കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ജാതി അടിസ്ഥാനത്തിലുള്ള ഈ അണിനിരത്തലുകള്‍ ഗൌരവമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ദളിതരുടെയും വിവിധ പിന്നോക്ക വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ടി സമൂര്‍ത്തമായി ഏറ്റെടുക്കണം. വര്‍ഗപരമായ പ്രശ്നങ്ങളും സാമൂഹികമായ പ്രശ്നങ്ങളും ഒന്നിച്ച് ഏറ്റെടുക്കുന്നതുമൂലം ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നമുക്ക് നേരിടാനാകും.''

അതുകൊണ്ടുതന്നെ ജാതീയമായ അടിച്ചമര്‍ത്തല്‍ മാത്രമല്ല, ദളിതരും പിന്നോക്കക്കാരും അനുഭവിക്കുന്ന ജാതീയ വിവേചനം, ഗോത്രവര്‍ഗ ജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വിവേചനം ഇവയൊക്കെ പാര്‍ടി നേരിട്ട് ഏറ്റെടുക്കണം. ഇത്തരം പ്രശ്നങ്ങളെ വര്‍ഗസമരവുമായി കണ്ണിചേര്‍ക്കുക വഴി ജനാധിപത്യ പ്രസ്ഥാനത്തിന്റെ വിശാലവേദി രൂപപ്പെടുത്താനും അതുവഴി സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കാനുമുള്ള പശ്ചാത്തലവും ഇതിലൂടെ രൂപപ്പെടും. കേരളത്തില്‍ ആദിവാസി മേഖലയില്‍ രൂപപ്പെട്ടുവന്ന സ്വത്വരാഷ്ട്രീയത്തിന്റെ പ്രശ്നത്തെ അതിജീവിക്കുന്നതിന് എടുത്ത നടപടികള്‍ ശ്രദ്ധേയമാണ്. എകെഎസിന്റെ രൂപീകരണത്തിലൂടെ ഈ മേഖലയിലെ സ്വത്വരാഷ്ട്രീയക്കാരുടെ പിടി അയക്കുന്നതിനും അവരുടെ സവിശേഷ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനും അവരെ പൊതുസമരത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനും കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ അവശതകള്‍ ഏറ്റെടുക്കുന്നിടത്ത് സ്വത്വരാഷ്ട്രീയം പിറകോട്ടുപോകും എന്നതിന്റെ ഉദാഹരണമാണ് ഇത്.
സ്വത്വരാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘടനകളുടെ മുഖ്യോപാധിയായി എന്‍ജിഒകള്‍ മാറിയിട്ടുണ്ട്. പൊതു പ്രസ്ഥാനങ്ങളെ തകര്‍ത്തും ഇടതു പാര്‍ടികള്‍ അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് എതിര്‍പ്പ് വളര്‍ത്തിക്കൊണ്ടും ബഹുജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ചും എന്‍ജിഒകള്‍ നടത്തുന്ന പ്രവര്‍ത്തനത്തെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇതു സംബന്ധിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസ് എടുത്ത നിലപാട് പ്രസക്തമാണ്.

"വിദേശ സാമ്പത്തിക സഹായം പറ്റുന്ന എന്‍.ജി.ഒകളുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ എന്‍.ജി.ഒകളില്‍ പലതും രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുകയും ഇടതുപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. സംഘടിത ഇടതുപക്ഷത്തോടും വിശിഷ്യാ സി.പി.ഐ (എം) നോടുമുള്ള അവരുടെ പ്രത്യയശാസ്ത്രപരമായ എതിര്‍പ്പില്‍നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഇത്തരത്തില്‍ സാമ്പത്തിക സഹായം കൈപ്പറ്റുന്ന സംഘടനകളുടെ സ്പോസര്‍മാര്‍ക്കിടയില്‍ സാമ്രാജ്യത്വ ഏജന്‍സികളുമുണ്ട്. ആര്‍.എസ്.എസിന്റെയും മറ്റ് മൌലികവാദ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി എന്‍.ജി.ഒകള്‍ വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം കൈപ്പറ്റുന്നവയാണ്. ചില തീവ്രഇടതുപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന പൌരാവകാശ-മനുഷ്യാവകാശ സംഘടനകള്‍ക്കും വിദേശ ബന്ധങ്ങളുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ (സോഷ്യല്‍ മൂവ്മെന്റ്) എന്ന് വിളിക്കപ്പെടുന്നവര്‍ക്കും എന്‍.ജി.ഒമാര്‍ക്കും വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നത് നിരോധിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തണം. വിദേശ സാമ്പത്തിക സഹായം ഉപയോഗിച്ച് ജനങ്ങളെ സംഘടിപ്പിക്കുന്ന എന്‍.ജി.ഒകളുടെ പങ്ക് തുറന്നു കാട്ടപ്പെടണം. ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ പരിശ്രമിക്കുകയും ഇടതുപക്ഷ വിരുദ്ധ നിലപാട് കൈക്കൊള്ളുകയും ചെയ്യുന്ന എന്‍.ജി.ഒകളുടെ പ്രവര്‍ത്തനത്തെ പാര്‍ടി എതിര്‍ക്കണം.''

എന്നാല്‍, ഏതെങ്കിലും ഘട്ടങ്ങളില്‍ ഇവരുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നാല്‍ അവരുടെ വിഭാഗീയവും വിഘടനാത്മകവുമായ സമീപനം പൊതുവേദിയില്‍ ഉയര്‍ത്തപ്പെടരുത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന നിലപാടും പാര്‍ടി കോഗ്രസ് മുന്നോട്ടുവച്ചിരുന്നു. നാം പൊതുവേദിയുമായി ബന്ധപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള സമീപനങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല എന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ രണ്ടു കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി, വര്‍ഗാടിസ്ഥാനത്തിലുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി സാമ്പത്തിക വിഷയങ്ങള്‍മാത്രം ഏറ്റെടുത്ത് സാമൂഹ്യപ്രശ്നങ്ങള്‍ അവഗണിക്കുന്ന പ്രവണതയെ നാം നിരുത്സാഹപ്പെടുത്തണം. തൊഴിലാളിവര്‍ഗത്തില്‍പ്പെട്ട ചില വിഭാഗം അനുഭവിക്കുന്ന അടിച്ചമര്‍ത്തലും വിവേചനവും ഏറ്റെടുക്കാതെ തൊഴിലാളിവര്‍ഗ ഐക്യവും വര്‍ഗസമരവും മുന്നോട്ടുകൊണ്ടുപോകാനാവില്ല. അതോടൊപ്പംതന്നെ സ്വത്വരാഷ്ട്രീയത്തിന്റെ വാലായി അതിന്റെ പിറകില്‍ പോകുന്ന പ്രവണതയും ഒരിക്കലും ഉണ്ടാകാനും പാടില്ല. അതിനായി സ്വത്വരാഷ്ട്രീയത്തിന്റെ പരിമിതിയെ സംബന്ധിച്ച് ജനങ്ങളെ നിരന്തരം ബോധ്യപ്പെടുത്തേണ്ടതുണ്ട്.
അതോടൊപ്പം ഇത്തരം ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിന് പ്രത്യേക വേദികളും സംഘങ്ങളും രൂപീകരിച്ച് അവരില്‍ എത്തുന്നതിനുള്ള നിലപാടും സ്വീകരിക്കേണ്ടതുണ്ട്. ആദിവാസി ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എകെഎസ് രൂപീകരിച്ചുകൊണ്ട് നടത്തിയ പ്രവര്‍ത്തനം ഈ രംഗത്ത് നമുക്ക് പുതിയ അനുഭവമാണ്. ആ മേഖലയിലെ സ്വത്വരാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനും വിശാലപ്രസ്ഥാനത്തിന്റെ ഭാഗമായി അവരെ അണിനിരത്താനും അവരുടെ ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഈ സമീപനം സഹായകമായി എന്ന് കാണാനാകും.

സാമ്രാജ്യത്വത്തിന്റെ കടന്നുവരവ് പല വിധത്തിലാണ് രൂപപ്പെട്ടുവന്നുകൊണ്ടിരിക്കുന്നത്. മാരീചന്റെ പൊന്മാനിനെപ്പോലെ അത് ജനങ്ങളെ ആകര്‍ഷിച്ച് വര്‍ഗപരമായ കാഴ്ചപ്പാടില്‍നിന്ന് അകറ്റിക്കൊണ്ടുപോവുകയാണ്. സ്വത്വരാഷ്ട്രീയംതന്നെയാണ് വര്‍ഗസമരം എന്ന് കരുതിയിരിക്കുന്ന സൈദ്ധാന്തിക ദുര്‍ബലതയും സമൂഹത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ ദൌര്‍ബല്യത്തെ തിരുത്തിക്കൊണ്ട് വര്‍ഗസമര പാതയിലൂടെ മുന്നോട്ട് പോവുക എന്നത് പ്രധാനമാണ്. ആഗോള മൂലധനശക്തികള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ സ്വത്വരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനും നിര്‍ണ്ണായകസ്ഥാനമുണ്ട്.

*
എം വി ഗോവിന്ദന്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം

ഭീകരതാമുദ്രക്ക് മറുപടി കാരുണ്യ പ്രദര്‍ശനമോ?

ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ വ്യവസായമായ ഹിന്ദി സിനിമയിലെ മുസ്ളിം വംശജനായ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിലൂടെ ഷാറൂഖ് ഖാനെ പരിചയപ്പെടുത്തുമ്പോള്‍ തന്നെ ഇന്ത്യ, ഏഷ്യ, ഹിന്ദി, ഉറുദു, സിനിമ, ബോളിവുഡ് എന്നീ വിസ്മയഘടകങ്ങളുടെ വൈവിധ്യത്തെ ഉള്‍ക്കൊള്ളാനാവും. ഉദാരവത്ക്കരണാനന്തര ഇന്ത്യയുടെ ആഗോളമോഹങ്ങളുടെ പ്രതീകമായിട്ടാണ് ഷാറൂഖ് ഖാന്‍ കഥാപാത്രങ്ങളെ നിരീക്ഷകര്‍ വ്യാഖ്യാനിച്ചെടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെപ്പോഴും ഇന്ത്യക്കു പുറത്തും അകത്തുമായി വ്യാപിച്ചു നില്‍ക്കുന്ന ഒരാളായിരിക്കും. പിറവി ഇന്ത്യയിലായിരിക്കുകയും കര്‍മ്മ മണ്ഡലവും സമീപനങ്ങളുടെ വിഹായസ്സും രാജ്യാന്തരപരതയിലേക്ക് വികസിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഡയസ്പോറയുടെ പ്രതീകമാണ് ഷാറൂഖ് ഖാന്‍. ഈ ട്രെന്റ് തുടങ്ങിവെച്ച ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ(1995) എന്ന ഹിറ്റ് ചിത്രം ഇന്ത്യന്‍ വാണിജ്യ സിനിമയുടെ എല്ലാ റിക്കോഡുകളും ഭേദിച്ച് ഇപ്പോഴും മുംബൈ സെന്‍ട്രലിലെ മറാത്ത മന്ദിര്‍ തിയറ്ററില്‍ പതിനഞ്ചു വര്‍ഷമായി ഒറ്റ ദിവസം പോലും മുടങ്ങാതെ പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ആഗോളവത്ക്കരണ കാലത്തിനനുയോജ്യമായ വിധത്തിലുള്ള സംസ്ക്കാരങ്ങളുടെ ലയനവും കൂടിച്ചേരലുമാണ് ഡിഡിഎല്‍ജെ അടക്കം ഈ ജനുസ്സിലുള്ള മിക്ക ചിത്രങ്ങളുടെയും മുഖമുദ്ര. ലോകമെമ്പാടും പരന്നു കിടക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കിടയിലും അല്ലാത്തവര്‍ക്കിടയിലും സംഘടിതമായ ശുഭാപ്തിവിശ്വാസം(കളക്ടീവ് ഹോപ്പ്) രൂപീകരിച്ചെടുക്കുന്നതില്‍ ബോളിവുഡ് സിനിമ നിര്‍വഹിക്കുന്ന പങ്കിനെ ആശാവഹമായിട്ടാണ് സാമൂഹ്യ നിരീക്ഷകര്‍ പരിഗണിക്കുന്നത്. ഷാറൂഖ് ഖാന്റെ ജനപ്രീതിയുടെ ഏറ്റവും സവിശേഷമായ ഒരു സന്ദര്‍ഭം മഹേഷ് ഭട്ട് വിശദീകരിക്കുന്നുണ്ട്. പാക്കിസ്ഥാനിലുള്ള സാധാരണ ജനങ്ങള്‍ക്ക് അദ്ദേഹത്തോട് കടുത്ത ആരാധനയായതിനാല്‍ ഇന്ത്യയുമായി അവര്‍ ഒരിക്കലും ഒരു യുദ്ധത്തിനാഗ്രഹിക്കുന്നില്ലത്രെ. കാരണം, അത് (ഇന്ത്യ) ഷാറൂഖിന്റെ രാജ്യമാണല്ലോ! അറുപതുകളില്‍ നടന്ന ഇന്തോ-പാക്ക് യുദ്ധത്തെതുടര്‍ന്ന് ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനിലെ സിനിമാശാലകളില്‍ പ്രദര്‍ശിപ്പിക്കാനനുമതിയോ വ്യാപാര ഉടമ്പടിയോ ഇല്ല. എന്നാല്‍, ഏത് ഹിന്ദി സിനിമ ഇറങ്ങിക്കഴിഞ്ഞാലും അതിന്റെ വ്യാജ പതിപ്പ് അവിടെ സുലഭമാണു താനും. പാക്കിസ്ഥാനിലെ പത്ര മാസികകളില്‍ ബോളിവുഡ് സിനിമയെക്കുറിച്ചുള്ള നിരൂപണക്കോളങ്ങള്‍ പോലുമുണ്ടെന്നതാണ് കൌതുകകരമായ കാര്യം. വ്യാജ ഡി വി ഡിക്ക് അതിര്‍ത്തിയുദ്ധം ഒഴിവാക്കാനും, ലോക സമാധാനം നിലനിര്‍ത്താനും സാധിക്കുന്നു എന്നു ചുരുക്കം. (ഋഷിരാജ് സിംഗ് കേള്‍ക്കേണ്ട).

അമിതാബ് ബച്ചനാണ് ബോളിവുഡിലെ ഒന്നാമനെങ്കില്‍ ഷാറൂഖ് ഖാനെ രണ്ടാമതായി ജനപ്രീതിയുള്ള താരമായി പരിഗണിക്കുന്നു. അമര്‍ സിംഗും മുലായവും തമ്മില്‍ തെറ്റിയതിനെ തുടര്‍ന്ന് അമിതാബ് ബച്ചന്റെ രാഷ്ട്രീയ പ്രതിനിധാനം ഈയടുത്ത കാലത്ത് റദ്ദായിപ്പോയിരുന്നു. മുമ്പ് കോണ്‍ഗ്രസിന്റെ എം പിയായിരുന്ന അദ്ദേഹം അമര്‍സിംഗ്-മുലായം മുന്നണിയിലായിരുന്ന കാലത്ത് സമാജ് വാദി പാര്‍ടിയുടെ വക്താവായിരുന്നു. ജയാബച്ചന്‍ ഇപ്പോഴും സമാജ് വാദി പാര്‍ടി ലേബലില്‍ രാജ്യസഭാംഗമായി തുടരുന്നുമുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രതിനിധാനത്തില്‍ നിന്ന് പുറത്തു കടന്ന ഉടനെ ബച്ചന്‍ നരേന്ദ്രമോഡിയുടെ ഗുജറാത്ത് തിളങ്ങുന്നതിന്റെ പരസ്യവണ്ടിയുടെ നായകനായി അവരോധിക്കപ്പെട്ടു. കോടികള്‍ കിലുങ്ങുന്ന ഒരു അപ്പോയിന്റ്മെന്റാണിതെന്നത് പ്രധാനമല്ല. സിനിമയില്‍ കോടികളല്ലാതെ എന്തു കളികളാണുള്ളത്? എന്നാല്‍, വംശഹത്യ കൊണ്ടും അന്യതാബോധം കൊണ്ടും മുസ്ളിങ്ങള്‍ക്ക് മനുഷ്യോചിതമായ ഒരു ജീവിതം സാധ്യമല്ലാത്ത ഗുജറാത്തിന്റെ പ്രതീകമായി ബച്ചനെ പ്പോലെ ഒരു ഇഷ്ടതാരം അവതരിക്കുമ്പോള്‍ അത് വെള്ളം കൂടാതെ വിഴുങ്ങാന്‍ ബുദ്ധിമുട്ടാണ്. ഈയടുത്ത ദിവസം റസൂല്‍ പൂക്കുട്ടിക്ക് അവാര്‍ഡ് കൊടുക്കാന്‍ കൊച്ചിയിലെത്തിയ ബച്ചന്‍ ഇതു സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നാണ് റിപ്പോര്‍ട്. സ്വന്തം ചിത്രങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കാനും ഉടനെ ആരംഭിക്കാനാഗ്രഹിക്കുന്ന ഫിലിം സിറ്റിക്ക് സൌജന്യമായി സ്ഥലം നേടിയെടുക്കാനും ഭാര്യക്ക് രാജ്യസഭാംഗത്വം തരപ്പെടുത്തിയെടുക്കാനും വേണ്ടി ബച്ചന്‍ കാണിച്ച സ്വാര്‍ത്ഥതാപരമായ ഒരു നീക്കമാണ് ഈ ബ്രാന്‍ഡ് അംബാസഡര്‍ പണി എന്നാണ് വിഖ്യാത നര്‍ത്തകിയും ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തകയുമായ മല്ലികാ സാരാഭായി അഭിപ്രായപ്പെട്ടത്.

രണ്ടാമനായ ഷാറൂഖാകട്ടെ ഇതിനിടയില്‍ നേര്‍ വിപരീത ദിശയിലുള്ള ഒരു വന്‍ വിവാദത്തില്‍ ചെന്നു കുടുങ്ങി. ഇന്ത്യാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ടീമംഗങ്ങളെ ലേലം വിളിച്ചെടുത്തപ്പോള്‍ പാക്കിസ്ഥാനി കളിക്കാര്‍ ബോധപൂര്‍വമോ അബോധപൂര്‍വമോ ഒഴിവാക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം; കളിക്കും കളി പ്രതിനിധാനം ചെയ്യുന്ന സമാധാനം, വിനോദം, ഐക്യം, പരസ്പര ധാരണ എന്നീ മാനുഷികമൂല്യങ്ങള്‍ക്കും എതിരാണെന്ന കൃത്യവും വ്യക്തവുമായ കാഴ്ച്ചപ്പാട് ഷാറൂഖ് സംശയലേശമെന്യേ മുന്നോട്ടുവെച്ചു. ഷാറൂഖിന്റെ കൂടി ഉടമസ്ഥതയിലുള്ള ടീമിലും പാക്കിസ്ഥാനികളിക്കാരെ എടുക്കാനായില്ല എന്ന കുറ്റബോധം കൊണ്ടു കൂടിയാണ് ഇത്തരമൊരഭിപ്രായം അദ്ദേഹം തുറന്നു പറഞ്ഞത്. ഈ അഭിപ്രായത്തില്‍ പ്രകോപിതരായ ശിവസേന ഷാറൂഖിനെ ഒറ്റതിരിഞ്ഞാക്രമിക്കാന്‍ ആഹ്വാനം ചെയ്തു. ബാല്‍ താക്കറെയും മകന്‍ ഉദ്ധവും അവരുടെ പത്രം സാമ്നയും ചേര്‍ന്ന അഴിച്ചു വിട്ട വര്‍ഗ്ഗീയ-പ്രാദേശികാക്രമണം ഏതാനും ദിവസത്തേക്ക് മുംബൈ നഗരത്തില്‍ അങ്കലാപ്പുണ്ടാക്കി. ഷാറൂഖ് ഖാന്‍ നായകനും ഭാര്യ ഗൌരി നിര്‍മാണപങ്കാളിയുമായ പുതിയ സിനിമ മൈ നെയിം ഈസ് ഖാന്‍ റിലീസ് ചെയ്യാനിരിക്കെയായിരുന്നു ഈ ഭ്രാന്തന്‍ സംഘങ്ങളുടെ കലാപാഹ്വാനങ്ങള്‍ എന്നത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുമോ എന്നെല്ലാവരും ഭയന്നു. മുപ്പത്തിയെട്ട് കോടി രൂപ ചിലവിട്ട് നിര്‍മിച്ച മൈ നെയിം ഈസ് ഖാന്റെ ഇന്ത്യയിലെയും പുറത്തെയും വിതരണ ചുമതല നേടിയെടുത്തത് റുപെര്‍ട്ട് മര്‍ഡോക്കിന്റെ നിയന്ത്രണത്തിലുള്ള ഹോളിവുഡ് കുത്തകയായ ഫോക്സ് സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റാണ്.

