Thursday, May 19, 2011

തെരുവിലെ ഇടതുപക്ഷം

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് ഇടതുപക്ഷത്തിന് വൈരുധ്യാത്മകമായ സമീപനമാണുള്ളത്. ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് സമ്പൂര്‍ണമാണെന്നോ അതുവഴി മാത്രം സോഷ്യലിസം സാഫല്യമാകുമെന്നോ കമ്യുണിസ്റ്റുകാര്‍ കരുതിയിട്ടില്ല. ബൂര്‍ഷ്വാ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന ജനാധിപത്യാവകാശങ്ങള്‍ നിലനിര്‍ത്താന്‍ കമ്യൂണിസ്റ്റുകാര്‍ എപ്പോഴും എവിടെയും പരിശ്രമിക്കുന്നു. ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിശ്വാസമുള്ളതിനാലാണ് കമ്യൂണിസ്റ്റുകാര്‍ അതില്‍ പങ്കെടുക്കുന്നത്. 1905ല്‍ ഒന്നാം റഷ്യന്‍ വിപ്ലവ വേലിയേറ്റ കാലത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കണമെന്ന് ശഠിച്ചവരെ റഷ്യയിലെ കമ്യൂണിസ്റ്റ് പാര്‍ടി പുറത്താക്കി.

1908ല്‍ വിപ്ലവ വേലിയിറക്കസമയത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന് വാദിച്ച തീവ്രവാദികളെ പാര്‍ടിക്ക് പുറത്താക്കേണ്ടിവന്നു. ഇതിനര്‍ഥം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയെന്നത് അതിനോട് ജനങ്ങള്‍ക്കുള്ള ആഭിമുഖ്യത്തിന്റെ അടിസ്ഥാനത്തിലും വിപ്ലവമുന്നേറ്റത്തിലൂടെ കയറ്റിറക്കങ്ങളുടെ ഭാഗമായും അടവുപരമായി തീരുമാനിക്കപ്പെടുന്ന സംഗതിയാണെന്നാണ്.

1957ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഭരിക്കാന്‍ അവസരം ലഭിച്ചതോടെയാണ് ഒരു സംസ്ഥാന സര്‍ക്കാരിനെ നയിക്കാനവസരം കിട്ടിയാല്‍ എന്താണു സമീപനമെന്ന പ്രശ്നം പാര്‍ടിയുടെ മുന്നിലെത്തിയത്. താല്‍ക്കാലികാശ്വാസങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഇത്തരം ഗവണ്‍മെന്റുകളെ ഉപയോഗിച്ച് വര്‍ഗസമരത്തെ ശക്തിപ്പെടുത്തണമെന്ന് പാര്‍ടി കണ്ടു. പാര്‍ലമെന്റിതര സമരമാര്‍ഗമായ പ്രക്ഷോഭസമരങ്ങള്‍ക്ക് കീഴ്പ്പെട്ട് പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുകയെന്ന നയം അംഗീകരിക്കപ്പെട്ടു. അതുകൊണ്ടുതന്നെ താല്‍ക്കാലികമായി സംസ്ഥാനതലത്തില്‍ രൂപീകരിക്കപ്പെടുന്ന സര്‍ക്കാരുകളെ ഉപയോഗിച്ച് താല്‍ക്കാലികമായ ആശ്വാസനടപടികള്‍ സ്വീകരിക്കാനും ബൂര്‍ഷ്വാ സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട കാര്‍ഷിക പരിഷ്കാരമുള്‍പ്പെടെയുള്ള നടപടികള്‍ നടപ്പാക്കാനുമാണ് പാര്‍ടി മുതിര്‍ന്നത്. ഒരു മുതലാളിത്തരാജ്യത്തെ, ബൂര്‍ഷ്വാ വ്യവസ്ഥകളുടെ ചട്ടക്കൂടെന്ന പരിമിതി അത്തരം സര്‍ക്കാരുകള്‍ക്കുണ്ടെന്ന് ഒരിക്കലും വിസ്മരിച്ചുകൂടെന്ന് പാര്‍ടി പലവട്ടം മുന്നറിയിപ്പുനല്‍കി. ഈ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കാര്‍ഷികപരിഷ്കാരം, അധികാര വികേന്ദ്രീകരണം, ജനക്ഷേമ നടപടികള്‍ , തൊഴിലാളികളുടെ കൂട്ടായ വിലപേശലിന് സഹായകരമായ ഒരു തൊഴില്‍ - പൊലീസ് നയം, ഈ നിലയിലെല്ലാം ഏതൊരു ബൂര്‍ഷ്വാ സര്‍ക്കാരിനേക്കാളും വിലമതിക്കുന്ന അഭിമാനകരമായ നേട്ടങ്ങള്‍ , കേരളത്തിലും ബംഗാളിലും ത്രിപുരയിലും രൂപീകരിക്കപ്പെട്ട എല്ലാ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കും അവകാശപ്പെടാന്‍ കഴിയും. അതുകൊണ്ടുതന്നെ ഈ ഗവണ്‍മെന്റുകള്‍ പൊതുവില്‍ വിജയമാണെന്ന് കാലവും ചരിത്രവും ജനസമൂഹങ്ങളും സാക്ഷ്യം പറയും.

