Wednesday, May 18, 2011

യുപിയില്‍ സംഭവിക്കുന്നത്

സര്‍ക്കാര്‍ സ്വയം റിയല്‍ എസ്റ്റേറ്റ് മാഫിയയായി മാറിയതിനെതിരായ പ്രതിഷേധമാണ് യുപിയില്‍ കത്തുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ വന്‍തോതില്‍ കൃഷിഭൂമി ഏറ്റെടുത്ത് സ്വകാര്യകുത്തകകള്‍ക്ക് കൈമാറുന്ന മായാവതി സര്‍ക്കാരിന്റെ നയസമീപനത്തിനെതിരെ പടിഞ്ഞാറന്‍ യുപിയില്‍ കര്‍ഷകരുടെ പ്രതിഷേധം തിളച്ചുമറിയുകയാണ്. ഡല്‍ഹിയോട് ചേര്‍ന്നുള്ള നോയിഡ- ഗ്രേറ്റര്‍ നോയിഡ മേഖലയില്‍ കഴിഞ്ഞ ദിവസം കര്‍ഷകരും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു കര്‍ഷകരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. ഈ മേഖലയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. മാസങ്ങളായി പുകയുന്ന കര്‍ഷകരുടെ അമര്‍ഷവും രോഷവും കലാപത്തീയായി ആളിപ്പടരുകയായിരുന്നു.

നോയിഡയില്‍ ആരംഭിച്ച പ്രക്ഷോഭം പിന്നീട് അലിഗഢിലേക്കും മഥുരയിലേക്കും ആഗ്രയിലേക്കുമൊക്കെ നീണ്ടു. കര്‍ഷകരുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പിനു മുന്നില്‍ മായാവതിയുടെ ബിഎസ്പി സര്‍ക്കാര്‍ പതറി നില്‍ക്കുകയാണ്. നോയിഡമുതല്‍ ആഗ്രവരെ നീളുന്ന യമുനാ എക്സ്പ്രസ് പാതയുടെ നിര്‍മാണത്തിനായി സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഭൂമി ഏറ്റെടുക്കലിനെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം. തുച്ഛമായ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് ഏറ്റെടുക്കുന്ന കൃഷിഭൂമി പിന്നീട് സര്‍ക്കാര്‍ കൂടിയ വിലയ്ക്ക് സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുകയാണ്. ശരിയായ റിയല്‍എസ്റ്റേറ്റ് കച്ചവടം. എക്സ്പ്രസ് പാതയ്ക്കായി ആയിരക്കണക്കിനു ഹെക്ടര്‍ ഭൂമിയാണ് യുപി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും എക്സ്പ്രസ് പാതയ്ക്കു പുറമെ ഗോള്‍ഫ് കളിക്കളങ്ങള്‍ , ഫോര്‍മുല വണ്‍ കാറോട്ട ട്രാക്ക്, ഉപഗ്രഹനഗരങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും കൃഷിഭൂമി വ്യാപകമായി കൈയേറുകയാണ്. ജേപീ ഗ്രൂപ്പുപോലുള്ള വന്‍കിട റിയല്‍എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ ബലമായി ഭഭൂമി ഏറ്റെടുക്കുന്നത്.

എക്സ്പ്രസ് പാതയ്ക്കായി ചതുരശ്രമീറ്ററിന് 450- 550 രൂപ നിരക്കിലാണ് മായാവതി സര്‍ക്കാര്‍ കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുത്തത്. പിന്നീട് ജേപീ ഗ്രൂപ്പിനും മറ്റും ഇതേഭൂമി ചതുരശ്ര അടിക്ക് 4500-5500 രൂപ നിരക്കില്‍ മറിച്ചുവില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ പ്രദേശത്ത് വരാന്‍പോകുന്ന വികസനപ്രവര്‍ത്തനങ്ങളും മറ്റും വര്‍ണിച്ച് ഉയര്‍ന്ന വില സ്വന്തമാക്കി ലാഭംകൊയ്യും. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ ഭൂമി നഷ്ടമായ കര്‍ഷകര്‍ ഒന്നടങ്കം സമരത്തിനിറങ്ങുകയായിരുന്നു.

