നവോത്ഥാനാനന്തര കേരളീയജീവിതത്തില്‍ സമ്പൂര്‍ണമായ മനുഷ്യസ്നേഹത്തിന്റെ യുഗപരിവര്‍ത്തനം സൃഷ്ടിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ . കവിയില്ലാത്ത കാലത്തും ജനതയുടെ മനസ്സില്‍ അക്ഷരത്തിന്റെ അണയാത്ത പന്തങ്ങള്‍ ജ്വലിപ്പിച്ചുകൊണ്ട് ഒരു നൂറ്റാണ്ട് പിന്നിടുകയാണ് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ പ്രഥമ അധ്യക്ഷന്‍കൂടിയായ വൈലോപ്പിള്ളി മാഷുടെ കവിജന്മം. സൗമ്യവും ദീപ്തവുമായ അദ്ദേഹത്തിന്റെ മുഖം ഇന്നലെ കണ്ടുപിരിഞ്ഞതുപോലെ ഇപ്പോഴുമുണ്ട് മനസ്സില്‍ .
1984ല്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭദിവസം നടന്ന കവികളുടെ വിദ്യാരംഭത്തില്‍വച്ചാണ് വൈലോപ്പിള്ളി മാഷെ ഞാന്‍ നേരില്‍കണ്ടുപരിചയപ്പെട്ടത്. അന്ന് സ്വന്തം കവിത ചൊല്ലിക്കഴിഞ്ഞ് വളരെ നേരം അദ്ദേഹം ഇളമുറക്കാരുടെ കവിതകേട്ട് സദസ്സിലിരുന്നു. കവിത ചൊല്ലിക്കഴിയുമ്പോള്‍ ഓരോരുത്തരെയും അടുത്തുവിളിച്ചു പരിചയപ്പെടുകയും കവിതയെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. "പന്തങ്ങള്‍" എന്ന കവിതയിലെ കവി തന്നെയായിരുന്നു അപ്പോള്‍ അദ്ദേഹം. "ചോര തുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങള്‍ ഏറിയ തലമുറയേന്തിയ പാരിന്‍ വാരൊളി മംഗള കന്ദങ്ങള്‍" എന്ന് വാത്സല്യപൂര്‍വം പുതുതലമുറയോട് ആഹ്വാനംചെയ്യുന്നതുപോലെയായിരുന്നു ആ സ്നേഹസാന്നിധ്യം. "യുഗപരിവര്‍ത്തനം" എഴുതിയ കവിയാണ് വൈലോപ്പിള്ളി. നാം ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ലോകത്ത് പരിവര്‍ത്തനം വരും എന്ന് ഉറച്ചുവിശ്വസിച്ച കവി. ചലനമാണ് ജീവിതസത്യം എന്നു പ്രഖ്യാപിച്ച കവി. മരണത്തിന് മനുഷ്യജീവിതത്തിന്റെ സര്‍ഗാത്മകചലനത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഉച്ചൈസ്ഥരം ഘോഷിച്ച കവി. "ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍"! ഇത്രമേല്‍ അഗാധമായ പ്രത്യാശയോടെ മനുഷ്യജീവിതത്തെ പുണര്‍ന്നുനിന്ന കവികള്‍ വൈലോപ്പിള്ളി മാഷെപ്പോലെ നമുക്ക് വേറെയില്ല. പരിവര്‍ത്തനം പലതിനെയും ഉടച്ചുവാര്‍ക്കും. പല ബന്ധങ്ങളെയും അട്ടിമറിക്കും. വര്‍ഗബന്ധങ്ങളെ പുനര്‍നിര്‍വചിക്കും. നമ്മുടെ ശീലങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും വിരുദ്ധമായി ലോകം പുനര്‍നിര്‍മിക്കപ്പെടും. പലതും നഷ്ടപ്പെടും. ലോകത്തിന് മാറാതെ നിലനില്‍ക്കാനാകില്ല. "മുമ്പുനാം സ്നേഹിച്ചവ,രകന്നോ മൃതിപ്പെട്ടോ വന്‍പകയോടെ ചേരി മാറിയോ പൊയ്പ്പോവുന്നു ആ മരവിപ്പിന്‍ മീതെ ചവിട്ടി മുന്നേറുന്നു നാമറിയാത്തോര്‍ , ഒട്ടും നമ്മളെയറിയാത്തോര്‍" നമ്മളെ അറിയാത്തവരാണെങ്കിലും പുതുലോകം സൃഷ്ടിക്കാന്‍ വരുന്ന ഈ കുട്ടികളുടെ കൂടെച്ചേര്‍ന്നുനില്‍ക്കുകയല്ലാതെ, അവര്‍ക്ക് മനുഷ്യ മഹാസ്നേഹത്തിന്റെ തീപ്പന്തങ്ങള്‍ കൈമാറുകയല്ലാതെ യുഗപരിവര്‍ത്തനയാത്രകള്‍ക്ക് വേറെ വഴിയില്ല എന്ന് കവി അഗാധമായി അറിഞ്ഞിരുന്നു. നിരുപാധികമായ മനുഷ്യസ്നേഹത്തിന്റെയും ഉദാരമായ ശുഭപ്രതീക്ഷയുടെയും വെളിച്ചമായിരുന്നു വൈലോപ്പിള്ളിയുടെ വരികള്‍ . "വിശ്വസംസ്കാരപാലകരാകും വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ ആവുമോ ഭവാന്മാര്‍ക്കു നികത്താന്‍ ലോകസാമൂഹ്യദുര്‍ന്നിയമങ്ങള്‍ സ്നേഹസുന്ദരപാതയിലൂടെ വേഗമാവട്ടെ, വേഗമാവട്ടെ" വിപ്ലവത്തിലൂടെ ലോകം മാറ്റാനിറങ്ങിത്തിരിച്ച മനുഷ്യവര്‍ഗത്തിനുമുന്നില്‍നിന്നുകൊണ്ട് ഇങ്ങനെ ഉച്ചരിക്കണമെങ്കില്‍ ഉല്‍ക്കൃഷ്ടമായ വര്‍ഗസ്നേഹത്തില്‍നിന്നുളവാകുന്ന അപ്രതിരോധ്യമായ ശുഭാപ്തിവിശ്വാസമുണ്ടാകാതെ വയ്യ.
കുലീനമായ കള്ളങ്ങള്‍ വെടിഞ്ഞ് നെഞ്ചുകീറി കവി നേരിനെക്കാട്ടി. ആത്മനാശത്തിന്റെ കവിതയാണ് "കുടിയൊഴിയ്ക്കല്‍" എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. വ്യക്തിയുടെ അഹന്ത അവസാനിക്കുന്നിടത്ത് സമഷ്ടിയുടെ സര്‍ഗാത്മക സംഘബലം രൂപപ്പെടുമെന്ന് വൈലോപ്പിള്ളി മാഷ് കണ്ടു. "ദുഷ്പ്രഭുപ്പുലയാടികള്‍ പാര്‍ക്കും ഇപ്പുരയ്ക്കിടിവെട്ടുകൊള്ളട്ടെ" എന്നെഴുതുമ്പോള്‍ ദുഷ്പ്രഭുത്വം ഒരു പുലയാടിത്തമാണ് എന്ന് പ്രഖ്യാപിക്കാനുള്ള വര്‍ഗധീരത കാണിച്ചു. "തേട്ടിവന്നിടും നിന്‍ പ്രതിഷേധം" എന്നാണ് തൊഴിലാളിയുടെ ശകാരത്തെ കവി വിശേഷിപ്പിക്കുന്നത്. ഇവിടെ മദ്യപിച്ചു തിരിച്ചുവരുമ്പോഴാണ് തൊഴിലാളി ജന്മിയെ തെറിപറയാന്‍ ധൈര്യപ്പെടുന്നത്. മദ്യത്തിനുള്ള ഒരു ഗുണം അതാണ്. കുടിച്ചുകഴിയുമ്പോള്‍ ഭീരു ധൈര്യശാലിയാകും. അടിമ ഉടമയാകും. നേരത്തെ തലചൊറിഞ്ഞുനിന്ന അതേ തൊഴിലാളിയാണ് മുഷ്ടിചുരുട്ടി തിരിച്ചുവരുന്നത്. അവന്റെ വാക്കുകള്‍ "കള്ളിന്‍ തികട്ടലു"കളല്ല. അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിഷേധം; മദ്യം സ്വതന്ത്രനാക്കിത്തീര്‍ത്തപ്പോള്‍ സ്വാഭാവികമായി പുറത്തുവരുന്നതാണ്. (കള്ളിന്‍ തികട്ടല്‍ എന്നത് വൈലോപ്പിള്ളിമാഷുടെതന്നെ ഒരു പ്രയോഗമാണ്. "ഗണ്യമാക്കീലാ കളിന്ദമഹര്‍ഷിതന്‍ കന്യയിക്കള്ളിന്‍ തികട്ടലുകള്‍" എന്ന് "ജലസേചനം" എന്ന കവിതയില്‍) കള്ളിന്റെയും വിനാശകരമായ ആത്മാഹന്തയുടെയും പിന്‍ബലമില്ലാതെതന്നെ ഈ പ്രതിഷേധം സര്‍ഗാത്മകമായി ഉയര്‍ന്നുവരണം എന്നാണ് കവി ഉപദര്‍ശിച്ചത്. "കുടിയൊഴിയ്ക്കലില്‍", "ചീവീടുകളുടെ പാട്ട്" എന്ന ഖണ്ഡത്തില്‍ കവി നേരുന്ന പോംവഴി വേറൊരുവിധമായിരുന്നെങ്കില്‍ എന്ന ആശംസ ഈ പ്രകരണത്തിലാണ് പ്രസക്തമാകുന്നത്. ഭരണകൂടങ്ങളെല്ലാം അപ്രത്യക്ഷമാകുന്ന, വര്‍ഗരഹിതമായ ഒരു സമൂഹസൃഷ്ടിക്ക് തൊഴിലാളിയെ പ്രാപ്തനാക്കുന്ന ഉദാരമായ കിനാവാണത്; കിട്ടാനുള്ളത് പുതിയൊരു ലോകമാണ് എന്ന പ്രത്യാശ. വൈലോപ്പിള്ളി മാഷ് "കുടിയൊഴിയ്ക്കല്‍" എഴുതിയതുതന്നെ ചവിട്ടിത്താഴ്ത്തപ്പെട്ടവന്‍ എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുവെന്നുപറയാനാണ്. നിഷ്കാസിതരുടെ ജീവിതത്തിലും പാവപ്പെട്ടവരുടെ ബോധത്തിലും ചിലപ്പോള്‍ വര്‍ഗാഭിമാനംകൊണ്ടുവരുന്നത് "കള്ളു"പോലുമാണ് എന്ന യാഥാര്‍ഥ്യം കവി കാണാതിരിക്കുന്നില്ല. "ഫാ" എന്ന് ആട്ടുന്നത് പാവപ്പെട്ട മനുഷ്യര്‍ക്കിടയില്‍ പ്രണയത്തിന്റെയും ചുംബനത്തിന്റെയും അസംസ്കൃതാനുഭവമാണ് എന്നും വൈലോപ്പിള്ളി ഈ കവിതയില്‍ത്തന്നെ എഴുതുന്നുണ്ട്. ("ആട്ടൊ"രുഗ്രമാം ചുംബനമോ!) ചരിത്രത്തെ ബീഡിപ്പുകച്ചുരുളായും വൈലോപ്പിള്ളി മറ്റൊരിടത്ത് വര്‍ണിച്ചിട്ടുണ്ട്. "വലിച്ചുതള്ളട്ടേ ഒരു മുറി ബീഡിപ്പുകയായീനാട്ടില്‍ ശ്വസിച്ചതു ഞങ്ങള്‍" ഇവിടെയൊക്കെ പാവപ്പെട്ടവരുടെ ഇമേജറി, സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ അനുഭവലോകം, അടിസ്ഥാനജനവര്‍ഗത്തിന്റെ സങ്കല്‍പ്പശേഷി- ഇവയെയൊക്കെയാണ് വൈലോപ്പിള്ളി സ്വന്തം കാവ്യപ്രചോദനങ്ങളുടെ പ്രാണശ്വാസമാക്കി മാറ്റിയത്. ചൂഷിതരായ ജനവര്‍ഗം, അടിമകളാക്കപ്പെടുന്ന നിസ്സഹായര്‍ - അവരെല്ലാം തിരിച്ചുവരും എന്ന സങ്കല്‍പ്പം വൈലോപ്പിള്ളിക്കവിതയില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു പ്രതീക്ഷയാണ്. എഴുത്തുകാരന്റെ പ്രാഥമികമായ ധര്‍മം അധഃസ്ഥിതരുടെ കൂടെ നില്‍ക്കുകയാണ് എന്നു പ്രഖ്യാപിക്കാന്‍ വൈലോപ്പിള്ളി എന്നും ധൈര്യം കാണിച്ചു. "സീരത്താലാറ്റിന്റെ തീരത്തെ, നിന്ദാഹ- ങ്കാരത്തെ ഭേദിച്ചു രാമദേവന്‍ അത്ര മഹാന്മാര്‍ക്കേ ഭൂതദയയില്‍നി- ന്നിത്തരമുണ്ടാവൂ നിര്‍ദയത്വം" എന്നെഴുതിയപ്പോള്‍ അടിസ്ഥാന കര്‍ഷകജനതയ്ക്കുവേണ്ടി ആയുധമെടുത്ത പോരാളിയായി ബലരാമനെ പരിവര്‍ത്തിപ്പിക്കുകയായിരുന്നു കവി.
വിപ്ലവത്തില്‍ ആയുധിയുടെ ഇടപെടല്‍ ഭൂതദയയില്‍നിന്നുളവാകുന്ന നിര്‍ദയത്വമായി വ്യാഖ്യാനിക്കാനുള്ള ഈ സര്‍ഗാത്മകധൈര്യം കവിയുടെ വര്‍ഗബലംതന്നെയാണ്. അതുതന്നെയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്ന മനുഷ്യകഥാനുഗായിയായ കവിയുടെ ചരിത്രബലം. അധിനിവേശങ്ങളുടെ അധികാരപ്രത്യയശാസ്ത്രങ്ങള്‍ കുടിയൊഴിച്ചവരെ മുഴുവന്‍ വര്‍ഗാവബോധത്തിന്റെ സമത്വസുന്ദരമായ നവലോകത്തില്‍ കുടിപാര്‍പ്പിച്ച കവിയാണ് വൈലോപ്പിള്ളി. അതുകൊണ്ടുതന്നെ കവിയേന്തിയ മനുഷ്യസ്നേഹത്തിന്റെ പന്തങ്ങള്‍ ഇനിയും ഏറിയ തലമുറകള്‍ ഏറ്റുവാങ്ങുകതന്നെ ചെയ്യും. കാരണം, ഏതു ധൂസരസങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവല്‍കൃത ലോകത്തുപുലര്‍ന്നാലും മണ്ണിന്റെ മണവും മനുഷ്യന്റെ മമതയും സ്നേഹത്തിന്റെ കൊന്നപ്പൂക്കളുമായി പുതിയൊരു തലമുറ വളര്‍ന്നുവരുമെന്ന ശുഭപ്രതീക്ഷ കൈവിടാതെ കാത്തുവച്ച യുഗപ്രഭാവനായ കവിയായിരുന്നു വൈലോപ്പിള്ളി.
*
ആലങ്കോട് ലീലാകൃഷ്ണന്‍ ദേശാഭിമാനി 11 മേയ് 2011
Subscribe to:
Post Comments (Atom)
1 comment:
നവോത്ഥാനാനന്തര കേരളീയജീവിതത്തില്‍ സമ്പൂര്‍ണമായ മനുഷ്യസ്നേഹത്തിന്റെ യുഗപരിവര്‍ത്തനം സൃഷ്ടിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ . കവിയില്ലാത്ത കാലത്തും ജനതയുടെ മനസ്സില്‍ അക്ഷരത്തിന്റെ അണയാത്ത പന്തങ്ങള്‍ ജ്വലിപ്പിച്ചുകൊണ്ട് ഒരു നൂറ്റാണ്ട് പിന്നിടുകയാണ് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ പ്രഥമ അധ്യക്ഷന്‍കൂടിയായ വൈലോപ്പിള്ളി മാഷുടെ കവിജന്മം. സൗമ്യവും ദീപ്തവുമായ അദ്ദേഹത്തിന്റെ മുഖം ഇന്നലെ കണ്ടുപിരിഞ്ഞതുപോലെ ഇപ്പോഴുമുണ്ട് മനസ്സില്‍ .
Post a Comment