വളരെ സവിശേഷമായ ഒരിതിവൃത്തമാണ് ഈ ചിത്രത്തിലാവിഷ്ക്കരിച്ചിരിക്കുന്നത്. അസ്വാഭാവികതയോടെ പെരുമാറുന്നു എന്ന് കാണുന്നവര്‍ക്ക് തോന്നുന്ന ഓട്ടിസം എന്ന രോഗം ബാധിച്ച റിസ്വാന്‍ ഖാന്‍ എന്ന കഥാപാത്രത്തെയാണ് ഷാറൂഖ് അവതരിപ്പിക്കുന്നത്. അമ്മ മരിച്ചതിനെ തുടര്‍ന്ന് ഇളയ സഹോദരന്റെ ക്ഷണപ്രകാരം, റിസ്വാന്‍ അമേരിക്കയില്‍ താമസമാക്കുന്നു. അനിയന്റെ കുടുംബബിസിനസില്‍ സഹായിയായി ചേരുന്നുമുണ്ടയാള്‍. ഹെര്‍ബല്‍ സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉത്പാദനവും വിപണനവുമാണ് ബിസിനസ്. ഇതിന്റെ വില്‍പനക്കിടയിലാണ് അയാള്‍, മന്ദിര (കാജോള്‍) യെ പരിചയപ്പെടുന്നത്. ഹെയര്‍ സ്റൈലിസ്റായ അവള്‍ വിവാഹമോചനം നേടിയവളും ഒരാണ്‍കുട്ടിയുടെ അമ്മയുമായ ഹിന്ദു വംശജയാണ്. അവര്‍ തമ്മില്‍ പ്രണയത്തിലാവുന്നു. (ഷാറൂഖ് ഖാന്റെ യഥാര്‍ത്ഥ ഭാര്യ ഗൌരിയും ഹിന്ദു വംശജയാണ്). സഹോദരന്റെ എതിര്‍പ്പു വകവെക്കാതെ അവര്‍ വിവാഹിതരാവുന്നു. സമീര്‍ അഥവാ സാം(യുവാന്‍ മക്കാര്‍) എന്ന അവളുടെ മകന്റെ പേര് ഖാന്‍ എന്ന സര്‍ നെയിം കൂടി ചേര്‍ത്ത് സമീര്‍ ഖാന്‍ എന്നാക്കി മാറുന്നു. സമീര്‍ എന്ന ഇന്ത്യന്‍ പേര് ഹിന്ദുക്കളും മുസ്ളിങ്ങളും ഒരു പോലെ ഇടാറുണ്ട്. ഹിന്ദു യുവതിയെ വിവാഹം കഴിച്ച മുസ്ളിം കഥാപാത്രത്തിന് സമീര്‍(സമീര്‍ അര്‍ഷദ് ഷെയ്ക്ക് എന്നു മുഴുവന്‍ പേരുള്ള ഈ കഥാപാത്രത്തെ സഞ്ജയ് സൂരി അവതരിപ്പിക്കുന്നു) എന്ന പേരുള്ളതുകൊണ്ട് രക്ഷയാവുന്നതും കുഴപ്പമാവുന്നതും നന്ദിതാദാസിന്റെ ഫിറാഖ്(2008) എന്ന ഗുജറാത്ത് വംശഹത്യാ സംബന്ധിയായ സിനിമയിലും കണ്ടതോര്‍മ്മ വരുന്നു. റിസ്വാന്റെയും മന്ദിരയുടെയും വിവാഹത്തിനു ശേഷമാണ് സെപ്തംബര്‍ 11ന്റെ വേള്‍ഡ് ട്രെയിഡ് സെന്റര്‍ ആക്രമണമുണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് അമേരിക്കയിലെ മുസ്ളിങ്ങളുടെ ജീവിതം സംശയത്തിന്റെ നിഴലിലാവുന്നു. മുസ്ളിം സ്ത്രീകളുടെ തട്ടം പരസ്യമായി വലിച്ചു കീറുന്നതും, മുസ്ളിമാണെന്ന ധാരണയില്‍ സിക്കു വംശജന്‍ ആക്രമിക്കപ്പെടുന്നതുമടക്കം നിരവധി മുസ്ളിം വേട്ടയുടെ ദൃശ്യങ്ങള്‍ മൈ നെയിം ഈസ് ഖാനില്‍ ചിത്രീകരിക്കുന്നുണ്ട്. ഷാറൂഖ് ഖാന്‍ തന്നെ വിമാനത്താവളത്തില്‍ വെച്ച് ഇത്തരം പരിശോധനക്ക് വിധേയമായതാണല്ലോ. ഫുട്ബാള്‍ മൈതാനിയില്‍ വെച്ച് വെളുത്ത വംശജരായ മുതിര്‍ന്ന പയ്യന്മാരുമായുണ്ടായ ഒരു കശപിശയില്‍ സമീര്‍ കൊല്ലപ്പെടുന്നു. മുസ്ളിമായ നിങ്ങളെ വിവാഹം കഴിച്ചതുകൊണ്ടാണ് എനിക്കീ ദുര്‍ഗതിയുണ്ടായതെന്ന് പറഞ്ഞ് മന്ദിര റിസ്വാനെ ഉപേക്ഷിക്കുന്നു. നിന്റെ നിരപരാധിത്വം അമേരിക്കയിലെ ജനങ്ങളെ ആദ്യം ബോധ്യപ്പെടുത്ത്, എന്നിട്ടു മതി എന്റെയടുത്ത് വരുന്നത് എന്നാണവള്‍ ആക്രോശിക്കുന്നത്. ഈ ദുരന്താവസ്ഥയിലാണ് റിസ്വാന്‍, മൈ നെയിം ഈസ് ഖാന്‍, ബട്ട് ഐ ആം നോട്ട് എ ടെററിസ്റ്റ് (എന്റെ പേര് ഖാന്‍ എന്നാണെങ്കിലും ഞാനൊരു ഭീകരനല്ല) എന്ന് വിടാതെ ഉച്ചരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ടിനെ കണ്ട് നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ഓടി നടക്കുന്നത്. ഈ ശ്രമം തെറ്റിദ്ധരിക്കപ്പെട്ട് അയാള്‍ ജയിലിലാവുന്നുണ്ടെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ വിമോചിതനാവുന്നു. തുടര്‍ന്ന്, അയാള്‍ മഹത്തായ കഴിവുകളുള്ള ഒരു മനുഷ്യസ്നേഹിയാണെന്നും അയാളെ ആദരിക്കേണ്ടതുണ്ടെന്നും തെളിയുകയും പുതിയ പ്രസിഡണ്ട് ഒബാമ അപ്രകാരം പ്രവര്‍ത്തിക്കുകയുമാണ്.

ഈ ഇതിവൃത്തത്തില്‍ സുപ്രധാനമായ രണ്ടു സമസ്യകളാണ് ആലേഖനം ചെയ്യപ്പെടുന്നത്. ഒന്ന്, മുസ്ളിം സമുദായത്തെ മുഴുവന്‍ ഭീകരതയുടെ ഉത്പത്തികേന്ദ്രം എന്ന നിഴലിലേക്ക് തള്ളിവിടുന്നതാരാണ്? രണ്ട്, ഈ നിഴലില്‍ നിന്ന് എപ്രകാരമാണ് മുസ്ളിം സമുദായത്തെ രക്ഷിച്ച് പുറത്തെടുക്കേണ്ടത്? ഒന്നാമത്തെ ചോദ്യത്തിനുള്ള പൊതു ബോധത്തിന്റെ ഉത്തരം, ഏതാനും ഭീകരാക്രമികള്‍ മുസ്ളിം സമുദായത്തിലുണ്ട് എന്നതുകൊണ്ടാണ് ആ സമുദായത്തിനുമേല്‍ കുറ്റം ആരോപിക്കപ്പെടുന്നത് എന്നാണ്. എന്നാല്‍, എന്താണ് വസ്തുത? ഇത്തരത്തിലുള്ള ഏതാനും ഭീകരാക്രമികളെ എടുത്തുകാണിച്ചുകൊണ്ട്, മുസ്ളിം വിരുദ്ധമായ സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും അജണ്ടകള്‍ പ്രാവര്‍ത്തികമാക്കപ്പെടുകയാണ് വാസ്തവത്തില്‍ സംഭവിക്കുന്ന കാര്യം. ഇസ്ളാം കാരുണ്യമാണെന്നും മനുഷ്യ സ്നേഹമാണെന്നും നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നതിലൂടെ മാത്രമേ ഭീകരതാഭൂതബാധയില്‍ നിന്ന് മുസ്ളിം സമുദായത്തെ വിടര്‍ത്തിയെടുക്കാന്‍ പറ്റുകയുള്ളൂ എന്നാണ് പൊതുബോധം രണ്ടാമത്തെ ചോദ്യത്തിനുള്ള മറുപടിയായി എഴുന്നള്ളിക്കുന്നത്. അത്തരത്തിലുള്ള ഒരു അബോധത്തില്‍ നിന്നാണ് മൈ നെയിം ഈസ് ഖാന്‍ പോലെ പ്രത്യക്ഷത്തില്‍ അപകടരഹിതമായ ഒരു ഇതിവൃത്തം വിഭാവനം ചെയ്യപ്പെടുന്നത്. എന്നാല്‍, അവസാനം എന്താണ് സംഭവിച്ചത്? ഇത്തരത്തില്‍ കാരുണ്യവാനും മനുഷ്യസ്നേഹിയുമായ മുസ്ളിം കഥാപാത്രത്തെ ഒന്നാന്തരം മുസ്ളിം സൂപ്പര്‍ സ്റ്റാറിനെ വെച്ചു തന്നെ അവതരിപ്പിച്ചിട്ടും അയാളെയും ആ കഥാപാത്രത്തെയും ആ സിനിമയെയും ക്രൂശിക്കാനാണ് ശിവസേന പോലുള്ള ഫാസിസ്റ്റധികാരസംഘം മുന്നിട്ടിറങ്ങിയത്. അതായത്, കാരുണ്യം പ്രദര്‍ശിപ്പിച്ച് ഭീകരതാമുദ്രയില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നും, ഭീകരതാമുദ്ര സ്ഥാപിക്കുന്ന സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും പ്രചരണതന്ത്രങ്ങളെ വിശാലമായ ജനാധിപത്യ ഐക്യം കെട്ടിപ്പടുത്ത് പ്രതിരോധിക്കുക മാത്രമേ കരണീയമായിട്ടുള്ളൂ എന്നും ചുരുക്കം.

*
ജി. പി. രാമചന്ദ്രന്‍

Friday, February 26, 2010

ബജറ്റ് - വിലക്കയറ്റം രൂക്ഷമാകും; കുത്തകകള്‍ ഇനിയും തഴയ്ക്കും

2010-11ലെ കേന്ദ്രബജറ്റ് നല്‍കുന്ന ഉറപ്പുകളിലേക്ക് കണ്ണോടിക്കുക.

ഒന്ന്: വിലക്കയറ്റം രൂക്ഷമാക്കും.
രണ്ട്: ഇന്ത്യന്‍ കുത്തകകള്‍ ഇനിയും തഴച്ചു വളരും.
മൂന്ന്: കേരളത്തിന്റെ റേഷന്‍ പുനഃസ്ഥാപിക്കില്ല; ആസിയന്‍ കരാറില്‍നിന്ന് ഒരു സംരക്ഷണവുമില്ല.
നാല്: സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കും; റവന്യൂ കമ്മി പൂജ്യമാക്കാനാകില്ല.

അസഹ്യമായ വിലക്കയറ്റത്താല്‍ പൊള്ളിപ്പിടയുകയാണ് രാജ്യത്തെ ജനങ്ങള്‍. സമാശ്വാസം തേടി കേന്ദ്രബജറ്റിനെ ഉറ്റുനോക്കിയവര്‍ അമ്പേ നിരാശരായി. വിലനിലവാരം കുതിച്ചുകയറുമ്പോള്‍ സബ്സിഡി വെട്ടിക്കുറയ്ക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. 2009-10ലെ പുതുക്കിയ കണക്കു പ്രകാരം 1.31 ലക്ഷം കോടി ഉണ്ടായിരുന്ന സബ്സിഡി 1.16 ലക്ഷം രൂപയായി ഈ ബജറ്റില്‍ വെട്ടിക്കുറച്ചു. ഭക്ഷ്യസബ്സിഡിയിലെ വെട്ടിച്ചുരുക്കല്‍ 400 കോടിയും വള സബ്സിഡിയില്‍ അത് 3000 കോടിയുമാണ്.

ഭക്ഷ്യസുരക്ഷാ നിയമം പാസാക്കുമെന്നാണ് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം. മൂന്ന് രൂപയ്ക്ക് അരി 100 ദിവസത്തിനകം നടപ്പാക്കുമെന്നു പറഞ്ഞിട്ട് വര്‍ഷം ഒന്നായി. രണ്ടു രൂപയ്ക്ക് 25 ലക്ഷം കുടുംബത്തിന് അരി നല്‍കുന്ന കേരളത്തില്‍ മൂന്നു രൂപയ്ക്ക് 11 ലക്ഷം കുടുംബത്തിന് അരി ഉറപ്പു നല്‍കുന്ന നിയമത്തെക്കുറിച്ച് എന്തു പറയാന്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധനയുടെ ഭാരം കഴിഞ്ഞ അര്‍ദ്ധരാത്രിമുതല്‍ ജനങ്ങള്‍ക്കു മീതേ പതിച്ചുകഴിഞ്ഞു. ഇതൊരു തുടക്കംമാത്രം. നികുതിവര്‍ധനയുടെ നേട്ടം സര്‍ക്കാരിനാണ്. കിരിത് പരീഖ് കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് എണ്ണക്കമ്പനികള്‍ക്ക് നേട്ടമുണ്ടാകണമെങ്കില്‍ വില ഇനിയും വര്‍ധിപ്പിക്കണം. കമ്മിറ്റി നിര്‍ദേശം സംബന്ധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് 70 ശതമാനവും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍നിന്നാണ് ഉണ്ടായിട്ടുള്ളത് എന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ പ്രത്യേകത. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംഭാവന നിലവില്‍ 12 ശതമാനമാണ്. എണ്ണവില ഇനിയും കൂടുന്നതോടെ, വിലക്കയറ്റത്തിന്റെ എരിതീയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എണ്ണയായി മാറും. എക്സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ രണ്ടു ശതമാനം വര്‍ധന വിലക്കയറ്റം കുത്തനെ ഉയര്‍ത്തും. ഇതിലൂടെ 46,000 കോടി രൂപയുടെ അധികവരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. നികുതി കൂടുമ്പോള്‍ വിലയും ഉയരും. പ്രത്യക്ഷനികുതിയില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കിഴിച്ച് എണ്ണവില വര്‍ധനകൂടി കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് 60,000 കോടി രൂപയുടെ വിലക്കയറ്റമുണ്ടാകും. കൊടുംവേനലില്‍ ഉരുകുന്ന ജനതയ്ക്കു മീതെ പെയ്ത കനല്‍മഴയായി പുതിയ കേന്ദ്രബജറ്റ് മാറും.

സാധാരണക്കാരന്റെ നിത്യോപയോഗസാധനങ്ങളെ ഒഴിവാക്കി ആഡംബരവസ്തുക്കളുടെ നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രധനമന്ത്രി തയ്യാറല്ല. സാധാരണക്കാര്‍ നല്‍കുന്ന പരോക്ഷനികുതികള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രത്യക്ഷനികുതിയില്‍ 26,000 കോടി രൂപയുടെ ഇളവുകള്‍ നല്‍കി. നികുതിയിളവിന്റെ നേരിയ സൌജന്യം ഇടത്തരക്കാര്‍ക്ക് ലഭിക്കുമ്പോള്‍, ഉപഭോക്തൃച്ചെലവിലുണ്ടാകുന്ന കുതിച്ചുചാട്ടം സാധാരണക്കാരന്റെ നട്ടെല്ലൊടിക്കും.

സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ കോര്‍പറേറ്റുകള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നല്‍കിയ 80,000 കോടി രൂപയുടെ ഇളവുകള്‍ ഓര്‍ക്കുക. ഈ ഇളവുകള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നു മാത്രമല്ല, പുതുതായി കോര്‍പറേറ്റ് സര്‍ച്ചാര്‍ജ് കുറച്ചിട്ടുമുണ്ട്. ചുമ്മാതല്ല, സ്റ്റോക് എക്സ്ചേഞ്ചുകളിലെ ഓഹരിക്കച്ചവടക്കാര്‍ മത്സരിച്ച് ലേലംവിളിച്ച് ഓഹരിവിലകള്‍ രണ്ടുശതമാനം ഉയര്‍ത്തിയത്. ഓഹരിസൂചിക അസ്ത്രവേഗത്തില്‍ കുതിച്ചുകയറുന്നത് സ്വപ്നംകാണുന്ന ചെറുന്യൂനപക്ഷത്തിന്റെ കൈയടിമാത്രമാണ് കേന്ദ്രധനമന്ത്രി പ്രതീക്ഷിക്കുന്നത്. വിലക്കയറ്റത്തിന്റെ ദുരിതം പേറുന്ന സാധാരണജനത അദ്ദേഹത്തിന്റെ പരിഗണനയിലെങ്ങുമില്ല.

കോര്‍പറേറ്റുകളുടെയും മറ്റും നികുതിനിരക്ക് വര്‍ധിപ്പിക്കാതെ അവരില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകുമെന്നാണ് ധനമന്ത്രി കണക്കില്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെതന്നെ സംഭവിക്കട്ടെ. പക്ഷേ, കോര്‍പറേറ്റുകള്‍ക്കു നല്‍കിയ നികുതിയിളവുകള്‍ പിന്‍വലിക്കാതെയും ഇന്‍കംടാക്സിനും മറ്റും ചില ഇളവുകള്‍ നല്‍കിയിട്ടും റവന്യൂ കമ്മി 5.5ല്‍ നിന്ന് നാലു ശതമാനമായി കുറച്ച വിദ്യയെന്തെന്ന് ചിലരെങ്കിലും വിസ്മയിക്കുന്നുണ്ടാകും.

നികുതിയിതര വരുമാനത്തിലെ വര്‍ധന പരിശോധിച്ചാലേ പ്രണബ് മുഖര്‍ജിയുടെ ചെപ്പടിവിദ്യ വെളിപ്പെടൂ. അവിടെ മറ്റുനികുതിയിതര മാര്‍ഗങ്ങള്‍”എന്നൊരിനമുണ്ട്. 2009-10ല്‍ ഈ ഇനത്തില്‍ കിട്ടിയത് 36,845 കോടി രൂപയാണ്. 2010-11ല്‍ പ്രതീക്ഷ 74,571 കോടി രൂപയും. ഇതാകട്ടെ, ജി- മൂന്ന് സെപ്ക്ട്രം വില്‍ക്കുമ്പോഴുണ്ടാകുന്ന വരുമാനമാണ്. ഇതെങ്ങനെ റവന്യൂ വരുമാനമാകും? സര്‍ക്കാരിന്റെ ആസ്തി വില്‍ക്കുമ്പോഴുണ്ടാകുന്നതിനു സമാനമായ വരുമാനം മൂലധനവരുമാനത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്. മൂലധനവരുമാനത്തില്‍ കാണിക്കേണ്ട വര്‍ധന റവന്യൂ വരുമാനപ്പട്ടികയില്‍ എഴുതിച്ചേര്‍ത്ത കണ്‍കെട്ടുവിദ്യയുടെ ബലത്തിലാണ് റവന്യൂകമ്മി നാലു ശതമാനത്തില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞെന്ന കേന്ദ്രധനമന്ത്രിയുടെ വീമ്പിളക്കല്‍. ഇത്രയേറെ അത്യധ്വാനം ചെയ്തിട്ടും കേന്ദ്രബജറ്റിന്റെ മൊത്തം ചെലവില്‍ കേവലം എട്ടു ശതമാനത്തിന്റെ വര്‍ധനയേ ഉളളൂ. 10- 12 ശതമാനം വിലക്കയറ്റമുളള സന്ദര്‍ഭത്തിലാണിത്. അതായത്, വിലക്കയറ്റംകൂടി കണക്കിലെടുത്താല്‍ 2009-10ലേതിനേക്കാള്‍ ചെറുതാണ് ഇപ്പോഴത്തെ ബജറ്റ്.

മാന്ദ്യത്തില്‍നിന്ന് രാജ്യം കരകയറുന്നുവെന്നത് വസ്തുതതന്നെ. പക്ഷേ, ഉത്തേജകപാക്കേജേ വേണ്ടെന്ന് വയ്ക്കാറായിട്ടുണ്ടോ? യഥാര്‍ഥത്തില്‍ കമ്മിയുടെ പേരില്‍ വര്‍ധിച്ച ചെലവില്‍ വരുത്തിയ വെട്ടിക്കുറവ് വീണ്ടെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ധനമന്ത്രിയുടെ പൂര്‍ണ പ്രതീക്ഷ അദ്ദേഹം നല്‍കിയ ഇളവുകളിലും പ്രഖ്യാപനങ്ങളിലും സംപ്രീതരായ കുത്തകകള്‍ മുതല്‍മുടക്ക് വര്‍ധിപ്പിച്ച് രാജ്യത്തെ രക്ഷിക്കും എന്നതാണ്. ബജറ്റിനെ സഹര്‍ഷം സ്വാഗതംചെയ്തത് ഇന്ത്യന്‍ കോര്‍പറേറ്റ് ലോകമാണെന്നു പറഞ്ഞു കഴിഞ്ഞു. അവരുടെ സംഘടനകള്‍ നിര്‍ദേശിച്ച ഉദാരീകരണനയങ്ങള്‍ പൂര്‍ണമായും ബജറ്റില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്ക് പുതുതായി ബാങ്കുകള്‍തന്നെ അനുവദിച്ചുകഴിഞ്ഞു. വിദേശമൂലധന നിക്ഷേപവും ഉദാരമാക്കും. പുതിയ നിക്ഷേപങ്ങള്‍ക്കുള്ള പ്രോത്സാഹനങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കും. 25,000 കോടിയാണ് ഈയിനത്തില്‍ വരവ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റംകൊണ്ട് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും പൊറുതിമുട്ടുമ്പോള്‍ കുത്തകകള്‍ ഇനിയും തഴച്ചുവളരും.

കേരളത്തെ സംബന്ധിച്ചടത്തോളം ബജറ്റ് തീര്‍ത്തും നിരാശാജനകമാണ്. പശ്ചാത്തല സൌകര്യവികസനത്തിലുണ്ടായ വര്‍ധനയുടെ ആനുപാതികനേട്ടവും കേരളത്തിന് കിട്ടിയിട്ടില്ല. അനുയോജ്യമല്ലാത്ത മാനദണ്ഡങ്ങള്‍മൂലം ഗ്രാമവികസനപദ്ധതികളിലും കേരളത്തിന്റെ നില പരിതാപകരമാണ്. കേന്ദ്രാവിഷ്കൃത സ്കീമുകളുടെ നടത്തിപ്പില്‍ ഒരിളവും ബജറ്റ് നല്‍കുന്നില്ല. കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുന്നതിന് പണ്ടുപറഞ്ഞ കാര്യങ്ങളല്ലാതെ പുതുതായി ഒന്നുമില്ല. പയര്‍ക്കൃഷിഗ്രാമങ്ങള്‍ക്കും ഹരിതവിപ്ളവമേഖലകള്‍ക്കുമുളള പുതിയ സ്കീമിനു പുറത്തായിരിക്കും കേരളം.

