Tuesday, May 31, 2011

നില വിടുന്ന ജാതിരാഷ്ട്രീയം

വെള്ളാപ്പള്ളി നടേശന്‍ പറയുന്നിടത്ത് ഈഴവരും സുകുമാരന്‍ നായരുടെ വിപ്പിനനുസരിച്ച് നായന്‍മാരും വോട്ടുകുത്തിയിരുന്നുവെങ്കില്‍ കേരളത്തില്‍ കുറെ ഈഴവ, നായര്‍ , ക്രിസ്ത്യന്‍ , മുസ്ലിം എംഎല്‍എമാരേ ഉണ്ടാകുമായിരുന്നുള്ളൂ. രാഷ്ട്രീയ പാര്‍ടികള്‍ പിരിച്ചുവിട്ട് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പും നടത്തേണ്ടിവരും. ഇന്ത്യയുടെ വിശേഷണം മതേതര രാജ്യം എന്നതിനുപകരം മത-ജാത്യാധിഷ്ഠിത രാജ്യം എന്നാക്കേണ്ടിയും വരും. പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് ഫലത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളും കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ജാതി-മതസംഘടനകളും ശക്തികളും ചെലുത്തുന്ന ദുഃസ്വാധീനം എത്രയുണ്ടെന്ന് വെളിപ്പെടുത്തുന്നു.

