Thursday, May 26, 2011

ടാഗോറിന്റെ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി

രവീന്ദ്രനാഥടാഗോറിന്റെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികം വിവിധ രാജ്യങ്ങള്‍ സമുചിതമായി ആഘോഷിക്കുകയാണല്ലോ? ഇതിന് മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും ശ്രീലങ്കയും. ഇത് ഒരു അപൂര്‍വതയാണ്. ദേശീയതയുടെയും സംസ്‌കാരത്തിന്റെയും വേര്‍തിരിവുകള്‍ക്കപ്പുറം ലോകത്തെമ്പാടുമുള്ള ജനങ്ങളെ സ്വാധീനിക്കുവാന്‍ ടാഗോറിന് കഴിഞ്ഞു എന്നതിന്റെ തെളിവാണിത്. രണ്ട് സംഭവങ്ങള്‍ ഇത്തരുണത്തില്‍ ഓര്‍മവരുന്നു. ഇതില്‍ ആദ്യത്തേത്, വില്‍ഫ്രഡ് ഓവന്റെ അമ്മ സൂസണ്‍ ഓവന്‍ ടാഗോറിന് എഴുതിയ കത്തിലെ ചില വരികളാണ്-'-മഹായുദ്ധത്തിന് പോകുന്നതിന് മുമ്പ് അവന്‍ എന്നോട് പറഞ്ഞത് അങ്ങയുടെ കവിതയിലെ വരിയാണ്, 'when I leave, let these be my parting words: what my eyes have seen, what my life received, are unsurpassable.'. മരണശേഷം ലഭിച്ച അവന്റെ പോക്കറ്റ് നോട്ടുബുക്കിലും അങ്ങയുടെ പോരോടുകൂടി ഇതേ വാചകം അവന്‍ കുറിച്ചിട്ടിരുന്നു.''

ഇതിനോടൊപ്പം വയ്ക്കാവുന്നതാണ് രണ്ടാമത്തെ സംഭവം. ഒന്നാം ലോക മഹായുദ്ധത്തില്‍ മുറിവേറ്റ് ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഒരിന്ത്യന്‍ പടയാളിയുടെയും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെയും കഥ ടാഗോറിന്റെ ജീവചരിത്രകാരന്‍ പറയുന്നത് ഇങ്ങനെ-ഭാഷ വശമില്ലാത്തതുമൂലം ചികിത്സിക്കാനാവാതെ വിഷമിച്ചുനില്‍ക്കുന്ന ഡോക്ടര്‍. ഈ സമയമത്രയും വേദനകൊണ്ട് പുളഞ്ഞരോഗി എന്തോവിളിച്ചു പറയുന്നുണ്ടായിരുന്നു. ഒടുവില്‍ അയാള്‍ ഇന്ത്യാക്കാരനാണെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ പെട്ടെന്ന് പറഞ്ഞു, 'ടാഗോര്‍, ടാഗോര്‍ ടാഗോര്‍'. ഈ പേര് കേട്ടമാത്രയില്‍ തന്നെ രോഗി ശാന്തനാവാന്‍ തുടങ്ങി. രോഗത്തിന് മരുന്നായും മരണത്തിന് കൂട്ടാളിയായും ടാഗോറിന് മാറാന്‍ കഴിഞ്ഞു എന്നാണ് രണ്ട് സംഭവങ്ങളും തെളിയിക്കുന്നത്. ഒരുപക്ഷേ ഇന്ത്യാക്കാരനായ മറ്റൊരു സാഹിത്യകാരനും കഴിയാതെ പോയൊരു കാര്യമാണിത്.

ഒരെഴുത്തുകാരന്‍ എന്നതിനേക്കാള്‍ ടാഗോറിന്റെ മഹത്വം കുടികൊള്ളുന്നത് ഇവിടെയാണ്. വേദനിക്കുന്ന മനസുകള്‍ക്ക് അദ്ദേഹം ശാന്തി പകര്‍ന്നു നല്‍കി. അദ്ദേഹത്തിന്റെ ആകാരത്തിനും വസ്ത്രധാരണത്തിനുപോലും ഇത്തരമൊരു ശാന്തിമന്ത്രം കാഴ്ചക്കാരില്‍ സന്നിവേശിപ്പിക്കാനായെന്ന് തോന്നുന്നു. തിളങ്ങുന്ന കണ്ണുകളും നെറ്റിയുടെ ഇരുവശങ്ങളിലുംകൂടി താഴോട്ട് ഒഴുകി താടിയിലെ വെള്ളിരോമങ്ങളുമായി മുട്ടിയൊരുമ്മി നില്‍ക്കുന്ന വെളുത്ത മുടിയും ചേര്‍ന്ന് ടാഗോറിനെ ഒരു യോഗിവര്യനാക്കുന്നു എന്ന് നോബല്‍ സമ്മാന ജേതാവ് യാസുഹരി കവബാത്തെയും, ''ശക്തിമാനും ശാന്തനുമായ ക്രിസ്തുവാണ്' അദ്ദേഹമെന്ന് ഫ്രാന്‍സിസ് കോണ്‍ഫോര്‍ഡും പറഞ്ഞത് ഇതുമൂലമാവണം.