കേരളത്തിന് ഏറ്റവും തിരിച്ചടിയാകുന്നത് ആസിയന്‍ കരാറിന്റെ നഷ്ടപരിഹാരമായി ഒരു പാക്കേജും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുള്ളതാണ്. ആസിയന്‍ കരാര്‍മൂലം ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നമ്മുടെ വ്യവസായ സേവന കമ്പനികളുടെ കയറ്റുമതി ഉയരും. അതിനേക്കാള്‍ ഉറപ്പുള്ളതാണ് ആസിയന്‍ രാജ്യങ്ങളില്‍നിന്ന്, കേരളീയര്‍ കൃഷിചെയ്യുന്ന നാണ്യവിളകളുടെ ഇറക്കുമതികൂടുമെന്നുള്ളത്. ഇത് നാണ്യവിളകൃഷിക്കാരുടെ നട്ടെല്ലൊടിക്കും. പിടിച്ചുനില്‍ക്കുന്നതിനായി വിലസംരക്ഷണത്തിനും ഉല്‍പ്പാദന വര്‍ധനയ്ക്കും പാക്കേജുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നാട്ടിലാകെ പ്രസംഗിച്ച് നടന്നതാണ്. എവിടെ ആ പാക്കേജ്? ഗോവാ കടലോരം മോടിപിടിപ്പിക്കുന്നതിന് 200 കോടി രൂപയും തിരുപ്പൂരിന്റെ ശുചിത്വസൌകര്യത്തിന് അതിലേറെ തുകയും വകയിരുത്തിയ കേന്ദ്രധനമന്ത്രിക്ക് കേരളത്തിലെ കൃഷിക്കാരോട് കനിവുതോന്നാതെ പോയതെന്തുകൊണ്ട്?

കേന്ദ്ര ബജറ്റ് സംസ്ഥാനസര്‍ക്കാരിനേറ്റ ഇരുട്ടടിയാണ്. സംസ്ഥാനത്തിന്റെ നികുതിവിഹിതം 2.6 ശതമാനത്തില്‍നിന്ന് 2.3 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ കമ്മി ഇല്ലെന്നും അതിനാല്‍ അതു നികത്താന്‍ പ്രത്യേക സഹായം നല്‍കേണ്ടതില്ലെന്നുമാണ് ധനകമീഷന്റെ തീര്‍പ്പ്. വിവിധ മേഖലകള്‍ക്കുള്ള പ്രത്യേക ധനസഹായം 1500 കോടി രൂപ ധനകമീഷന്‍ കേരളത്തിന് വകയിരുത്തിയിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍, അടുത്ത വര്‍ഷംമുതലേ അത് ലഭിക്കുകയുള്ളൂ. കേന്ദ്രപദ്ധതി അടങ്കല്‍ 15 ശതമാനം ഉയര്‍ത്തിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിധന സഹായം എട്ടു ശതമാനമായി ഉയര്‍ത്താനേ തയ്യാറായിട്ടുള്ളൂ. എന്നാല്‍,സംസ്ഥാനസര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് റവന്യൂ കമ്മി ഇല്ലാതാക്കണമെന്ന ശാഠ്യം കേന്ദ്രസര്‍ക്കാരിനുണ്ട്. അടുത്ത വര്‍ഷംമുതല്‍ റവന്യൂ കമ്മി കുറച്ചു തുടങ്ങണം. ശമ്പളപരിഷ്കരണം നടപ്പാക്കുമ്പോള്‍ എങ്ങനെയാണ് റവന്യൂ കമ്മി കുറയ്ക്കുക? ശമ്പളപരിഷ്കരണം നടപ്പാക്കിയില്ലെങ്കിലും കുഴപ്പമില്ലെന്ന മട്ടാണ് ധനകമീഷന്. ഏതായാലും ശമ്പള കുടിശ്ശിക നല്‍കേണ്ടതില്ലെന്ന് പച്ചയ്ക്ക് അവര്‍ പറഞ്ഞിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടായാലും കമ്മി കുറയ്ക്കണമെന്നാണ് അവര്‍ പറയുന്നത്. ഇത് ചെയ്തില്ലേല്‍ കേന്ദ്രത്തില്‍നിന്നുള്ള ധനസഹായം വെട്ടിക്കുറയ്ക്കുമെന്നാണ് ഭീഷണി. ഇത്തരം പ്രഖ്യാപനങ്ങള്‍ക്കാകെ ബജറ്റിലൂടെ അംഗീകാരം നല്‍കിയിരിക്കുകയാണ് ധനമന്ത്രി.

കേന്ദ്രബജറ്റിന്റെയും പതിമൂന്നാം ധനകമീഷന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനം ചെറുത്തുനില്‍പ്പിന്റെ പുതിയ പാതകള്‍ തേടേണ്ടതുണ്ട്. ആരു ഭരിച്ചാലും നടപ്പാക്കാനാകാത്ത കാര്യങ്ങളും താങ്ങാനാകാത്ത ഭാരവും സംസ്ഥാനത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിനോട് ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ കഴിയണം. കേരളത്തെ എത്ര അവഗണിച്ചാലും ഒരു ചുക്കുമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവം പ്രതിഫലിക്കുന്ന ബജറ്റിനെതിരെ ശക്തമായ പ്രക്ഷോഭമുയരണം.

*
ഡോ. ടി എം തോമസ് ഐസക് കടപ്പാട്: ദേശാഭിമാനി

എനിക്കും അവനുമിടയിലെ മരണത്തിന്റെ ദൂരം

മനുഷ്യന് രണ്ടുതരത്തിലുള്ള മൃത്യുവുണ്ട്.

ചിലര്‍ ജീവിച്ചിരിക്കേ നമ്മുടെ മനസ്സില്‍ മരണമടയുന്നു.മറ്റു ചിലരാകട്ടെ, മരിച്ചിട്ടും നമ്മുടെയുള്ളില്‍ ജീവിച്ചിരിക്കുന്നു. ചിതറുന്ന മൂല്യങ്ങളും, ചിതലരിച്ച സ്നേഹബന്ധങ്ങളും നമ്മെ അസ്വസ്ഥമാനസരാക്കുമ്പോള്‍, ആഴത്തിലുള്ള സ്നേഹബന്ധങ്ങള്‍ ജീവിതത്തെ അര്‍ഥവത്താക്കുന്നു.

നമ്മുടെ മനസ്സില്‍നിന്നു നമ്മെത്തന്നെ പുറത്തേക്കെടുക്കുവാനാകണം, ഓരോ കവിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത് -ആത്മധ്യാനത്തില്‍ നിന്നും യഥാര്‍ഥ പാതയില്‍നിന്നും നാം മനുഷ്യര്‍ വ്യതിചലിക്കാതിരിക്കല്‍ കവിയുടെ ആവശ്യമായിരിക്കാം. ശരീരത്തിന്റെ ക്ഷണികമായ ആനന്ദങ്ങളില്‍ മാത്രം അഭിരമിക്കുന്ന മാനവികതയുടെ ആത്മാവില്‍ ലഹരിയുല്‍പ്പാദിപ്പിക്കുന്ന രാസവിദ്യ അറിയുന്നവനാണ് യഥാര്‍ഥ കവി. ഈ ദൈവികതയുടെ പാട്ടുമായി നമ്മുടെ ആത്മാവിന്റെ തെരുവോരത്ത് കൂടെ നടന്ന് പാടുന്ന കിന്നരഗായകന്‍ ആരാണ്? അയാള്‍ ഗിരീഷ് പുത്തഞ്ചേരിയാകുന്നു. 'മനസ്സിന്റെ മണ്‍വീണയില്‍ ആരോ വിരല്‍ മീട്ടി' യതുപോലുള്ള ഒരനുഭവം - ആ ശ്രുതിയും ആ ഈണവും നമ്മെ കുറച്ചൊന്നുമല്ല ആനന്ദിപ്പിച്ചതും ആശ്വസിപ്പിച്ചതും.

മലയാളിയുടെ നിത്യജീവിതത്തില്‍ നിറഞ്ഞുനിന്ന് തുടിച്ച ആ കവി, ആ പാട്ടെഴുത്തുകാരന്‍, ജീവിതാഘോഷങ്ങളുടെ ഉച്ചസ്ഥാനത്തുവച്ച് പാനപാത്രം തട്ടിയുടച്ച് എങ്ങോട്ടോ മറഞ്ഞുപോയപ്പോള്‍ ആകെ പകച്ചുപോകുന്നു. പലര്‍ക്കും നഷ്ടമായത് കേവലം ഒരു കവിയെയോ, പാട്ടെഴുത്തുകാരനെയോ, തിരക്കഥാകൃത്തിനെയോ മാത്രമല്ല. ഉള്ളഴിഞ്ഞ് സ്നേഹിച്ച ഒരു കൂട്ടുകാരനെത്തന്നെയാണ്. ആ ഗാനങ്ങള്‍ ഇപ്പോള്‍ തീരാവേദനയുടെ ലഹരിയാവുന്നത് നാം ശ്രോതാക്കള്‍ക്കാണ്, സുഹൃത്തുക്കള്‍ക്കാണ്.

സ്വന്തം കഴിവിന്റെ മഹത്വത്തില്‍ ഗിരീഷിന് എന്നും വിശ്വാസമുണ്ടായിരുന്നു. പതിനെട്ടുവര്‍ഷങ്ങള്‍ക്കപ്പുറം കോഴിക്കോട്ടുള്ള പൂക്കാട് കലാലയത്തിന്റെ വാര്‍ഷികാഘോഷവേളയില്‍, 'ഞാന്‍ പാട്ടെഴുതുന്നത് എന്റെ ഉപജീവനത്തിനാണ്, കലയ്ക്ക് വേണ്ടിയല്ല' എന്നുറക്കെ പ്രഖ്യാപിച്ചപ്പോള്‍ 'കലാകാരന്റെ പ്രതിബദ്ധത, നിരന്തരമായ സ്വാര്‍ഥത്യാഗമാണ് ; ഉപജീവനമെന്ന വാക്ക്, കലയെ തള്ളിപ്പറഞ്ഞുകൊണ്ടാവരുത്' എന്ന് മുഷിച്ചിലോടെ ഇതെഴുതുന്നവളും പ്രസംഗിക്കുകയുണ്ടായി. ഈ എതിര്‍പ്പില്‍നിന്ന്, ഈ എതിര്‍വാക്കില്‍നിന്ന് ഒരു നല്ല സൌഹൃദം മുളയെടുക്കുകയായിരുന്നു.

ഈ സൌഹൃദത്തിന് ആയിരം ഓര്‍മകളുണ്ട്. സ്നേഹ പരിഭവങ്ങളുടെ കാര്‍മേഘങ്ങളുണ്ട്. എന്നാലവയ്ക്കെല്ലാം ആര്‍ജവംനിറഞ്ഞ ഒരു മനസ്സിന്റെ അപരിമേയ പരിമളം!

നടന്‍ ശ്രീനിവാസന്റെ 'ചിന്താവിഷ്ടയായ ശ്യാമള'യുടെ ചര്‍ച്ചക്ക് ഞാന്‍ ക്ഷണിക്കപ്പെടുന്നത് ഗിരീഷിലൂടെയാണെന്ന് പിന്നെയാണറിയുന്നത്. കോഴിക്കോടുനിന്ന് വത്സലടീച്ചറും ഭര്‍ത്താവും, പിന്നെ ഭര്‍ത്താവും ഞാനും എറണാകുളത്ത് പാതിരക്ക് ചെന്നിറങ്ങുമ്പോള്‍, സ്വീകരിക്കാനെത്തിയത് സാക്ഷാല്‍ ശ്രീനിവാസനായിരുന്നു. സിനിമയിലെ പല പ്രതിഭകളെയും, ഒപ്പം സാഹിത്യസാംസ്കാരിക മണ്ഡലങ്ങളിലെ പല പ്രമുഖരെയും അന്ന് പരിചയപ്പെട്ടു. മാധവിക്കുട്ടി എന്ന അനശ്വര സാഹിത്യകാരി, അസാമാന്യ പ്രതിഭാശാലിയായ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇവരുമായി അന്ന് അടുക്കാന്‍ കാരണക്കാരനായത് ഗിരീഷ് പുത്തഞ്ചേരി എന്ന നല്ല സുഹൃത്താണ് എന്ന് അത്ഭുതത്തോടെ ഇപ്പോഴോര്‍ക്കുന്നു. സിനിമാരംഗത്ത് എനിക്കുള്ള ചുരുക്കം സൌഹൃദങ്ങളില്‍ പലതും ഗിരീഷിലൂടെയായിരുന്നു.

കാമനകളുടെ തീരാത്ത ശൃംഖലകളില്‍നിന്ന് മുക്തി ലഭിക്കാത്തവരുടെ ദുഃഖങ്ങള്‍ നമ്മുടെ ആത്മാവില്‍ കോരി നിറച്ച കവിയാകുന്നു ഗിരീഷ് പുത്തഞ്ചേരി. ജീവിതം മുഴുവനും ദുഃഖമയമെന്ന് അറിയുമ്പോഴും, വഞ്ചനനിറഞ്ഞ ഈ ലോകത്ത് നമ്മുടെ അന്തരാത്മാവില്‍ ഏതോ സത്യത്തിന്റെ ഇടിമിന്നല്‍ പായിച്ച കവി. ഒഴുക്ക് നിലച്ച നദിപോലെ തളംകെട്ടി നിന്ന മനസ്സുകളെ സംഗീതമാസ്മരത്തിലൂടെ ഗംഗാപ്രവാഹമാക്കി മാറ്റിയ പാട്ടെഴുത്തുകാരന്‍. നീറുന്ന നേരുകള്‍ നമുക്കുള്ളിലേക്ക് എറ്റിയെറിഞ്ഞ്, ആഴമേറിയ മോഹനിദ്രയില്‍നിന്ന് നമ്മെ കുലുക്കിയുണര്‍ത്താന്‍ ശ്രമിച്ച സാഹിത്യകാരന്‍. നര്‍മത്തിന്റെ നാരായംകൊണ്ട് മര്‍മത്തില്‍ കുത്തിയ തിരക്കഥാകൃത്ത്.

ഈ കവി, ഈ സാഹിത്യകാരന്‍ നിഷ്കളങ്കനും ഒരു സുഹൃത്തും കൂടിയായിരുന്നുവല്ലോ. നീണ്ട പതിനെട്ടുവര്‍ഷങ്ങളുടെ പൊട്ടാത്ത കണ്ണികള്‍ ഉറപ്പേകിയ ബന്ധമായിരുന്നുവല്ലോ അത്. ഈ ആര്‍ജവം നിറഞ്ഞ മനസ്സിലാക്കല്‍ അന്തഃസ്വത്വത്തെ എത്രമേല്‍ ജ്വലിപ്പിച്ചിരുന്നു! മനസ്സിലാക്കല്‍ നമുക്ക് സ്വാതന്ത്യ്രം തരുന്നു. അടിത്തറയില്ലാതെ പ്രണയക്ഷേത്രങ്ങള്‍ പണിയുകയും അത് തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ അത്യഗാധമായ നിരാശയിലേക്ക് നിപതിക്കുയും ചെയ്യുന്ന ഒരു തലമുറയ്ക്ക് ആശ്വാസമാണ്, ആനന്ദമാണ്, ഗിരീഷിന്റെ പാട്ടുകള്‍. ആത്മാര്‍ഥ പ്രണയങ്ങള്‍ കൊടും വഞ്ചനകളാല്‍ തകരുന്ന ഇക്കാലത്ത്, ആര്‍ക്കുമാരെയും യഥാര്‍ഥമായി പ്രണയിക്കാന്‍ കഴിയാത്ത കാലത്ത് ഈ ഗാനരചയിതാവിന്റെ പ്രണയഗാനങ്ങള്‍ എത്ര മൂളിയിട്ടും മതിവരുന്നില്ല. അതില്‍ ഊറിനിറയുന്ന ജീവിത പ്രണയത്തിന്റെ ഉപ്പും തുനിപ്പും നാക്കില്‍നിന്ന് മാഞ്ഞുപോകുന്നുമില്ല. 'പിന്നെയും പിന്നെയും ഏതോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം .....'

ഇവിടെ പ്രണയം ആശ്രിതത്വമല്ല, അതൊരു പങ്കുവയ്ക്കലാണ്. വിശേഷിച്ചും പ്രണയികള്‍ പരസ്പരം സ്നേഹം യാചിക്കുന്ന യാചകരായിത്തീരുന്ന ഇക്കാലത്ത്.

ഈ പുത്തഞ്ചേരിക്കാരനുമായുള്ള ആത്മബന്ധം വിശകലന സാധ്യതകളെ വെല്ലുവിളിച്ചുകൊണ്ട് നിലകൊള്ളുന്നു. യാതൊരു ക്രമവുമില്ലാതെ ജീവിക്കുന്ന ഒരേയൊരു സുഹൃത്തേ ഇതെഴുതുന്നവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. എഴുതിത്തീര്‍ന്ന് മഷിയുണങ്ങും മുമ്പ് ചില പാട്ടുകള്‍ വായിച്ചുകേള്‍പ്പിക്കുകയും, ഉള്ളില്‍ പാടിപ്പതിഞ്ഞ പാട്ടുകള്‍ ശ്രുതിമധുരമായി പാടിക്കേള്‍പ്പിക്കുകയും ചെയ്ത ചങ്ങാതി. യുക്തിക്ക് വഴങ്ങാത്ത കേവല വികാരവൈരുധ്യങ്ങളുടെ വിസ്ഫോടനമായിരുന്നു പല പാട്ടുകളും. പല നാട്ടില്‍ നിന്ന് പല സുഹൃത്തുക്കളെ ടെലഫോണില്‍ വിളിച്ച് അടിതെളിഞ്ഞ അക്ഷരശുദ്ധിയോടെ ഗാനങ്ങള്‍ കേള്‍പ്പിക്കുന്ന ഒരു സ്വഭാവം ഈ നല്ല കൂട്ടുകാരന് ഉണ്ടായിരുന്നു.

ഓര്‍മകള്‍ നക്ഷത്രങ്ങളാണ്. കരയുമ്പോള്‍ കൂടെ കരയുകയും, ഒറ്റപ്പെടുമ്പോള്‍ ആശ്വസിപ്പിക്കുകയും, ആഹ്ളാദിക്കുമ്പോള്‍ ഒപ്പം ആഹ്ളാദിക്കുകയും ചെയ്ത ആ ചങ്ങാതി ഇനിയില്ല എന്ന അറിവ് ഇനിയും അന്തരാത്മാവിന് അംഗീകരിക്കുക വയ്യ. ഓര്‍മകള്‍ ഹരിമുരളീരവമായി ആത്മാവില്‍ ഇരമ്പിനിറയുന്നു.

ഏതോ പ്രസംഗയാത്ര കഴിഞ്ഞ് കാര്‍ ഞങ്ങളുടെ വീടിനടുത്തെത്തി. 'ഗിരീഷ് വീട്ടിലേക്ക് കയറുന്നോ? രഘുവേട്ടന്‍ വീട്ടിലുണ്ട്.' ഞാന്‍ വെറുതെ ചോദിച്ചു. കാറില്‍ മറ്റാരൊക്കെയോ ഉണ്ടായിരുന്നു. ഗിരീഷ് എനിക്കൊപ്പം വീട്ടില്‍ കയറുമ്പോള്‍ മറ്റുള്ളവരോട് പറഞ്ഞു : സുധീരയുടെ ഒരു കപ്പ് കാപ്പി കുടിച്ചിട്ടേ ഞാന്‍ വരുന്നുള്ളൂ. ഗിരീഷ് വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ടി വിയില്‍ ശ്രുതിമധുരമായൊരു പാട്ട്. 'നിലാവിന്റെ തങ്കഭസ്മക്കുറിയണിഞ്ഞവളേ...' പ്രസാദമിയലുന്ന ഒരു ചെറുചിരി ആ മുഖത്ത് തെളിഞ്ഞു. 'എന്റെ പാട്ടുതന്നെയാണല്ലോ എന്നെ എതിരേല്‍ക്കുന്നത്'. അന്ന് ഭര്‍ത്താവ്, ഗിരീഷിന്റെ ഫേട്ടോകളെടുത്തു. ഗിരീഷ് നിരവധി പാട്ടുകള്‍ എനിക്കായി പാടി. 'ഹരിമുരളീരവം' പാടുമ്പോള്‍ എന്തോ ആ കണ്ഠമിടറി, പാട്ടുമുറിഞ്ഞു. കാപ്പി കുടിച്ചു,എന്നാല്‍ ഉണ്ണാന്‍ കൂട്ടാക്കിയില്ല. 'വീട്ടില്‍ ഞാനുള്ളപ്പോള്‍ ഞാനുണ്ണാതെ എന്റെ ബീനക്ക് ഉരുള ഇറങ്ങില്ല.' ഭാര്യയോടുള്ള അദമ്യ സ്നേഹത്തെക്കുറിച്ച് പിന്നീട് പലതും പറഞ്ഞത് കേട്ടു. ഞങ്ങള്‍ക്ക് കണ്ണും മനസ്സും നിറഞ്ഞു. അന്ന് ഗിരീഷ് പോകുമ്പോള്‍ രാത്രി പത്തര കഴിഞ്ഞു. പഴയ പാട്ടുകള്‍ പലപ്പോഴായി, പല കൂട്ടുകാര്‍ക്കും ഗിരീഷ് ഫോണിലൂടെ പാടി കേള്‍പ്പിച്ചിരുന്നു. പ്രസംഗത്തിന് ഒന്നിച്ച് കാറില്‍ കൂടെ യാത്രചെയ്യുമ്പോഴും ആ ഭാവഗായകന്‍ പാടിക്കൊണ്ടിരിക്കും. ഒരിക്കല്‍ മാത്രം ഒരു പഴയ പാട്ട് പാടിത്തീര്‍ന്ന് ഗിരീഷ് പൊട്ടിക്കരഞ്ഞു.

'ഹൃദയമുരുകി നീ കരയില്ലെങ്കില്‍ കദനം

നിറയുമൊരു കഥ പറയാം.

തകരുമെന്‍ സങ്കല്‍പ്പത്തിന്‍ തന്ത്രികള്‍

മീട്ടി തരളമധുരമൊരു പാട്ടുപാടാം....

സകലതും നഷ്ടപ്പെട്ടു ചുടുകാട്ടിലലയും,

സാധുവാമിടയന്റെ കഥ പറയാം.......'

