Sunday, May 1, 2011

ക്യൂബയിലെ മാറ്റങ്ങള്‍

മാധ്യമങ്ങളില്‍ ക്യൂബ നിറഞ്ഞുനില്‍ക്കുന്നു. സജീവ രാഷ്ട്രീയത്തില്‍നിന്ന് കാസ്ട്രോ വിരമിച്ച വാര്‍ത്തയും ചിത്രവും മിക്കവാറും പത്രങ്ങള്‍ ഒന്നാംപേജില്‍ നല്‍കിയിട്ടുണ്ട്. പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പുതിയ നയവും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ ആഹ്ലാദം അവതരണങ്ങളില്‍ മറച്ചുവയ്ക്കാന്‍ കഴിയാത്തവിധം പ്രകടമാണ്.

മൂര്‍ത്ത സാഹചര്യങ്ങളുടെ മൂര്‍ത്തവിശകലനമാണ് മാര്‍ക്സിസത്തിന്റെ ജീവന്‍. ഇന്നത്തെ ലോകസാഹചര്യത്തെയും ക്യൂബയിലെ സവിശേഷതകളെയും മൂര്‍ത്തമായി വിലയിരുത്തിയാണ് അവിടെ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടി നയപരിപാടികള്‍ ആവിഷ്കരിക്കുന്നത്. മലയാള മനോരമ പ്രസിദ്ധീകരിച്ച എന്‍ എസ് മാധവന്റെ കുറിപ്പില്‍ ക്യൂബയിലെ നയരൂപീകരണത്തിലെ വിശാലമായ ജനാധിപത്യ ഉള്ളടക്കം സൂചിപ്പിക്കുന്നുണ്ട്. പുതിയ കാലത്തിന്റെ സവിശേഷതകള്‍ക്ക് അനുസൃതമായി സോഷ്യലിസ്റ്റ് നിര്‍മാണപ്രക്രിയയാണ് നടപ്പാക്കുന്നതെന്ന കാര്യം പലരും മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു.പുതിയ സമീപനത്തിന്റെ വിലയിരുത്തല്‍ ഈ കോളത്തിന്റെ വിഷയമല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് ക്യൂബ എങ്ങനെ അതിജീവിച്ചുവെന്നതാണ് യഥാര്‍ഥത്തില്‍ അന്വേഷിക്കേണ്ടത്. ഈ അതിജീവനത്തിന്റെ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങള്‍ തന്നെയായിരിക്കും ക്യൂബ ഇപ്പോള്‍ ആവിഷ്കരിച്ചിട്ടുണ്ടാവുക.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷമുള്ള കാലത്തെ ക്യൂബ തകരുമെന്നായിരുന്നു പലരുടെയും പ്രവചനം. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ സോവിയറ്റ് സാമൂഹ്യവ്യവസ്ഥക്കുണ്ടായ തകര്‍ച്ചയുടെ തനിയാവര്‍ത്തനം ഇക്കൂട്ടര്‍ ക്യൂബയില്‍ പ്രതീക്ഷിച്ചു. അമേരിക്കയുടെ മൂക്കിനു കീഴില്‍ കിടക്കുന്ന കൊച്ചു രാജ്യത്തെ വിഴുങ്ങാന്‍ എളുപ്പമാണെന്നും ചിലര്‍ കണക്കുകൂട്ടി. എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ക്യൂബ സോഷ്യലിസത്തില്‍ ഉറച്ചുനിന്നു. ഫിഡലിന്റെ വാക്കുകള്‍ക്കായി ലോകം കാതോര്‍ത്തുനിന്നു. അമേരിക്കന്‍ അധിനിവേശത്തിന്റെ ഒരോ ഘട്ടത്തിലും ലോകത്തെമ്പാടുമുള്ള സമാധധാനപ്രേമികളുടെ ശബ്ദമായി ക്യൂബ മാറി. ക്യൂബന്‍ വിപ്ലവത്തിന്റെ കാലത്തെ ഊര്‍ജവും യൗവനവും ഫിഡലിന്റെ വാക്കുകളില്‍ തെളിഞ്ഞുനിന്നു.

