Tuesday, February 16, 2010

അച്ഛനും മകനും

തിരുവള്ളൂര്‍ സ്വദേശി ഹരികഥാ കലാകാരന്‍ രാജഗോപാല ഭാഗവതരുടെ മകന്‍ രാജഗോപാല കുലശേഖരനും കൊച്ചുമകന്‍ ദിലീപ്കുമാറിനും പൊതുവായി ഉണ്ടായിരുന്നത് രക്തബന്ധത്തിനുമപ്പുറം മറ്റു ചിലതും കൂടിയായിരുന്നു. മനസ്സിനെ ഭ്രമിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന, സാന്ത്വനിപ്പിക്കുന്ന സംഗീതം അവരെ ചരിത്രത്തിലെ അറിയപ്പെടുന്ന അച്ഛനും മകനുമാക്കി.

ആര്‍ കെ ശേഖര്‍, മകന്‍ എ ആര്‍ റഹ്മാന്‍... അച്ഛന്‍ മലയാള സിനിമയിലെ പ്രതിഭാധനനായ മ്യൂസിക് കണ്ടക്ടര്‍, അറേഞ്ചര്‍, സംഗീതസംവിധായകന്‍. മകന്റെ പേരിലൂടെ ലോകം ഇന്ന് ഇന്ത്യയെ അറിയുന്നു.

കാലവും കോലവും രണ്ടായിരുന്നുവെങ്കിലും ഇരുവരുടെയും സംഗീതത്തിനും രീതികള്‍ക്കും ജീനുകള്‍ വഴിപകര്‍ന്നു കിട്ടിയ നിരവധി സാമ്യങ്ങള്‍. ഇതില്‍ ചിലതെല്ലാം കാലം കരുതിവെച്ച യാദൃച്ഛികതകളായിരുന്നു.

പാശ്ചാത്യ വാദ്യോപകരണങ്ങളെപ്പറ്റി അസാമാന്യമായ അറിവായിരുന്നു ശേഖറിന്. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി രാഗങ്ങള്‍ക്കപ്പുറം ഒന്നു ചിന്തിക്കാനില്ലാത്ത കാലത്ത് പാശ്ചാത്യതാളങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് വീറോടെ വാദിച്ചു. സിനിമയുടെ പശ്ചാത്തലസംഗീതത്തില്‍ അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങള്‍ വിപ്ളവകരമായിരുന്നു. ഗാനങ്ങള്‍ക്ക് നല്ല വരികള്‍ മാത്രം പോരാ, മികച്ച സംഗീതവും വേണമെന്ന് നിര്‍ബന്ധമായിരുന്നു. ഇക്കാര്യങ്ങളിലെല്ലാം അച്ഛന്റെ മാര്‍ഗത്തില്‍ തന്നെയായിരുന്നു മകനും. ചെന്നൈയിലെ അദ്ദേഹത്തിന്റെ പഞ്ചതന്‍ സ്റ്റുഡിയോയില്‍ ലോകത്തെ ഒട്ടുമിക്ക സംഗീതോപകരണങ്ങളുമുണ്ട്. ഗാനത്തിന്റെ മനോഹാരിതക്കായി ഏതു താളവും ഉപയോഗിക്കാം എന്ന പക്ഷക്കാരനാണ് റഹ്മാന്‍. 'ബ്ളൂ' എന്ന പുതിയ ചിത്രത്തില്‍ കെയ്ലിമിനോഗ് യെന്ന വിശ്വപ്രസിദ്ധ ഗായികക്കായി ഒരുക്കിയ 'ചിഗി വിഗി വിത്ത് യൂ' എന്ന പാശ്ചാത്യ ചുവയുള്ള പാട്ടില്‍ പഞ്ചാബിന്റെ ഭാംഗ്ഡാ താളം സമര്‍ഥമായി ഉപയോഗിച്ചത് ഉദാഹരണം. 'ദില്ലി 6' എന്ന ചിത്രത്തില്‍ ആഫ്രിക്കന്‍ താളങ്ങള്‍ അടിസ്ഥാനമായി സ്വീകരിച്ച് ഇന്ത്യന്‍ രാഗങ്ങള്‍ സന്നിവേശിപ്പിച്ചതും ഏറെ ശ്രദ്ധേയമായി.

