Wednesday, February 10, 2010

എന്തിനീ കുറ്റവിമുക്തി - ഗാന്ധിജി ഗോഡ്സെ ചരിത്രത്തിലെ ദൂരം ഭാഗം 2

ആദ്യ ഭാഗം - ഗാന്ധിജി ഗോഡ്സെ ചരിത്രത്തിലെ ദൂരം

ഹിന്ദുരാഷ്ട്രമെന്ന അമ്മദേവിയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുകയാണെന്ന മുഖവുരയോടെ എഴുതിയ 'വി ഓര്‍ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്' എന്ന കൃതിയില്‍ ഹിന്ദുദേശീയത സംബന്ധിച്ച ആര്‍എസ്എസ് നിലപാടിന്റെ ആധികാരികവിളംബരം അവതരിപ്പിച്ചിട്ടുണ്ട് എം എസ് ഗോള്‍വാള്‍ക്കര്‍. ജൂതന്മാര്‍ക്കും വംശീയ ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അഡോള്‍ഫ് ഹിറ്റ്ലറുടെ മെയ്ന്‍കാംഫ് തുപ്പിയ വിദ്വേഷത്തിന്റെ നുര അതില്‍ക്കാണാം. "നാം ഹിന്ദുക്കളും മുസ്ളിങ്ങളും ബ്രിട്ടീഷുകാരും എക്കാലത്തും ത്രികോണ യുദ്ധത്തിലായിരുന്നു''വെന്നു പറയുന്ന ഗോള്‍വാള്‍ക്കറുടെ ഹിറ്റ്ലേറിയന്‍ ഉപദേശത്തിന്റെ ഭാവം ശ്രദ്ധിക്കുക:

"വിദേശികള്‍ക്കുമുന്നില്‍ രണ്ടുപോംവഴികളേയുള്ളു. ഒന്നുകില്‍ അവര്‍ ദേശീയജനതയുടെ സംസ്കാരം സ്വീകരിച്ച് പൊതുധാരയില്‍ ലയിച്ചുചേരുക. അല്ലെങ്കില്‍ അവര്‍ ദേശീയജനതയുടെ കാരുണ്യത്തില്‍ കഴിയുക...''

ഗാന്ധിജിയുടെ സഹിഷ്ണുതയും ഈ അസഹിഷ്ണുതയും കൈകോര്‍ത്തുനില്‍ക്കുന്നതെങ്ങനെ? മറ്റു മതങ്ങളുടെ രാഷ്ട്രീയ-സാംസ്കാരിക സംഭാവനകള്‍ നിരാകരിക്കുന്ന ആര്‍എസ്എസ് സമീപനത്തിന് ജൂതന്മാരെ വാനരന്മാരുടെ അനുകരണമെന്നുമാത്രം വിളിക്കുന്ന ഹിറ്റ്ലറുടെ രീതികളില്‍നിന്ന് വലിയ അകലമില്ല. നുണകളുടെ യജമാനന്മാര്‍ എന്ന് ഹിറ്റ്ലര്‍ ജൂതന്മാരെ വിളിക്കുമ്പോള്‍ 'വിചാരധാര'യില്‍ മതന്യൂനപക്ഷങ്ങള്‍ വിവരിക്കപ്പെടുന്നത് ആ ഭാഷാശൈലി കടമെടുത്തുകൊണ്ടാണ്.

ഗാന്ധിജിയെ വധിക്കാന്‍ പ്രതിജ്ഞചെയ്ത അഞ്ച് സവര്‍ണഹിന്ദുക്കളിലൊരാളാണ് താനെന്ന് നാഥുറാം ഗോഡ്സെ പൊലീസിനോടു പറഞ്ഞിരുന്നു.

