Tuesday, May 3, 2011

മറനീക്കിയത് പാക്‍സേനയുടെ ചൂതാട്ടം

ഈ സംഭവത്തിലെ വൈരുധ്യത്തെക്കുറിച്ച് ചിന്തിക്കുക. അഫ്ഗാനിസ്ഥാനിലെ അരാജകത്വം നിലനില്‍ക്കുന്ന വിജനമേഖലയിലല്ല ഒടുവില്‍ ലാദനെ കണ്ടെത്തിയത്, പാകിസ്ഥാനിലെ തിരക്കേറിയ നഗരമായ അബോട്ടാബാദില്‍ . റാവല്‍പിണ്ടിയിലെ സൈനികആസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെ. സര്‍വീസിലുള്ളവരും വിരമിച്ചവരുമായ സൈനികഉദ്യോഗസ്ഥരുടെ കേന്ദ്രമാണ് ബ്രിട്ടീഷുകാരുടെ കാലം മുതല്‍ക്ക് അബോട്ടാബാദ്. പാകിസ്ഥാനിലെ പ്രധാന സേനാ ഡിവിഷനുകളില്‍ ഒന്നിന്റെ താവളം കൂടിയാണിത്. 16 അടി ഉയരമുള്ള ചുറ്റുമതിലിനുള്ളില്‍ സ്ഥിതിചെയ്തിരുന്ന ബിന്‍ ലാദന്റെ ഇരുനിലമന്ദിരം പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഒരു സുരക്ഷിതകേന്ദ്രം ആയിരുന്നിരിക്കണം. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട: ലാദന്‍ കൊല്ലപ്പെട്ട സൈനികനടപടി പാക്-അമേരിക്കന്‍ സേനകളുടെ സംയുക്തനീക്കമായിരുന്നു. പാകിസ്ഥാനിലെ ഈ ഭാഗത്ത് അമേരിക്ക സ്വന്തം വഴിയില്‍ എത്തിച്ചേരാന്‍ ഒരു സാധ്യതയുമില്ല (ചൈനയിലെ കാരക്കോറം ദേശീയപാതയിലേക്കുള്ള നിര്‍ണായക കവാടവുമാണ് അബോട്ടാബാദ്). പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായമില്ലാതെ ലാദന്റെ താവളം സംബന്ധിച്ച് ഇത്രയും കൃത്യമായ ഒരു വിവരം അമേരിക്കയ്ക്ക് ലഭിക്കില്ലെന്ന് ഉറപ്പാണ്.

ഇവിടെ വലിയ ചോദ്യം ഉയരുന്നു. എന്തുകൊണ്ടാണ് പാക് സൈനികനേതൃത്വം ലാദനെ കൈവിടാന്‍ തീരുമാനിച്ചത്- ഇതിനായി തെരഞ്ഞെടുത്ത സമയവും പ്രധാനമാണ്. ഉചിതമായ സമയത്ത് ഉപയോഗിക്കാനായി പാക് സേനാ നേതൃത്വം സൂക്ഷിച്ചിരുന്ന തുറുപ്പ് ഗുലാനാണ് ലാദന്‍ . ചരിത്രപരമായി പറഞ്ഞാല്‍ പെന്റഗണിന്റെയും സിഐഎയുടെയും ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വൈദഗ്ധ്യം നേടിയവരാണ് പാക് സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയും. ഈ നിര്‍ണായക അവസരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് തക്ക പ്രതിഫലം ലഭിക്കുമെന്ന് പാക് സേന കണക്കുകൂട്ടുന്നു. അമേരിക്കന്‍ ജനവികാരം അഫ്ഗാന്‍ യുദ്ധത്തിനെതിരെ ശക്തമായി തിരിഞ്ഞിരിക്കയാണ്, ഒബാമ യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയോടും കടുത്ത അതൃപ്തി വളര്‍ന്നിരിക്കുന്നു. ഹിന്ദുക്കുഷില്‍നിന്ന് ഒരു "വിജയഗാഥ" കേള്‍ക്കേണ്ടത് ഒബാമയ്ക്ക് അനിവാര്യമായിരുന്നു. ലാദന്‍ അമേരിക്കന്‍ ജനതയ്ക്ക് അങ്ങേയറ്റം വൈകാരികമായ വിഷയവുമാണ്. ഇനി ഇപ്പോള്‍ ഒബാമയ്ക്ക് അമേരിക്കയില്‍ അലയടിക്കുന്ന ദേശാഭിമാനവികാരത്തിന്റെ അലകളില്‍ സഞ്ചരിക്കാം, 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിക്കുകയും ചെയ്യാം.

