Tuesday, February 2, 2010

സ്വപ്നങ്ങള്‍ക്കുമപ്പുറം: റഹ്മാന്‍

ഗ്രാമിയിലും റഹ്മാന്‍ സ്പര്‍ശം

ലോസ് ആഞ്ചലസ്: ഇന്ത്യയുടെ അഭിമാനത്തെ ഓസ്കാറിലേക്കുയര്‍ത്തിയ സംഗീതവഴിയില്‍ ഗ്രാമിയിലും റഹ്മാന്‍ സ്പര്‍ശം. മികച്ച ചലച്ചിത്ര സംഗീതത്തിനും ചലച്ചിത്രഗാനത്തിനുമുള്ള രണ്ട് ഗ്രാമി പുരസ്കാരം 'സ്ളംഡോഗ് മില്യനയറി'ലൂടെ എ ആര്‍ റഹ്മാന്‍ സ്വന്തമാക്കി. ലോസ് ആഞ്ചലസില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര സംഗീത പുരസ്കാരം 'ഇന്ത്യയുടെ മൊസാര്‍ട്' ഏറ്റുവാങ്ങി. സ്ളംഡോഗ് മില്യനയറിലെ 'ജയ് ഹോ' ആണ് മികച്ച സിനിമാഗാനമായി തെരഞ്ഞെടുത്തത്. ഗുല്‍സാര്‍ എഴുതി റഹ്മാന്‍ സംഗീതംപകര്‍ന്ന ഈ ഗാനം സുഖ്‌വിന്ദര്‍സിങ്, മഹാലക്ഷ്മി അയ്യര്‍, തന്‍വി ഷാ, വിജയ് പ്രകാശ്, എ ആര്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയത്. ഓസ്കാര്‍ നോമിനേഷന്‍ നേടിയ 'ദി റസ്ലര്‍' എന്ന സിനിമയിലെ ഗാനത്തെ പിന്നിലാക്കിയാണ് 'ജയ് ഹോ' ഗ്രാമി നേടിയത്. ഗ്രാമി നാമനിര്‍ദേശം ലഭിച്ച ഉസ്താദ് അംജദ് അലി ഖാന്‍, സാക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്ക് അവാര്‍ഡ് നേടാനായില്ല. ഓസ്കാറിനും ഗ്രാമിക്കും പുറമെ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സ്(ബാഫ്ത) അവാര്‍ഡ്, ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്റെ ഗോള്‍ഡന്‍ ഗ്ളോബ് അവാര്‍ഡ് എന്നിവയും റഹ്മാന് ലഭിച്ചിട്ടുണ്ട്.

അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് റെക്കോഡിങ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് 1958ല്‍ ഏര്‍പ്പെടുത്തിയ 'ഗ്രാമഫോണ്‍ അവാര്‍ഡ്' ആണ് ഗ്രാമി അവാര്‍ഡ് എന്നറിയപ്പെടുന്നത്. സംഗീത വ്യവസായത്തിന്റെ പ്രചാരണത്തിനും വാണിജ്യതാല്‍പ്പര്യത്തിനുമായാണ് അവാര്‍ഡിനെ ഉപയോഗപ്പെടുത്തുന്നത്. സമകാലീന സംഗീത പ്രവണതകളെയാണ് ഗ്രാമി അവാര്‍ഡ് ഏറെ അംഗീകരിക്കുന്നതെങ്കിലും പരമ്പരാഗത സംഗീതത്തിന് പ്രത്യേക അവാര്‍ഡ് നല്‍കുന്നു. സംഗീതത്തിന് ഏകീകൃതവും ആഗോളീകൃതവുമായ സ്വരൂപം നല്‍കുകയും ഗ്രാമി അവാര്‍ഡിന്റെ ലക്ഷ്യമാണ്. അതിന് സഹായകമാകുന്ന സൃഷ്ടികള്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനായിരുന്ന ആര്‍ കെ ശേഖറിന്റെ മകനായ എ ആര്‍ റഹ്മാന്‍ 1992ല്‍ മണിരത്നത്തിന്റെ 'റോജ' യിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്. സംഗീതത്തിന്റെ പരമ്പരാഗത മൂല്യങ്ങളും ആധുനിക പ്രവണതകളും കൂട്ടിയിണക്കി റഹ്മാന്‍ പുതിയ തരംഗംതന്നെ സൃഷ്ടിച്ചു.