"ഞാന്‍ മൂന്നുമാസംമുമ്പ് പുണെയില്‍ ഗോഡ്സെയെ കണ്ടിരുന്നു. അയാള്‍ മുസ്ളിങ്ങളുടെ ബദ്ധശത്രുവാണ്. മുസ്ളിമിന് ഇന്ത്യയില്‍ പൌരാവകാശമില്ലാതാക്കുന്നതിന്റെ അനിവാര്യതയെയും അതിനുള്ള താര്‍ക്കിക യുക്തികളെയും അപ്പോള്‍ വിവരിച്ചുതന്നു. 'ഹിന്ദുരാഷ്ട്രം' എന്ന പത്രത്തിന്റെ അധിപനാണ് ഗോഡ്സെ. ഇന്ത്യന്‍ മുസ്ളിങ്ങള്‍ പാകിസ്ഥാനുവേണ്ടി ജിന്നയെയും ലീഗിനെയും അനുകൂലിച്ചു. ഇപ്പോള്‍ അവര്‍ക്ക് പാകിസ്ഥാന്‍ കിട്ടിയിരിക്കുന്നു. ഇനിയവര്‍ ഹിന്ദുസ്ഥാന്‍ വീണ്ടെടുക്കുമെന്നതായിരുന്നു അയാളുടെ വാദം. മാതൃഭൂമി പങ്കിടുന്നതിന് ഹിന്ദുരാഷ്ട്രം പകവീട്ടുമെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. ചിലര്‍ ഇന്ത്യയെ മുസ്ളിങ്ങള്‍ക്കു വില്‍ക്കുകയാണ്. ഗാന്ധിജിയെ അയാള്‍ അമര്‍ഷത്തോടെ ശപിക്കുകയുണ്ടായി'' എന്നാണ് താമങ്കറിനെ ഉദ്ധരിച്ച് മലയാള മനോരമ എഴുതിയത്.

ഗാന്ധിജി വെടിയേറ്റ് പിടഞ്ഞുവീണ ബിര്‍ളാമന്ദിരം സര്‍ക്കാര്‍ പിന്നീട് ദേശീയസ്മാരകമാക്കി. അവിടെയെത്തുന്ന സന്ദര്‍ശകരോട് സംഭവപരമ്പരകള്‍ വിവരിക്കാന്‍ ഗൈഡിനെയും നിശ്ചയിച്ചു. ഗാന്ധിവധത്തിലേക്കു നയിച്ച സാഹചര്യങ്ങളും അതിനുപിന്നിലെ താല്‍പ്പര്യങ്ങളും അദ്ദേഹം വിവരിക്കുമായിരുന്നു. അന്ന് മുംബൈ മുഖ്യമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു വധത്തിനുപിന്നിലെ ഗൂഢാലോചന ഗൈഡ് പറഞ്ഞുവന്നത്. 'എന്റെ ജീവിതകഥ' എന്ന മൊറാര്‍ജിയുടെ ആത്മകഥയിലെ 248-ാം പേജ് അതേപടി വായിക്കുകയും പതിവായി. 1966-70 കാലത്ത് എഴുതിയ ആ കൃതി 1974ലാണ് പ്രകാശിതമായത്. "പ്രാര്‍ഥനായോഗങ്ങളില്‍ പങ്കെടുക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സിഐഡികളെ നിയോഗിച്ചിരുന്നു. ജനുവരി 30ന് പ്രാര്‍ഥനായോഗത്തിലേക്കു പോകുമ്പോള്‍ ഗാന്ധിജിക്കുനേരെ മൂന്നു വെടിയുണ്ട ഉതിര്‍ത്തു. നാഥുറാം ഗോഡ്സെയായിരുന്നു വധത്തിനുപിന്നില്‍. പുണെയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. കൂടാതെ ഒരു പത്രത്തിന്റെ എഡിറ്ററുമായിരുന്നു'' എന്ന മൊറാര്‍ജിയുടെ ലിഖിത നിരീക്ഷണമാണ് ഗൈഡ് സന്ദര്‍ശകര്‍ക്ക് വിവരിച്ചുകൊടുത്തത്.