അന്നാണ് ബാല്യത്തിന്റെ, ദാരിദ്യ്രത്തിന്റെ, വിശപ്പിന്റെ കഥകള്‍ ഗിരീഷ് പറഞ്ഞത്. വീട്ടില്‍ റേഡിയോ ഇല്ലാത്തതുകൊണ്ട്, അയല്‍വീട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന മരത്തിന്റെ തുഞ്ചത്തിരുന്ന് അവിടത്തെ റേഡിയോവില്‍നിന്നുതിരുന്ന സിനിമാ പാട്ടുകള്‍ കേട്ടുപഠിച്ചത്, കോഴിക്കോട്ട് യേശുദാസിന്റെ ഗാനമേള കേള്‍ക്കാന്‍ പുത്തഞ്ചേരിയില്‍നിന്ന് പുറപ്പെട്ടുവന്ന് ടിക്കറ്റില്ലാതെ പുറത്തുനിന്ന് കരഞ്ഞത്, ആരോ ഒന്നു തള്ളിയപ്പോള്‍ ഗേറ്റിനകത്തായ ആ കുട്ടി, കസേരക്കാലില്‍ മുറുകെപിടിച്ചിരുന്ന് പാട്ടുകള്‍ കേട്ടത്... അങ്ങനെയങ്ങനെ കണ്ണുനീരിന്റെ നനവുള്ള നിരവധി അനുഭവങ്ങള്‍.... രാവിന്റെ ഏകാന്തതയില്‍ കരയുന്ന പക്ഷിയുടെ പാട്ടും, പുറത്ത് ചന്ദ്രിക പരന്നൊഴുകുന്നതും, ഓറഞ്ചുതോട്ടങ്ങളില്‍ കയറിയിറങ്ങി വരുന്ന കാറ്റിന്റെ സുഗന്ധവും... എല്ലാം ആ കവിയുടെ ആത്മാവിന് ആഹാരമായിരുന്നു.

പാട്ടിന്റെ ലോകത്ത് വന്നെത്തിപ്പെടാനും, പിടിച്ചുനില്‍ക്കാനും തടസ്സങ്ങളേറെ ഉണ്ടായിരുന്നു. 'ധീരനായ ഓരോ യാത്രികനും ലക്ഷ്യത്തിലേക്ക് സധൈര്യം മുമ്പോട്ട് കാല്‍വയ്ക്കുന്നു'- ഈ സങ്കടക്കഥകള്‍ കേട്ട് ഒരിക്കല്‍ ഞാന്‍ പറഞ്ഞു. വഴിയില്‍ അവന്‍ നേരിടുന്ന ഓരോ പ്രതിബന്ധവും അവന്റെ യാത്രയെ കൂടുതല്‍ സാര്‍ഥകമാക്കുന്നു. പിന്നീട് അശാന്തിയുടെ പഴയ അലമുറകള്‍ ഈ കവി പ്രശാന്തിയുടെ നിശ്വാസമായി അനുഭവിച്ചു.

തന്റെ പാട്ടുകളെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി ആ കവി അക്ഷീണം പ്രയത്നിക്കുകയായിരുന്നു. വ്യക്തിവിശേഷത്തിന്റെ നിരന്തരമായ ഹോമം. അനാരോഗ്യത്തില്‍ സ്വന്തം ജീവിതം ആടിയുലയുമ്പോഴും ആശയവൈരുധ്യങ്ങളുടെ മഹാ കാവ്യപ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു അനുപമനായ ആ കലാകാരന്‍. ചിലപ്പോഴൊക്കെ ഒരുതരം ആത്മശൈഥില്യം അനുഭവിച്ച കവി, അപ്പോഴൊക്കെ അന്യഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് തോന്നിപ്പോകും. എന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് അത്തരം ഒരനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. എന്റെ നോവല്‍ 'ആജീവനാന്ത'ത്തിന്റെ പ്രകാശനച്ചടങ്ങില്‍ തന്റെ പേര് വേണമെന്ന് ഗിരീഷ്. പുസ്തകം നേരത്തെ കൊടുത്തയച്ചിരുന്നു. തന്റെ ഊഴമെത്തിയപ്പോള്‍, യാതൊരു മൂഡുമില്ലാതെ, ഗൌരവംകൊണ്ട് മുറുകിയ ഭാവത്തില്‍ , പുസ്തകത്തെയോ സാഹിത്യത്തെയോ സ്പര്‍ശിക്കാതെ, മറ്റെന്തൊക്കെയോ ആണ് ആ വിചിത്രസ്വഭാവിയായ സുഹൃത്ത് പറഞ്ഞത്.

'ഞാന്‍ എന്റെ ഒരു അനുഭവപ്പുസ്തകം എഴുതാന്‍ ഉദ്ദേശിക്കുന്നു. അതിന്റെ അവതാരിക സുധീര എഴുതിത്തരണം'- ഗിരീഷ് ഒരിക്കല്‍ പറഞ്ഞു. 'സുധീരയുടെ വീടിനടുത്ത് ഒരു വീടോ ഫ്ളാറ്റോ എനിക്ക് നോക്കിവയ്ക്കണം. ഏരിയ എനിക്കിഷ്ടപ്പെട്ടു. കുട്ടികള്‍ക്കും ബീനക്കും കുറച്ചുകൂടി വിശാലമായൊരു വീട് സൌകര്യമായിരിക്കും. ജിതിനും ദിന്‍നാഥും നന്നായി പഠിക്കട്ടെ. അവര്‍ക്ക് എന്നെപ്പോലെ വിശപ്പിന്റെ വില അറിയില്ല. എന്നാല്‍ സ്നേഹത്തിന്റെ നോവും വേവും അറിഞ്ഞുതന്നെ അവര്‍ വളരണം.' മറ്റൊരിക്കല്‍ ആ സ്നേഹസമ്പന്നായ ഭര്‍ത്താവ്, ഉത്കണ്ഠയുള്ള അച്ഛന്‍ പറഞ്ഞു.

അനാരോഗ്യംകൊണ്ട് തളര്‍ന്ന ഗിരീഷ് നീണ്ട ആശുപത്രി വാസത്തിനു ശേഷം കോഴിക്കോട് സിവില്‍സ്റ്റേഷനടുത്തുള്ള 'നേച്ചര്‍ ലൈഫ്' എന്ന പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ ബീനയുടെ നിര്‍ബന്ധംകൊണ്ട് താമസമാക്കി. പ്രകൃതിചികിത്സാ വിദഗ്ധരായ ഡോ. ജേക്കബ് വടക്കാഞ്ചേരിയും ഭാര്യ ഡോ. സൌമ്യയും ചേര്‍ന്ന് അതീവശ്രദ്ധയോടെ കവിയെ പരിചരിച്ചിരുന്നു. യോഗയും ചിട്ടയായ ജീവിതവും, ചികിത്സയും കൊണ്ട് ഗിരീഷ് തികച്ചും നോര്‍മലായി പുതിയൊരു മനുഷ്യനായാണ് പുറത്തുവന്നത്. മദ്യപാനമില്ല, വെറ്റില മുറുക്കില്ല. ഈ പുതുവര്‍ഷത്തില്‍ എനിക്ക് ഗിരീഷിന്റെ ഒരു കോള്‍. ഏതോ വേദിയില്‍ പ്രസംഗത്തിനായെഴുന്നേറ്റ ഞാന്‍, വിളിക്കാമെന്ന് പറഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കി. പിന്നീട് ബാങ്കിലെ ജോലിത്തിരക്കും അത് കഴിഞ്ഞുള്ള പ്രസംഗപ്പാച്ചിലുകളും. എന്തോ, അക്കാര്യം ഞാന്‍ മറന്നേ പോയി. ഒന്നുകില്‍ പുതിയൊരു പാട്ട് കേള്‍പ്പിക്കാന്‍, അല്ലെങ്കില്‍ പുതിയ എന്തോ കാര്യം പറയാന്‍- എന്തിന് വിളിച്ചുവെന്ന് ആരറിഞ്ഞു ! പിന്നെ, പത്തു നാള്‍മുമ്പാണ് അറിഞ്ഞത്, ഗിരീഷ് ഗുരുതരാവസ്ഥയില്‍ ഐ സിയുവിലാണ്. ചേളന്നൂര്‍ ശ്രീനാരായണ കോളേജിലെ അധ്യാപിക ജയശ്രീ വിളിച്ചുപറയുന്നു.

നടുക്കത്തോടെ ഞാന്‍ ഗിരീഷ് കിടക്കുന്ന ആശുപത്രിയിലേക്കോടി. ഐസിയുവില്‍ ഗിരീഷ് മതിമറന്നുറങ്ങുകയാണ്. ശാന്തമായ ആ മുഖത്താകെ കുഴലുകള്‍, പ്ളാസ്റ്ററുകള്‍. 'നിനക്ക് എന്നോടെന്താണ് പറയുവാന്‍ ഉണ്ടായിരുന്നത്?' ഞാനാ കൈകള്‍ തിരഞ്ഞു.

അനശ്വരങ്ങളായ അനേകമനേകം പാട്ടുകള്‍ രചിച്ച ആ കൃതഹസ്തങ്ങള്‍ പുതപ്പിനടിയിലായിരുന്നു. കാണുമ്പോഴൊക്കെ ശിരസ്സ് നമിച്ച്, 'എന്റെ മൂര്‍ധാവില്‍ നീയൊന്ന് തൊടണം, അനുഗ്രഹിക്കണം' എന്ന് പറയാറുള്ള ആ സുഹൃത്തിന് മുമ്പില്‍ ഞാന്‍ ഹൃദയം നമിച്ച് നിന്നു. ആ ശിരസ്സ് രണ്ട് ശസ്തക്രിയകളുടെ ആഘാതങ്ങളുമായി ബാന്‍ഡേജിനാല്‍ പൊതിഞ്ഞിരുന്നു. എവിടെ ഞാന്‍ തൊടും? പുതപ്പിനാല്‍ മൂടാത്ത, ചുമലിന്റെ ഒരറ്റം വെളിയില്‍ കണ്ടു. വിറയ്ക്കുന്ന വിരലോടെ, ഞാനൊന്നു തൊട്ടു. പിന്നെ ആ കാലുകളില്‍ പുതപ്പിന് മീതെക്കൂടി ഒന്നു സ്പര്‍ശിച്ചു. എന്റെ സകല അപരാധങ്ങള്‍ക്കും മാപ്പ് തരിക - ഭഗവാനേ, പാതിവഴിയില്‍ വീണുകിടക്കുന്ന ഈ പൂവിന് എന്റെ ജീവനെടുത്ത് പ്രാണന്‍ നല്‍കുക. എന്റെ കണ്ണീരുകൊണ്ടുള്ള തുലാഭാരം........

പുറത്ത് ഗിരീഷിന്റെ സുഹൃത്തുക്കള്‍, കുടുംബം, ഡോ. സൌമ്യ, ഡോ. ജേക്കബ്, പേരറിയാത്ത ആരാധകര്‍, ഇവരെല്ലാം ആ ജീവന് കാവല്‍കിടക്കുകയാണ്, പ്രാര്‍ഥിക്കുകയാണ്. നെഞ്ചില്‍ ചിതയെരിയുന്നതിന്റെ നീറ്റല്‍ അവര്‍ അനുഭവിക്കയാണ്. റസാക്കും വിനുവും രഞ്ജിത്തും ജയരാജും മുല്ലശ്ശേരി ബേബിച്ചേച്ചിയും സിനിമാരംഗത്തുള്ളവര്‍ പലരും.... സിനിമക്കാരും സാഹിത്യകാരന്മാരും, സാംസ്കാരികരംഗത്തുള്ളവരും വിവരമറിഞ്ഞെത്തിയവരും.... ഐസിയുവിന് പുറത്ത് അമ്പരന്ന കുട്ടിയെപ്പോലെ, പകച്ച കണ്ണുകളുമായി, ഉണ്ണാതെയും ഉറങ്ങാതെയും ഗിരീഷേട്ടന് കാവലിരിക്കുന്ന ഗിരീഷേട്ടന്റെ ബീനയെ എങ്ങനെ നേരിടും, എന്തു പറഞ്ഞാശ്വസിപ്പിക്കും എന്ന് വിമ്മിട്ടപ്പെടുകയാണ്. റസാക്ക് ഉറക്കംകിട്ടാത്ത തന്റെ നീറുന്ന കണ്ണുകള്‍ തിരുമ്മിക്കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓരോ തവണയും ഓടി അണയുന്നു. 'എന്തെങ്കിലും പുരോഗതി?' എല്ലാം പഴയതുതന്നെ. അതേ ഗുരുതരാവസ്ഥതന്നെ. അയാളുടെ ഇടറുന്ന കാലുകള്‍ വീണ്ടും സുഹൃത്തുക്കള്‍ക്കടുത്തേക്ക്- ബന്ധുക്കള്‍ക്കടുത്തേക്ക്, ഇതാണ് യഥാര്‍ഥ ബന്ധപ്പെടല്‍. മനുഷ്യരാശി വളര്‍ച്ചപ്രാപിക്കുന്നുവെങ്കില്‍, പക്വതയാര്‍ജിക്കുന്നുവെങ്കില്‍ ഇതായിരിക്കും സൌഹൃദത്തിന്റെ രീതി. ഈ ആധിപത്യബോധമില്ലാത്ത സ്വതന്ത്രമായ സൌഹൃദങ്ങള്‍ നശിക്കുന്നിടത്താണ് ലോകത്തിന്റെ നാശം.

പടുതിരി കത്തുന്ന ആ നെയ്വിളക്കിന് മുമ്പില്‍ ഞങ്ങള്‍ കണ്ണുനീര്‍കൊണ്ട് നേര്‍ച്ചകള്‍ നേര്‍ന്നു. 'പടുതിരിയാളും പ്രാണനിലാരോ മുരളികയൂതുന്നത്' ഞങ്ങള്‍ കണ്ടു. കവിതയ്ക്ക് കളഭമരച്ച ആ നെഞ്ചില്‍നിന്ന് പ്രാണന്‍ ചിറകടിച്ചുയരുന്നതിനും ഞങ്ങള്‍ സാക്ഷിയായി.

ഗസലുകളെ ആരാധിച്ച പ്രിയകവേ, ഉര്‍ദുകവി ഇബ്രാഹിം സൌക്കിന്റെ ഒരു ഷേര്‍ നിനക്കായി സമര്‍പ്പിക്കട്ടെ!

'യേ ശമാ, തേരീ ഉമ്ര് തബയീ ഹെ ഏക് രാത്-

ഹസ്കര്‍ ഗുസര്‍, യാ ഉസേ രോകര്‍ ഗുസര്‍ദേ.

(അല്ലയോ മെഴുകുതിരി നാളമേ, നിന്റെ ആയുസ്സ് ഒരു രാത്രിയെന്നത് തീര്‍ച്ചതന്നെ. ഒന്നുകില്‍ നീ ചിരിച്ചുകൊണ്ട് കടന്നുപോവുക, അല്ലെങ്കില്‍ കരഞ്ഞുകൊണ്ട് പടിയിറങ്ങുക.)


*****

കെ പി സുധീര, കടപ്പാട് : ദേശാഭിമാനി വാരിക

Thursday, February 25, 2010

ഡബ്ള്യു ആര്‍ വിയുടെ ദാരുണ അന്ത്യം

ഡബ്ള്യു ആര്‍ വരദരാജന്റെ ആത്മഹത്യ സിപിഐ എമ്മിനെ മൊത്തത്തിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും നടുക്കി. ഡബ്ള്യു ആര്‍ വി എന്ന് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം പ്രതിഭാശാലിയായ ട്രേഡ് യൂണിയന്‍ നേതാവും സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളുമായിരുന്നു. ഫെബ്രുവരിയില്‍ ചേര്‍ന്ന പാര്‍ടി കേന്ദ്രകമ്മിറ്റിവരെ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗവും തമിഴ്നാട് സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്നു. ഒരു പ്രാവശ്യം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച പ്രസംഗകനും എഴുത്തുകാരനുമായിരുന്നു. ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തില്‍, തമിഴ്നാട് സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഡബ്ള്യു ആര്‍ വിക്കെതിരെ കേന്ദ്രകമ്മിറ്റി അച്ചടക്കനടപടി സ്വീകരിച്ചു. ഇതേത്തുടര്‍ന്ന്, പാര്‍ടിയില്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളായ കേന്ദ്രകമ്മിറ്റിയില്‍നിന്നും സംസ്ഥാനകമ്മിറ്റിയില്‍നിന്നും ഒഴിവാക്കി. ഇതിനുശേഷമായിരുന്നു ഡബ്ള്യു ആര്‍ വിയുടെ ആത്മഹത്യ. മിക്കവാറും ഫെബ്രുവരി 11ന് രാത്രിയായിരിക്കും ഇത് നടന്നതെന്നു കരുതുന്നു. തമിഴ്നാട്ടിലെ പാര്‍ടിയുടെ വളര്‍ച്ചയ്ക്കും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനും പ്രധാന സംഭാവനകള്‍ നല്‍കിയ, ഒട്ടേറെ കഴിവുകളുള്ള സഖാവിന്റെ ദാരുണമായ അന്ത്യം പാര്‍ടിക്കുള്ളിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഞങ്ങള്‍ക്കാകെയും വലിയ ദുഃഖം പകര്‍ന്നു.

അദ്ദേഹത്തിന്റെ മരണം സംഭവിച്ച രീതി പാര്‍ടിക്കുള്ളിലും പുറത്തും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് സ്വാഭാവികം. ദൌര്‍ഭാഗ്യവശാല്‍, അര്‍ധസത്യങ്ങള്‍ പ്രചരിപ്പിച്ചും വസ്തുതകള്‍ വളച്ചൊടിച്ചും അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങള്‍ വഴിയും പാര്‍ടിയെ ആക്രമിക്കാന്‍ അദ്ദേഹത്തിന്റെ ദാരുണമരണത്തെ ഒരുവിഭാഗം മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. അതുകൊണ്ട് വസ്തുതകള്‍ അവതരിപ്പിക്കേണ്ടതും ഡബ്ള്യു ആര്‍ വിക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും വിശദീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പൊളിറ്റ് ബ്യൂറോ കരുതുന്നു.

ലൈംഗികപീഡനം ആരോപിച്ച് ഒരു സ്ത്രീയില്‍നിന്ന് ഡബ്ള്യു ആര്‍ വിക്കെതിരെ തമിഴ്നാട് സംസ്ഥാനകമ്മിറ്റിക്ക് പരാതി ലഭിച്ചു. 2009 സെപ്തംബറിലായിരുന്നു ഇത്. ആരോപണവിധേയന്‍ സംസ്ഥാനകമ്മിറ്റി അംഗമായതിനാല്‍, പാര്‍ടിക്കുള്ളിലെ നടപടിക്രമം അനുസരിച്ച്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനകമ്മിറ്റി മൂന്നംഗസമിതിയെ നിയോഗിച്ചു. ഇവര്‍ മൂന്നുപേരും സംസ്ഥാനകമ്മിറ്റി അംഗങ്ങളാണ്, ഇതില്‍ത്തന്നെ സമിതിയുടെ കണ്‍വീനര്‍ കേന്ദ്രകമ്മിറ്റി അംഗവും മറ്റൊരംഗം സംസ്ഥാനസെക്രട്ടറിയറ്റ് അംഗവുമാണ്. അന്വേഷണത്തിനുശേഷം, 2009 നവംബര്‍ 25ന് സമിതി അവരുടെ റിപ്പോര്‍ട്ട് സംസ്ഥാനകമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയറ്റ് ഡബ്ള്യു ആര്‍ വിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ ശുപാര്‍ശ നല്‍കി. ആരോപണവിധേയനായ ഡബ്ള്യു ആര്‍ വി സംസ്ഥാനകമ്മിറ്റി അംഗമായതിനാല്‍, നടപടിക്രമം അനുസരിച്ച്, അദ്ദേഹത്തിന്റെ നിലപാട് സംസ്ഥാനകമ്മിറ്റിയില്‍ വിശദീകരിക്കാന്‍ അവസരം നല്‍കി. ചര്‍ച്ചയ്ക്കുശേഷം സംസ്ഥാനകമ്മിറ്റി അന്വേഷണസമിതിയുടെ കണ്ടെത്തലുകള്‍ അംഗീകരിക്കുകയും ഡബ്ള്യു ആര്‍ വിയെ പാര്‍ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. ഡബ്ള്യു ആര്‍ വി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്നതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സംസ്ഥാനകമ്മിറ്റിക്ക് കഴിയുമായിരുന്നില്ല, പക്ഷേ, അവര്‍ കണ്ടെത്തലുകളും ശുപാര്‍ശയും പാര്‍ടിക്കുള്ളിലെ നിബന്ധനകള്‍പ്രകാരം കേന്ദ്രകമ്മിറ്റിയുടെ നടപടിക്കായി അയച്ചു. കൊല്‍ക്കത്തയില്‍ ഫെബ്രുവരി നാലുമുതല്‍ ആറുവരെ നടന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ ഇക്കാര്യം പരിഗണനയ്ക്ക് വന്നു. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ റിപ്പോര്‍ട്ടും പ്രമേയവും എല്ലാ രേഖകളും ഇതോടൊപ്പം തന്റെ ഭാഗം ന്യായീകരിച്ച് ഡബ്ള്യു ആര്‍ വി നല്‍കിയ കത്തും കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് വിതരണംചെയ്തു (ഡബ്ള്യു ആര്‍ വിയുടെ കത്തിലെ ചില ഭാഗങ്ങള്‍ ഏതാനും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കത്ത് പൊലീസ് കസ്റ്റഡിയിലുള്ള ലാപ്ടോപ്പില്‍നിന്ന് ലഭിച്ചതാണെന്നു കരുതുന്നു). പ്രശ്നം പരിഗണിച്ചപ്പോള്‍ ഡബ്ള്യു ആര്‍ വിക്ക് തന്റെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കി. രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം, അച്ചടക്കനടപടിക്കുള്ള തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിയില്‍ ഹാജരായിരുന്ന 74 അംഗങ്ങളില്‍ ഒരാള്‍പോലും അച്ചടക്കനടപടിയെ എതിര്‍ത്തില്ല. വോട്ടെടുപ്പില്‍നിന്ന് അഞ്ചുപേര്‍ വിട്ടുനിന്നു. കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിന് വഴങ്ങുന്നതായും കേന്ദ്ര കണ്‍ട്രോള്‍ കമീഷന് അപ്പീല്‍ നല്‍കാനുള്ള തന്റെ അവകാശം വിനിയോഗിക്കുമെന്നും ഡബ്ള്യു ആര്‍ വി ഇതിനോട് പ്രതികരിച്ചു.

ഡബ്ള്യു ആര്‍ വിക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച ഈ നടപടിക്രമം പാര്‍ടി അംഗങ്ങള്‍ക്കെല്ലാം നല്ലതുപോലെ അറിയാം. പക്ഷേ, സ്ഥാപിത താല്‍പ്പര്യത്തോടെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ സൃഷ്ടിച്ച അവ്യക്തത നീക്കാനാണ് ഇത്രയും വിശദീകരിച്ചത്.

