Monday, May 23, 2011

ജനാധിപത്യത്തിനു മേല്‍ ഭൂതബാധകള്‍

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് വിവിധ മാനങ്ങളിലും വീക്ഷണകോണുകളിലും അത് വിശകലനം ചെയ്യുകയാണ് മാധ്യമങ്ങളും രാഷ്ട്രീയ ചിന്തകരും. കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയാണ് മിക്കവാറും എല്ലാ വന്‍ മാധ്യമങ്ങളും സ്വതന്ത്ര ചിന്തകരും ഉദ്ഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. ഭൂരിപക്ഷ വര്‍ഗീയ ഫാസിസത്തിനും, ആഗോള സാമ്രാജ്യത്വത്തിന്റെ യുദ്ധോത്സുകവും ആക്രാമകവുമായ രാഷ്ട്രീയ-സാമ്പത്തികനയങ്ങള്‍ക്കും എതിരായ മുന്നണി കെട്ടിപ്പടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇന്ത്യന്‍ ഇടതു പക്ഷം. പാര്‍ലമെന്റിലും പുറത്തുമായി ഇടതു പക്ഷ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും കര്‍ഷകസംഘടനകളും സാംസ്ക്കാരിക-യുവജന-വിദ്യാര്‍ത്ഥി-മഹിളാ പ്രസ്ഥാനങ്ങളും നടത്തി വരുന്ന ബഹുമുഖപ്പോരാട്ടത്തെ തീരെ ചെറിയ അളവില്‍ പിന്നോട്ടടിപ്പിക്കാന്‍ ഈ പരാജയത്തിന് സാധിച്ചേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയങ്ങളും പ്രയോഗപദ്ധതികളും രൂപപ്പെടുത്തുന്നതിലൂടെ അതിനെ മറികടക്കാവുന്നതേ ഉള്ളൂ. എന്നാല്‍; ഇടതുപക്ഷത്തിന്റെ പരാജയം, കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ/മുതലാളിത്താനുകൂല സെക്കുലര്‍ ശക്തികള്‍ക്ക് പോലും പ്രയോജനപ്രദമായ രീതിയിലാണ് വിന്യസിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നതെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഈ വിടവിലൂടെ വലതുപക്ഷ തീവ്ര/മൃദു ഹിന്ദുത്വ ശക്തികളും ജനാധിപത്യ വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അരാജകവാദികളും രംഗം കയ്യടക്കാനുള്ള സാധ്യത തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള ശക്തികളുടെ കടന്നുവരവിനെ ചെറുക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനാണെങ്കിലും അത് തിരിച്ചറിഞ്ഞ് അവസരത്തിനൊത്തുയരാന്‍ ആ പാര്‍ടിക്കും അതിനെ നയിക്കുന്നവര്‍ക്കും സാധിക്കുമെന്ന് കരുതുന്നത്; സമീപകാല ചരിത്രമെങ്കിലും ഓര്‍മയുള്ളവര്‍ക്ക് കരണീയമായ കാര്യവുമല്ല.

കോടികളുടെ അഴിമതിയാണ് തമിഴ്നാട്ടിലെ തി മു ക സര്‍ക്കാരും പാര്‍ടിയും നടത്തിപ്പോന്നത്. ടു ജി സ്പെക്ട്രം അഴിമതി മാത്രമല്ല കരുണാനിധിയുടെ പാര്‍ടിയും കുടുംബവും നടത്തിയത്. തമിഴ് സിനിമയും ടെലിവിഷന്‍ ചാനലുകളും കേബിള്‍ ശൃംഖലയും ഡി ടി എച്ചും ഇതിനകം കരുണാനിധിയുടെ കുടുംബം സ്വന്തമാക്കുകയും കുത്തകവത്ക്കരിക്കുകയും ചെയ്തു കഴിഞ്ഞു. സണ്‍ പിക്ച്ചേഴ്സ് കലാനിധി മാരന്‍ വഴങ്കാത്ത (അവതരിപ്പിക്കാത്ത) സിനിമകള്‍ തമിഴിലിറങ്ങുന്നത് ചുരുക്കമാണ്. ഈ കുത്തകകളെ ചോദ്യം ചെയ്യുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ അവരെത്ര വലിയവരായാലും ശരി പീഡിപ്പിക്കുന്ന പ്രവണതയും വ്യാപകമാണ്. ഇളയ ദളപതി എന്ന ഓമനപ്പേരിലറിയപ്പെടുന്ന വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ കാവലന്‍ എന്ന ഹിറ്റ് സിനിമ തിയറ്ററുകളിലെത്താതിരിക്കാന്‍ സണ്‍/മാരന്‍/തി മു ക ശക്തികള്‍ എല്ലാ ശ്രമങ്ങളും നടത്തുകയുണ്ടായി. തമിഴ്നാട്ടിലെ ഒട്ടുമിക്ക സ്വാശ്രയ കോളേജുകളും സ്വകാര്യ സര്‍വകലാശാലകളും ജ്വല്ലറികളും പടുകൂറ്റന്‍ തുണിക്കടകളും ഇതേ കുടുംബത്തിന്റേതാണെന്ന ശ്രുതിയും പ്രബലമാണ്. (ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ ചിലപ്പോള്‍ പാടെ തെറ്റാവാനും സാധ്യതയുണ്ട്. കേരളത്തില്‍, ഏതാനും വര്‍ഷം മുമ്പ് ഏതു കെട്ടിടം കണ്ടാലും അത് മുരളീധരന്റേതാണെന്നായിരുന്നു ശ്രുതി. പിന്നീട്, അതെല്ലാം പി കെ കുഞ്ഞാലിക്കുട്ടിയുടേതായി. അതിനും ശേഷം എല്ലാ കെട്ടിടവും ആശുപത്രിയും സ്ഥലവും പിണറായിയുടേതാണെന്ന പ്രചാരണവും ശക്തമായിരുന്നു. അതുകൊണ്ട്; സ്വാശ്രയ വിദ്യാഭ്യാസമേഖല, ജ്വല്ലറികള്‍, തുണിക്കടകള്‍ എന്നിവയിലെ തിമുക/കരുണാനിധി പിടിമുറുക്കലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വെള്ളം കൂട്ടാതെ വിഴുങ്ങേണ്ടതില്ല!).