ദുരിതജീവിതം തോറ്റിയുണര്‍ത്തിയ സംഗീതം

'എന്റെ സംഗീതത്തില്‍ നിങ്ങള്‍ ആസ്വദിക്കുന്ന ശോകഭാവം കുട്ടിക്കാലത്ത് ഞാന്‍ അനുഭവിച്ചതാണ്. എപ്പോഴും വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നവന് പാവപ്പെട്ടവന്റെ വിശപ്പ് തിരിച്ചറിയാനാകില്ല'- എ ആര്‍ റഹ്മാന്‍ ഒരിക്കല്‍ പറഞ്ഞു. അമ്മയുടെയും സഹോദരിമാരുടെയും വിശപ്പകറ്റാന്‍ കോടമ്പാക്കത്തെ തെരുവുകളില്‍ നെട്ടോട്ടമോടിയ ദിലീപിനെ ലോകം കീഴടക്കിയ സംഗീതത്തിന്റെ പെരുമയിലും അള്ളാ രാഖ റഹ്മാന്‍ മറക്കുന്നില്ല. ദിലീപില്‍നിന്ന് റഹ്മാനിലേക്കുള്ള ദൂരമാണ് എ ആര്‍ റഹ്മാന്റെ ജീവിതം. ആ ജീവിതവഴികള്‍ സമ്മാനിച്ച അനുഭവങ്ങള്‍ തന്നെയാണ് ഓസ്കാറിലും ഗ്രാമിയിലും മുത്തമിട്ട സംഗീതം.

റഹ്മാന്‍ കീബോര്‍ഡില്‍ വിരല്‍തൊട്ടത് സംഗീതത്തോടുള്ള അദമ്യമായ ഭ്രമം കൊണ്ടായിരുന്നില്ല, ജീവിക്കാനുള്ള പണം കണ്ടെത്താനായിരുന്നു. ദിലീപിന്റെ ജീവനോപാധിയാണ് റഹ്മാന്റെ സിരകളില്‍ തിളച്ചുമറിയുന്ന സംഗീതമായത്. സ്നേഹിക്കുന്നവരുടെ മരണമാണ് തന്നെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നതെന്ന് റഹ്മാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഓരോ മരണവാര്‍ത്തയും കേള്‍ക്കുമ്പോള്‍ റഹ്മാന്റെ മനസ്സിലേക്ക് ഓടിയെത്തുക അച്ഛന്റെ വേര്‍പാടിന്റെ ഓര്‍മകളാണ്. മലയാളികള്‍ ഒരിക്കലും മറക്കാത്ത 'ചൊട്ട മുതല്‍ ചുടല വരെ' തുടങ്ങിയ ഗാനങ്ങളുടെ സ്രഷ്ടാവായ ആര്‍ കെ ശേഖറെന്ന സംഗീതജ്ഞന്‍ ജീവിതയാത്ര അവസാനിപ്പിച്ചപ്പോള്‍ ഭാര്യക്കും നാല് മക്കള്‍ക്കുമായി ബാക്കിവച്ചത് ഏതാനും കീബോര്‍ഡുകളും രണ്ട് മോതിരങ്ങളുമായിരുന്നു. ശേഖറിന്റെ രോഗാവസ്ഥ മാനസികമായി തകര്‍ത്ത ഘട്ടത്തിലാണ് കുടുംബം ഒരു സൂഫിവര്യനെ കണ്ടുമുട്ടിയത്. പിന്നീട് കുടുംബം ഇസ്ളാമില്‍ അഭയംതേടി.