ഏതൊക്കെയാണ് ഈ തെറ്റിദ്ധാരണകളും അസത്യങ്ങളും?

ഡബ്ള്യു ആര്‍ വിയെ പാര്‍ടിയില്‍നിന്ന് പുറന്തള്ളിയെന്ന് ആരോപിക്കപ്പെടുന്നു. അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് നീക്കിയെന്ന പാര്‍ടി അച്ചടക്കനടപടിയുടെ അര്‍ഥം അദ്ദേഹത്തെ ഉചിതമായ പാര്‍ടികമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു. ഇക്കാര്യം ഫെബ്രുവരി 12ന് ചേര്‍ന്ന തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തെ ദക്ഷിണ ചെന്നൈ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. അദ്ദേഹം ട്രേഡ് യൂണിയന്‍ മുന്നണിയില്‍ തുടരണമെന്നും തീരുമാനിച്ചു. പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാതെ സ്വീകരിച്ച അച്ചടക്കനടപടിയുടെ ലക്ഷ്യം പാര്‍ടിപ്രവര്‍ത്തനം തുടരാനും തന്റെ കഴിവുകള്‍ അനുസരിച്ചുള്ള സംഭാവന നല്‍കാനും ഡബ്ള്യു ആര്‍ വിക്ക് അവസരം നല്‍കുക എന്നതായിരുന്നു. അച്ചടക്കനടപടി നേരിട്ടശേഷവും പാര്‍ടിയില്‍ പ്രവര്‍ത്തിക്കുകയും തെറ്റുകള്‍ തിരുത്തുകയും കൂടുതല്‍ ഉയര്‍ന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത എണ്ണമറ്റ പാര്‍ടി നേതാക്കളുടെയും കേഡര്‍മാരുടെയും അനുഭവം മുന്നിലുണ്ട്. അതുകൊണ്ട് അച്ചടക്കനടപടിയെ ഒരു പാര്‍ടി നേതാവിനെ 'വേട്ടയാടി മരണത്തിലേക്ക് നയിച്ച' സംഭവമായി ചിത്രീകരിക്കുകയും ഇതിനെ പാര്‍ടിക്കെതിരെ ഹീനമായ പ്രചാരണം നടത്താനുള്ള അവസരമായി കാണുകയും ചെയ്യുന്നത് ശരിയല്ല. ഈ സംഭവത്തിനു കാരണമായ പരാതി പാര്‍ടി ഗൌരവത്തോടെ എടുക്കാതിരിക്കുകയും സ്ത്രീയുടെ ആവലാതി പരസ്യമാവുകയും ചെയ്തിരുന്നെങ്കില്‍ ഇതേ മാധ്യമങ്ങള്‍തന്നെ പാര്‍ടിയുടെ ഒരു നേതാവിനെതിരായ ലൈംഗികപീഡന പരാതി അവഗണിച്ചെന്ന് ആരോപിച്ച് സിപിഐ എമ്മിനെ ആക്രമിക്കുമായിരുന്നു. അച്ചടക്കനടപടിയുടെ കാരണം വിശദീകരിക്കാതിരുന്നെങ്കില്‍ പാര്‍ടി 'സുതാര്യമല്ലെന്ന' ആരോപണം ഉയര്‍ന്നേനെ, മറിച്ചായപ്പോള്‍ ഡബ്ള്യു ആര്‍ വിയെ 'പരസ്യമായി അപമാനിച്ചെന്ന' ആരോപണം. ഡബ്ള്യു ആര്‍ വി പാര്‍ടിക്കൊപ്പം നീങ്ങിയിരുന്നെങ്കില്‍ അദ്ദേഹത്തിനെതിരായ കുറ്റം കേന്ദ്രകമ്മിറ്റി പരസ്യമാക്കില്ലായിരുന്നു. എന്തെന്നാല്‍, അദ്ദേഹം പാര്‍ടി സ്ഥാനങ്ങളില്‍ തുടരുകയും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുമെന്നാണ് കരുതിയത്. പാര്‍ടി കേഡര്‍മാരെ 'പരസ്യമായി അപമാനിക്കുന്നതില്‍' സിപിഐ എം വിശ്വസിക്കുന്നില്ല. ഡബ്ള്യു ആര്‍ വിയുടെ കാര്യത്തില്‍ നടത്തിയ ശ്രമം അദ്ദേഹത്തിന്റെ വീഴ്ചകള്‍ തിരുത്താനും പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തനം തുടരാനും സഹായിക്കുക എന്നതാണ്.

ജനാധിപത്യ കേന്ദ്രീകരണം എന്ന പാര്‍ടിയുടെ സംഘടനാതത്വത്തെ ഇകഴ്ത്തികാണിക്കാനും ഈ സംഭവത്തെ ഉപയോഗിക്കുന്നു. ഡബ്ള്യു ആര്‍ വിയുടെ കേസ് 'കേന്ദ്രീകരണത്തിന്റെയും' 'ആധിപത്യപ്രവണതയുടെയും' ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സത്യത്തില്‍, നേരത്തെ വിവരിച്ച നടപടിക്രമം ഈ ആരോപണം തെറ്റാണെന്നു വ്യക്തമാക്കുന്നു. അദ്ദേഹം നേരിട്ട് പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനകമ്മിറ്റിയാണ് പരാതി അന്വേഷിച്ചതും നടപടിക്ക് തുടക്കമിട്ടതും. സംസ്ഥാനകമ്മിറ്റി നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയപ്പോള്‍മാത്രമാണ് കേന്ദ്രകമ്മിറ്റി രംഗത്തുവന്നത്. അച്ചടക്കനടപടിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് സ്ഥാനമില്ലെന്ന സത്യത്തിന് ജനാധിപത്യപരമായ നടപടിക്രമം അടിവരയിടുന്നു. ശരിയായ അന്വേഷണം നടത്തുകയും ആരോപണവിധേയനായ സഖാവിന് ബന്ധപ്പെട്ട കമ്മിറ്റികളില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കുകയും ചെയ്തു.

ഡബ്ള്യു ആര്‍ വിക്കെതിരെ സ്വീകരിച്ച നടപടിയെ പാര്‍ടി ആരംഭിച്ച തെറ്റുതിരുത്തല്‍ പ്രക്രിയയുമായി ബന്ധപ്പെടുത്താനും ശ്രമം നടക്കുന്നു. ഡബ്ള്യു ആര്‍ വിയെ സംബന്ധിച്ച പ്രശ്നത്തിന് തെറ്റുതിരുത്തല്‍ പ്രക്രിയയുമായി ബന്ധമില്ല. തെറ്റുതിരുത്തല്‍ പ്രക്രിയക്കുള്ള തീരുമാനം കേന്ദ്രകമ്മിറ്റി എടുക്കുന്നതിനുമുമ്പേ ഈ പരാതി ലഭിച്ചിരുന്നു. പാര്‍ടിയിലെ തെറ്റായ പ്രവണതകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍വേണ്ടിയാണ് തെറ്റുതിരുത്തല്‍ പ്രക്രിയ. വ്യക്തിപരമായി ആര്‍ക്കെങ്കിലും എതിരായി നടപടി സ്വീകരിക്കാന്‍വേണ്ടിയല്ല. ഒരു കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റവും മുന്തിയ പരിഗണന നല്‍കുന്നത് അതിന്റെ കേഡര്‍മാര്‍ക്കാണ്, പ്രത്യേകിച്ച് പാര്‍ടി പ്രവര്‍ത്തനത്തിനായി ജീവിതംതന്നെ സമര്‍പ്പിച്ചവര്‍ക്ക്. സഖാക്കളുടെ തീരുമാനം പിശകുകയോ തെറ്റ് ചെയ്യുകയോ ഉണ്ടായാല്‍ ബന്ധപ്പെട്ട സഖാവിന്റെ മൊത്തത്തിലുള്ള സംഭാവന പരിഗണിച്ചശേഷമാണ് അവരെ തിരുത്താന്‍ പാകത്തിലുള്ള അച്ചടക്കനടപടി സ്വീകരിക്കുക. ഡബ്ള്യു ആര്‍ വിയുടെ കേസില്‍ താന്‍ നേരിട്ട കുഴപ്പങ്ങള്‍ മറികടക്കാനും പാര്‍ടിക്കും പ്രസ്ഥാനത്തിനും പൂര്‍ണതോതിലുള്ള സംഭാവന നല്‍കുന്നത് തുടരാനും അദ്ദേഹത്തിന് സാധിക്കുമെന്ന് പാര്‍ടി കരുതി. ഖേദത്തോടെ പറയട്ടെ, അങ്ങനെയല്ല സംഭവിച്ചത്.

*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപത്രം

Wednesday, February 24, 2010

ഞങ്ങളുണ്ട്... കൃഷി തുടരാന്‍

വിലക്കയറ്റത്തില്‍പ്പെട്ട് വീര്‍പ്പുമുട്ടി പിടയുകയാണ് ഇന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും. വില പിടിച്ചു നിര്‍ത്താനുള്ള സൂത്രവാക്യങ്ങള്‍ തേടിയും കണക്കുകള്‍ കൊണ്ട് അഭ്യാസം കാണിച്ചും ജനങ്ങളെ ശാന്തരാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. സബ്സിഡികളും സപ്ളൈകോ മാര്‍ക്കറ്റുകളുമൊക്കെ വച്ച് കിണഞ്ഞു പരിശ്രമിച്ചിട്ടും കേരളത്തിനും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. അരിക്കും പച്ചക്കറിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കൊക്കെയും ഇനിയും വില കൂടുമെന്ന സൂചനകളും വന്നുകഴിഞ്ഞു.

"മടിച്ചിരുന്നിട്ട് കാര്യൊന്നൂല്യാ.. ഇനി അങ്ങട്ട് ഇറങ്ങന്നെ, മണ്ണിലേക്ക്... ന്നട്ട് നല്ലോണം കൃഷി ചെയ്യാ... ഇനീള്ള മണ്ണെങ്കിലും കളയാണ്ടിരുന്നാ അതെങ്കിലുണ്ടാവും. നാഴി അരിയിട്ട് കഞ്ഞികുടിക്കാനെങ്കിലും പറ്റും...''തൃശൂര്‍ സ്വദേശിയായ സരസ്വതിയമ്മ ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞു.

ശരിയാണ്. ഭക്ഷണത്തിനുള്ള വകയെങ്കിലും നാം കൃഷി ചെയ്തുണ്ടാക്കിയേ പറ്റൂ. പക്ഷേ... എന്തു പക്ഷേ? ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് കേരളത്തിലെ പെണ്‍കൂട്ടായ്മകള്‍. കൊല്ലത്തായാലും കാസര്‍കോടായാലും വയനാടന്‍ മലയോരങ്ങളിലായാലും ചില രജത രേഖകള്‍ മിന്നുന്നുന്നതുകാണാം.അതിലൊന്നാണ് എറണാകുളം ജില്ലയിലെ രാമമംഗലത്ത് കാണുന്നത്. അവിടെ ഭാവനാ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ നെല്‍കൃഷി ഇന്ന് പല അയല്‍സംഘങ്ങളും ഏറ്റുപിടിച്ചു കഴിഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി പാട്ടവ്യവസ്ഥയിലൂടെ നെല്‍കൃഷി ചെയ്ത് കാര്‍ഷിക മേഖലയില്‍ വിജയമുദ്ര തെളിയിച്ചുകഴിഞ്ഞു ഇവര്‍. കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍നിന്ന് നെല്‍വയലുകളുടെ ചിത്രം മാഞ്ഞുപോകുമ്പോഴും അവയെ തിരിച്ചുപിടിക്കാന്‍ തങ്ങളുടെ അധ്വാനത്തിലൂടെ പരിശ്രമിക്കുകയാണിവര്‍. അതുകൊണ്ടുതന്നെ മകരമാസമെന്നാല്‍ ഇവര്‍ക്ക് കൊയ്ത്തുത്സവങ്ങളുടെ കാലമാണ്. കൂട്ടം ചേര്‍ന്നും ഒറ്റയ്ക്കും വിത്തിറക്കി വിളകൊയ്ത് ഉത്സാഹത്തിലാണിവര്‍.

എട്ടരയേക്കര്‍ നിലത്താണ് (അറുപതുപറ നിലം) ഇത്തവണ ഭാവനാ സ്വാശ്രയസംഘം കൃഷിയിറക്കിയത്. പതിനഞ്ചോളം പേര്‍ വരുന്ന സംഘം പലതായി തിരിഞ്ഞ് മൂന്നു പാടശേഖരങ്ങളിലായാണ് കൃഷി. രാമമംഗലത്തെ ആറാം വാര്‍ഡിലെ ഭാവന കൂട്ടായ്മക്കൊപ്പം അയല്‍സംഘങ്ങളും കൃഷിയില്‍ സഹകരിക്കുന്നുണ്ട്. മാമലശേരിയിലെ പരമ്പരാഗത പാടശേഖരങ്ങളായ വള്ളിക്കെട്ട്, പൂങ്കോട്, തലക്കുളം എന്നിവിടങ്ങളിലായി വര്‍ഷംതോറും ഇവര്‍ കൃഷിയിറക്കിപ്പോരുന്നു. ഭൂവുടമകള്‍ കൃഷി നഷ്ടമാണെന്ന് പറഞ്ഞ് കൃഷിയില്‍നിന്നും പിന്മാറിയപ്പോള്‍ തങ്ങള്‍ക്കിവിടം കനകമണ്ണ് തന്നെയെന്ന് ഭാവന കുടുംബയൂണിറ്റിലെ അംഗങ്ങള്‍ അവകാശപ്പെടുന്നു.

"നെല്‍കൃഷി ഞങ്ങള്‍ക്ക് ഒരിക്കലും നഷ്ടമായിത്തോന്നിയിട്ടില്ല. ഈ വര്‍ഷവും അങ്ങനെത്തന്നെ. 60 പറ നിലത്തില്‍ പകുതിയോളം വിളവെടുത്തു. ഏതാണ്ട് എട്ടു മാസത്തേക്കുള്ള നെല്ല് സകല ചെലവും കഴിച്ച് ഞങ്ങള്‍ക്കു കിട്ടും.''ഭാവന സ്വാശ്രയസംഘത്തിലെ മേരി ഐസക്കിന്റെ വാക്കുകള്‍.

അരിയുടെ വിലവര്‍ധനയും ഭക്ഷ്യ ദൌര്‍ലഭ്യവും നേരിടുന്ന ഇക്കാലത്ത് തങ്ങളുടെ അധ്വാനംകൊണ്ട് സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്നും ഇവര്‍ കരുതുന്നു. ഭക്ഷ്യസുരക്ഷയെന്നാല്‍ നാം സ്വന്തമായി അധ്വാനിച്ച് ഭക്ഷിക്കുക എന്ന ആശയവും ഉള്‍പ്പെടുന്നു എന്നതാണ് ഈ പെപക്ഷങ്ങളുടെ ന്യായം.

"ഞങ്ങള്‍ കഴിഞ്ഞ ഒമ്പതുകൊല്ലവും കൃഷിചെയ്തു. ഒരു ദോഷവുമില്ല. കുടുംബത്തിന് കഴിയാനുള്ള നെല്ല് മുഴുവന്‍ ഞങ്ങള്‍ സ്വയം കൃഷിചെയ്ത് കിട്ടുന്നതാ'' - സംഘാംഗമായ ആനി ജോണിയുടെ വാക്കുകളില്‍ അഭിമാനം.

സ്വന്തമായി കൃഷിഭൂമിയില്ലാത്തവരും നെല്‍കൃഷിയില്‍ മുന്‍കാലപരിചയമില്ലാത്തവരുമായ ഈ വീട്ടമ്മമാര്‍ ഇന്ന് കൃഷിയറിവുകളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. നാട്ടുകാരായ പരമ്പരാഗത കര്‍ഷകരുടെ പിന്തുണയും സഹായങ്ങളും ആദ്യകാലങ്ങളില്‍ ഇവര്‍ തേടിയെങ്കിലും ഇന്ന് നെല്‍കൃഷി സംബന്ധമായ ഏതൊരു കാര്യവും ചെയ്യാന്‍ തങ്ങള്‍ക്കാകുമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്.

"ഞാറു നടീലും കൊയ്ത്തും മാത്രമല്ല ഇതുമായി ബന്ധപ്പെട്ട എല്ലാ പണികളും ഞങ്ങള്‍തന്നെ ചെയ്യും. ആദ്യവര്‍ഷം വരമ്പിടാനും വളമിടാനുമൊക്കെ ഞങ്ങള്‍ പരസഹായം തേടി. പിന്നെപ്പിന്നെ അതൊക്കെ ഞങ്ങള്‍ പഠിച്ചു. ഇന്ന് എല്ലാം പെണ്ണുകള്‍ക്കു തന്നെ ചെയ്യാന്‍ കഴിയുന്നുണ്ട്.''-സംഘാംഗമായ ലിസി സാജു കൂട്ടിച്ചേര്‍ത്തു.

കൃഷിച്ചെലവും കൂലിവര്‍ധനയും കൂടിയ അധ്വാനവുമൊക്കെ കണക്കിലെടുത്ത് നമ്മുടെ കര്‍ഷകര്‍ നെല്‍കൃഷിയെ മാറ്റി നിര്‍ത്തുമ്പോള്‍ അവര്‍ക്കുള്ള മറുപടിയാണ് ഇവരുടെ അനുഭവങ്ങള്‍. കൃഷിയെന്നാല്‍ ലാഭക്കച്ചവടമല്ല, മറിച്ച് മണ്ണിനെയറിഞ്ഞുള്ള വിത്തിറക്കലും സംതൃപ്തിയുടെ വിളകൊയ്യലുമാണെന്നാണ് ഈ പെകരുത്തിന്റെ പക്ഷം. അങ്ങനെയാകുമ്പോള്‍ മണ്ണിനോടുള്ള കൂറും അധ്വാന തല്‍പ്പരതയും താനേ വരുമെന്നും ഇവര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്.

"പാടത്ത് കൃഷി ചെയ്ത് വീട്ടിലിരുന്നാല്‍ ആദായം കിട്ടില്ല. മെച്ചപ്പെട്ട വിളവ് കിട്ടണമെങ്കില്‍ നാം സ്വയം അധ്വാനിക്കണം. കൂലികൊടുത്ത് പണി ചെയ്യിച്ചാലും മെച്ചമുണ്ടാകില്ല. ദിവസവും ഉള്ള സമയം നാം വിനിയോഗിക്കണം. വിത്തു പാകുന്നതുമുതല്‍ വിളവെടുക്കുന്നതുവരെ ദിവസവും മെനക്കെട്ടുള്ള പണി തന്നെയാ. പക്ഷേ ഞങ്ങള്‍ക്ക് അതിനൊന്നും ഒരു പ്രയാസവും തോന്നിയിട്ടില്ല. അതിന്റെ ഫലവും ഞങ്ങള്‍ക്ക് കിട്ടാറുണ്ട്.'' ഭാവനാ യൂണിറ്റിലെ അമ്മിണി ഗോപാലന്റെ വിലയിരുത്തല്‍.

"ഞങ്ങള്‍ ഒറ്റക്കാണെങ്കില്‍ ഇതൊന്നും നടക്കില്ല. കൂട്ടമായി അധ്വാനിക്കുന്നതുകൊണ്ട് ലാഭകരമായി മുന്നോട്ടുപോകാന്‍ പറ്റും. വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ ഭര്‍ത്താക്കന്മാരെ മാത്രം ആശ്രയിച്ച് അരിഷ്ടിച്ച് ജീവിതം കൊണ്ടുപോയിരുന്ന ഞങ്ങള്‍ക്കിപ്പോള്‍ അന്നത്തിന് മാര്‍ഗമുണ്ട്. ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ സഹായിക്കാനും പറ്റുന്നുണ്ട്.'' ആനി ജോണിയുടെ സംതൃപ്തി നിറഞ്ഞ വാക്കുകള്‍.

സംഘാംഗമായ ശാന്ത ശശിയും അതിനോടു യോജിച്ചു.

"പാട്ടക്കൂലിയും ഞങ്ങളുടെ പണിച്ചെലവുമൊക്കെ കഴിഞ്ഞാലും നഷ്ടം വരില്ല. വൈക്കോല്‍ വിറ്റും ന്യായമായ തുക ഞങ്ങള്‍ക്കു കിട്ടും. പരസ്പരം സ്നേഹിച്ചും സഹായിച്ചും ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും. ഒരാള്‍ക്ക് അസുഖം വന്നാല്‍ മറ്റുള്ളവര്‍ സഹായിക്കും. അതീ കൂട്ടായ്മയുടെ ബലംകൊണ്ടാ. അല്ലെങ്കില്‍ പറ്റില്ല.''

"നടീല്‍ സമയത്തും കൊയ്ത്തിന്റെ കാലത്തും മാത്രമല്ലേ തിരക്കുള്ളൂ. അല്ലാത്തപ്പോള്‍ വലിയ പണികളൊന്നുമില്ല. സമയംപോലെ പണികള്‍ ചെയ്താലും മതി. കുറച്ചുനാള് ബുദ്ധിമുട്ടിയാലും നമുക്ക് വരുമാനമുണ്ടല്ലോ.'' മറിയാമ്മ ജോസഫിന്റെ വാക്കുകള്‍.

കഴിഞ്ഞ മൂന്നുവര്‍ഷമായി മറിയാമ്മ സ്വന്തമായി ഏഴുപറ നിലം തുടര്‍ച്ചയായി ഒറ്റക്കാണ് കൃഷിചെയ്തു വരുന്നത്.

"എനിക്ക് മറ്റു ചില ഉത്തരവാദിത്വങ്ങള്‍ കൂടിയുണ്ട്. എന്റെ സമയവും മറ്റുള്ളവരുടെ സമയവും ഒത്തുപോകാത്തതുകൊണ്ട് ഞാന്‍ സ്വയം കൃഷി ചെയ്തു. പക്ഷേ കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ഒറ്റക്കെട്ടാ.'' -മറിയാമ്മ ജോസഫ് പറഞ്ഞു.

ഭാവനാ സ്വാശ്രയസംഘത്തിന്റെ വിജയഗാഥകള്‍ക്ക് സാക്ഷ്യം വഹിച്ച അയല്‍സംഘാംഗങ്ങളും ഈ വര്‍ഷം മുതല്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു. വിനയ സ്വാശ്രയസംഘം, കൈരളി സ്വാശ്രയസംഘം എന്നിവരാണ് ഇപ്രാവശ്യം കൃഷിയില്‍ സജീവമായത്.

"ഒരാള്‍ മാത്രമായി ചെന്നാല്‍ ഉടമകള്‍ കൃഷിഭൂമി തരില്ല. ഒരു സംഘമായി കുടുംബശ്രീയെന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്കും ഒരു ബോധ്യം വരും. വിശ്വാസം വരും. അതുകൊണ്ട് തന്നെ സ്ഥിരമായി പാട്ടഭൂമി തരാനും അവര്‍ക്ക് മടിയില്ല. ഞങ്ങള്‍ കൃത്യമായി പാട്ടവും നല്‍കും.'' ലിസി സാജു പറഞ്ഞു.

വര്‍ഷംതോറും വര്‍ധിച്ചു വരുന്ന പാട്ടക്കൂലിയില്‍ ഇവര്‍ അസംതൃപ്തരാണ്. കൃഷിചെയ്യാതെ തരിശു കിടക്കുന്ന ഭൂമിയായാലും തങ്ങള്‍ കൃഷിക്കായി ചോദിക്കുമ്പോള്‍ ഭൂവുടമകളുടെ ഭാവം മാറുമെന്നും അവര്‍ പറയുന്നു.

ഞങ്ങള്‍ കൃഷി തുടരും

തരിശുഭൂമിയെ ഹരിതഭൂമിയാക്കി മാറ്റുന്ന ഈ പെണ്‍കരുത്തിന്റെ പാരിസ്ഥിതിക ബോധവും കൃഷിയില്‍നിന്നുതന്നെ ഉടലെടുത്തതാണ്. നെല്‍പ്പാടങ്ങള്‍എന്നാല്‍ ജലസ്രോതസ്സുകളും ജൈവവൈവിധ്യ മേഖലയുമൊക്കെയാണെന്ന തിരിച്ചറിവ് അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയിരിക്കുന്നു ഇവര്‍.

"മുമ്പൊക്കെ ഈ പാടങ്ങളില്‍ പുഞ്ചകൃഷിയും കൂടി ചെയ്തുപോന്നതാ. ഇപ്പോള്‍ വെള്ളം കിട്ടാതായി ഒരുപ്പൂകൃഷിയായി ചില സമയങ്ങളില്‍ കൃഷിയില്ലാതെയും കിടന്നു. ആ സമയത്തൊക്കെ ഈ പരിസരത്തെ കിണറുകളും തോടുമൊട്ടെ വറ്റിവരണ്ടു. ഞങ്ങളീ കൃഷി തുടര്‍ച്ചയായി ചെയ്തു തുടങ്ങിയപ്പോള്‍ നല്ല വ്യത്യാസം കണ്ടു. കുളങ്ങളിലൊക്കെ ധാരാളം വെള്ളം'' അമ്മിണി പറയുന്നു.

"നെല്‍കൃഷി ആരും ചെയ്യാതെയായതാ നമുക്ക് വിനയായയത്. മൊത്തത്തില്‍ പരിസരത്തിനു തന്നെ വ്യത്യാസം വന്നു, കൃഷി തുടങ്ങിയതില്‍പ്പിന്നെ. കണ്ടത്തില്‍ കൃഷിയുണ്ടെങ്കില്‍ പരിസരംതന്നെ ഈര്‍പ്പുമുണ്ടാകും. ചൂടും കുറയും. ഇതൊക്കെ ഞങ്ങള്‍ അനുഭവത്തില്‍നിന്നു പഠിച്ച കാര്യങ്ങളാ.'' മോളി ഏലിയാസും യോജിച്ചു.

ചെലവ് കുറഞ്ഞ മാര്‍ഗങ്ങളിലൂടെ കൃഷിയിറക്കി വിജയം വരിക്കുക എന്നതാണ് ഈ വനിതാ കര്‍ഷരുടെ രീതി. രാസവളങ്ങളും കീടനാശിനികളും വളരെ കുറച്ചു മാത്രം. ചാണകവും കമ്പോസ്റ്റും പോലെയുള്ള ജൈവിക മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുക എന്ന രീതിയാണ് ഇവര്‍ അവലംബിക്കുന്നത്.

"ഞങ്ങളില്‍ ചിലര്‍ക്കൊക്കെ പശുവുണ്ട്. അതുകൊണ്ട് ചാണകത്തിന് പ്രശ്നമില്ല. രാസവളം ഉപയോഗിക്കാറുണ്ട്. വളരെ കുറച്ചു മാത്രം. തീരെയില്ലാതെ പറ്റില്ല.'' ശാന്ത ശശി പറഞ്ഞു.

"വളത്തിനൊക്കെ നല്ല വിലയാ. കീടനാശിനിക്കും അങ്ങനെതന്നെ. മാത്രമല്ല നമുക്കു കഴിക്കാനുള്ളതല്ലേ. അതുകൊണ്ട് കഴിയുന്നത്ര കുറയ്ക്കാന്‍ നോക്കും.'' മേരി പറഞ്ഞു.

നെല്‍കൃഷിക്ക് പ്രോത്സാഹനമായി സംസ്ഥാന സര്‍ക്കാരും ഇതര സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിഭവനുകളുമൊക്കെ രംഗത്തുണ്ടെങ്കിലും നിലവിലുള്ള രീതികള്‍ക്ക് വ്യത്യാസം വരണമെന്ന അഭിപ്രായമാണിവര്‍ക്ക്. സാമ്പത്തിക സഹായങ്ങളും സബ്സിഡിയുമൊക്കെ താഴെതട്ടിലേക്ക് വരുമ്പോള്‍ എന്തൊക്കെയോ പന്തികേടുണ്ടെന്ന് ഇവര്‍ പറയുന്നു.

"ഇപ്പോ വളം തന്നെ കിട്ടുന്നുണ്ട്. പക്ഷേ വിളവെടുപ്പ് കഴിഞ്ഞാണ് നമ്മുടെ കൈയില്‍ കിട്ടുന്നത്. ഇത്തവണ ഇക്കാരണത്താല്‍ ഞങ്ങള്‍ വളം മേടിച്ചില്ല. ധനസഹായമാണേലും കൈയില്‍ കിട്ടുന്നത് ഒരുപാട് കറങ്ങിത്തിരിഞ്ഞാ. സര്‍ക്കാര്‍ ഒത്തിരിക്കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ എവിടെയൊക്കെയോ പ്രശ്നങ്ങള്‍ ഇടയിലുണ്ട്.''- സംഘാംഗങ്ങളായ മേരിയും അമ്മിണിയും വിലയിരുത്തി.

ഈ രംഗത്തും ഇടനിലക്കാരുടെ ചൂഷണം ഒട്ടും കുറവല്ല എന്നാണ് ഈ കുടുംബിനികള്‍ പറയുന്നത്.

"നെല്ലും വൈക്കോലും വിറ്റാലും ഞങ്ങളേക്കാള്‍ ലാഭമുണ്ടാക്കുന്നത് കച്ചവടക്കാരാ. വൈക്കോല്‍ രണ്ടു രൂപക്ക് വാങ്ങി ആറു രൂപക്കു വില്‍ക്കും. നെല്ലാണെങ്കില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കു വാങ്ങാന്‍ നോക്കും. സര്‍ക്കാര്‍ നെല്ല് സംഭരണവും തറവിലയും നിശചയിച്ചെങ്കിലും ഇടയ്ക്കുള്ള ആളുകള്‍ ഞങ്ങളെ പിഴിയും''- ആനി പറയുന്നു.

നെല്‍വയലുകളുടെ ദൃശ്യഭംഗിയും കൊയ്ത്തുപാട്ടിന്റെ ഈണവും നെഞ്ചേറ്റി ലാളിക്കുന്ന ഈ വനിതാ സംഘങ്ങള്‍ തുടര്‍ച്ചയായ നെല്‍കൃഷിയിലൂടെ തങ്ങളുടെ ജീവിതത്തിനൊരു താളം കൈവന്നു എന്നും വിശ്വസിക്കുന്നു. അധ്വാനംകൊണ്ട് കുടുംബം പുലര്‍ത്താന്‍ മാത്രമല്ല ആഹ്ളാദങ്ങള്‍ പങ്കുവയ്ക്കാനുള്ള മാര്‍ഗങ്ങളും ഇവര്‍ കണ്ടെത്തുന്നുണ്ട്.

"ഞങ്ങള്‍ കൃഷിക്കിറങ്ങുമ്പോള്‍ത്തന്നെ ഓരോന്നും പ്ളാന്‍ ചെയ്യും. ഓരോ സ്ഥലങ്ങളില്‍ ടൂര്‍ പോകാനും തീര്‍ഥയാത്രകളും ഓരോന്നു വാങ്ങാനുമൊക്കെ. ഞങ്ങളുടെ കുടുംബമൊന്നിച്ച്, നാട്ടുകാര് ഒന്നിച്ചുള്ള യാത്രകള്‍ പലതും പോയി. മൂന്നാര്‍, രാമക്കല്‍മേട്, ഇടുക്കി അങ്ങനെയൊക്കെ. പിന്നെ വീട്ടുസാമഗ്രികള്‍ വാങ്ങി. ഇതൊക്കെ മനസ്സിന് ഒത്തിരി സന്തോഷം തരുന്ന കാര്യങ്ങളാ.'' നിറമുള്ള സ്വപ്നങ്ങളും അനുഭവങ്ങളും നിരത്തുകയാണ് ആനി എന്ന വീട്ടമ്മ.

മണ്ണിന്റെ ചൂരും ചൂടുമറിഞ്ഞ സ്വാശ്രയബോധമുള്ള ഈ പെണ്‍കരുത്തിന്റെ ആത്മവിശ്വാസം തന്നെയാണ് നാം കണ്ടു പഠിക്കേണ്ടത്. കാര്‍ഷിക മേഖലയുടെ കാവലാളായി മാറുന്ന, നെല്‍വയലുകള്‍ക്ക് കരുത്തായി മാറുന്ന, ഇത്തരം കൂട്ടായ്മയുടെ തിരിച്ചറിവുകള്‍ തന്നെയാണ് നമ്മുടെ കാര്‍ഷികമേഖലയുടെയും വയലുകളുടെയും കരുത്ത്.

*
കെ വി ലീല ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Tuesday, February 23, 2010

സൈന്യത്തിന്റെ രാഷ്ട്രീയവല്‍ക്കരണം

അനിശ്ചിതത്വങ്ങളുടെ അലമാലകളില്‍ ആടിയുലഞ്ഞ ശ്രീലങ്കന്‍ രാഷ്ട്രീയം പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുശേഷവും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മഹിന്ദ രജപക്സെക്കെതിരെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ജനറല്‍ ശരത് ഫൊന്‍സേകയെ അറസ്റ്റ്ചെയ്ത് അജ്ഞാതകേന്ദ്രത്തില്‍ അടച്ചതില്‍ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍. ഈ വിവാദം കത്തിനില്‍ക്കെതന്നെ പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടത് സാഹചര്യങ്ങള്‍ അനുകൂലമാക്കാമെന്ന അമിത പ്രതീക്ഷയിലാണ്. ഏപ്രില്‍വരെ കാലാവധിയുള്ളതാണ് പാര്‍ലമെന്റ്. തെരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷ സഖ്യത്തില്‍ വിള്ളലുണ്ടാക്കാമെന്ന കണക്കുകൂട്ടലും രജപക്സെക്കുണ്ട്.

ഫൊന്‍സേകയുടെ അറസ്റ്റ് അദ്ദേഹത്തിന് മനുഷ്യനെന്ന പരിഗണനപോലും നല്‍കാതെ ആയിരുന്നു എന്നാണ് പ്രതിപക്ഷ പാര്‍ടികള്‍ പ്രസ്താവിച്ചത്. അതിനുമുമ്പു തന്നെ 13 പ്രധാന സൈനികോദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ ഉത്തരവു നല്‍കുകയും ചെയ്തിരുന്നു. ഫൊന്‍സേകയുടെ നടപടികള്‍ അതീവ ഗൌരവമുള്ളതാണെന്നും അതിനനുസരിച്ച സമീപനം മാത്രമേ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായുള്ളു എന്നും സൈനിക വക്താവും മന്ത്രിയുമായ കെഹേലിയ റംബുക്വെല്ല പ്രതികരിച്ചു.

ഭര്‍ത്താവിനെതിരായ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ഫൊന്‍സേകയുടെ ഭാര്യ അനോമ വൈകാരികമായിതന്നെ രംഗത്തുവരികയുണ്ടായി. 150 സൈനികര്‍ വീട്ടില്‍ ഇരച്ചുകയറി അദ്ദേഹത്തെ മൃഗത്തെപ്പോലെ വലിച്ചിഴക്കുകയായിരുന്നു. മനുഷ്യവിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ അമ്മമാരും പെണ്‍മക്കളും തനിക്കൊപ്പം നില്‍ക്കണമെന്നും അനോമ ഫൊന്‍സേക വീട്ടില്‍വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും ഒത്തുചേരേണ്ട സന്ദര്‍ഭമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭ്രാന്തന്‍ ഭരണം അഭിപ്രായ സ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും നേരെ കല്ലെറിഞ്ഞ് രസിക്കുകയാണെന്നാണ് സ്വതന്ത്ര നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

രക്തം ഒട്ടിപ്പിടിച്ച ശ്രീലങ്കയുടെ ആധുനിക രാഷ്ട്രീയം മിക്കപ്പോഴും അനിശ്ചിതത്വങ്ങളുടെ നിഴലിലായിരുന്നു. ചിതറിത്തെറിക്കുന്ന പൌരജനങ്ങളും ബോംബുകളില്‍ ഒടുങ്ങുന്ന നേതൃത്വവും അതിന്റെ പ്രധാന സൂചനയും. സാധാരണ മനുഷ്യരുടെ പ്രഭാതങ്ങളെ തൊട്ടുവിളിച്ച സ്ഫോടനപരമ്പരകള്‍. എല്‍ടിടിഇയുടെ അതിക്രമങ്ങള്‍ക്കും സൈന്യത്തിന്റെ നിര്‍ബന്ധങ്ങള്‍ക്കും നടുവില്‍ സ്തംഭിച്ചുനില്‍ക്കുന്ന മനുഷ്യജീവിതം.

പുലികളുടെ കടന്നാക്രമണങ്ങളും ചാവേര്‍മുറകളും അധികാര കേന്ദ്രങ്ങളുടെ പ്രത്യാക്രമണങ്ങളും മുന്നേറ്റങ്ങളും ഏറെ ചരിത്രമുള്ള ലങ്കയെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തുകളയുകയായിരുന്നു. മൂന്നു പതിറ്റാണ്ടിലധികം തീപ്പൊരി വിതറിനിന്ന ഏറ്റുമുട്ടലുകള്‍ രാജ്യത്തിന്റെ പല മേഖലകളെയും തരിശുഭൂമിയായി പരിവര്‍ത്തിപ്പിക്കുകതന്നെ ചെയ്തു. സാമ്പത്തിക പ്രവര്‍ത്തനങ്ങളും കൃഷിപോലുള്ള ഉപജീവനമാര്‍ഗങ്ങളും പൂര്‍ണമായും സ്തംഭിച്ച അവസ്ഥ. രണ്ട് പതിറ്റാണ്ടായി തീവണ്ടികള്‍ പോലുമോടാത്ത കിഴക്കന്‍ പ്രദേശങ്ങള്‍ പരിചയപ്പെടാന്‍ 2009 ജൂണിലെ ലങ്കാ സന്ദര്‍ശനത്തിനിടെ എനിക്കായി. വൈദ്യുതിയില്ലാത്ത റെയില്‍വേസ്റ്റേഷന്‍ എന്നത് പെട്ടെന്ന് വിശ്വസിക്കാനാവുന്നതല്ല. റാന്തലുകള്‍ പിടിച്ച് യാത്രക്കാര്‍ക്ക് വഴികാട്ടുന്ന ഹിരിയാല റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാര്‍ അന്നെനിക്കൊരു കൌതുകവാര്‍ത്തയായിരുന്നു. കുരുനേഗാല ജില്ലയിലാണത്. യാല്‍ദേവി എക്സ്പ്രസ് വണ്ടി 20 വര്‍ഷത്തിനുശേഷം വാവുനിയയിലേക്ക് കൂകിപ്പായുന്നത് കാണാന്‍ പോയപ്പോഴായിരുന്നു ചിലര്‍ ഇക്കാര്യം സൂചിപ്പിച്ചതും.

'വടക്കിന്‍ വസന്തം' എന്ന പ്രഖ്യാപനം കാര്‍ഷിക മേഖലയുടെ പരിതാപകരമായ ഉണക്കംകൂടി അടിവരയിട്ടതായിരുന്നു. 2009 ജൂണ്‍ പത്തിന് കൊളംബോയില്‍നിന്ന് 400 ട്രക്കുകള്‍ നിരനിരയായി ജാഫ്നയിലേക്ക് പുറപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണമാണ് ആ വസ്തുതകളിലേക്കെത്തിച്ചത്. യുദ്ധം ഉഴുതുമറിച്ച വടക്കു-കിഴക്കന്‍ പ്രദേശങ്ങള്‍ കൃഷിയുടെയും ഉല്പാദനത്തിന്റെയും മരുപ്പറമ്പായിരുന്നു. അവിടെ സ്ഥാപിച്ച ലാന്‍ഡ്മൈനുകള്‍ ഭൂമി കൃഷിയോഗ്യമല്ലാതാക്കി. ആ മേഖലയിലെ റെയില്‍വേപാളങ്ങളുടെ പുനര്‍നിര്‍മാണത്തിനുമാത്രം 1400 കോടി രൂപയിലധികം വേണം. യുദ്ധത്തിന്റെ സംഹാരാത്മകത കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠതപോലും ഊറ്റിയെടുത്തു. പല വിത്തുകളും മുളയ്ക്കാത്ത സ്ഥിതി.

ഒരു ലക്ഷത്തിനടുത്ത് മനുഷ്യര്‍ നെടുകെ പിളര്‍ന്ന് മരണത്തിലേക്ക്. 12 ലക്ഷം തമിഴര്‍ വിദേശരാജ്യങ്ങളിലെ അഭയങ്ങളില്‍. മൂന്നു ലക്ഷം സാധാരണക്കാര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നരകജീവിതം നയിച്ചു. രാജ്യത്തിന്റെ ആഭ്യന്തരോല്പാദനത്തിന്റെ 30 ശതമാനത്തിനടുത്താണ് യുദ്ധസന്നാഹങ്ങള്‍ക്കായി വാരിവിതറിയത്. ലങ്ക വിദ്യാഭ്യാസത്തിനായി ചെലവിടുന്നതാകട്ടെ ജിഡിപിയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 2.6 ശതമാനം മാത്രവും. 2009 മേയില്‍ നടന്ന പുലികള്‍ക്കെതിരായ സൈന്യത്തിന്റെ അന്തിമ വിജയപ്രഖ്യാപനത്തിനുശേഷവും ലങ്ക ഉള്ളില്‍ നീറിപ്പുകയുകയാണെന്നാണ് എനിക്ക് തോന്നിയത്.

എല്‍ടിടിഇക്കെതിരായ എല്ലാ നീക്കങ്ങളും ന്യായീകരിക്കപ്പെട്ടപ്പോള്‍ ഒരു ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം വസ്തുതകളും അനാഥമായി നിലവിളിച്ചു. നിശ്ശബ്ദമെന്ന് പുറമെ തോന്നിപ്പിച്ച അവസ്ഥക്കിടയിലായിരുന്നു ജൂലൈയില്‍ ജാഫ്ന-വാവുനിയ നഗരസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ടിടിഇ അനുകൂല തമിഴ് നാഷണല്‍ അലൈന്‍സി (ടിഎന്‍എ) ന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍വിരുദ്ധ ശക്തിളെയെല്ലാം സമഹാരിച്ചു നിര്‍ത്താനുള്ള ശ്രമമുണ്ടായി. ജാഫ്നയില്‍ രജപക്സെയുടെ വിശാല ഭരണസഖ്യത്തിന് ആശ്വസിക്കാന്‍ വകനല്‍കിയ ഫലമായിരുന്നു. വാവുനിയയില്‍ പുലി അനുകൂല സഖ്യമാണ് മുന്നിലെത്തിയിരുന്നത്. ജാഫ്നയില്‍ 20 ശതമാനം മാത്രമായിരുന്നെങ്കില്‍ വാവുനിയയില്‍ 52 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഏറെ കൊട്ടിഘോഷിച്ച് നടത്തിയ തെരഞ്ഞെടുപ്പിന് പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു. അതിനെ രജപക്സെയുടെ 'ജനപിന്തുണ' തെളിയിക്കാനുള്ള ഉപാധിയാക്കാനായിരുന്നു ആദ്യശ്രമം. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയും ജനാധിപത്യ വിമര്‍ശനങ്ങള്‍ വിലക്കിക്കൊണ്ടുമായിരുന്നു പ്രചാരണങ്ങള്‍. പുലിഅനുഭാവം ആരോപിച്ച് തിനക്കുരുള്‍, വലംപുരി, ഉത്തയന്‍ എന്നീ പത്രങ്ങളുടെ പതിനായിരക്കണക്കിന് പ്രതികളാണ് അഗ്നിക്കിരയാക്കിയത്.

രണ്ടാംവട്ട പ്രസിഡന്റായി മഹിന്ദ രജപക്സെയെ തെരഞ്ഞെടുത്ത 2010 ജനുവരി 19ന്റെ വിധിയെഴുത്തും സമാനമായ ചില സന്ദേഹങ്ങള്‍ ഉയര്‍ത്തിവിട്ടു. കാലാവധിക്ക് രണ്ടുവര്‍ഷം മുമ്പ് ജനങ്ങളെ അഭിമുഖീകരിക്കാന്‍ രജപക്സെയെ പ്രേരിപ്പിച്ചതിനു പിന്നില്‍ ഒറ്റ കാരണമേയുള്ളൂ. പുലികളെ അമര്‍ച്ച ചെയ്തുവെന്ന ഊറ്റംകൊള്ളല്‍. ആദ്യ ഘട്ടത്തില്‍ എല്ലാം ഏകപക്ഷീയമായിരുന്നു. കാര്യമായ ചലനമുണ്ടാക്കിയേക്കാവുന്ന എതിരാളിപോലും രംഗത്തുണ്ടായില്ല. എന്നാല്‍ മുന്‍ ആര്‍മി കമാന്‍ഡര്‍ ജനറല്‍ ശരത് ഫൊന്‍സേക സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ രജപക്സെയുടെ രഥയോട്ടത്തിന്റെ വേഗം കുറഞ്ഞു. സൈനികവിജയത്തിന്റെ പൂര്‍ണ അവകാശവാദവുമായിട്ടായിരുന്നു ഫൊന്‍സേകയുടെ വരവ്. യുഎന്‍പിയും ജനതാവിമുക്തി പെരമുനയും ടിഎന്‍എയും ശ്രീലങ്കാ മുസ്ളിംകോണ്‍ഗ്രസും മറ്റും പിന്തുണച്ചതോടെ മത്സരം കടുത്തു.