ഒന്നിനുപുറകെ ഒന്നായി അധികാരമേറാനും അധികാരത്തില്‍ തുടരാനും ബംഗാളിലും ത്രിപുരയിലും സാധിക്കുമെന്നുവന്നതോടെ താല്‍ക്കാലികാശ്വാസം നല്‍കുകയെന്നതിനപ്പുറത്ത് സ്ഥായിയായ പലതും ചെയ്യേണ്ടതുണ്ടെന്ന ജനങ്ങളുടെ ആവശ്യവും പ്രതീക്ഷയും ഉയര്‍ന്നുവന്നു. സിപിഐ എം കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസ് ഈ പ്രശ്നം ചര്‍ച്ച ചെയ്യുകയുണ്ടായി. എത്രയേറെ പരിമിതികളുണ്ടെങ്കിലും സമാശ്വാസനടപടികളില്‍ മാത്രം ഒതുങ്ങിനിന്നാല്‍ ജനങ്ങള്‍ തൃപ്തരാകില്ലെന്നും സ്ഥായിയായ വികസനനേട്ടങ്ങളും ബദല്‍ മാതൃകയും ഉയര്‍ത്താനുള്ള സമ്മര്‍ദങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് മേല്‍ ഉണ്ടാകുന്നതായും പാര്‍ടി നിരീക്ഷിച്ചു. കേരളത്തിലാകട്ടെ മുന്നണികള്‍ മാറിമാറി ഭരിക്കുന്ന നിലയാണെങ്കില്‍ പോലും ലഭിക്കുന്ന അഞ്ചുവര്‍ഷത്തിനിടയില്‍ തന്നെ സ്ഥായിയായ വികസനനേട്ടങ്ങള്‍ നേടിക്കൊടുക്കേണ്ട ആവശ്യകതയിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്. കാര്‍ഷികപരിഷ്കാരത്തിലും അധികാരവികേന്ദ്രീകരണത്തിലും വളരെയേറെ മികവുകാട്ടിയ ബംഗാള്‍ ഈ രണ്ട് നടപടിയിലൂടെ ഗ്രാമങ്ങളെ ഉണര്‍ത്തുകയും ഗ്രാമീണമൗഢ്യത്തില്‍ നിന്ന് (മാനിഫെസ്റ്റോയോട് കടപ്പാട്) ആ ജനവിഭാഗങ്ങളെ മോചിപ്പിച്ചെടുത്ത് ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.