ശേഖറില്ലാത്ത ജീവിതം കസ്തൂരിക്കും മക്കള്‍ക്കും തീവ്രമായ വേദനയാണ് സമ്മാനിച്ചത്. പോകാനൊരിടവും ഇല്ലാതിരുന്ന കുടുംബം പുതിയൊരു ജീവിതം തേടി കോടമ്പാക്കത്തെത്തി. നിത്യവൃത്തിക്കുപോലും വകയില്ലാതെ, ജീവിതം എവിടെത്തുടങ്ങണമെന്നറിയാതെ അഞ്ച് ജീവിതങ്ങള്‍ പകച്ചുനിന്നു. ശേഖറിന്റെ പഴയ കീബോര്‍ഡുകള്‍ വാടകയ്ക്ക് കൊടുത്താണ് ആഹാരത്തിനുള്ള വക കണ്ടെത്തിയത്. കീബോര്‍ഡുമായി പോകുന്നത് ദിലീപായിരുന്നു. വേദിയില്‍ അച്ഛന്റെ കീബോര്‍ഡില്‍നിന്ന് സംഗീതം ഉയരുമ്പോള്‍ കര്‍ട്ടനുപിന്നില്‍ ഒരു പത്തുവയസ്സുകാരന്‍ നിശ്ശബ്ദനായി കേട്ടുനിന്നു. ആ സമയത്താണ് ശേഖറിന്റെ സുഹൃത്തായ സംഗീതസംവിധായകന്‍ എം കെ അര്‍ജുനന്‍ സഹായത്തിനെത്തിയത്. ശേഖറിന്റെ മക്കള്‍ക്ക് അദ്ദേഹം ഗോഡ്ഫാദറായി. പതിനൊന്നു വയസ്സുകാരനായ റഹ്മാനെ കീബോര്‍ഡ് വായിക്കാന്‍ അര്‍ജുനന്‍ മാഷ് ഒപ്പംകൂട്ടി. തന്റെ ഇരട്ടി വലിപ്പമുള്ള കീബോര്‍ഡും ചുമന്ന് റഹ്മാന്‍ ഭരണി സ്റ്റുഡിയോയുടെ പടികയറി.

ശേഖറിന്റെ കുടുംബത്തിന് മറ്റ് വരുമാനം ഒന്നുമില്ലെന്നും റഹ്മാനെക്കൊണ്ട് കീബോര്‍ഡ് വായിപ്പിക്കണമെന്നും മാഷ് പറഞ്ഞത് തമാശയായാണ് കരുതിയതെന്ന് പ്രശസ്ത സംഗീതസംവിധായകന്‍ ജോണ്‍സന്‍ പറയുന്നു. 'അടിമച്ചങ്ങല' എന്ന ചിത്രത്തിനായി ആദ്യമായി റഹ്മാന്‍ കീബോര്‍ഡ് വായിച്ചത് ഒരു ദുഃസ്വപ്നം പോലെയാണ് ജോണ്‍സന്‍ ഓര്‍ക്കുന്നത്. തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയ റഹ്മാന്‍ റെക്കോഡിങ് ഏറെ വൈകിപ്പിച്ചു. ജോണ്‍സന്റെ രോഷത്തെ അവഗണിച്ച അര്‍ജുനന്‍ മാഷ് കുട്ടിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ആദ്യ റെക്കോഡിങ്ങില്‍ റഹ്മാന് കിട്ടിയ പ്രതിഫലം നൂറ് രൂപയായിരുന്നു. ചലച്ചിത്ര റെക്കോഡിങ്ങിന്റെ വിവിധ വശങ്ങളെക്കുറിച്ച് ജോണ്‍സന്‍ റഹ്മാനെ പഠിപ്പിച്ചു. അച്ഛനെപ്പോലെ കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാനുള്ള ശേഷി അവന് തുണയായി. മൂന്നാമത്തെ ചിത്രത്തിനായി കീബോര്‍ഡ് ചലിപ്പിച്ചത് തികച്ചും പ്രൊഫഷണലായ സംഗീതജ്ഞനെപ്പേലെയായിരുന്നു. റഹ്മാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ ഉപജീവനത്തിനായി ആരംഭിച്ച സംഗീതം പിന്നീട് സിരകളില്‍ ലഹരിയായി പടര്‍ന്നുകയറുകയായിരുന്നു.

