Friday, May 6, 2011

ഒസാമയും ഒബാമയും ഭീകരതയുടെ യഥാര്‍ഥ ചിത്രവും

ഒസാമയും ഒബാമയും. ഒരേ ഒരക്ഷരത്തിന്റെ വ്യത്യാസമേ ഇരു പേരുകള്‍ക്കുമുള്ളൂ എന്നത് കൗതുകകരവും യാദൃച്ഛികതയുമാണ്. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതോടെ ആഗോള ഭീകരതയുടെ വേരറുത്തുവെന്ന് അഹങ്കരിക്കുകയും ആഹ്ലാദിക്കുകയുമാണ് അമേരിക്കയും കൂട്ടാളികളും. ഇന്ത്യയും ആഹ്ലാദാതിരേകത്തില്‍ ഒട്ടും പിന്നിലല്ല. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണ് ഒസാമയുടെ വധമെന്നാണ് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ പ്രതികരിച്ചത്.
ഭീകരതയുടെ ഏക പര്യായമായി ബിന്‍ ലാദനെ അമേരിക്കയും ഒരുപറ്റം മാധ്യമങ്ങളും പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുമ്പോള്‍ ഭീകരതയെക്കുറിച്ച് നിരവധി ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. 2001 സെപ്തംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്റര്‍ എന്ന അംബരചുംബിയായ കെട്ടിടസമുച്ചയത്തിലേയ്ക്ക് വിമാനം ഇടിച്ചിറക്കി അമേരിക്കയെയും ലോകത്തെ തന്നെയും ഞെട്ടിച്ചതിലൂടെയാണ് ഒസാമ ലോകത്തിലെ കുപ്രസിദ്ധനായ ഭീകരനായി വളര്‍ന്നത്. ആഭ്യന്തര സുരക്ഷയെക്കുറിച്ചും ഇന്റലിജന്‍സ് സംവിധാനത്തെക്കുറിച്ചും സൈനികശക്തിയെക്കുറിച്ചും അമേരിക്ക എക്കാലവും പുലര്‍ത്തിപോന്ന അതിരുകളില്ലാത്ത ഹുങ്ക് ഒരു നിമിഷംകൊണ്ടു ആവിയായിപ്പോയി. അന്നു മുതല്‍ അമേരിക്കയ്ക്ക് ലോകത്തിലെ ഏറ്റവും കൊടിയ ഭീകരന്‍ ഒസാമ ബിന്‍ ലാദനായി തീര്‍ന്നു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂവായിരത്തോളം മനുഷ്യരാണ്. ഓരോ മനുഷ്യന്റെയും ജീവന്‍ വിലനിര്‍ണയിക്കാനാവാത്തതാണ്. അതുകൊണ്ടു തന്നെ മൂവായിരം പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ട്രേഡ് സെന്റര്‍ ഭീകരാക്രമണം കൊടിയ ദുരന്തം തന്നെയാണ്. എന്നാല്‍ ഒസാമ ലാദന്‍ കൊന്നൊടുക്കിയതിന്റെ എത്ര ആയിരം മടങ്ങ് നിരപരാധികളെയാണ് അമേരിക്കന്‍ സാമ്രാജ്യത്വം നിര്‍ഭയം കൊന്നുതള്ളിയത്. എണ്ണിതിട്ടപ്പെടുത്താന്‍ അമേരിക്കയ്ക്കുപോലും സാധിക്കുമെന്ന് തോന്നുന്നില്ല. ലോകത്തിലെ ഭീകരതയുടെ ഒരേ ഒരു അടയാളമായും മരണത്തിന്റെ മൊത്ത വ്യാപാരിയായുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒസാമ ലാദന്‍ നടത്തിയ കൊടും ക്രൂരതകളെ നിസ്സാരമാക്കുന്നതാണ് അമേരിക്ക നടത്തിയ ബീഭത്സത. ഒരിക്കലും മായ്ച്ചുകളയാനാവാത്ത കളങ്കത്തിന്റെ കറുത്ത അധ്യായങ്ങളാണ് അമേരിക്കയുടെ ചരിത്രപുസ്തകത്തില്‍. തുടച്ചാലും തുടച്ചാലും മായ്ക്കാനാവാത്ത രക്തക്കറയുടെ പാടുകള്‍ അമേരിക്കന്‍ ഭരണാധികാരികളുടെ ശരീരത്തിലും മനസ്സിലും തെളിഞ്ഞുനില്‍ക്കുന്നു.

