Monday, May 23, 2011

ശിങ്കിടികള്‍ പാടുന്നു

വളരെ പ്രചാരമുള്ള തനിമലയാള ശൈലികളില്‍ ഒന്നാണ് 'ശിങ്കിടി പാടുക' എന്നത്. കഥകളിയുമായി ബന്ധപ്പെട്ടതാണത്. കഥകളിയിലെ പ്രധാന പാട്ടുകാരന്‍ പൊന്നാനിയും കൂടേ പാടുന്നവന്‍ ശിങ്കിടിയുമാണ്. ചെറിയ കൂലിക്ക് കൂടെ ചേര്‍ന്നുപാടുന്നവരുടേതാണ് ഇന്നത്തെ ലോകം. എന്തെങ്കിലും ഗുണം പറ്റാം എന്ന നേരിയ പ്രതീക്ഷയുയര്‍ന്നാല്‍, വര്‍ഷകാലം അടുത്താല്‍ മണ്ഡൂകഗാനം ഉയരുന്നതുപോലെ, ഈ ശിങ്കിടിമാര്‍ തങ്ങളുടെ ശ്രവണഭേദകമായ അടിപ്പാട് തുടങ്ങുകയായി.

ഒന്നാമത്തെ മഴത്തുള്ളി പാര്‍വതിയുടെ ശരീരത്തില്‍ വീണതിനെ വര്‍ണിച്ച മഹാകവിയെപ്പോലെ ഈ കവിതാരഹിതന്‍ വര്‍ഷാരംഭത്തിലെ ഈ ശിങ്കിടിപ്പാട്ടുകളുടെ ബീഭത്സ രാഗത്തെ ഒന്നു വര്‍ണിക്കട്ടെ.

മെയ് 18 ലെ ഒരു ദിനപത്രം നോക്കിയപ്പോള്‍ കോണ്‍ഗ്രസ് പത്രം പോലും പ്രസിദ്ധീകരിക്കാന്‍ മടിക്കുന്ന ഒര ഗദ്യ സ്‌തോത്രം നമ്മുടെ പുതിയ മുഖ്യമന്ത്രിയെപ്പറ്റി സാഹിത്യകാരന്റെ ആവിഷ്‌കാര ധീരതയെപ്പറ്റി ഒറ്റയ്ക്കും കൂട്ടായും ഉദ്‌ബോധനം നടത്താറുള്ള ഒരു മുന്‍ സര്‍വകലാശാലാധിപന്‍ പ്രസിദ്ധീകരിച്ചതുകണ്ടു. മുഖ്യമന്ത്രിയുടെ പ്രീതി എളുപ്പം ലഭിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പടവും എല്ലാം ചേര്‍ത്ത് അതിന് ദൃശ്യമൂല്യവും ഉണ്ടാക്കിയിരിക്കുന്നു.

