Monday, May 9, 2011

കൊടും കുറ്റവാളികള്‍ക്ക് രക്ഷാമാര്‍ഗമോ

കോടതിയുടെയും ജനങ്ങളുടെയും സമ്മര്‍ദങ്ങളുടെ ഫലമായി അന്വേഷണം നടത്താന്‍ നിര്‍ബന്ധിതമാകുന്ന കേസുകളില്‍ അന്വേഷണപ്രക്രിയയെത്തന്നെ ഉപയോഗിച്ച് വേണ്ടപ്പെട്ടവരെ രക്ഷിക്കുക എന്ന തന്ത്രമാണ് ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. വിദേശ കള്ളപ്പണനിക്ഷേപം, കോമണ്‍വെല്‍ത്ത് കുംഭകോണം, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, 2ജി സ്പെക്ട്രം കുംഭകോണം എന്നിവയിലൊന്നും സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നില്ല യുപിഎ സര്‍ക്കാര്‍ .

ജനസമ്മര്‍ദത്താലോ, കോടതി ഇടപെടലാലോ അന്വേഷണം ഒഴിവാക്കാനാവാത്ത സാഹചര്യത്തിലേക്ക് ചെന്നെത്തുകയായിരുന്നു. അന്വേഷണം നടത്താന്‍ ആദ്യഘട്ടത്തില്‍ വിസമ്മതിച്ചത് എന്ത് കാരണങ്ങള്‍ കൊണ്ടാണോ, അതേ കാരണങ്ങള്‍കൊണ്ടുതന്നെ അന്വേഷണപ്രക്രിയയെ അട്ടിമറിക്കാന്‍ ഇടപെടുക എന്നതാണ് പിന്നീട് മന്‍മോഹന്‍സിങ് ഭരണം ചെയ്തത്. 2ജി സ്പെക്ട്രം ലൈസന്‍സ് കുംഭകോണത്തിന്റെ കാര്യമെടുക്കുക. 1,76,000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കിയതും ഇന്ത്യാ ചരിത്രത്തില്‍ സമാനതയില്ലാത്തതുമായ കുംഭകോണമാണത്. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനോട് എന്തൊരു എതിര്‍പ്പായിരുന്നു മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും. എ രാജയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുന്നതിനുപോലും മടിയായിരുന്നു. സംയുക്ത പാര്‍ലമെന്ററി അന്വേഷണം വേണമെന്ന ആവശ്യത്തോട് എന്തൊരു എതിര്‍പ്പായിരുന്നു. ഒടുവില്‍ കോടതികൂടി ഇടപെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് നിര്‍ബന്ധിതമായി.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണ ഏജന്‍സി രേഖകള്‍ പരിശോധിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്ന സ്ഥിതിയായി. ഇപ്പോഴെന്തായി അവസ്ഥ? 1,76,000 കോടി രൂപയുടെ കുംഭകോണത്തില്‍ 200 കോടി രൂപ പോയതിനെക്കുറിച്ചുമാത്രമാണ് അന്വേഷണം എന്നു വേണം കരുതാന്‍ . 1,75,800 കോടി രൂപ പോയ വഴിയെക്കുറിച്ച് അന്വേഷണമില്ല. അന്വേഷണം എ രാജയിലും കനിമൊഴിയിലും മാത്രമായി ചുറ്റിത്തിരിയുകയാണ്. കനിമൊഴിയുടെ കലൈഞ്ജര്‍ ടിവിയിലേക്ക് 200 കോടി രൂപയേ കൈമാറ്റം ചെയ്തിട്ടുള്ളൂവെന്ന് അന്വേഷണ ഏജന്‍സിതന്നെ കോടതിയില്‍ പറയുന്നു. ബാക്കി, 1,75,800 കോടി രൂപ പോയ വഴിയെക്കുറിച്ച് കാര്യമായ ഒരു അന്വേഷണവുമില്ല. കലൈഞ്ജര്‍ ടിവിയില്‍ അറുപതുശതമാനം ഓഹരിയുള്ളത് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനാണ്. അവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ അന്വേഷണ ഏജന്‍സി കൂട്ടാക്കുന്നില്ല. പകരം ഇരുപത് ശതമാനം ഓഹരിമാത്രമുള്ള മകള്‍ കനിമൊഴിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയുംചെയ്യുന്നു. ഇരുപത് ശതമാനംമാത്രം ഓഹരിയുള്ളയാള്‍ക്ക് നിര്‍ണായകമായ തീരുമാനങ്ങളെ സ്വാധീനിക്കാനാവില്ല എന്ന് വാദിച്ച് കനിമൊഴിക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കാനാണിത്. എന്നു മാത്രമല്ല, ഇരുനൂറുകോടി രൂപ കൈമാറ്റംചെയ്യപ്പെട്ട കാര്യം അംഗീകരിച്ചതടക്കമുള്ള ഒരു ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും താന്‍ പങ്കെടുത്തിരുന്നില്ല എന്ന് പറഞ്ഞ് അവര്‍ക്ക് രക്ഷപ്പെടാം.