വ്യവസായവല്‍ക്കരണമാണ് സാമൂഹ്യവളര്‍ച്ചയുടെ അടുത്ത ഘട്ടം. മാറിമാറി അധികാരത്തില്‍വന്ന കേന്ദ്രസര്‍ക്കാരുകള്‍ ബംഗാളില്‍ വ്യവസായവല്‍ക്കരണത്തിന് സഹായിച്ചില്ലെന്നുമാത്രമല്ല കേന്ദ്രനിക്ഷേപം തുടര്‍ച്ചയായി കുറഞ്ഞുവന്നു. തൊണ്ണൂറുകളിലാരംഭിച്ച അഗോളവല്‍ക്കരണകാലത്ത് പൊതുമേഖല കേന്ദ്രസര്‍ക്കാര്‍ വിറ്റുതുലയ്ക്കുമ്പോള്‍ ബംഗാളിന് എങ്ങനെയാണ് കേന്ദ്രനിക്ഷേപം ലഭിക്കുന്നത്. ഈ ഘട്ടത്തിലാണ് സ്വകാര്യ മൂലധനത്തെ നിബന്ധനകളോടെ ആശ്രയിച്ച് വ്യവസായവികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കാന്‍ ഇടതുപക്ഷം ശ്രമിച്ചത്്. അതിനുവേണ്ടി ആവശ്യമായ ഭൂമി ഏറ്റെടുക്കുന്ന ഘട്ടമെത്തിയപ്പോഴാണ് അതിനെ അവസരമാക്കി ഇടതുപക്ഷത്തെ കര്‍ഷകവിരുദ്ധരാക്കി ചിത്രീകരിക്കാന്‍ മമതയ്ക്കും കൂട്ടര്‍ക്കുമായത്. മാവോയിസ്റ്റ് മുതല്‍ മമത വരെ കൂടിച്ചേര്‍ന്ന ഈ വിശാലസഖ്യത്തിന് എല്ലാ തലത്തിലുമുള്ള പ്രതിലോമശക്തികളുടെയും പിന്തുണയും സാമ്പത്തികമായ പിന്‍ബലവും മാധ്യമപരിലാളനയും ലഭിച്ചു. ആഗോളവല്‍ക്കരണത്തിന്റെ വ്യാമോഹങ്ങള്‍ താലോലിക്കുന്ന പുതിയ ജനസമൂഹത്തിലെ വലിയ പ്രതീക്ഷകളും ഇടതുപക്ഷ സര്‍ക്കാരിന്റെ വിഭവ പരിമിതികളും താല്‍ക്കാലികമാണെങ്കിലും മമത ബാനര്‍ജിക്ക് ജനപിന്തുണ നേടിക്കൊടുത്തു. മമത ഉള്‍പ്പെടുന്ന കേന്ദ്രസര്‍ക്കാരിന്റെ അഴിമതികളോ ഇതര സംസ്ഥാനങ്ങളിലെ ബൂര്‍ഷ്വാ സര്‍ക്കാരുകളുടെ പരാജയങ്ങളോ കാണാന്‍ മനസ്സുവരാത്ത അന്ധതയിലേക്ക് ഒരുപറ്റം ബംഗാളി ജനതയെ നയിക്കാനായതിന്റെ ഫലമാണ് ഈ ജനവിധിക്കു പിന്നില്‍ . വാനോളം ഉയര്‍ത്തിയ വ്യാമോഹത്തിന്റെ പിന്‍ബലത്തില്‍ മമതയ്ക്ക് എത്രനാള്‍ ബംഗാളില്‍ നിലനില്‍ക്കാനാകും?