'ശിങ്കിടി' എന്ന വാക്ക് സംഘടിതം എന്ന സംസ്‌കൃത പദത്തില്‍ നിന്ന് ആഗമിച്ചതാകാം എന്നൊരു സൂചന ശ്രീകണ്‌ഠേശ്വരം തരുന്നുണ്ട്. സര്‍വകലാശാലാ നായകനായിരുന്ന വ്യക്തിയുടെ പിന്നില്‍ ഇത്തരക്കാരുടെ ഒരു സംഘടിത സംഘം ഉള്ളതുകൊണ്ട് ശിങ്കിടി എന്ന പേര് അര്‍ഥപൂര്‍ണമായി തീരുന്നു. അധികാരത്തിലിരിക്കുന്നവര്‍ക്കുവേണ്ടി സ്തുതി പാടുകയും എഴുതുകയും ചെയ്യുന്നവരെ കൂലി എഴുത്തുകാര്‍ എന്നു പറയാറുണ്ട്. വായില്‍ വന്നതെല്ലാം വിളിച്ചുപറയുന്നതാണ് ഈ സംഘത്തിന്റെ പ്രധാന ജോലി. ആ ജോലി മുറപോലെ നടത്തുന്ന ആളുമാണ് ഇദ്ദേഹം. ഇതൊന്നും അസത്യമല്ല. ഇദ്ദേഹം എന്നെ 'നുണപറയുന്ന ആള്‍' എന്ന് ഒരു ശിങ്കിടി യോഗത്തില്‍ പ്രസംഗിച്ചത് ഒരു പത്രത്തില്‍ കണ്ടു. ഞാന്‍ സത്യം പറയുന്നത് അങ്ങേര്‍ക്ക് നുണയും അങ്ങേര്‍ കളവ് പറഞ്ഞാല്‍ അത് സത്യവും ആണെന്നാണ് സംഘടനയുടെ സമവാക്യം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്വകാര്യ ജീവിതത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍, സ്വകാര്യ ജീവിതം ഇല്ലെന്നറിഞ്ഞ് ആ 'സ്വകാര്യം' പരസ്യമാക്കാനാണ് ആ ലേഖനം എഴുതിയത്. എങ്ങിനെയെങ്കിലും മുഖ്യന്റെ കൃപാകടാക്ഷം തന്നില്‍ പതിയണം എന്നേ കക്ഷിക്ക് ലക്ഷ്യമുള്ളൂ. ശ്രീ ശങ്കരന്റെ പേരിലുള്ള യൂണിവേഴ്‌സിറ്റിയില്‍ കടന്നുകൂടിയത് ഇങ്ങനെയൊരു തന്ത്രത്തിലാണ്. താന്‍ കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് വി സി ആയതെന്ന് അദ്ദേഹം നുണയുടെ തുണകൂടാതെ അക്കാലത്ത് പ്രസംഗിച്ചിരുന്നു.

ഇവരുടെ 'സംസ്‌കാര സാഹിതി' എന്ന സംഘടനയുടെ പ്രസിഡന്റ് എഴുതാനൊന്നും മിനക്കെടാതെ, കോണ്‍ഗ്രസുകാരന്‍ എന്ന ബലത്തില്‍ തിരഞ്ഞെടുപ്പില്‍ തന്നെ ഇക്കുറി ജയിച്ചുകയറിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിട്ടു വാഴ്ത്താന്‍ കഴിയുന്നതുകൊണ്ട് ഈ നിയമസഭാ സാമാജിക സാഹിത്യകാരന് മാധ്യമ സഹായം ആവശ്യമില്ല.

കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോഴെല്ലാം സാഹിത്യ അക്കാദമിയിലോ തത്തുല്യമായ മറ്റ് താവളങ്ങളിലോ കയറിപ്പറ്റാന്‍ കുപ്പായം തയ്ച്ച് ധൈര്യമായി ചുമല്‍പൊക്കി നടക്കുന്ന സാഹിത്യകാരന്‍മാരുടെ ഒരു കൂറ്റന്‍ താവളമാണ് സംസ്‌കാര സാഹിതി. ഇക്കൂട്ടത്തില്‍ ഒരു പ്രാദേശിക സാഹിത്യകാരന്‍ എന്നെപ്പറ്റി പറഞ്ഞ സത്യം (നുണയല്ലേ!) ഇതാണ്- ഞാന്‍, അരനൂറ്റാണ്ടോളം മുമ്പ് കോഴിക്കോട് സര്‍വകലാശാലയില്‍ പി വി സി ആയതു കരുണാകരന്റെയും മുഹമ്മദ് കോയയുടെയും ഗൃഹങ്ങളില്‍ 'നിരങ്ങി'യിട്ടാണ് എന്ന്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് കോയയാണെന്ന്! ഇതിനെപ്പറ്റിയൊന്നും വിവരമില്ലാത്ത കക്ഷി ഒരു ഊഹംവച്ച് നുണയുടെ ഉണ്ട ഉതിര്‍ത്തതാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടിയായിരുന്നു. മുഹമ്മദ് കോയയുടെ വീട്ടില്‍ പോയി 'നിരങ്ങിയാല്‍' 'ചാക്കീരി അഹമ്മദ്കുട്ടി, ജോലിതരുന്ന മാജിക്' എനിക്കറിയില്ല. തന്റെ വീട്ടില്‍ നിരങ്ങാന്‍ എന്തുകൊണ്ട് വന്നില്ല എന്നേ ചാക്കീരിക്കു തോന്നൂ. കരുണാകരന്റെ വീട്ടില്‍ ഞാന്‍ പോയത് ആകെ ഒരു പ്രാവശ്യം. അത് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോള്‍ മാത്രമാണെന്നതിന് പുത്രന്‍ മുരളീധരന്‍ തെളിവ് തരും.

