Sunday, May 29, 2011

അരങ്ങ് - സ്വപ്നം, വികാരം

അരങ്ങ് ഒരു വിസ്മയമായി മനസ്സില്‍ സൂക്ഷിക്കുന്നവരാകണം എല്ലാ നടിമാരും. അതുകൊണ്ടാണല്ലോ അവര്‍ അരങ്ങത്തെത്തുമ്പോള്‍ അവരിലെ വേഷപ്പകര്‍ച്ചകള്‍ നമ്മെ അമ്പരപ്പിക്കുന്നത്. തന്നിലെ നിറങ്ങള്‍ ആവിഷ്കരിക്കാനുള്ള, അഭിനയിക്കാനുള്ള തന്നിലെ അഭിവാഞ്ഛയെത്തന്നെ സാക്ഷാല്‍ക്കരിക്കാനുള്ള മാധ്യമമെന്ന നിലയ്ക്കാണ് അഭിനേത്രികളും നര്‍ത്തകികളും അരങ്ങിനെ ഹൃദയത്തിലേറ്റുന്നത്. കണ്ടുതീരാത്ത മനോഹരസ്വപ്നംപോലെ അതവരെ വ്യാമോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഇസഡോറ ഡങ്കന്‍ എന്ന വിഖ്യാതനര്‍ത്തകി "എന്റെ ജീവിതം" എന്ന ആത്മകഥയില്‍ നൃത്തത്തിലൂടെ താനെന്താണ് പറയാന്‍ ആഗ്രഹിക്കുന്നത് എന്നത് വിവരിക്കാനാവാത്തവിധം സങ്കീര്‍ണമാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ആത്മാവിഷ്കാരത്തിനുവേണ്ടിയുള്ള ദാഹം അവരെ നിരന്തരം പരീക്ഷണങ്ങളിലേക്ക് വലിച്ചെറിയുന്നു. ചിലപ്പോഴൊക്കെ അവരത് സ്വയം തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ദുരന്തത്തില്‍ എത്തുവോളം അപകടകാരിയാണ് പ്രതിഭയെന്ന് ഇസഡോറ സ്വന്തം ജീവിതംവഴി പറയുകയുംചെയ്യുന്നു.

സ്വാഭാവികമായും ശ്രീലത കടവില്‍ എന്ന നടിയുടെയും മനസ്സ് മറ്റൊന്നല്ല. നാടകസംബന്ധിയായ, അഭിനയസംബന്ധിയായ, വ്യത്യസ്തമായ, പരീക്ഷണസാധ്യതകളുള്ള വേഷപ്പകര്‍ച്ചകള്‍ ഇപ്പോഴും ശ്രീലതയെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ, മനസ്സില്‍ ഉണര്‍ന്നിരിക്കുന്ന ഏറ്റവും തീവ്രമായ സ്വപ്നവും വികാരവും അതുതന്നെയായിരിക്കും; അതുമാത്രവുമായിരിക്കും.
ഫ്രാന്‍സിലെ ലോകപ്രശസ്തമായ സഞ്ചരിക്കുന്ന തിയറ്റര്‍കമ്പനിയായ ഫുട്സ്ബാണ്‍ തിയറ്ററിന്റെ ഭാഗമാവാന്‍ കഴിഞ്ഞ ആദ്യത്തെ വനിതയാണ് ശ്രീലത. സ്ത്രീകളുടേതു മാത്രമായ അഭിനയ തിയറ്റര്‍ ട്രൂപ്പിന്റെ സ്ഥാപകരില്‍ ഒരാള്‍ . ഏകാകി, സാവിത്രിക്കുട്ടി ഒരു കഥയാട്ടം തുടങ്ങിയവയാണ് ശ്രീലതയുടെ അഭിനയജീവിതത്തില്‍ നാഴികക്കല്ലുകളായി മാറിയത്. കേരള സംഗീത നാടക അക്കാദമിയുടെ നല്ല സംവിധായികയ്ക്കും നല്ല നടിക്കുമുള്ള അവാര്‍ഡ് നേടിയ ദേവശിലകള്‍ . ഒപ്പം സംസ്ഥാന മിനിസ്ക്രീന്‍ അവാര്‍ഡ് മൂന്നുതവണ നേടിയ നടികൂടിയാണ് ശ്രീലത.