മാതൃഭൂമിയില്‍ പി എസ് നിര്‍മല ഇങ്ങനെ എഴുതി: "രണ്ട് ചുവപ്പു മുഖ്യമന്ത്രിമാര്‍ പടിയിറങ്ങുമ്പോള്‍ ഓട്ടക്കീശയുമായി അധികാരത്തിന്റെ കൊത്തളങ്ങളില്‍നിന്ന് ഇടതുപക്ഷം തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്. യഥാര്‍ഥത്തിലുള്ള അവരുടെ തട്ടകത്തിലേക്ക്". എന്തായാലും ഇടതുപക്ഷം അധികാരത്തിലിരുന്ന് കീശനിറയ്ക്കുകയായിരുന്നില്ല എന്ന് സമ്മതിച്ചത് നന്നായി. തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണെന്ന പ്രയോഗത്തിലാണ് അയുക്തി. കാരണം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അവസ്ഥയില്‍ ഇടതുപക്ഷം ഭൂരിഭാഗം സമയവും ബഹുഭൂരിപക്ഷം സ്ഥലത്തും പ്രതിപക്ഷത്തു (തെരുവില്‍) തന്നെയാണ്. അധികാരത്തിലെത്തിയത് മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം. അപ്പോള്‍പോലും കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധങ്ങളില്‍ പ്രതിപക്ഷത്തുതന്നെയാണ്. സമരതരംഗങ്ങള്‍ ആര്‍ത്തലയ്ക്കുന്ന തെരുവീഥികള്‍ ഇടതുപക്ഷത്തിന് ഒരു കാലത്തും പുതിയൊരിടമല്ല. അതുകൊണ്ടുതന്നെ രണ്ട് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഇല്ലാതായതോടെ ദയനീയമായ ഒരിടത്തെത്തിയെന്ന വേവലാതിയുമില്ല.

കേരളത്തില്‍ ഇടതുപക്ഷത്തിനു ലഭിച്ച സീറ്റും വോട്ട് നിലയും പ്രതിപക്ഷത്തിരിക്കാന്‍ മാത്രമല്ല നന്നായി ഭരിക്കാനും തങ്ങള്‍ക്കാകും എന്നുകൂടി തെളിയിച്ചതിന്റെ പ്രതിഫലനമാണ്. ആഗോളവല്‍ക്കരണനയങ്ങളുടെ ആഘാതത്തില്‍ ഏറ്റവുമൊടുവില്‍ വന്ന പെട്രോള്‍ വിലക്കയറ്റവും നമ്മുടെ തെരുവുകളെ ചടുലമാക്കിക്കഴിഞ്ഞു. വ്യാമോഹങ്ങളില്‍നിന്ന് മുക്തിനേടുന്ന ഒരു ജനതയുടെ പോരാട്ടങ്ങളില്‍ ബംഗാള്‍ വീണ്ടുമുണരുമ്പോള്‍ അവര്‍ക്ക് ആശ്രയിക്കാനുള്ളത് ചെങ്കൊടി തന്നെയെന്ന് തിരിച്ചറിയും. അധികാരകേന്ദ്രങ്ങള്‍ താല്‍ക്കാലികമാണെന്നും വര്‍ഗസമരങ്ങള്‍ തന്നെയാണ് നിയാമകശക്തിയെന്ന് കൃത്യമായ ധാരണകളുള്ള കമ്യൂണിസ്റ്റുകാര്‍ക്കുമുന്നില്‍ മമത മഹാമേരുവല്ല എന്ന് ചരിത്രം അടയാളപ്പെടുത്തുന്ന ദിനങ്ങളിലേക്കാണ് ഇനി ബംഗാള്‍ കുതിക്കാന്‍ പോകുന്നത്.

*
അഡ്വ. കെ അനില്‍കുമാര്‍ ദേശാഭിമാനി 20 മേയ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് ഇടതുപക്ഷത്തിന് വൈരുധ്യാത്മകമായ സമീപനമാണുള്ളത്. ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് സമ്പൂര്‍ണമാണെന്നോ അതുവഴി മാത്രം സോഷ്യലിസം സാഫല്യമാകുമെന്നോ കമ്യുണിസ്റ്റുകാര്‍ കരുതിയിട്ടില്ല. ബൂര്‍ഷ്വാ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന ജനാധിപത്യാവകാശങ്ങള്‍ നിലനിര്‍ത്താന്‍ കമ്യൂണിസ്റ്റുകാര്‍ എപ്പോഴും എവിടെയും പരിശ്രമിക്കുന്നു. ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിശ്വാസമുള്ളതിനാലാണ് കമ്യൂണിസ്റ്റുകാര്‍ അതില്‍ പങ്കെടുക്കുന്നത്.