മുന്‍ വൈസ് ചാന്‍സലറും ഈ ദേഹവും ഒരേനുകത്തില്‍ കെട്ടേണ്ടവരാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുമല്ലോ. രണ്ടാം കക്ഷിയുടെ മുഖ്യമന്ത്രി സ്തുതി പ്രസംഗ രൂപത്തില്‍ വന്നെങ്കിലും എഴുത്തായിട്ട് വന്നിട്ടില്ല. ആ ഭാഗ്യം വൈകാതെ ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

'സംസ്‌കാര സാഹിതിയില്‍ ഇത്തരം ഭൈമികാമുകന്‍മാര്‍ ഒരുപാടുണ്ട്. ഇവരെല്ലാം സാഹിത്യ അക്കാദമിയിലെ ഉന്നത പദവികള്‍ മോഹിക്കുന്നവരാണ്. ഇവര്‍ എഴുതിയതിന്റെ പേരില്‍ എഴുത്തുകാരായി ഭാവിയില്‍ അംഗീകരിക്കപ്പെടുമോ എന്ന് കണ്ടറിയണം. അത്രവലിയ ഉദേശമൊന്നും അവര്‍ക്കുണ്ടെന്ന് ആരോപിക്കരുതേ!' ഇവര്‍ക്ക് ഏതെങ്കിലും ഔദ്യോഗിക സാംസ്‌കാരിക സ്ഥാപനങ്ങളില്‍ അടിച്ചു തളിയ്ക്ക് മേലുള്ള ഏത് സ്ഥാനവും കിട്ടിയാല്‍ മതി.

'സാംസ്‌കാരി സാഹിതി' ഉണ്ടാക്കിയതു തന്നെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മലയാളം എഴുതാനും വായിക്കാനും അറിയുമെന്ന അവകാശത്തില്‍ ഊന്നിനിന്നു കൊണ്ട് അംഗങ്ങള്‍ക്ക് എത്തിപിടിക്കാവുന്ന കൊമ്പുകളൊന്നും ഒഴിയരുതെന്ന ഉദ്ദേശത്തിലാണ്. എങ്കിലും നമ്മുടെ പൂര്‍വ വി സിയോട് ഈ പിന്നോക്കക്കാര്‍ക്ക് സ്വല്‍പം അമര്‍ഷം തോന്നാനിടയുണ്ട്. അവരിലാരും പേനയില്‍ മഷിനിറയുന്നതിനു മുമ്പേ, അങ്ങോര്‍ മുഖ്യന്റെ സ്വകാര്യ ജീവിതംപോലും പരിശോധിച്ച് രചന നടത്തികളഞ്ഞല്ലോ. ഭാഗ്യവാന്‍! ഭര്‍ത്തൃ ഹരിപാടിയതുപോലെ 'കാലം ധാരാളം ഉണ്ടല്ലോ. മുഖ്യമന്ത്രിക്ക് വായിക്കാനുള്ള ഫയലുകളുടെ ഇരട്ടി സ്‌ത്രോത്ര രചനകള്‍ വായിക്കേണ്ടി വരും.'

ഇടതുപക്ഷ ചിന്തയെ അനുകൂലിച്ചെഴുതിയവര്‍ സ്ഥാനമോഹം കൊണ്ട് അപ്രകാരം ചെയ്തവരാണ് എന്ന് എട്ടു ദിക്കുകളിലും മാറ്റൊലി കൊള്ളിച്ച ഇക്കൂട്ടര്‍, തങ്ങള്‍ കൂലിയെഴുത്തുകാരല്ലെന്ന് തെളിയിക്കാന്‍ കടപ്പെട്ടവരല്ലേ? പക്ഷേ, അവര്‍ തങ്ങള്‍ കൂലി എഴുത്തുകാര്‍ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. യോഗ്യത കൊണ്ട് സ്ഥാനത്തിന് അര്‍ഹനാണെന്ന് പറയാന്‍ ഇവരില്‍ ആര്‍ക്കും കഴിയുകയില്ലെന്നത് നിര്‍വിവാദമാണ്.

നമ്മുടെ മുന്‍ വി സി കാലടി ശ്രീ ശങ്കര യൂണിവേഴ്‌സിറ്റി അധിപനായി ജ്ഞാനപീഠം ആരോഹണം ചെയ്തത് ശങ്കരഭാഷ്യങ്ങളുടെ അംഗീകരിക്കപ്പെട്ട പ്രാമാണിക പണ്ഡിതനായിട്ടാണോ? ശങ്കരഭാഷ്യത്തിന്റെ കവര്‍പേജിലുള്ള ഇംഗ്ലീഷ് വാക്കുകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ തന്നെ യോഗ്യതയല്ലേ? തര്‍ക്കം വന്നാല്‍ പയറ്റി നോക്കാവുന്ന യോഗ്യത മതി, അതുതന്നെ ധാരാളം.

ഞാന്‍ നുണ പറഞ്ഞുവെന്നും വിദ്യാഭ്യാസമന്ത്രിയുടെ വീട്ടില്‍ നിരങ്ങിയെന്നും പറഞ്ഞ ഇവരെ കോടതി കയറ്റേണ്ടതാണെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞു. ഇവരുടെ പേരില്‍ മാനനഷ്ടക്കേസ് കൊടുത്താല്‍ ഇവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഏറെക്കുറെ ഊഹിക്കാവുന്നതേയുള്ളൂ. ഞാന്‍ അത് ചെയ്യാത്തത് ഒറ്റക്കാരണം കൊണ്ടാണ്. ഇവരുടെ പേരില്‍ ഞാന്‍ മാനനഷ്ടത്തിന് കോടതിയില്‍ പരാതിപ്പെട്ടാല്‍ എനിക്കത് മറ്റൊരു മാനനഷ്ടത്തിന്റെ കാരണമായിത്തീരും. എന്നു മാത്രമല്ല, ഇവരുടെ പേരില്‍ ഞാന്‍ കേസ് കൊടുത്തതു കൊണ്ട് ഇവരുടെ മാനം അല്‍പ്പം കൂടാനും ഇടയുണ്ട്. അതുകൊണ്ട് ആ വഴി നോക്കേണ്ടെന്ന് എന്നോട് ശക്തിയായി ഒരു സുഹൃത്ത് ഉപദേശിച്ചത് ഞാന്‍ സ്വീകരിച്ചിരിക്കുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദയാദൃഷ്ടിപാതത്തിന് വേണ്ടി ഇത്തരം കൃപണ കര്‍മ്മങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്ന ഈ ലേഖകന്‍, എത്ര നല്ല അവസരമാണ് ഇതിനിടെ പാഴാക്കിക്കളഞ്ഞത് എന്ന് ഇപ്പോള്‍ ആലോചിച്ചുപോകുന്നു. വോട്ടെണ്ണി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വെറും രണ്ടുനാള്‍ മുമ്പ് അദ്ദേഹം എന്റെ 85-ാം പിറന്നാള്‍ച്ചടങ്ങില്‍ പങ്കെടുക്കാന്‍ പുത്തൂരില്‍ രാവിലെ വന്നു ചേരുകയുണ്ടായി. വളരെ അപ്രതീക്ഷിതമായിരുന്നു. അദ്ദേഹത്തിന്റെ സഹജമായ എളിമയും നന്മയും കൊണ്ടാണ് അങ്ങനെ വരാന്‍ തോന്നിയത്. കുറെ മുമ്പ് കൈനൂര്‍ പന്നി വളര്‍ത്തല്‍ കേന്ദ്രം സംബന്ധിച്ച സമരത്തിന്റെ അവസരത്തിലും ഈ സ്വഭാവം എനിക്ക് അനുഭവപ്പെട്ടതാണ്. പുത്തൂരില്‍ ആഘോഷവേദിയില്‍ ഞങ്ങള്‍ കുറച്ചുനേരം ഒന്നിച്ചിരിക്കുകയുണ്ടായി. സ്വാര്‍ഥമായ നിവേദനമൊന്നും ഉന്നയിക്കാതെ ഒരു സുവര്‍ണാവസരം ഞാന്‍ പാഴാക്കിയതില്‍ അവര്‍ എന്നോട് സഹതപിക്കുന്നുണ്ടാകാം. തങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ആ അവസരം ഒരു നിര്‍ഗുണന് നല്‍കിയതില്‍ പടച്ചോനോട് കോപിക്കുന്നുണ്ടാകാം.

ഈ ചങ്ങാതിമാര്‍ക്ക് കേരള സാഹിത്യ അക്കാദമി തൊട്ടുള്ള എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളിലും യഥേഷ്ടം സ്ഥാനപദവികള്‍ ലഭിക്കട്ടെ എന്നാണെന്റെ പ്രാര്‍ഥന. 'മലയാളം' പത്രം ചൂണ്ടിക്കാണിച്ചതു പോലെ, ഇവര്‍ക്കെല്ലാം (വി എസ്സിനോട് 25 ചോദ്യം ചോദിച്ച 25 സാഹിത്യകാരന്‍മാര്‍ക്ക്) കൊടുക്കാന്‍ ഗവണ്‍മെന്റിന്റെ പക്കല്‍ സ്ഥാനമാനങ്ങളുണ്ടാകുമോ എന്നേ സംശയമുള്ളൂ. അവര്‍ക്ക് എന്ത് നേട്ടമുണ്ടായാലും എനിക്ക് ഒരാപത്തും വരില്ല, സന്തോഷമേയുള്ളൂ. ഈ ലേഖനം എഴുതിയത് അവരെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്താനല്ല തന്നേ! മറ്റുള്ളവര്‍ ഇടതുചിന്തയെ അനുകൂലിക്കുന്നത് ആദര്‍ശ പക്ഷപാതം കൊണ്ടാണെന്നും പ്രതിഫലേച്ഛ കൊണ്ടല്ലെന്നും അറിഞ്ഞട്ടും തങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന വ്യാജം പ്രചരിപ്പിക്കുന്നത് തടയാന്‍ വേണ്ടി മാത്രമാണ്. 'നിങ്ങളേക്കാള്‍ വിശുദ്ധന്‍' എന്ന നാട്യം മാത്രം വേണ്ട. മദ്വചനങ്ങള്‍ക്ക് മാര്‍ദ്ദവം ഇല്ലാതെ പോയത് ഇത് കൊണ്ടുമാത്രമാണ്. എനിക്ക് മാപ്പു തരേണ്ട, പക്ഷെ ഉദ്ദേശം ഇതാണെന്ന് മനസ്സിലാക്കിയാല്‍ മതി.


*****


ദര്‍ശനം/സുകുമാര്‍ അഴീക്കോട്, കടപ്പാട്: ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മെയ് 18 ലെ ഒരു ദിനപത്രം നോക്കിയപ്പോള്‍ കോണ്‍ഗ്രസ് പത്രം പോലും പ്രസിദ്ധീകരിക്കാന്‍ മടിക്കുന്ന ഒര ഗദ്യ സ്‌തോത്രം നമ്മുടെ പുതിയ മുഖ്യമന്ത്രിയെപ്പറ്റി സാഹിത്യകാരന്റെ ആവിഷ്‌കാര ധീരതയെപ്പറ്റി ഒറ്റയ്ക്കും കൂട്ടായും ഉദ്‌ബോധനം നടത്താറുള്ള ഒരു മുന്‍ സര്‍വകലാശാലാധിപന്‍ പ്രസിദ്ധീകരിച്ചതുകണ്ടു. മുഖ്യമന്ത്രിയുടെ പ്രീതി എളുപ്പം ലഭിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പടവും എല്ലാം ചേര്‍ത്ത് അതിന് ദൃശ്യമൂല്യവും ഉണ്ടാക്കിയിരിക്കുന്നു.