നാലരവയസ്സില്‍ സര്‍ക്കാരിന്റെ കുടുംബാസൂത്രണ ക്യാമ്പയിന്റെ ഭാഗമായ വിളക്കുമരം എന്ന സഞ്ചരിക്കുന്ന നാടകത്തിലൂടെയാണ് ശ്രീലത അഭിനയരംഗത്തേക്കു വന്നത്. യാഗം, പൂജയ്ക്കെടുക്കാത്ത പൂക്കള്‍ , കലിക തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഈയടുത്ത കാലത്ത് ദീപേഷ് ടി സംവിധാനംചെയ്ത നഖരം എന്ന ചിത്രത്തില്‍ പതിനഞ്ചുകാരിയുടെ അമ്മയായിട്ടാണ് ഏറെക്കാലത്തിനുശേഷം നാം ശ്രീലതയെ വീണ്ടും കണ്ടത്. സ്വാഭാവികമായും ഏറെക്കാലത്തിനുശേഷം മടങ്ങിയെത്തിയ ഒരു നടിയെന്ന നിലയ്ക്കുള്ള സ്വീകരണവും ആഹ്ലാദവും ശ്രീലതയ്ക്ക് ലഭിച്ചില്ല. അത് ശ്രീലത പ്രതീക്ഷിക്കുന്നുമില്ല. ഡോക്ടര്‍ വത്സലന്‍ കഥയും തിരക്കഥയുമെഴുതിയ നഖരം പ്രമേയംകൊണ്ടും അവതരണംകൊണ്ടും ശക്തമായിരുന്നപ്പോഴും അത് നിരാകരിക്കപ്പെട്ടതെന്തുകൊണ്ട് എന്നത് നിരാശപ്പെടുത്തുന്നതാണ്. നഖരത്തില്‍ ശ്രീലത അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രം ശ്രീലതയുടെ അഭിനയജീവിതത്തിലെ ഉജ്വലമായ ഒരധ്യായമാണ്.

രൂപംകൊണ്ടും ഭാവംകൊണ്ടുംകഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള ഒരു നടിയുടെ ശേഷിയാണ് കഥാപാത്രത്തെ മറ്റൊരാളാക്കാതെ നമ്മില്‍ നിലനിര്‍ത്തുന്നത്. കഥാപാത്രത്തെ പ്രേക്ഷകനിലേക്ക് വിനിമയംചെയ്യുന്നതില്‍ ശരീരഭാഷയ്ക്ക് അങ്ങേയറ്റം പ്രാധാന്യമുണ്ട്. ശരീരഭാഷ നിര്‍ണായകവുമാണ്. കുറച്ചുമാത്രം സംസാരിക്കുന്ന സ്ത്രീയാണ് നഖരത്തിലെ ജാനകി. എന്നിട്ടും എങ്ങനെ ആ സിനിമയുടെ ആത്മാവായി ജാനകി മാറി എന്നത് നമ്മെ വിസ്മയിപ്പിക്കുന്നു. കഥാപാത്രത്തിന്റെ പൂര്‍ണമായ വിന്യാസം ശ്രീലത സാധ്യമാക്കിയിരിക്കുന്നു നഖരത്തിലൂടെ.