പാക് സൈനികനേതൃത്വത്തിന്റെ കാര്യത്തിലാകട്ടെ, ഈ ഘട്ടത്തില്‍ അവര്‍ കരുതുന്നത് അഫ്ഗാന്‍ യുദ്ധത്തിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചുവെന്നാണ്. കാബൂളില്‍ താലിബാനെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരികയെന്ന തന്ത്രപരമായി തങ്ങള്‍ക്കുള്ള താല്‍പ്പര്യം നിറവേറ്റുന്നതിന്റെ ഇത്രയും അടുത്തെങ്ങും ഇന്നേവരെ പാകിസ്ഥാന്‍ എത്തിയിട്ടില്ല. ഇത് നിറവേറ്റുന്നതിന് അമേരിക്കയ്ക്ക് അവരുടെ ചില ആവശ്യങ്ങള്‍ നടപ്പാകണം. കൂടാതെ, ഈയിടെ പാക് സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയും അമേരിക്കയും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. ലാദന്റെ വധം അങ്ങനെ പാക് സേനയ്ക്ക് തങ്ങളുടെ സഖ്യകക്ഷിയോടുള്ള വിശ്വസ്തത തുറന്നുകാട്ടുന്നതിനുള്ള അമ്ലപരീക്ഷണമായി മാറി. ചുരുക്കത്തില്‍ പാക്സേന നേതൃത്വം ഒബാമയില്‍നിന്ന് പ്രത്യുപകാരം പ്രതീക്ഷിക്കുന്നു. ലാദനെ വധിക്കുന്നതില്‍ സഹകരിച്ചതിലൂടെ പാക് സേന വലിയ ചൂതാട്ടമാണ് നടത്തിയതെന്ന് ഒബാമ തിരിച്ചറിഞ്ഞിട്ടുണ്ട്. ലാദനെ ഒറ്റുകൊടുത്തതില്‍ അല്‍ ഖായ്ദയ്്ക്കുള്ള രോഷത്തിന്റെ പ്രതികരണം പാകിസ്ഥാനില്‍ ആസന്നമാണ്. ലാദന്‍ പാക്ജനതയുടെയും വൈകാരികവിഷയമാണ്. ലാദന്റെ വധം പാക് രാഷ്ട്രീയത്തിലും സ്ഫോടനാത്മകമായ സ്ഥിതിവിശേഷം സൃഷ്ടിച്ചേക്കാം. അതുകൊണ്ട്, അര്‍ഹിക്കുന്ന ഘട്ടത്തില്‍ പാകിസ്ഥാന് പ്രത്യേകിച്ച് സൈന്യത്തിന് ഒബാമയില്‍നിന്ന് എല്ലാ പിന്തുണയും കിട്ടിയേക്കാം.

പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും അല്‍ ഖായ്ദയോടുള്ള അനുഭാവം നിമിത്തം പാകിസ്ഥാനോട് പ്രതികാരംചെയ്യാന്‍ തയ്യാറാകും. പരമ്പരാഗതമായിത്തന്നെ കരുതല്‍ പ്രകടിപ്പിക്കുന്ന പാക്സേന ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുമുമ്പ് ഇത് സൃഷ്ടിക്കാവുന്ന ജനവികാരം സംബന്ധിച്ച് ആലോചിച്ചിട്ടുണ്ടാകാം. പാക് സേനയുടെ ഈ ആത്മവിശ്വാസത്തിന് ചില ന്യായീകരണങ്ങളുണ്ട്. "ഇസ്ലാമികപ്രീണന" നയങ്ങള്‍ പിന്തുടരുന്ന പാകിസ്ഥാനിലെ രാഷ്ട്രീയപാര്‍ടികള്‍ പാക്സേനയുടെ രക്ഷാകര്‍തൃത്വത്തില്‍ കഴിയുന്നവരാണ്, അവര്‍ രാഷ്ട്രീയമായി ദുര്‍ബലരുമാണ്. പാകിസ്ഥാനിലെ രാഷ്ട്രീയപ്രമുഖരും ഫ്യൂഡല്‍ നേതാക്കളും അമേരിക്കന്‍ പിന്തുണയ്ക്ക് നന്ദി പ്രകടിപ്പിക്കുന്നവരും സൈന്യം വരയ്ക്കുന്ന ലക്ഷ്മണരേഖ ലംഘിക്കാന്‍ തയ്യാറാകാത്തവരുമാണ്. ലാദന്റെ വധം സംബന്ധിച്ച് ഒബാമ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ പങ്ക് താഴ്ത്തിക്കാട്ടിയത് ബോധപൂര്‍വമാണ്. വരാനിരിക്കുന്ന നിര്‍ണായകഘട്ടത്തില്‍ പാക്സേനയുമായി സഹകരിച്ചുനീങ്ങേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുക മാത്രമാണ് ഒബാമ ചെയ്തത്, റാവല്‍പിണ്ടിയിലെ ജനറല്‍മാരെ അമ്പരപ്പിക്കുന്ന ഏതെങ്കിലും നടപടിയോ വാക്കോ ഇപ്പോള്‍ ഒബാമയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ഉറപ്പാണ്.

ഇത്തരത്തിലുള്ള അമേരിക്ക-പാക് സഹകരണം മേഖലയുടെ സുരക്ഷയുടെ കാര്യത്തില്‍ നല്‍കുന്ന സന്ദേശം എന്താണ്? മൂന്ന് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. അഫ്ഗാന്‍ തന്ത്രങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഒബാമയ്ക്ക് താരതമ്യേന കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പൊതുആവശ്യം അമേരിക്കയ്ക്കും പാകിസ്ഥാനുമുണ്ട്. അമേരിക്കയുടെ ആഗോളസൈനിക തന്ത്രങ്ങളുടെ ഭാഗമായി. ചൈന, റഷ്യ, ഇറാന്‍ എന്നിവയോട് അതിരിടുന്ന ഹിന്ദുക്കുഷില്‍ ദീര്‍ഘകാലത്തെ അമേരിക്കന്‍ -നാറ്റോ സൈനികസാന്നിധ്യം ഒബാമയുടെ മുന്‍ഗണനാ ആവശ്യമാണ്. എന്നാല്‍ , സ്വന്തം നാട്ടില്‍ ജനവികാരം എതിരാക്കുന്ന തരത്തില്‍ അമേരിക്കന്‍ -യൂറോപ്യന്‍ സൈനികര്‍ ഇവിടെ മരിച്ചുവീഴുന്നത് ഇനിയും അനുവദിക്കാന്‍ കഴിയില്ല. മറുവശത്ത്, താലിബാനുമായി വീണ്ടും ഒന്നിക്കാന്‍ പാകിസ്ഥന്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് ലക്ഷ്യങ്ങളും സംഗമിക്കുകയാണ്. ഇരുപക്ഷത്തിന്റെയും ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിലേക്ക് പാകിസ്ഥാനും