എന്താണെങ്കിലും തമിഴ് സ്വാഭിമാന പ്രസ്ഥാനത്തിന്റെയും നിരീശ്വരവാദ ആശയത്തിന്റെയും ബ്രാഹ്മണ/ഹിന്ദി/സംസ്കൃത വിരുദ്ധ മുന്നണിയുടെയും പിന്തുടര്‍ച്ചക്കാരെന്നവകാശപ്പെടുന്ന തി മു കക്ക് ചരിത്രത്തില്‍ കിട്ടാന്‍ പോകുന്ന സ്ഥാനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. കരുണാനിധി സര്‍ക്കാര്‍ നടത്തി വന്ന ക്രൂരമായ ജനാധിപത്യ ധ്വംസനത്തിനെതിരായ ഉജ്വലമായ ജനവിധിയാണ് തമിഴ് ജനത നടത്തിയത്. ഡി എം ഡി കെയുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ, ജയലളിതയും അ തി മു കയും നേടിയ വിജയം തമിഴ്നാട്ടിലെ ജനാധിപത്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍, ആ പ്രതീക്ഷയെ തല്ലിക്കെടുത്തും വിധത്തില്‍ ഒരു വണ്ണം കൂടിയ പഞ്ചനക്ഷത്ര പൂക്കൂട, 'പരിസ്ഥിതി നാശം വരാത്ത' കനമുള്ള സുതാര്യ പ്ളാസ്റിക്ക് കടലാസില്‍ പൊതിഞ്ഞ് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുന്നതും അവരത് നിറഞ്ഞ സന്തോഷത്തോടെ വാങ്ങുന്നതും ബ്ളാക്ക് ആന്റ് വൈറ്റിലാണെങ്കിലും തികഞ്ഞ വര്‍ണധാടിയോടെ ദ ഹിന്ദുവിന്റെ ഉള്‍പേജില്‍ മെയ് 17ന് ചൊവ്വാഴ്ച അച്ചടിച്ചു വന്നത്, സമാധാന/മതേതര/പുരോഗമന വാദികള്‍ക്ക് ഉള്‍ക്കിടിലത്തോടെയല്ലാതെ നോക്കാനാവില്ല. കാരണം, എം ജി ആര്‍/രജനീകാന്ത് സിനിമകളില്‍ കാണാറുള്ളതു പോലെ, ആ പഞ്ചനക്ഷത്ര പൂക്കൂട സ്വയമേവ അവതരിച്ച് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുകയായിരുന്നില്ല. കറുത്തതോ മറ്റോ ആയ നിറത്തില്‍ വരിഞ്ഞു കെട്ടിയ ഒരു ചരടിന്റെ കൂട്ടത്താല്‍ തിരിച്ചറിയപ്പെടുന്ന ഒരു കൈത്തണ്ടയാണ് ആ പൂക്കൂട അമ്മക്ക് സമര്‍പ്പിക്കുന്നത്. ആ കൈത്തണ്ടക്ക് മുകളിലാകട്ടെ നരച്ച താടിയും കണ്ണടയും നരച്ച മുടിയും വാ തുറന്ന ചിരിയുമുള്ള ഒരു മുഖവുമുണ്ട്. അത് മറ്റാരുടേതുമല്ല, സാക്ഷാല്‍ നരേന്ദ്രമോഡിയുടേതു തന്നെ. വികസന രഥയാത്രയുടെയും ഒബാമയുടെ നന്ദി-മറുപടിക്കത്തിന്റെയും എല്ലാ തിരക്കുകളും മാറ്റി വെച്ച് മോഡി, പ്രത്യേക വിമാനം പിടിച്ച് ഗാന്ധി നഗറില്‍ നിന്ന് ചെന്നൈയില്‍ പറന്നെത്തുകയായിരുന്നു. തമിഴ്നാട് അസംബ്ളി ഫലം ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുമുണ്ടായി. ഇതു തന്നെ അത്തരമൊരു പ്രതിഫലനമാണല്ലോ! വോട്ടുബാങ്കുകളിലധിഷ്ഠിതമായ രാഷ്ട്രീയക്കാരുടെ ക്യാമ്പിനു പകരം, വികസനം മുഖ്യ അജണ്ടയായെടുത്ത് അതിനോട് പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തെ ദ്വിമുഖമാക്കിയിരിക്കുന്നുവെന്നാണ്, മോഡി എന്ന തത്വചിന്തകന്‍ തമിഴ്നാട് ഫലത്തെ വിശകലനം ചെയ്യുന്നത്. തന്റെ 'നല്ല സുഹൃത്തി'ന്റെ വിജയമാണ് ജയലളിതയുടെ വിജയത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് മോഡി ആഹ്ളാദിക്കുന്നത്. അഴിമതിക്കും കുടുംബവാഴ്ചക്കുമെതിരായി തമിഴ്നാട് ജനത പ്രതികരിച്ചിരിക്കുന്നുവെന്നും ഇത് രാജ്യത്താകെ ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ അഴിമതിക്കൂടാരത്തിനും സോണിയ ഗാന്ധിയുടെ കുടുംബവാഴ്ചക്കും എതിരായി ഇന്ത്യയില്‍ ഉയര്‍ന്നു വരാന്‍ സാദ്ധ്യതയുള്ള ജനവികാരത്തെ മുതലെടുക്കാനുള്ള തന്ത്രമാണ് മോഡിയുടെ വാക്കുകളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നതെന്ന് പറയേണ്ട ആവശ്യം തന്നെയില്ല.

സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദ്ധന്‍ ഈ നാണം കെട്ട ചടങ്ങില്‍ സാക്ഷിയായെത്തി എന്നത്, ഇന്ത്യന്‍ ഇടതു പക്ഷത്തെ ലജ്ജാകരമായ അവസ്ഥയിലെത്തിക്കുന്നു. 'എല്ലാവരും ഒരേ ഫീല്‍ഡിലുള്ളവരാണ്; പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം; രാഷ്ട്രീയ പരിപാടികള്‍ വ്യത്യാസപ്പെട്ടേക്കാം; മനുഷ്യരെന്ന നിലക്ക് അത് മര്യാദ മാത്രമാണ്.' ഏതായാലും ഒരു കാര്യം ഉറപ്പായി. കാര്യങ്ങള്‍ തുറന്നു പറയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് മോഡി മുതല്‍ ബര്‍ദ്ധന്‍ വരെയുള്ളവര്‍ക്ക് കാവ്യാത്മകവും തത്വചിന്താപരവുമായ ഭാഷയില്‍ സംസാരിക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യയിലെ കവിതയുടെ കൂമ്പടഞ്ഞുവെന്ന് നിരീക്ഷിച്ച നിരൂപകരാരാണ്? അവരെ തിരുത്തുക.

മഞ്ചേശ്വരം, കാസറഗോഡ്, നേമം എന്നീ സീറ്റുകളില്‍ ബി ജെ പി പരാജയപ്പെട്ടത് യു ഡി എഫും എല്‍ ഡി എഫും ക്രോസ് വോട്ട് ചെയ്തിട്ടാണെന്നാണ്, മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ടെത്തല്‍. അത് സത്യം തന്നെയാകട്ടെ. കാരണം, കേരള സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് അവരുടെ പാര്‍ടി നേതാക്ക•ാരേക്കാള്‍ ചരിത്ര ബോധവും രാഷ്ട്രീയ വിവേകവും ജനാധിപത്യ ധാരണയുമുണ്ടെന്നു തന്നെയാണല്ലോ ഇത് തെളിയിക്കുന്നത്. ആ ക്രോസ് വോട്ട് ചെയ്ത വോട്ടര്‍മാരുടെ പേരില്‍ കേരളം അഭിമാനം കൊള്ളുന്നു. എന്നാല്‍, തങ്ങളെ ഇത്തരത്തില്‍ വളരെ കഷ്ടപ്പെട്ട് നിരാകരിക്കുന്ന കേരളീയരോട് നേര്‍ക്കു നേര്‍ അഭിമുഖീകരിക്കാനുള്ള പാകത ബി ജെ പി നേതൃത്വം കാണിക്കുന്നില്ല എന്നതിന്റെ തെളിവാണ്, യു ഡി എഫ് മന്ത്രിസഭാ രൂപീകരണത്തില്‍ അതിഗുരുതരമായ ഇടപെടല്‍ നടത്താനുള്ള അവരുടെ ശ്രമം തെളിയിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ദേശീയ പാര്‍ടി ഏറ്റെടുക്കണമെന്നുള്ള, മതേതര മുഖംമൂടിയണിഞ്ഞതെന്ന വിധത്തിലുള്ള ആഗ്രഹ പ്രകടനം കേരളത്തിന്റെ ജനാധിപത്യ-ഭരണ ചരിത്രത്തെ അങ്ങേയറ്റം അപഹസിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമാണ്. മുസ്ളിംലീഗിനോ കേരളാ കോണ്‍ഗ്രസിനോ വിദ്യാഭ്യാസവകുപ്പ് കൊടുത്താല്‍, അത് കേരള വിദ്യാഭ്യാസ വ്യവസ്ഥയെയും അതുവഴി കേരളസമൂഹത്തെയും തകര്‍ക്കുമെന്നാണല്ലോ ഈ ആവലാതിയുടെ കാതല്‍. ഇന്ത്യന്‍ ഭരണഘടനക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചട്ടങ്ങള്‍ക്കും കടകവിരുദ്ധമായ ഇത്തരമൊരു അഭിപ്രായം തീവ്ര-വലതുപക്ഷ-വര്‍ഗീയ ശക്തികള്‍ ഉന്നയിക്കുമ്പോള്‍ അത് ചെറുക്കുന്നതിനു പകരം അതിനെ ഒളിഞ്ഞും തെളിഞ്ഞും ഓമനിക്കുകയും താലോലിക്കുകയും ചെയ്യുന്ന രീതി, കപട ഇടതുപക്ഷക്കാരും മൃദു ഹിന്ദുത്വക്കാരും തുടങ്ങിക്കഴിഞ്ഞുവെന്ന അത്യന്തം ഹീനമായ വസ്തുതയും നാം കാണാതിരുന്നു കൂടാ. ഇടതു വലതു മുന്നണികളിലായി പല തവണ അധികാരത്തിലെത്തുകയും, പല വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുള്ളവരാണ് മുസ്ളിംലീഗും കേരളാ കോണ്‍ഗ്രസും. അതിന്റെ ഭാഗമായി കേരളം അറബിക്കടലിലൊലിച്ചുപോയിട്ടൊന്നുമില്ല. ഇനിയൊട്ട് ഒലിച്ചു പോകാനും പോകുന്നില്ല. കഴിഞ്ഞതിനു മുമ്പത്തെ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ്; ഇന്ത്യന്‍ ജനതയുടെ പിന്തുണ ഉണ്ടായിട്ടും, സോണിയാ ഗാന്ധിയുടെ ഇന്ത്യന്‍ പൌരത്വം ചോദ്യം ചെയ്യുകയും അവരുടെ പ്രധാനമന്ത്രി പ്രവേശം അസാധ്യമാക്കുകയും ചെയ്ത തരത്തിലുള്ള ഇടപെടലാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തിയത്. ഈ അനുഭവമാണ്, കേരള രാഷ്ട്രീയത്തില്‍ കനത്ത തോതില്‍ നിരാകരണം ഏറ്റുവാങ്ങിയിട്ടും ഇടപെടാനും അതിതീവ്രമായ തരത്തില്‍ വര്‍ഗീയവത്ക്കരിക്കാനുമുള്ള ധൈര്യം അവര്‍ക്ക് പകര്‍ന്നു നല്‍കിയതെന്നു വേണം കരുതാന്‍. എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ ആഘോഷിക്കപ്പെട്ട കൂട്ട ഉണ്ണാവ്രതത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് നിരങ്ങാന്‍ കഴിഞ്ഞതിന്റെ ആവേശം കൂടിയാണ് അവരെ യു ഡി എഫ് രാഷ്ട്രീയത്തെയും അതു വഴി കേരള രാഷ്ട്രീയത്തെയും പിടി കൂടാന്‍ പോകുന്ന ഭൂതബാധയായി പരകായപ്രവേശം നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്നും കരുതാവുന്നതാണ്.