പാട്ടിന്റെ പൂര്‍ണതയ്ക്കായി അഭിപ്രായങ്ങള്‍ പറയാനും മികച്ചവ സ്വീകരിക്കാനും ശേഖറിന് മടിയില്ലായിരുന്നുവെന്ന് സുഹൃത്തും സഹപ്രവര്‍ത്തകനുമായ എം കെ അര്‍ജുനന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

റഹ്മാന്‍ തന്റെ ഗായകര്‍ക്കു നല്‍കുന്ന സ്വാതന്ത്ര്യവും വിശ്വാസ്യതയും അച്ഛനില്‍നിന്നു പഠിച്ചതുതന്നെ. 'ദില്ലി 6'ലെ 'മസക്കലി' എന്ന പാട്ടിനിടെയുള്ള ചിരി ഗായകനായ മോഹിത് ചൌഹാന്റെ അഭിപ്രായമായിരുന്നു. താരതമ്യേന അപ്രശസ്തനായ മോഹിതിന്റെ നിര്‍ദേശം റഹ്മാന്‍ സ്വീകരിച്ചു. ഈ ചിരി പിന്നീട് ആ ഗാനത്തിന്റെ സവിശേഷതയായി. ഗായകരെയും വാദ്യോപകരണ വിദഗ്ധരെയും റഹ്മാന്‍ വിശ്വാസത്തിലെടുക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹത്തിനുവേണ്ടി പാടിയിട്ടുള്ള ജയചന്ദ്രനും ജി വേണുഗോപാലും ചിത്രയുമെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

'പ്രത്യേകതയുള്ള ശബ്ദം ഒരിക്കല്‍ കേട്ടാല്‍ അദ്ദേഹമത് മറക്കില്ല. മികച്ച ഗാനത്തിന് ആ ഗായകന് അവസരം ലഭിക്കും'-രംഗ് ദേ ബസന്തിക്കു വേണ്ടി 'ഖൂന്‍ ചലാ' എന്ന പാട്ടുപാടിയ ഹര്‍ഷദീപ് പറയുന്നു. റഹ്മാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഗായകര്‍ നിരവധി. ഇവര്‍ക്കൊപ്പം യേശുദാസിനെയും ലതാ മങ്കേഷ്ക്കറെയും എസ് പി ബാലസുബ്രഹ്മണ്യത്തെയുംപോലുള്ള പ്രഗത്ഭരെയും ഉപയോഗിക്കാനും റഹ്മാന് മടിയുണ്ടായില്ല. പാട്ടിനു യോജിക്കുന്ന ശബ്ദം- അതു മാത്രമായിരുന്നു പരിഗണന.

ഇന്ത്യ കണ്ട മികച്ച ഹാര്‍മോണിയം വിദഗ്ധനായിരുന്നു ശേഖര്‍. മകനാവട്ടെ കീ ബോര്‍ഡില്‍ ലോക പ്രശസ്തനും.1970ല്‍ സിംഗപ്പുര്‍ യാത്രകഴിഞ്ഞു മടങ്ങുമ്പോഴാണ് ശേഖര്‍ ഇലക്ട്രോണിക് ഓര്‍ഗന്റെ ആദ്യരൂപമായ കോംബോ ഓര്‍ഗന്‍ വാങ്ങുന്നത്. അതില്‍ റഹ്മാന്‍ വൈദഗ്ധ്യം നേടുന്നു. അച്ഛന്റെ മരണശേഷം ഇത് വാടകയ്ക്ക് നല്‍കിയും വായിച്ചുമാണ് അദ്ദേഹം കുടുംബം പോറ്റിയത്.

സംഗീതലോകത്തിന്റെ അവഗണനയ്ക്കും ഇരുവര്‍ക്കും പാത്രമാകേണ്ടിവന്നിട്ടുണ്ട്. മികച്ച സംഗീതജ്ഞനായിട്ടും അടുത്ത സുഹൃത്തുക്കള്‍പോലും ശേഖറിന് പലപ്പോഴും അവസരം നല്‍കിയിരുന്നില്ല. സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍ ഹിറ്റാവാതിരുന്നതിനാല്‍ രാശിയില്ല എന്ന പേരിലായിരുന്നു അവഗണന. പക്ഷേ അവഗണനയ്ക്കും തിരസ്കാരത്തിനും പ്രതിഭയെ ആളിക്കത്തിക്കാനേ കഴിയൂ എന്നത് അനുഭവസാക്ഷ്യം.