ടാഗോറിന്റെ സാഹിത്യസംഭാവനകള്‍ വളരെ വിശദമായ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ അത്രത്തോളം വിശകലനത്തിന് വിധേയമാക്കിയിട്ടില്ലാത്തതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ലേഖനങ്ങളും നിലപാടുകളും. കഥകളും കവിതകളും ഒഴികെയുള്ള അദ്ദേഹത്തിന്റെ സൃഷ്ടികളെക്കുറിച്ച് നോബല്‍ സമ്മാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മൗനംദീക്ഷിക്കുന്നത് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.

തന്റെ ലേഖനങ്ങളില്‍ ഏറ്റവും ശക്തമായി അദ്ദേഹം അവതരിപ്പിക്കുന്ന രണ്ടു കാര്യങ്ങളാണ് സ്വാതന്ത്ര്യവും സംസ്‌കാരങ്ങള്‍ തമ്മിലുള്ള സമന്വയത്തിന്റെ ആവശ്യകതയും. ഒരുവേള ഇതിന്റെ പ്രതിഫലനം അദ്ദേഹത്തിന്റെ കവിതകളിലും കാണാം. സ്വാതന്ത്ര്യത്തിന്റെ ഈ അച്ചാണിയിലാണ് ടാഗോര്‍ തന്റെ മുഴുവന്‍ ആശയ പ്രപഞ്ചവും സൃഷ്ടിച്ചിരിക്കുന്നത് എന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍പോലും സ്വാതന്ത്ര്യത്തിന്റെ സന്തോഷമാണ് ഉദ്ദീപിപ്പിക്കുന്നതെന്ന് സത്യജിത്ത്‌റേ പറഞ്ഞത് ഇത് മൂലമാണ്. മനസ് നിര്‍ഭയമായിരിക്കണമെന്നും ശിരസ് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കണമെന്നും ഒരിടത്ത് പറയുന്ന ടാഗോര്‍, മറ്റൊരിടത്ത് സ്വാതന്ത്ര്യം സത്യത്തെ ഗ്രഹിക്കുവാന്‍ ആവശ്യമാണെന്നും ഭരണകൂടഭീകരത അതിനെ നശിപ്പിക്കുമെന്നും അടിവരയിട്ട് പറയുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടാണ് ജപ്പാനെയും ഇറ്റലിയെയും തള്ളിപ്പറയുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.

സാംസ്‌കാരിക സമന്വയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിക്കുന്നത് ദേശീയതയെ വസ്തുനിഷ്ടമായി വിമര്‍ശിച്ചുകൊണ്ടാണെന്നത് ഏറെ ശ്രദ്ധേയമാണ്. പരിമിതമായ തോതില്‍ ദേശീയത ആവശ്യമാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ പരിധിവിട്ടുള്ള ഈ വികാരം സര്‍വനാശത്തിലേയ്ക്ക് നയിക്കുമെന്ന് അദ്ദേഹം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ദേശീയതയെ ആത്മീയതയുടെ അവസാനത്തെ ആലയമായി കാണാനാവില്ലെന്നും അങ്ങനെ ചെയ്യുന്നത് ഡയമണ്ടിന്റെ വിലയ്ക്ക് ഗ്ലാസ് വാങ്ങുന്നതിന് സമാനമാണെന്നുമാണ് ടാഗോറിന്റെ പക്ഷം. 'കുടുംബവും ലോകവും' എന്ന നോവലില്‍ ഇക്കാര്യം വളരെ വിശദമായിത്തന്നെ അദ്ദേഹം ചര്‍ച്ച ചെയ്യുന്നുണ്ട്:സംസ്‌കാരങ്ങളെ സമഭാവനയോടെ കാണാനാവാത്തതുമൂലം ദേശീയത മനുഷ്യന്റെ കാഴ്ചപ്പാടുകളെ എങ്ങനെ വിഷലിപ്തമാക്കുന്നു എന്നാണ് അദ്ദേഹം ഈ കൃതിയില്‍ വിവരിക്കുന്നത്.