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാവുന്നവരെമാത്രം പ്രതിയാക്കിക്കൊണ്ടുള്ള ഒരു അഭ്യാസമാണ് അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് എന്ന് ചുരുക്കം. എ രാജ മാത്രമാവും ജയിലില്‍ പോവാനുണ്ടാവുക. കരുണാനിധിയുടെ വിനീത ദാസനായ രാജയ്ക്കാകട്ടെ, അതില്‍ വിഷമവുമുണ്ടാവില്ല. 2ജി സ്പെക്ട്രം കേസ് ഈ വഴിക്കു പോയി എവിടെയെങ്കിലും അവസാനിക്കും എന്നാണ് കരുതേണ്ടത്. ഇന്ത്യയിലെ അത്യുഗ്രന്‍ കോര്‍പറേറ്റ് സിംഹങ്ങള്‍ ഉള്‍പ്പെട്ട കുംഭകോണമാണിത്. അംബാനിമാര്‍ മുതല്‍ ടാറ്റാമാര്‍വരെ അതിലുണ്ട്. അവരിലൊരാളെയും തൊടുന്നില്ല. ആ വഴിക്ക് ചില്ലറ ചില അറസ്റ്റുകളുണ്ടായി. പക്ഷേ, അവയെല്ലാം ആ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ചില താഴേക്കിട ഉദ്യോഗസ്ഥന്മാരില്‍മാത്രമായി ഒതുങ്ങി. കോര്‍പറേറ്റ് വമ്പന്മാരുടെ പണംകൊണ്ട് രാഷ്ട്രീയം നടത്തുന്ന കോണ്‍ഗ്രസിനും യുപിഎ മന്ത്രിസഭയ്ക്കും അവരെ തൊടാന്‍ ധൈര്യമില്ലാത്തത് സ്വാഭാവികം. കോടതിയുടെ മേല്‍നോട്ടത്തിലാണല്ലോ, അന്വേഷണമെന്ന് പറയാമെങ്കിലും കോടതിക്ക് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. കോര്‍പറേറ്റ് വമ്പന്മാര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുമ്പോള്‍ , തെളിവ് സൃഷ്ടിച്ചുകൊണ്ടുവരാന്‍ പറയാനാവില്ലല്ലോ, കോടതിക്ക്. രത്തന്‍ ടാറ്റാ അടക്കമുള്ള വമ്പന്മാരുമായി നടന്ന സംഭാഷണങ്ങളുടെ ടേപ്പ് പുറത്തുവന്നപ്പോള്‍ , ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരായി നടപടി എടുക്കാനായിരുന്നില്ല, മറിച്ച് ടേപ്പ് ചോര്‍ന്നതെങ്ങനെയെന്ന് അന്വേഷിച്ച് അത്തരം ചോര്‍ച്ചകള്‍ക്കുള്ള പഴുതടയ്ക്കാനായിരുന്നു സര്‍ക്കാരിന് വ്യഗ്രത.

നികുതിവെട്ടിപ്പ് കണ്ടുപിടിക്കാന്‍ കോര്‍പറേറ്റുകളുടെ ഫോണ്‍ സംഭാഷണങ്ങളെ ആശ്രയിച്ചുകൂടേ എന്നു കഴിഞ്ഞദിവസം കോടതി ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരുങ്ങി. തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ ക്യാബിനറ്റ് സെക്രട്ടറിയറ്റിന്റെ തീരുമാനം വന്നു: കോര്‍പറേറ്റുകളുടെ ഫോണ്‍ ചോര്‍ത്തുന്നത് അനുവദിക്കാനാവില്ല! രാഷ്ട്രീയ പ്രതിയോഗികളുടെ ഫോണ്‍ നിരന്തരം ചോര്‍ത്താന്‍ മടിക്കാത്ത യുപിഎ സര്‍ക്കാരിന് ടാറ്റാമാരുടെയും അംബാനിമാരുടെയും ഫോണ്‍ ചോര്‍ത്താന്‍ വയ്യ! കോര്‍പറേറ്റ് വമ്പന്മാരും ഉന്നത രാഷ്ട്രീയ നേതൃത്വവും തമ്മിലുണ്ടായ അവിശുദ്ധബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ കുംഭകോണമുണ്ടായത്. ലൈസന്‍സ് അനുവദിക്കുന്നതിന് പ്രത്യേക സംവിധാനവും മാനദണ്ഡവും ഉണ്ടാക്കണമെന്ന നിയമ ഉപദേശം മേശപ്പുറത്തിരിക്കുമ്പോഴാണ് മന്‍മോഹന്‍സിങ്, അത് അവഗണിച്ച് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ ലൈസന്‍സ് വിതരണം നടത്താന്‍ അനുവാദം തേടിയുള്ള മന്ത്രി രാജയുടെ കത്തിന് അംഗീകാരം നല്‍കിയത്. ഇത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയാണ് ഉത്തരം പറയേണ്ടത്. പക്ഷേ, അന്വേഷണ ഏജന്‍സി അത്തരം അസൗകര്യകരങ്ങളായ ചോദ്യങ്ങളിലേക്കൊന്നും കടക്കുന്നില്ല. ഇതില്‍നിന്നെല്ലാം കണ്ടെത്താവുന്നത് എ രാജയുടെയും കനിമൊഴിയുടെയും പ്രതിചേര്‍ക്കലിലൂടെ ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയനേതാക്കളെയും ഭരണാധികാരികളെയും മറച്ചുപിടിക്കാനാണ് അന്വേഷണ ഏജന്‍സി ശ്രമിക്കുന്നത് എന്നാണ്. ഇത് അന്വേഷണ ഏജന്‍സി സ്വമേധയാ ചെയ്യുന്നതല്ല, മറിച്ച് യുപിഎയുടെ രാഷ്ട്രീയനേതൃത്വം ചെയ്യിക്കുന്നതാണ് എന്നതറിയാന്‍ സാമാന്യബുദ്ധിയേ വേണ്ടൂ.

കോമണ്‍വെല്‍ത്ത് അഴിമതിക്കാര്യത്തിലും ഇതുതന്നെ നടക്കുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച എ ജി ശുംഗ്ലാ കമീഷന്‍ ഷീലാ ദീക്ഷിതിലേക്കാണ് വിരല്‍ചൂണ്ടിയത്. പക്ഷേ, അന്വേഷണം സുരേഷ് കല്‍മാഡിയില്‍ ഉടക്കിനിന്നു. അതും കല്‍മാഡിയുടെ പല അഴിമതിക്കരാറുകളില്‍ താരതമ്യേന നിസ്സാരമായ ഒന്നില്‍മാത്രമായി ഒതുങ്ങി. ഹസന്‍ അലിഖാനെതിരെ കള്ളപ്പണക്കേസില്‍ നടപടി എടുക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചപ്പോള്‍ അയാളെമാത്രം അറസ്റ്റ് ചെയ്തു. വിദേശ ബാങ്കുകളില്‍ കിടക്കുന്ന കള്ളപ്പണത്തിനാകെ ഈ ഒരു ഉടമ മാത്രമേയുള്ളോ എന്ന് കോടതിക്ക് പിന്നീട് ചോദിക്കേണ്ടിവന്നു. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തിലാകട്ടെ, രണ്ടംഗ ജുഡീഷ്യല്‍ കമീഷന്‍ 195 ഫയലുകള്‍ ചോദിച്ചു. അവയടക്കം 377 ഫയലുകള്‍ പിടിച്ചെടുത്ത അന്വേഷണ ഏജന്‍സി, ജുഡീഷ്യല്‍ കമീഷന് പതിനഞ്ച് ഫയലുകള്‍മാത്രം നല്‍കി. ഇങ്ങനെ എവിടെ നോക്കിയാലും, അഴിമതിക്കാരെ രക്ഷിച്ചെടുക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ വ്യഗ്രത പ്രതിഫലിച്ചുകാണുന്നു. അതിന്റെ അന്ധകാരമാണിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ ചൂഴ്ന്നുനില്‍ക്കുന്നത്.


****


ദേശാഭിമാനി മുഖപ്രസംഗം 09052011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോടതിയുടെയും ജനങ്ങളുടെയും സമ്മര്‍ദങ്ങളുടെ ഫലമായി അന്വേഷണം നടത്താന്‍ നിര്‍ബന്ധിതമാകുന്ന കേസുകളില്‍ അന്വേഷണപ്രക്രിയയെത്തന്നെ ഉപയോഗിച്ച് വേണ്ടപ്പെട്ടവരെ രക്ഷിക്കുക എന്ന തന്ത്രമാണ് ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. വിദേശ കള്ളപ്പണനിക്ഷേപം, കോമണ്‍വെല്‍ത്ത് കുംഭകോണം, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, 2ജി സ്പെക്ട്രം കുംഭകോണം എന്നിവയിലൊന്നും സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നില്ല യുപിഎ സര്‍ക്കാര്‍ .