ശ്രീലത ഒരു സ്ത്രീപക്ഷ ആര്‍ട്ടിസ്റ്റാണ്. അതൊരു പരിമിതിയായി അവര്‍ കരുതുന്നില്ല. മാത്രമല്ല, അതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയുംചെയ്യുന്ന അഭിനേത്രികൂടിയാണ് അവര്‍ . ഒരു സ്ത്രീപക്ഷ ആര്‍ട്ടിസ്റ്റിനെസംബന്ധിച്ചിടത്തോളം അപാരമായ സ്വാതന്ത്ര്യമാണ് അവര്‍ തിയറ്ററില്‍ അറിയുന്നതും അനുഭവിക്കുന്നതും. അത്തരം സന്തോഷങ്ങള്‍ നിര്‍വചിക്കാനാവില്ലെന്നാണ് ശ്രീലതയുടെ കണ്ടെത്തല്‍ . കോഴിക്കോട്ട് കഴിഞ്ഞ മാര്‍ച്ച് 27ന് അരങ്ങേറിയ നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവലില്‍ എക്കോ ഓഫ് ദി ഡേ എന്ന ഏക വനിതാ സോളോയും ശ്രീലതയുടേതായിരുന്നു. ശ്രീലത ഇപ്പോള്‍ തിരുവനന്തപുരത്ത് ഡിഫറന്റ്ലി ഏബിള്‍ഡ് വിഭാഗത്തിലെ കുട്ടികള്‍ക്കുവേണ്ടി വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുന്നു. അഭിനയകലയെ പ്രയോജനപ്പെടുത്തുന്നു. ഒപ്പം എംഎ പരീക്ഷയുടെ ചൂടും. തിരുവനന്തപുരത്തുകാര്‍ക്ക് മെയ് ഫ്ളവറുകള്‍ക്കു ചോട്ടിലൂടെ വളരെ തിടുക്കത്തില്‍ കാറോടിച്ചുപോകുന്ന ഒരു സുന്ദരി.

തിയറ്റര്‍ എന്ന സ്വാതന്ത്ര്യം

താങ്കളെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന മാധ്യമം ഏതാണെന്നാണ് വിശ്വസിക്കുന്നത്.

തിയറ്റര്‍ .

എന്തുകൊണ്ട്.

അവിടെ ഒരുപാട് സ്വാതന്ത്ര്യം തോന്നും. തിയറ്ററില്‍ എനിക്ക് എന്നെ ആവിഷ്കരിക്കാന്‍ ബുദ്ധിമുട്ടുകളൊന്നുമില്ല.

സിനിമ എന്ന മാധ്യമം നടികളെ പ്രയോജനപ്പെടുത്തുന്നുണ്ടോ?

എന്ന് അഭിപ്രായമില്ല. തികച്ചും മെയ്ല്‍ ഓറിയന്റഡായിട്ടുള്ള ഒരു രംഗമാണത്. സൂപ്പര്‍സ്റ്റാറുകളുടെ ചുറ്റുവട്ടത്ത് ആടുകയും പാടുകയും ചെയ്യുന്ന, അഴകളവുകളുള്ള ഒരാള്‍ . അതാണ് നടി.

നഖരത്തിലെ അനുഭവം.?

കഥ വല്ലാതെ ഇഷ്ടപ്പെട്ട് ചെയ്ത ചിത്രമാണ്. ചില അപാകങ്ങള്‍ കണ്ടേക്കാം. എന്നാല്‍പോലും അതിന്റെ ആഴവും ലക്ഷ്യവും ആ ചിത്രം സാക്ഷാല്‍ക്കരിച്ചുവെന്നാണ് തോന്നിയത്.


ശ്രദ്ധിക്കപ്പെട്ടില്ലല്ലോ?

അതില്‍ വേദനയുണ്ട്. പക്ഷേ, പരാതിയില്ല.

ഫ്രാന്‍സിലെ ഫുട്സ് ബാണ്‍ തിയറ്ററിലെ അനുഭവം?