ആര്‍എസ്എസ് കൂടി ഉള്‍പ്പെടുന്ന ജനതാ പാര്‍ടിയുടെ നേതാവ് എന്ന നിലയിലാണ് 1977ല്‍ മൊറാര്‍ജി പ്രധാനമന്ത്രിയായത്. അങ്ങനെയൊരാളുടെ ആത്മകഥയില്‍നിന്ന് ഉദ്ധരണികളെടുത്ത് ഗാന്ധിവധ ഗൂഢാലോചന വിവരിച്ച ഗൈഡിനെതിരെ ആര്‍എസ്എസ് പ്രധാനമന്ത്രിയോടുതന്നെ പരാതിപ്പെട്ടു. 1977 ഒക്ടോബര്‍ എട്ടിന് മൊറാര്‍ജിയും ഭവനമന്ത്രി സിക്കന്ദര്‍ ഭക്തും ഗാന്ധിസ്മൃതി സന്ദര്‍ശിക്കാനെത്തി. ഗാന്ധിവധത്തിലെ മുഖ്യപ്രതി നാഥുറാംവിനായക് ഗോഡ്സെ ഒരു ചിറ്റ്പാവര്‍ ബ്രാഹ്മണനാണെന്നും അയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും ഗൈഡ് പറയുന്നതായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മൊറാര്‍ജിയോടു പരാതിപ്പെട്ടു. "അത് ചരിത്രത്തിലെ വസ്തുതയാണെന്നും ചരിത്രം ആര്‍ക്കും മാറ്റിമറിക്കാനാവില്ലെന്നു''മായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പിറ്റേദിവസം ഗൈഡിനെ ആര്‍എസ്എസുകാര്‍ മൃഗീയമായി കടന്നാക്രമിച്ചു. ഒക്ടോബര്‍ 31ന് ഗുജറാത്തില്‍നിന്നുള്ള വിദ്യാര്‍ഥി പരിഷത്ത് പ്രവര്‍ത്തകര്‍ ഗൈഡിനെ മര്‍ദിച്ചവശനാക്കി. ദേശീയപത്രങ്ങളിലെല്ലാം ഈ അതിക്രമങ്ങള്‍ പ്രധാനവാര്‍ത്തയായി സ്ഥാനംപിടിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്എസിന്റെ പങ്ക് ദേശീയമായി ചര്‍ച്ചചെയ്യാന്‍ തുടങ്ങിയത് ഈ സംഭവത്തോടെയാണെന്നാണ് പുതുപ്പള്ളി എന്‍ ദാമോദരന്‍നായര്‍ എഴുതിയത്. ജെ എ കുറാന്‍ രചിച്ച 'മില്‍ട്ടന്റ് ഹിന്ദുയിസം ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്സ്' എന്ന കൃതിക്കെഴുതിയ പ്രസാധകക്കുറിപ്പിലായിരുന്നു അത്. അധികാരരാഷ്ട്രീയത്തിന്റെ സമ്മര്‍ദതന്ത്രങ്ങളുടെ നടുവില്‍ മൊറാര്‍ജി പിന്നീട് സ്വരംമാറ്റിയെന്നതും മറക്കുന്നില്ല. ചരിത്രം ആര്‍ക്കും തിരുത്താനാവില്ലെന്ന തത്ത്വശാസ്ത്രം വിളമ്പിയ മൊറാര്‍ജിയുടെ പിന്‍വലിയലിന് ശാസ്ത്രീയാടിസ്ഥാനമില്ലെന്ന് കുറാന്‍ വ്യക്തമാക്കുന്നുണ്ട്. ഗാന്ധിജിയെ വധിക്കുമ്പോള്‍ നാഥുറാം ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നെന്നും അയാള്‍ 'ഹിന്ദുരാഷ്ട്ര'യുടെ പത്രാധിപരായിരുന്നെന്നും പലരും പറഞ്ഞുവെച്ചതായി കാണാം.

കുറാന്റെ കൃതി ആര്‍എസ്എസിനെ അനുഭാവപൂര്‍വം ചിത്രീകരിക്കുന്നതാണെങ്കിലും എത്ര ശ്രമിച്ചിട്ടും ചില ഘട്ടങ്ങളില്‍ അദ്ദേഹത്തിനുപോലും കാവിപ്പടയ്ക്ക് കുറ്റവിമുക്തി നല്‍കാനായില്ല. ന്യൂയോര്‍ക്കിലെ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പസഫിക് റിലേഷന്‍' എന്ന സ്ഥാപനമാണ് കുറാന്റെ പഠനത്തിന് വാരിക്കോരി സഹായം ചെയ്തത്. നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ ഒന്നരവര്‍ഷം താമസിച്ചും ഗോള്‍വാള്‍ക്കറെപോലുള്ള പ്രധാന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയുമാണ് ഗ്രന്ഥം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹംതന്നെ വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചില വടക്കേ ഇന്ത്യന്‍ സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ഥികളായി നിയോഗിക്കപ്പെട്ടു. പഠനത്തേക്കാള്‍ അവര്‍ ഊന്നിയത് സംഘടനാപ്രവര്‍ത്തനത്തിലായിരുന്നു. ഈ ചലനങ്ങളുടെ വേഗംകൂട്ടാന്‍ 1932ല്‍ ഹെഡ്ഗെവാര്‍ സന്ദര്‍ശനപരിപാടികളുമായി രംഗത്തിറങ്ങി. നീണ്ടുനിന്ന ഈ സഹവാസയാത്രയില്‍ ഹെഡ്ഗെവാറിന്റെ ഉപദേശകരിലൊരാള്‍ നാഥുറാം വിനായക് ഗോഡ്സെയായിരുന്നു. പ്രസംഗകനും സംഘാടകനുമെന്ന നിലയില്‍ പേരെടുത്ത പ്രവര്‍ത്തകനായിരുന്നു അക്കാലത്ത് അയാള്‍.

തന്റെ മതയാഥാസ്ഥിതികത്വത്തെ പലവട്ടം ന്യായീകരിച്ച ഗാന്ധിജിയോട് കരുണ കാണിക്കാന്‍ ആര്‍എസ്എസ് ഒരുക്കമായിരുന്നില്ല. "വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍ തുടങ്ങിയവയിലെല്ലാം ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ അവതാരങ്ങളിലും പുനര്‍ജന്മത്തിലും വിശ്വാസമുണ്ട്. പരക്കെ അംഗീകരിച്ചതിനേക്കാള്‍ വ്യാപകമായ അര്‍ഥത്തില്‍ ഞാന്‍ ഗോസംരക്ഷണത്തില്‍ വിശ്വസിക്കുന്നു. എനിക്ക് വിഗ്രഹാരാധനയില്‍ അവിശ്വാസമില്ല'' എന്നുമൊക്കെ പറഞ്ഞിട്ടും ഗാന്ധിജിക്ക് ഇവിടെ ഇടമില്ലാതായതെന്തേ?!

തൂക്കുകയര്‍ കാത്തുനിന്ന നാഥുറാം അന്ത്യനിമിഷം എങ്ങനെയാണ് ചെലവിട്ടതെന്ന് സഹോദരന്‍ ഗോപാല്‍ ഗോഡ്സെ വ്യക്തമാക്കുകയുണ്ടായി. കൊലക്കയര്‍ സുനിശ്ചിതമായ ഘട്ടത്തില്‍ നാഥുറാം പ്ളാറ്റ്ഫോമില്‍ക്കയറി മാതൃഭൂമിക്ക് പ്രണാമമര്‍പ്പിച്ച് ഈ വരികള്‍ ചൊല്ലി:

നമസ്തേ സദാ വത്സലേ
മാതൃഭൂമെ ത്വയാഹിന്ദുഭൂമെ
സുഖവര്‍ധിതോഹം
മഹാമംഗളേ പുണ്യഭൂമെ
ത്വദര്‍ഥെ പതിത്വേഷ്ഠകായാ
നമസ്തേ നമസ്തേ...