ഒരു ജാതി-മത സംഘടനയുടെയും സഹായംകൊണ്ടല്ല, അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരവും ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളുടെ സംശുദ്ധിയും കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയതെന്ന വസ്തുത അംഗീകരിക്കാന്‍ മടിക്കുന്നവരാണ് നിലവിട്ടു പെരുമാറുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എസ്എന്‍ഡിപിയെ പരാമര്‍ശിച്ച് പറഞ്ഞത് ഇങ്ങനെയാണ്: "എല്‍ഡിഎഫിനെതിരായിട്ടാണ് എന്‍എസ്എസ് നിന്നത് എന്ന് സുകുമാരന്‍നായര്‍ പ്രഖ്യാപിച്ച ഉടനെ, ഈ നിലപാട് തെരഞ്ഞെടുപ്പ് വേളയില്‍ പരസ്യമാക്കിയിരുന്നെങ്കില്‍ കാര്യം മാറുമായിരുന്നു എന്നാണ് എസ്എന്‍ഡിപി യോഗത്തിന്റെ നേതാവ് പ്രതികരിച്ചത്. കേരളത്തിലെ ഏറെ മണ്ഡലങ്ങളില്‍ എസ്എന്‍ഡിപി അവരുടെ ശേഷി ഉപയോഗിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനുള്ള പരിശ്രമമാണ് നടത്തിയത്." തെരഞ്ഞെടുപ്പില്‍ സാങ്കേതികമായി യുഡിഎഫ് ജയിച്ചുവെങ്കിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെത്തിയത്. എല്ലാ ജാതിമത ശക്തികളെയും അണിനിരത്തിയിട്ടും യുഡിഎഫിന് ഇത്രയേ സാധിച്ചുള്ളൂ എന്നത് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ജാതിയുടെയും മതത്തിന്റെയും സങ്കുചിത നേത്രങ്ങളിലൂടെയല്ല രാഷ്ട്രീയത്തെ കാണുന്നത് എന്നതുകൊണ്ടാണ്. ഒരുപരിധിവരെ ചിലരെ തോല്‍പ്പിക്കാനും ചില കുഴപ്പങ്ങളുണ്ടാക്കാനും ജാതിസംഘടനകള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കും കഴിയുന്നുണ്ട് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെത്തന്നെ അത്തരം ദുഷിച്ച ഇടപെടലുകള്‍ക്കെതിരായ ജനവികാരം ശക്തമാണ് എന്നാണ് ഈ തെരഞ്ഞെടുപ്പിന്റെ സന്ദേശം.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ , സിപിഐ എമ്മിന്റെ ഈ തെരഞ്ഞെടുപ്പു വിശകലനത്തെ കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറിയുടെ "നിലതെറ്റലാ"യി കാണുന്നു. മുസ്ലിംലീഗ് അവകാശപ്പെട്ടത് മുസ്ലിം സംഘടനകളുടെ ഏകീകരണത്തിലൂടെ മുസ്ലിം ജനസാമാന്യത്തിന്റെ വോട്ടുകള്‍ സമാഹരിച്ചു എന്നാണ്. കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് കാര്‍മികരാകുമ്പോള്‍ സഭാനേതൃത്വത്തിലെ ചിലര്‍ കൊതിച്ചത് ക്രൈസ്തവ വോട്ടുകള്‍ ചോര്‍ന്നുപോകാതെ കൂട്ടിക്കെട്ടി യുഡിഎഫ് പാളയത്തിലെത്തിക്കാമെന്നാണ്. എന്‍എസ്എസിന് സമദൂരത്തില്‍ ഒരു "ശരിദൂരം" കണ്ടെത്തിക്കൊടുത്തതും എസ്എന്‍ഡിപിയെക്കൊണ്ട് വെള്ളാപ്പള്ളി നടേശന്‍ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ യുഡിഎഫിന് സ്തുതി പാടിച്ചതും യുഡിഎഫ് "നൂറു സീറ്റില്‍" ജയിക്കും എന്ന് സ്വപ്നം കണ്ടാണ്. ഫലം വന്നപ്പോള്‍ അത്തരം ചിലചില ലക്ഷ്യങ്ങള്‍ ചെറുതായി സാധിച്ചു. മലപ്പുറം ജില്ലയില്‍ കുഞ്ഞാലിക്കുട്ടിക്ക് വന്‍ ഭൂരിപക്ഷം നേടിക്കൊടുക്കാന്‍ അത് സഹായിച്ചു. എന്നാല്‍ , തവനൂരില്‍ കെ ടി ജലീലിനെ തോല്‍പ്പിക്കാന്‍ ആ ഏകീകരണംകൊണ്ട് കഴിഞ്ഞില്ല. കോഴിക്കോട് ജില്ലയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പലമണ്ഡലങ്ങളിലും ജയിച്ചുവന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ ഫലം ആകെ വിശകലനംചെയ്താല്‍ ക്രൈസ്തവര്‍ ഒന്നടങ്കം ഒരു വശത്തേക്ക് ചാഞ്ഞു എന്ന് വിലയിരുത്താനാകില്ല. കടുത്ത ജാതി-മതവികാരങ്ങള്‍ വോട്ടാക്കിമാറ്റാന്‍ യുഡിഎഫ് കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച തോതില്‍ വിജയംകണ്ടില്ല. നൂറു സീറ്റു നേടുമെന്ന യുഡിഎഫ് സ്വപ്നത്തിന്റെ അടിത്തറ ജാതി-മത വോട്ടുകളുടെ ഏകോപനമായിരുന്നു. ആ സ്വപ്നം തകര്‍ന്നപ്പോള്‍ വെള്ളാപ്പള്ളിയെപ്പോലുള്ളവരും വിഷമിക്കും. ആരു ജയിക്കുന്നുവോ അവരുടെ "ആള്‍" തങ്ങളാണെന്നു വരുത്തിത്തീര്‍ക്കുക ഇത്തരം സങ്കുചിതമനസ്കരുടെ ശീലമാണ്.

എല്‍ഡിഎഫ് ഇത്ര ശക്തിയായി മുന്നോട്ടുവരുമെന്ന് വെള്ളാപ്പള്ളി കരുതിയിരുന്നില്ല. നായര്‍ സര്‍വീസ് സൊസൈറ്റി സമദൂരമോ ശരിദൂരമോ കണ്ടെത്തുന്നതില്‍ വെള്ളാപ്പള്ളിക്ക് എന്തുകാര്യം? ഈ രണ്ടുകൂട്ടരുടെയും നിലപാടിനും നിലപാടില്ലായ്മയ്ക്കുമൊത്ത് പൊങ്ങുകയും താഴുകയും ചെയ്യേണ്ടതോ കേരളരാഷ്ട്രീയം? യുഡിഎഫിനെ ചുറ്റിനില്‍ക്കുന്ന ദൂഷിത വലയമാണ് വെള്ളാപ്പള്ളിയും സുകുമാരന്‍നായരുമുള്‍പ്പെടെയുള്ള ജാതിമത സംഘടനകളുടെ നേതൃത്വം. ജാതീയതയുടെ അതിപ്രസരവും ജാതിസംഘടനകളുടെ ഇടപെടലുകളും കേരളത്തില്‍ ഉറപ്പിക്കാന്‍ യുഡിഎഫ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയലക്ഷ്യംവച്ചുള്ള ഈ വലതുപക്ഷ സമീപനത്തിന്റെ തണലില്‍ ജാതിഭ്രാന്തും മതഭ്രാന്തും വളര്‍ത്താനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാനും ബോധപൂര്‍വമായ സംഘടിത പ്രവര്‍ത്തനം നടക്കുന്നുണ്ട് എന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്.

ജാത്യാഭിമാനം പരസ്യമായി ഉദ്ഘോഷിക്കുന്നതിന് മടിക്കേണ്ടാത്ത സാംസ്കാരികാന്തരീക്ഷം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സങ്കോചമില്ലാത്ത പങ്കാളിത്തം വഹിച്ചു എന്നതാണ് എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്ത് വെള്ളാപ്പള്ളി നടേശന്‍ കയറിയിരുന്നപ്പോഴുണ്ടായ സംഭാവന. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നുര ചെയ്ത ശ്രീനാരായണ ഗുരുവില്‍നിന്ന് ജാതി പറയുന്നതില്‍ എന്തു കുഴപ്പം എന്നുചോദിക്കുന്ന അബ്കാരി കോണ്‍ട്രാക്ടറിലേക്കുള്ള ദൂരം എസ്എന്‍ഡിപി എന്ന സാമൂഹ്യ പ്രസ്ഥാനത്തിന് ഗുണമൊന്നുംചെയ്തിട്ടില്ല.

എസ്എന്‍ഡിപിയുടെ രാഷ്ട്രീയ രൂപമായ എസ്ആര്‍പിയും എന്‍എസ്എസിന്റെ രാഷ്ട്രീയ സന്തതിയായിരുന്ന എന്‍ഡിപിയും മണ്‍മറഞ്ഞിട്ട് കാലമേറെയായി. ജാതിയുടെ ശക്തിപറഞ്ഞ് സ്വന്തം പാര്‍ടിയുണ്ടാക്കിയാല്‍ നിലനില്‍പ്പില്ലെന്നു മനസ്സിലാക്കിയവര്‍ അതുപേക്ഷിച്ച് സംഘടിത വിലപേശല്‍ -സമ്മര്‍ദ ശക്തികളാണെന്ന ഭാവേന മുന്നണികളെ പ്രീണിപ്പിക്കുകയും പേടിപ്പിക്കുകയുംചെയ്യുന്ന അവസ്ഥയാണ് പിന്നീട് രൂപപ്പെട്ടത്. എന്‍എസ്എസ് യുഡിഎഫിനോടുള്ള അടുപ്പം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിന്റെ സ്ഥിതിമാറുമായിരുന്നു എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം വെള്ളാപ്പള്ളി യഥാര്‍ഥത്തില്‍ എന്തു സമീപനം സ്വീകരിച്ചു എന്ന വെളിപ്പെടുത്തല്‍ കൂടിയാണ്. എല്‍ഡിഎഫിനെതിരെയാണ് താന്‍ പ്രവര്‍ത്തിച്ചത് എന്ന് സ്വയം സമ്മതിച്ചതിന്റെ ജാള്യം വെള്ളാപ്പള്ളിക്കുണ്ടാകും.

സുകുമാരന്‍നായര്‍ വി എസിനെയും വെള്ളാപ്പള്ളി നടേശന്‍ പിണറായിയെയും അധിക്ഷേപിക്കുമ്പോള്‍ സമുദായ സംഘടനകളുടെ നേതൃത്വം ഇടതുപക്ഷത്തോട് പൊതുവെ എടുത്ത നിലപാട് എന്ത് എന്നുതന്നെയാണ് വ്യക്തമാകുന്നത്. ".......സങ്കുചിതമായ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വേണ്ടി ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണം ഉപയോഗപ്പെടുത്താന്‍ നിരവധി ജാതി നേതാക്കളും ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളുടെ ചില നേതാക്കളും തുനിയുകയും എല്ലാ ജാതികളിലുംപെട്ട മര്‍ദ്ദിതവിഭാഗങ്ങളുടെ പൊതുവായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനോട് അവര്‍ ശത്രുതാ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്നു. ഭൂമി, കൂലി എന്നീ അടിസ്ഥാനപരമായ വര്‍ഗ്ഗ പ്രശ്നങ്ങളേയും പഴയ സാമൂഹ്യക്രമം തൂത്തെറിയുന്നതിനുള്ള അടിത്തറയായ ഭൂപ്രഭുത്വത്തിനെതിരായ പോരാട്ടത്തേയും അവര്‍ അവഗണിക്കുന്നു." (സിപിഐ എം പരിപാടി, ഖണ്ഡിക 5.11) സിപിഐ എമ്മിന് ജാതിരാഷ്ട്രീയത്തോടുള്ള സമീപനം ഇതാണ്. അതുയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനവും നേതാക്കളുടെ വിശകലനങ്ങളും വന്നിട്ടുള്ളത്.

രാഷ്ട്രീയാധികാരത്തില്‍ പങ്കുലഭിച്ചാല്‍ തങ്ങളുടെ സ്വാധീനമേഖല വിപുലപ്പെടുത്താനാകുമെന്ന കണക്കുകൂട്ടലില്‍ അഭിരമിക്കുന്ന വെള്ളാപ്പള്ളിക്കും സുകുമാരന്‍നായര്‍ക്കുമൊന്നും ദഹിക്കുന്നതല്ല ഈ നിലപാട്. എസ്എന്‍ഡിപി യോഗത്തെ കാവിവല്‍ക്കരിക്കുന്നതിനും തങ്ങള്‍ക്കനുകൂലമായി മെരുക്കുന്നതിനും ഇതേ നടേശനെതിരായ സാമ്പത്തിക കുറ്റക്കേസുകളെപ്പോലും പ്രയോജനപ്പെടുത്തിയ ബിജെപിയുടെ നീക്കങ്ങള്‍ കേരളത്തിന് അത്രവേഗം മറക്കാനാവില്ല. ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് എമ്മും മുസ്ലിം ലീഗും കേരളത്തില്‍ രാഷ്ട്രീയ വിലപേശല്‍ശക്തികളായി നിലനില്‍ക്കുന്നതും ഭരണാധികാരം കൈകാര്യംചെയ്യുന്നതും ഹിന്ദുമതത്തിലെ പല ജാതിനേതാക്കന്മാര്‍ക്കും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് പ്രേരണയായിട്ടുണ്ട്. ആത്യന്തികമായി ഇത്തരം പ്രവണതകളെല്ലാം സമൂഹത്തെ വലിയ വിപത്തിലേക്ക് നയിക്കുന്നവയാണ്. അത്തരം അത്യാപത്തുകളെക്കുറിച്ച് ചിന്തിക്കാതെ തെരഞ്ഞെടുപ്പു ജയത്തിനായി യുഡിഎഫ് ഇത്തരക്കാരെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തുന്നു.

വിമോചന സമരത്തിലെ ജാതി-മത രാഷ്ട്രീയ കൂട്ടായ്മയ്ക്കുശേഷം 2001 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പടച്ചുണ്ടാക്കിയ ജാതി-വര്‍ഗീയ മുന്നണിയും അത് നേടിയ വിജയവും കേരളത്തിലെ ജാതിരാഷ്ട്രീയത്തിന് വേരുറപ്പിക്കാന്‍ സഹായകമായി. അന്ന് ക്രിസ്ത്യന്‍ -മുസ്ലിം വര്‍ഗീയശക്തികള്‍ക്ക് ഭരണത്തിലുള്ള പ്രത്യക്ഷ പങ്കും സ്ഥാനവും ചൂണ്ടിക്കാണിച്ചാണ് സാമുദായിക അടിസ്ഥാനത്തില്‍ സംഘടിച്ച് രാഷ്ട്രീയമായി വിലപേശുന്നതിന് ജാതിപ്രമാണിമാര്‍ ആഹ്വാനംചെയ്തത്. വെള്ളാപ്പള്ളി മലബാറിലേക്ക് അശ്വമേധം നടത്താന്‍ ശ്രമിച്ചത് അത്തരം രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു. സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനുള്ള ശ്രമത്തിലൂടെ 2001ല്‍ ജെഎസ്എസിലും കോണ്‍ഗ്രസിലുമായി "സ്വന്തക്കാരായ" ഏതാനും സാമാജികരെ വിജയിപ്പിക്കുന്നതിന് എസ്എന്‍ഡിപിക്ക് കഴിഞ്ഞു. സാമുദായിക സമ്മര്‍ദശക്തി ഉപയോഗിച്ച് വിദ്യാഭ്യാസമടക്കമുള്ള സംസ്ഥാനത്തിന്റെ പൊതുനയങ്ങളില്‍ രാഷ്ട്രീയമായി ഇടപെടാന്‍ അന്നവര്‍ ശ്രമിച്ചു. അതിനൊരു തുടര്‍ച്ചയാണ് ഇത്തവണ പ്രതീക്ഷിച്ചത്. എന്‍എസ്എസും അതുതന്നെ ഇച്ഛിച്ചു. വോട്ടുബാങ്കുകളുടെ ബഡായി പറഞ്ഞും തോല്‍പ്പിച്ചുകളയുമെന്ന ഭീഷണി മുഴക്കിയും തങ്ങളിലേക്ക് സ്ഥാനാര്‍ഥികളെയും നേതാക്കളെയും ആകര്‍ഷിക്കാന്‍ കരുക്കള്‍ നീക്കുകയും ഫലം വന്നാല്‍ ആരു ജയിക്കുന്നുവോ അവരുടെ കൂടെയായിരുന്നു തങ്ങളെന്ന് വരുത്തിത്തീര്‍ക്കുകയുംചെയ്യുന്ന ആ വഴുവഴുപ്പന്‍ സമീപനക്കാരാണ് ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. വോട്ടുചോദിച്ച് സ്ഥാനാര്‍ഥികള്‍ എല്ലായിടത്തും കയറിച്ചെല്ലും എന്ന സാമാന്യതത്വംപോലും തങ്ങളുടെ "അതിമാനുഷികത്വ" പൊങ്ങച്ചത്തിന്റെ ഇന്ധനമാണിന്നവര്‍ക്ക്. അതുകൊണ്ടാണ് രാഷ്ട്രീയപാര്‍ടികള്‍ക്കും നേതാക്കള്‍ക്കും നേരെ പോഴത്തം വിളിച്ചുപറയാന്‍ അവര്‍ അറപ്പുകാട്ടാത്തത്. അത്തരം പോഴത്തങ്ങള്‍ ഇവരെക്കുറിച്ചുള്ള ഗൗരവപ്പെട്ട ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നതിനാല്‍ അതിലെങ്കിലും അവരോട് നന്ദിപറയേണ്ടതുമുണ്ട്. ജാതി-മത രാഷ്ട്രീയത്തിന്റെ ദുഃസ്വാധീനങ്ങളെ തുറന്നുകാട്ടുന്നതിനും ഒറ്റപ്പെടുത്തുന്നതിനുമുള്ള സംവാദമായി ഈ തെരഞ്ഞെടുപ്പു വിശകലനം മാറേണ്ടതുണ്ട്.


*****


പി എം മനോജ്, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജാത്യാഭിമാനം പരസ്യമായി ഉദ്ഘോഷിക്കുന്നതിന് മടിക്കേണ്ടാത്ത സാംസ്കാരികാന്തരീക്ഷം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സങ്കോചമില്ലാത്ത പങ്കാളിത്തം വഹിച്ചു എന്നതാണ് എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്ത് വെള്ളാപ്പള്ളി നടേശന്‍ കയറിയിരുന്നപ്പോഴുണ്ടായ സംഭാവന. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നുര ചെയ്ത ശ്രീനാരായണ ഗുരുവില്‍നിന്ന് ജാതി പറയുന്നതില്‍ എന്തു കുഴപ്പം എന്നുചോദിക്കുന്ന അബ്കാരി കോണ്‍ട്രാക്ടറിലേക്കുള്ള ദൂരം എസ്എന്‍ഡിപി എന്ന സാമൂഹ്യ പ്രസ്ഥാനത്തിന് ഗുണമൊന്നുംചെയ്തിട്ടില്ല.