എന്നാല്‍, ഈ കാലത്ത് സാമ്പത്തികമായി പിടിച്ചുനില്‍ക്കല്‍ അത്ര എളുപ്പമായിരുന്നില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷമുള്ള പിടിച്ചുനില്‍ക്കലിന്റെ കാലത്താണ് ഞാന്‍ ആദ്യമായി ക്യൂബ സന്ദര്‍ശിക്കുന്നത്. മോസ്കോ വഴിയായിരുന്നു യാത്ര. മുതലാളിത്തത്തിലേക്കുള്ള പിന്‍മടക്കത്തിന്റെ എല്ലാ ജീര്‍ണതകളും നേരില്‍ കണ്ടറിയാന്‍ രണ്ടു ദിവസത്തെ മോസ്കോ വാസം ധാരാളമായിരുന്നു. സോഷ്യലിസത്തിനേറ്റ തിരിച്ചടിക്കുശേഷം ലോക യുവജനോത്സവത്തിന് ആതിഥേയത്വം വഹിക്കാന്‍ ആരും തയ്യാറാകാതിരുന്നപ്പോള്‍ ക്യൂബ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. അന്ന് ഞങ്ങളുടെ താമസം വീടുകളിലായിരുന്നു. ചെ ഗുവേരയുടെ സന്തത സഹചാരിയായിരുന്ന മിഖലാഞ്ചോയുടെ വീട്ടിലെ താമസം ഇപ്പോഴും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. ഹവാനയിലെ സമ്മേളനവേദിയില്‍നിന്ന് കടലിലൂടെയുള്ള വലിയ ടണല്‍റോഡിലൂടെയായിരുന്നു താമസസ്ഥലത്തേക്കുള്ള മടക്കം. മുകുന്ദേട്ടന്റെ ക്യൂബയില്‍ ഇതുപോലെ ഒരു ടണലെങ്കിലുമുണ്ടാകുമോ എന്ന് ദുബായില്‍ വച്ച് ക്യൂബ മുകുന്ദനോട് "അറബിക്കഥ"യില്‍ ചോദിക്കുന്നതു കണ്ടപ്പോള്‍ ഈ യാത്ര ഓര്‍ത്തുപോയി. കടുത്ത നിശ്ചയദാര്‍ഢ്യത്തോടെ ക്യൂബ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടം മറികടന്നു. സമ്മേളനത്തിന്റെ സമാപനവേദിയില്‍ കാസ്ട്രോ നിറഞ്ഞുനിന്നു. കാസ്ട്രോയെ തൊട്ടപ്പോള്‍ ആകാശത്തെ കൈകൊണ്ട് തൊട്ടതുപോലെയെന്ന് മാറഡോണ പറഞ്ഞത് മനസ്സിലേക്ക് ഓടിയെത്തി.

ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടിക്ക് ക്യൂബ ആതിഥേയത്വം വഹിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ സംഘത്തിന്റെ ഭാഗമായിട്ടായിരുന്നു രണ്ടാംവട്ട സന്ദര്‍ശനം. പ്രതിസന്ധി മറികടന്ന ക്യൂബയുടെ ആത്മവിശ്വാസം നടത്തിപ്പിന്റെ ഓരോ ചലനങ്ങളിലും പ്രകടമായിരുന്നു.

അസുഖബാധിതനായതിനെത്തുടര്‍ന്ന് ഫിഡല്‍ ചുമതലകള്‍ റൗളിനു കൈമാറിയിരുന്നു. റൗളിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ സാര്‍വദേശീയ മുഖമായി മാറുന്നത് ലോകം അത്ഭുതത്തോടെ കണ്ടു. പ്രധാനമന്ത്രിയുടെ മാധ്യമ സംഘത്തിലുണ്ടായിരുന്ന പ്രമുഖരായ പത്രാധിപന്മാര്‍ വിമാനമിറങ്ങുമ്പോള്‍ ഇരുമ്പുമറയിലേക്കാണല്ലോ യാത്രയെന്ന് ഉല്‍ക്കണ്ഠപ്പെട്ടു. സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ദിവസങ്ങളെക്കുറിച്ചോര്‍ത്ത് ബര്‍ക്കാദത്ത് ആകുലപ്പെട്ടു. തിരിച്ച് വിമാനം കയറുമ്പോഴേക്കും നിങ്ങളുടെ അഭിപ്രായമെല്ലാം മാറുമെന്ന്, ക്യൂബന്‍ സന്ദര്‍ശനത്തിന്റെ മുന്‍അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ അവരോടെല്ലാം പറഞ്ഞു. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ വഴികളില്‍ അവര്‍ പാടുകയും ആടുകയും ചെയ്യുന്നവരുടെ സംഘത്തിനൊപ്പം കൂടി. ക്യൂബയില്‍ എങ്ങും ഫിഡലിന്റെ ചിത്രങ്ങള്‍ കാണാത്തതുകണ്ട് അവര്‍ അമ്പരന്നു. കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരാണെന്നും അവരുടെ ചിത്രങ്ങള്‍ ആവശ്യമില്ലെന്നുമുള്ള കാസ്ട്രോയുടെ അഭിമുഖത്തിലെ വാക്കുകളില്‍ അവര്‍ അത്ഭുതം പൂണ്ടു. ചെഗുവേരയുടെയും മാര്‍ട്ടിയുടേയും ചിത്രങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും കാസ്ട്രോയുണ്ടോയെന്ന് അവര്‍ പരതി. ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ തങ്ങള്‍ പ്രദര്‍ശിപ്പിക്കാറില്ലെന്ന കാസ്ട്രോയുടെ വാക്കുകളെ അവര്‍ വീണ്ടും അവിശ്വാസത്തോടെ നോക്കി. രോഗക്കിടക്കയിലും കാസ്ട്രോ ലോകത്തിലെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും തന്റെ അഭിപ്രായങ്ങള്‍ ഗ്രാന്‍മയെന്ന പാര്‍ടി പത്രത്തിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ലിബിയയില്‍ നാറ്റോ സഖ്യം നടത്തുന്ന കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ പ്രസക്തി അവസാനിച്ചിരിക്കുന്നെന്ന് ധൈര്യത്തോടെ പ്രഖ്യാപിക്കുന്ന കാസ്ട്രോയുടെ വരികള്‍ കഴിഞ്ഞ ദിവസമാണ് ഇന്റര്‍നെറ്റില്‍ കണ്ടത്.

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി കോണ്‍ഗ്രസ് മറ്റു പല രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായാണ് നടക്കുന്നത്. കൂടുതല്‍ ജനാധിപത്യം ഉറപ്പുവരുത്തുന്നതിന് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളും കോണ്‍ഗ്രസ് പ്രതിനിധികളാകുന്നതിന് കീഴ്ഘടകങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടണം. ഈ വിശാലമായ ജനാധിപത്യപ്രക്രിയിലൂടെതന്നെയാണ് ഇപ്പോഴത്തെ നയങ്ങളും ആവിഷ്കരിച്ചിട്ടുള്ളത്. മാര്‍ക്സിസത്തിന്റെ ധാരണകള്‍ക്ക് അനുസരിച്ചാണോ ക്യൂബയില്‍ വിപ്ലവം നടന്നതെന്ന ചോദ്യം ചെ ഗുവേരയോട് അക്കാലത്ത് മാധ്യമ പ്രതിനിധി ചോദിക്കുകയുണ്ടായി. കാസ്ട്രോക്കും തനിക്കും മറ്റു സഖാക്കള്‍ക്കും മാര്‍ക്സിസത്തില്‍ ധാരണയുണ്ടോയെന്നതിനെ ആശ്രയിക്കാതെ തന്നെ മാര്‍ക്സിസത്തിന്റെ നിയമങ്ങള്‍ വിപ്ലവത്തില്‍ പ്രയോഗിക്കപ്പെട്ടിരുന്നുവെന്നാണ് അന്ന് ചെ നല്‍കിയ മറുപടി. പിന്നീട് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയായി രൂപാന്തരപ്പെട്ടതിലും തുടര്‍ച്ചയിലും മാര്‍ക്സിസ്റ്റ് ധാരണകള്‍ തെളിഞ്ഞുകാണാം.

എക്കാലത്തും യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചരിത്രമാണ് ക്യൂബന്‍ പാര്‍ടിക്കുള്ളത്. രണ്ടുവട്ടത്തില്‍ കൂടുതല്‍ സര്‍ക്കാര്‍/രാഷ്ട്രീയ ചുമതലകള്‍ ആരും വഹിക്കേണ്ടതില്ലെന്ന ഭേദഗതി ഈ പ്രവണതയെ കൂടുതല്‍ ശക്തിപ്പെടുത്തും. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ രീതി നേരത്തെതന്നെ നടപ്പില്‍ വരുത്തിയിരുന്നു. എല്ലാ കാലത്തും ഒരേ നയങ്ങള്‍തന്നെ മാറ്റമില്ലാതെ നടപ്പിലാക്കലാണ് കമ്യൂണിസ്റ്റ് പാര്‍ടികള്‍ എന്നു കരുതുന്നവര്‍ക്കാണ് തെറ്റുന്നത്. അടിസ്ഥാന സങ്കല്‍പ്പങ്ങളില്‍ ഉറച്ചുനിന്നുതന്നെ പുതിയ വഴികള്‍ അന്വേഷിക്കാതെ മുന്നോട്ടുപോവുക അസാധ്യമാണ്.


*****


പി രാജീവ്, കടപ്പാട് :ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എക്കാലത്തും യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചരിത്രമാണ് ക്യൂബന്‍ പാര്‍ടിക്കുള്ളത്. രണ്ടുവട്ടത്തില്‍ കൂടുതല്‍ സര്‍ക്കാര്‍/രാഷ്ട്രീയ ചുമതലകള്‍ ആരും വഹിക്കേണ്ടതില്ലെന്ന ഭേദഗതി ഈ പ്രവണതയെ കൂടുതല്‍ ശക്തിപ്പെടുത്തും. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ രീതി നേരത്തെതന്നെ നടപ്പില്‍ വരുത്തിയിരുന്നു. എല്ലാ കാലത്തും ഒരേ നയങ്ങള്‍തന്നെ മാറ്റമില്ലാതെ നടപ്പിലാക്കലാണ് കമ്യൂണിസ്റ്റ് പാര്‍ടികള്‍ എന്നു കരുതുന്നവര്‍ക്കാണ് തെറ്റുന്നത്. അടിസ്ഥാന സങ്കല്‍പ്പങ്ങളില്‍ ഉറച്ചുനിന്നുതന്നെ പുതിയ വഴികള്‍ അന്വേഷിക്കാതെ മുന്നോട്ടുപോവുക അസാധ്യമാണ്.