കേരളത്തിലെ ഒരു നടിക്ക് ചിന്തിക്കാന്‍പോലും കഴിയാത്തവിധം എക്സ്പോഷര്‍ തന്ന നല്ല അനുഭവമായിരുന്നു അത്. ഒരു അമച്വര്‍ നടിയെന്ന നിലയ്ക്ക് കേരളത്തില്‍ എനിക്ക് നല്ല അനുഭവമല്ല സമൂഹത്തില്‍നിന്നും ബന്ധങ്ങളില്‍നിന്നുമൊക്കെ കിട്ടിയത്. ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്ന് കിട്ടാത്ത ബഹുമാനവും ആസ്വാദനവും ഫ്രാന്‍സില്‍നിന്ന്കിട്ടി. അതുകൊണ്ടായിരിക്കും ഇപ്പോഴും ഞാന്‍ ഈ രംഗത്ത് തുടരുന്നത്. ഇല്ലെങ്കില്‍ എനിക്കീ ശക്തി ഉണ്ടാവുമായിരുന്നില്ല.

ഒരു നടിയെന്ന നിലയ്ക്ക് തന്നെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല എന്ന നിരാശയുണ്ടോ?

തീര്‍ച്ചയായും. നടിയായി തുടരുന്നതിലെ നിരര്‍ഥകത എന്നെ പലപ്പോഴും നിരാശപ്പെടുത്തിയിട്ടുണ്ട്. ഇവിടെ കലയ്ക്ക് മാത്രമായി നിലനില്‍ക്കാന്‍ കഴിയില്ല. താമസിയാതെ ഞാന്‍ അമേരിക്കയിലേക്ക് പോകും. ഒരു വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാനാണ്. 2012ല്‍ വീണ്ടും ഫ്രാന്‍സിലേക്ക്. അവിടെ ഒന്നരവര്‍ഷത്തെ പ്രോജക്ടുണ്ട്.

നടി എന്ന നിലയ്ക്കുള്ള താങ്കളുടെ സ്വപ്നപദ്ധതി എന്താണ്.?

ഡിഫറന്റ്ലി ഏബിള്‍ഡ്, ഓട്ടിസം ഒക്കെ ബാധിച്ച ഒരുപാട് കുട്ടികളുണ്ട്. സമൂഹത്തില്‍ അവരുടെ ജീവിതം ദുസ്സഹമാണ്. അവര്‍ക്കുവേണ്ടി സ്ഥിരമായി ഒരു സ്ഥാപനം ഉണ്ടാക്കണം. വരുമാനം ലഭിക്കത്തക്ക രീതിയില്‍ അവരെ പരിശീലിപ്പിക്കണം. അതാണ് സപ്നം. അതിന്റെ ഭാഗമായിട്ടാണ് എന്റെ യാത്രകളും.


*****


കെ ആര്‍ മല്ലിക, കടപ്പാട് :ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അരങ്ങ് ഒരു വിസ്മയമായി മനസ്സില്‍ സൂക്ഷിക്കുന്നവരാകണം എല്ലാ നടിമാരും. അതുകൊണ്ടാണല്ലോ അവര്‍ അരങ്ങത്തെത്തുമ്പോള്‍ അവരിലെ വേഷപ്പകര്‍ച്ചകള്‍ നമ്മെ അമ്പരപ്പിക്കുന്നത്. തന്നിലെ നിറങ്ങള്‍ ആവിഷ്കരിക്കാനുള്ള, അഭിനയിക്കാനുള്ള തന്നിലെ അഭിവാഞ്ഛയെത്തന്നെ സാക്ഷാല്‍ക്കരിക്കാനുള്ള മാധ്യമമെന്ന നിലയ്ക്കാണ് അഭിനേത്രികളും നര്‍ത്തകികളും അരങ്ങിനെ ഹൃദയത്തിലേറ്റുന്നത്. കണ്ടുതീരാത്ത മനോഹരസ്വപ്നംപോലെ അതവരെ വ്യാമോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു.