Wednesday, May 25, 2011

"ക്വിസ്ലിങ്ങു"കള്‍ പെരുകുന്നു!

ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് വളരെ പ്രചാരമാര്‍ന്ന ഒരു പേരാണ് തലക്കെട്ടിലുള്ള ക്വിസ്ലിങ്. നോര്‍വേക്കാരനായ ഈ രാഷ്ട്രീയനേതാവ് അക്കാലത്ത് ചീത്തപ്പേര് നേടിയവരില്‍ ഒന്നാമനായിരുന്നു. നോര്‍വേയില്‍ ഇയാള്‍ ഹിറ്റ്ലറുടെ പാവഗവണ്‍മെന്റ് വന്നപ്പോള്‍ നായകനായി അധികാരത്തില്‍ നിന്നു. വര്‍ഗവഞ്ചകന്‍ , നെടുംചതിയന്‍ എന്നൊക്കെ പറയാം. വിഭീഷണന്‍ ആ വര്‍ഗത്തില്‍പ്പെടുന്നു. വടക്കന്‍പാട്ടുകളില്‍ ആരോമല്‍ച്ചേകവരെ ചതിച്ചുകൊന്ന വിശ്വസ്തനായ ചന്തുവാണ് ഈ വംശത്തിലെ ഏറ്റവും മികച്ച കേരളീയമാതൃക. അതൊക്കെ പണ്ടായിപ്പോയി. ഇപ്പോള്‍ രാഷ്ട്രീയകക്ഷികളുടെ അധികാരപ്പോര്‍ വീര്‍ക്കുമ്പോള്‍ താന്‍ വളരെക്കാലം പ്രവര്‍ത്തിച്ചുപോന്ന കക്ഷിയോടും അതിന്റെ വിശ്വാസപ്രമാണങ്ങളോടുമുള്ള കൂറു വെടിഞ്ഞ് തഞ്ചത്തില്‍ മറ്റൊരു കക്ഷിയിലേക്ക് മാറിപ്പാര്‍ക്കുന്ന വഞ്ചകവര്‍ഗം തടിച്ചു വളരുകയാണ്. ഭാഷയിലെ ഏറ്റവും മോശമായ വാക്കുവേണം ഇവരെ പരാമര്‍ശിക്കാന്‍ . ഇവരുടെ എണ്ണം പ്രതിദിനം കൂടിവരുന്നെങ്കിലും മലയാളത്തില്‍ ഇപ്പോഴും ഇവരെ വിളിക്കാന്‍ പറ്റിയ വാക്ക് ഇല്ലെന്നുള്ളത് ഒരു പോരായ്മതന്നെയാണ്. കൂറുമാറ്റക്കാരന്‍ , ചതിയന്‍ , വഞ്ചകന്‍ എന്നൊക്കെ പറഞ്ഞാല്‍ പലതിനും ചേരും. ഇന്ന് പരക്കെ കാണുന്ന രാഷ്ട്രീയകുടമാറ്റത്തെ നിര്‍ദേശിക്കാന്‍ അവയൊന്നും പോരെന്നു തോന്നുന്നു. എങ്കിലും ക്വിസ്ലിങ് ഇപ്പോഴും വാഴുന്നു. തല്‍ക്കാലം നമുക്ക് അതുപയോഗിക്കാം.

ക്വിസ്ലിങ്ങിനെ പിന്നീട് വധിക്കുകയാണ് ഉണ്ടായത്. പല വര്‍ഗവഞ്ചകര്‍ക്കും ആത്മഹത്യ ചെയ്യേണ്ടിവന്നു. യേശുക്രിസ്തുവിനെ ഗത്സെമനെ തോട്ടത്തില്‍വച്ച്, വെറും 30 വെള്ളിക്കാശിനുവേണ്ടി ഒറ്റുകൊടുത്ത യൂദാസ് തൂങ്ങിമരിച്ചുവെന്ന് കഥയുണ്ട്. യുദ്ധം നടക്കുമ്പോള്‍ സ്വന്തം രാജ്യത്തിനെതിരെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നവര്‍ക്ക് സാധാരണ ശിക്ഷ വധമാണ്. പക്ഷേ, കക്ഷിമാറി ഒട്ടും താമസംകൂടാതെ കൊടിയും കുപ്പായവും നയവും പരിപാടിയും വിശ്വാസങ്ങളും എല്ലാം പുതിയ കക്ഷിയുടേതാക്കി മാറ്റുന്ന എത്രപേരെ നാം ഈ വര്‍ഷത്തില്‍ കേരളത്തില്‍ കണ്ടു? അവരെ ആരും ദേശദ്രോഹിയെന്നോ വര്‍ഗവഞ്ചകന്‍ എന്നോ കൊടുംചതിയന്‍ എന്നോ വിളിച്ചില്ലെന്നു മാത്രമല്ല, അവര്‍ക്ക് മുന്തിയ പലഹാരങ്ങളും പാല്‍പ്പായസവും മറ്റുമാണ് ലഭിക്കുന്നത്. കുറച്ചുകാലത്തേക്കെങ്കിലും അവര്‍ വീരവ്യക്തികളായി ആനപ്പുറത്ത് എഴുന്നള്ളിക്കപ്പെടുന്നു. സി വി രാമസ്വാമി അയ്യര്‍ തിരുവിതാംകൂറില്‍ സ്വേച്ഛാധിപതിയായി വാണിരുന്ന കാലത്ത് സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചില നേതാക്കള്‍ കൂറുമാറി രാമസ്വാമിയുടെ കൂടെ പോയിരുന്നു. പക്ഷേ, അവര്‍ക്ക് അപമാനം സഹിച്ചു കഴിയേണ്ടിവന്നിരുന്നു. ഇന്ന് കൂറുമാറ്റക്കാരനാണ്, കൂറുപുലര്‍ത്തുന്ന ആളല്ല, ധീരപുരുഷന്‍ . ഒരു സമൂഹത്തിന്റെയാകെ സദാചാരംതന്നെ, വെറും രാഷ്ട്രീയമര്യാദ മാത്രമല്ല, നാശമടയുന്ന ദുരവസ്ഥയാണ് ഇത്. ഇടതുപക്ഷത്തില്‍നിന്ന് വലതിലേക്കാണ് ഈ പോക്ക് പൊതുവില്‍ കണ്ടുവരുന്നത്. കുറെ മുമ്പ് ഒറ്റപ്പാലത്തു നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാര്‍ഥി (എന്നേ പറഞ്ഞുകൂടൂ!) പെട്ടെന്ന് കൂറുമാറി. ആള്‍ കൊതിച്ച സ്വര്‍ണസ്ഥാനങ്ങളൊന്നും ലഭിച്ചില്ലെന്നുതോന്നുന്നു. ആളിന്റെ പൊടിപോലും ഇന്ന് കാണാനും കേള്‍ക്കാനുമില്ല. ആലപ്പുഴയില്‍ കഴിഞ്ഞതവണ പാര്‍ലമെന്റില്‍ പോയ ഒരു ഡോക്ടര്‍ എത്ര പെട്ടെന്ന് മാനസാന്തരപ്പെട്ട് കക്ഷിമാറി! വളരെ ചെറുപ്പത്തില്‍ പാര്‍ലമെന്റിലും അസംബ്ലിയിലും മത്സരിക്കാന്‍ അവസരം ലഭിച്ച ഒരു പെണ്‍കുട്ടി അതിനപ്പുറം എന്തെല്ലാമോ ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടായിട്ടും ഒന്നും ലഭിച്ചില്ലെന്നുള്ള മഹാദുഃഖം കാരണം കക്ഷിമാറി. ഉടനെ പള്ളിയില്‍ച്ചെന്ന് കുറ്റമേറ്റു പറഞ്ഞ് ഒരു ബലൂണ്‍പോലെ അല്‍പ്പംനാള്‍ പാറിക്കളിച്ചു. ഇപ്പോള്‍ ബലൂണ്‍ പൊട്ടി, ചില കഷണങ്ങളേ ബാക്കിയുള്ളൂ. ഇതിനിടെ സിപിഐയില്‍നിന്ന് ഒരു മലപ്പുറംവാസി ലീഗില്‍ ചേര്‍ന്നതായും വാര്‍ത്ത പുറത്തുവന്നു. ഇവരെല്ലാം എത്തേണ്ടിടത്ത് എത്തി എന്ന് നമുക്ക് സമാധാനിക്കാം. ഇത്തരം ആള്‍ക്കാരുടെ അതിരില്ലാത്ത അതിമോഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ഭൂലോകത്തില്‍ ഒരു കക്ഷിക്കും സാധിക്കില്ല. അധികം വൈകാതെ അവര്‍ ഇപ്പോള്‍ തങ്ങിയ താവളങ്ങളില്‍നിന്ന് തൃപ്തി കിട്ടാതെ പുറത്തുചാടുന്നത് നമുക്കു കാണാം. തലയിലെ രത്നം മുറിച്ചെടുത്ത് അലഞ്ഞുതിരിയേണ്ടിവന്ന അശ്വത്ഥാമാവിന്റെ ഗതിയാണ് ഇവര്‍ നേരിടാനിരിക്കുന്നത്.

കോണ്‍ഗ്രസും ഐക്യജനാധിപത്യമുന്നണിയിലെ കക്ഷികളും ഈ അത്യാര്‍ത്തിക്കാരായ കൂറുമാറ്റക്കാരെ രണ്ടുകൈയും നീട്ടി സ്വാഗതംചെയ്യുന്ന കാഴ്ച അറപ്പ് ഉളവാക്കുന്നു. ഇവരെ പടി കയറ്റുകയില്ല എന്ന നിഷ്ഠയില്‍ ഉറച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തത് ലജ്ജാവഹമാണ്. അല്‍പ്പം വോട്ടിനും ഒന്നോ രണ്ടോ സീറ്റിനുംവേണ്ടി കോണ്‍ഗ്രസ് ജനാധിപത്യമൂല്യങ്ങളെയാണ് ധ്വംസിക്കുന്നത്. മുമ്പത്തെ കക്ഷിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ ജനസ്വാധീനത്തിന്റെ ചെറിയൊരംശം പാര്‍ടി മാറിയാലും സ്ഥാനാര്‍ഥിയില്‍ അവശേഷിച്ചിരിക്കും. കൂറു മാറിയ കക്ഷിക്ക് അത് അനുഭവിക്കാന്‍ ധാര്‍മികമായ അര്‍ഹതയില്ല. അങ്ങനെ അനുഭവിക്കുന്നവര്‍ അഴിമതിയാണ് ചെയ്യുന്നത്. രാഷ്ട്രീയത്തെ അടിമുടിയോളം മലീമസമാക്കുന്ന വൃത്തികേടാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അവസരസേവ പ്രോത്സാഹിപ്പിച്ചാല്‍ യഥാര്‍ഥസേവ കാലക്രമേണ ഇല്ലാതാകും. പുതിയ തലമുറ ഈ അഴുക്കുമുഖത്തേക്ക് നടന്നുതുടങ്ങും. തെരഞ്ഞെടുപ്പുപ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ വിഷയത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ ഇത് വളരെ ഗൗരവമായി കാണണം. എനിക്കു തോന്നുന്ന ഒരു പരിഹാരനിര്‍ദേശം പറയാം - ഇടയ്ക്കുവച്ച് കക്ഷിമാറുന്ന ഒരാള്‍ക്ക് മറ്റേകക്ഷിയില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ മൂന്നുകൊല്ലമെങ്കിലും തടഞ്ഞുവയ്ക്കണം (നേരത്തേ ഒരു ലേഖനത്തില്‍ അഞ്ചുകൊല്ലം എന്നായിരുന്നു ഞാന്‍ നിര്‍ദേശിച്ചിരുന്നത്). ഇതെങ്കിലും ചെയ്യണം. ഇങ്ങനെയൊരു പ്രതിബന്ധം നേരിടേണ്ടിവരും എന്നറിയുമ്പോള്‍ ഭാഗ്യാന്വേഷികളുടെ പ്രവണത വളരെ ചുരുങ്ങും. കക്ഷിമാറിയാലും ഭാഗ്യദേവത കടാക്ഷിക്കാന്‍ പ്രയാസമുണ്ടെന്നു കണ്ടാല്‍ , സ്വാര്‍ഥബുദ്ധികള്‍പോലും ആ ചൂതാട്ടത്തിന് മുതിരുകയില്ല. മൂന്നു കൊല്ലത്തെ ഇടവേളയ്ക്കു മുമ്പേ സ്വന്തം കക്ഷിയില്‍നിന്നുതന്നെ വല്ലതും ലഭിക്കുമല്ലോ എന്ന വിവേകം ഈ കൂറുചാട്ടക്കാരില്‍ ഉണ്ടാക്കാന്‍ ഈ നടപടി സഹായിക്കും. അവസരവാദിയെ സ്വാഗതംചെയ്യുന്ന കക്ഷി തല്‍ക്കാലലാഭം മോഹിച്ച് നടത്തുന്ന ഈ കെടുകൃത്യം, ദീര്‍ഘവീക്ഷണത്തില്‍ അവര്‍ക്കുതന്നെ ദോഷംചെയ്യുമെന്ന് കാണും. കൂറുമാറ്റം മറിച്ചും വരുമല്ലോ. "കുട്ടി"മാരും "ജോയി"മാരും വര്‍ധിച്ചുവന്നാല്‍ കക്ഷികളുടെ അടിത്തറതന്നെ മെല്ലെമെല്ലെ ശിഥിലമാകും. നവാഗതര്‍ എന്ന നിലയ്ക്ക് ഇവര്‍ക്ക് അഗ്ര്യപൂജ നടത്തുന്നത് കാണുന്നത് പഴയ പ്രവര്‍ത്തകര്‍ ഒരിക്കലും ഇഷ്ടപ്പെടാന്‍ വഴിയില്ല. ആപല്‍സാധ്യത ധാരാളമുള്ള ഈ പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ ഇപ്പോഴും തല്‍ക്കാല വോട്ട് എന്ന നോട്ടംമാത്രമാണ് നയിച്ചുകാണുന്നത്. കുറച്ചുമുമ്പ് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് കക്ഷിയില്‍നിന്ന് അല്‍പ്പം ആശയഭിന്നത ഉണ്ടായതു കണ്ടപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് വായനക്കാര്‍ മറന്നിരിക്കില്ല. അവര്‍ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വച്ച് നീട്ടിക്കൊടുത്തു. കക്ഷിപരമായ സദാചാരബോധം ഉള്ള വ്യക്തിയാകയാല്‍ ആ ചൂണ്ടല്‍ അദ്ദേഹം വിഴുങ്ങിയില്ല. ഇന്ത്യയിലെ രാഷ്ട്രീയകക്ഷികള്‍ "കുട്ടി"മാരെയല്ല "ചാറ്റര്‍ജി"മാരെയാണ് പ്രോത്സാഹിപ്പിക്കേണ്ടതും മാതൃകയാക്കേണ്ടതും. തെരഞ്ഞെടുപ്പ് കമീഷന്റെ കണ്ണില്‍പെട്ടിട്ടുള്ള ദുഷ്കര്‍മങ്ങള്‍ , ഈ തെറ്റിനോടു തട്ടിച്ചുനോക്കിയാല്‍ അത്ര വലുതല്ല എന്ന് വെളിപ്പെടും. കള്ളവോട്ട് ചെയ്യലും തെരഞ്ഞെടുപ്പ് പ്രചാരവേലയില്‍ കൊള്ളരുതായ്മ നടത്തലും ഒക്കെ കമീഷന്‍ ശക്തമായി നേരിടുന്നുണ്ട്. വോട്ട് ചെയ്യുന്നതില്‍ വ്യാജഹസ്തങ്ങള്‍ വ്യാപരിക്കുന്നത് ഏതുകാലത്തും നടക്കും. തെരഞ്ഞെടുപ്പുപ്രചാരവേല എപ്പോഴും രാഷ്ട്രീയമര്യാദയില്‍ ഒതുങ്ങുകയില്ല. പക്ഷേ, ഇവ കാരണം ജനാധിപത്യം തകരാറിലാവുകയില്ല. കൂറുമാറിയവര്‍ക്ക് ധൂര്‍ത്തപുത്രനെപ്പോലെ വിഭവസമൃദ്ധമായ സദ്യയാണ് കിട്ടുക എന്നു വന്നാല്‍ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന രാഷ്ട്രീയകക്ഷികളുടെ നയതത്വശാസ്ത്രാദികള്‍ക്ക് ഒരു വിലയുമില്ലാതായിത്തീരും. രാഷ്ട്രീയകക്ഷി ആര്‍ക്കും വന്നുകയറി വിശ്രമിക്കാവുന്ന പൊതുസത്രമായി മാറാന്‍ പാടില്ലല്ലോ. കോണ്‍ഗ്രസിന്റെ ഈ ഔദാര്യം ഇരുന്ന കൊമ്പ് വെട്ടിമുറിക്കുന്ന അവിവേകത്തിന്റെ ആരംഭമാണെന്ന് ചുരുക്കിപ്പറയട്ടെ.

ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഈ ദുഷ്പ്രവണത തലപൊക്കിവരുന്നുണ്ട്. കേരളം അവരില്‍നിന്ന് ഒട്ടും പിറകിലല്ല. പുരോഗമനചിന്തകള്‍ സ്വായത്തമായ ഇടതുപക്ഷത്ത് വന്നുകൂടുന്നവരുടെ ആശയപരമായ ദാര്‍ഢ്യം എത്രത്തോളമുണ്ടെന്ന് പരീക്ഷിച്ചറിയാന്‍ എളുപ്പവഴിയൊന്നുമില്ല. ഇന്ത്യയിലും കേരളത്തിലും പുരോഗമനവും യാഥാസ്ഥിതികതയും-വിപ്ലവനാട്യവും അന്ധവിശ്വാസവും-മിശ്രഭോജനം നടത്തുന്ന കാഴ്ച ഒട്ടും ദുര്‍ലഭമല്ല. ജാതിയും മതപരമായ ആചാരനിഷ്ഠയും എല്ലാം വിപ്ലവവാചാലതയോടൊപ്പം സഹവര്‍ത്തിത്വം ചെയ്യുന്ന നാടാണ് നമ്മുടേത്. അതുകൊണ്ട് മാര്‍ക്സിസ്റ്റുപാര്‍ടിയും സിപിഐയും മറ്റും പാര്‍ടിയില്‍ പ്രവേശിച്ചവരെ ഉള്ളോളം നിരീക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുകതന്നെ വേണം. ഇതൊക്കെ പറയാന്‍ എളുപ്പമാണ്. പ്രവര്‍ത്തിക്കുന്ന ഒരു കക്ഷിയില്‍ പ്രായോഗികമാക്കുക എളുപ്പമല്ല. ഈ പ്രയാസം ഒരു ഭാഗത്തും ഈ കമ്പോളക്കളി തടഞ്ഞില്ലെങ്കില്‍ വന്നുചേരുന്ന ആപത്ത് മറുവശത്തും ഇരിക്കുമ്പോള്‍ നേതൃത്വത്തിന്റെ മാര്‍ഗം സുഗമമല്ലാതാവുന്നു. അതുകൊണ്ട് രണ്ടു കാര്യങ്ങള്‍ നല്ലപോലെ ശ്രദ്ധിച്ചാല്‍ ഈ ആപത്തിന്റെ തീവ്രത ലഘൂകരിക്കാന്‍ കഴിയും. ഒന്ന്- തെരഞ്ഞെടുപ്പ് കമീഷന്‍ , പുഴയുടെ നടുക്കുവച്ച് തോണി മാറിക്കയറുന്നവരെ പിടികൂടി അയോഗ്യരാക്കുന്ന സംവിധാനം വേണം. രണ്ട്- കക്ഷികള്‍ ഇത്തരക്കാരെ വന്നയുടനെ വിശിഷ്ടാസനം നല്‍കി പൂജിക്കരുത്. വാല്‍ക്കഷണം: നമ്മുടെ രാഷ്ട്രീയം ആസന്നഭാവിയില്‍തന്നെ ക്വിസ്ലിങ്ങുമാരുടെ കൈയില്‍ എത്തിച്ചേരുമെന്നതിന് നമുക്കിപ്പോള്‍ വളരെ ചൂടുള്ള തെളിവ് കിട്ടിയിരിക്കുകയാണ്. കൂറുമാറി ഓടിവരുന്നവര്‍ക്ക് അങ്ങേയറ്റം എംഎല്‍എ സ്ഥാനംവരെ കൊടുക്കുന്നതാണ് നാം കണ്ടത്. പക്ഷേ ഇപ്പോള്‍ , ഇടതുപക്ഷത്തു നിന്ന് വേലിപൊളിച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്ന വ്യക്തിക്ക് മന്ത്രിസ്ഥാനം കൊടുക്കണമെന്നതിന് മുന്‍ തീരുമാനങ്ങളെയെല്ലാം തൃണവല്‍ഗണിച്ചുകൊണ്ട് മുസ്ലിം ലീഗ് നേതാവ് മുഖ്യമന്ത്രിയുടെ മുന്നില്‍ വാശിപിടിച്ച് നില്‍ക്കുകയാണ്. ഇത്തരത്തിലൊരു മന്ത്രിയായിരിക്കും ആസന്നഭാവിയില്‍ കേരളത്തിലെ മുഖ്യമന്ത്രി എന്ന് നാം ഭയപ്പെടേണ്ട കാലം വന്നിരിക്കുന്നു.


*****


സുകുമാര്‍ അഴീക്കോട്, കടപ്പാട്:ദേശാഭിമാനി 25052011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് വളരെ പ്രചാരമാര്‍ന്ന ഒരു പേരാണ് തലക്കെട്ടിലുള്ള ക്വിസ്ലിങ്. നോര്‍വേക്കാരനായ ഈ രാഷ്ട്രീയനേതാവ് അക്കാലത്ത് ചീത്തപ്പേര് നേടിയവരില്‍ ഒന്നാമനായിരുന്നു. നോര്‍വേയില്‍ ഇയാള്‍ ഹിറ്റ്ലറുടെ പാവഗവണ്‍മെന്റ് വന്നപ്പോള്‍ നായകനായി അധികാരത്തില്‍ നിന്നു. വര്‍ഗവഞ്ചകന്‍ , നെടുംചതിയന്‍ എന്നൊക്കെ പറയാം. വിഭീഷണന്‍ ആ വര്‍ഗത്തില്‍പ്പെടുന്നു. വടക്കന്‍പാട്ടുകളില്‍ ആരോമല്‍ച്ചേകവരെ ചതിച്ചുകൊന്ന വിശ്വസ്തനായ ചന്തുവാണ് ഈ വംശത്തിലെ ഏറ്റവും മികച്ച കേരളീയമാതൃക. അതൊക്കെ പണ്ടായിപ്പോയി. ഇപ്പോള്‍ രാഷ്ട്രീയകക്ഷികളുടെ അധികാരപ്പോര്‍ വീര്‍ക്കുമ്പോള്‍ താന്‍ വളരെക്കാലം പ്രവര്‍ത്തിച്ചുപോന്ന കക്ഷിയോടും അതിന്റെ വിശ്വാസപ്രമാണങ്ങളോടുമുള്ള കൂറു വെടിഞ്ഞ് തഞ്ചത്തില്‍ മറ്റൊരു കക്ഷിയിലേക്ക് മാറിപ്പാര്‍ക്കുന്ന വഞ്ചകവര്‍ഗം തടിച്ചു വളരുകയാണ്. ഭാഷയിലെ ഏറ്റവും മോശമായ വാക്കുവേണം ഇവരെ പരാമര്‍ശിക്കാന്‍ . ഇവരുടെ എണ്ണം പ്രതിദിനം കൂടിവരുന്നെങ്കിലും മലയാളത്തില്‍ ഇപ്പോഴും ഇവരെ വിളിക്കാന്‍ പറ്റിയ വാക്ക് ഇല്ലെന്നുള്ളത് ഒരു പോരായ്മതന്നെയാണ്. കൂറുമാറ്റക്കാരന്‍ , ചതിയന്‍ , വഞ്ചകന്‍ എന്നൊക്കെ പറഞ്ഞാല്‍ പലതിനും ചേരും. ഇന്ന് പരക്കെ കാണുന്ന രാഷ്ട്രീയകുടമാറ്റത്തെ നിര്‍ദേശിക്കാന്‍ അവയൊന്നും പോരെന്നു തോന്നുന്നു. എങ്കിലും ക്വിസ്ലിങ് ഇപ്പോഴും വാഴുന്നു. തല്‍ക്കാലം നമുക്ക് അതുപയോഗിക്കാം.