പതിനൊന്നാം വയസ്സില്‍ തന്നെ തെലുങ്ക് സംഗീതസംവിധായകരായ രമേഷ് നായിഡു, തമിഴ് സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍, ഇളയരാജ എന്നിവര്‍ക്കൊപ്പം കീബോര്‍ഡ് വായിച്ചു. ചലച്ചിത്രസംഗീതം അടക്കിവാണ ഇളയരാജയുടെ പ്രധാന കീബോര്‍ഡ് പ്ളേയറെന്ന് പേരെടുത്ത റഹ്മാന്‍ വളരെപ്പെട്ടെന്ന് വളര്‍ന്നു. തങ്ങളുടെ സംഗീതം എളുപ്പത്തില്‍ ഗ്രഹിക്കാനുള്ള ശേഷികൊണ്ടുമാത്രമായിരുന്നില്ല സംഗീതസംവിധായകര്‍ അവനെത്തേടിയെത്തിയത്. ഇലക്ട്രോണിക് സംഗീത ഉപകരണങ്ങളുടെ മര്‍മം തൊട്ടറിയുന്നതിലുള്ള അപാരമായ കഴിവാണ് റഹ്മാനെ വ്യത്യസ്തനാക്കിയത്. കുട്ടിത്തം വിട്ടുമാറാത്ത പ്രായത്തിലും അവന്‍ സംഗീത ഉപകരണങ്ങളുടെ ഉള്ളറ തൊട്ടറിഞ്ഞു. പുതിയ സാങ്കേതികവിദ്യ മറ്റാരെക്കാളും വേഗത്തില്‍ ഗ്രഹിച്ചു. തകരാറിലായ ഉപകരണങ്ങളുമായി മറ്റുള്ളവര്‍ റഹ്മാനെ തേടിയെത്തി. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലമുള്ള കീബോര്‍ഡ് പ്ളെയറായി റഹ്മാന്‍. തുടര്‍ന്ന് 1992ല്‍ 'റോജ'യിലൂടെ ലോകസംഗീതത്തിന്റെ നെറുകയിലേക്കുള്ള പ്രയാണത്തിന് തുടക്കം.

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലും സമ്പന്നതയുടെ ധാരാളിത്തത്തിലും റഹ്മാന്‍ ഇന്നലെകളെ മറക്കുന്നില്ല. അച്ഛന്‍ ബാക്കിവച്ചുപോയ മോതിരങ്ങളിലൊന്ന് ഓസ്കാറും ഗ്രാമിയും ഏറ്റുവാങ്ങിയ ആ വിരലുകളില്‍ ഇപ്പോഴുമുണ്ട്. കോടമ്പാക്കത്ത് ഏറെ കഷ്ടപ്പെട്ട് പണിത വീട്ടില്‍ തന്നെയാണ് ഇപ്പോഴും റഹ്മാന്റെ താമസം. അച്ഛന്‍ ബാക്കിവച്ചുപോയ സൌഹൃദങ്ങളും സ്വപ്നങ്ങളുമാണ് ആരുമറിയാത്ത ദിലീപിനെ ലോകമറിയുന്ന റഹ്മാനിലേക്ക് വളര്‍ത്തിയതെന്ന് സമ്മതിക്കാന്‍ ആര്‍ കെ ശേഖറിന്റെ മകന് മടിയില്ല.
(വിജേഷ് ചൂടല്‍)

സ്വപ്നങ്ങള്‍ക്കുമപ്പുറം: റഹ്മാന്‍

ലോസാഞ്ചലസ്: "ഇത്തരം ബഹുമതികള്‍ ഞാന്‍ സ്വപ്നംപോലും കണ്ടിരുന്നില്ല''- ഓസ്കാറിനു പിന്നാലെ ഗ്രാമി അവാര്‍ഡിലും മുത്തമിട്ട എ ആര്‍ റഹ്മാന്‍ പറയുന്നു. ഗ്രാമി ഏറ്റുവാങ്ങിയശേഷം റഹ്മാന്‍ ട്വിറ്ററില്‍ തന്റെ പ്രതികരണം കുറിച്ചിട്ടു. റഹ്മാന്റെ വാക്കുകള്‍ ഇങ്ങനെ: "ഒരിക്കല്‍ക്കൂടി ഞാന്‍ നന്ദി പറയുന്നു, സര്‍വശക്തനും സൂഫി ആചാര്യന്മാര്‍ക്കും- അമീന്‍ പീരുള്ള മാലിക് സാഹിബ്, ഡാനി ബോയ്ല്‍, ഫോക്സ്, 'സ്ളംഡോഗ്' ടീമിന് മൊത്തത്തില്‍..., സിനിമയില്‍ ഗംഭീരപ്രകടനം കാഴ്ചവച്ച നടീനടന്മാര്‍ക്കും റസൂല്‍ പൂക്കുട്ടിക്കും. എന്റെ സംഘത്തിനാകെ, ഗുല്‍സാര്‍ജി, സുഖ്വീന്ദര്‍സിങ്, തന്‍വി ഷാ, വിജയ് പ്രകാശ് എന്നിവര്‍ക്ക്, എന്റെ സുഹൃത്തും സൌണ്ട് എന്‍ജിനിയറുമായിരുന്ന പരേതനായ എച്ച് ശ്രീധറിന്... "എന്റെ ഏജന്റുമാരായ സാം ഷ്വാര്‍ട്സിനും ആമോസ് ന്യൂമാനും, മാര്‍ഗദര്‍ശികളായ മണി രത്നം, ശേഖര്‍ കപൂര്‍, സുഭാഷ് ഗായ് എന്നിവര്‍ക്ക്, പാശ്ചാത്യദേശത്തെ വഴികാട്ടി ആന്‍ഡ്രൂ ലോയ്ഡ് വെബ്ബറിന്, ചെന്നൈയിലെയും മുംബൈയിലെയും പ്രതിഭാശാലികളായ സംഗീതജ്ഞര്‍ക്ക്, എന്റെ പിതാവിനും മാതാവിനും ഭാര്യക്കും കുട്ടികള്‍ക്കും... ലോകമെമ്പാടുമുള്ള എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും...ജയ്ഹോ ഇന്ത്യ!''

നഷ്ടബാല്യത്തില്‍നിന്ന് സംഗീതവിഹായസിലേക്ക്

കുടുംബം പുലര്‍ത്താനായി എത്തപ്പെട്ട സംഗീതരംഗത്ത് മുന്നേറുമ്പോഴും ദിലീപിന്റെ വിദ്യാഭ്യാസം പിന്നോട്ടുപോകുകയായിരുന്നു. ചെന്നൈയിലെ ഏറെ പ്രശസ്തമായ പത്മ ശേഷാദ്രി ബാലഭവനില്‍ ഏറ്റവും മോശപ്പെട്ട കുട്ടികളുടെ ഗണത്തിലേക്ക് ദിലീപിനെ തരംതാഴ്ത്തി. റെക്കോഡിങ്ങിനും കീബോര്‍ഡ് അറ്റകുറ്റപ്പണികള്‍ക്കുമായി അവന്‍ പലപ്പോഴും ക്ളാസ് വിട്ടു. ഒരിക്കല്‍ പരീക്ഷാഹാളില്‍നിന്ന് ചാടി റെക്കോഡിങ്ങിനുപോയ സംഭവംപോലുമുണ്ടായി. ഓരോ റെക്കോഡിങ്ങും അവന് വരുമാനമാര്‍ഗമായിരുന്നു. പുലര്‍ച്ചെ റെക്കോഡിങ്ങിനുപോകുന്ന മകനായി യൂണിഫോമും ഭക്ഷണപ്പൊതിയുമായി സ്കൂളിനു മുന്നില്‍ അമ്മ കാത്തുനിന്നു.

ഓര്‍ത്തുവയ്ക്കാന്‍ സുഖകരമായ അനുഭവങ്ങളൊന്നും കുട്ടിക്കാലം റഹ്മാന് സമ്മാനിച്ചില്ല. കുടുംബഭാരം മുഴുവന്‍ തലയിലേറ്റിയ ദിലീപ് അന്തര്‍മുഖനായി മാറിയതില്‍ അത്ഭുതമില്ല. ക്ളാസില്‍ ആദ്യ ബെഞ്ചില്‍ തലകുമ്പിട്ടിരുന്ന അവന്‍ ആരോടും അധികം സംസാരിച്ചില്ല, ചിരിച്ചില്ല. നെറ്റിയിലേക്ക് വളര്‍ത്തിയിട്ട മുടി മുറിച്ചുമാറ്റണമെന്ന് അധ്യാപകര്‍ പലവട്ടം ആവശ്യപ്പെട്ടു. അവന്‍ ഒരിക്കലും അതനുസരിച്ചില്ല. ക്ളാസിലെത്താത്തതിനാലും പഠനത്തില്‍ ശ്രദ്ധിക്കാത്തതിനാലും അധ്യാപകര്‍ കണക്കറ്റ് ശാസിച്ചു. 'മകനെ കോടമ്പാക്കത്തെ തെരുവിലിറക്കി പാടിച്ചാല്‍ ധാരാളം കാശ് കിട്ടു'മെന്ന് അധ്യാപകരിലൊരാള്‍ കസ്തൂരിയോട് പറഞ്ഞു. ഒമ്പതാം ക്ളാസില്‍വച്ച് ദിലീപിനെ സ്കൂളില്‍നിന്ന് പുറത്താക്കി. എ ആര്‍ റഹ്മാന്‍ തങ്ങളുടെ അഭിമാനമാണെന്ന് ഇതേ സ്കൂള്‍ അധികൃതര്‍ പിന്നീട് വിളിച്ചുപറഞ്ഞത് കാലത്തിന്റെ കാവ്യനീതിയാകാം.

ശേഷാദ്രി ബാലഭവന്റെ സമീപത്തുള്ള എംസിഎന്‍ സ്കൂളിലാണ് റഹ്മാന്‍ പത്താംതരം പാസായത്. തുടര്‍ന്ന് ഇലക്ട്രോണിക്സ് പഠിക്കാനായി മദ്രാസ് ക്രിസ്ത്യന്‍ കോളേജ് ഹൈസ്കൂളില്‍ ചേര്‍ന്നു. പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നും രണ്ടിലൊന്ന് തീരുമാനിക്കണമെന്നും ദിലീപ് അമ്മയോട് ആവശ്യപ്പെട്ടു. ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ ജോലി കളയേണ്ടെന്ന് അമ്മ ഉപദേശിച്ചു. അങ്ങനെ പതിനേഴാം വയസ്സില്‍ ദിലീപിന്റെ പഠനം അവസാനിച്ചു. അര്‍ജുനന്‍ മാഷ് കൈപിടിച്ചുയര്‍ത്തുന്നതിനുമുമ്പ് സംഗീതരംഗത്തേക്ക് കടക്കുന്നതിനെക്കുറിച്ച് റഹ്മാന്‍ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. മുത്തച്ഛനെപ്പോലെ ഡ്രൈവറോ അമ്മാവന്മാരെപ്പോലെ ഇലക്ട്രീഷ്യനോ ആകാനാണ് ആഗ്രഹിച്ചത്. കുട്ടിയായിരുന്നപ്പോള്‍ 50 രൂപ നിരക്കില്‍ കീബോര്‍ഡ് നന്നാക്കിക്കൊടുത്തതാണ് ആദ്യത്തെ ജോലി. സംഗീതസംവിധായകനായ എ ടി ഉമ്മറിനായി റെക്കോഡ് പ്ളേയര്‍ പ്രവര്‍ത്തിപ്പിച്ചതിന് ലഭിച്ച 50 രൂപയാണ് റഹ്മാന് ആദ്യമായി ലഭിച്ച പ്രതിഫലമെന്ന് അമ്മ ഓര്‍ക്കുന്നു.

വീണ്ടും റഹ്മാന്റെ മുദ്ര

അഭിമാനിക്കാം. എ ആര്‍ റഹ്മാന്‍ യാഥാര്‍ഥ്യമാക്കുന്നത് ഓരോ സംഗീതജ്ഞന്റെയും സ്വപ്നമാണ്. സംഗീതലോകത്ത് ഒരിന്ത്യക്കാരന്റെ മുദ്ര വീണ്ടും വീണ്ടും പതിയുന്നു. ഓസ്കാറിനുശേഷം ഇപ്പോള്‍ ഗ്രാമി പുരസ്കാരവും. സംഗീതലോകത്തെ ഓസ്കാറത്രെ ഗ്രാമി. ജന്മനാ ഉള്ള കഴിവും ആത്മാര്‍പ്പണവും കൂടിച്ചേര്‍ന്നവനാണ് യഥാര്‍ഥ കലാകാരന്‍. അവിടെയാണ് റഹ്മാന്റെ വിജയം. സ്വന്തം കഴിവ് പൂര്‍ണതയിലെത്തിക്കാന്‍ റഹ്മാന്റെ കഠിനാധ്വാനവും സമര്‍പ്പണവുമുണ്ട്. സംഗീതത്തില്‍ പുതിയൊരു തരംഗം സൃഷ്ടിക്കാന്‍ ഈ ചെറുപ്പക്കാരന് സാധിച്ചു. ഭാരതീയസംഗീതവും പാശ്ചാത്യസംഗീതവും അസാമാന്യപാടവത്തോടെ സമന്വയിപ്പിക്കുന്നതിലാണ് റഹ്മാന്റെ മിടുക്ക്. സിനിമാസംഗീതത്തില്‍ പുതിയ വഴികള്‍, പരീക്ഷണങ്ങള്‍ എല്ലാം ഈ സംഗീതജ്ഞന്‍ തേടുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമാ സംഗീതാസ്വാദകരെ അത് വിസ്മയിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്നു. സിനിമാപാട്ടുകള്‍ ശാസ്ത്രീയസംഗീതശാഖയെ പുഷ്ടിപ്പെടുത്തുമെന്ന് പറയാനാകില്ല. ശാസ്ത്രീയസംഗീതം വേറെ, സിനിമാസംഗീതം വേറെ. പക്ഷേ റഹ്മാനില്‍ ശാസ്ത്രീയസംഗീതവും നാടോടിസംഗീതവും യൂറോപ്യന്‍ സംഗീതവുമുണ്ട്. ഇതെല്ലാം ചേര്‍ന്നൊരു മിശ്രിതമാണ് റഹ്മാന്റെ സംഗീതം. സംഗീതത്തിലെ നമ്മുടെ പാരമ്പര്യത്തെ ഈ നിമിഷവും മറന്നുകൂടാ. ഭാരതീയസംഗീതത്തെ ലോകം കാണുന്നത് കേവലം സിനിമാസംഗീതത്തിലൂടെയല്ലെന്ന തിരിച്ചറിവും അനിവാര്യമാണ്. പണ്ഡിറ്റ് രവിശങ്കറും ഹരിപ്രസാദ് ചൌരസ്യയും ജസ്രാജ്ജിയും അലിഅക്ബര്‍ ഖാനും ബാലമുരളീകൃഷ്ണയും എം എസ് സുബ്ബലക്ഷ്മിയും ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന് പരിചയപ്പെടുത്തിയവരാണ്. റഹ്മാന്റെ നേട്ടങ്ങള്‍ പുതിയ തലമുറയിലെ സംഗീതസംവിധായകരോട് പറയുന്നത് 'ഭയപ്പെടേണ്ട, നിങ്ങള്‍ സംഗീതം പൊഴിച്ചുകൊണ്ടേയിരിക്കൂ' എന്നാണ്. അംഗീകാരങ്ങള്‍ കൈയെത്തും ദൂരത്തെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
(രമേഷ് നാരായണന്‍ (ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍)