പ്രധാനമായും നാല് ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, ഏറ്റെടുത്ത ഭൂമിക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കുക. രണ്ട്, ഏറ്റെടുത്ത ഭൂമിയില്‍ വരാന്‍ പോകുന്ന വ്യവസായം ഏതായാലും ഭൂമി വിട്ടുകൊടുത്ത കുടുംബത്തിലൊരാള്‍ക്ക് തൊഴില്‍ നല്‍കുക. മൂന്ന്, പുതിയ ടൗണ്‍ഷിപ്പുകളിലും മറ്റും വരുന്ന സ്കൂളുകളില്‍ കര്‍ഷകരുടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുക. നാല്, കൃഷിഭൂമിക്കു പകരമായി വിട്ടുകൊടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുള്ള കൈമാറ്റം വേഗത്തിലാക്കുക. ഒരു വര്‍ഷമായി ഈ ആവശ്യങ്ങള്‍ കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭഭാഗത്തുനിന്ന് അനുകൂല നിലപാട് ഇതുവരെയുണ്ടായിട്ടില്ല. കര്‍ഷകരുമായി ചര്‍ച്ചയ്ക്കുപോലും തയ്യാറല്ലെന്ന നിലപാടാണ് ബിഎസ്പി സര്‍ക്കാര്‍ സ്വീകരിച്ചത്.

കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും കൂടുതലൊന്നും നല്‍കാനാകില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാട് യുപി ക്യാബിനറ്റ് സെക്രട്ടറി ശശാങ്ക് ശേഖര്‍ സിങ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നോയിഡയിലെ ഒരു ഗ്രാമത്തില്‍ ചേര്‍ന്ന മഹാപഞ്ചായത്തിലാണ് സമരം കൂടുതല്‍ തീക്ഷ്ണമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. എത്രയും വേഗം ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അല്ലെങ്കില്‍ നോയിഡ വികസന അതോറിറ്റി ഉദ്യോഗസ്ഥരെ ബന്ദികളാക്കുന്നതടക്കമുള്ള സമരമുറകളുമായി മുന്നോട്ടുപോകുമെന്നുമറിയിച്ച് കര്‍ഷകര്‍ സര്‍ക്കാരിന് കത്തയച്ചു. ഇതിന് മറുപടിപോലും നല്‍കിയില്ലെന്നുമാത്രമല്ല, സമരത്തെ അടിച്ചമര്‍ത്തുമെന്ന മുന്നറിയിപ്പുമുണ്ടായി. സര്‍ക്കാരിന്റെ പുച്ഛമനോഭാവത്തില്‍ മനംമടുത്ത കര്‍ഷകര്‍ മെയ് ആറിന് യുപി ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ മൂന്നു ജീവനക്കാരെ ബന്ദികളാക്കിയതോടെയാണ് സമരം രക്തരൂഷിതമായത്.