മൂവായിരം പേരെ മരണക്കയത്തിലേയ്ക്ക് വലിച്ചെറിഞ്ഞ ലാദനെ ആഗോള ഭീകരനായി കണ്ട് പിടികൂടാന്‍ ബുഷ് ജൂനിയറിന്റെ ആഹ്വാനപ്രകാരം അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഭീകരാക്രമണം കാണാതെ പോവുകയും മറക്കുകയും ചെയ്യുന്നത് ചരിത്രസത്യത്തോട് മുഖംതിരിഞ്ഞു നില്‍ക്കലാണ്. അമേരിക്കയുടെ അഫ്ഗാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എത്രയെത്ര മൂവായിരങ്ങളാണ്. പതിനായിരക്കണക്കിന് നിരപരാധികളെയാണ് അഫ്ഗാനിസ്ഥാനില്‍ അമേരിക്ക മിസൈല്‍ ബോംബ് വര്‍ഷത്തിലൂടെയും വെടിയുതിര്‍ക്കലിലൂടെയും കൊന്നു തള്ളിയത്. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും അമേരിക്കയുടെ ലാദന്‍ വേട്ടയില്‍ കൊല്ലപ്പെട്ടു. മനുഷ്യരെ കൊന്നുതള്ളിയതിനുശേഷം വിമാനത്തില്‍ നിന്ന് ഭക്ഷണപ്പൊതി വിതറി കപട കാരുണ്യത്തിന്റെ നാടകവും അമേരിക്ക അരങ്ങേറ്റി.

അമേരിക്കയുടെ കൊലപാതക താണ്ഡവവും അടങ്ങാത്ത ചോരക്കൊതിയും ഏതു പട്ടികയില്‍ പെടുത്തും. മൂവായിരം പേരെ കൊന്നുതള്ളിയ ഒരാള്‍ മരണത്തിന്റെ മൊത്ത വ്യാപാരിയെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ ലക്ഷങ്ങളെ മരണത്തിലേയ്ക്ക് നിര്‍ദ്ദയം വലിച്ചെറിഞ്ഞ അമേരിക്ക മരണത്തിന്റെ എന്തുതരം വ്യാപാരിയാണ്?