ആര്‍എസ്എസ് സംഘടനയുടെ കോശമായ ശാഖകളിലുപയോഗിച്ചുപോന്ന പ്രാര്‍ഥനാഗാനത്തിന്റെ ആദ്യവരികളാണിവ. ഗോഡ്സെ സംഘടനയിലുണ്ടായിരുന്നെന്നു പറയുന്ന 1932ല്‍ ശാഖകളില്‍ ഈ പ്രാര്‍ഥന ചൊല്ലിയിരുന്നില്ല. ഹിന്ദിയും മറാഠിയും കലര്‍ന്ന പ്രാര്‍ഥനയാണ് അന്ന് പ്രയോഗത്തിലുണ്ടായിരുന്നത്. മേല്‍ച്ചേര്‍ത്ത വരികളുടെ സംസ്കൃതഭാഷാന്തരം 1940ലാണ് സ്വീകരിക്കപ്പെടുന്നതും. 1934ല്‍ ആര്‍എസ്എസ് വിട്ടിരുന്നുവെങ്കില്‍ അയാള്‍ ഈ വരികള്‍ ഹൃദിസ്ഥമാക്കാനായതെങ്ങനെ. (ആദിത്യ മുഖര്‍ജിയും മറ്റും ചേര്‍ന്നെഴുതിയ 'ആര്‍എസ്എസ്, സ്കൂള്‍ ടെക്സ്റ്റ്സ് ആന്‍ഡ് ദ മര്‍ഡര്‍ ഓഫ് മഹാത്മാഗാന്ധി' എന്ന പഠനം വായിക്കുക)

ഗാന്ധിവധത്തില്‍ തരിമ്പും കുറ്റബോധമില്ലെന്നു തുറന്നടിച്ച ഗോപാല്‍ ഗോഡ്സെ ജയില്‍വിമുക്തനായപ്പോഴും പിന്നീട് ആര്‍എസ്എസ് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും നടത്തിയ പ്രസ്താവങ്ങള്‍ ഗൌരവതരമാണ്. ഗാന്ധിജിയെ വധിച്ച സഹോദരന്‍ നാഥുറാമും താനുമുള്‍പ്പെടെയുള്ളവര്‍ ആര്‍എസ്എസുകാരാണെന്നതില്‍ അഭിമാനിക്കുന്നുണ്ടെന്നാണ് 1994ല്‍ ഗോപാല്‍ (ഫ്രണ്ട്ലൈന്‍ ജനുവരി 15-30 ലക്കം) തുറന്നടിച്ചത്. ജനസംഘം നേതാക്കള്‍ ഗാന്ധിവധത്തില്‍ പുലര്‍ത്തിയ രക്ഷപ്പെടല്‍സമീപനത്തെ അയാള്‍ അന്ന് പുഛത്തോടെയാണ് വിവരിച്ചതും. പരിഹാസ്യമായ ഈ നിലപാടില്‍ അവര്‍ ലജ്ജിക്കട്ടെയെന്നും ഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയെ വധിച്ചതിലും ആര്‍എസ്എസുകാരനായതിലും അഭിമാനമേയുള്ളുവെന്നും അയാള്‍ തുടര്‍ന്നു. ഈ പ്രഖ്യാപനവുമായി ചേര്‍ത്തുവയ്ക്കേണ്ടതാണ് 'ഗാന്ധി മര്‍ഡര്‍' (തപന്‍ സിന്‍ഹ), 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' (ലാരി കോളിന്‍സ്, ഡൊമിനിക് ലാപിയര്‍) തുടങ്ങിയ കൃതികളും. ഗാന്ധിവധത്തില്‍ ആര്‍എസ്എസിനുള്ള പങ്ക് സൂചിപ്പിക്കുന്നുണ്ട് അവ. ഗാന്ധിജി ആര്‍എസ്എസിനെ പ്രശംസിച്ചതായുള്ള കെട്ടുകഥയും ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. ഇത് പ്യാരേലാല്‍ (മഹാത്മാ- ദി ലാസ്റ്റ് ഫേസ്) പൊളിച്ചുകളഞ്ഞതു ശ്രദ്ധിക്കുക: ആര്‍എസ്എസിന്റെ അച്ചടക്കത്തെക്കുറിച്ച് പ്രശംസാസൂചകമായി ആരോ സംസാരിച്ചപ്പോള്‍ ഗാന്ധിജി ഇങ്ങനെ പ്രതികരിക്കുകയുണ്ടായി: "പക്ഷേ, ഹിറ്റ്ലറുടെ കീഴില്‍ നാസികളും മുസ്സോളിനിയുടെ കീഴില്‍ ഫാസിസ്റ്റുകളും അച്ചടക്കമുള്ളവരായിരുന്നുവെന്നതു മറക്കരുത്...''