'റോജ'യുടെ ഹിന്ദി പതിപ്പുമായി എത്തിയപ്പോള്‍ റഹ്മാനും നേരിട്ടു അവഗണന. അന്നത്തെ പ്രശസ്ത സംഗീത കമ്പനികളായ ടി സീരിസ്, വീനസ് തുടങ്ങിയവര്‍ റഹ്മാനെ ഗൌനിച്ചില്ല. ഇവരുടെ ടിവി ചാനലുകള്‍ 'മദ്രാസിപയ്യനെ' അവഗണിച്ചു. പക്ഷേ റഹ്മാന്റെ മറുപടി സംഗീതം കൊണ്ടായിരുന്നു. രാംഗോപാല്‍ വര്‍മയുടെ ആദ്യ ഹിന്ദി ചിത്രത്തിന്റെ സംഗീതം റഹ്മാനായിരുന്നു. 'രംഗീല' ചരിത്രമായി. ഇവിടെയും ആളിക്കത്തിയ പ്രതിഭ മറ്റെല്ലാത്തിനെയും അതിജീവിച്ചു.

ഗായകര്‍ക്കൊപ്പം വാദ്യോപകരണങ്ങള്‍ വായിക്കുന്നവരുടെയും പേരുകള്‍ കാസെറ്റില്‍ നല്‍കുന്ന പതിവ് തുടങ്ങിയത് റഹ്മാനാണ്. എല്ലാവര്‍ക്കും പരിഗണനയെന്ന തത്വവും ഈ ചെറുപ്പക്കാരന്‍ ആര്‍ജിച്ചത് അച്ഛനില്‍നിന്ന്.

ഹൃദയ നൈര്‍മല്യവും, അര്‍പ്പണബോധവും അച്ഛനെയും മകനെയും മുന്നോട്ടുനയിച്ചു. ഈണം മോശമെന്നു തോന്നിയാല്‍ സംഗീത സംവിധായകര്‍ക്കുവേണ്ടി ശേഖര്‍ സ്വയം ഈണമിട്ട് നല്‍കിയിട്ടുണ്ട്. ഇളയരാജയും സഹോദരന്‍ ഗംഗൈ അമരനുമടക്കം പലര്‍ക്കും വേണ്ടി അദ്ദേഹം വീടിന്റെ വാതില്‍ തുറന്നിട്ടു. പലരും ശേഖറിനേക്കാള്‍ പ്രശസ്തരായി. അവരാരും പിന്നീട് തിരിഞ്ഞുനോക്കാത്തതില്‍ അദ്ദേഹത്തിന് പരാതിയൊന്നുമില്ലായിരുന്നു.

ഇതിനിടെ ഏതാനും സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. 1964ല്‍ ഉദയായുടെ 'പഴശിരാജ'യിലൂടെ അരങ്ങേറ്റം. ഇതിലെ 'ചൊട്ടമുതല്‍ ചുടലവരെ' വന്‍ ഹിറ്റായിരുന്നു. പിന്നീട് ഇരുപതോളം ചിത്രങ്ങള്‍ക്ക് ഈണം പകര്‍ന്നു. 'ശോകാന്തര ജീവിതനാടകവേദിയില്‍' (ആയിഷ), 'മനസു മനസിന്റെ കാതില്‍' (ചോറ്റാനിക്കരയമ്മ), 'ആഷാഡമാസം' (യുദ്ധഭൂമി), 'താമരപ്പൂനാണിച്ചു' (ടാക്സിക്കാര്‍) തുടങ്ങിയവ മലയാളിയുടെ ചുണ്ടില്‍ ഇന്നുമുണ്ട്.

പാട്ടെഴുത്തുകാരനായ രവി മേനോനോട് അര്‍ജുനന്‍ മാസ്റ്റര്‍ പറയുന്നു 'പലപ്പോഴും രാത്രി വൈകിയിരുന്ന് ശേഖറും ഞാനും പാട്ടുകളുണ്ടാക്കിയിട്ടുണ്ട്.അസാമാന്യ ക്ഷമാശീലനായിരുന്നു അദ്ദേഹം. പാട്ടിന്റെ പൂര്‍ണതയ്ക്ക് എന്തു ത്യാഗവും ചെയ്യും'

രാത്രിയില്‍ താളമിടുന്നത് മകന്‍ അച്ഛനില്‍നിന്നു പഠിച്ച ശീലമാകാം. നിശാഗന്ധി പൂവുപോലെ രാത്രിയിലാണ് റഹ്മാന്റെ ഗാനങ്ങള്‍ സുഗന്ധം പരത്തുന്നത്. അപ്പോഴാണ് റഹ്മാന്റെ റെക്കോഡിങ്. പഞ്ചതന്‍ സ്റ്റുഡിയോ സജീവമാകുന്നത് രാത്രിയാണെന്ന് സുഹൃത്തുക്കളുടെ സാക്ഷ്യം.

പാട്ടിന്റെ പൂര്‍ണതയ്ക്കായി എന്തും ചെയ്യുന്ന അച്ഛന്റെ മകനും പൂര്‍ണത വേദവാക്യം. രണ്ട് ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ളോബ്, പത്മശ്രീ, നാല് ദേശീയ അവാര്‍ഡ്. ഇപ്പോള്‍ ഇരട്ടഗ്രാമിയും. മകന്റെ അച്ഛന്‍; അച്ഛന്റെ മകന്‍.

സാമ്യങ്ങള്‍ ഇവിടെ അവസാനിക്കുകയാണ്. പലരെയും സഹായിച്ച് സംഗീതത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച ശേഖര്‍ 42-ാം വയസ്സില്‍ ഭാര്യ കസ്തൂരിയെയും നാലു മക്കളെയും അനാഥരാക്കി കടന്നുപോയപ്പോള്‍ സഹായത്തിന് അധികമാരും ഉണ്ടായില്ല. പച്ചയായ ജീവിതത്തിനു മുന്നില്‍ പകച്ചുനിന്ന കുടുംബം.

റഹ്മാന്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലയേറിയ സംഗീതജ്ഞന്‍. ലോകപ്രശസ്തന്‍. പരാധീനതകളില്‍ കുരുങ്ങാത്ത ജീവിതം. ആ സംഗീതം ഇന്ന് മഴയായ് പൊഴിയുകയാണ് ഓരോ മനുഷ്യന്റെയും മനസ്സില്‍. ആര്‍ കെ ശേഖര്‍ ചിരിക്കുന്നുണ്ടാവാം....

*
എസ് അജോയ് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തിരുവള്ളൂര്‍ സ്വദേശി ഹരികഥാ കലാകാരന്‍ രാജഗോപാല ഭാഗവതരുടെ മകന്‍ രാജഗോപാല കുലശേഖരനും കൊച്ചുമകന്‍ ദിലീപ്കുമാറിനും പൊതുവായി ഉണ്ടായിരുന്നത് രക്തബന്ധത്തിനുമപ്പുറം മറ്റു ചിലതും കൂടിയായിരുന്നു. മനസ്സിനെ ഭ്രമിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന, സാന്ത്വനിപ്പിക്കുന്ന സംഗീതം അവരെ ചരിത്രത്തിലെ അറിയപ്പെടുന്ന അച്ഛനും മകനുമാക്കി.

ആര്‍ കെ ശേഖര്‍, മകന്‍ എ ആര്‍ റഹ്മാന്‍... അച്ഛന്‍ മലയാള സിനിമയിലെ പ്രതിഭാധനനായ മ്യൂസിക് കണ്ടക്ടര്‍, അറേഞ്ചര്‍, സംഗീതസംവിധായകന്‍. മകന്റെ പേരിലൂടെ ലോകം ഇന്ന് ഇന്ത്യയെ അറിയുന്നു.

കാലവും കോലവും രണ്ടായിരുന്നുവെങ്കിലും ഇരുവരുടെയും സംഗീതത്തിനും രീതികള്‍ക്കും ജീനുകള്‍ വഴിപകര്‍ന്നു കിട്ടിയ നിരവധി സാമ്യങ്ങള്‍. ഇതില്‍ ചിലതെല്ലാം കാലം കരുതിവെച്ച യാദൃച്ഛികതകളായിരുന്നു.