തൊട്ടടുത്ത ദിവസം ജീവനക്കാരെ മോചിപ്പിക്കുന്നതിന് വലിയൊരു സംഘം പൊലീസുകാര്‍ ഭട്ട-പര്‍സൗള്‍ ഗ്രാമം വളഞ്ഞു. കണ്ണില്‍ കണ്ടവരെയൊക്കെ തല്ലിച്ചതച്ച് മുന്നേറിയ പൊലീസിനു നേരെ കര്‍ഷകര്‍ കല്ലേറ് നടത്തി. ഇതോടെ തുറന്ന ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങി. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച പൊലീസുകാര്‍ പിന്നീട് കര്‍ഷകര്‍ക്ക് നേരെ നിറയൊഴിക്കുകയും ചെയ്തു. നാടന്‍ തോക്കുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ തിരിച്ചും വെടിവയ്പ് നടത്തി. രണ്ടു പൊലീസുകാര്‍ വെടിയേറ്റ് മരിച്ചു. ഗൗതംബുദ്ധ്നഗര്‍ ജില്ലാ മജിസ്ട്രേട്ടിനും വെടിയേറ്റു. നിരവധി പൊലീസുകാര്‍ക്ക് ഏറ്റമുട്ടലില്‍ പരിക്കുപറ്റി. ഇതോടെ കൂടുതല്‍ പൊലീസ് ഗ്രാമത്തിലേക്കെത്തി. കര്‍ഷകര്‍ക്കുനേരെ ഇരമ്പിയാര്‍ത്ത പൊലീസുകാര്‍ കണ്ണില്‍കണ്ടതെല്ലാം തല്ലിത്തകര്‍ത്തു. സ്ത്രീകളെയും കുട്ടികളെയുമടക്കം മര്‍ദിച്ചു. രണ്ടു കര്‍ഷകര്‍ പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേര്‍ പരിക്കേറ്റ് ആശുപത്രിയിലായി. ബന്ദികളാക്കിയവരെ മോചിപ്പിച്ചതിനുശേഷവും തേര്‍വാഴ്ച തുടര്‍ന്നു.

പൊലീസിന്റെ അതിക്രമം മൂന്നുദിവസത്തോളം നീണ്ടു. ഗ്രാമത്തിലെ പുരുഷന്മാരെല്ലാം പലായനംചെയ്തു. പൊലീസുകാര്‍ നിരവധി വീടുകള്‍ തീയിടുകയും പൊളിക്കുകയും ചെയ്തു. അക്രമം അരങ്ങേറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിരവധിപേരെ കാണാനില്ലെന്ന പരാതിയാണ് ഗ്രാമീണര്‍ ഉയര്‍ത്തുന്നത്. അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ ഉയരുമോയെന്ന സംശയവും നിലനില്‍ക്കുന്നു. നോയിഡയില്‍ പ്രക്ഷോഭമാരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം ആഗ്രയിലും അലിഗഢിലും കര്‍ഷകര്‍ പൊലീസുമായി ഏറ്റുമുട്ടി. നോയിഡ- ആഗ്ര എക്സ്പ്രസ് പാത കടന്നുപോകുന്ന മേഖലകളിലാകെ സംഘര്‍ഷാവസ്ഥ തുടരുകയാണ്. എന്നാല്‍ , ഇപ്പോഴും ഒത്തുതീര്‍പ്പിന് മായാവതി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സമരം അടിച്ചമര്‍ത്താന്‍തന്നെയാണ് പൊലീസിന് നല്‍കിയിട്ടുള്ള നിര്‍ദേശം. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍നയത്തെ അപലപിച്ച് പ്രതിപക്ഷ പാര്‍ടികള്‍ രംഗത്തുവന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ നോയിഡയിലെ കര്‍ഷകകലാപം കൂടുതല്‍ തീക്ഷ്ണമാകുമെന്നുതന്നെയാണ് സൂചനകള്‍ .


*****


എം പ്രശാന്ത്, കടപ്പാട്:ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എക്സ്പ്രസ് പാതയ്ക്കായി ചതുരശ്രമീറ്ററിന് 450- 550 രൂപ നിരക്കിലാണ് മായാവതി സര്‍ക്കാര്‍ കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുത്തത്. പിന്നീട് ജേപീ ഗ്രൂപ്പിനും മറ്റും ഇതേഭൂമി ചതുരശ്ര അടിക്ക് 4500-5500 രൂപ നിരക്കില്‍ മറിച്ചുവില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ പ്രദേശത്ത് വരാന്‍പോകുന്ന വികസനപ്രവര്‍ത്തനങ്ങളും മറ്റും വര്‍ണിച്ച് ഉയര്‍ന്ന വില സ്വന്തമാക്കി ലാഭംകൊയ്യും. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ ഭൂമി നഷ്ടമായ കര്‍ഷകര്‍ ഒന്നടങ്കം സമരത്തിനിറങ്ങുകയായിരുന്നു.