ഗോപാല്‍ ഗോഡ്സെയുടെ പ്രസ്താവനകള്‍ക്ക് അടിയൊപ്പു ചാര്‍ത്തുംമട്ടിലാണ് രാമജന്മഭൂമി മുക്തിയജ്ഞസമിതി അധ്യക്ഷന്‍ നിത്യഗോപാല്‍ദാസ് പറഞ്ഞതും. മുസ്ളിങ്ങളെ രക്ഷിക്കാന്‍ ഗാന്ധിജിയുടെ അഹിംസകൊണ്ട് ഒരു പ്രയോജനവുമില്ല. അവരെ പാകിസ്ഥാനിലേക്കു നാടുകടത്താന്‍ അദ്ദേഹം അനുവദിച്ചില്ല. അതേത്തുടര്‍ന്ന് ഗാന്ധിജിക്കുണ്ടായ അവസ്ഥ അര്‍ഹിക്കുന്നതുതന്നെയായിരുന്നു (സ്റ്റേറ്റ്സ്മാന്‍- 1990 നവംബര്‍ 11). എന്നാല്‍ ജയില്‍മോചിതനായി മുപ്പതുവര്‍ഷത്തിനുശേഷം ഗോപാല്‍ ഇങ്ങനെയൊരു പ്രസ്താവനയ്ക്കു തയ്യാറായത് സത്യസന്ധമല്ലെന്ന വാദമുയര്‍ത്തുകയാണ് കെ എം റോയ്. .

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഹിന്ദുരാഷ്ട്രമെന്ന അമ്മദേവിയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുകയാണെന്ന മുഖവുരയോടെ എഴുതിയ 'വി ഓര്‍ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്' എന്ന കൃതിയില്‍ ഹിന്ദുദേശീയത സംബന്ധിച്ച ആര്‍എസ്എസ് നിലപാടിന്റെ ആധികാരികവിളംബരം അവതരിപ്പിച്ചിട്ടുണ്ട് എം എസ് ഗോള്‍വാള്‍ക്കര്‍. ജൂതന്മാര്‍ക്കും വംശീയ ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അഡോള്‍ഫ് ഹിറ്റ്ലറുടെ മെയ്ന്‍കാംഫ് തുപ്പിയ വിദ്വേഷത്തിന്റെ നുര അതില്‍ക്കാണാം. "നാം ഹിന്ദുക്കളും മുസ്ളിങ്ങളും ബ്രിട്ടീഷുകാരും എക്കാലത്തും ത്രികോണ യുദ്ധത്തിലായിരുന്നു''വെന്നു പറയുന്ന ഗോള്‍വാള്‍ക്കറുടെ ഹിറ്റ്ലേറിയന്‍ ഉപദേശത്തിന്റെ ഭാവം ശ്രദ്ധിക്കുക:

"വിദേശികള്‍ക്കുമുന്നില്‍ രണ്ടുപോംവഴികളേയുള്ളു. ഒന്നുകില്‍ അവര്‍ ദേശീയജനതയുടെ സംസ്കാരം സ്വീകരിച്ച് പൊതുധാരയില്‍ ലയിച്ചുചേരുക. അല്ലെങ്കില്‍ അവര്‍ ദേശീയജനതയുടെ കാരുണ്യത്തില്‍ കഴിയുക...''