സ്വന്തം സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഇകഴ്ത്തികാട്ടണമെന്നോ തള്ളിപ്പറയണമെന്നോ, അല്ല ഇതിനര്‍ഥം. മറിച്ച് അതില്‍ ഊന്നിനിന്നുകൊണ്ട് മറ്റു സംസ്‌കാരങ്ങളിലേയ്ക്ക് കളിവാതിലുകള്‍ തീര്‍ക്കണമെന്നാണ് അദ്ദേഹം വിവക്ഷിക്കുന്നത്. മറ്റു സംസ്‌കാരങ്ങളെ വിലമതിക്കുകയും അടുത്തറിയുവാന്‍ ശ്രമിക്കുകയും വഴി ലോകം ഒരു കിളിക്കൂടായി മാറും എന്നാണ് അദ്ദേഹം കരുതിയത്. അമേരിക്കയില്‍ കാര്‍ഷികമേഖലയെക്കുറിച്ച് പഠന ഗവേഷണത്തിനുപോയ തന്റെ മരുമകന് (നാഗേന്ദ്രനാഥ് ഗാംഗുലി) അയച്ച കത്തില്‍ സംസ്‌കാരങ്ങള്‍ തമ്മില്‍ ഉണ്ടാവേണ്ട സംവാദത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ ''തദ്ദേശവാസികളെ അടുത്തറിയേണ്ടത് നിന്റെ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കൃഷിമാത്രമല്ല അമേരിക്കയേയും അറിയേണ്ടതുണ്ട്. എന്നാല്‍ ഇത്തരമൊരുദ്യമം മൂലം സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തി ഇന്ത്യയെക്കുറിച്ചുള്ള എന്തിനേയും പുച്ഛിക്കുന്ന അമേരിക്കക്കാരനായി നീ മാറുമെങ്കില്‍, മുറിക്കുള്ളില്‍ വാതലടച്ച് ഇരിക്കുന്നതാണ് ഉത്തമം.''

കൊടുക്കലിന്റെയും വാങ്ങലിന്റെയും ഏകപക്ഷീയതയ്ക്കപ്പുറം, രണ്ടിനെയും സമന്വയിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചാണ് ടാഗോര്‍ അന്വേഷിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. പടിഞ്ഞാറിനോടുള്ള അദ്ദേഹത്തിന്റെ പൊതുവായ സമീപനത്തെ സ്വാധീനിച്ച ഘടകവും ഇതായിരുന്നു. പടിഞ്ഞാറിന്റെ സാമ്രാജ്യത്വ നിലപാടിനെയും അതിന്റെ സംസ്‌കാരത്തെയും അദ്ദേഹം രണ്ടായി കാണുകയും ഇതില്‍ ആദ്യത്തേതിനെ എതിര്‍ക്കുവാനും അതേ ശ്വാസത്തില്‍ സംസ്‌കാരത്തെ സ്വീകരിക്കുവാനും അദ്ദേഹം തെല്ലും മടികാണിച്ചില്ല. ഇക്കാര്യത്തില്‍ ഒരുപക്ഷേ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത ഒരെഴുത്തുകാരനായിരുന്നു ടാഗോര്‍. എന്നാല്‍ മറുവശത്ത് ഇതിനുള്ള അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ജാതി-മത ചിന്തകള്‍ക്കും ദേശീയതയുടെ സങ്കുചിത പക്ഷപാതങ്ങള്‍ക്കും അപ്പുറം ഇന്ന് അദ്ദേഹം സ്‌നേഹിക്കപ്പെടുന്നത് ഇതിന്റെ പേരിലാണ്. ബംഗ്ലാദേശിലെ മുസ്ലീംങ്ങള്‍ക്ക് അദ്ദേഹത്തെ സ്വന്തം കവിയായി കാണാന്‍ കഴിഞ്ഞതും (ഇപ്പോഴും കഴിയുന്നതും) അദ്ദേഹത്തിന്റെ കവിതയെ (എന്റെ സുവര്‍ണ ബംഗാള്‍) ദേശീയഗാനമാക്കാനായതും അദ്ദേഹത്തിന്റെ നിലപാടുകളിലെ നൈര്‍മല്യവും വിശ്വമാനവികതയും അവര്‍ തിരിച്ചറിഞ്ഞതുകൊണ്ട് മാത്രമാണ്. എന്നാല്‍ മനുഷ്യനെ സാംസ്‌കാരിക ദേശീയതയുടെയും സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും കറുത്ത/വെളുത്ത കള്ളികളിലൂടെമാത്രം കാണാന്‍ കഴിയുന്നവര്‍ക്ക് ടാഗോറിന്റെ ഈ മഹത്വം ഒരിക്കലും കാണാനാവില്ല, അന്നും ഇന്നും.

മാനവരാശിയോടുള്ള ഒടുങ്ങാത്ത പ്രതിബദ്ധതയാണ് ദാരിദ്ര്യത്തെക്കുറിച്ചും അസമത്വത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ നിര്‍വചിച്ചതെന്ന് കാണാന്‍ ബുദ്ധിമുട്ടില്ല. ഗീതാജ്ഞലിയുടെ ഒരുഭാഗത്ത് ദൈവം ദരിദ്രരുടെ കൂടെയാണെന്ന് അദ്ദേഹം പറയുന്നു; 'രാജാ ഓ റാണി' എന്ന നോവലില്‍ പട്ടിണിയുടെ തടവുകാര്‍ക്കുവേണ്ടി രാജ്ഞിയെകൊണ്ടുതന്നെ അദ്ദേഹം കലാപക്കൊടി ഉയര്‍ത്തിക്കുന്നു; ജാതിക്കും മതത്തിനും അതീതമായി ഓരോ ഭാരതീയനെയും മനുഷ്യനായികാണാന്‍ കഴിയുമ്പോള്‍ മാത്രമേ നമുക്ക് സ്വാതന്ത്ര്യത്തിനുള്ള അവകാശമുള്ളു എന്ന് അദ്ദേഹം മറ്റൊരു കൃതിയില്‍ ഊന്നിപ്പറയുന്നു.

ഇതെല്ലാം ചേര്‍ത്ത് വായിച്ചെങ്കില്‍ മാത്രമേ ടാഗോറിന്റെ രാഷ്ട്രീയ നിലപാടുകളും സാമൂഹ്യപ്രശ്‌നങ്ങളോടുള്ള പ്രതികരണവും ശരിക്ക് ബോധ്യമാവുകയുള്ളൂ. സാഹിത്യകാരനെന്നനിലയ്ക്ക് അദ്ദേഹം കൈവരിച്ച ഔന്നിത്യത്തിന്റെ ശോഭയെ വര്‍ധിപ്പിക്കുന്നതാണ് ഇത്തരം നിലപാടുകള്‍ എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. അവയുടെ വര്‍ത്തമാനകാല പ്രസക്തിയും നിഷേധിക്കാനാവാത്തതുതന്നെ.

പടിഞ്ഞാറിന്റെ രാക്ഷസീയതയെയും മനുഷ്യത്വഹീന പ്രവണതകളെയുംകുറിച്ച് അദ്ദേഹം പറഞ്ഞതിനെ ഇറാഖിലും ലിബിയയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ അമേരിക്ക നടത്തുന്ന നരഹത്യയുമായി തട്ടിച്ചുനോക്കൂ. 'ഗ്രേറ്റര്‍ ഇന്ത്യ' എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ സമകാലീന ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ക്കുള്ള മറുപടിയാണെന്ന് ഒരുവേള നമുക്ക് തോന്നും.

''ആരാണ് ഭാരതീയര്‍? ആരാണ് ഭാരതീയര്‍ അല്ലാത്തവര്‍? ഇതൊക്കെ തീരുമാനിക്കുവാന്‍ 'നമുക്ക്' എന്ത് അവകാശമാണുള്ളത്? ആരാണീ നാം? ബംഗാളികള്‍? മറാത്തികള്‍? പഞ്ചാബികള്‍? ഹിന്ദുക്കള്‍? മുസ്ലീംങ്ങള്‍? ഇവരെല്ലാം ഉള്‍പ്പെടുന്ന വിശാലമായ 'നമുക്ക്' മാത്രമേ ഇത്തരം ചോദ്യങ്ങള്‍ക്ക് തീര്‍പ്പുകല്‍പിക്കാനാവൂ'', അദ്ദേഹം പറയുന്നു. വീക്ഷണങ്ങളിലെ ഈ കാലാതീതത്വമാണ് ടാഗോറിനെ ദാര്‍ശനികനാക്കുന്നത്. സ്വതന്ത്രമായ അന്തരീക്ഷത്തില്‍ നിര്‍ഭയമായ യുക്തിവിചാരമാണ് അദ്ദേഹത്തിന്റെ ഈ ദര്‍ശനത്തിന്റെ കേന്ദ്രബിന്ദുവും.

*****

വീക്ഷണം/ഡോ. ജെ പ്രഭാഷ്, കടപ്പാട്:ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...