അമേരിക്കയും നീങ്ങുകയാണ്. രണ്ടാമതായി, 21-ാം നൂറ്റാണ്ടിലെ അമേരിക്കന്‍ ആഗോളതന്ത്രങ്ങളുടെ ഭാഗമായി ഒബാമയുടെ വിദേശനയത്തില്‍ മധ്യ-പൗരസ്ത്യനാടുകള്‍ക്ക് മുന്‍ഗണന ലഭിക്കുകയാണ്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ "പാശ്ചാത്യ അനുകൂല" ഭരണകൂടങ്ങളുടെ സുരക്ഷ പരിപാലിക്കുന്നതില്‍ പാകിസ്ഥാന് വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഉപരോധം നേരിടുന്ന ബഹ്റൈന്‍ ഭരണാധികാരികള്‍ക്ക് 30,000 വരുന്ന പാക് പോരാളികള്‍ (ഇവരില്‍ വിമുക്തഭടന്മാരും ഉള്‍പ്പെടുന്നു) സംരക്ഷണം നല്‍കിവരികയാണ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കയുടെ ഏറ്റവും വിശ്വസ്തനായ കൂട്ടാളിയായ സൗദി അറേബ്യന്‍ ഭരണകൂടവും ജനരോഷം നേരിടുകയാണ്. മെക്കയും മദീനയും സ്ഥിതിചെയ്യുന്ന അറേബ്യന്‍മേഖലയില്‍ അമേരിക്കയ്ക്ക് നേരിട്ടുള്ള സൈനികനടപടിക്ക് കഴിയില്ല. പക്ഷേ, സുന്നി മുസ്ലിം രാജ്യവും മതതീക്ഷ്ണതയുള്ള സൈന്യവുമുള്ള പാകിസ്ഥാന് കഴിയും. അല്‍ ഖായ്ദ സംബന്ധമായ പ്രശ്നങ്ങളില്‍നിന്ന് മുക്തരായാല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ സുരക്ഷാദാതാക്കളായി മാറാന്‍ പാകിസ്ഥാന് കഴിയുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ലാദന്റെ വധം സൗദിക്ക് വളരെയധികം ആശ്വാസകരമാണെന്ന് പറയേണ്ടതില്ല. ഏകപക്ഷീയമായ ഇടപെടലുകളുടെയും കടന്നാക്രമണങ്ങളുടെയും ചരിത്രം പേറുന്ന അമേരിക്കന്‍ നയങ്ങള്‍ക്ക് വലിയ ഉത്തേജനം ലഭിച്ചിരിക്കുന്നു. ജോര്‍ജ് ബുഷ് പ്രഖ്യാപിച്ച "ഭീകരതയ്ക്കെതിരായ യുദ്ധത്തെ" ലാദന്റെ വധം സാധൂകരിച്ചിരിക്കുന്നു. ഭീകരശക്തികളെ നേരിടാനെന്നപേരില്‍ സ്വതന്ത്രപരമാധികാര രാജ്യങ്ങളെ കടന്നാക്രമിക്കാമെന്ന നയം അമേരിക്ക നടപ്പാക്കിയിരിക്കുന്നു- ഇറാഖിലും ലിബിയയിലും ഉള്‍പ്പെടെ.

അമേരിക്കയില്‍ തീവ്രദേശാഭിമാനത്തിന്റെ ജ്വാലകള്‍ സൃഷ്ടിച്ച് അമേരിക്കന്‍ വ്യവസ്ഥിതി അതിന്റെ സാമ്രാജ്യത്വ പടയോട്ടം നുകരുകയാണ്. അമേരിക്കയില്‍ മുതലാളിത്ത പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിന് വില നല്‍കേണ്ടിവരുന്നത് വിദേശരാജ്യങ്ങളാണ്. ആധുനികചരിത്രത്തില്‍ സമാനമായ മറ്റ് സംഭവങ്ങളുണ്ട്. അമേരിക്കയില്‍ പൊതുജന അഭിപ്രായം രാജ്യത്തെ വലതുപക്ഷത്തിന് അനുകൂലമായി മാറുകയും കൂടുതല്‍ വിദേശസൈനിക ഇടപെടലുകള്‍ക്ക് സാധ്യത വര്‍ധിച്ചിരിക്കയുമാണ്. അഫ്ഗാന്‍ , ഇറാഖ് അധിനിവേശത്തിനുശേഷം അമേരിക്ക ഇറാനിലേക്ക് തുറിച്ചുനോക്കുകയാണ്. മേഖലയില്‍ ഇസ്രയേലിന്റെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാനും അമേരിക്ക കിണഞ്ഞു പരിശ്രമിക്കുന്നു. പശ്ചിമേഷ്യന്‍ സമാധാനപ്രക്രിയ തകര്‍ന്നു. മറുവശത്ത്, അറബ്വസന്തം എന്ന് അറിയപ്പെടുന്ന ജനകീയപ്രക്ഷോഭം അറബ്മേഖലയില്‍ ആഞ്ഞടിക്കുകയാണ്. വരുംനാളുകളില്‍ ഇറാനിലെയും സിറിയയിലെയും ഭരണകൂടങ്ങള്‍ അമേരിക്കയില്‍നിന്ന് കടുത്ത സമ്മര്‍ദം നേരിടും. ഷിയ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന പേരില്‍ മധ്യപൗരസ്ത്യമേഖലയിലെ ജനകീയപ്രക്ഷോഭങ്ങളെ വിഭാഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് അമേരിക്ക. പാശ്ചാത്യഅനുകൂല ഭരണകൂടങ്ങള്‍ക്കെതിരായി ആഞ്ഞുവീശുന്ന പ്രക്ഷോഭങ്ങള്‍ തളര്‍ത്താന്‍വേണ്ടിയാണ് അമേരിക്കയുടെ ഈ നടപടി. "പുതിയ പൗരസ്ത്യ രാജ്യങ്ങള്‍ക്കുവേണ്ടി" നടക്കുന്ന ഐതിഹാസികപ്രക്ഷോഭത്തില്‍നിന്ന് ലോകശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയുമാണ് ഈ ഘട്ടത്തില്‍ ലാദനെ വധിച്ചത്. ലാദനെ വധിക്കാന്‍ തെരഞ്ഞെടുത്ത സമയവും അതുകൊണ്ട് നിര്‍ണായകമാകുന്നു.

*
എം കെ ഭദ്രകുമാര്‍ ദേശാഭിമാനി 03 മേയ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈ സംഭവത്തിലെ വൈരുധ്യത്തെക്കുറിച്ച് ചിന്തിക്കുക. അഫ്ഗാനിസ്ഥാനിലെ അരാജകത്വം നിലനില്‍ക്കുന്ന വിജനമേഖലയിലല്ല ഒടുവില്‍ ലാദനെ കണ്ടെത്തിയത്, പാകിസ്ഥാനിലെ തിരക്കേറിയ നഗരമായ അബോട്ടാബാദില്‍ . റാവല്‍പിണ്ടിയിലെ സൈനികആസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെ. സര്‍വീസിലുള്ളവരും വിരമിച്ചവരുമായ സൈനികഉദ്യോഗസ്ഥരുടെ കേന്ദ്രമാണ് ബ്രിട്ടീഷുകാരുടെ കാലം മുതല്‍ക്ക് അബോട്ടാബാദ്. പാകിസ്ഥാനിലെ പ്രധാന സേനാ ഡിവിഷനുകളില്‍ ഒന്നിന്റെ താവളം കൂടിയാണിത്. 16 അടി ഉയരമുള്ള ചുറ്റുമതിലിനുള്ളില്‍ സ്ഥിതിചെയ്തിരുന്ന ബിന്‍ ലാദന്റെ ഇരുനിലമന്ദിരം പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഒരു സുരക്ഷിതകേന്ദ്രം ആയിരുന്നിരിക്കണം. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട: ലാദന്‍ കൊല്ലപ്പെട്ട സൈനികനടപടി പാക്-അമേരിക്കന്‍ സേനകളുടെ സംയുക്തനീക്കമായിരുന്നു. പാകിസ്ഥാനിലെ ഈ ഭാഗത്ത് അമേരിക്ക സ്വന്തം വഴിയില്‍ എത്തിച്ചേരാന്‍ ഒരു സാധ്യതയുമില്ല (ചൈനയിലെ കാരക്കോറം ദേശീയപാതയിലേക്കുള്ള നിര്‍ണായക കവാടവുമാണ് അബോട്ടാബാദ്). പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായമില്ലാതെ ലാദന്റെ താവളം സംബന്ധിച്ച് ഇത്രയും കൃത്യമായ ഒരു വിവരം അമേരിക്കയ്ക്ക് ലഭിക്കില്ലെന്ന് ഉറപ്പാണ്.