ശിഷ്യന്റെ വളര്‍ച്ചയില്‍ മനംനിറഞ്ഞ് മാസ്റ്റര്‍

കൊച്ചി: എ ആര്‍ റഹ്മാന് ഇനിയുമിനിയും ഉയരങ്ങള്‍ താണ്ടാന്‍ ഭാഗ്യമുണ്ടാകട്ടെയെന്ന് പ്രശസ്ത സംഗീതസംവിധായകന്‍ എം കെ അര്‍ജുനന്‍. ഓസ്കാറിനു പിന്നാലെ റഹ്മാന്‍ രണ്ട് ഗ്രാമി അവാര്‍ഡുകള്‍ നേടിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ നാടിന്റെ അമൂല്യ സമ്പത്താണ് റഹ്മാനെന്നും അദ്ദേഹം പറഞ്ഞു. സംഗീതം പഠിപ്പിച്ചില്ലെങ്കിലും എ ആര്‍ റഹ്മാന് ഗുരുസ്ഥാനീയനാണ് അര്‍ജുനന്‍ മാസ്റ്റര്‍. ജി ദേവരാജനാണ് എം കെ അര്‍ജുനനെ, റഹ്മാന്റെ പിതാവ് ആര്‍ കെ ശേഖറിന് പരിചയപ്പെടുത്തിയത്. 1968ല്‍ കറുത്ത പൌര്‍ണമി എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങിന് കോടാമ്പക്കത്ത് എത്തിയപ്പോഴായിരുന്നു അത്. അന്ന് തുടങ്ങിയ കുടുംബബന്ധം ഇപ്പോഴും തുടരുന്നു. കോടാമ്പക്കത്തെ റെക്കോര്‍ഡിങിന് എല്ലാ സഹായവും ചെയ്തത് ശേഖറായിരുന്നു. അദ്ദേഹത്തിന്റെ വീടിനടുത്ത് താമസസൌകര്യവും നല്‍കി. കൊച്ചു കുട്ടിയായിരുന്ന റഹ്മാനെ അന്നാണ് ആദ്യമായി കണ്ടത്. ശേഖറിനൊപ്പം റഹ്മാന്‍ സ്റ്റുഡിയോയില്‍ വരും. റെക്കോര്‍ഡിങ് കണ്ടിറങ്ങുമ്പോള്‍ അന്നത്തെ പാട്ടിന്റെ രാഗങ്ങള്‍ മൂളുന്നത് കേള്‍ക്കാം. ശേഖര്‍ ഹാര്‍മോണിയം പാഠങ്ങള്‍ പഠിപ്പിച്ചിരുന്നു. പിന്നീട് ടി നഗറില്‍ പിയാനോ പഠിക്കാന്‍ ചേര്‍ന്നു. അക്കാലത്ത് പരസ്യചിത്രങ്ങള്‍ക്കൊക്കെ ജിംഗിള്‍സ് ചെയ്തിരുന്നു. അടിമച്ചങ്ങല എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ കീബോര്‍ഡു വായിച്ചത് പതിമൂന്നുകാരനായ റഹ്മാനായിരുന്നു. അതാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമാ സംരംഭം. അതുവഴിയാണ് അര്‍ജുനന്‍ മാസ്റ്റര്‍ റഹ്മാന് ഗുരുസ്ഥാനീയനായത്.

2 comments:

വര്‍ക്കേഴ്സ് ഫോറം said...

'എന്റെ സംഗീതത്തില്‍ നിങ്ങള്‍ ആസ്വദിക്കുന്ന ശോകഭാവം കുട്ടിക്കാലത്ത് ഞാന്‍ അനുഭവിച്ചതാണ്. എപ്പോഴും വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നവന് പാവപ്പെട്ടവന്റെ വിശപ്പ് തിരിച്ചറിയാനാകില്ല'- എ ആര്‍ റഹ്മാന്‍ ഒരിക്കല്‍ പറഞ്ഞു. അമ്മയുടെയും സഹോദരിമാരുടെയും വിശപ്പകറ്റാന്‍ കോടമ്പാക്കത്തെ തെരുവുകളില്‍ നെട്ടോട്ടമോടിയ ദിലീപിനെ ലോകം കീഴടക്കിയ സംഗീതത്തിന്റെ പെരുമയിലും അള്ളാ രാഖ റഹ്മാന്‍ മറക്കുന്നില്ല. ദിലീപില്‍നിന്ന് റഹ്മാനിലേക്കുള്ള ദൂരമാണ് എ ആര്‍ റഹ്മാന്റെ ജീവിതം. ആ ജീവിതവഴികള്‍ സമ്മാനിച്ച അനുഭവങ്ങള്‍ തന്നെയാണ് ഓസ്കാറിലും ഗ്രാമിയിലും മുത്തമിട്ട സംഗീതം.

Joker said...

Thanks for this post.