എലിയെ പേടിച്ച് ഇല്ലം ചുടുന്നുവെന്ന് കേട്ടിട്ടുള്ളത് അക്ഷരാര്‍ഥത്തില്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കുകയായിരുന്നു അമേരിക്ക. ലാദന്‍ എന്ന ഒരാളെ പിടികൂടാന്‍ അഫ്ഗാനിസ്ഥാന്‍ എന്ന രാഷ്ട്രത്തെ ചുട്ടുകരിക്കുകയും ദശലക്ഷക്കണക്കിന് മനുഷ്യരെ വിടുതല്‍ ലഭിക്കാത്ത കടുത്ത ദുരിതങ്ങളിലേയ്ക്കും പട്ടിണിയിലേയ്ക്കും തീരാവ്യഥകളിലേയ്ക്കും വലിച്ചിഴയ്ക്കുകയുമായിരുന്നു അമേരിക്ക. അഫ്ഗാന്‍ മലനിരകളില്‍ ലാദന്‍ ഒളിച്ചുകഴിയുന്നുവെന്ന മുന്‍വിധിയോടെ പരശ്ശതം അഫ്ഗാനിസ്ഥാനികളെ കൊന്നുതള്ളുകയും അംഗവൈകല്യമുള്ളവരാക്കുകയും ചെയ്ത അമേരിക്ക ഒടുവില്‍ ലാദനെ പിടികൂടിയത് അവര്‍ ആയുധങ്ങളും പണവും കൈയയച്ച് സഹായിച്ചുകൊണ്ടിരുന്ന പാകിസ്ഥാനില്‍ നിന്നാണ് എന്നത് മറ്റൊരു ക്രൂരമായ തമാശ. പാകിസ്ഥാന്‍ തലസ്ഥാനത്തിന് മൈലുകള്‍ക്കപ്പുറത്ത്, സൈനിക അക്കാദമിയുടെ കണ്ണെത്തും ദൂരത്ത് സുരക്ഷിതനായി കഴിഞ്ഞിരുന്ന ലാദനെ വധിക്കുവാന്‍ അമേരിക്കയ്ക്ക് നാല് ഹെലികോപ്റ്ററും എഴുപത്തിഒമ്പത് കമാന്റോകളും നാല്‍പ്പത് മിനിറ്റും മതിയായി. ഒരു അമേരിക്കന്‍ സൈനികനും വധിക്കപ്പെട്ടില്ല. ഒരു പാകിസ്ഥാന്‍ പൗരനും കൊല്ലപ്പെട്ടില്ല. അപ്പോള്‍ ഒരു ദശാബ്ദത്തോളമായി അമേരിക്കന്‍ ഭീകരത അനുഭവിക്കേണ്ടിവന്ന അഫ്ഗാനിസ്ഥാനോട്, കൊല്ലപ്പെട്ട പതിനായിരക്കണക്കിന് അഫ്ഗാന്‍ പൗരന്‍മാരോട്, മരണത്തിനു കീഴടങ്ങേണ്ടിവന്ന അമേരിക്കന്‍ സൈനികരോട് അമേരിക്കയ്ക്കും ജൂനിയര്‍ ബുഷിനും ബരാക്ക് ഒബാമയ്ക്കും എന്താണ് പറയാനുള്ളത്? 'ഓപ്പറേഷന്‍ ജെറോനിമോ' എന്ന പദ്ധതിയിലൂടെ അനായാസമായി ലാദനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞ അമേരിക്ക, ലാദനെവിടെയുണ്ടെന്നറിയാതെ കേവലമായ മുന്‍വിധിയോടെ യുദ്ധഭ്രാന്തിന് അടിപ്പെട്ട് അഫ്ഗാനില്‍ നടത്തിയ ക്രൂരത കൊടിയ ഭീകരതയല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