*****


ജി പി രാമചന്ദ്രന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ ജനതയുടെ പിന്തുണ ഉണ്ടായിട്ടും, സോണിയാ ഗാന്ധിയുടെ ഇന്ത്യന്‍ പൌരത്വം ചോദ്യം ചെയ്യുകയും അവരുടെ പ്രധാനമന്ത്രി പ്രവേശം അസാധ്യമാക്കുകയും ചെയ്ത തരത്തിലുള്ള ഇടപെടലാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തിയത്. ഈ അനുഭവമാണ്, കേരള രാഷ്ട്രീയത്തില്‍ കനത്ത തോതില്‍ നിരാകരണം ഏറ്റുവാങ്ങിയിട്ടും ഇടപെടാനും അതിതീവ്രമായ തരത്തില്‍ വര്‍ഗീയവത്ക്കരിക്കാനുമുള്ള ധൈര്യം അവര്‍ക്ക് പകര്‍ന്നു നല്‍കിയതെന്നു വേണം കരുതാന്‍. എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ ആഘോഷിക്കപ്പെട്ട കൂട്ട ഉണ്ണാവ്രതത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് നിരങ്ങാന്‍ കഴിഞ്ഞതിന്റെ ആവേശം കൂടിയാണ് അവരെ യു ഡി എഫ് രാഷ്ട്രീയത്തെയും അതു വഴി കേരള രാഷ്ട്രീയത്തെയും പിടി കൂടാന്‍ പോകുന്ന ഭൂതബാധയായി പരകായപ്രവേശം നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്നും കരുതാവുന്നതാണ്.

ചെകുത്താന്‍ said...

:)