'മാറ്റത്തിനുവേണ്ടിയുള്ള വിശ്വസനീയമായ മത്സരം' എന്ന സന്ദേശമുയര്‍ത്തി നടന്ന ഫൊന്‍സേകയുടെ പ്രചാരണങ്ങള്‍ രജപക്സെക്കെതിരെ ചില ആരോപണങ്ങള്‍ നിരത്താനും മറന്നില്ല. കീഴടങ്ങിയ പല പുലിനേതാക്കളെയും വിചാരണയ്ക്ക് അവസരം നല്‍കാതെ വധിക്കാനായിരുന്നത്രെ പ്രസിഡന്റിന്റെ നിര്‍ദേശം. അധികാര ദുര്‍വിനിയോഗം, അഴിമതി, സ്വജനപക്ഷപാതം, സാധാരണക്കാരെ അവഗണിക്കുന്ന വികസനം -തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഫൊന്‍സേക ഉയര്‍ത്തിയപ്പോള്‍ തെരഞ്ഞെടുപ്പുയോഗങ്ങളില്‍ വന്‍ പ്രാതിനിധ്യമുണ്ടായി. ഈ ആവേശം ഫലത്തില്‍ ദൃശ്യമായില്ലെന്നതാണ് വാസ്തവം. പോള്‍ ചെയ്ത വോട്ടിന്റെ 17.73 ശതമാനം അധികം നേടിക്കൊണ്ടുള്ള രജപക്സെയുടെ വിജയം അത് തെളിയിക്കുകയുമുണ്ടായി. കരുതിക്കൂട്ടിയുള്ള അക്രമം, ബൂത്തുപിടിത്തം, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം, ഔദ്യോഗിക മാധ്യമങ്ങളുടെ പക്ഷപാതം -തുടങ്ങിയ കാര്യങ്ങളുയര്‍ത്തി പരാജയഭാരം ലഘുവാക്കാന്‍ ഫൊന്‍സേക ശ്രമിച്ചതും മറക്കുന്നില്ല.

തമിഴ് ജനവിഭാഗത്തിന് വോട്ടു ചെയ്യാനാവാതിരുന്നത് , ടിഎന്‍എ പിന്തുണയുടെ പേരില്‍ പുലികളുടെ അതിക്രമം സഹിച്ച വിഭാഗങ്ങള്‍ അകന്നുപോയത്, രജപക്സെയുടെ 'തുടര്‍ച്ചയും സ്ഥിരതയും' എന്ന മുദ്രാവാക്യമുണ്ടാക്കിയ വിശ്വാസം- തുടങ്ങിയ പ്രശ്നങ്ങള്‍കൂടി പരിശോധിച്ചുകൊണ്ടേ ലങ്കന്‍ ഫലത്തെ വിലയിരുത്താനാവൂ. ഇരു സ്ഥാനാര്‍ഥികളും സിംഹള വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും കൂടുതല്‍ പിന്തുണ നേടാനായത് രജപക്സെക്കാണ്. അതുപോലെ ഗ്രാമീണ മേഖലകളില്‍ അദ്ദേഹത്തിന് വലിയ ചലനങ്ങളുണ്ടാക്കാനായി.

ജനസംഖ്യയില്‍ 95 ശതമാനം ശ്രീലങ്കന്‍ തമിഴരും മുസ്ളിങ്ങളും അധിവസിക്കുന്ന വടക്കന്‍ മേഖലയില്‍ ഫൊന്‍സേകക്കായിരുന്നു മുന്‍തൂക്കം. ജാഫ്ന, വാന്നി, ട്രിങ്കോമാലി, ബട്ടിക്കലോവ, അംപാരി മേഖലകള്‍ പ്രത്യേകിച്ച്. ഇന്ത്യന്‍ തമിഴര്‍ കേന്ദ്രീകരിച്ച നുവര-എലിയയിലും ഇതേ മാതൃകയിലായിരുന്നു വിധിയെഴുത്ത്. മുസ്ളിങ്ങളും തമിഴരും ഏറെയുള്ള കൊളംബോയിലെ ഡിവിഷനുകളിലും ഫൊന്‍സേക മുന്നിലെത്തി. സിംഹള ഭൂരിപക്ഷമുള്ള 16 ജില്ലകള്‍ ഒരു മാറ്റവും കാണിക്കാതെ രജപക്സെക്കൊപ്പമാണ് നിന്നത്.

2005ലെ തെരഞ്ഞെടുപ്പുമായി ചില താരതമ്യങ്ങള്‍ നടത്തുന്നതും ഉചിതമായിരിക്കുമെന്ന് തോന്നുന്നു. അന്നത്തെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ റെനില്‍ വിക്രമസിംഗെയോട് രജപക്സെ തലനാരിഴക്കാണ് രക്ഷപ്പെട്ടിരുന്നത്. തമിഴ് അനുകൂല പ്രസ്ഥാനങ്ങളുടെ വീഴ്ചകളും എല്‍ടിടിഇ യുടെ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണാഹ്വാനവും ഉണ്ടായിരുന്നില്ലെങ്കില്‍ വിധി മറ്റൊന്നായേനെ. പ്രഭാകരന്റെ രാഷ്ട്രീയജീവിതത്തിലെ തന്നെ ഏറ്റവും വലിയ വിഡ്ഢിത്തങ്ങളിലൊന്നായിരുന്നു ആ ബഹിഷ്ക്കരണമെന്ന് ചില നിരീക്ഷകര്‍ രേഖപ്പെടുത്തിയത് കാണാതിരിക്കാനുമാവില്ല. ഇക്കുറി രജപക്സെക്ക് സിംഹളരുടെ 70 ശതമാനം വോട്ട് അനുകൂലമാക്കാനായതായിരുന്നു നേട്ടത്തിന്റെ അടിസ്ഥാനം. ഗ്രാമീണ മേഖലയില്‍ പ്രസിഡന്റിനനുകൂലമായ വികാരമുണ്ടായത് വിശദമായ പരിശോധന ആവശ്യപ്പെടുന്നതാണെന്നാണ് ഡിബിസ് ജയരാജ് (അ ൃലീൌിറശിഴ യൌ എൃമരൌൃലറ ഢലൃറശര) അഭിപ്രായപ്പെട്ടിട്ടുള്ളത്. ലങ്കന്‍ വോട്ടര്‍മാര്‍ക്കിടയിലെ നഗര-ഗ്രാമ വിഭജനം ആഴത്തിലുള്ളതായിരിക്കുകയാണെന്നും പഠനം കണ്ടെത്തി.

വിജയത്തിന്റെ അമിതാഹ്ളാദം രജപക്സെ എടുത്തണിയുമ്പോഴും ചില യാഥാര്‍ഥ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ തയാറാവേണ്ടതുണ്ടെന്നും ലങ്കന്‍ വിധിയെഴുത്ത് അുനശാസിക്കുന്നു. രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്കെല്ലാം സൈനിക ഉത്തരങ്ങള്‍ക്കുപകരം രാഷ്ട്രീയ പരിഹാരമാണാവശ്യമെന്നതാണ് അതില്‍ പ്രധാനം. തനിക്ക് എതിരായിനിന്ന തമിഴ്-മുസ്ളിം ജനവിഭാഗങ്ങളോട് അദ്ദേഹം എന്ത് നിലപാടെടുക്കും എന്നതും പ്രസക്തമാണ്. പഴയ അനുഭവങ്ങള്‍ നല്ല ഉത്തരമല്ല ലോകത്തിനു മുന്നിലിട്ടു തരുന്നതും. വംശം, വര്‍ഗം, നഗര -ഗ്രാമ വിഭജനം എന്നീ തട്ടുകളില്‍ വിഭജിക്കപ്പെട്ടവരെ വിശ്വാസത്തിലെടുക്കാനും കഴിയേണ്ടതുണ്ട്.

രാഷ്ട്രീയത്തെ പൂര്‍ണ സൈനികവല്‍ക്കരണത്തിന്റെ മാനദണ്ഡങ്ങള്‍കൊണ്ട് പൂരിപ്പിക്കുകയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷമായി രജപക്സെ. എല്ലാ തൊഴില്‍മേഖലയും അടഞ്ഞപ്പോഴും സൈനികവൃത്തി പൌരന്മാരുടെ പ്രധാന ജീവിതമാര്‍ഗമായിത്തീരുകയുമുണ്ടായി. പുലികള്‍ക്കെതിരായ 'അന്ത്യകര്‍മ'ങ്ങള്‍ പ്രഖ്യാപിക്കപ്പെട്ട 2009 ജനുവരിക്കുശേഷം മാത്രം 22130 സൈനികരെയാണ് റിക്രൂട്ട് ചെയ്തത്. ലങ്കയില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഇതൊരു തടസ്സമാണ്. അരക്കിലോ മീറ്ററിനുള്ളില്‍ ആണ്‍-പെണ്‍ പട്ടാളക്കാരടങ്ങുന്ന നാലുപേരാണ് തടഞ്ഞുനിര്‍ത്തി സംശയനിവൃത്തി നടത്തുന്നതെന്നത് എന്റെ യാത്രയിലും പേടിസ്വപ്നമായിരുന്നു. പ്രഭാകരന്റെ അന്ത്യത്തിനുശേഷം മൂന്ന് സേനാമേധാവികള്‍ക്കും സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍ കൂടുതല്‍ യുദ്ധവിമാനങ്ങളും കപ്പലുകളും വാങ്ങിക്കൂട്ടുകയുമുണ്ടായി. ഈ സൈനികവല്‍ക്കരണത്തിന്റെ ഉപദേശകരിലൊരാളായ ഫൊന്‍സേക ഒടുവിലെങ്കിലും അത് തള്ളിപ്പറഞ്ഞുവെന്നത് നന്നായെങ്കിലും ജനവിശ്വാസമാര്‍ജിക്കാന്‍ പോന്നതായിരുന്നില്ല മനംമാറ്റം. കുറ്റസമ്മതം മുന്‍നിര്‍ത്തി പ്രസിഡന്റിനെ എതിരിട്ട ആര്‍മി മേധാവിയുടെ നിലപാട് ലങ്കയിലെങ്കിലും കൌതുകമുയര്‍ത്തിയിരുന്നു. രണ്ടാംലോക മഹായുദ്ധത്തിനുശേഷം വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെതിരെ രംഗത്തുവന്ന ബെര്‍നാഡ് മോണ്ട്ഗോമറിയുടെയും ബംഗ്ളാദേശിനെതിരായ വിജയത്തിനുശേഷം ഇന്ദിരാഗാന്ധിക്കെതിരെ മത്സരിച്ച മനേക്ഷായുടെയും നടപടികള്‍ ഇതോട് ചേര്‍ത്തുവായിക്കുകയുമുണ്ടായി. സൈന്യത്തിന്റെ രാഷ്ട്രീയവല്‍ക്കരണവും രാഷ്ട്രീയത്തിന്റെ സൈനികവല്‍ക്കരണവും ഏത് ഏതിന് മറുപടിയാണെന്ന് പറയാനാവില്ല. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ശ്രീലങ്കയില്‍ തകൃതിയായ പ്രവണതകളിലൊന്നാണിത്. ഇവ പരസ്പരം പോഷിപ്പിക്കുന്നതുമാണ്. എല്‍ടിടിഇ ക്കെതിരായ നീക്കങ്ങള്‍ ഈ പ്രക്രിയയെ ത്വരിതമാക്കുകയും ചെയ്തു. പുലികള്‍ക്കെതിരായ യുദ്ധമെന്ന ഒറ്റ അജന്‍ഡ സൈന്യത്തിന്റെ രാഷ്ട്രീയവല്‍ക്കരണത്തെ ഊതിക്കത്തിച്ചു. എന്നാല്‍ ഫൊന്‍സേകയുടെ പരാജയം അതിനൊരു ക്ഷതമേല്പിക്കാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.

ശ്രീലങ്കന്‍ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയും അമേരിക്കയും നടത്തിയ പ്രതികരണങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വിധിയെഴുത്ത് അംഗീകരിക്കണമെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടത്. രാഷ്ട്രതാല്പര്യം മുന്‍നിര്‍ത്തി എല്ലാ പാര്‍ടികളും വ്യക്തികളും ഉത്തരവാദത്തോടെ പെരുമാറണമെന്നും അത് സൌഹാര്‍ദത്തിനും ഭാവിക്കും ശുഭകരമായിത്തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയപ്പെട്ട ഫൊന്‍സേകയുടെ ജീവന് ഭീഷണിയുള്ളതായി വെളിപ്പെട്ടതിനാല്‍ അദ്ദേഹവുമായി ബന്ധപ്പെട്ടുവരുന്നതായാണ് യു എസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി ഫിലിപ്പ് ക്രോലി അറിയിച്ചത്. ഭാവിപരിപാടികള്‍ അറിഞ്ഞശേഷം ഫൊന്‍സേകക്ക് സാധ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും ക്രോലി പറയുകയുണ്ടായി. പ്രതിപക്ഷവുമായി പ്രസിഡന്റ് അനുരഞ്ജനത്തിന് തയാറാവണമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ക്കൂടി ഫൊന്‍സേകക്കെതിരെ വ്യക്തമായ നീക്കങ്ങള്‍ നടന്നിരുന്നു. ചില സൈനിക മേധാവികളുമായി ചേര്‍ന്ന് അദ്ദേഹം രജപക്സെയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ തുടങ്ങി അത്. ഫലം പുറത്തുവരുമ്പോഴേക്കും ഫൊന്‍സേക താമസിച്ച കൊളംബോയിലെ ഹോട്ടല്‍ സൈന്യം വളയുകയും ചെയ്തു. പിന്നെ അദ്ദേഹത്തിന് അനുവദിക്കപ്പെട്ട 80 അംഗ സുരക്ഷാസംഘത്തെ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ഫൊന്‍സേക 15 പേരടങ്ങിയ സ്വകാര്യ സുരക്ഷാ സംവിധാനത്തെ സ്വയം ഒരുക്കുകയുണ്ടായി.

ശ്രീലങ്കയില്‍നിന്നുള്ള പല വാര്‍ത്തകളും അതേമട്ടില്‍ പുറംലോകത്തെത്തുന്നില്ലെന്നത് ഞാന്‍ യാത്രയിലുടനീളം തിരിച്ചറിഞ്ഞിരുന്നു. പുലികളെ ചൂണ്ടിക്കാണിച്ച ് തുറന്നുപിടിച്ച സൈനിക ഭീഷണി അതിലൊന്നാണ്. വിദേശങ്ങളില്‍നിന്നുള്ള രാഷ്ട്രീയ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും പൌരാവകാശ പ്രചാരകരെയും അരിച്ചുനോക്കിയാണ് അവിടേക്ക് പ്രവേശിപ്പിക്കുന്നതും. ഞാന്‍ കൊളംബോയില്‍ വിമാനമിറങ്ങിയ 2009 ജൂണ്‍ അഞ്ചിനാണ് കനഡയില്‍നിന്നുള്ള മുന്‍ മന്ത്രിയും ഇപ്പോള്‍ പാര്‍ലമെന്റംഗവുമായ റോബര്‍ട് കെയ്ത് റേയെ തിരിച്ചയച്ചത്. എല്‍ടിടിഇ പക്ഷപാതിയെന്നാരോപിച്ച് വിമാനത്താവളത്തില്‍ നിന്നുതന്നെ സൈന്യം പിടികൂടി തിരിച്ചയക്കുകയായിരുന്നു.

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന നടപടികള്‍ തെരഞ്ഞെടുപ്പിനുശേഷവുമുണ്ടായി. ഫൊന്‍സേകയെ തുണച്ച 'ലങ്ക വീക്ക്ലി' പത്രത്തിന്റെ ഓഫീസ് സൈന്യം അടച്ചുപൂട്ടി. അതിന്റെ പത്രാധിപര്‍ ചന്ദന സിരിമല്‍വത്തയെ അതിനുമുമ്പുതന്നെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്യുകയുമുണ്ടായി. മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥനെക്കുറിച്ച് വാര്‍ത്ത കൊടുത്തതിനായിരുന്നു നടപടി. ആറുമാസത്തിനിടെ ആറാം തവണയാണ് ചന്ദനയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചത്. രജപക്സെ സഖ്യത്തിനെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മറ്റൊരു പത്രത്തിന്റെ ലേഖകനെയും കാര്‍ടൂണിസ്റ്റിനെയും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പെ കാണാതായി. പോളിങ് റിപ്പോര്‍ടുചെയ്യാനെത്തിയ സ്വിസ് പത്രപ്രവര്‍ത്തകയോട് ലങ്ക വിട്ടുപോകാനും സര്‍ക്കാര്‍ ഉത്തരവു നല്‍കി. കരിന്‍ വെന്‍ഗര്‍ എന്ന സ്വിസ് പബ്ളിക് റേഡിയോ വക്താവിന് നേരെയായിരുന്നു ഭീഷണി. കാരണമൊന്നും വ്യക്തമാക്കാതെ കരിന്റെ അക്രഡിറ്റേഷനും റദ്ദാക്കപ്പെട്ടു. ഇതു സംബന്ധിച്ച് ഏറെ വെളിപ്പെടുത്തിയ പാരീസ് ആസ്ഥാനമായ റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന ജനുവരി 24 ന് കാണാതായ കാര്‍ടൂണിസ്റ്റ് പ്രഗീത് എക്നാലിഗോഡയെ കണ്ടെത്താന്‍ അന്വേഷണം ത്വരിതമാക്കണമെന്നും ആശ്യപ്പെട്ടിട്ടിരിക്കയാണ്.

എന്റെ ശ്രീലങ്കന്‍ യാത്രയുടെ ചില ഘട്ടങ്ങളിലെങ്കിലും അവിടുത്തെ പ്രശസ്ത പത്രപ്രവര്‍ത്തകരുമായി രഹസ്യമായി ബന്ധം സ്ഥാപിക്കാനും ചര്‍ച്ചകള്‍ നടത്താനും കഴിഞ്ഞിരുന്നു. മുനയൊടിക്കപ്പെട്ട പേനയെക്കുറിച്ചാണ് മിക്കവരും പരിഭവിച്ചത്. അതുമാത്രമല്ല, 'കാണാതാക്കല്‍ പ്രവണത' മാധ്യമമേഖലയില്‍ ഏറുകയാണെന്നും അറിയിച്ചു. 'കാണാനില്ല' എന്ന പംക്തിയില്‍ സ്വന്തം വാര്‍ത്തയും ചിത്രവും നല്‍കുകയാണ് തങ്ങളുടെ വിധിയെന്നും ഹാസ്യരൂപേണ പറഞ്ഞത് ലോകപ്രശസ്തമായ 'സണ്‍ഡേ ടൈംസി'ന്റെ ഡെപ്യൂട്ടി എഡിറ്ററായ ആന്റണി ഡേവിഡ്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ 2006 മുതലാണ് മൃഗീയഭാവമാര്‍ജിച്ചത്. ഒമ്പത് പത്രപ്രവര്‍ത്തകര്‍ ഇക്കാലയളവില്‍ വധിക്കപ്പെടുകയുണ്ടായി. ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. 'ദി സണ്‍ഡേ ലീഡര്‍' ചീഫ് എഡിറ്റര്‍ ലസന്ത വിക്രമതുംഗെയുടെ കൊലപാതകം അന്താരാഷ്ട്ര നിലവാരത്തില്‍തന്നെ ചര്‍ച്ചയായിരുന്നു. 2009 ജനുവരി എട്ടിനായിരുന്നു ലോകത്തെ നടുക്കിയ ആ വധം. ശ്രീലങ്കര്‍ വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് അസോസിയേഷന്‍ സെക്രട്ടറി പൊഡ്ഡല ജയന്തക്കുനേരെയുണ്ടായ വധശ്രമം മറ്റൊരു ഭീകര സംഭവമായിരുന്നു. 2009 ജൂണ്‍ രണ്ടിനായിരുന്നു കൈകാലുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ അദ്ദേഹത്തെ വഴിവക്കില്‍ തള്ളിയത്. ജയന്ത ഇപ്പോഴും മരണസമാനമായ അവസ്ഥയിലാണെന്നാണ് ആന്റണി ഡേവിഡ് കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചപ്പോള്‍ അറിയിച്ചത്. അധികാരം നീട്ടിക്കിട്ടിയ അവസ്ഥയിലും രജപക്സെ ഇവയ്ക്കെതിരെ ചെറുവിരല്‍പോലും അനക്കുന്നില്ലെന്നതാണ് സത്യം. തെരഞ്ഞെടുപ്പ് നേരത്തെയാക്കി വിജയമുറപ്പിച്ച തന്റെ നടപടി ചോദ്യം ചെയ്യുമെന്ന് ഭയന്ന് പ്രസിഡന്റ് സുപ്രീംകോടതിയുടെ വിദഗ്ധോ. പദേശം തേടിയിരിക്കയാണ്. ഈ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്കെതിരായി കടുത്ത സമീപനങ്ങള്‍ തുടരാനാണ് കൂടുതല്‍ സാധ്യത. പൊലീസ് - സൈനിക അച്ചുതണ്ടിന്റെ അടിച്ചമര്‍ത്തലുകളില്‍ അമര്‍ന്ന ശ്രീലങ്ക മാധ്യമസ്വാതന്ത്യ്രത്തിന്റെ കാര്യത്തില്‍ നാണംകെട്ട ഗ്രാഫാണ് കാണിച്ചുതരുന്നത്. മാധ്യമ അടിച്ചമര്‍ത്തല്‍ ഏറ്റവും ശക്തിമത്തായ 173 രാജ്യങ്ങളുടെ പട്ടികയില്‍ ലങ്കയ്ക്കു പിറകില്‍ 7 രാജ്യങ്ങളേയുള്ളു.

*
അനില്‍കുമാര്‍ എ വി കടപ്പാട്: ദേശാഭിമാനി വാരിക

Sunday, February 21, 2010

ബ്ളാക്ക് ആന്റ് വൈറ്റിലെ വര്‍ണരാജികള്‍

ബ്ളാക്ക് ആന്റ് വൈറ്റ് സിനിമയുടെ കാലം അവസാനിച്ചതിനെ തുടര്‍ന്ന് ചലച്ചിത്ര പഠനങ്ങളിലും ഗവേഷണങ്ങളിലും ചരിത്രാന്വേഷണങ്ങളിലും പിന്നെ ഗൃഹാതുരത്വങ്ങളിലും മാത്രമേ കറുപ്പിനും വെളുപ്പിനും അവക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന ചാരനിറങ്ങള്‍ക്കും നിഴലുകള്‍ക്കും സ്ഥാനമുള്ളൂ എന്നാണ് പൊതുധാരണ. എല്ലാ കാഴ്ചസ്ഥലങ്ങളും കടുത്ത വര്‍ണങ്ങള്‍ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. ഈ കുറിപ്പ് പക്ഷെ അതിനെക്കുറിച്ചൊന്നുമല്ല. ബ്ളാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിക്കുകയും സിനിമാചരിത്രത്തില്‍ നിഷ്ക്കാസിതമാക്കാനാവാത്ത വിധം സ്ഥാനം പിടിച്ചെടുക്കുകയും ചെയ്ത ചില ചലച്ചിത്ര/ദൃശ്യങ്ങളിലെ വര്‍ണപ്രതീതികളുടെ അത്ഭുതവും സന്ത്രാസവും പങ്കുവെക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. അതായത്, കറുപ്പിലും വെളുപ്പിലും മാത്രം ചിത്രീകരിച്ചിട്ടും ചുകപ്പ്, പച്ച പോലുള്ള കടും നിറങ്ങളില്‍ തിരിച്ചറിയപ്പെട്ട ചില ദൃശ്യപദാര്‍ത്ഥങ്ങളും അവയെ അപ്രകാരം തിരിച്ചറിയപ്പെടാന്‍ പ്രേരിപ്പിക്കപ്പെട്ട ചരിത്ര/ദൃശ്യ ബോധവുമാണ് അന്വേഷിക്കപ്പെടുന്നത്.

ചാര്‍ളി ചാപ്ളിന്റെ മോഡേണ്‍ ടൈംസിലെ ഒരു മുഖ്യദൃശ്യം ഇപ്രകാരമാണ്. ആധുനിക വ്യവസായ ശാലയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ചാപ്ളിന്‍ തന്റെ സ്ഥിരം തെണ്ടി വേഷത്തിലേക്കും തെരുവിലേക്കും എടുത്തെറിയപ്പെടുന്നു. അലക്ഷ്യമായി തെരുവില്‍ അലയുന്ന അയാളുടെ അരികിലൂടെ ഒരു ലോറി കടന്നു പോകുന്നു. ലോറിയില്‍ വൈദ്യുതി വകുപ്പിന്റെയോ ടെലിഫോണ്‍ വകുപ്പിന്റെയോ ആവശ്യത്തിനു കൊണ്ടു പോകുന്ന കോണ്‍ക്രീറ്റ്/കമ്പിക്കാലുകളാണുള്ളത്. അത്തരം കമ്പിക്കാലുകള്‍ ലോറിയുടെ ബോഡിയെ കടന്ന് പുറത്തേക്ക് തെറിച്ചു നില്‍ക്കുന്നുണ്ടാവും. അത് അപകടത്തെ ക്ഷണിച്ചുവരുത്തുന്ന ഒരു തുറിച്ചു നില്‍പാണ്. അതുകൊണ്ടു തന്നെ അപായം എന്ന് സൂചിപ്പിക്കുന്ന ഒരു ചുകന്ന കൊടി അതിന്റെ അറ്റത്തായി കെട്ടിവെച്ചിട്ടുമുണ്ടാവും. ഈ സ്ഥിരാനുഭവം തന്നെയാണ് മോഡേണ്‍ ടൈംസിലെ തെണ്ടിയും കാണുന്നത്. സിനിമ ബ്ളാക്ക് ആന്റ് വൈറ്റായതുകൊണ്ട് കൊടിയുടെ നിറം ചുകപ്പാണെന്ന് കാണി ഊഹിക്കുകയും ഊഹത്തിലൂടെ ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. ലോറി റോഡിലെ കുഴിയില്‍ ചാടിയിട്ടോ എന്തോ, പെട്ടെന്ന് ആ ചുകന്ന കൊടി കെട്ടു വിട്ട് താഴെ വീഴുന്നു. അത് കണ്ടങ്കലാപ്പിലായ ചാപ്ളിന്‍ കൊടിയെടുത്ത് വീശിക്കാണിച്ച് പാഞ്ഞുപോകുന്ന ലോറിയെ നോക്കി എന്തോ ആക്രോശിക്കുന്നു. നിശ്ശബ്ദ സിനിമയായതുകൊണ്ട് എന്താണയാള്‍ പറയുന്നതെന്നതും നമുക്ക് ഊഹിക്കുകയേ നിവൃത്തിയുള്ളൂ. ലോറി പാഞ്ഞുപോകുകയും കൊടി വീശിക്കാണിക്കുന്ന തെണ്ടി റോഡിന്റെ നടുവില്‍ ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുകയും ചെയ്യുമ്പോഴാണ് പുറകില്‍ നിന്ന് തൊഴിലാളികളുടെ ഒരു ജാഥ റോഡു നിറഞ്ഞ് വരുന്നത്. റോഡിന്റെ നടുവില്‍ നില്‍ക്കുന്ന കുള്ളനും ദുര്‍ബലനുമായ ചാപ്ളിന്‍ ജാഥയുടെ ഭാഗമായി മാറുകയും മുമ്പില്‍ ചുകന്ന കൊടി വീശിക്കാണിക്കുന്ന നേതാവായി കാഴ്ചയില്‍ പരിണമിക്കുകയും ചെയ്യുന്നു. അടുത്തതായി സംഭവിക്കുന്നത്, പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജാണ്. ലാത്തിച്ചാര്‍ജ്ജിനെ മുന്‍കൂട്ടി മണത്തറിഞ്ഞിരുന്ന പ്രകടനക്കാര്‍ പൊലീസിന് പിടി കൊടുക്കാതെ വളരെ പെട്ടെന്ന് ഊടുവഴികളിലൂടെ രക്ഷപ്പെടുന്നു. പലതരം സംഭവങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെ നടക്കുന്നതിനിടയില്‍ പെടുന്ന ചാപ്ളിനാകട്ടെ റോഡിലുള്ള ഒരു മാന്‍ഹോളില്‍ വീഴുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ കാണാനുള്ളത്, രക്ഷിക്കൂ രക്ഷിക്കൂ എന്ന് നിലവിളിച്ചു കൊണ്ട് പുറത്തേക്കു പറക്കുന്ന ഒരു ചുകന്ന കൊടി മാത്രമാണ്. അതാ അവനാണ് നേതാവ് അവനെ പിടി കൂടൂ എന്നാക്രോശിച്ച് ചാപ്ളിനെ കൈയോടെ പോലീസ് പിടികൂടി കല്‍ത്തുറുങ്കിലടക്കുന്നു.

വര്‍ണവിസ്മയങ്ങള്‍ ചലച്ചിത്രത്തിലുള്‍പ്പെടുത്താനുള്ള സാങ്കേതികവിദ്യ വികസിക്കുന്നതിന് മുമ്പേ നടന്ന ഒരു 'വര്‍ണ' പരീക്ഷണമായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. കാണിയുടെ ചരിത്ര ബോധവും ദൃശ്യബോധവുമാണ് ഇവിടെ വര്‍ണത്തെ സൃഷ്ടിക്കുന്നത്; അല്ലാതെ സിനിമയുടെ സാങ്കേതിക വികാസമല്ലെന്നര്‍ത്ഥം. അപായത്തെയും വിപ്ളവാഹ്വാനത്തെയും ഒരേ സമയം വെളിപ്പെടുത്താനുള്ള ചുകന്ന കൊടിയുടെ നിയോഗത്തെയാണ് ചാപ്ളിന്‍ ഈ ദ്വന്ദ്വതയിലൂടെ രസനീയമായി ആവിഷ്ക്കരിക്കുന്നത്. അതോടൊപ്പം തെണ്ടിയുടെ കഥാപാത്രത്തിലൂടെ പെര്‍സൊണിഫൈ ചെയ്യപ്പെടുന്ന ചാപ്ളിന്റെ പ്രത്യയശാസ്ത്ര സന്ദിഗ്ദ്ധതയുമാകാം ഈ രംഗത്തെ രൂപീകരിച്ചത്. തൊഴില്‍ നഷ്ടപ്പെട്ടിട്ടും മുതലാളിത്തത്തിനെതിരായ യൂണിയന്റെയോ പാര്‍ടിയുടെയോ പ്രകടനത്തില്‍ അയാള്‍ സ്വയമേവ പങ്കെടുക്കുന്നില്ല. തെരുവിലെ യാദൃശ്ചികമായ ഒരു സംഭവത്തെ തുടര്‍ന്ന് അയാള്‍ അതിലേക്ക് അണി ചേര്‍ക്കപ്പെടുകയാണ്(ചാപ്ളിന്‍ സിനിമാഭിനയത്തിലേക്കും ഇതേ പോലെ എടുത്തെറിയപ്പെടുകയായിരുന്നു/അല്ലാതെ ചില ഉന്നതരെ പോലെ, ------ ഫിലിം ഇന്‍സ്റിറ്റ്യൂട്ടിന്റെ സന്തതിയാണ് ചാപ്ളിന്‍ എന്ന് ജീവചരിത്രം എഴുതാറില്ലല്ലോ). മിക്കവാറും എല്ലാ തൊഴില്‍ രഹിതരും പീഡിതരും ഇപ്രകാരമല്ലെങ്കിലും മറ്റു വിധത്തില്‍ യാദൃശ്ചികമായി ത്തന്നെയാണ് സംഘടനയിലേക്കും പാര്‍ടിയിലേക്കും അണി ചേര്‍ക്കപ്പെടുന്നത്. ഇവിടെ അതിനെ കുറേക്കൂടി നാടകീയമായി അവതരിപ്പിച്ചിരിക്കുന്നു എന്നും സമര്‍ത്ഥിക്കാം. എന്തായാലും, കറുപ്പിന്റെയും വെളുപ്പിന്റെയും സങ്കേതം മാത്രമുപയോഗിച്ചുകൊണ്ട്, ചുകപ്പിനെ സൃഷ്ടിച്ച ഈ അഭൂതപൂര്‍വ്വമായ സര്‍ഗ്ഗാത്മകതയെ വര്‍ണങ്ങളുടെ കുത്തൊഴുക്കുണ്ടായ പില്‍ക്കാലത്തും മറികടക്കാന്‍ ആര്‍ക്കും എളുപ്പത്തില്‍ സാധിച്ചിട്ടില്ലെന്നത് പ്രസ്താവ്യമാണ്.

നവീകരിക്കപ്പെട്ട മലയാള സിനിമയില്‍ നിന്നാണ് അടുത്ത ഉദാഹരണം. ലോകസിനിമയിലും മലയാളസിനിമയിലും വര്‍ണം പതിവായിക്കഴിഞ്ഞിട്ടും എഴുപതുകളില്‍ ധാരാളം ബ്ളാക്ക് ആന്റ് വൈറ്റ് സിനിമകളിറങ്ങുന്നത് സാധാരണമായിരുന്നു. മുടക്കുമുതലിലുള്ള വന്‍ വ്യത്യാസം കൊണ്ടായിരുന്നു ഈ പ്രവണത. കൂടാതെ ജനപ്രിയ/മുഖ്യധാരാ/കച്ചവട സിനിമകളുടെ ധാരാളിത്തം വേണ്ടെന്നു വെക്കുന്ന സിനിമകള്‍ക്ക് സൌന്ദര്യാത്മകസിനിമയുടെ കാറ്റഗറൈസേഷനില്‍ കടന്നു കൂടാനും കളറില്ലായ്മ എളുപ്പമായിരുന്നു. ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് (ഈ കഥാപാത്രത്തെ ഹൃദയസ്പൃക്കായി അവതരിപ്പിച്ച പി ജെ ആന്റണിക്ക് ഭരത് അവാര്‍ഡ് ലഭിക്കുകയുണ്ടായി) ജീവിത പരാജയത്തെ തുടര്‍ന്ന് താനിത്രയും കാലം ഉപാസിച്ചിരുന്ന ദേവീ വിഗ്രഹത്തിനു മുകളിലേക്ക് തല വെട്ടിപ്പൊളിച്ചെത്തിയ ചോര കൂടി കലര്‍ത്തി ശക്തമായി തുപ്പുന്ന അന്ത്യരംഗത്തിലൂടെ യുക്തിവാദപ്രത്യക്ഷമനസ്സുള്ളവരെ കോരിത്തരിപ്പിച്ച എം ടിയുടെ നിര്‍മ്മാല്യവും ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു. വര്‍ഗീയതക്കും മതബോധത്തിനുമെതിരായ ശക്തമായ ആഖ്യാനമായി നിര്‍മാല്യം കൊണ്ടാടപ്പെട്ടു. അന്ത്യത്തിന് തൊട്ടു മുമ്പായി, വെളിച്ചപ്പാടിനെ ഇത്ര കടുപ്പത്തില്‍ വേദനിപ്പിച്ച സംഭവം എന്തായിരുന്നു? പലചരക്കു കടയിലെ കടം പല തവണ ആവശ്യപ്പെട്ടിട്ടും വീട്ടാത്തതിനെ തുടര്‍ന്ന് അതു മുതലാക്കാന്‍ ആണുങ്ങളില്ലാത്ത തക്കം നോക്കി വെളിച്ചപ്പാടിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ ലൈംഗികമായി പ്രാപിക്കുന്ന കടയുടമ വാതില്‍ തുറന്നിറങ്ങിവരുന്നതും അയാള്‍ക്കു പിന്നിലായി തന്റെ ഭാര്യ(കവിയൂര്‍ പൊന്നമ്മ) സംഭോഗത്തിനു ശേഷം തലമുടി കെട്ടി വെച്ച് പുറത്തേക്കു വരുന്നതും കണ്ടതിന്റെ ഷോക്കിലാണ് വെളിച്ചപ്പാട് മരണത്തിലേക്കു കുതിക്കുന്നത്. ഈ കടയുടമ ഒരു മുസ്ളിമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായ രൂപത്തില്‍ എപ്രകാരമാണ് സ്ഥാപിക്കപ്പെടുന്നത് എന്ന് ശ്രദ്ധിക്കുക. തലേക്കെട്ടും കള്ളിമുണ്ടും തുളവീണ ബനിയനും ധരിച്ച അയാള്‍ തന്റെ വീതി കൂടിയ ബെല്‍റ്റ് മുറുക്കുന്ന ദൃശ്യത്തിലൂടെയാണ് മുസ്ളിം സ്വത്വം ഉറപ്പിക്കപ്പെടുന്നത്. സിനിമകളിലെ മുസ്ളിം സ്റ്റീരിയോടൈപ്പിന്റെ നിര്‍ബന്ധിത വേഷമായിരുന്നു ഈ ബെല്‍റ്റ്. ആ ബെല്‍റ്റിന്റെ നിറമാകട്ടെ പച്ചയാകണം എന്നും നിര്‍ബന്ധമാണ്. നിര്‍മാല്യം ബ്ളാക്ക് ആന്റ് വൈറ്റ് സിനിമയായിട്ടും കാണുന്നവര്‍ക്ക് ഈ 'പച്ച' ഫീല്‍ ചെയ്തു എന്നതാണ് വാസ്തവം.

തന്റെ കള്ളിമുണ്ടിനെ അരയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയെന്നോണം ധരിക്കുന്ന ഈ പച്ച ബെല്‍റ്റ് പലതരത്തില്‍, പൊതു(മൃദുഹിന്ദുത്വ) കാണിയുടെ കാഴ്ചയിലും ബോധത്തിലും ഉറച്ചിരിക്കുന്ന മുസ്ളിം സ്വത്വത്തെ പുന:സ്ഥാപിക്കാനും ന്യായീകരിച്ചെടുക്കാനും പര്യാപ്തമാണ്. അക്കാലത്ത്, മലബാറിലെ മുസ്ളിങ്ങള്‍/മാപ്പിളമാര്‍ മുണ്ടിനടിയിലെ അടിവസ്ത്രമായ ജെട്ടിയോ ട്രൌസറോ ധരിക്കാറില്ലെന്നാണ് വി കെ എന്‍ സാക്ഷ്യപ്പെടുത്തുന്നത്. അടിവസ്ത്രമില്ലായ്മയുടെ ഈ മലപ്പുറം രീതിയെ, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനേക്കാള്‍ സുഖകരം എന്നോ മറ്റോ ഒരു കഥയില്‍ മാപ്പിള കഥാപാത്രം നിര്‍വ്വാണം അടയുന്നതായി വി കെ എന്‍ പരിഹാസരൂപേണ വിവരിക്കുന്നുണ്ട്. അക്കാലത്ത്, പ്രബലമായിരുന്ന ഗള്‍ഫ് വിരുദ്ധ/മുസ്ളിം വിരുദ്ധ തമാശകളിലൊന്ന് ഇപ്രകാരമായിരുന്നു(സീതിഹാജി വിരുദ്ധ തമാശകളിലും ഇത് കേട്ടിട്ടുണ്ട്). ദുബായ്ക്കാരനായ തന്റെ മകന്‍ ലീവില്‍ വീട്ടില്‍ വന്നതിന്റെ പത്രാസ് പുറം ലോകത്തെ അറിയിക്കാന്‍; പൊതുസ്ഥലത്തെ സൊറക്കൂട്ടത്തില്‍ വെച്ച് ബാപ്പ, തന്റെ മോന്‍ കൊണ്ടു വന്ന പോളിസ്ററിന്റെ അണ്ടര്‍വെയറിനെക്കുറിച്ച് വിവരിക്കുന്നു. തുടര്‍ന്ന് അത്തരത്തിലൊരു അണ്ടര്‍വെയര്‍ കാണിക്കാനായി അയാള്‍ മുണ്ടു പൊക്കി പറയുന്നത്: ഇതു പോലെ വേറെയും വീട്ടിലുണ്ട് എന്നായിരുന്നു. തമാശ എന്താണെന്നു വെച്ചാല്‍, അയാള്‍ അണ്ടര്‍ വെയര്‍ ധരിക്കാന്‍ മറന്നു പോയിരുന്നു എന്നതാണ്. അതു പോലെ അണ്ടര്‍ വെയര്‍ ധരിക്കാതെ മാപ്പിളമാര്‍ ലോകം ചുറ്റുന്നത്, സൌകര്യം കിട്ടിയിടത്തെല്ലാം സ്ത്രീകളെ ഭോഗിക്കാനാണെന്നും പൊതു(മൃദുഹിന്ദുത്വ) ബോധം കരുതിപ്പോന്നിരുന്നുവെന്നു വേണം അനുമാനിക്കാന്‍. അണ്ടര്‍വെയര്‍ ഇല്ലാത്തതിനാല്‍, മുണ്ടിന് ഇരട്ടി ബലം നല്‍കാന്‍ വേണ്ടിയാണ് വീതി കൂടിയ പച്ച ബെല്‍റ്റ് മാപ്പിളമാര്‍ ധരിക്കുന്നത് എന്ന ധാരണ ഉറപ്പിക്കാന്‍ വേണ്ടിയാണ്, നിര്‍മാല്യത്തിലെ പലചരക്കുകടക്കാരനായ മുസ്ളിമിന്റെയും പച്ച ബെല്‍റ്റ് ക്ളോസപ്പിലേക്ക് കടന്നു വരുന്നത്. പച്ച നോട്ടുകള്‍ എത്രയുണ്ടെങ്കിലും അത് തിരുകിവെക്കാനുള്ള അനവധി അത്ഭുത ഉള്ളറകളും സഞ്ചികളും അടങ്ങിയ പച്ച ബെല്‍റ്റ്; മാപ്പിള, ധനാര്‍ത്തനും (കപട) കച്ചവടക്കാരനും എല്ലാം നോട്ടിനെ അടിസ്ഥാനപ്പെടുത്തി കണക്കു കൂട്ടുന്നവനാണെന്നും ധ്വനിപ്പിക്കാനും ഉതകുന്നു. എല്ലാം പണത്തിന് കീഴ്പ്പെടുത്തിയവനും സര്‍വ്വസമയവും കാമോത്തേജിതനും ആയ ഒരു നികൃഷ്ട പുരുഷ ജന്മമാണ് മാപ്പിളയുടേത് എന്നാണ് ഈ പ്രതിനിധാനത്തിലൂടെ സ്ഥാപിക്കപ്പെടുന്നത്. 2009ല്‍ ലവ് ജിഹാദ് എന്ന വ്യാജമായ ആരോപണത്തിലൂടെ മലയാളി മുസ്ളിം പയ്യന്മാരെ കീഴ്പ്പെടുത്താനുള്ള പരിശ്രമത്തിന്റെയും വേരുകള്‍ ഈ പ്രതിനിധാനത്തിലും അതില്‍ കാണിക്കാതെയും തെളിയുന്ന പച്ച നിറത്തിലും കണ്ടെടുക്കാന്‍ കഴിയും.

വര്‍ണമെന്നത് കേവലം നേര്‍ക്കു നേരായുള്ള കാഴ്ചയില്‍ തെളിയുകയും മിന്നുകയും ചെയ്യുന്ന ഒരു യാഥാര്‍ത്ഥ്യം മാത്രമല്ലെന്നും, അത് പുറകോട്ടും മുമ്പോട്ടും സഞ്ചരിക്കാന്‍ കെല്‍പുള്ള ഒരു അനുഭൂതിയും രാഷ്ട്രീയ അനുഭവവുമാണെന്നാണ് ഈ ഉദാഹരണങ്ങള്‍ തെളിയിക്കുന്നത്. ബ്ളാക്ക് ആന്റ് വൈറ്റ് സിനിമയില്‍ തന്നെ അപൂര്‍വ്വം അവസരങ്ങളിലാണെങ്കിലും തെളിഞ്ഞു വന്ന ആ ചുവപ്പും പച്ചയും ചരിത്രബോധം, മുന്‍വിധികള്‍, ഭയങ്ങള്‍, ഭൂതാവേശങ്ങള്‍, ആസക്തികള്‍ എന്നീ പ്രക്രിയകളിലൂടെയാണ് ഭാവന ചെയ്യപ്പെടുന്നത്.

*
ജി. പി. രാമചന്ദ്രന്‍