വാളെടുത്തവന്‍ വാളാല്‍ എന്ന പ്രമാണം അമേരിക്കയുടെ കാര്യത്തില്‍ പലയാവര്‍ത്തി അന്വര്‍ഥമാക്കീട്ടും തങ്ങളുടെ ദുഷ്‌ചെയ്തികളില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്ക സന്നദ്ധമല്ല. സോവിയറ്റ് യൂണിയനെതിരെ ലാദനെയും കൂട്ടരെയും അണിയിച്ചൊരുക്കിയതും ആയുധം നല്‍കിയതും പണം നല്‍കി സഹായിച്ചതും അമേരിക്കയായിരുന്നുവെന്നത് അമേരിക്ക ഓര്‍ക്കാന്‍പോലും ഇഷ്ടപ്പെടുന്നുണ്ടാവില്ല. സദ്ദാംഹുസൈന്റെ കാര്യത്തിലും മറിച്ചായിരുന്നില്ല കാര്യം. ഇറാഖിലെ ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാരെ സദ്ദാം ഹുസൈന്‍ മൃത്യുവിനിരയാക്കുമ്പോള്‍ അമേരിക്ക ആനന്ദിച്ചു. ഇറാനെതിരെ സദ്ദാം ഹുസൈനെ അവതരിപ്പിക്കുന്നതിനും അമേരിക്ക മുന്‍കൈയെടുത്തു. ആയുധവും പണവും നിര്‍ലോഭം നല്‍കി. ഒടുവില്‍ സദ്ദാം ഹുസൈനും അമേരിക്കയുടെ ശത്രുവും കണ്ണിലെ കരടുമായി. കുവൈറ്റിന്റെ പരമാധികാരം ഉറപ്പാക്കുവാനെന്ന വ്യാജേന ഇറാഖില്‍ മിസൈലുകള്‍ വര്‍ഷിച്ച് ആയിരങ്ങളെ കൊന്നുതള്ളിയത് ബുഷ് സീനിയറാണ്. ബുഷ് ജൂനിയര്‍ സദ്ദാം ഹുസൈന്റെ പക്കല്‍ രാസായുധമുണ്ടെന്ന പ്രഖ്യാപനത്തോടെ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നുതള്ളി. പശ്ചിമേഷ്യന്‍ സംസ്‌കാരങ്ങളില്‍ പ്രഥമഗണനീയമായ മെസപ്പെട്ടോമിയന്‍ സംസ്‌കാരത്തെ തകര്‍ത്തു തരിപ്പണമാക്കി. എണ്ണമറ്റ അമ്മമാര്‍ വിധവകളും കുഞ്ഞുങ്ങള്‍ അനാഥരുമായി. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ വധിക്കപ്പെട്ടു. സദ്ദാം ഹുസൈനെ അപരിഷ്‌കൃതമായ നിലയില്‍ തൂക്കിലേറ്റി. പക്ഷേ ഇറാഖില്‍ രാസായുധങ്ങള്‍ കണ്ടെത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. കുവൈറ്റിന്റെ പരമാധികാരമോ രാസായുധങ്ങളോ ആയിരുന്നില്ല യഥാര്‍ഥ പ്രശ്‌നം. എണ്ണക്കിണറുകള്‍ കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഇതിനുവേണ്ടി ദശലക്ഷക്കണക്കിനു നിരപരാധികളെ കൊന്നുതള്ളിയ അമേരിക്കയുടേത് ഭീകരതയല്ലെങ്കില്‍ മറ്റെന്താണ്?

'ലോക പൊലീസ്' എന്ന നിലയില്‍ നിന്ന് 'ലോക ഗുണ്ട'യായി അമേരിക്ക മാറിയ ചിത്രമാണ് ലോകത്തിനു മുന്നിലുള്ളത്. ഈ ലോക ഗുണ്ട സൃഷ്ടിച്ചതുപോലെ ഭീകരത സൃഷ്ടിച്ച, മനുഷ്യരെ കൊന്നുതള്ളിയ മറ്റൊരു കുട്ടരുമില്ല. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷത്തിലൂടെ എത്ര പാവം മനുഷ്യരെ അമേരിക്ക ഭൂമുഖത്തുനിന്ന് തുടച്ചുനീക്കി. എത്ര തലമുറകളെ കടുത്ത വേദനയിലാഴ്ത്തി. 1950 കളില്‍ കൊറിയയില്‍ നടത്തിയ ഇടപെടല്‍, ഗ്വാട്ടിമലയിലും പനാമയിലും നടത്തിയ ക്രൂരതകള്‍, വിയറ്റ്‌നാമില്‍ ഏജന്റ് ഓറഞ്ച് എന്ന രാസായുധവും നാപാം ബോംബും പ്രയോഗിച്ച് നടപ്പാക്കിയ നീചപ്രവൃത്തികള്‍, ചിലിയില്‍ നടത്തിയ അതിക്രമവും അലന്‍ഡെയുടെ കൊലയും ക്യൂബയ്‌ക്കെതിരായി വിരാമമില്ലാതെ നടത്തിയ ഗൂഡ പ്രവര്‍ത്തനങ്ങളും നിലയ്ക്കാത്ത ഉപരോധവും ലോക ഗുണ്ടയായ അമേരിക്കയുടെ ഭീകരതയും തെമ്മാടിത്തരങ്ങളും പൊടുന്നനെ പറഞ്ഞുതീര്‍ക്കാനാവുന്നതല്ല.

185 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഐക്യരാഷ്ട്ര സംഘടനപോലും അനുസരിക്കേണ്ടത് തങ്ങളുടെ ആജ്ഞകളാണെന്ന് അമേരിക്ക കരുതുകയും യു എന്ന നെ റബ്ബര്‍ സ്റ്റാമ്പാക്കി പരിണമിപ്പിക്കുകയും ചെയ്തു. തങ്ങളെ അനുസരിക്കാത്ത സെക്രട്ടറി ജനറല്‍മാര്‍ക്ക് തുടരനാവില്ലെന്ന സന്ദേശം നയതന്ത്രവിദഗ്ധനായ അമേരിക്കയ്ക്ക് കീഴ്‌പ്പെടാതെ നിലകൊണ്ട ബുട്രോസ് ബുട്രോസ് ഘാലിയെ, അദ്ദേഹം കേവലം സെക്രട്ടറി മാത്രമാണ്, പട്ടാള ജനറലല്ല എന്ന് അധിക്ഷേപിച്ച് രണ്ടാമൂഴം നല്‍കാതെ പറഞ്ഞയച്ചത് ലോകം കണ്ടതാണ്. സര്‍വതും തങ്ങളുടെ നിയന്ത്രണത്തില്‍, അല്ല കാല്‍ക്കീഴിലായിരിക്കണമെന്ന് അമേരിക്ക ശഠിക്കുന്നു.

ആ ശാഠ്യത്തിന്റെയും തങ്ങള്‍ തുടര്‍ന്നുവരുന്ന ഭീകരതയുടെയും തുടര്‍ച്ചയാണ് ഇപ്പോള്‍ ലിബിയയില്‍ അരങ്ങേറുന്നത്. സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ ഒബാമയാണ് ലിബിയയിലെ സാധാരണ പൗരന്‍മാരെ കൊന്നുതള്ളുന്നത്. മഹാത്മാഗാന്ധിക്ക് ലഭിക്കാത്ത സമാധാനത്തിനുള്ള നോബല്‍ ഒബാമയ്ക്ക് ലഭിക്കുമ്പോള്‍ നോബല്‍ സമ്മാനം തന്നെ ഒരു വലിയ ഫലിതമായി മാറിയിരുന്നു. ലിബിയയിലെ കടന്നാക്രമണം ജനാധിപത്യത്തിനുവേണ്ടിയെന്നാണ് ഒബാമയുടെ പ്രചരണം. ലോകത്തെവിടെയും ജനാധിപത്യം സ്ഥാപിക്കുവാന്‍ ഭീകരതയുടെ ദുഷ്ടകരങ്ങളുമായി പാഞ്ഞുനടക്കുകയാണ് അമേരിക്ക. ലോകത്തിലെ ജനാധിപത്യം സംരക്ഷിക്കുവാന്‍ അമേരിക്ക ഏഴുകടലുകള്‍ മുറിച്ചുകടക്കും. പക്ഷേ അമേരിക്കക്കാര്‍ സ്വന്തം രാജ്യത്തിലെ ജനാധിപത്യവികാരം സംരക്ഷിക്കാന്‍ സ്വന്തം വീടിനുമുന്നിലെ റോഡുപോലും മുറിച്ചുകടക്കുകയില്ലെന്ന് ഒരു ഫലിതമുണ്ട്. അത് അക്ഷരാര്‍ഥത്തില്‍ ശരിവെയ്ക്കുന്നതാണ് അമേരിക്കയുടെ കുടിലപ്രവൃത്തികള്‍.
ഒസാമയും ഒബാമയും പേരില്‍ ഒരക്ഷരത്തിന്റെ വ്യത്യാസമുണ്ടെങ്കിലും ഭീകരതയുടെ കാര്യത്തില്‍ ഒസാമ പ്രതിനിധീകരിക്കുന്ന അല്‍ ഖ്വയ്ദയും ഒബാമ പ്രതിനിധീകരിക്കുന്ന അമേരിക്കന്‍ ഭരണകൂടവും ഒരേ തൂവല്‍പക്ഷികളാണ്. അമേരിക്കയുടെ തൂവലുകളില്‍ മരണത്തിന്റെ ദുര്‍ഗന്ധവും ഭീകരതയുടെ കറുത്ത പതാകകളും എത്രയോ എത്രയോ കൂടുതലാണ്.


*****


കടപ്പാട് :ജനയുഗം

No comments: